യൂറോപ്പിലും അറബികള്‍

യൂറോപ്പിലും അറബികള്‍

യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള മധ്യകാല അറബികളുടെ വ്യാപാര ബന്ധങ്ങള്‍ ആഴത്തില്‍ വേരുകളുള്ള കിഴക്കന്‍ വാണിജ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസങ്ങളുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലും അറബികള്‍ താമസിക്കുകയും സ്വദേശികളായ വ്യാപാരികളുമായി സ്ഥിരം വ്യാപാരം നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യൂറോപ്പിലേക്ക് പൊതുവേ അറബ് കുടിയേറ്റങ്ങളുണ്ടായില്ല. ബൈസന്റയ്ന്‍ (കിഴക്കന്‍ റോമാ സാമ്രാജ്യം) അതിര്‍ത്തി പട്ടണമായ ട്രെബിസോണ്ഡില്‍ മാത്രമാണ് ചെറുതായെങ്കിലും അറബ് വ്യാപാരികളുടെ കുടിയേറ്റം ഉണ്ടായിരുന്നത്. 711 എ ഡിയില്‍ താരിഖ് ഇബ്‌നു സിയാദ്, അദ്ദേഹത്തിന്റെ ബെര്‍ബര്‍ സേനയുമായി അന്തലൂസിന്റെ (സ്‌പെയിന്‍) അതിര്‍ത്തിയില്‍ എത്തിയതോടെ യൂറോപ്പിലേക്കുള്ള അറബ് അധീശത്വം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഒരു വലിയ പാറയുടെ അടിഭാഗത്താണ് ആദ്യം താരിഖിന്റെ കപ്പല്‍ നങ്കൂരമിട്ടത്. ഈ പാറക്കെട്ട് പിന്നീട് ജബല്‍ അല്‍താരിഖ് (താരിഖ് പര്‍വതം/ജിബ്രാള്‍ട്ടര്‍) എന്ന പേരില്‍ അറിയപ്പെട്ടു. 711 നും 718 നും ഇടക്ക് അറബികള്‍ സ്‌പെയിനിന്റെ അറ്റത്തുള്ള പൈറനീസ് വരെ എത്തി. അതോടെ മെഡിറ്ററേനിയന്റെ (മധ്യ ധരണണ്യാഴി) അതിര്‍ത്തികള്‍ പുനഃക്രമീകരിച്ചു. മധ്യ കിഴക്കന്‍, വടക്കന്‍ ആഫ്രിക്കന്‍ പ്രവിശ്യകളുടെ നിയന്ത്രണം ബൈസാന്റിയത്തിന് നഷ്ടമായി. ഇസ്‌ലാമിന്റെ ആഗമത്തിനു മുമ്പ് മെഡിറ്ററേനിയന്‍ കടലിലെ ഭൂരിഭാഗം ദ്വീപുകളും ബൈസന്റയിന്റെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോള്‍ മെഡിറ്ററേനിയന്‍ ദ്വീപുകളായ ക്രീറ്റ, റോഡസ്, സൈപ്രസ്, സാര്‍ഡിനിയ, മാള്‍ട്ട, കോര്‍സിക്ക, ബലേറിക് ദ്വീപുകള്‍ അറബികളുടെ നിയന്ത്രണത്തിലായി. മെഡിറ്ററേനിയന് ചുറ്റുമുണ്ടായിരുന്നത് മുസ്‌ലിം രാജ്യങ്ങളായ സിറിയ, ഈജിപ്ത്, ആഫ്രിക്ക, സ്‌പെയിന്‍ എന്നിവയാണ്. അത് പിന്നീട് ഒരു അറബ് തടാകമായി മാറി.

ഈ കാലയളവില്‍ മെഡിറ്ററേനിയന്‍ കച്ചവടവും കപ്പല്‍ യാത്രയും അറബികളാണ് നിയന്ത്രിച്ചിരുന്നത്. മധ്യകാല യൂറോപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരമാര്‍ഗമായിരുന്നു മുസ്‌ലിം സ്‌പെയിന്‍. കുരിശ് യുദ്ധത്തിന് മുമ്പ് ഇറ്റാലിയന്‍ നഗരങ്ങളായ ജെനോവ, അമാല്‍ഫി, വെനീസ് എന്നീ പ്രദേശങ്ങള്‍ ഈജിപ്ത്, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു. സ്‌പെയിനിലെ അറബ് വിജയത്തോടെ മുസ്‌ലിംകളും യഹൂദരും ചേര്‍ന്ന് സ്പാനിഷ് വാണിജ്യം കുത്തകവത്കരിക്കുകയും ഒരു സംഘടിത സാമ്പത്തിക ജീവിതം ഉണ്ടാക്കുകയും ചെയ്തു. ക്രിസ്തീയ സ്‌പെയിന്‍, ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥക്ക് ചുറ്റുമാണ് കറങ്ങിയിരുന്നത്. ഏകദേശം അഞ്ച് നൂറ്റാണ്ടോളം സ്‌പെയിനിന് അറബി അല്ലെങ്കില്‍ ഫ്രഞ്ച് നാണയമല്ലാതെ മറ്റൊരു നാണയമില്ലായിരുന്നു. സ്‌പെയിനിലെ അറബികളും സ്പാനിഷ് ക്രിസ്ത്യാനികളും തമ്മില്‍ പരസ്പര വിവാഹം ചെയ്യുന്നത് വളരെ സാധാരണമായിരുന്നു. അതുകൂടാതെ അടിമകളായ സ്വദേശികളായ സ്ത്രീകളെ അറബികളുടെ കുടുംബത്തില്‍ കൊണ്ടുവന്ന് അവരുടെ മക്കളുടെ അമ്മമാരായി നിയമിച്ചു. എന്നാല്‍ ഈ ബന്ധം വഴി ആഫ്രിക്കയിലെ സ്വാഹിലികള്‍, കൊങ്കണ്‍ തീരത്തുള്ള കൊങ്കണി മുസ്‌ലിംകള്‍, കാനറ തീരത്തുള്ള നാവായത്തുകള്‍, മലബാര്‍ തീരത്തുള്ള മാപ്പിളമാര്‍ പോലുള്ള പുതിയ സമുദായമോ സംസ്‌കാരമോ രൂപം കൊണ്ടില്ല.

എട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സ്‌പെയിനില്‍ അറബികള്‍ രാഷ്ട്രീയ ശക്തി സ്ഥാപിച്ചെങ്കിലും യൂറോപ്പിലെ മറ്റുള്ള രാജ്യങ്ങളുമായി വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ വ്യാപകമായത് പതിനൊന്നാം നൂറ്റാണ്ടില്‍ മാത്രമാണ്. യഹൂദര്‍ അക്കാലത്തെ ഒരു വാണിജ്യ സമൂഹം മാത്രമായിരുന്നെങ്കിലും ക്രിസ്ത്യന്‍ മുസ്‌ലിം നാഗരികതകളുടെ കണ്ണികളായി അവര്‍ വര്‍ത്തിച്ചു. ഈ യഹൂദര്‍ രദ്ഹാനിയ്യ വ്യാപാരികള്‍ എന്നറിയപ്പെട്ടു. ഇവര്‍ നപുംസകങ്ങള്‍, അടിമകള്‍, കമ്പിളി രോമങ്ങള്‍, തേന്‍, മെഴുക്, വിവിധയിനം പരുന്തുകള്‍, ആപ്പിള്‍മരം, അമ്പര്‍ എന്നിവയും കുതിരകളെയും യൂറോപ്പില്‍ നിന്ന് അറബ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. അതേ വ്യാപാരികള്‍ യൂറോപ്പിലേക്ക് മസ്‌ക്, കറ്റാര്‍വാഴ, കര്‍പ്പൂരം, കറുവാപ്പട്ട എന്നിവയും സമാനമായ ഉല്‍പന്നങ്ങളും എത്തിച്ചു. ആദ്യകാല കുരിശു യുദ്ധക്കാലത്ത് ചില തടസ്സങ്ങള്‍ വന്നത് ഒഴിച്ചാല്‍ പതിനൊന്നാം നൂറ്റാണ്ട് മുതല്‍ അറബികള്‍ ക്രിസ്തീയ യൂറോപ്പുമായി സജീവമായ വാണിജ്യ ബന്ധങ്ങള്‍ കൈകാര്യം ചെയ്തു. ഏകദേശം അഞ്ച് നൂറ്റാണ്ടുകള്‍ക്ക് ശേഷം യൂറോപ്യന്‍ വിപണിയില്‍ ചൈന, ഇന്ത്യ, ആഫ്രിക്ക, ഇസ്‌ലാമിക സാമ്രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രകൃതി-വ്യവസായ ഉല്‍പന്നങ്ങള്‍ അറബ് വ്യാപാരികള്‍ യൂറോപ്പില്‍ വിതരണം ചെയ്തു. സൗന്ദര്യവും കലാമൂല്യവുമുള്ള നേര്‍ത്ത വസ്ത്രങ്ങള്‍, കമ്പിളി, പരവതാനി എന്നീ ഇസ്‌ലാമിക് ഉല്പന്നങ്ങള്‍ക്ക് യൂറോപ്പില്‍ നല്ല പ്രിയമായിരുന്നു. മധ്യകാല യൂറോപ്പില്‍ ഉല്പന്നങ്ങള്‍ വരുന്ന സ്ഥലത്തിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ‘ഡമാസ്‌ക്’ ഡമാസ്‌കസില്‍ നിന്നും ഫുസ്താതിയന്‍ ഈജിപ്തിലെ ഫുസ്താതില്‍ (കയ്‌റോ) നിന്നും മസ്‌ലിന്‍ ഇറാഖിലെ മൊസൂളില്‍ നിന്നും ‘ബാല്‍ടാഗോ ‘എന്ന സമ്പന്നമായ പട്ട് തുണികള്‍ ബാഗ്ദാദില്‍ നിന്നും എത്തി. ഇറ്റലിക്കാര്‍ ബാഗ്ദാദിനെ ബല്‍ടാകോ എന്നാണ് വിളിച്ചിരുന്നത്. ഗ്രാനഡയില്‍ നിന്ന് കൊണ്ടുവന്ന വസ്ത്ര സാമഗ്രികള്‍ ‘ഗ്രനേഡൈന്‍സ്’ എന്ന് വിളിക്കപ്പെട്ടു. പേര്‍ഷ്യയിലെ തഫ്താഹില്‍ നിന്ന് വന്ന തുണിത്തരങ്ങള്‍ തെഫെറ്റ എന്നും ബാഗ്ദാദിലെ അത്താബിയന്‍ മേഖലയില്‍ നിന്ന് വന്നവ അട്ടാബി സില്‍ക് എന്നും അിറയപ്പെട്ടു. ജര്‍മന്‍ ചക്രവര്‍ത്തിമാര്‍ അറബി ലിഖിതങ്ങളുള്ള മേലങ്കി ഉണ്ടാക്കുവാന്‍ ഏര്‍പ്പാട് ചെയ്തു. ക്രിസ്ത്യാനികള്‍ തിരിച്ച് പിടിച്ചിട്ടും ഇസ്‌ലാമിക കലയും വ്യവസായവും യൂറോപ്പില്‍ ബാക്കിയായി. യൂറോപ്യന്‍ വിപണികളില്‍ അറബ് ചരക്കുകള്‍ നിറഞ്ഞതുപോലെ, അറബ് പദങ്ങള്‍ യൂറോപ്പ്യന്‍ ഭാഷകളിലും അവയുടെ വാണിജ്യ പദാവലിയിലും സ്ഥാനം പിടിച്ചു.

പത്താം നൂറ്റാണ്ട് മുസ്‌ലിം സ്‌പെയിനിന്റെ സുവര്‍ണ്ണകാലമായിരുന്നു. അബ്ദുല്‍റഹ്മാന്‍ മൂന്നാമന്റെ (912961) കാലത്ത് സ്‌പെയിന്‍ സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും നിറഞ്ഞ ലോകശക്തിയായി വികസിച്ചു. കൃഷി, വ്യവസായം എന്നിവയും വികാസം പ്രാപിച്ചു. സ്പാനിഷ് അറബികള്‍ അവരുടെ രാജ്യത്തിന് കാര്‍ഷിക വസ്തുക്കള്‍ മാത്രമല്ല, പശ്ചിമേഷ്യയില്‍ നടപ്പാക്കിയ വിപുലമായ കാര്‍ഷിക രീതികളും ജലസേചന മാര്‍ഗവും പരിചയപ്പെടുത്തി. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട സ്പാനിഷ് വാക്കുകളില്‍ പലതും അറബിയില്‍ നിന്ന് വായ്പ എടുത്തതാണ്. കനാലിന്റെ സ്പാനിഷ് വാക്കായ എക്വിയ (Acequia) ഉരുത്തിരിഞ്ഞത് ‘അല്‍- സാഖിയ’ എന്ന അറബി വാക്കില്‍ നിന്നാണ്. അരിയുടെ അറബി പദമായ ‘അല്‍-അറുസ്’ സ്പാനിഷ് ഭാഷയില്‍ ‘അരോസ്’ ആയി. ശീമ ബദാം പഴം (ആപ്രിക്കോട്ട്) അറബികളുടെ ‘അല്‍ ബര്‍ഖൂഖ്’ (Al Barquq)ആണ്. ‘റുമാന്‍’ (ഉറുമാന്‍ പഴം) സ്പാനിഷില്‍ ‘റൊമാന്യ’. അറബികളുടെ പരുത്തിയ്ക്ക് അല്‍ ഖുത്ന്‍ എന്നത് സ്പാനിഷ് ഭാഷയില്‍ ‘അല്‍ഗോദോണ്‍ (algodon)എന്നും അറബികളുടെ കുങ്കുമം (Al Zafran) സ്പാനിഷില്‍ ‘അസ്ഫറാന്‍’ (Azfaran) എന്നിങ്ങനെയാണ്. തുണി, തുകല്‍ വ്യവസായം, മണ്‍പാത്ര നിര്‍മാണം, ടൈല്‍, ആയുധ നിര്‍മാണം എന്നീ വ്യവസായങ്ങള്‍ ഖലീഫമാര്‍ സ്‌പെയിനില്‍ വികസിപ്പിച്ചെടുത്തു. ചൈനീസ് കുത്തക വ്യവസായമായ പട്ടുനൂല്‍ കൃഷി സ്‌പെയിനില്‍ അവതരിപ്പിച്ചതും അത് വളര്‍ത്തിയതും അറബികളാണ്. കോര്‍ദോവയിലെ തുകല്‍ നിര്‍മാണ ശാലകള്‍ കൊര്‍ദാവന്‍ അല്ലെങ്കില്‍ കൊര്‍ദേവെയിന്‍ എന്നറിയപ്പെട്ടു. സ്‌പെയിനില്‍ നിന്ന് ഊറയ്ക്കിട്ടതും ചിത്രപ്പണി ചെയ്തതുമായ തുകല്‍ മോറോക്കോ വഴി ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ എത്തി. കലാറ്റയാട്, മലയ, വലെന്‍ഷ്യ എന്നിവിടങ്ങളിലെ കുശവന്മാര്‍ നിര്‍മിച്ച തിളക്കമുള്ള മണ്‍പാത്രങ്ങള്‍, ചൈനീസ് കളിമണ്‍ പാത്രങ്ങളോട് കിടപിടിച്ചു. അലക്‌സാണ്ട്രിയ, കോണ്‍സ്റ്റാന്റിനോപ്ള്‍ വഴി പരുത്തി, ഒലിവ് ഓയില്‍, അത്തിപ്പഴം, കുങ്കുമം, മാര്‍ബിള്‍, പഞ്ചസാര എന്നീ സ്പാനിഷ് ഉല്പന്നങ്ങള്‍ ഇന്ത്യയിലേക്കും മധ്യ ഏഷ്യയിലേക്കും കയറ്റുമതിചെയ്തിരുന്നു.
1095 എ ഡിയില്‍ തുടങ്ങി 1247 വരെ നീണ്ടുനിന്ന കുരിശു യുദ്ധങ്ങള്‍ കിഴക്കും പടിഞ്ഞാറുമായുള്ള നേരിട്ടുള്ള ബന്ധത്തിന് അവസരം തുറന്നുകൊടുത്തു. പല കുരിശു യുദ്ധങ്ങളും മതപരമായ ഉദ്ദേശ്യങ്ങള്‍ മാത്രം മുന്‍നിറുത്തിയല്ല നടന്നത്. അതില്‍ തന്നെ പിസ, വെനീസ്, ജിനോവ എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്ക് വാണിജ്യപരമായ താല്പര്യങ്ങള്‍ ഉണ്ടായിരുന്നു. കുരിശുയുദ്ധത്തിന്റെ പ്രാഥമികവും ഏറ്റവും ഫലവത്തായതുമായ ഘടകം പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള കിഴക്കന്‍ രാജ്യങ്ങളുടെ പ്രവേശനമാണ്. ഇത് വ്യാപാരത്തിന്റെയും പട്ടണങ്ങളുടെയും വളര്‍ച്ച ഊര്‍ജിതമാക്കി. കിഴക്കന്‍ വ്യാവസായിക ജീവിതത്തെക്കുറിച്ച് പടിഞ്ഞാറിനു കൂടുതല്‍ പരിചിതമാകുകയും ചെയ്തു. വെനീഷ്യക്കാര്‍ കുരിശുയുദ്ധകാലത്താണ് ജറൂസലമില്‍ അവരുടെ ആദ്യ സ്വര്‍ണനാണയമായ, ‘ബൈസന്തിനി സാരസന്റായി’ (റോമന്‍ അറേബ്യന്‍) അടിച്ചത്. ഈ സ്വര്‍ണനാണയത്തില്‍ അറബി ലിഖിതങ്ങള്‍, ഖുര്‍ആനില്‍ നിന്നുള്ള ലഘുവാചകം, പ്രവാചകന്റെ വചനം, ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനമാക്കിയുള്ള തീയതി എന്നിവ മുദ്രണം ചെയ്തിരുന്നു. അരി, ചോളം, എള്ള്, നാരങ്ങ, തണ്ണിമത്തന്‍, ആപ്രിക്കോട്ട് എന്നിവ ഈ കാലത്ത് പടിഞ്ഞാറന്‍ നാടുകളില്‍ പ്രചരിപ്പിക്കപ്പെട്ടു. കുരിശുയുദ്ധം കഴിഞ്ഞ് യൂറോപ്പില്‍ മടങ്ങിയെത്തിയ പട്ടാളക്കാര്‍ പൗരസ്ത്യ ഉല്പന്നങ്ങളായ കമ്പിളി, പരവതാനി, കര്‍ട്ടണുകള്‍, ഗ്ലാസ് വെയര്‍, തുണികള്‍ തുടങ്ങിയവ കൊണ്ടുവന്നതോടെ പൗരസ്ത്യന്‍ അനുകരണം വ്യാപകമായി. ഇത് പൗരസ്ത്യവ്യാപാരത്തിന്റെ പ്രിയം വര്‍ധിപ്പിച്ചു.

പതിനൊന്നാം നൂറ്റാണ്ടില്‍ ഉമവി ഖിലാഫത്തിന്റെ തകര്‍ച്ചയോടു കൂടി തുടങ്ങിയ സ്‌പെയിനിന്റെ ക്രിസ്തീയ വിജയം പ്രായോഗികമായി പൂര്‍ത്തിയായത് പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന ഗ്രാനഡയൂടെ തകര്‍ച്ചയിലൂടെയാണ്. ഗ്രാനഡ ഗോപുരത്തിന്റെ മുകളില്‍ ചന്ദ്രക്കല മാറ്റി കുരിശ് സ്ഥാപിച്ചത് 1492ല്‍. സ്‌പെയിനിന്റെ അവസാന സുല്‍താന്‍ അബൂഅബ്ദുല്ല, ഫെര്‍ഡിനാന്‍ഡ് രാജാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി തന്റെ രാജ്യത്തോട് വിട പറയുവാന്‍ നിശബ്ദതയോടെ ഒരു പാറയുടെ ഉയരത്തില്‍ കയറി. അവിടെ നിന്ന് സ്‌പെയിനിലേക്ക് തന്റെ അവസാന ദൃഷ്ടി പായിച്ച ശേഷം സ്‌പെയിന്‍ വിട്ടു. ഈ പാറയ്ക്ക് എല്‍ അല്‍ട്ടിമോ ആന്റ് സസ്പിറോ ദെല്‍ മോറോ (El Ultimo and Suspiro del Moro), മുസല്‍മാന്റെ അവസാനത്തെ നെടുവീര്‍പ്പ്, എന്നാണ് പേര്. പതിനേഴാം നൂറ്റാണ്ടില്‍ ഫിലിപ്പ് മൂന്നാമന്റെ ഉത്തരവനുസരിച്ച് സ്പാനിഷ് മണ്ണില്‍ നിന്നും മുസ്ലിംകളെ അവസാനമായി പുറത്താക്കുമ്പോഴും അറബികള്‍ ഭരിച്ചിടത്തെല്ലാം അവരുടെ സംസ്‌കാരം വേരുറച്ചിരുന്നു.

(തുടരും)

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login