നന്ദി, രാഹുല്‍ ബജാജ് ഞങ്ങളും ഭീതിയിലായിരുന്നു

നന്ദി, രാഹുല്‍ ബജാജ് ഞങ്ങളും ഭീതിയിലായിരുന്നു

രാജ്യം ഭീതിയിലാണെന്ന രാഹുല്‍ ബജാജിന്റെ പ്രസംഗം പൂര്‍ണരൂപത്തില്‍ കേള്‍ക്കുകയായിരുന്നു. ആ പ്രസംഗം ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ കാണുകയുമായിരുന്നു. ചില സന്ദര്‍ഭങ്ങള്‍ അതിന്റെ പ്രത്യക്ഷപ്രകടനങ്ങളെ മറികടന്ന് ചരിത്രത്തിലെ മറ്റൊരു സന്ദര്‍ഭത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നത് സാധാരണമാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കവും തഴക്കവുമുറ്റ, ദേശീയപ്രസ്ഥാനത്തിനൊപ്പം പന്തലിച്ച, ഗാന്ധിയന്‍ പാരമ്പര്യത്തിന്റെ ഒട്ടും വിദൂരമല്ലാത്ത ഭൂതകാലമുള്ള ഒരു വന്‍കിട വ്യവസായ കുടുംബത്തിന്റെ ഇപ്പോഴത്തെ അമരക്കാരനാണല്ലോ സംസാരിക്കുന്നത്? അദ്ദേഹം ഇപ്പോള്‍ വിമര്‍ശിച്ച ഇതേ ഭരണകൂടത്തെ ഇതുപോലെ ബലപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച ആള്‍കൂടിയാണല്ലോ? അദ്ദേഹം ബി ജെ പി പിന്തുണയുള്ള രാജ്യസഭാംഗം പോലുമായിരുന്നല്ലോ? എന്നിട്ടും രാഹുല്‍ ബജാജിനെ കേട്ടുകൊണ്ടിരുന്നപ്പോള്‍, ആ വാക്കുകള്‍ക്ക് അപ്പോഴും പിന്നീടുമുയര്‍ന്ന കയ്യടികളെ കണ്ടുകൊണ്ടിരുന്നപ്പോള്‍, രാഹുല്‍ ബജാജിനെതിരെ ഭരണകൂടപ്രതിനിധികളുടെ ഉറഞ്ഞുതുള്ളല്‍ വായിക്കുമ്പോള്‍ ഒറ്റവര്‍ഷം മുന്നിലെ ഡല്‍ഹിയിലേക്കാണ് ഓര്‍മകള്‍ എത്തിയത്. അപ്പോള്‍ ഹമാരാ ബജാജ് എന്ന അതിപ്രസിദ്ധമായ പരസ്യഗാനത്തെ വിയര്‍പ്പുമണവും വെയിലും വന്ന് മൂടുകയും അലഞ്ഞുതേഞ്ഞ ലക്ഷത്തോളം മനുഷ്യര്‍ ഡല്‍ഹിയിലെ തെരുവുകളോട് ഇങ്ങനെ വിളിച്ചുപറയുകയും ചെയ്തു.

‘Our life is also cheap. In the last 20 years, over three lakh farmers have committed suicide,’
ഓര്‍ക്കുന്നുണ്ടോ ഈ വാക്കുകള്‍? ഇന്ത്യ മറക്കരുതാത്തതാണ്. കര്‍ഷകരുടെ ഗതിമുട്ടിയ കരച്ചിലുകളാണ്. പോയവര്‍ഷം നവംബറില്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ജീവിതം വഴിമുട്ടിയ മനുഷ്യര്‍. ഒരു മഹാരാജ്യത്തിന്റെ അന്നപ്പുരകള്‍. അവര്‍ കൊടും പട്ടിണിയിലായിരുന്നു. മുപ്പതുരൂപ വിപണിയില്‍ വിലയുള്ള തക്കാളി വെറും അഞ്ചുരൂപക്ക് ഇടനിലക്കാര്‍ക്ക് വിറ്റൊഴിക്കേണ്ടി വന്നവര്‍ മുതല്‍ ഒരു വിളയും വില്‍ക്കാനാവാതെ സമൂലം തകര്‍ന്നവര്‍ വരെ. ഇന്ത്യന്‍ ജനതയെ തീറ്റിപ്പോറ്റാന്‍ മൂന്നുലക്ഷം സഹജീവികളെ ബലികൊടുത്ത നിര്‍ഭാഗ്യമനുഷ്യര്‍. വിശന്നുപൊരിയുമ്പോള്‍ വയലിടത്തിലെ എലികളെ ചുട്ടുതിന്നവര്‍. തൊണ്ണൂറുകള്‍ മുതല്‍ തുടങ്ങിയ ഇന്ത്യയുടെ രാജ്യാന്തര വളര്‍ച്ചയില്‍ ചതഞ്ഞുപോയവര്‍. അവരുയര്‍ത്തിപ്പിടിച്ച ലഘുലേഖകളിലെ അവസാന വരികളാണ് നിങ്ങള്‍ വായിച്ചത്. വിലകെട്ട ജന്മങ്ങളാണ് ഞങ്ങളെന്ന്. ഒരു മനുഷ്യന്‍ സ്വന്തം ജീവിതത്തെ വിലകെട്ടതെന്ന്, അതും അവന് യാതൊരു നിയന്ത്രണവുമില്ലാത്ത കാര്യങ്ങളാല്‍ വിലകെട്ടുപോയെന്ന് വിലപിക്കുന്ന ദയനീയമായ നിമിഷങ്ങളാണ് ആ നവംബര്‍ ഡല്‍ഹിക്ക് നല്‍കിയത്. ഭരണകൂടം അതിന്റെ അടിസ്ഥാന ജനതയാല്‍ ചോദ്യം ചെയ്യപ്പെടുന്ന മഹാനിമിഷങ്ങളെയാണല്ലോ ചരിത്രം വിപ്ലവമെന്ന് വിളിച്ചിട്ടുള്ളത്? അക്ഷരാര്‍ഥത്തില്‍ ഒരു കര്‍ഷക വിപ്ലവത്തിന്റെ നാന്ദിയാകേണ്ടതായിരുന്നു ഡല്‍ഹിയില്‍ ഉയര്‍ന്ന ആ വാക്കുകള്‍. ഒന്നാം നരേന്ദ്രമോഡി സര്‍ക്കാര്‍ ആ ചുഴലിയില്‍ ഉലയുമെന്നും അഞ്ചുമാസങ്ങള്‍ക്കിപ്പുറം വരാനിരിക്കുന്ന ജനവിധിയില്‍ ശിക്ഷിക്കപ്പെടുമെന്നും പ്രവചനങ്ങളുയര്‍ന്നു. ഒന്നും സംഭവിച്ചില്ല. കര്‍ഷകരുടെ ജീവിതം അതേനിലയില്‍ തുടര്‍ന്നു. അവരുടെ പ്രതിഷേധങ്ങള്‍ അതേ നിലയില്‍ അമര്‍ന്നു. ഏത് ഭരണകൂടത്തോടാണോ കര്‍ഷകര്‍ സംഘടിതമായി കലഹിച്ചത്, ഏത് ഭരണകൂടത്തോടാണോ അവര്‍ പ്രതിഷേധമുയര്‍ത്തിയത് അതേ ഭരണകൂടം അവരാല്‍ തന്നെ കൂടുതല്‍ മികവോടെ, കൂടുതല്‍ തിളക്കത്തോടെ അവരോധിക്കപ്പെട്ടു. എന്തുകൊണ്ടാവണം രാജ്യത്തെ അടിസ്ഥാന ജനത ഇവ്വിധം ഭരണകൂടത്തിനെതിരെ തെരുവില്‍ ഇറങ്ങിയിട്ടും പൊതുതിരഞ്ഞെടുപ്പില്‍ ആ ഇറങ്ങി വരവുകള്‍ ഒരു ചലനവും സൃഷ്ടിക്കാതിരുന്നത്? അതിനുള്ള ഉത്തരം രാഹുല്‍ ബജാജിലുണ്ട്; ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സമകാല നിലയിലുമുണ്ട്. ആദ്യം ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് പറയാം.

പലപ്പോഴായി നമ്മള്‍ വിശദീകരിച്ചതുപോലെ ഇന്ത്യന്‍ ജനാധിപത്യം ഒരു യാന്ത്രികവ്യവസ്ഥയല്ല. അതൊരിക്കലും ഒരു ഭരണസംവിധാനം എന്ന നിലയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നുമല്ല. ഭരണസംവിധാനം എന്ന നിലയില്‍ മാത്രം പ്രവര്‍ത്തനക്ഷമമായ ജനാധിപത്യത്തെ ആണ് ആധുനിക രാഷ്ട്രതന്ത്ര പഠനങ്ങള്‍ യാന്ത്രിക ജനാധിപത്യം എന്ന് മനസ്സിലാക്കുന്നത്. അതായത് ജനതയുടെ ദൈനംദിന ജീവിതവുമായി ആ വ്യവസ്ഥക്ക് വലിയ ബന്ധമുണ്ടാവില്ല. മറിച്ച് ഒരു ഭരണകൂടത്തെ തിരഞ്ഞെടുക്കുമ്പോള്‍ അത് ജനാധിപത്യത്തിന്റെ സുഘടിതമായ നിയമാവലികളെ ആശ്രയിക്കും. അത് ഭൂരിപക്ഷത്തിന്റെ ഹിതത്തെ സ്വീകരിക്കും. ആ ഹിതം, രേഖപ്പെടുത്തപ്പെടുന്ന വോട്ടുകളില്‍ കൃത്യമായി പ്രതിഫലിക്കുകയും ചെയ്യും. ഉദാഹരണം അമേരിക്കന്‍ ജനാധിപത്യം. നിശ്ചയമായും അത് ഉന്നത ജനാധിപത്യമാണ്. സ്‌റ്റേറ്റുകള്‍ക്ക് മഹാശക്തിയുള്ള രാഷ്ട്ര വ്യവസ്ഥയാണ്. സ്‌റ്റേറ്റുകളുടെ പുറംമൂടി മാത്രമാണ് അവിടെ അമേരിക്കന്‍ ഭരണകൂടം. പക്ഷേ, അമേരിക്കയുടെ ദൈനംദിന ഭരണരാഷ്ട്രീയത്തിന് പുറത്താണ് ഒരു അമേരിക്കക്കാരന്റെ ജീവിതം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായത് സ്‌റ്റേറ്റിന്റെ ദൈനംദിന വ്യവഹാരങ്ങള്‍ അമേരിക്കന്‍ പൗരന്റെ ജീവിതത്തെ വളരെയൊന്നും സ്വാധീനിക്കുന്നില്ല. ഇതില്‍ നിന്ന് തുലോം ഭിന്നമായ ഒന്നാണ് ജൈവജനാധിപത്യം. അത് ഒരു തിരഞ്ഞെടുപ്പ് ്രപക്രിയ മാത്രമല്ല. മറിച്ച് ഒരു രാഷ്ട്രത്തിന്റെ ദൈനംദിന ജീവിതമാണ്. ജൈവജനാധിപത്യം ബാലാരിഷ്ടതകള്‍ ധാരാളമുള്ളതായിരിക്കുമ്പോഴും അയവുള്ള ഒന്നാണ്. ഇന്ത്യയുടേത് ജൈവജനാധിപത്യമാണ്. അതിനാലാണ് മിക്കപ്പോഴും ജനഹിതത്തിന് വിപരീതമായി ഭരണകൂടങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. ഒന്നാം മോഡി സര്‍ക്കാരിന് 66 ശതമാനം ഇന്ത്യക്കാരുടെ പിന്തുണ ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. അത് ജനാധിപത്യത്തിന്റെ ജനാധിപത്യപരത കൂടിയാണ്.

ജൈവജനാധിപത്യം എന്നത് അയഞ്ഞതാണ് എന്നതിനാല്‍ ഉള്‍ക്കൊള്ളല്‍ സ്വഭാവം കൂടിയതുമാണ്. പലവിധബലങ്ങളാണ് അതിനെ സാധ്യമാക്കുന്നത്. പലതരം ശക്തികളാണ് അതിനെ മുന്നോട്ടുനയിക്കുന്നത്. പലതരം താല്‍പര്യങ്ങളാണ് കാലാകാലങ്ങളില്‍ അതിന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനബലം ദേശീയപ്രസ്ഥാനത്തിന്റെ ബഹുസ്വരതയാണെന്നതില്‍ ഇന്ന് തര്‍ക്കങ്ങള്‍ കുറവാണ്. പക്ഷേ, ദേശീയ പ്രസഥാനത്തെ സാധ്യമാക്കിയ, അല്ലെങ്കില്‍ ദേശീയ പ്രസ്ഥാനത്തെ ബലപ്പെടുത്തിയ ഘടകങ്ങള്‍ എല്ലാം തന്നെ ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍ണയിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. അതിലൊന്നാണ് ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗമായ കര്‍ഷകര്‍. അതില്‍ മറ്റൊന്നാണ് ഇന്ത്യയിലെ വന്‍കിട മുതലാളിത്ത വര്‍ഗം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ, ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ മുന്നോട്ടുനയിച്ചതില്‍ അന്നത്തെ വന്‍കിട മുതലാളിത്ത വര്‍ഗത്തിന്, അഥവാ അന്നത്തെ കോര്‍പറേറ്റുകള്‍ക്ക് വലിയ പങ്കുണ്ട് എന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് അവര്‍ ആ പങ്കുവഹിച്ചത് എന്ന ചോദ്യത്തിന് ചരിത്രം ഉത്തരം പറഞ്ഞിട്ടുമുണ്ട്. സാമ്പത്തികതാല്‍പര്യങ്ങള്‍ ആയിരുന്നു മുഖ്യം എന്നത് അവിതര്‍ക്കമാണ്. അതിലുപരി കോര്‍പറേറ്റ് മനോനിലയും പ്രധാന പങ്ക് വഹിച്ചതായി കാണാം.

എന്താണ് ആ മനോനില? അത് മൂലധനം സ്‌റ്റേറ്റിന്റെ പ്രകൃതമാര്‍ജിക്കുന്നതുമായി ബന്ധപ്പെട്ട ഒന്നാണ്. മൂലധന പഠനങ്ങള്‍ പലകുറി ആവര്‍ത്തിച്ചിട്ടുള്ള ഒരു സംഗതിയാണത്. അതായത് ഒരു ദേശരാഷ്ട്രത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മൂലധനത്തിന് അഥവാ മൂലധനങ്ങള്‍ക്ക് തങ്ങള്‍ സ്‌റ്റേറ്റ് തന്നെയാണ് എന്ന തോന്നലുണ്ടാകും. ഈസ്റ്റിന്ത്യാകമ്പനിക്ക് ശേഷം ബ്രിട്ടണ്‍ എന്ന രാഷ്ട്രം ഇന്ത്യയുടെ സ്‌റ്റേറ്റ് ആയി മാറുന്നുണ്ട്. അതായത് ഇന്ത്യ എന്ന സങ്കല്‍പത്തിലേക്ക് ഒരു വിദേശരാജ്യം സ്‌റ്റേറ്റ് രൂപമാര്‍ജിക്കുന്നു. ഇന്ത്യന്‍ വന്‍കിട മൂലധനം അക്കാലമാകുമ്പോഴേക്ക് ഈസ്റ്റിന്ത്യാ കമ്പനിയുടെ ചെല്ലിലും ചെലവിലുമാണെങ്കില്‍ പോലും പല സ്‌റ്റേറ്റുകളായി, പല സാമ്പത്തിക രാഷ്ട്രങ്ങളായി പരിവര്‍ത്തിച്ചിരുന്നു. ഏതാണ്ട് സ്വതന്ത്രപരമാധികാര സാമ്പത്തിക രാഷ്ട്രങ്ങള്‍. സ്വാഭാവികമായും ബ്രിട്ടന്റെ സ്‌റ്റേറ്റ് കോര്‍പറേറ്റുകളുടെ സ്‌റ്റേറ്റുമായി ഇടഞ്ഞു. അതോടെ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്ക് ദേശീയപ്രസ്ഥാനം ഒരു അനിവാര്യതയായി. അതായത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തങ്ങളുടെ സ്വാതന്ത്ര്യസമരമായി കൂടി അവര്‍ മനസിലാക്കി. അങ്ങനെയാണ് ദേശീയപ്രസ്ഥാനവും കോര്‍പറേറ്റുകളും തമ്മിലെ അഥവാ ദേശീയപ്രസ്ഥാനവും ഇന്ത്യന്‍ വന്‍കിട മുതലാളി വര്‍ഗവും തമ്മിലെ പരസ്പരബന്ധം യാഥാര്‍ഥ്യമാവുന്നത്. ഈ പരസ്പരബന്ധം ആ കോര്‍പറേറ്റുകളെ ദേശീയ കുടുംബങ്ങളാക്കി വാഴ്ത്തി. ഈ വാഴ്ച ഒരുതരം സവിശേഷ സാമൂഹിക മൂലധനത്തെ സൃഷ്ടിക്കുന്നുണ്ടെന്ന് കോര്‍പറേറ്റുകള്‍ മനസിലാക്കുകയും ചെയ്തു. അത് അവര്‍ സാമൂഹികമായും സാമ്പത്തികമായും ആസ്വദിച്ചു. അങ്ങിനെ കൂടിയാണ് നമുക്ക് ദേശീയ കോര്‍പറേറ്റ് കുടുംബങ്ങളുണ്ടായത്. ദേശം തങ്ങളുടേതാണ് എന്ന അവരുടെ തോന്നലിന്റെ കൂടി ഫലമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യവും സ്വാതന്ത്ര്യാനന്തര ഇന്ത്യയും. അത്തരം കുടുംബങ്ങളില്‍ അതിപ്രബലമായ ഒന്നിന്റെ പേരാണ് ബജാജ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിറന്ന് നാല് വര്‍ഷത്തിന് ശേഷം ജനിച്ച ജമന്‍ലാല്‍ ബജാജ് ആണ് സ്ഥാപകന്‍. ബ്രിട്ടണ്‍ കനിഞ്ഞു നല്‍കിയ റായ് ബഹാദൂര്‍ പട്ടം നിസ്സഹകരണ സമരത്തിന്റെ കാലത്ത് തിരിച്ചുനല്‍കിയ ചരിത്രമുണ്ട്, പില്‍ക്കാലത്ത് ഗാന്ധിജിയുടെ ഉറ്റ അനുയായി ആയി മാറിയ ജമന്‍ലാലിന്. ജമന്‍ലാലിന്റെ ജീവിതം വെറുതേ കണ്ണോടിച്ചാല്‍ നമ്മള്‍ ആദ്യം ചര്‍ച്ച ചെയ്ത സംഗതികളുടെ വഴിയും തെളിവും തെളിഞ്ഞുകിട്ടും.

ഇങ്ങനെ സ്‌റ്റേറ്റ് തന്നെയായി മാറിയ, നാഷന്‍ സ്‌റ്റേറ്റിനകത്തെ ഇക്കണോമിക് സ്‌റ്റേറ്റ് എന്ന് പറയാവുന്ന പദവി എല്ലാക്കാലത്തും നാഷന്‍ സ്‌റ്റേറ്റിന്റെ ഭരണകൂടവുമായി സംഘര്‍ഷത്തിലാവാറുണ്ട്. കാരണം തങ്ങള്‍ ഭരിക്കപ്പെടുന്നവരാണ് എന്ന മനോനിലയിലേക്ക് കോര്‍പറേറ്റുകള്‍ക്ക് ഒരിക്കലും എത്താന്‍ കഴിയാറില്ല. വളരെ സ്വാഭാവികമായും സ്‌റ്റേറ്റിന്റെ നികുതി നയം പോലും അവരില്‍ ഇടച്ചിലുണ്ടാക്കും. എന്നാല്‍ ആ ഇടച്ചിലുകള്‍ ഉണ്ടാകാതിരിക്കാനുള്ള കഠിനയത്‌നങ്ങള്‍ സര്‍ക്കാരുകള്‍ നടത്താറുമുണ്ട്. ആ യത്‌നങ്ങള്‍ എല്ലാം ചേര്‍ന്നാണ് നമ്മുടെ ജനാധിപത്യത്തെ ഒരുപാട് പരിമിതികള്‍ക്കിടയിലും മുന്നോട്ടുകൊണ്ടുപോയത്.

ഇടച്ചില്‍ ഉണ്ടായിട്ടില്ല എന്നല്ല. ഉണ്ട്. അന്നും ഒരുവശത്ത് ബജാജ് ആയിരുന്നു. രാഹുല്‍ ബജാജിന്റെ മാതുലന്‍ രാമകൃഷ്ണ ബജാജ്. സാക്ഷാല്‍ ജമന്‍ലാല്‍ ബജാജിന്റെ മകന്‍. അന്ന് ഇന്ദിരാ ഭരണകൂടമാണ്. അടിയന്തിരാവസ്ഥ അഴിഞ്ഞാടുന്നു. ഇന്ദിരാസാമ്രാജ്യത്തിലെ ഇളമുറത്തമ്പുരാന്‍ സഞ്ജയ് ഗാന്ധി നാട് ആടുന്ന നാളുകള്‍. മുന്‍ഗാമികളെപ്പോലെ ഗാന്ധിയനായിരുന്നു രാമകൃഷ്ണ ബജാജും. ഗാന്ധിപ്പേരും വഹിച്ച് ഇന്ദിരയും കൂട്ടരും നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങളില്‍ അതൃപ്തന്‍. അതിനാല്‍ തന്നെ സഞ്ജയന്റെ പകക്കണ്ണുകള്‍ ബജാജിലേക്ക് നീണ്ടു. സഞ്ജയ് പകപോക്കി. ആത്മസുഹൃത്തും കളിക്കൂട്ടുകാരിയുമായിരുന്നിട്ടും ഇന്ദിര മകനുവേണ്ടി രാമകൃഷ്ണ ബജാജിനെ തള്ളി. തകര്‍ക്കാന്‍ ശ്രമിച്ചു. സംഭവബഹുലമായ ആ പകയുടെ നാളുകള്‍ വരച്ചിട്ട പുസ്തകം വിപണിയിലുണ്ട്; Gandhi’s Coolie: Life and Times of Ramkrishna Bajaj. ഒറ്റപ്പെട്ട അത്തരം ഏറ്റുമുട്ടലുകളൊഴിച്ചാല്‍ പുറമേയെങ്കിലും ശാന്തമായിരുന്നു പാരമ്പര്യ കോര്‍പറേറ്റുകളും ജനാധിപത്യ ഭരണകൂടവും തമ്മിലെ കൊടുക്കല്‍ വാങ്ങലുകള്‍. പുറമേ അടിസ്ഥാന ജനതയാണ് ഇന്ത്യയുടെ ആത്മാവെന്ന് കൊട്ടിപ്പാടുമ്പോഴും അകമേ കോര്‍പറേറ്റുകളാണ് ഇന്ത്യയെന്ന് ശരിവെക്കപ്പെട്ടിരുന്നു. അടിസ്ഥാന ജനതയുടെ പ്രതിഷേധങ്ങളില്‍ നിന്നാണ് ഭരണയന്ത്രം നേര്‍വഴികള്‍ കണ്ടെത്തുന്നതെന്ന് പുറമേ ആണയിട്ടിരുന്നെങ്കിലും അകമേ അത് കോര്‍പറേറ്റുകളുടെ കാരുണ്യമായി തിരിച്ചറിയപ്പെട്ടിരുന്നു.

തൊണ്ണൂറുകളാണ് സ്ഥിതികള്‍ മാറ്റുന്നത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍, നിങ്ങള്‍ക്കറിയാം ഹിന്ദുത്വ രാഷ്്രടീയം ഭാവിയിലേക്ക് കണ്ണയച്ചു തുടങ്ങിയെന്ന്. ബാബരി മസ്ജിദ് അതിന്റെ ഒരായുധമായിരുന്നല്ലോ? ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സമൂല മാറ്റവും തമ്മിലെ ബന്ധം പഠിക്കപ്പെട്ടിട്ടുണ്ട്. പുതിയ മാറ്റങ്ങളോടും കോര്‍പറേറ്റുകള്‍ പരിഭവിച്ചില്ല എന്നതും ഓര്‍ക്കണം.

ഒന്നാം മോഡി സര്‍ക്കാരിന്റെ അധികാരാരോഹണം പക്ഷേ, വലിയ ദിശാമാറ്റമായിരുന്നു. കോര്‍പറേറ്റിസത്തിന്റെയും ഹിന്ദുത്വയുടെയും സന്തതിയാണല്ലോ ആ സര്‍ക്കാര്‍. പക്ഷേ, ഏത് കോര്‍പറേറ്റ്? ദേശീയപ്രസ്ഥാനത്തെയും അതിന്റെ പാരമ്പര്യത്തെയും ഓര്‍മകളെത്തന്നെയും സമ്പൂര്‍ണമായി നിരാകരിക്കുന്ന ഒന്നായിരുന്നു ഹിന്ദുത്വ. അതിനാല്‍ അത്തരം ഓര്‍മകളുള്ള കോര്‍പറേറ്റുകള്‍ ഒതുക്കപ്പെട്ടു. അതിനോടകം മൂപ്പിളമത്തര്‍ക്കത്താലും ലാഭക്കൊതിയാലും കുപ്രസിദ്ധമായിക്കഴിഞ്ഞ അംബാനികളും അദാനി എന്ന പുത്തന്‍കൂറ്റ് കോര്‍പറേറ്റും കളം പിടിച്ചു. പഴയ കുതിരകള്‍ മുട്ടിലിഴഞ്ഞു. പുതിയ ഭരണകൂടത്തിന്റെ ഭാഷ അവര്‍ക്ക് മനസ്സിലാവാതായി. അവരോട് ഭരണകൂടം സംസാരിക്കാതായി. രാജ്യം രണ്ട് കോര്‍പറേറ്റുകളിലേക്ക് ചുരുങ്ങി. അതോടെ, അതെ, അതോടെ മാന്ദ്യം യാഥാര്‍ത്ഥ്യമായി. പരമ്പരാഗതമായ വ്യവസായങ്ങള്‍ സര്‍വതും തകര്‍ന്നു. പുത്തന്‍കൂറ്റുകാരുടെ പണക്കൊഴുപ്പില്‍ രാജ്യത്തിന് അജീര്‍ണം ബാധിച്ചു. കര്‍ഷകര്‍ തെരുവിലിറങ്ങി.

വീണ്ടും ബ്രിട്ടീഷ് രാജിലേക്ക് വരാം. എപ്പോഴാണ് ബ്രിട്ടീഷ് രാജിനെതിരെ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ അണിനിരന്നതും ഗാന്ധിയെ പിന്തുണച്ചതും? ബ്രിട്ടന്‍ സമഗ്രാധിപത്യമായി മാറുകയും കോര്‍പറേറ്റുകളുടെ സാമ്പത്തിക രാഷ്ട്രപദവിക്ക് ഭീഷണിയാവുകയും ചെയ്തപ്പോള്‍. അപ്പോള്‍ കോര്‍പറേറ്റുകള്‍ എന്തുചെയ്തു? ദരിദ്രനാരായണന്‍മാരുടെ, അവരുടെ നേതാവായി അവരോധിതനായ ഗാന്ധിയുടെ ആവശ്യങ്ങള്‍ക്കൊപ്പം, പ്രതിഷേധങ്ങള്‍ക്കൊപ്പം നിന്നു. അവരുടെ ഒപ്പം നില്‍ക്കല്‍ സമഗ്രാധിപത്യത്തിന്റെ കടപുഴകലിന് ചടുലവേഗം നല്‍കി.

ഇപ്പോള്‍ മനസ്സിലാകുന്നു, എന്തുകൊണ്ടാണ് രാഹുല്‍ ബജാജിന്റെ വാക്കുകള്‍ക്കൊപ്പം ആ കര്‍ഷകര്‍ തികട്ടി വന്നതെന്ന്. ചരിത്രം ആവര്‍ത്തിക്കുന്നു എന്നതോന്നല്‍ പോലും എത്ര ആഹ്ലാദകരമാണെന്ന്. എന്തുകൊണ്ട് രാഹുല്‍ ബജാജ് മാത്രമെന്നാണോ? ഒറ്റയ്ക്ക് അദ്ദേഹത്തിന് എന്ത് സാധ്യമാവാന്‍ എന്നാണോ? റായ് ബഹാദുര്‍ പട്ടം വലിച്ചെറിഞ്ഞ് ബ്രിട്ടനെതിരെ ആദ്യം വെടിമുഴക്കിയത് ആരാണെന്നറിയാമോ? രാഹുലിന്റെ പിതാമഹന്‍ ജമന്‍ലാല്‍ ബജാജ്.

കെ കെ ജോഷി

You must be logged in to post a comment Login