ഹിറ്റ്‌ലറും ഒരു സസ്യഭുക്കായിരുന്നു.

ഹിറ്റ്‌ലറും ഒരു സസ്യഭുക്കായിരുന്നു.

ജര്‍മന്‍ മലയാളിയായ തൃശൂര്‍ സ്വദേശി ഡി കെ മച്ചിങ്ങലിന്റെ ഓഫന്‍ബാഹിലെ അപ്പാര്‍ട്‌മെന്റിലെ കൂറ്റന്‍ ലൈബ്രറിയില്‍നിന്നാണ് അന്ന ഷെഗേഴ്‌സ് രചിച്ച ‘എ പ്രൈസ് ഓണ്‍ ഹിസ് ഹെഡ്’ നോവല്‍ ഒറ്റയടിക്ക് വായിച്ചു തീര്‍ക്കുന്നത്. കൊത്തിവലിക്കുന്ന പാരായണാനുഭവമാണത് സമ്മാനിച്ചതെന്ന് പറയേണ്ടതുണ്ട്. നിസ്വരും നിഷ്‌കളങ്കരും കഠിനാധ്വാനികളുമായ കര്‍ഷകരുടെ സമാധാന ജീവിതത്തിനുമേല്‍ നാസികള്‍ പിടിമുറുക്കിയ യുദ്ധപൂര്‍വ ജര്‍മനിയുടെ വേദനാജനകമായ ചരിത്രത്തിലൂടെയുള്ള ദുഃഖഭരിതമായ യാത്രപോലെ തോന്നി. അന്ത്യശ്വാസംവരെ പോരാട്ടത്തിന്റെ കൊടിക്കൂറ താഴാതെ ഉയര്‍ത്തിപ്പിടിക്കുകയും രക്തസാക്ഷിത്വത്തിലും മാതൃകയാവുകയുമാണ് ജോഹന്‍ എന്ന നായകന്‍. ”രണ്ടു പൊലീസുകാര്‍ നടുക്ക് ഒരു മനുഷ്യനെയുംകൊണ്ട് എന്തിനാണ് നഗരത്തിലേക്ക് കൊണ്ടുപോകുന്നതെന്നറിയാനുള്ള ആഗ്രഹത്താല്‍ പ്രേരിതനായ ഒരു കര്‍ഷകന്‍ റോഡിലേക്ക് കയറിവന്നു. ആള്‍ജിയര്‍ തന്റെ വയലിലെ ബീറ്റുകള്‍ പറിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് അയാള്‍ ജോഹനെ തിരിച്ചറിഞ്ഞു. അയാള്‍ക്ക് എല്ലാം മനസ്സിലായി. അയാള്‍ ഭയന്നുവിറയ്ക്കാന്‍ തുടങ്ങി. അയാളുടെ ജടകെട്ടിയ താടി ഞെളിഞ്ഞു പിരിഞ്ഞു തുടങ്ങി. എന്തോ ചവച്ചരയ്ക്കുന്നതുപോലെ താടിയെല്ലുകള്‍ അങ്ങോട്ടുമിങ്ങോട്ടും ഉലഞ്ഞു. അയാള്‍ വഴിയുടെ അരികിലേക്ക് നീങ്ങി. അപ്പോഴുമുണ്ടായിരുന്നു കൈയില്‍ തൂമ്പ. പതുക്കെ അയാള്‍ അത് താഴെവെച്ചു. അവര്‍ ഒരു കുട്ടിയെ മാമോദീസ മുക്കാന്‍ പള്ളിയിലേക്ക് കൊണ്ടുപോവുകയോ ഒരു ജഡം സംസ്‌കരിക്കാന്‍ ശ്മശാനത്തിലേക്ക് എടുക്കുകയോ ആണെന്ന മട്ടില്‍, അയാള്‍ തന്റെ തൊപ്പി ഉയര്‍ത്തി” എന്ന നോവലിന്റെ അവസാന ഭാഗം പങ്കിടുന്ന സന്ദേശങ്ങളും നല്‍കുന്ന സൂചനകളും നിസഹായതയുടെ നിലയ്ക്കാത്ത നിലവിളികൂടിയാണ്.

ആദ്യ ഫാഷിസ്റ്റ് മരണ ഫാക്ടറി
അഡോള്‍ഫ് ഹിറ്റ്‌ലറുടെ കോമ്പല്ലുകള്‍ മുറിവേല്‍പ്പിക്കാത്ത ജര്‍മന്‍ പ്രദേശങ്ങള്‍ ഇല്ലെന്നുതന്നെ എന്റെ യാത്ര ഉറപ്പിക്കുകയുണ്ടായി. ആദ്യ ഫാഷിസ്റ്റ് മരണ ഫാക്ടറിയായി അടയാളപ്പെടുത്തപ്പെട്ട ഡാഹൗവും ഓഷ്്വിറ്റ്സും എസ്റ്റര്‍ വിഗനും സാഷന്‍ഹോസ്‌നും ബെര്‍ലിനും വാന്‍സിയും മറ്റും ഇപ്പോഴും നടുക്കുന്ന ഓര്‍മകളാണ്. ജര്‍മനിയിലേക്കുള്ള യാത്രക്ക് അവസരമൊരുങ്ങിയപ്പോള്‍തന്നെ സുഹൃത്ത് പ്രശസ്ത ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ രത്‌നാകരന്‍ മാങ്ങാടാണ് പീഡനക്യാമ്പുകളെക്കുറിച്ച് ശ്രദ്ധയില്‍പെടുത്തിയത്. ഫ്രാങ്ക്ഫര്‍ടിനടുത്താണ് താമസമെന്നറിഞ്ഞപ്പോള്‍ ആ അവസരങ്ങള്‍ നഷ്ടമാക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. ഫ്രാങ്ക്ഫര്‍ടിനും അയവിറക്കാന്‍ എത്രയോ ചോരക്കഥകളുണ്ട്. 1920 കളില്‍ അത് അറിയപ്പെട്ടത് ‘ജൂതന്മാരുടെയും ജനാധിപത്യവാദികളുടെയും നഗരം’ എന്നായിരുന്നു. എന്നാല്‍ നാസി മേയറായ ഫ്രെഡറിക് കെബ്‌സ് ‘രാജകീയ സ്ഥാനാരോഹണങ്ങളുടെ നഗരം’ എന്ന വിശേഷണം അടിച്ചേല്‍പ്പിച്ചു. ഫ്രാങ്ക്ഫര്‍ടിന് പുതിയ ‘പ്രതിഛായ’ നല്‍കാന്‍ ഹിറ്റ്‌ലര്‍ നേരിട്ട് ഇടപെടുകയുമുണ്ടായി. അപ്പോഴും ജര്‍മന്‍ മാധ്യമങ്ങള്‍ ഹിറ്റ്‌ലര്‍ സസ്യഭുക്കായിരുന്നുവെന്ന് സ്തുതിക്കുകയായിരുന്നു.
അമേരിക്കയിലെ ‘ടൈം മാഗസിന്‍’ 1938ലെ വ്യക്തിത്വമായി തിരഞ്ഞെടുത്തത് അഡോള്‍ഫ് ഹിറ്റ്‌ലറെയാണ്. ന്യൂസ്‌മേക്കറെ കണ്ടെത്താന്‍ പത്രാധിപസമിതി 1927 മുതല്‍ ആരംഭിച്ച പതിവാണത്. ഹിറ്റ്‌ലര്‍ക്ക് ടൈം വച്ചുനീട്ടിയ താമ്രപത്രം കണ്ട് ലോകം നടുങ്ങുകയുണ്ടായി. മേഖലയെ മറ്റൊരു സംഘര്‍ഷത്തിലേക്ക് തള്ളിയിട്ട വര്‍ഷമായിരുന്നു 1938. ആസ്ട്രിയ പിടിച്ചടക്കിയ ഹിറ്റ്‌ലര്‍ ചെക്കോസ്ലോവാക്യ കടന്നാക്രമിച്ചു. അടുത്ത ഊഴം പോളണ്ടായിരുന്നു. രണ്ടാംലോകയുദ്ധവേളയിലെ ജര്‍മന്‍ ചവിട്ടടിയിലായ യൂറോപ്പിലെ പടുകൂറ്റന്‍ നാസി തടങ്കല്‍പാളയമായിരുന്നു ഓഷ്വിറ്റ്‌സ്. തെക്കന്‍ പോളണ്ടിലെ ക്രാക്കൊവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയായ ആ തടങ്കല്‍പാളയം, യുദ്ധകാലത്ത് ഹിറ്റ്ലര്‍ സേനയായ എസ്എസിന്റെ കൈപ്പിടിയിലായിരുന്നു.
കൈയറപ്പ് മാറാത്ത അതിക്രൂരനായ കമാന്‍ഡന്റ് എന്നറിയപ്പെട്ട റുഡൊള്‍ഫ് ഹെസ്സിന്റെ കാര്‍മികത്വത്തില്‍ 30 ലക്ഷം മനുഷ്യരെ അവിടെ അരിഞ്ഞുതള്ളിയെന്ന് ന്യുറംബെര്‍ഗ് വിചാരണാവേളയില്‍ വെളിപ്പെട്ടിരുന്നു. യൂറോപ്പിലെ ജൂതന്മാരുടെ 90 ശതമാനത്തിനടുത്ത് വരുമത്. മാരകമായ വിഷപ്പുക അടിച്ചു കയറ്റല്‍, നിര്‍ബന്ധിത പട്ടിണി, അടിമപ്പണി, ചികിത്സാ നിഷേധം, തൂക്കിക്കൊല്ലല്‍, ഹീനമായ മരുന്ന് പരീക്ഷണങ്ങള്‍ തുടങ്ങിയ ക്രൂര വഴികളിലൂടെയാണ് ഇത്രയും പേരെ അവസാനിപ്പിച്ചത്. ഓഷ്വിറ്റ്സ് സമുച്ചയത്തില്‍ മൂന്ന് ക്യാമ്പുകളാണുണ്ടായത്. ”ജോലി താങ്കളെ സ്വതന്ത്രമാക്കുന്നു” വെന്ന ജര്‍മന്‍ മുദ്രാവാക്യം കവാടത്തില്‍ ആലേഖനം ചെയ്തിരുന്നു.
സമുച്ചയത്തിന്റെ അധികാരകേന്ദ്രമായിരുന്നു ഓഷ്വിറ്റ്സ് ഒന്ന്. പോളണ്ട് പട്ടാളബാരക്കുകളുടെ മാതൃകയില്‍ പണിത അത് ആരംഭിച്ചത് 1940 മെയ് 20നാണ്. ആദ്യതടവുകാരായി എത്തിയതാവട്ടെ, 728 പോളണ്ടുകാര്‍. 1942ല്‍ അംഗസംഖ്യ 20000 കടന്നു. തടവുകാരുടെ നിയന്ത്രണച്ചുമതലയായിരുന്നു കാപ്പോ എന്നറിയപ്പെട്ട ജര്‍മന്‍ കുറ്റവാളികളുടെ സെല്ലിന്. തടവുകാരെ തിരിച്ചറിയാന്‍ യൂനിഫോമില്‍ പ്രത്യേക അടയാളം പതിക്കും. ക്യാമ്പിനോടനുബന്ധിച്ച ആയുധശാലയില്‍ എല്ലാവരെയും നിര്‍ബന്ധിത തൊഴിലെടുപ്പിച്ചു. കഠിന പ്രവൃത്തികളും ശുഷ്‌ക ഭക്ഷണവും വൃത്തിയില്ലായ്മയും മരണനിരക്ക് ഭയാനകമാംവിധം ഏറാന്‍ കാരണമായി. സൂര്യന്‍ തീക്കൂട്ടുന്ന ശപിക്കപ്പെട്ട പകല്‍ നേരങ്ങളിലെ ദീര്‍ഘമായ നിര്‍ബന്ധിത പണികഴിഞ്ഞ് രാത്രിയാകെ ഒന്നര മീറ്റര്‍ നീളവും വീതിയുമുള്ള സെല്ലില്‍ സാധനങ്ങള്‍ അടുക്കുംവിധം നാലാളെവീതം നിര്‍ത്തും.

പഴുതുകളില്ലാത്ത അവസാനിപ്പിക്കല്‍
ചില തടവുകാരെ മരണംവരെ പട്ടിണിക്കിട്ടു. സ്റ്റാര്‍വേഷന്‍ സെല്‍ എന്നറിയപ്പെട്ട ബേസ്‌മെന്റിനോട് ചേര്‍ന്ന് വളരെ ചെറിയ കിളിവാതിലുള്ള ഇരുട്ടറകള്‍. തടവുകാരെ ശ്വാസം മുട്ടിച്ച് അവസാനിപ്പിക്കാനായിരുന്നു അത്. ഉള്ളിലെ ഓക്‌സിജന്‍ അനുപാതം ഞൊടിയിടെ കുറക്കാന്‍ മെഴുകുതിരികള്‍ കൂട്ടമായി കത്തിച്ചുവെക്കും. തടവുകാരുടെ ചുമലെല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുംമട്ടില്‍ കൈകള്‍ പിന്നില്‍ കെട്ടി ആഴ്ചകളോളം തൂക്കിയിടും. എക്സിക്യൂഷന്‍ യാര്‍ഡില്‍ ചുമരിനോട്ചേര്‍ത്തുനിര്‍ത്തിയാണ് ആവര്‍ത്തിച്ച് വെടിയുതിര്‍ത്തും മണിക്കൂറുകളോളം തലകീഴായി തൂക്കിനിര്‍ത്തിയും വധിക്കുക. പഴുതുകളില്ലാതെ മരണം ഉറപ്പാക്കിയ സൈക്ലോണ്‍ ബി സൈനൈഡ് മിശ്രിത വിഷവാതം ആദ്യമായി പ്രയോഗിച്ചത് 1941 സെപ്തംബറിലായിരുന്നു. 850 പോളണ്ടുകാരും സോവിയറ്റുകാരുമായിരുന്നു അതനുഭവിച്ചത്. തുടര്‍ന്ന് 1941-42 വര്‍ഷങ്ങളില്‍ 60000 പേരെ വിഷപ്പുക തീറ്റിച്ച് ഇല്ലാതാക്കി. വനിതകളെയും കൊച്ചു കുട്ടികളെയും മനുഷ്യത്വം മരവിച്ച ക്രൂരപരീക്ഷണങ്ങള്‍ക്ക് ഇരകളാക്കുകയും ചെയ്തു. മാരക രാസമിശ്രിതങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് കുത്തിക്കയറ്റിയ ശേഷമുണ്ടാവുന്ന പ്രകടമായ മാറ്റങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. കുട്ടികളുടെ ലൈംഗികാവയവങ്ങള്‍ കളിക്കോപ്പുകള്‍ പോലെയായി. ലിംഗാഗ്രങ്ങളില്‍ മണലും ചില്ലുപൊടിയും വിതറിയും മുളകു മിശ്രിതവും ആസിഡും പൂശിയും രസിച്ചു. അവയുടെ ആഘാതം താങ്ങാനാവാതെ മിക്കവരും മരണത്തിന് കീഴടങ്ങി.

ഒന്നാം ക്യാമ്പിലെ തിരക്ക് കുറക്കാന്‍ 1941 ഒക്ടോബറില്‍ രണ്ടാമത്തേത് പണിയാന്‍ തുടങ്ങി. ഹിറ്റ്ലറുടെ ജൂതവംശനശീകരണപരിപാടിക്ക് ഉന്മൂലന ക്യാമ്പും കൂടെ. ഓഷ്വിറ്റ്സ് രണ്ടില്‍ 10 ലക്ഷത്തിനടുത്ത് മനുഷ്യര്‍ പിടഞ്ഞുവീണു. ബിര്‍കെനൗവില്‍ വിഷവാതക ഷവറുകളുള്ള നാലു ഗ്യാസ്ചേംബറുകളും നാലു ക്രിമറ്റോറിയങ്ങളും സ്ഥാപിച്ചു. 1944 മെയ് പതിനാലിനും ജൂലൈ എട്ടിനുമിടയില്‍ 48 തീവണ്ടികളിലായി 437402 ഹംഗേറിയന്‍ ജൂതന്മാരെയാണ് അവിടേക്ക് എത്തിച്ചത്. മരണത്തിലേക്കുള്ള ഏറ്റവും വലിയ ആ നാടുകടത്തല്‍ പറഞ്ഞറിയിക്കാനാവാത്ത പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. സ്ത്രീകള്‍, കുട്ടികള്‍, മന്ദബുദ്ധികള്‍, വികലാംഗര്‍ തുടങ്ങിയവരെ പട്ടിണിക്കിട്ട് ഇല്ലാതാക്കുകയായിരുന്നു. നിരനിരയായി നിര്‍ത്തി തുരുതുരാ വെടിവെച്ചു കൊല്ലുകയായിരുന്നു മറ്റൊരു ശിക്ഷാവിധി.

രണ്ടാം ഗ്രൂപ്പുകാരെ നിര്‍ബന്ധിതജോലികള്‍ക്ക് വ്യവസായശാലകളില്‍ ഉപയോഗിച്ചു. 1940-1945 കാലയളവില്‍ നാലുലക്ഷത്തോളം പേര്‍ അടിമകളായി അരഞ്ഞുതീര്‍ന്നു. അതില്‍ ഭൂരിഭാഗം പേരും അവിടെത്തന്നെ ഒടുങ്ങിത്തീരുകയാണുണ്ടായത്. മൂന്നാം ഗ്രൂപ്പില്‍പെട്ടവരെ വിവിധ വൈദ്യപരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ചു. ‘മരണത്തിന്റെ മാലാഖ’ എന്നറിയപ്പെട്ട ഡോ. ജോസെഫ് മെംഗലിന്റെ കൈകളിലാണ് അവരെത്തിയത്. നാലാം ഗ്രൂപ്പുകാരെല്ലാം സ്ത്രീകള്‍. ജര്‍മന്‍ പട്ടാളക്കാരുടെ സുഖോപയോഗത്തിനായിരുന്നു അവര്‍. തടവുകാരില്‍നിന്നു തന്നെയാണ് ക്യാമ്പ് ജോലിക്കാരെ നിശ്ചയിച്ചത്. ഇവരെ രണ്ടായി തിരിച്ചു. കാപ്പോകളും സോണ്ടര്‍കമാണ്ടോകളും. നിരീക്ഷണത്തിന് എസ് എസുകാരും. ബാരക്കുകളിലുള്ളവരുടെ നിയന്ത്രണം കാപ്പോകള്‍ക്ക്. ഗ്യാസ് ചേംബറിലേക്കുള്ളവരെ ഒരുക്കുകയും മരണശേഷം ജഡങ്ങള്‍ ക്രിമറ്റോറിയത്തിലേക്ക് മാറ്റുകയുമായിരുന്നു സോണ്ടര്‍കമാണ്ടോകള്‍. നാസികളുടെ കൊലപാതകരീതി അറിയുന്ന ഈ രണ്ടു ഗ്രൂപ്പുകളെയും പതിവായി കൊലപ്പെടുത്തുമായിരുന്നു. വിവരങ്ങള്‍ പുറത്തെത്താതിരിക്കാനാണിത്. പുതിയ സോണ്ടര്‍കമാണ്ടോകളുടെ ആദ്യജോലി പഴയവരുടെ മൃതദേഹങ്ങള്‍ നീക്കലായിരുന്നു. 1943 ഓടെ നിരവധി ഗ്രൂപ്പുകള്‍ രൂപപ്പെടുകയും അവയുടെ സഹായത്താല്‍ കുറച്ചാളുകള്‍ രക്ഷപ്പെടുകയും ചെയ്തു. ക്യാമ്പുകളിലെ കൂട്ടക്കൊലകള്‍ പുറംലോകമറിയുന്നത് അവരിലൂടെ. രക്ഷപ്പെടുന്ന തടവുകാരുടെ ബ്ലോക്കുകളില്‍നിന്നും തിരഞ്ഞെടുത്തവരെ വധിക്കുന്നതും സാധാരണം.
ഓഷ്വിറ്റ്സില്‍നിന്നും എങ്ങനെയെല്ലാമോ രക്ഷപ്രാപിച്ചവര്‍ കൊടുത്ത വിവരങ്ങള്‍ ആദ്യഘട്ടങ്ങളില്‍ വിശ്വസനീയമായിരുന്നില്ല. ബ്രിട്ടീഷ് -കൊളംബിയന്‍ സര്‍വകലാശാലാ പ്രൊഫസ്സര്‍ റുഡോള്‍ഫ് വെര്‍ബയുടെയും സ്ലൊവാക്യന്‍ ജൂതന്‍ ആല്‍ഫ്രെഡ് വെസ്ലറുടെയും രക്ഷപ്പെടലിനു ശേഷമാണ് അതേപറ്റി പുറംലോകം ശരിയാംവണ്ണം അറിയുന്നത്. പടിഞ്ഞാറന്‍ ലോകം ആധികാരികമായി കണക്കാക്കിയത് ഇരുവരും ചേര്‍ന്നെഴുതിയ വെര്‍ബ-വെസ്‌ലര്‍ റിപ്പോര്‍ട് എന്നറിയപ്പെട്ട 32 പുറങ്ങളുള്ള രേഖകളും. 1944 ഒക്ടോബര്‍ ഏഴിന് സോണ്ടര്‍ കമാന്‍ഡോകളുടെ നേതൃത്വത്തില്‍ ബിര്‍കെനൗവില്‍ കലാപങ്ങള്‍ക്ക് മുളപൊട്ടി. പണിസാമഗ്രികളും ക്യാമ്പില്‍ നിര്‍മിച്ച ഗ്രനേഡുകളുമായി അവര്‍ നാസി സൈനികരെ കടന്നാക്രമിച്ചു. സ്ത്രീതടവുകാര്‍ ആയുധനിര്‍മാണശാലയില്‍നിന്നും കടത്തിയ സ്‌ഫോടകശേഖരം ഉപയോഗിച്ച് ക്രിമറ്റോറിയം തകര്‍ത്തു. നൂറുകണക്കിനാളുകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടിച്ചമര്‍ത്തപ്പെടുകയും ഏവരും വീണ്ടും പിടിക്കപ്പെടുകയും ചെയ്തു.
1941-44 കാലത്ത് എഴുന്നൂറോളം തടവുചാട്ട ശ്രമങ്ങളുണ്ടായി. അതില്‍ മുന്നൂറോളം പേര്‍ പുറത്തെത്തി. ബാക്കി വീണ്ടും പിടിക്കപ്പെട്ടു. തടവുചാടാന്‍ ശ്രമിച്ചവര്‍ക്കുള്ള ശിക്ഷ പട്ടിണിക്കൊലയായിരുന്നു.രക്ഷപ്പെട്ടവരുടെ ബന്ധുക്കളെ പരസ്യമായി ശിക്ഷിക്കും. തുടര്‍ന്നുള്ള ശ്രമങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ രക്ഷപ്പെട്ടവരുടെ ബ്ലോക്കിലുള്ള ഏതാനും പേരെ പരസ്യമായി കൊലപ്പെടുത്താറുണ്ടായിരുന്നു. തടവുകാരെ മൃഗസമാനമായി കണക്കാക്കിയ നാസികള്‍ തടവുകാരുടെ അതിജീവനകാംക്ഷയെ അങ്ങേയറ്റം കുറ്റകരമായി പ്രചരിപ്പിച്ചു. 1943ല്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് ക്യാമ്പുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തറിയിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വിവരങ്ങളെഴുതിയ തുണ്ടുകള്‍ ക്യാംപിന്റെ വിവിധ ഭാഗങ്ങളില്‍ കുഴിച്ചിടുകയും ഗ്യാസ്ചേംബറിന്റെയും ക്രിമറ്റോറിയത്തിന്റെയും ഫോട്ടോകള്‍ കടത്തുകയും ചെയ്തു. 1944 നവംബറില്‍ നാസികള്‍ ഗ്യാസ് ചേംബറുകള്‍ ബോംബിട്ട് തകര്‍ത്തു. മുന്നേറിക്കൊണ്ടിരിക്കുന്ന സോവിയറ്റ് സേനയില്‍നിന്നും വിവരങ്ങള്‍ മറച്ചുവെക്കാനുള്ള തന്ത്രമായിരുന്നു അത്. 1945 ജനുവരി 17ന് ജര്‍മന്‍ സേന ഓഷ്വിറ്റ്സില്‍നിന്നും പിന്‍വാങ്ങല്‍ തുടങ്ങി. അറുപതിനായിരം തടവുകാരെ 35 മൈല്‍ അകലെയുള്ള പട്ടണത്തിലേക്ക് മാര്‍ച്ച് ചെയ്യിച്ച് റെയില്‍ വഴി മറ്റു ക്യാമ്പുകളിലേക്ക് മാറ്റി. അതിനിടെ 15000 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. അതേവര്‍ഷം ജനുവരി 27ന് സോവിയറ്റ്ചെമ്പടയുടെ ഒരു ഡിവിഷന്‍ എത്തി ബാക്കിയായ 7500 പേരെ സ്വതന്ത്രരാക്കി.

മുറിവില്‍ തൊട്ടെഴുതിയ കുറിപ്പ്
1942 ആഗസ്തില്‍ പോളണ്ടിലെ ബെല്‍സെക് മരണക്യാംപ് സന്ദര്‍ശിച്ച ഭടന്‍ എഴുതിയത് ആ കാലഘട്ടത്തിന്റെ മുറിവില്‍നിന്നുള്ള ചോര തൊട്ടാണ്. വിലപിടിപ്പുള്ള വസ്തുവകകള്‍ ഏല്‍പ്പിക്കുന്ന കൗണ്ടര്‍, നൂറ് ക്ഷൗരക്കസേരയുള്ള ഹാള്‍, നൂറ്റമ്പതു മീറ്റര്‍ നീളമുള്ള ഇടനാഴി, ഇരുവശങ്ങളിലും മുള്ളുകമ്പികള്‍ കൊണ്ടുള്ള വേലി- കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പി ന്റെ ഏകദേശ ചിത്രമിതാണ്. ലെംബര്‍ഗില്‍നിന്നുള്ള ആദ്യ തീവണ്ടി പ്രതീക്ഷിച്ചിരിപ്പാണ് അധികൃതര്‍. 45 വാഗണുകളിലായി 7600 പേര്‍ എത്തി. അതില്‍ 1450 ആളുകള്‍ വഴിമധ്യേ മരിച്ചിരുന്നു. ”മുള്ളുകമ്പികളിട്ട് പ്രത്യേകം സുരക്ഷിതമാക്കിയ കിളിവാതിലുകള്‍ പോലുള്ള ജനലുകളിലൂടെ ഭയന്നുവിളറി ചോരമയം നഷ്ടപ്പെട്ട കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും കാണാമായിരുന്നു. ഉടന്‍ വലിയ ഉച്ചഭാഷിണിയിലൂടെ നിര്‍ദേശങ്ങള്‍. എല്ലാവരും പുറത്തിറങ്ങി. ഉടുവസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ചുമാറ്റണം. കൃത്രിമ പല്ലുകളും കണ്ണടകളും ഊരി അധികൃതരെ ഏല്‍പ്പിക്കണം. നാലുവയസ്സുള്ള യഹൂദ ബാലന്‍ കൊടുക്കുന്ന ചരടില്‍ ഷൂ രണ്ടുംകൂടി ഒന്നിച്ചുകെട്ടണം. പണവും വിലപിടിപ്പുള്ള സാധനങ്ങളും അവയ്ക്കായുള്ള പ്രത്യേക കൗണ്ടറില്‍ ഏല്‍പ്പിക്കണം. സ്ത്രീകളും പെണ്‍കുട്ടികളും ബാര്‍ബറുടെ അടുത്ത് പോകണം. ഒന്നോ രണ്ടോ പ്രാവശ്യത്തെ വെട്ടല്‍ കൊണ്ട് ഓരോ തലയിലെയും മുടി മുഴുവന്‍ അപ്രത്യക്ഷമാവുന്നു. വെട്ടിയ മുടി ഉരുളക്കിഴങ്ങ് നിറയ്ക്കുന്ന വലിയ ചാക്കുകളില്‍ അപ്രത്യക്ഷമാകുന്നു…” എന്ന നിലയിലാണ് മരണവിധിയുടെ ആദ്യഘട്ടം.

ചകിതരായ മനുഷ്യരെ ഉപചാരങ്ങളും പൊള്ളവാക്കുകളും കൊണ്ട് സമാധാനിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു ചില ഭടന്മാര്‍. തടവുകാരുടെമേല്‍ ഒരു മണല്‍ത്തരിപോലും വീഴില്ലെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു. നന്നായി വലിച്ച് ശ്വാസം അകത്തേക്കെടുക്കണം. ശ്വാസകോശത്തിന്റ ശേഷി കൂട്ടാനാണത്. പകര്‍ച്ചവ്യാധി തടയാനും അതാവശ്യമാണ്. ജീവിതത്തോടുള്ള ആഭിമുഖ്യത്തിന്റെ അവസാന തിരിയൂന്നി അവര്‍ ഗ്യാസ് ചേംബറിലേക്ക് ചുവടുവെച്ചു. ദുര്‍ബലമായ ശരീരവും മനസുമായി കെട്ടിനിന്നപ്പോള്‍ തുളച്ചു കയറിയ കെട്ടഗന്ധം സംഭവിക്കാന്‍ പോകുന്നതെന്തെന്ന് ചിലരെയെങ്കിലും ബോധ്യപ്പെടുത്തി. സ്റ്റോപ്പ് വാച്ച് പഠിപ്പിച്ചുവെച്ച ദിനചര്യയെന്നോണം സത്യം വിളിച്ചു പറഞ്ഞു: എല്ലാവരുടെയും മരണം ഉറപ്പായിരിക്കുന്നു. ഇടുങ്ങിയ കൊലമുറികളായതിനാല്‍ ശവങ്ങള്‍ക്ക് മറിഞ്ഞുവീഴാന്‍ പോലുമായില്ല. പലതും കരിങ്കല്‍ ശില്‍പ്പങ്ങള്‍ കണക്കെ നില്‍ക്കുന്നു. മരണം വിഴുങ്ങിയപ്പോഴും ഒരേ കുടുംബത്തില്‍പെട്ടവര്‍ പരസ്പരം കൈകോര്‍ത്തും കെട്ടിപ്പുണര്‍ന്നും നില്‍പ്പാണ്. മരണം ചൂളംവിളിക്കുന്ന ആ ഹാളില്‍ ജോലിയെടുക്കാന്‍ സന്നദ്ധരായവര്‍ക്ക് മുന്തിയ പ്രതിഫലവും ശിക്ഷയിളവുമുണ്ട്. തടവുകാരില്‍നിന്ന് പിടിച്ചുപറിച്ച വിലയേറിയ വസ്തുക്കളിലും പണത്തിലും ഒരുഭാഗം അവര്‍ക്കാണ്. വലിച്ചെറിഞ്ഞ ഷൂസും കണ്ണടകളും കുന്നുപോലെ കൂടിക്കിടക്കുന്നത് നടുക്കത്തോടെ മാത്രമേ കണ്ടു മടങ്ങാനാവൂ.
പഴയ ബാരക്കുകള്‍ ഇപ്പോള്‍ കുറച്ചേ അവശേഷിക്കുന്നുള്ളൂ. ബാക്കി സഖ്യസേന തകര്‍ത്തു കളഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിക്ക് കാവല്‍ക്കാരന്റെ വിസില്‍ മുഴങ്ങുന്നതോടെ പ്രഭാത കൃത്യങ്ങള്‍ ആരംഭിക്കും. മറയില്ലാത്ത തുറന്ന ചുരുക്കം കക്കൂസുകളിലാണ് മലമൂത്രവിസര്‍ജനം. പരമാവധി ആത്മവിശ്വാസം തകര്‍ക്കുകയാണ് അതിലൂടെ. പ്രഭാത ഭക്ഷണം ഒരുകഷണം റൊട്ടിയും ഉപ്പു സ്വാദുള്ള വെള്ളംപോലുള്ള സൂപ്പും. പിന്നെ റോള്‍കോള്‍ ഗ്രൗണ്ടിലേക്ക്. അവിടുന്നാണ് പണിക്ക് വിടുന്നത്. അനുസരണക്കേടിനുള്ള ശിക്ഷ അന്നേരമാണ്. രാത്രി ബാരക്കുകളില്‍ പലരും മരിക്കും. മാരക രോഗങ്ങളും അതിക്രൂരമായ പീഡനങ്ങളുമാണ് കാരണം. റോള്‍കോള്‍ ഗ്രൗണ്ടില്‍ ശവങ്ങളുമായിതന്നെ നില്‍ക്കണം. രാത്രിയിലെ കിടക്കല്‍ അട്ടിയിട്ടപോലെ. രോഗാതുരരും ക്ഷീണിതരുമായവരെ ഗ്യാസ് ചേംബറുകളിലേക്ക് വലിച്ചിഴക്കും. മൂന്നു ഷിഫ്റ്റുകളാണ് അവിടെ. ജഡം പുറത്തെടുത്ത് ചേംബര്‍ വൃത്തിയാക്കുന്ന പണി അടുത്ത ഊഴക്കാര്‍ക്ക്. ആ ശവങ്ങള്‍ ഉന്തുവണ്ടിയില്‍ ക്രിമറ്റോറിയത്തിലേക്ക് കൊണ്ടുപോകണം. അപ്പോള്‍ വായയിലെ പല്ലുകള്‍ തിരയും. സ്വര്‍ണം കെട്ടിയ പല്ലുകള്‍ പറിച്ചെടുക്കാനാണത്. അവ കെട്ടുകണക്കിനാണ് കടത്തിയതെന്ന് ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര ഒരഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തടവുകാരെ ഏകാന്തവാസത്തിലിടും. സസ്യങ്ങളില്‍ ചെയ്യാറുള്ളതുപോലെ ജീവനുള്ള മനുഷ്യരുടെ കൈകള്‍ വെട്ടിയെടുത്ത് ബഡ്ഡിങ് പരീക്ഷണം നടത്തിയതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വെടിയേറ്റവരും തീപൊള്ളലേറ്റവരും എത്രനേരം ജീവിക്കും എന്നറിയാനും നാസി ഭിഷഗ്വരന്മാര്‍ കാത്തിരുന്നതായും സന്തോഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
(തുടരും)

അനില്‍കുമാര്‍ എ വി

You must be logged in to post a comment Login