വിധേയപ്പെടൂ , അല്ലെങ്കില്‍ മിണ്ടാതിരിക്കൂ

വിധേയപ്പെടൂ , അല്ലെങ്കില്‍ മിണ്ടാതിരിക്കൂ

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന സ്ഥാനം മാധ്യമങ്ങള്‍ക്ക് ഇനിയും അവകാശപ്പെടാനാകുമോ എന്ന വലിയ ചോദ്യമുയര്‍ത്തിക്കൊണ്ടാണ് 2019 കടന്നുപോകുന്നത്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം മാത്രമല്ല അവയുടെ നിലനില്‍പ്പ് പോലും ചോദ്യംചെയ്യപ്പെടുന്നു. തങ്ങളുടെ ഉത്പന്നത്തെ വായനക്കാരോ പ്രേക്ഷകരോ സ്വീകരിക്കുന്ന അവസ്ഥയില്‍ നിന്ന് വായനക്കാരെയോ പ്രേക്ഷകരെയോ ആശ്രയിച്ച് നിലനില്‍ക്കേണ്ട അവസ്ഥയിലേക്ക് മാധ്യമങ്ങള്‍ എത്തി. ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തില്‍ സ്വന്തം ഉത്പന്നത്തിന് വിപണി ഉറപ്പാക്കാന്‍ അതല്ലാതെ മാര്‍ഗമില്ലെന്ന സ്ഥിതി. മറുഭാഗത്ത് ഇടപെടാന്‍ പഴുതുതേടി നടക്കുന്ന ഭരണകൂടം കൂടിയാകുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം പരിമിതമാകുകയാണ്.

മാധ്യമങ്ങളുടെ കരുത്ത് വലിയതോതില്‍ പരീക്ഷിക്കപ്പെട്ടിരുന്നു 2019ല്‍. മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ക്ക് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. റഫാല്‍ ഇടപാടിനെക്കുറിച്ചോ ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചോ നടത്തിയ അന്വേഷണങ്ങള്‍ ഉദാഹരണങ്ങളാണ്. രണ്ട് അന്വേഷണങ്ങളും പുറത്തുകൊണ്ടുവന്ന വസ്തുതകളെ അവഗണിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് സാധിച്ചു. നരേന്ദ്ര മോഡിയാകട്ടെ, മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് പ്രഖ്യാപിക്കുന്ന ലോകനേതാക്കള്‍ക്കൊപ്പം നിന്നു. ജനങ്ങളോട് സംസാരിക്കണമെന്ന് തോന്നിയപ്പോഴൊക്കെ നരേന്ദ്ര മോഡി ട്വിറ്ററിനെ ആശ്രയിച്ചു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാത പിന്തുടര്‍ന്ന്. വോട്ടര്‍മാരോട് ആശയവിനിമയം നടത്തുന്നതിന് ഇവര്‍ക്കൊന്നും മാധ്യമങ്ങളെ വലിയ തോതില്‍ ആശ്രയിക്കേണ്ടിവരുന്നില്ല. അതിനവര്‍ക്ക് മറ്റുമാര്‍ഗങ്ങളുണ്ട്. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തില്‍ മാധ്യമങ്ങള്‍ അവരുടെ രാഷ്ട്രീയ ദൗത്യം നിറവേറ്റിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ആ അവസ്ഥ മാറി. ഒരു വാര്‍ത്താസമ്മേളനം പോലും നടത്താതെ, മുഖ്യധാരാ മാധ്യമങ്ങളെയാകെ ഏതാണ്ട് പൂര്‍ണമായും അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയ്ക്ക് വലിയ വിജയം നേടാനായത് ഈ മാറ്റത്തിന് തെളിവാണ്. ബി ജെ പിയുടെ പ്രസിഡന്റിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് ഒരു ചോദ്യം പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നരേന്ദ്ര മോഡി മടങ്ങിയത് മാത്രമാണ് അപവാദം.

മുഖ്യധാരാ മാധ്യമങ്ങള്‍ പോയവര്‍ഷം നേരിട്ട വെല്ലുവിളികള്‍ പ്രധാനമായും രണ്ടാണ്. പല വിധത്തിലുള്ള നടപടികളിലൂടെ മാധ്യമസ്വാതന്ത്ര്യം ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്നതാണ് ഒന്ന്. മാധ്യമപ്രവര്‍ത്തകരെ നേരിട്ട് ആക്രമിക്കാന്‍ ഭരണകൂടം മടിച്ചില്ല. മാനനഷ്ടക്കേസുകള്‍ നല്‍കി അവരെ ഭീഷണിയുടെ മുള്‍മുനയിലാക്കുകയും ചെയ്തു. ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ച് മാധ്യമപ്രവര്‍ത്തനം തന്നെ അസാധ്യമാക്കി. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്ത്, സര്‍ക്കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത് തടയുകയും ചെയ്തു. ഇങ്ങനെ പലവിധത്തിലാണ് മാധ്യമസ്വാതന്ത്ര്യം ആക്രമിക്കപ്പെട്ടത്.

മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിച്ചുവെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. പ്രത്യേകിച്ച് 2019 മെയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പും ശേഷവും. ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ച് അവയുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയായിരുന്നു ഒരു വഴി. രാജ്യത്തെ മൂന്ന് പ്രധാന പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചുവെന്ന് 2019 ജൂണില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്താ ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്ന സ്വകാര്യകമ്പനികളെ സമ്മര്‍ദത്തിലാക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. കമ്പോളത്തിലെ വലിയ മത്സരം മൂലം പരസ്യങ്ങള്‍ സ്വന്തമാക്കുക ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞ മാധ്യമസ്ഥാപനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ കൂടി പങ്കെടുക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ച് ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങി. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ പ്രകടിപ്പിക്കുന്ന അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്തവയും നിരവധി. അങ്ങനെ അനുവദിക്കപ്പെട്ട അഭിമുഖങ്ങളില്‍ അയോധ്യയില്‍ രാമക്ഷേത്രം എന്ന് നിര്‍മിക്കുമെന്നത് പോലെയുള്ള ചോദ്യങ്ങള്‍ക്ക് പ്രാമുഖ്യം ലഭിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ ഭരണകക്ഷിക്കുള്ള അത്യാഹ്ലാദം പ്രകടിപ്പിക്കപ്പെടുകയും ചെയ്തു. ‘ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാകുന്ന കാഴ്ച, ഈ ജീവിതകാലത്ത് ഒരിയ്ക്കലും കാണാന്‍ കഴിയുമെന്ന് കരുതാതിരുന്ന കാഴ്ച, അത്യധികം അഭിമാനത്തോടെ ഒട്ടൊരു അവിശ്യാസ്യതയോടെ കാണുകയാണ്’ എന്നാണ് 2019 ആഗസ്റ്റ് അഞ്ചിന് ഒരു ടെലിവിഷന്‍ ചാനല്‍ പ്രഖ്യാപിച്ചത്.
ഉടമകളെയും എഡിറ്റര്‍മാരെയും വിളിച്ച് ഭീഷണിപ്പെടുത്താന്‍ മടിക്കാത്ത ഒരു ഭരണകൂടത്തെയാണ് മാധ്യമങ്ങള്‍ക്ക് നേരിടേണ്ടിവന്നത്. തങ്ങള്‍ക്ക് ഹിതം ചെയ്യാത്ത മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുന്നത് ഒഴിവാക്കാന്‍ പരസ്യദാതാക്കളോട് ആവശ്യപ്പെടുന്ന ഭരണകൂടത്തെയും. ഇതിനൊപ്പം സര്‍ക്കാര്‍ പരസ്യങ്ങള്‍ കൂടി ഇല്ലാതാക്കിയതോടെ ഒരു വിഭാഗം മാധ്യമങ്ങള്‍ക്ക് അവരുടെ ജോലി മറക്കേണ്ടിവന്നു. ധീരനാകുക എന്നതിനു മുമ്പ് നിങ്ങള്‍ക്കൊ രു ജോലി വേണമല്ലോ! പലവിധത്തില്‍ ഞെരിക്കപ്പെട്ടതോടെ മാധ്യമ സ്ഥാപനങ്ങളില്‍ പലതും പൂട്ടി. പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണം കുറച്ചു. ശമ്പള വര്‍ധനയും ബോണസും ഒഴിവാക്കിയ സ്ഥാപനങ്ങളുമേറെ.
മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊന്നുമുണ്ടാകില്ലെന്ന് ഭരണകൂടം പരസ്യമായി പറഞ്ഞതോടെ എവിടെവെച്ചും ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്നരായി അവര്‍ മാറി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ലക്നോയില്‍ ഹിന്ദു ദിനപ്പത്രത്തിന്റെ ലേഖകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകനാണെന്നും ജോലി ചെയ്യുകയാണെന്നും പൊലീസിനോട് പറഞ്ഞ ലേഖകന് ലഭിച്ച മറുപടി മാധ്യമപ്രവര്‍ത്തനം കൈയില്‍വെച്ചാല്‍ മതിയെന്നായിരുന്നു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു യുവതി ട്വീറ്റ് ചെയ്തത് പങ്കുവെച്ചതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് ആറുമാസം മുമ്പാണ്. സുപ്രീം കോടതി ഇടപെട്ടതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകന്‍ പുറംലോകം കണ്ടത്.

2019 ഡിസംബര്‍ മധ്യം വരെയുള്ള കണക്കനുസരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കുണ്ടായ ആക്രമണങ്ങളുടെ എണ്ണം 36 ആണ്. മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടയുന്ന പ്രവണതയും വര്‍ധിച്ചു. ജമ്മു കശ്മീരിലെ ഷോപിയാനില്‍ മാധ്യമപ്രവര്‍ത്തകനു നേരെ സൈന്യം പെല്ലെറ്റ് പ്രയോഗിക്കുന്ന കാഴ്ചയില്‍ തുടങ്ങിയ വര്‍ഷം അവസാനിക്കുന്നത് ജാമിഅ മില്ലിയ്യക്ക് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ പൊലീസ് ആക്രമിക്കുന്നത് കണ്ടുകൊണ്ടാണ്.
മാനനഷ്ടക്കേസുകളിലൂടെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്താന്‍ ഭരണകൂടം മടികാണിച്ചില്ല. അടിസ്ഥാനരഹിതമെന്നോ അപകീര്‍ത്തികരമെന്നോ അവര്‍ക്ക് തോന്നുന്ന വാര്‍ത്തകളുടെ കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കുകയാണ് ആന്ധ്രാപ്രദേശിലെ ജഗന്‍ മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ ചെയ്തത്.
ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കുക എളുപ്പമല്ല. ഇന്റര്‍നെറ്റ് വിച്ഛേദിക്കുക എന്നത് ഏതാണ്ടൊരു പതിവായി മാറിയിരിക്കുന്നു നമ്മുടെ രാജ്യത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്ന ഡിസംബറില്‍ അത് രാജ്യവ്യാപകമാകുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ 21 ജില്ലകളിലാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. പശ്ചിമ ബംഗാളിലെ 11 ജില്ലകളിലും അസമിലെ പത്ത് ജില്ലകളിലും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു, ദിവസങ്ങളോളം. ജമ്മു കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടിട്ട് അഞ്ചുമാസം കഴിയുന്നു. (ഇപ്പോള്‍ ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ മുമ്പത്തേതുപോലെയല്ല. വിവ.) അവിടെ പല മാധ്യമപ്രവര്‍ത്തകര്‍ക്കും തൊഴില്‍ നഷ്ടമായി.

വിവരാവകാശ നിയമം ദുര്‍ബലമാക്കിയതിലൂടെ, സര്‍ക്കാറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരം പരിമിതപ്പെടുത്തുകയും ചെയ്തു. നരേന്ദ്ര മോഡി അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം ആദ്യം വരുത്തിയ നിയമ ഭേദഗതികളിലൊന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതായിരുന്നു. വിവരാവകാശ കമ്മീഷന്‍ അധ്യക്ഷന്റെയും അംഗങ്ങളുടെയും സേവന – വേതന വ്യവസ്ഥകള്‍ നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാറിന് നല്‍കിയതിലൂടെ കമ്മീഷനെ വരുതിയില്‍ നിര്‍ത്തുകയായിരുന്നു സര്‍ക്കാര്‍.

ഇതിനെല്ലാമുപരിയായി സംഭവിച്ച മറ്റൊന്ന് മാധ്യമസ്ഥാപനങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പായിരുന്നു. ഒരുപക്ഷേ ഇതാണ് മാധ്യമപ്രവര്‍ത്തനത്തിനുണ്ടായ വലിയ തിരിച്ചടി. ഭരണകൂടത്തിന്റെ അപ്രീതിയ്ക്ക് പാത്രമാകരുത് എന്ന ഉദ്ദേശ്യത്തോടെ സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയവയുടെ മുന്‍പന്തിയില്‍ വലിയ മാധ്യമ ഗ്രൂപ്പുകളാണ്. ടൈംസ് ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവെ പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് രാജ്യത്ത് നിലനില്‍ക്കുന്ന ഭീതിയുടെ അന്തരീക്ഷത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ വിമര്‍ശിക്കാന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പോലും ധൈര്യമില്ല. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും രാഹുല്‍ ബജാജ് വിമര്‍ശിച്ചു. രാഹുല്‍ ബജാജിന്റെ വിമര്‍ശനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നല്‍കിയ മറുപടി മാത്രമാണ് പിറ്റേന്നിറങ്ങിയ ഒരു പ്രമുഖ ദിനപ്പത്രത്തിലുണ്ടായിരുന്നത്. പരിപാടിയില്‍ രാഹുല്‍ ബജാജ് പങ്കെടുത്തതിനെക്കുറിച്ച് ഒരക്ഷരം അതിലുണ്ടായിരുന്നില്ല! കീഴടങ്ങലിന് ഇതിലും വലിയ ഉദാഹരണം വേണ്ടതില്ല.

സെവന്തി നൈനാന്‍

You must be logged in to post a comment Login