മാവോയിസവും ഇസ്‌ലാമും തീവ്രവാദികളും

മാവോയിസവും ഇസ്‌ലാമും തീവ്രവാദികളും

കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ ചര്‍ച്ചാവേദികളില്‍ മുസ്‌ലിം തീവ്രവാദം വീണ്ടും കടന്നുവന്നത് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് രണ്ടു ചെറുപ്പക്കാര്‍ പിടികൂടപ്പെട്ടതോടെയാണ്. അവര്‍ക്കെതിരെ കരിനിയമമായ യു എ പി എ പ്രകാരം സംസ്ഥാന പൊലീസ് കേസെടുത്തത് ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായി. ഈ യുവാക്കളുടെ ചിന്തയും വായനയും നീക്കങ്ങളും മാവോയിസത്തിന്റെ തീവ്രമാര്‍ഗത്തിലാണെന്നാണ് പൊലീസ് തറപ്പിച്ചുപറയുന്നത്. യുവാക്കള്‍ മുസ്‌ലിം നാമധാരികളായത് കൊണ്ട് ഇവരുടെ കാര്യത്തില്‍ പതിവില്‍കവിഞ്ഞ മാനങ്ങളുണ്ട് എന്ന മാധ്യമവിശകലനങ്ങള്‍ ചര്‍ച്ച ചൂടുപിടിപ്പിച്ചു. മാവോയിസ്റ്റുകളെ വളര്‍ത്തുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില മുസ്‌ലിം തീവ്രവാദി സംഘടനകളാണെന്ന കോഴിക്കോട് ജില്ല സി പി എം സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ ചില പരാമര്‍ശങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് കാരണമായി. വിവാദം കൊഴുത്തപ്പോള്‍ മാഷ് തന്നെ താന്‍ ആരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ മുന്നോട്ടുവന്നു; മാതൃഭൂമി ദിനപത്രവുമായുള്ള ഒരഭിമുഖത്തില്‍ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ: ‘മുസ്‌ലിം തീവ്രവാദസംഘടനകള്‍ കൊണ്ട് സി പി എം ഉദ്ദേശിച്ചത് പോപ്പുലര്‍ ഫ്രണ്ട്, എന്‍ ഡി എഫ് എന്നിവരെയാണ്. മഹാഭൂരിപക്ഷം വരുന്ന മുസ്‌ലിം വിശ്വാസികള്‍ വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരാണ്. ചെറിയൊരു വിഭാഗം മാത്രമേ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുള്ളൂ. ഇവരെ കുറ്റം പറയുമ്പോള്‍ എന്തിനാണ് മുസ്‌ലിംലീഗ് വിറളി കൊള്ളുന്നത്? യഥാര്‍ഥത്തില്‍ മുസ്‌ലിംലീഗ് ഇത്തരം സംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നത്. ഹിന്ദുതീവ്രവാദത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്.’ (മാതൃഭൂമി, 2019 നവംബര്‍ 21).

തീവ്രവാദം എന്ന പദം സംഹാരശേഷിയുള്ള ഒരായുധമാണ്. പ്രത്യേകിച്ചും വര്‍ത്തമാനകാല ആഗോള, ദേശീയ പശ്ചാത്തലത്തില്‍. ആര്‍ എസ് എസ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയഫാഷിസത്തിന്റെ മുഖമുദ്ര അതിന്റെ തീവ്രവും ഹിംസാത്മകവുമായ ന്യൂനപക്ഷവിരുദ്ധതയാണ്. പശുക്കടത്തിന്റെ പേരില്‍ ജീവിതപ്പെരുവഴിയില്‍ നിരപരാധികളായ മുസ്‌ലിംകളെ തല്ലിക്കൊല്ലുന്നത് ഒരു ഭീകരമനഃസ്ഥിതിയുടെ േപ്രരണകൊണ്ടാണ്. എന്നാല്‍, ആര്‍ എസ് എസിനെ ആരും ഭീകരപ്രസ്ഥാനമായി ഇന്ത്യനവസ്ഥയില്‍ ഇതുവരെ മുദ്രകുത്തിയിട്ടില്ല. അതിനു പ്രധാനകാരണം, രാജ്യത്തിന്റെ ഭരണവും രാഷ്ട്രീയഭാഗധേയവും ഇവരുടെ കരങ്ങളിലാണ് എന്നത് തന്നെ. വര്‍ഗീയ കലാപമെന്ന് മുഖ്യധാര മാധ്യമങ്ങള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന കൂട്ടനരഹത്യകള്‍ യഥാര്‍ഥത്തില്‍ വംശവിച്ഛേദനത്തിന്റെ (Ethnic Cleansing) ഇന്ത്യന്‍ വകഭേദമാണ്. രാഷ്ട്രീയമത വൈരനിര്യാതന ബുദ്ധിയോടെ മനുഷ്യരെ കൊല്ലുന്നതും ഭീകരചിന്തയുടെ ഫലമായാണ്. പക്ഷേ, അതിനെയൊന്നും തീവ്രവാദ ചാപ്പകുത്തി മാറ്റിനിറുത്താന്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളോ മാധ്യമങ്ങളോ മുതിരാറില്ല. കാരണം, മുഖ്യധാരക്ക് അതൊക്കെയാവാം എന്ന പരമ്പരാഗതമായ ഒരു മനോഘടന ഋതുഭേദങ്ങള്‍ക്കിടയിലും പൊതുസമൂഹം കൈമാറുന്നുണ്ട്. മാവോയിസ്റ്റുകള്‍ പിറക്കുന്നത് ഏത് സാഹചര്യത്തിലാണെന്നും നക്‌സല്‍ പ്രസ്ഥാനം ഇന്ത്യയുടെ ചിന്താമണ്ഡലത്തെ എവ്വിധമാണ് തീപിടിപ്പിച്ചതെന്നും ആഴത്തില്‍ മനസ്സിലാക്കിയവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍. അവിടെയൊന്നും മതത്തിന് ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി ചൂണ്ടിക്കാണിക്കാനാവില്ല. കമ്മ്യുണിസമോ മാവോയിസമോ അടിസ്ഥാനപരമായി ജനാധിപത്യക്രമത്തിലോ അഹിംസയിലോ വിശ്വസിക്കുന്നവരല്ല എന്നൊരു വാദം ശക്തമായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ‘വിപ്ലവം തോക്കിന്‍കൂഴലിലൂടെ’ എന്നതാണ് മാവോയിസ്റ്റുകളുടെ മുഖ്യമുദ്രാവാക്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവത്തിന്റെ പാത ഉപേക്ഷിക്കുകയും പാര്‍ലമെന്ററി ജനാധിപത്യ മാര്‍ഗം അംഗീകരിച്ച് മുഖ്യധാരയിലേക്ക് കടന്നുവന്നതുമാണ് നമ്മുടെ രാജ്യത്ത് മാവോയിസം ജന്മമെടുക്കാന്‍ കാരണം.
ബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തില്‍ ചാരുമജുംദാറിന്റെയും കനു സന്യാലിന്റെയും നേതൃത്വത്തില്‍ പരീക്ഷിക്കപ്പെട്ട സായുധ കലാപത്തിലൂടെയാണ് മാവോയിസ്റ്റുകളുടെ രംഗപ്രവേശം. അതിനു ശേഷം ഈ തീവ്ര ഇടതുഗ്രൂപ്പില്‍ ആശയപോരാട്ടങ്ങളും പിളര്‍പ്പുകളും വിള്ളലുകളുമുണ്ടായത് അവരെ ശൈഥില്യത്തിന്റെ വഴികളിലെത്തിച്ചു. 1970ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സി പി ഐ (എം എല്‍) ആദ്യ കോണ്‍ഗ്രസ് തങ്ങളുടെ പ്രത്യയശാസ്ത്ര അടിത്തറ വിശദീകരിക്കുന്നത് ഇങ്ങനെ: ‘വര്‍ഗീയ ലഹളകളുടെ നടുവിലാണ് രാജ്യം വിഭജിക്കപ്പെട്ടത്. ഇന്ത്യയുടെ അധികാരം ദല്ലാള്‍ ബൂര്‍ഷ്വ-വന്‍കിട ഭൂവുടമ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറ്റം ചെയ്യപ്പെടുകയും ബ്രിട്ടീഷ് സാമ്രാജ്യത്വം അണിയറയില്‍നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. 1947ലെ കപട സ്വാതന്ത്ര്യ പ്രഖ്യാപനം കൊണ്ടുണ്ടായത് കൊളോണിയല്‍, അര്‍ധഫ്യൂഡല്‍ ഭരണത്തിനു പകരം അര്‍ധ കൊളോണിയല്‍, അര്‍ധ ഫ്യൂഡല്‍ ഭരണകൂടത്തെ സ്ഥാപിച്ചു എന്നതാണ്. ഈ സ്വാതന്ത്ര്യ പ്രഖ്യാപന കാലഘട്ടത്തില്‍ വന്‍കിട ദല്ലാള്‍ ഉദ്യോഗസ്ഥമേധാവിത്തമുതലാളി വര്‍ഗങ്ങളും വന്‍കിട ഭൂവുടമ വര്‍ഗങ്ങളും പ്രതിനിധാനം ചെയ്യുന്ന ഭരണവര്‍ഗങ്ങള്‍ സാമ്രാജ്യത്വ യജമാനന്മാരെ വിശ്വസ്തതയോടെ സേവിച്ചുവരുകയായിരുന്നു. ഈ സാമ്രാജ്യത്വ കൂട്ടാളികള്‍ തങ്ങളുടെ പഴയ ബ്രിട്ടീഷ് സേവ തുടരുമ്പോള്‍ തന്നെ അമേരിക്കന്‍ സോവിയറ്റ് സാമ്രാജ്യത്വ ചൂഷക ശക്തികള്‍ക്ക് നമ്മുടെ രാജ്യത്തേക്ക് കടന്നുവരാന്‍ അവസരം നല്‍കി. ഇവര്‍ തന്നെയാണ് നമ്മുടെ രാജ്യത്തെ സാമ്രാജ്യത്വ ശക്തികള്‍ക്ക് പണയപ്പെടുത്തിയത്’. ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും റവല്യൂഷനറി ആര്‍മി മാര്‍ഷലുമായ ലിന്‍പിയാവോ കാട്ടിക്കൊടുത്ത രക്തപങ്കില പോരാട്ടത്തിന്റെ മാര്‍ഗം ഊന്നിപ്പറഞ്ഞാണ് കോണ്‍ഗ്രസ് പിരിയുന്നത്: ‘ജനങ്ങളുടെ മുഴുവന്‍ ശക്തിയും ശത്രുവിന് നേരെ പ്രയോഗിക്കാനും ജനങ്ങളെ അണിനിരത്താനും കഴിയുന്ന ഒരേയൊരു മാര്‍ഗം ഗറില്ല യുദ്ധമുറകളാണ്. പാര്‍ട്ടി കെട്ടിപ്പടുക്കുകയും ഭൂരഹിതരുടെയും ദരിദ്രകര്‍ഷകരുടെയും ഇടയില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുക. പാര്‍ട്ടിയുടെ വികാസം എന്നാല്‍ സായുധ സമരത്തിന്റെ വികാസം എന്നാണര്‍ഥം. സായുധ സമരം കൂടാതെ പാര്‍ട്ടിയെ വികസിപ്പിക്കാനോ ജനങ്ങള്‍ക്കിടയില്‍ സ്ഥാനം ഉറപ്പിക്കാനോ കഴിയില്ല’ ചാരു മജുംദാരുടെ അധ്യാപനം തുടങ്ങുന്നത് ഇങ്ങനെയാണ്.

എന്നാല്‍, ഇന്ത്യയിലെ മാവോയിസ്റ്റുകളും കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും ആശയപരമായി എന്നോ വഴിപിരിഞ്ഞവരാണ്. സായുധകലാപത്തിന്റെ രീതിശാസ്ത്രത്തെ ഭീകരവാദമായാണ് പുതിയ രാഷ്ട്രീയ വ്യവഹാര സംജ്ഞകള്‍ ഉപയോഗിച്ച് കമ്മ്യുണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രതിരോധിക്കുന്നത്. അട്ടപ്പാടിയില്‍ നാല് മാവോവാദികള്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ സി പി എമ്മിനും സംസ്ഥാന സര്‍ക്കാരിനും എതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളെ താത്ത്വികമായി വിശകലനം ചെയ്തുകൊണ്ട് പി രാജീവ് ദേശാഭിമാനിയില്‍ എഴുതിയ മൂന്ന് ഭാഗങ്ങളുള്ള ലേഖനത്തില്‍ ഊന്നിപ്പറയുന്ന വസ്തുതകള്‍ ഇവയൊക്കെയാണ്. 1) ജനാധിപത്യം പല വെല്ലുവിളികളെ നേരിടുന്ന കാലത്തും അതിന്റെ സാധ്യതയെ തിരിച്ചറിയുകയും പാര്‍ലമെന്റേതര സമരങ്ങളെയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെയും കൂട്ടിയിണക്കുന്ന പ്രവര്‍ത്തന രീതി സി പി ഐ(എം) പിന്തുടരുന്നത് ശരിയായ മാര്‍കിസ്റ്റ് കാഴ്ചപ്പാടോടെയാണ്. എന്നാല്‍, മാര്‍ക്‌സിസത്തെ അടിസ്ഥാനമാക്കാനോ ഇന്ത്യന്‍ സാഹചര്യങ്ങളെ മൂര്‍ത്തമായി വിശകലനം ചെയ്യാനോ മാവോയിസ്റ്റുകള്‍ക്ക് കഴിയുന്നില്ല. പകരം അവര്‍ ഭീകരവാദത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. 2) വ്യക്തികളെ ഇല്ലാതാക്കുകയെന്നതു മാത്രമാണ് വിപ്ലവം എന്നു കരുതുന്നവര്‍ ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരങ്ങളില്‍ വിശ്വസിക്കുന്നില്ല. ഏതെങ്കിലും ജനകീയ പ്രശ്‌നങ്ങള്‍ മുന്‍നിറുത്തി ഒരു പ്രക്ഷോഭവും ഇവര്‍ സംഘടിപ്പിച്ചതായി ഇതുവരെയുള്ള ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഉള്‍പ്പെടെ മുന്‍നിറുത്തി ഖനനത്തിനെതിരെ നടന്ന ജനകീയ ആദിവാസിമുന്നേറ്റങ്ങളില്‍ ഇവരെ കാണാന്‍ കഴിയില്ല. എന്നാല്‍, പല കുത്തകകളും നടത്തുന്ന ഖനനത്തിന് കാവല്‍നില്‍ക്കുന്നവരായും അവരില്‍നിന്ന് കപ്പം പിരിക്കുന്നവരായും മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.’ ഗുരുതരമായ ഇത്തരം ആരോപണങ്ങള്‍ക്കിടയില്‍ എവിടെയും ഇസ്‌ലാമോ മുസ്‌ലിം ഭീകരവാദമോ കയറിവരുന്നില്ല. നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ അമ്പതാം വാര്‍ഷികം 2016ല്‍ കൊണ്ടാടപ്പെട്ടപ്പോള്‍ ബംഗാളിലോ മറ്റു സംസ്ഥാനങ്ങളിലോ ഇസ്‌ലാമികചിന്താധാര ഏതെങ്കിലും ഘട്ടത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെ സ്വാധീനിച്ചതായോ അതിന് വെള്ളവും വളവും പ്രദാനം ചെയ്തതായോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നിട്ടും പശ്ചിമ ബംഗാളില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതില്‍ മാവോയിസ്റ്റുകളും മുസ്‌ലിം ഭീകരവാദികളും കൈകോര്‍ത്തുവെന്ന ആരോപണം കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. ബംഗാളില്‍ നന്ദിഗ്രാമില്‍നിന്ന് തുടങ്ങിയ പാളിച്ചകളാണ് ഇടതുഭരണത്തിന്റെ അസ്തമയത്തിലേക്ക് വഴിതെളിയിച്ചതെന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യത്തെ ഇമ്മട്ടില്‍ വിശകലനം ചെയ്യപ്പെടുന്നത് ഇതാദ്യമായിരിക്കാം.
എന്നാല്‍ സാമ്രാജ്യവിരുദ്ധവും വര്‍ഗീയവിരുദ്ധവുമായ ചിന്താപദ്ധതികള്‍ 21ാം നൂറ്റാണ്ടിന്റെ പുലര്‍കാലത്ത് ആഗോളപ്രതിഭാസമായി വളര്‍ന്നുവികസിച്ചപ്പോള്‍ ‘ഇസ്‌ലാമിക’ തീവ്രവാദവും മാവോയിസ്റ്റ് തീവ്രവാദവും ഏതെങ്കിലും തുരുത്തില്‍ സംഗമിച്ച അനുഭവസാക്ഷ്യങ്ങള്‍ നിരത്താനുണ്ടെങ്കില്‍ അത്തരം കണ്ടെത്തലുകള്‍ സംവാദവിഷയമാവേണ്ടതുണ്ട്. അല്ലാതെ, കാടടച്ച് വെടിവെക്കരുത്.

ദേശീയതലത്തില്‍ ഹിന്ദുത്വഭീകരവാദികള്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരെ ഉയര്‍ത്തുന്ന ഭീഷണികളും അക്രമസംഭവങ്ങളും അതീവഗൗരവത്തോടെ കാണുന്നതും പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദിക്കുന്നതും അംഗബലത്തില്‍ ദുര്‍ബലമാണെങ്കിലും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്. എന്നിട്ടും, ഇവിടെ മാവോയിസത്തെയും ഇസ്‌ലാമിക തീവ്രവാദികളെയും ചേര്‍ത്തുപറഞ്ഞ്, പാര്‍ട്ടിയെ പരോക്ഷമായി പ്രതിക്കൂട്ടിലാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത് രണ്ടുവട്ടം ആലോചിച്ചാവാന്‍ തരമില്ല.

അനവധാനതയുടെ സ്വരം
ഒരു സമൂഹത്തില്‍ പല രീതിയില്‍ ചിന്തിക്കുന്നവരുണ്ടാവാം. കേരളീയ മുസ്‌ലിം സമൂഹത്തിലും ചിന്താപരമായ വൈവിധ്യവും വൈരുധ്യവും നിലനില്‍ക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ജനതികമായി ആത്യന്തികവാദത്തിന്റെ അംശങ്ങളുണ്ട്. പലരും ആരോപിക്കുന്നത് പോലെ നിരോധിക്കപ്പെട്ട സിമിയുടെ പഴയകാല നേതാക്കള്‍ അതിന്റെ അമരത്തുണ്ട്. നിരോധിക്കപ്പെട്ട കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പൂര്‍വകാല നേതാക്കള്‍ ‘പുരോഗമന’ പ്രസ്ഥാനങ്ങളുടെ തലപ്പത്തും തിരഞ്ഞാല്‍ ഇന്ന് കാണാം. ചിന്താപരമായ പരിണാമങ്ങള്‍ വ്യക്തികളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഗ്രോ വാസു ഒരുവേള നക്‌സല്‍ ആയിരുന്നെങ്കില്‍ ഇന്നും അദ്ദേഹം തീവ്രചിന്തയുമായാണ് നടക്കുന്നതെന്ന നിഗമനത്തിലെത്തുന്നത് അബദ്ധത്തില്‍ ചാടിക്കും. അതേസമയം, തീവ്രചിന്ത വെച്ചുപുലര്‍ത്തുന്നവര്‍ എന്ന് നമ്മള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നവരുമായുള്ള രാഷ്ട്രീയ ചങ്ങാത്തത്തിന്റെ കാര്യത്തില്‍ തത്ത്വാധിഷ്ഠിതമായ നിലപാട് സ്വീകരിക്കുമ്പോഴാണ് നമ്മുടെ ചിന്ത ഉയര്‍ന്നുനില്‍ക്കുന്നത്. ഈ വിഷയത്തില്‍ കേരളത്തിലെ മുഖ്യധാര പാര്‍ട്ടികള്‍ കാണിക്കുന്ന കാപട്യങ്ങള്‍ തുറന്നുകാട്ടാന്‍ ആര്‍ജവം കാണിക്കുന്നവരാണ് സത്യസന്ധര്‍. എന്‍ ഡി എഫിലൂടെ രൂപപ്പെട്ട് പിന്നീട് പോപ്പുലര്‍ ഫ്രണ്ടായി മാറിയ, എസ് ഡി പി ഐ എന്ന രാഷ്ട്രീയഭാവം ഉള്‍ക്കൊണ്ട കൂട്ടായ്മയെ ഇടതുവലതു ചേരികളിലെ കക്ഷികള്‍ എങ്ങനെ സമീപിക്കുന്നുവെന്ന വിഷയം കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍ മുസ്‌ലിംലീഗ്, കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുടെ കള്ളക്കളി പുറത്തുകൊണ്ടുവരാനാവും. ലീഗ് വിരുദ്ധ രാഷ്ട്രീയം പറഞ്ഞ് ജീവന്‍ വെച്ചവരുടെ കാപട്യവും തുറന്നുകാട്ടാനാവും. അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയമായോ സാമുദായികമായോ വേര്‍തിരിവുകള്‍ സൃഷ്ടിച്ച്, അന്തരീക്ഷം പ്രക്ഷുബ്ധമാക്കുകയും ഒരു തലമുറയെ ആത്യന്തികചിന്തയിലേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുന്ന നിലപാടിനെ ഭീകരവാദമെന്നോ തീവ്രവാദമെന്നോ പേരിട്ട് ആര്‍ എസ് എസിനോടും ഐ എസിനോടും സമീകരിക്കുന്നതിന് പകരം, അതിലെ മതേതര വിരുദ്ധതയും സമുദായ താല്‍പര്യവിരുദ്ധതയും അപഗ്രഥിക്കുമ്പോഴാണ് നിഷ്പക്ഷമതികള്‍ക്ക് പോലും യാഥാര്‍ത്ഥ്യം ബോധ്യപ്പെടുക. അതല്ലാതെ, ആര്‍ എസ് എസിന്റെ പേര് പറയുമ്പോള്‍, തൂക്കമൊപ്പിക്കാന്‍ വേണ്ടി, അല്ലെങ്കില്‍ മാവോവാദി സ്വാധീനം പോലുള്ള ഗൗരവമുള്ള സമസ്യകളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ദിശ തിരിച്ചുവിടാന്‍ ഉപരിപ്ലമായി ചിലത് വെച്ചുകാച്ചുമ്പോള്‍ കോളിളക്കമുണ്ടാവുക സ്വാഭാവികമാണ്. പണ്ടത്തെപോലെയല്ല, ഇന്ന് അഭിപ്രായരൂപീകരണത്തിന്റെ ഏറ്റവും വലിയ വേദി സോഷ്യല്‍ മീഡിയയാണ്. ഫ്രഞ്ച് വിപ്ലവ കാലത്തെ ‘കഫേ’കളോട് ഉപമിക്കാവുന്ന ഡിജിറ്റല്‍ ഫ്‌ളാറ്റ്‌ഫോമുകളില്‍ വിവരമുള്ളവരും പക്വതയാര്‍ന്നവരും മാത്രമല്ല, ഗുണ്ടകളും റൗഡികളും കള്ളന്മാരും കൊള്ളക്കാരും നിലയുറപ്പിച്ചിട്ടുണ്ട് എന്ന സത്യം മോഹനന്‍ മാസ്റ്റര്‍ ഓര്‍ത്തില്ലെന്ന് തോന്നുന്നു.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login