മോഡിയുടെ അഞ്ചുനുണകള്‍

മോഡിയുടെ അഞ്ചുനുണകള്‍

പൗരത്വ ഭേദഗതി നിയമത്തിനും (സി എ എ) ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ (എന്‍ ആര്‍ സി) പ്രതിഷേധിക്കാന്‍ ഇന്ത്യയിലാകെ ജനങ്ങള്‍ തെരുവുകളില്‍ സംഘടിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കെ, പ്രധാന മന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയില്‍ പ്രചാരണ റാലി നടത്തുകയുണ്ടായി. നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു റാലി.

പ്രതിഷേധം ചിലയിടങ്ങളില്‍ അക്രമാസക്തമായി. രാജ്യത്തുടനീളം ഇതുവരെ ഇരുപത്തിരണ്ടു പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശില്‍ മാത്രം പതിനെട്ടുപേരാണ് മരിച്ചത്. നിരായുധരായ വിദ്യാര്‍ഥികളടക്കമുള്ള പ്രക്ഷോഭകരെ മൃഗീയമായി അടിച്ചമര്‍ത്താന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മംഗളൂരു എന്നിവിടങ്ങളില്‍ പൊലീസ് തോക്കുകളും ലാത്തികളും ഉപയോഗിച്ചുവെന്നാണ് ദൃക്‌സാക്ഷികളും വീഡിയോകളും വെളിപ്പെടുത്തുന്നത്.

അഭ്യൂഹ-അസത്യ പ്രചാരണങ്ങളില്‍നിന്ന് എല്ലാവരും വിട്ടുനില്‍കണമെന്ന് നേരത്തെ ട്വീറ്റ് ചെയ്ത മോഡി, തന്റെ സ്വന്തം ആഭ്യന്തര മന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് രാംലീലാ മൈതാനിയില്‍ പ്രസംഗിച്ചത്. ഇടക്കിടെ തനി പച്ചക്കള്ളമാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ ഒരു മുസ്‌ലിമിനും സി എ എയും എന്‍ ആര്‍ സിയും ഹാനികരമാകില്ലെന്ന് അവകാശപ്പെട്ട മോഡി പ്രക്ഷോഭത്തിനു പിന്നില്‍ അര്‍ബന്‍ നക്‌സലുകളും കോണ്‍ഗ്രസുമാണെന്ന് ആരോപിച്ചു. രാജ്യത്തെമ്പാടും ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരവെ, റാലിയില്‍ മോഡി ഉന്നയിച്ച അവകാശ വാദങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുകയാണിവിടെ.

1. ‘2014ല്‍ എന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ എന്‍ ആര്‍ സി സംബന്ധിച്ച് ഒരിക്കലും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് 130 കോടി ഇന്ത്യക്കാരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
ഇത് നുണയാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയ ബി ജെ പി പ്രകടന പത്രികയില്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ എന്‍ ആര്‍ സി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല, ബി ജെ പി സര്‍ക്കാര്‍ രാജ്യവ്യാപകമായി എന്‍ ആര്‍ സി നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ അമിത്ഷാ ആവര്‍ത്തിക്കുകയുംചെയ്തു.
”ആദ്യം ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്ല് പാസാക്കുകയും അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ അഭയാര്‍ഥികള്‍ക്കും ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. അതിനു ശേഷം എന്‍ ആര്‍ സി നടപ്പാക്കും. ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി നമ്മുടെ മാതൃരാജ്യത്തുനിന്ന് പുറത്താക്കും.” തിരഞ്ഞെടുപ്പില്‍ ബി ജെ പി വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുന്നതിന് മുമ്പ് കഴിഞ്ഞ മെയ് മാസത്തില്‍ അമിത്ഷാ പറഞ്ഞു.

2. ”തടങ്കല്‍ പാളയങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും ഉയര്‍ത്തുന്ന അഭ്യൂഹങ്ങള്‍ നുണയാണ്.”
ഇതും പ്രധാനമന്ത്രി പറഞ്ഞ പെരുംനുണയാണ്. മൂന്നിടങ്ങളിലെങ്കിലും- അസം, മുംബൈ, ബംഗളൂരു- തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചുവരികയാണെന്ന് നിരവധി പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അസമിലെ മാട്യയില്‍ 3000 അനധികൃത വിദേശികളെ വരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ഒരു തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടങ്ങിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ അഭിഷേക് സാഹയാണ് റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് തടങ്കല്‍ പാളയം നിര്‍മിക്കുന്നതെന്നും 2019 ജനുവരിയില്‍ ഇതുസംബന്ധിച്ച വിജ്ഞാപനമിറങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

തടങ്കല്‍ പാളയം പണിയാന്‍ നവി മുംബൈ ആസൂത്രണ അതോറിറ്റിയായ സി ഐ ഡി എസ് ഒയില്‍നിന്ന് മൂന്ന് ഏക്കര്‍ ഭൂമി, മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടുവെന്ന് 2019 സെപ്തംബറില്‍ മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തടങ്കല്‍ പാളയത്തിനായി ഭൂമി കണ്ടെത്താനുള്ള നടപടി 2019 ജൂലൈയില്‍ തുടങ്ങിയതായി ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി(സ്‌പെഷ്യല്‍) അമിതാഭ് ഗുപ്തയാണ് പത്രത്തെ അറിയിച്ചത്.
ബംഗളൂരിനടുത്ത തടങ്കല്‍ പാളയം സന്ദര്‍ശിച്ച വിവരം 2019 ഒക്ടോബറില്‍ ദ ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പട്ടികജാതി/ വര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടിയായിരുന്നു യഥാര്‍ത്ഥത്തില്‍ കെട്ടിടം 1992ല്‍ നിര്‍മിച്ചത്. 2018ല്‍ അത് തടങ്കല്‍ പാളയമാക്കിമാറ്റി. രണ്ട് നിരീക്ഷണഗോപുരങ്ങളും ഒരു സുരക്ഷാ മുറിയും പിന്നീട് നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അസമിലെ തടങ്കല്‍പാളയത്തില്‍ 28പേര്‍ മരിച്ചുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയെ അറിയിച്ചതായി ദ ടെലഗ്രാഫ് നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തു. മിക്ക മരണങ്ങളും സംഭവിച്ചത് 2016ന് ശേഷമാണെന്ന് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

3. ”നിങ്ങള്‍ക്ക് കത്തിക്കണമെങ്കില്‍ മോഡിയുടെ കോലം കത്തിച്ചുകൊള്ളുക. എന്നാല്‍ പാവങ്ങളെ ദ്രോഹിക്കരുത്. പൊലീസുകാരെ കല്ലെറിഞ്ഞ് പരിക്കേല്പിച്ചിട്ട് നിങ്ങള്‍ക്ക് എന്തു കിട്ടും?”
പ്രതിഷേധത്തില്‍ ഒട്ടേറേ പേര്‍ കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി ദുഃഖം പ്രകടിപ്പിക്കുകയുണ്ടായില്ല. പൊലീസുകാരെ പരിക്കേല്പിച്ചുകൊണ്ട് ചിലര്‍ നിരവധി നഗരങ്ങളില്‍ അക്രമത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ പ്രതിഷേധക്കാരെ പൊലീസാണ് മൃഗീയമായി ആക്രമിക്കുന്നതെന്ന് ദൃക്‌സാക്ഷികളും വീഡിയോകളും സാക്ഷ്യപ്പെടുത്തുന്നു.
ഡല്‍ഹിയില്‍- ഇവിടെ പൊലീസ് കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്- സീലാംപൂര്‍, ദാരിയാഗഞ്ച് തുടങ്ങിയ പ്രദേശങ്ങളില്‍ പൊലീസ് ഭീകരമായിട്ടാണ് പ്രക്ഷോഭക്കാരെ നേരിട്ടത്. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സര്‍വകലാശാലയില്‍ ലൈബ്രറിയില്‍ പഠിക്കുന്ന അശരണരായ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന ആക്രമണം പൊലീസ് മൃഗീയതയുടെ കാഠിന്യം വ്യക്തമാക്കുന്നു(മണിക്കൂറുകള്‍ക്കുശേഷം മോഡി തിരഞ്ഞെടുപ്പ് റാലിയില്‍ നിര്‍ലജ്ജം വര്‍ഗീയ പ്രസ്താവനയിറക്കി. പ്രക്ഷോഭകരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്). വെള്ളിയാഴ്ച രാത്രി ദരിയാഗഞ്ചില്‍ 40 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാവാത്ത എട്ടുപേരടക്കമുള്ള ഇവരെ മൃഗീയമായി പൊലീസ് മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരനായ അര്‍ഷദ് ആലമിനെ ഉദ്ധരിച്ച് ടെലഗ്രാഫ് ഇപ്രകാരം പറയുന്നു: സമാധാനപരമായി പ്രതിഷേധിച്ചവരെ മാത്രമല്ല, ജനക്കൂട്ടത്തില്‍ കുടുങ്ങിയ നാട്ടുകാരെയും പൊലീസ് ഉന്നംവെച്ചു. മര്‍ദിച്ചതിനു ശേഷം പ്രായപൂര്‍ത്തിയാവാത്തവരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരെ ദാരിയാഗഞ്ച്, ജുമാമസ്ജിദ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഉത്തര്‍ പ്രദേശില്‍ എട്ടുവയസ്സുകാരനടക്കം പതിനെട്ടുപേരാണ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. മുസ്‌ലിം മേഖലകളില്‍ ആക്രമണം അഴിച്ചുവിട്ടതിന് പൊലീസിനുള്ള നിയന്ത്രണമെല്ലാം എടുത്തുകളഞ്ഞുവെന്നാണ് സംസ്ഥാനത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.

4. ”പൗരത്വ നിയമമോ എന്‍ ആര്‍ സിയോ യാതൊരു തരത്തിലും ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കുന്നതല്ല.”
സി എ എയില്‍നിന്നോ എന്‍ ആര്‍ സിയില്‍നിന്നോ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഭയപ്പെടാനൊന്നുമില്ലെന്നാണ് മോഡിയും അേദ്ദഹത്തിന്റെ മന്ത്രിമാരും പറയുന്നത്. ഇവരണ്ടും ബന്ധിപ്പിക്കുന്നത്- ഷാ നിരവധി തവണ സ്പഷ്ടമായി പ്രസ്താവിച്ചതുപോലെ- മുസ്‌ലിംകളെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. വികലമായ എന്‍ ആര്‍ സി പ്രക്രിയയില്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ പുറത്താകും. അവുരടെ വംശപരമ്പര തെളിയിക്കേണ്ടിവരും. അതിനു കഴിഞ്ഞില്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും (ഇതിന് എന്ത് രേഖകളാണ് ഹാജരാക്കേണ്ടതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല).
ആദ്യം അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഹിന്ദു, ബുദ്ധ, സിഖ്, ജൈന അഭയാര്‍ഥികള്‍ക്ക് സി എ എ പൗരത്വം നല്കുകയും പിന്നീട് ”നുഴഞ്ഞുകയറ്റക്കാരെ” പുറത്താക്കാന്‍ സര്‍ക്കാര്‍ എന്‍ ആര്‍ സി കൊണ്ടുവരുമെന്നുമാണ് 2019 ഏപ്രിലില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നത്.
ഇതെങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് സ്‌ക്രോള്‍ ഡോട്ട് ഇന്‍ പ്രതിനിധി റോഹന്‍ വെങ്കട്ട് വിശദീകരിക്കുന്നത് നോക്കുക: ”പൗരത്വ നിയമം ആദ്യം ഓരോ മുസ്‌ലിം ഇതര ‘അഭയാര്‍ഥി’ക്കും പൗരത്വം അനുവദിക്കുന്നു. അമിത്ഷാ പറഞ്ഞതനുസരിച്ചാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് അവര്‍ അഭയാര്‍ഥികളാണെന്ന് തെളിയിക്കാന്‍ രേഖകള്‍ പോലും ആവശ്യമില്ല. തുടര്‍ന്നുവരുന്ന എന്‍ ആര്‍ സി പ്രകാരം, തങ്ങളുടെ ഇന്ത്യന്‍ വംശപരമ്പര തെളിയിക്കാനുള്ള ബാധ്യത മുസ്‌ലിംകളില്‍ മാത്രമാകും. സങ്കീര്‍ണമായ ഉദ്യോഗസ്ഥ നടപടികളില്‍ കുടുങ്ങി ഇന്ത്യന്‍ വംശപരമ്പര തെളിയിക്കാനായില്ലെങ്കില്‍ അവര്‍ രാജ്യഭ്രഷ്ടരായി പ്രഖ്യാപിക്കപ്പെടും.

5. ”അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അര്‍ബന്‍ നക്‌സലുകളും കോണ്‍ഗ്രസ്സും.”
റാലികളില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രക്ഷോഭകരെ പ്രധാനമന്ത്രി അര്‍ബന്‍ നക്‌സലുകളായി ചിത്രീകരിക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതും വെറും തമാശയായല്ലാതെ മറ്റൊന്നുമായിക്കാണാനാവില്ല. പ്രക്ഷോഭത്തിന് എന്തെങ്കിലും മുന്‍കൈ എടുക്കാതിരുന്നതിന് വിമര്‍ശനം നേരിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുമെന്ന് ജനങ്ങള്‍ ന്യായമായും പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാല്‍ അദ്ദേഹം ”മുന്‍കൂട്ടി തീരുമാനിച്ച സന്ദര്‍ശന പരിപാടി” പ്രകാരം ദക്ഷിണ കൊറിയയിലേക്ക് പോവുകയായിരുന്നു. പിന്നീടദ്ദേഹം രാജ്ഘട്ടിലെ പ്രക്ഷോഭത്തില്‍ തന്നോടൊപ്പം പങ്കെടുക്കാന്‍ ”വിദ്യാര്‍ഥികളെയും യുവജനങ്ങളെയും” ക്ഷണിക്കുകയുണ്ടായി.

അതിനാല്‍ കോണ്‍ഗ്രസിനെ വിട്ടുകളയുക. ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രായഭേദമന്യേ സാധാരണ ജനങ്ങള്‍ നൈസര്‍ഗികമായി ഓരോ ദിവസവും തെരുവുകളിലിറങ്ങുന്നു എന്നതാണ് പ്രക്ഷോഭത്തിന്റെ ആകര്‍ഷക ഘടകങ്ങളിലൊന്ന്. ഇതിന് മുമ്പൊരിക്കലും പ്രതിഷേധിക്കാത്തവരും ബി ജെ പിക്ക് നേരത്തെ വോട്ട് ചെയ്തവരും പ്രക്ഷോഭകരില്‍ പെടുന്നു. പ്രക്ഷോഭം വഴിതെറ്റിയവര്‍ നടത്തുന്നതാണോ നിര്‍മിക്കപ്പെട്ടതാണോ എന്ന് വന്റാലികളുടെ ചിത്രങ്ങള്‍ കണ്ട് നിങ്ങള്‍ക്ക് തീരുമാനിക്കാം. പൗരത്വ നിയമത്തിനെതിരെ വിവിധ വ്യക്തികള്‍ സുപ്രീം കോടതിയില്‍ അറുപതുഹരജികള്‍ നല്കിയിട്ടുണ്ടെന്നും മനസ്സിലാക്കുക.
പരിഭാഷ: കുന്നത്തൂര്‍ രാധാകൃഷ്ണന്‍

രോഹിണി ചാറ്റര്‍ജി

You must be logged in to post a comment Login