പോരാട്ടം ഇന്ത്യയുടെ ആത്മാവിനു വേണ്ടി

പോരാട്ടം ഇന്ത്യയുടെ ആത്മാവിനു വേണ്ടി

ഒരു കാര്യത്തില്‍ സംശയമേ വേണ്ട. ഈ പൗരത്വ ഭേദഗതി നിയമം വിവേചനപരവും വിഭജനപരവുമായിത്തന്നെ രൂപപ്പെടുത്തിയിട്ടുള്ളതാണ്. അസമില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബംഗാളി വോട്ടുബാങ്ക് സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല ഇത്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുക എന്നതിലും ഒതുങ്ങുന്നില്ല അതിന്റെ ലക്ഷ്യം. അയല്‍രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമേകുക എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം ഒരു മറ മാത്രമാണ്. യഥാര്‍ത്ഥ ലക്ഷ്യം ഇതാണ്: ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ മുസ്ലിംകള്‍ രണ്ടാംതരം പൗരന്‍മാരാണ് എന്ന സന്ദേശം ഔപചാരികമായിത്തന്നെ പുറപ്പെടുവിക്കുക.

അതുകൊണ്ടുതന്നെ ഈ നിയമം ഇന്ത്യന്‍ ഭരണഘടനയ്ക്കുനേരെയും സ്വാതന്ത്ര്യസമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ ആശയത്തിനുനേരെയുമുള്ള കടന്നാക്രമണമാണ്. ഈ നിയമം നടപ്പാക്കുന്നതോടൊപ്പം ദേശീയ പൗരത്വപ്പട്ടിക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുക എന്ന നിര്‍ദ്ദേശംകൂടി പ്രാവര്‍ത്തികമായാല്‍ മാറിമറയുക ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഘടന തന്നെയാണ്.

പൗരത്വ നിയമഭേദഗതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്താന്‍ വിമര്‍ശകരുയര്‍ത്തുന്ന അഞ്ച് ചോദ്യങ്ങള്‍ മതി. ഒന്ന്: അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ജനങ്ങളുടെ രക്ഷയാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങള്‍ മാത്രം തിരഞ്ഞെടുത്തത്? മ്യാന്‍മറുമായും നേപ്പാളുമായും ചൈനയുമായും നമ്മള്‍ അതിര്‍ത്തി പങ്കിടുന്നുണ്ടല്ലോ. രണ്ട്: പീഡനങ്ങളിലുള്ള ആശങ്കയാണ് വിഷയമെങ്കില്‍ എന്തുകൊണ്ട് മതത്തിന്റെ പേരിലുള്ള വേട്ടയാടല്‍ മാത്രം പരിഗണിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യ ചര്‍ച്ച ചെയ്യാറുള്ള പ്രാദേശികവും(പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍) വംശീയവു(നേപ്പാളിലെ തെരായ്, ശ്രീലങ്കയിലെ തമിഴ്)മായ പീഡനങ്ങള്‍ പരിഗണിക്കാത്തത്? മൂന്ന്: മതപരമായ പീഡനങ്ങള്‍ മാത്രമാണ് കണക്കിലെടുക്കുന്നതെങ്കില്‍പോലും എന്തുകൊണ്ടാണ് പാകിസ്ഥാനിലെ അഹമ്മദിയ്യകളെയും ഷിയാക്കളെയും മ്യാന്‍മറിലെ രോഹിംഗ്യകളെയും ചൈനയിലെ ടിബറ്റന്‍മാരെയും ശ്രീലങ്കയിലെ ഹിന്ദുക്കളെയും മുസ്ലിംകളെയും ഒഴിവാക്കുന്നത്. നാല്: ഈ വേട്ടയാടല്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ആനുകൂല്യം 2014 വരെ മാത്രമാക്കുന്നത്. അഞ്ച്: രാജ്യത്തിന്റെ ചില ഭാഗങ്ങളെ ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയതിന് എന്തു ന്യായമാണുള്ളത്. സര്‍ക്കാറിനും അവരെ ന്യായീകരിക്കുന്നവര്‍ക്കും ഈ ചോദ്യങ്ങളില്‍ ഒന്നിനുപോലും തൃപ്തികരമായ ഉത്തരം പറയാന്‍ കഴിഞ്ഞിട്ടില്ല.
ന്യായമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനുപകരം വിലകുറഞ്ഞ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ട് ചെയ്യുന്നത്. ഉദാഹരണത്തിന് ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടത് മതത്തിന്റെ പേരിലായിരുന്നെന്ന് അവര്‍ കള്ളം പറയുന്നു(പാകിസ്ഥാന്റെ കാര്യത്തില്‍ ഇതു ശരിയാണ്. എന്നാല്‍ ഇന്ത്യ അങ്ങനെയല്ല). നേരത്തെ പറഞ്ഞ മൂന്ന് രാജ്യങ്ങള്‍ക്കു മാത്രമാണ് ഔദ്യോഗിക മതമുള്ളതെന്ന് അവര്‍ പറയുന്നു (ബുദ്ധ ശാസന പ്രചരിപ്പിക്കാമെന്ന് ശ്രീലങ്കയുടെ ഭരണഘടനയില്‍ പറയുന്നുണ്ട് എന്നതാണ് വസ്തുത). ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ പൗരന്‍മാര്‍ അല്ലാത്തവര്‍ക്ക് ബാധകമല്ലെന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നു(അത് മുഴുവനാളുകള്‍ക്കും ബാധകമാണ്). അംഗബലംകൊണ്ട് പാര്‍ലമെന്റില്‍ ജയിച്ചെങ്കിലും വസ്തുതകള്‍ നിരത്തിയുള്ള പൊതുസംവാദത്തില്‍ ബി.ജെ.പി. തോറ്റു കഴിഞ്ഞു. സാധാരണഗതിയില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങള്‍പോലും ഈ കള്ളങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. പക്ഷേ ആശയ സംവാദങ്ങള്‍കൊണ്ടുമാത്രം വലിയ യുദ്ധങ്ങള്‍ ജയിക്കാനാവില്ല. അതാണ് ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളി. വസ്തുതകളെല്ലാം എതിരായിട്ടും ഈ നിയമവുമായി മുന്നോട്ടുപോകാന്‍ ഇപ്പോഴത്തെ ഭരണകൂടം മുതിരുന്നത് ഭൂരിപക്ഷ ജനതയുടെ പിന്തുണ അതിനു കിട്ടും എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ നമ്മള്‍ ഒന്നിക്കേണ്ടത്.

ഈ പൗരത്വഭേദഗതിയെ നേരിടാന്‍ തീര്‍ച്ചയായും നിയമത്തിന്റെ വഴിയുണ്ട്. അതുകൊണ്ടുതന്നെ അടുത്തതായി നമ്മുടെ ശ്രദ്ധ തിരിയാന്‍ പോകുന്നത് സുപ്രീംകോടതിയിലേക്കായിരിക്കും. അവിടെ വിലയിരുത്തപ്പെടുന്നത് ഭരണഘടനാവിരുദ്ധമായ ഒരു നിയമമായിരിക്കില്ല, മറിച്ച് നീതിന്യായ സംവിധാനമായിരിക്കും. സാധാരണഗതിയില്‍ ഭരണഘടനാ തത്ത്വങ്ങള്‍ കണക്കിലെടുത്ത് വളരെയെളുപ്പം തീര്‍പ്പുകല്‍പിക്കാവുന്ന കേസാണിത്. പക്ഷേ നമ്മള്‍ ജീവിക്കുന്നത് അസാധാരണ സമയത്താണ്. ഭരണകൂടം അനുകൂല വിധി പ്രതീക്ഷിക്കുന്ന വിഷയങ്ങളില്‍ ഉന്നത നീതിപീഠംപോലും നിയമത്തിന് വിചിത്ര വ്യാഖ്യാനങ്ങളൊരുക്കുന്നതിന് നമ്മള്‍ സാക്ഷികളാകേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സുപ്രീം കോടതി ഈ നിയമം റദ്ദാക്കുകയാണെങ്കില്‍ അത് ആഹ്ലാദജനകമായ അത്ഭുതമായിരിക്കും. കോടതിവിധി എന്തായാലും അത് രാഷ്ട്രീയുദ്ധത്തിനും പൊതുജനാഭിപ്രായരൂപീകരണത്തിനും പകരമാവില്ല. കാരണം, അന്തിമമായ ജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത് അവിടെയാണ്.

ആ മുന്നേറ്റത്തിന്റെ വിത്തുകള്‍ വിതയ്ക്കപ്പെട്ടു കഴിഞ്ഞു. പൗരത്വ ഭേദഗതി ബില്‍ ലോക്സഭ അംഗീകരിച്ചപ്പോള്‍ത്തന്നെ രാജ്യമെങ്ങും അതിന്നെതിരെ പ്രതിഷേധം തുടങ്ങി. അതിന് മൂന്നു വ്യത്യസ്ത ധാരകളുണ്ട്. തങ്ങള്‍ അനീതിക്കിരയായെയെന്നും നിന്ദാപാത്രങ്ങളായെന്നും കരുതുന്ന മുസ്ലിം സമൂഹത്തിന്റെ പ്രതിഷേധമാണ് ഒന്ന്. അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നടക്കുന്ന അക്രമാസക്തമായ സമരങ്ങളാണ് രണ്ടാമത്തേത്. ഈ രണ്ടു പ്രതിഷേധങ്ങളുടെയും ചേതോവികാരം തികച്ചും വ്യത്യസ്തമാണെന്ന കാര്യം ശ്രദ്ധിക്കണം. നിഗൂഢമായി ബംഗാളി ഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നതിനോടാണ് വടക്കുകിഴക്കിന്റെ എതിര്‍പ്പ്. വിവേചനപരമായി തങ്ങളെ ഒഴിവാക്കുന്നതിലാണ് മുസ്ലിംകളുടെ പ്രതിഷേധം. എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ സ്വന്തം മനസ്സാക്ഷിയനുസരിച്ചു നടത്തുന്ന പ്രതിഷേധമാണ് മൂന്നാമത്തേത്.

ഈ ഭിന്നധാരകളെ ഒത്തൊരുമിപ്പിച്ച്, ഭിന്നതയില്ലാത്ത പൗരത്വനിയമത്തിനുവേണ്ടിയുള്ള ശക്തമായ മുന്നേറ്റമാക്കി മാറ്റുക എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ആശയതലത്തിലും പ്രായോഗിക തലത്തിലും പറ്റിയ വീഴ്ചകളെയും ദൗര്‍ബല്യങ്ങളെയും പറ്റി ഞാന്‍ മുമ്പു പലതവണ പറഞ്ഞിട്ടുണ്ട്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ വഴികള്‍ ആവിഷ്‌കരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പൗരത്വ ബില്ലിനോട് പ്രതിഷേധിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുടിയേറ്റത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുടെ ആകുലതകള്‍ക്ക് ചെവികൊടുക്കുക എന്നതാണ്. സ്വന്തം നാട്ടില്‍ ന്യൂനപക്ഷമായിപ്പോവുമോ എന്ന ആശങ്കയാണ് അവിടെ കുടിയേറ്റക്കാരോടുള്ള ഭീതിയായി മാറുന്നത്. കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും കാര്യത്തില്‍ തത്ത്വാധിഷ്ഠിതവും വിവേചനരഹിതവുമായ നയമുണ്ടാക്കുക എന്നതാണ് രണ്ടു പക്ഷത്തിന്റെയും ആവശ്യം.

മതനിരപേക്ഷ ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴത്തെ സര്‍ക്കാറിന്റെ രാഷ്ട്രീയത്തോടും നയങ്ങളോടുമുള്ള പ്രതികരണങ്ങളില്‍ ഒതുങ്ങാന്‍ പാടില്ല. പ്രതിപ്രവര്‍ത്തനത്തില്‍ നിന്ന് അത് പ്രവര്‍ത്തനത്തിലേക്ക് മാറണം. ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. ഒരു നിയമഭേദഗതി മാത്രമല്ല നമ്മുടെ പ്രശ്നം. പൗരത്വത്തോടുള്ള നിലപാടു മാത്രമല്ല പ്രശ്നം. എന്തിന് മതനിരപേക്ഷത മാത്രമല്ല പ്രശ്നം. ഈ പോരാട്ടം ഇന്ത്യയുടെ ആത്മാവിനും ശരീരത്തിനും വേണ്ടിയുള്ളതാണ്. കാരണം മതനിരപക്ഷേ ഇന്ത്യ ഇല്ലാതാവുക എന്നു പറഞ്ഞാല്‍ ഇന്ത്യ ഇല്ലാതാവുക എന്നുതന്നെയാണ് അര്‍ഥം.

യോഗേന്ദ്ര യാദവ്

You must be logged in to post a comment Login