വെണ്‍പനീര്‍ പൂക്കള്‍ തോറ്റുപോയില്ല

വെണ്‍പനീര്‍ പൂക്കള്‍ തോറ്റുപോയില്ല

ഇന്ത്യന്‍ ജനതയുടെ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിന് തുടക്കം കുറിക്കുന്ന പൗരത്വഭേദഗതി ബില്ലിനെ തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങള്‍ രാജ്യമെമ്പാടും ഇന്ന് സമരത്തിലാണ്. ഈ സമരം ഒരു സാധാരണ സമരമല്ല. ഏതാനും ദിവസങ്ങള്‍കൊണ്ട് കെട്ടടങ്ങിപ്പോകുന്ന ചില താല്‍ക്കാലിക പ്രശ്‌നങ്ങളെ കേന്ദ്രമാക്കിയുള്ള ഒരു സമരമല്ല. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ഹൈന്ദവ വര്‍ഗീയ ഫാഷിസ്റ്റുകളുടെ മുന്നേറ്റത്തെ ചെറുക്കുന്നതിനു വേണ്ടിയുള്ള സമരമാണ്. വര്‍ഗീയ ഫാഷിസ്റ്റുകളുടെ പിടിയില്‍ അകപ്പെട്ടുപോയ ഇന്ത്യന്‍ ജനാധിപത്യത്തേയും ഇന്ത്യന്‍ മതനിരപേക്ഷ ധാര്‍മികതയെയും വീണ്ടെടുക്കുന്നതിനുള്ള സമരമാണ്. ആ നിലക്ക് ബ്രിട്ടീഷ് ആധിപത്യത്തിനെതിരേയും ദേശീയ അടിയന്തരാവസ്ഥക്കെതിരേയും നടന്ന സ്വാതന്ത്ര്യ സമരങ്ങളുടെ വര്‍ത്തമാനകാലത്തെ ആവര്‍ത്തനമാണ്. അതുകൊണ്ട് സ്വാഭാവികമായും പിന്നോട്ടടികള്‍ നേരിട്ടേക്കാമെങ്കിലും ഈ സമരം പുതിയൊരു വിമോചിത ഇന്ത്യക്കു വേണ്ടിയുള്ള സമരത്തിന്റെ തുടക്കമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.

അതിന്റെ ലക്ഷണമാണ്, പൗരത്വ ഭേദഗതി ബില്ലിനെ തള്ളിക്കളയുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥിസമൂഹമൊന്നാകെ ദേശവ്യാപകമായി സമരരംഗത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി വെടിയുണ്ടകളെത്തന്നെ നേരിടാന്‍ തയാറായിക്കൊണ്ട് നിര്‍ഭയരായി സമരരംഗത്തിറങ്ങിയിരിക്കുന്ന ഈ വിദ്യാര്‍ഥി സമൂഹത്തെ നമുക്ക് അഭിവാദ്യം ചെയ്യാം. കാരണം യഥാര്‍ഥ ജനാധിപത്യത്തിനും മതനിരപേക്ഷ ധാര്‍മികതക്കും വേണ്ടി നിലകൊള്ളുന്ന ഇന്ത്യന്‍ ജനസാമാന്യത്തിന്റെ പ്രതിനിധികളാണവര്‍. ഇന്ത്യയുടെ അടിത്തട്ടില്‍ നിന്നുയരുന്ന വിമോചന വാഞ്ഛയുടെ ശബ്ദമാണ് ഈ യുവാക്കളിലൂടെ ഇന്നുയര്‍ന്നു പൊങ്ങുന്നത്. അതുകൊണ്ട് വിദ്യാര്‍ഥികള്‍ ഒന്നാകെ രാഷ്ട്രീയ സമര രംഗത്താണെന്നു പറഞ്ഞാല്‍ അതിനര്‍ഥം , വിവിധരീതികളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ഇന്ത്യയൊന്നാകെ, കര്‍ഷകരും കൈവേലക്കാരും സ്ത്രീകളും ദളിതരും ആദിവാസികളും ഒന്നാകെ സമരരംഗത്താണെന്നാണ്. ഇങ്ങനെ ഇന്ത്യന്‍ വിദ്യാര്‍ഥിസമൂഹം സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി സമരംചെയ്യുന്ന കീഴാള ജനസഞ്ചയവുമായി കൈകള്‍ കോര്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് ലോകരാഷ്ട്രീയത്തെ വഴിതിരിച്ചു വിട്ട 1968 ലെ ഫ്രഞ്ച് വിദ്യാര്‍ഥി കലാപകാലത്ത് മിഷേല്‍ ഫൂക്കോ എന്ന തത്വചിന്തകന്‍ ‘വിദ്യാര്‍ഥികള്‍ വിപ്ലവം നയിക്കുകയോ വിപ്ലവം നടത്തുകയോ അല്ല ചെയ്യുന്നത്, വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം’ എന്നു പറഞ്ഞതാണ്.
മതപരമായ അപരത്വ നിര്‍മിതിയിലൂടെ ഇന്ത്യയില്‍ ഹൈന്ദവ ഫാഷിസം നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യഥാര്‍ഥ ഇന്ത്യ എന്താണ് എന്നറിയില്ല. അവര്‍ അത് കാണാന്‍ പോകുന്നതേയുള്ളു. വിശ്വാസം കൊണ്ട് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പാഴ്‌സിയും സിക്കുമായ സാധാരണക്കാരായ ഇന്ത്യന്‍ ജനത സ്വാതന്ത്ര്യ സമരമെന്ന രാഷ്ട്രീയവിപ്ലവത്തില്‍ ഒത്തുചേര്‍ന്ന് ജീവിതം ബലിയര്‍പ്പിച്ച് നേടിയതാണ് ഇന്ത്യന്‍ ജനാധിപത്യമെങ്കില്‍ അതിനെ സംരക്ഷിക്കാന്‍ ഈ അപകടസന്ധിയിലും അവര്‍ക്കു വീണ്ടും ഒരൊറ്റ ശക്തിയായി ത്യാഗവും ബലിയും നിറഞ്ഞ സമരങ്ങളില്‍ ഒത്തു ചേരാന്‍ കഴിയും. ജനങ്ങളുടെ ഈ മുന്നേറ്റങ്ങള്‍ക്ക് പിന്നാലെ, അവയില്‍ നിന്നാവേശമുള്‍ക്കൊണ്ട്, ഫാഷിസ്റ്റ് ശക്തികള്‍ക്ക് മുന്‍പില്‍ തോറ്റുപോയ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പുതിയ ദിശാബോധങ്ങളിലേക്ക് ഉണരുമെന്നും പ്രതീക്ഷിക്കാം. ജനങ്ങളുടെ രാഷ്ട്രീയമായ ഉണര്‍വ്വിനു പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഓടി എത്താന്‍ തുടങ്ങുന്ന കാഴ്ച അതാണ് തെളിയിക്കുന്നത്.
ചുരുക്കത്തില്‍ ഇന്ത്യന്‍ മതനിരപേക്ഷ ധാര്‍മ്മികതക്കും ജനാധിപത്യത്തിനും നേരേ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യന്‍ ജനത പുതിയൊരു സമരത്തിന്റെ പാതയിലേക്ക് കടന്നിരിക്കയാണ്. ഈ സമരം ഗാന്ധിജി പറഞ്ഞതുപോലെ, പാര്‍ലമെന്ററി സ്വരാജിന്റെ പരിമിതികളില്‍ നിന്നും പൂര്‍ണ സ്വരാജിലേക്ക് കടക്കുന്നതിനുള്ള സമരത്തിന്റെ തുടക്കമാകാം. നീണ്ടുപോയേക്കാമെങ്കിലും അത്തരമൊരു ജനകീയ ജനാധിപത്യ സമര മുന്നേറ്റത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ തൂത്തെറിയപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റൊരു തരത്തിലാണെങ്കിലും ചരിത്രം അത് തെളിയിച്ചു കഴിഞ്ഞതാണ്. അതിനാല്‍ ഈ പുതിയ സ്വാതന്ത്ര്യ സമരത്തില്‍ നമുക്കും അണിചേരാം.
-ബി. രാജീവന്‍

ജനസഞ്ചയം എന്ന പരികല്‍പനയെ മുന്‍നിര്‍ത്തി, ലോകമാകെ പലഘട്ടങ്ങളില്‍ നടന്നതും നടക്കുന്നതുമായ മുന്നേറ്റങ്ങളെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മൗലിക ചിന്തകനാണ് ബി. രാജീവന്‍. അത്യാവേശങ്ങളുടെ ഭാഷാലങ്കാരമില്ലാതെ രാജീവന്‍ എഴുതിയ ഈ കുറിപ്പ്, ഇന്ത്യന്‍ കാമ്പസുകളില്‍ പടരുന്ന പ്രതിഷേധത്തിന്റെ ദിശാസൂചിയാണ്. കാരണമുണ്ട്.
വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വാഴുന്ന ഒരു സര്‍ക്കാറാണ് കേന്ദ്രത്തിലേത്. ഫാഷിസത്തിലും നാസിസത്തിലും വേരാഴ്ത്തിയ ഒരു രാഷ്ട്രീയ പദ്ധതിയെ ഭൂരിപക്ഷമതത്തിന്റെ ലേബലൊട്ടിച്ച് വിപണനം നടത്തുന്ന പ്രത്യയശാസ്ത്രമാണ് അവരുടെ അടിത്തറ. ആ അടിത്തറയെക്കുറിച്ച് നാം പലവുരു വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപരത്വത്തെ സൃഷ്ടിക്കുകയും ആ അപരത്വത്തോട് വെറുപ്പ് ഉല്‍പാദിപ്പിക്കുകയും ആ വെറുപ്പിനെ ആളിക്കത്തിക്കുകയും ആ ആളലിനെ വോട്ടാക്കി മാറ്റുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സംഘത്തെയാണ് നാം സംഘപരിവാറെന്ന് വിളിക്കുന്നത്. നിലവില്‍ അവര്‍ സൃഷ്ടിച്ച അപരത്വം ഇസ്ലാമാണ്. കൃത്യമായ ഇടവേളകളില്‍ വ്യാജ പ്രശ്‌നങ്ങളെ ഉയര്‍ത്തി അവര്‍ ഇന്ത്യന്‍ മുസ്ലിമിനെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഇനി ചര്‍ച്ച പോലും വേണ്ടാത്ത വസ്തുതയാണ്. മതരാഷ്ട്രമായ പാകിസ്ഥാനെ ചൂണ്ടി ഒരു മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി പ്രതിപക്ഷത്തോട് താരതമ്യത്തിലധിഷ്ഠിതമായ ചോദ്യങ്ങള്‍ ചോദിക്കുന്നത് നാം പാര്‍ലമെന്റില്‍ പലവട്ടം കണ്ടതുമാണല്ലോ? ഫാഷിസ്റ്റ് ജര്‍മനിയുടെ നാല്‍പതുകളില്‍ എന്നപോലെ അതിസമ്പന്നരായ ഒരു വലിയ മധ്യവര്‍ഗവും ഹിന്ദുത്വ എന്ന ദീര്‍ഘകാല പദ്ധതിയുടെ ഇരകളായിത്തീര്‍ന്ന വലിയ കൂട്ടം മനുഷ്യരും അവര്‍ക്കൊപ്പമുണ്ട് താനും.
അത്തരത്തില്‍ ഭൂരിപക്ഷമായി മാറിയ വന്യാധികാരത്തോടാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ കലാപം ചെയ്യുന്നത്. ആ അധികാരത്തിന് എളുപ്പത്തില്‍ അടിച്ചമര്‍ത്താന്‍ കഴിയുന്ന ഒരു ചെറുന്യൂനപക്ഷം മാത്രമാണ് ആ കുട്ടികള്‍. പക്ഷേ, ഈ കുറിപ്പെഴുതുമ്പോഴും തളരാത്ത സമരവീര്യത്തിന് നിതാന്ത സാക്ഷ്യമായി അവര്‍ കാമ്പസുകളില്‍ ഉറങ്ങാതിരിക്കുന്നു. ജാമിയ മില്ലിയ അതിന്റെ മുന്‍നിരയിലുണ്ട്. തല്ലിച്ചതച്ചിട്ടും ഭീകരാക്രമണം നടത്തിയിട്ടും അവര്‍ പിന്തിരിയുന്നില്ല. സമാധാനപരമായ അക്കാദമിക് അന്തരീക്ഷത്തിന് കേള്‍വികേട്ട, ഇന്ത്യയിലെ ഏറ്റവും ശാന്തമായ കാമ്പസുകളിലൊന്നാണല്ലോ ജാമിയ. ഫാഷിസ്റ്റുകള്‍ ചിലപ്പോള്‍ പ്രചരിപ്പിക്കും വണ്ണം ജാമിയ ഒരു മദ്രസയുമല്ല. നാനാ വിഭാഗം കുട്ടികള്‍, നാനാതരം വിഷയങ്ങള്‍ പഠിക്കുന്ന ഇന്ത്യന്‍ നാനാത്വത്തിന്റെ പ്രതീകങ്ങളിലൊന്നെന്ന് നിശ്ചയം വിശേഷിപ്പിക്കാവുന്ന കാമ്പസ്. അവിടെനിന്നാണ് പൊട്ടിത്തെറിയുടെ ഭീമന്‍ ശബ്ദങ്ങള്‍ ആദ്യമുയര്‍ന്നത്. അതിധീരമായി അവര്‍ ഡല്‍ഹി പൊലീസിന്റെ കിരാതത്വങ്ങളോട് ചെറുത്തു, ചെറുക്കുന്നു. മദ്രാസ് സര്‍വകലാശാലയാണ് മറ്റൊന്ന്. പരീക്ഷകള്‍ ബഹിഷ്‌കരിച്ച് അവര്‍ തെരുവിലാണ്. ഡല്‍ഹി സര്‍വകലാശാല കാമ്പസുകള്‍, അതെ, ഫാഷിസ്റ്റുകളുടെ വിദ്യാര്‍ഥി വിഭാഗമായ എ.ബി.വി.പിക്ക് നിര്‍ണായക ബലമുള്ള ദല്‍ഹി സര്‍വകലാശാല കാമ്പസുകള്‍ അതിശക്തമായ പ്രക്ഷോഭത്തിനാണ് ഈ കുറിപ്പ് എഴുതുമ്പോഴും സാക്ഷ്യം വഹിക്കുന്നത്. നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും തട്ടകമായ അഹമ്മദാബാദില്‍ അലപോലെ പടരുകയാണ് കുട്ടികള്‍. ഇന്നലെ അവരെ നിങ്ങള്‍ തെരുവില്‍ കണ്ടതുമാണ്. അമൃത്‌സറില്‍, കൊച്ചിയില്‍, ബംഗളൂരുവില്‍, ലഖ്‌നൗവില്‍ അങ്ങനെ ഇന്ത്യന്‍ ധിഷണയുടെ കളിത്തൊട്ടിലുകളാകെ സമാനതകളില്ലാത്ത എന്ന വാക്ക് നിസ്സംശയം പ്രയോഗിക്കാവുന്ന വിധം പ്രതിഷേധം ആളുകയാണ്. ആ സമരങ്ങളിലേക്ക് നോക്കൂ, അവിടെ നേതാക്കളില്ല, ഒറ്റയാള്‍ രൂപങ്ങളില്ല. മുദ്രാവാക്യങ്ങള്‍ കേള്‍ക്കൂ, അവിടെ ഗാന്ധിയും അംബേദ്കറും ഭരണഘടനയും മാത്രം. ഈ രാജ്യം സഞ്ചരിച്ചെത്തിയ ചരിത്രവഴികളെ ധിഷണാശാലികളായ കുട്ടികള്‍ തിരിച്ചുപിടിക്കുകയാണ്.
പക്ഷേ, ഈ വന്യാധികാരത്തോട്, മതവെറിയാല്‍ പകനിറഞ്ഞ ഭരണകൂടത്തോട്, അവര്‍ക്കൊട്ടും പ്രിയതരമല്ലാത്ത ഭരണഘടനയും അവര്‍ക്കൊട്ടും പ്രിയങ്കരര്‍ അല്ലാത്ത ഗാന്ധിയെയും അംബേദ്കറെയും ഉയര്‍ത്തിപ്പിടിച്ച് വിദ്യാര്‍ഥികള്‍ നടത്തുന്ന ഈ സമരത്തിന് എത്ര നാള്‍ മുന്നേറാന്‍ കഴിയും? തരിപോലും തിരുത്തില്ല, പൗരത്വം എന്ന ആധുനിക ആശയത്തെ മതവെറിയോട് പിണച്ചുകെട്ടിയ നിയമം തിരുത്തില്ല എന്ന കൊടും വാശിയിലാണല്ലോ ആഭ്യന്തരമന്ത്രി അമിത് ഷാ. 2002 മുതല്‍ അമിത് ഷായെ നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതുമാണ്. ഗുജറാത്തിലെ പരീക്ഷണം നമ്മെ അഗാധമായി പൊള്ളിച്ചതാണ്. വംശഹത്യാ കാലത്ത് ഗുജറാത്തിന്റെ അമരക്കാര്‍ ആയിരുന്നല്ലോ അമിത് ഷായും നരേന്ദ്രമോഡിയും. ജനാധിപത്യം ഉടലോടെ കത്തിത്തീര്‍ന്ന ദേശമായിരുന്നല്ലോ അക്കാലത്തെ ഗുജറാത്ത്?

അങ്ങനെ ജനാധിപത്യത്തിലോ അതിന്റെ സാരസര്‍വസ്വമായ ബഹുസ്വരതയിലോ വിശ്വസിക്കാത്ത ഒരു ഭരണകൂടത്തെ തിരുത്താന്‍ ഈ പ്രക്ഷോഭങ്ങള്‍ക്ക് പ്രാപ്തിയുണ്ടാകുമോ? ഈ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ മനുഷ്യരും ഈ നാളുകളില്‍ ഉറക്കമിളക്കുന്നത് ഈ ചോദ്യത്തോട് മല്ലിട്ടാണ്. ഈ സമരം തോറ്റുപോയാല്‍ എന്തുചെയ്യും എന്ന ഭയാനകമായ ആശങ്കയാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ഇപ്പോള്‍ പൊതിഞ്ഞു നില്‍ക്കുന്നത്. അതിനുള്ള ഒരു ഉത്തരമാണ് ബി. രാജീവന്റെ വാക്കുകള്‍. കാരണം വിദ്യാര്‍ഥികള്‍ എന്നാല്‍ രാജ്യമാണ്. രാജ്യത്തിന്റെ വിവിധ അടരുകളുടെ പ്രാതിനിധ്യങ്ങളാണ്. ഇന്ത്യന്‍ ജനതയുടെ വരാനിരിക്കുന്ന വലിയ സമരങ്ങളുടെ നാന്ദിയായി ഈ സമരത്തെ വായിക്കണം. തോറ്റുപോകുമെന്നല്ല വിജയിക്കുമെന്നാണ് ഏത് പ്രതിസന്ധിയിലും അവരവരോടും ലോകത്തോടും പറയേണ്ടത്. ഫാഷിസത്തിനെതിരായ മുന്നേറ്റങ്ങള്‍, അതും സര്‍വകലാശാലകളില്‍ നിന്നുള്ള പുറപ്പാടുകള്‍ ചരിത്രത്തില്‍ എവിടെയും പരാജയപ്പെട്ടിട്ടില്ല. ചരിത്രത്തേക്കാള്‍ വലിയ കണ്ണാടി ഇല്ലതന്നെ. ആ കണ്ണാടിയില്‍ കാണുന്നതെല്ലാം സമഗ്രാധിപത്യങ്ങളുടെ, ഏകാധിപത്യങ്ങളുടെ കുടിലശിരസ്സുകള്‍ വിദ്യാര്‍ഥി മുന്നേറ്റത്തില്‍ തൂങ്ങിയാടുന്നതാണ്. 1940കളിലെ ജര്‍മനിയെ ഓര്‍ക്കാം. വെളുത്ത പനിനീര്‍ പൂക്കളെ ഓര്‍ക്കാം.

1933-ലാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മന്‍ ചാന്‍സലറാവുന്നത്. തൊട്ടടുത്ത വര്‍ഷം പരമാധികാരിയായി സ്വയം അവരോധിച്ചു. വെറുപ്പിനെ ഊട്ടി വളര്‍ത്തി അയാള്‍ ജനതയെ വിഭജിച്ചു. ഹിറ്റ്‌ലര്‍ ചെറുക്കപ്പെടുമെന്ന് ജര്‍മനിയോ ലോകമോ കരുതിയില്ല. അനിഷേധ്യനായി അയാള്‍ ആമരണം അരങ്ങുവാഴുമെന്ന് അയാളും ലോകവും ജര്‍മനിയും കരുതി. പ്രതിഷേധങ്ങളെ വാളും തോക്കും നുണകളും ഉപയോഗിച്ച് മുളയിലേ നുള്ളാന്‍ മിടുക്കനായിരുന്നു അയാള്‍. അതിമിടുക്കരായിരുന്നു അയാളുടെ ഗൂഢസംഘം. പക്ഷേ, ഇപ്പോള്‍ ഇന്ത്യയിലേതുപോല്‍ സര്‍വകലാശാലകള്‍ എതിര്‍പ്പുകളെ പ്രസവിച്ചു. ഇതേ പംക്തിയില്‍ മുന്‍പ് നാം പലവട്ടം കണ്ടുമുട്ടിയ സോഫി ഷോളും അവളുടെ സഹോദരന്‍ ഹന്‍സ് ഷോളുമെല്ലാം എതിര്‍പ്പിന്റെ രാഷ്ട്രീയം പറഞ്ഞു. വൈറ്റ് റോസ് പംലെറ്റ്‌സ് എന്ന് ചരിത്രം കൊണ്ടാടിയ മഹാപ്രസ്ഥാനം ജര്‍മനിയില്‍ പിറന്നു. വെണ്‍പനീര്‍ ലഘുലേഖകള്‍. നാസിസത്തിന്റെ അടിത്തറകളെ ചോദ്യം ചെയ്യുന്ന ചെറുകുറിപ്പുകള്‍ കാമ്പസുകളില്‍ നിന്ന് കാമ്പസുകളിലേക്ക് സഞ്ചരിച്ചു. ആയിരക്കണക്കിന് പകര്‍പ്പുകള്‍ ജര്‍മനിയില്‍ പടര്‍ന്നു. ദുരാധികാരിയായ ഹിറ്റ്‌ലറെ ആ കുറിപ്പുകള്‍ വെല്ലുവിളിച്ചു. ‘Every word that comes from Hitler’s mouth is a lie!’എന്ന് വിദ്യാര്‍ഥികള്‍ കുറിപ്പിലെഴുതി. ‘We will not be silent. We are your bad conscience. The White Rose will not leave you in peace! എന്നും. ഹിറ്റ്‌ലറുടെ പരമാധികാരത്തോട്, ഇന്നത്തെ ഒരുവിഭാഗം ഇന്ത്യക്കാര്‍ മോഡിയോട് എന്നതുപോലെ, രാജിയായിക്കഴിഞ്ഞ കാലമായിരുന്നല്ലോ നാല്പതുകള്‍. ഹിറ്റ്‌ലറുടെ ഏഴാമാണ്ട്. ‘our present state is the dictatorship of evil’ എന്ന് ആ ജനതയോട് പാംലെറ്റുകള്‍ പറഞ്ഞു. പാംലെറ്റുകളിലൂടെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പറഞ്ഞു. Why do you allow these men who are in power to rob you step by step, openly and in secret, of one domain of your rights after another, until one day nothing at all will be left but a mechanized state system presided over by criminals? Is your spirit already so crushed by abuse that you forget it is your right – or rather, your moral duty – to eliminate this system? എന്ന പൊള്ളിക്കുന്ന ചോദ്യം അവര്‍ ഉയര്‍ത്തി. മ്യുണിക് സര്‍വകലാശാലയിലെ സോഫി ഷോള്‍ ഉള്‍പ്പടെ അഞ്ചംഗസംഘമായിരുന്നു വെണ്‍പനീര്‍ പൂക്കളുടെ അമരക്കാര്‍. അവര്‍ അടിച്ചമര്‍ത്തപ്പെട്ടു. 1943-ല്‍ സോഫി ഷോളിനെ ഗെസ്റ്റപ്പോ പിടികൂടി. അക്ഷോഭ്യയായി അവള്‍ വിചാരണയെ നേരിട്ടു. ആയിരക്കണക്കിന് ആളുകള്‍ വിമോചനത്തിന്റെ ഉണര്‍ച്ചയിലേക്ക് എത്തുമെങ്കില്‍ ഞാന്‍ മരിച്ചാലെന്ത് എന്നായിരുന്നു ചോദ്യങ്ങളോടുള്ള അവളുടെ മറുപടി. ‘What does my death matter, if through us, thousands of people are awakened and stirred to action?’ നാസിജര്‍മനി ആ ഇരുപത്തിയൊന്നുകാരിയെ കഴുത്തറുത്ത് കൊന്നു. 1943 ഫെബ്രുവരി 21-ന്. കുറ്റപത്രത്തിന്റെ മറുപുറത്ത് സോഫി ഇങ്ങനെ എഴുതി: ‘സ്വാതന്ത്ര്യം’. സോഫിയെ കഴുത്തറുത്ത് കൊന്നതിന്റെ രണ്ടാമാണ്ടില്‍ ജര്‍മന്‍ ഫാഷിസം കടപുഴകി. ഹിറ്റ്‌ലര്‍ സ്വയം തലതകര്‍ത്ത് ഒടുങ്ങി.
അതിനാല്‍, വിദ്യര്‍ഥികളുടെ മുന്നേറ്റങ്ങള്‍ അത് താല്‍കാലികമായി അടിച്ചമര്‍ത്തപ്പെട്ടാലും മാരകമായ ഗില്ലറ്റിനുകളാല്‍ ആ കുട്ടികള്‍ തകര്‍ക്കപ്പെട്ടാലും അവര്‍ തുറന്നുവിട്ട വിയോജിപ്പിന്റെ കഠിനപ്രവാഹങ്ങള്‍ ഒരുനാള്‍, ഒട്ടും വൈകാതെ ഒരുനാള്‍ ദുരധികാരങ്ങളുടെ അടിവേരിളക്കും; തല തകര്‍ക്കും.

കെ കെ ജോഷി

You must be logged in to post a comment Login