കിങ് ലയര്‍

കിങ് ലയര്‍

ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ച് (നാഷണല്‍ സിറ്റിസണ്‍ഷിപ്പ് രജിസ്റ്റര്‍ – എന്‍ സി ആര്‍) ആരാണിവിടെ സംസാരിച്ചത്? പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്കായി തടങ്കപാളയങ്ങള്‍ നിര്‍മിക്കുന്നുവെന്ന് പറഞ്ഞതാരാണ്? പൗരത്വ നിയമ ഭേദഗതി മുസ്ലിംകള്‍ക്ക് എതിരാണെന്ന് പറഞ്ഞുപരത്തിയത് ആരാണ്? ചോദ്യങ്ങള്‍ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്ന നരേന്ദ്ര മോഡിയുടേതാണ്. പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. പൗരത്വപ്പട്ടികയെക്കുറിച്ച് മന്ത്രിസഭയിലോ പാര്‍ലിമെന്റിലോ ചര്‍ച്ചകള്‍ നടന്നിട്ടില്ല. 2014ല്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പൗരത്വപ്പട്ടികയെക്കുറിച്ച് ഒരു ആലോചനയുമുണ്ടായിട്ടില്ല. പൗരത്വപ്പട്ടിക നടപ്പാക്കുമ്പോള്‍ പുറത്താക്കപ്പെടുന്നവര്‍ക്കായി തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കുന്നുമില്ല. ഇവയൊക്കെ പ്രചരിപ്പിക്കപ്പെടുന്ന നുണകള്‍ മാത്രമാണ്. അങ്ങനെ നുണകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ അര്‍ബന്‍ നക്സലുകളും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമാണ്. അത്തരം നുണകള്‍ വിശ്വസിച്ചാണ് രാജ്യത്ത് പ്രതിഷേധങ്ങളുയരുന്നത് എന്നാണ് പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്ര മോഡി രാജ്യത്തെ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

പരമോന്നത പദവിയിലിരുന്നുകൊണ്ട് നുണകളോ അവാസ്തവങ്ങളോ അര്‍ധ സത്യങ്ങളോ പ്രചരിപ്പിക്കാന്‍ മടിക്കാത്തയാളാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന് അനുഭവപാഠം. ഇവിടെയും അത് ആവര്‍ത്തിക്കുകയാണ്. പൗരത്വപ്പട്ടികയെക്കുറിച്ച് മന്ത്രിസഭയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തത്ക്കാലം മാര്‍ഗമില്ല. അത്രയേറെ അതാര്യമായാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി മന്ത്രിസഭ 2014ല്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ പ്രവര്‍ത്തിക്കുന്നത്. ഏതാണ്ടെല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസ് ഉള്‍ക്കൊള്ളുന്ന സംവിധാനമോ തീരുമാനിക്കുകയും നടപ്പാക്കുകയുമാണ് രീതി. മന്ത്രിസഭ എന്ന കൂട്ടുത്തരവാദിത്തമുള്ള സമ്പ്രദായം രാജ്യത്തുണ്ടോ എന്നതില്‍ പോലും സംശയമുണ്ട്. അതുകൊണ്ട് തന്നെ മന്ത്രിസഭാ യോഗത്തില്‍ എന്‍ ആര്‍ സി ചര്‍ച്ച ചെയ്തോ ഇല്ലയോ എന്നത് ജനം അറിയാനുള്ള സാധ്യത തീരെയില്ല. പാര്‍ലിമെന്റില്‍ എന്‍ ആര്‍ സി ചര്‍ച്ച ചെയ്തിട്ടില്ല എന്നത് സാങ്കേതികമായി ശരിയായിരിക്കാം. പക്ഷേ, മന്ത്രിസഭയില്‍ സ്ഥാനം കൊണ്ടുമാത്രം രണ്ടാമനായ, ആഭ്യന്തര മന്ത്രി അമിത് ഷാ പൗരത്വപ്പട്ടിക ദേശത്താകെ നടപ്പാക്കുമെന്ന് ഒന്നിലധികം തവണ പാര്‍ലിമെന്റില്‍ പ്രഖ്യാപിച്ചത് നമ്മുടെ മുന്നിലുണ്ട്. പൗരത്വ നിയമഭേദഗതി ബില്ല് ഇരു സഭകളിലും ചര്‍ച്ച ചെയ്തപ്പോള്‍ നിയമ ഭേദഗതിയെ എന്‍ ആര്‍ സിയുമായി ബന്ധിപ്പിക്കുന്നതിലെ അപകടവും അതുവഴി രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കവും പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴൊന്നും എന്‍ ആര്‍ സി ദേശവ്യാപകമാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതേയില്ല. ആ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പാര്‍ലിമെന്റില്‍ വന്ന് ആശങ്ക നീക്കാന്‍ പാകത്തിലൊരു പ്രസ്താവന നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തയ്യാറായില്ല. രാജ്യത്താകെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ മാത്രമാണ് എന്‍ ആര്‍ സിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ലെന്ന് അദ്ദേഹം മൊഴിയുന്നത്. അതിനെ മുഖവിലക്കെടുക്കാന്‍ സാധ്യമല്ല തന്നെ.

2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പുറത്തിറക്കിയ പ്രകടന പത്രികയില്‍ പൗരത്വപ്പട്ടിക ദേശവ്യാപകമായി നടപ്പാക്കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകടന പത്രികയില്‍ ഇതുള്‍പ്പെടുത്താന്‍ തീരുമാനിച്ചത് നരേന്ദ്ര മോഡിയുടെയോ പാര്‍ട്ടിയുടെ പ്രസിഡന്റായ അമിത് ഷായുടെയോ അറിവില്ലാതെയാണെന്ന് വിശ്വസിക്കാനാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ച അമിത് ഷാ, പൗരത്വ നിയമം ഭേദഗതി ചെയ്യുമെന്നും തുടര്‍ന്ന് പൗരത്വപ്പട്ടിക തയാറാക്കുമെന്നും പലകുറി പറഞ്ഞതിന്റെ ദൃശ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ടുതാനും. എന്നിട്ടും പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുന്നതിനെക്കുറിച്ച് ആലോചനകളേ നടന്നിട്ടില്ലെന്ന് നരേന്ദ്ര മോഡി പറയുമ്പോള്‍ അതിനെ വെറും നുണയായി മാത്രം കാണാനാകില്ല. തെറ്റിദ്ധാരണ പരത്തി, പ്രതിഷേധങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണത്.

പൗരത്വപ്പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ അസമില്‍ നിലവില്‍ തന്നെ തടങ്കല്‍പാളയങ്ങളുണ്ട്. അസമിലെ തടങ്കല്‍പാളയങ്ങളില്‍ വെച്ച് മരിച്ചവരുടെ കണക്ക് രാജ്യസഭയെ ഔദ്യോഗികമായി അറിയിച്ചത് ഈ സര്‍ക്കാറാണ്. അത് നുണയാണെങ്കില്‍ 28 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പാര്‍ലിമെന്റിനെ അറിയിച്ച നിത്യാനന്ദ റായിയെ ആഭ്യന്തര സഹമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുകയാണ് ആദ്യം വേണ്ടത്. അതിന് തയാറുണ്ടോ നരേന്ദ്ര മോഡി? അസമില്‍ പുതുതായി നിര്‍മിക്കുന്ന തടങ്കല്‍പാളയങ്ങളുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 ജനുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മാനദണ്ഡങ്ങളനുസരിച്ചാണ് തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കുന്നത് എന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. കര്‍ണാടകയിലെ ബംഗളൂരുവില്‍ പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിച്ച ഹോസ്റ്റല്‍, പൗരത്വമില്ലാതാകുന്നവരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍പാളയമാക്കി മാറ്റിയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അങ്ങനെയൊരു തടങ്കല്‍പാളയം നിലവിലുണ്ടെന്ന് പറഞ്ഞത് യെദിയൂരപ്പ സര്‍ക്കാറിലെ മന്ത്രിയും. മഹാരാഷ്ട്രയിലെ മുംബൈയ്ക്കടുത്ത് തടങ്കല്‍പ്പാളയം നിര്‍മിക്കാന്‍ മൂന്നേക്കര്‍ സ്ഥലം ആവശ്യപ്പെട്ടത്, ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ്. ഇതൊക്കെ രാജ്യത്തിന് മുന്നിലുണ്ടായിരിക്കെയാണ് തടങ്കല്‍പാളയങ്ങള്‍ നിര്‍മിക്കുന്നുവെന്നത് നുണ പ്രചാരണമാണെന്ന് പ്രധാനമന്ത്രി പറയുന്നത്.

പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മുസ്ലിംകള്‍ക്ക് എതിരാണെന്ന് പറഞ്ഞുപരത്തിയതിനെയാണ് പിന്നെ നരേന്ദ്ര മോഡി വിമര്‍ശിക്കുന്നത്. അങ്ങനെ ആരാണ് പറഞ്ഞത് എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന് തന്നെയാണ്. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നതിലും അതുവഴി വര്‍ഗീയ വിഭജനത്തിന് ആഴം കൂട്ടാന്‍ ശ്രമിക്കുന്നതിലുമാണ് എതിര്‍പ്പ്. ഭരണഘടന വിഭാവനം ചെയ്യുന്നത് പോലെ രാജ്യം തുടര്‍ന്നും മതനിരപേക്ഷ ജനാധിപത്യത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇതിലുള്ള എതിര്‍പ്പ് തുടരുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേദഗതി, രാജ്യത്തെ ജനസംഖ്യയില്‍ പത്തൊമ്പത് ശതമാനത്തോളം വരുന്ന മുസ്ലിംകള്‍ക്ക് തത്കാലം ഭീഷണിയല്ല. അതിനൊപ്പം പൗരത്വപ്പട്ടിക നടപ്പാക്കുമ്പോള്‍ അതിന്റെ ലക്ഷ്യം പുറത്താക്കാന്‍ കഴിയുന്നത്ര മുസ്‌ലിംകളെ പുറത്താക്കുക എന്നത് തന്നെയാണെന്നതില്‍ തര്‍ക്കമില്ല. അങ്ങനെ പുറത്താക്കാനുള്ള ആയുധങ്ങളിലൊന്നാണ് പൗരത്വ നിയമ ഭേദഗതി. കാറിനടിയില്‍ പെട്ട് പട്ടിക്കുഞ്ഞ് ചത്താല്‍, അതിന് കാറിലെ യാത്രക്കാരനെ എങ്ങനെ കുറ്റപ്പെടുത്താനാകുമെന്ന് ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ചോദിച്ച നേതാവ് പ്രധാനമന്ത്രിയായിരിക്കേ, ആ വംശഹത്യാശ്രമത്തിന് എല്ലാ സഹായവും ചെയ്ത നേതാവ് ആഭ്യന്തര മന്ത്രിയായിരിക്കേ നടത്തപ്പെടുന്ന നിയമ നിര്‍മാണങ്ങളൊക്കെ സദുദ്ദേശ്യത്തോടെയായിരിക്കുമെന്ന് കരുതുക വയ്യ.

ഡല്‍ഹിയില്‍ നുണകളുടെ കെട്ടഴിച്ചുവിടുന്നതിന് മുമ്പ് ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേ, പ്രതിഷേധക്കാരെയും അതിന്റെ മറവില്‍ അക്രമം നടത്തുന്നവരെയും അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ നിന്ന് തിരിച്ചറിയാമെന്ന് നരേന്ദ്ര മോഡി പറഞ്ഞിരുന്നു. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പീഡനങ്ങളേറ്റുവാങ്ങുന്ന ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ രാജ്യം ശ്രമിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നവര്‍ മുസ്ലിംകളാണെന്നും അവരെ വസ്ത്രം നോക്കിയാല്‍ തിരിച്ചറിയാനാകുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയ്ക്കുള്ളില്‍ ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവുമുണ്ടെന്നും ഇവയ്ക്കൊരുമിച്ച് നില്‍ക്കാനാകില്ലെന്നും 1937ല്‍ വീര്‍ സവര്‍ക്കര്‍ പറഞ്ഞത് മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിന്ന് അഭയം തേടിയെത്തിയ ഹിന്ദുക്കള്‍ക്ക് പൗരത്വം അനുവദിച്ച് സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ക്കുന്നത് മുസ്ലിംകളാണെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകളുടെ അര്‍ഥം. അത്തരക്കാരെ പുറത്താക്കാതെ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്നും. പ്രധാനമന്ത്രിക്കസേരയിലിരുന്ന് പച്ചയ്ക്ക് വര്‍ഗീയത പറയാന്‍ മടിയ്ക്കാത്ത നേതാവ്, നുണകളുടെ പ്രചാരകനാകുന്നതില്‍ അത്ഭുതമില്ല. രാജ്യം മതനിരപേക്ഷമായി തുടരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷ സമുദായാംഗങ്ങളുടെ മനസ്സില്‍ (അങ്ങനെ ചിന്തിക്കുന്നവരാണ് ഇപ്പോഴും ഭൂരിപക്ഷം) വിഷം നിറയ്ക്കുക എന്ന ഉദ്ദേശ്യമാണ് ഈ വര്‍ഗീയ പ്രചാരണത്തിന് പിന്നില്‍. ആവര്‍ത്തിക്കുന്ന നുണകളുടെ ലക്ഷ്യവും മറ്റൊന്നല്ല.
എന്‍ ആര്‍ സി നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നും 2020 ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രി – എന്‍ പി ആര്‍) നിര്‍മാണം എന്‍ ആര്‍ സിയുടെ മുന്നോടിയല്ലെന്നുമാണ് ഇപ്പോഴത്തെ വാദം. അവിടെയും നുണ ഒളിഞ്ഞിരിക്കുന്നു. എന്‍ പി ആറിന്റെ അടിസ്ഥാനത്തിലാണ് പൗരത്വപ്പട്ടികയുടെ നിര്‍മാണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ പി ആറായിരിക്കും പൗരത്വപ്പട്ടികയുടെ അടിസ്ഥാന രേഖയെന്ന് പാര്‍ലിമെന്റില്‍ പലകുറി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. 2010ലാണ് എന്‍ പി ആര്‍ ആദ്യമായി തയാറാക്കിയത്. അന്ന് ജനങ്ങളില്‍ നിന്ന് തേടിയത് 15 ചോദ്യങ്ങള്‍ക്കുള്ള മറുപടി. എന്‍ പി ആര്‍ പുതുക്കുമ്പോള്‍ 21 ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. മാതാപിതാക്കളുടെ ജനനത്തീയതിയും ജന്മസ്ഥലവും വ്യക്തികള്‍ നല്‍കേണ്ടിവരും. അതെന്തിന് എന്ന ചോദ്യം പ്രസക്തമാണ്. മാതാപിതാക്കളുടെ ജനനത്തീയതിയും ജന്മസ്ഥലവും കൃത്യമായി നല്‍കാന്‍ സാധിക്കാത്തവരൊക്കെ സംശയിക്കപ്പെടേണ്ടവരുടെ പട്ടികയിലേക്ക് മാറ്റപ്പെടുമെന്ന് ചുരുക്കം. അത്തരം പട്ടികയിലേക്ക് നീക്കപ്പെടുന്നവരില്‍ മുസ്ലിംകളല്ലാത്തവര്‍ക്കൊക്കെ പൗരത്വം നല്‍കാന്‍ നിലവിലെ നിയമ ഭേദഗതി സഹായിക്കുമെന്നിരിക്കേ, നിയമ ഭേദഗതി മുസ്ലിംകളെ ലക്ഷ്യമിട്ടുള്ളത് തന്നെയായി മാറും.
എന്‍ ആര്‍ സിയുടെയും പൗരത്വ നിയമ ഭേദഗതിയുടെയും കാര്യത്തില്‍ മാത്രമല്ല, നുണകളോ അര്‍ധ സത്യങ്ങളോ കൊണ്ട് ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ കാര്യമെടുക്കാം. രാജ്യമിതുവരെ കാണാത്ത പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിടുന്നത് എന്ന് സര്‍ക്കാറിന്റെ തന്നെ ഭാഗമായ സാമ്പത്തിക വിദഗ്ധര്‍ തന്നെ പറയുന്നു. എന്നാല്‍ പ്രതിസന്ധിയൊന്നുമില്ലെന്ന് ആവര്‍ത്തിക്കുകയാണ് നരേന്ദ്ര മോഡിയും സംഘവും. സമ്പദ് വ്യവസ്ഥയെ കരകയറ്റിയെന്നും അഞ്ച് ലക്ഷം കോടി ഡോളര്‍ വലുപ്പമുള്ള സമ്പദ് വ്യവസ്ഥയായി വളരുന്നതിനുള്ള പാതയിലാണ് രാജ്യമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. പത്ത് രൂപ വിലയുള്ള ബിസ്‌കറ്റ് പാക്കറ്റ് വാങ്ങുന്നതിനെക്കുറിച്ച് രണ്ടാമതൊരുവട്ടം ആലോചിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് രാജ്യത്തെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം തള്ളപ്പെട്ടിരിക്കുമ്പോഴാണ് നരേന്ദ്ര മോഡിയുടെ ഈ അവകാശവാദം.

മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ വളര്‍ച്ച, പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം, വര്‍ധിക്കുന്ന തൊഴിലില്ലായ്മാ നിരക്ക് എന്ന് തുടങ്ങി പല കാര്യങ്ങളിലും നുണയോ അര്‍ധ സത്യങ്ങളോ പ്രചരിപ്പിക്കുന്നതായി കാണാനാകും. ചില ഘട്ടങ്ങളില്‍ വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതും ജനത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതടക്കമുള്ള വസ്തുതകള്‍ ജനങ്ങളുടെ മുന്നിലെത്തുന്ന ഘട്ടങ്ങളില്‍ ശ്രദ്ധ തിരിക്കാനായി തീവ്ര ദേശീയതയെയോ കപട രാജ്യ സ്നേഹത്തെയോ കൂട്ടുപിടിക്കുകയും ചെയ്യും. 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ബാലക്കോട്ടും പുല്‍വാമയുമൊക്കെ ഏത് വിധത്തിലാണ് ഉപയോഗിക്കപ്പെട്ടത് എന്നത് ഓര്‍ക്കുക. അതിന്റെയൊരു തുടര്‍ച്ച സൃഷ്ടിച്ചെടുക്കാനാണ് ഇപ്പോഴത്തെ നുണകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
പൊതുതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ നിന്ന് ഇവിടേക്ക് എത്തുമ്പോള്‍ കാതലായ മാറ്റം, പൗരത്വ നിയമ ഭേദഗതിക്കും പൗരത്വപ്പട്ടികയുടെ നിര്‍മാണത്തിനുമെതിരെ ശക്തമായി രംഗത്തുള്ളത് വിദ്യാര്‍ഥികളും യുവാക്കളുമാണെന്നതാണ്. വികാരതീവ്രതയോടെ അവതരിപ്പിക്കപ്പെടുന്ന നുണകളെ വേഗത്തില്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കും. പൊതുതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ രാജ്യത്തെ ഗ്രാമീണ മേഖലയിലുള്ളവരെ തെറ്റിദ്ധരിപ്പിച്ചതുപോലെ എളുപ്പമായിരിക്കില്ല നരേന്ദ്ര മോഡിക്കും അമിത് ഷാക്കും ഇക്കുറി കാര്യങ്ങള്‍.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login