ട്രംപിന്റെ യുദ്ധക്കൊതിയും ഇറാന്റെ പ്രതികാരദാഹവും

ട്രംപിന്റെ യുദ്ധക്കൊതിയും ഇറാന്റെ പ്രതികാരദാഹവും

വിനാശകരമായ ഒരു യുദ്ധമുഖം തുറക്കാന്‍ ഒരു കൊലപാതകം മതി എന്ന് തെളിയിച്ചത് ഒന്നാംലോകയുദ്ധത്തോടെയാണ്. ആസ്ട്രിയന്‍ രാജകുമാരന്‍ ഫ്രാന്‍സിസ് ഫെര്‍ഡിനാന്‍ഡ് ഒരു സെര്‍ബിയന്‍ പൗരന്റെ കൈയാല്‍ ബോസ്നിയയില്‍ വെച്ച് കൊല്ലപ്പെട്ടത് 1914ജൂലൈ 28ന് ആസ്ട്രിയ സെര്‍ബിയയോട് യുദ്ധം പ്രഖ്യാപിക്കാന്‍ നിമിത്തമായി. 1918വരെ നീണ്ടുനിന്ന ആ യുദ്ധമാണ് ലോകത്തിന്റെ ഭൂപടം മാറ്റിവരച്ചതും ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നതും കുടുതല്‍ വിനാശകരമായ മറ്റൊരു ലോകക്രമത്തിന് അടിത്തറ പാകിയതും. ഒരുനൂറ്റാണ്ട് പിന്നിടുമ്പോള്‍ മറ്റൊരു നിഷ്ഠുര കൊലപാതകം യുദ്ധം അവസാനിക്കാത്ത പശ്ചിമേഷ്യയുടെ പടനിലങ്ങളിലേക്ക് തിരിച്ചുവരുകയാണോ എന്ന് ഉത്കണ്ഠാകുലമാവുകയാണ് ലോകം. ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ വിദേശഘടകമായ ഖുദ്സ് സേനയുടെ തലവന്‍ ജനറല്‍ ഖാസിം സുലൈമാനി ജനുവരി മൂന്നിന് പുലര്‍ച്ചെ ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് യു.എസ്. -ഇറാന്‍ പോരാട്ടം ഒരുതുറന്ന യുദ്ധത്തിലേക്ക് വഴിതിരിച്ചുവിടുമോ എന്ന ചോദ്യം ബാക്കിയാക്കുന്നു.

ഇറാനെ സംബന്ധിച്ചിടത്തോളം ഖാസിം സുലൈമാനിയുടെ കൊലപാതകം മാപ്പര്‍ഹിക്കാത്തതാണ്. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ആഗോളരാഷ്ട്രീയത്തില്‍, വിശിഷ്യാ മേഖലയിലെ പ്രക്ഷുബ്ധാന്തരീക്ഷത്തില്‍ സൈനിക ബലാബലങ്ങളുടെ നടുവില്‍ ഇറാന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയും വന്‍ശക്തികളോട് പൊരുതുന്നതില്‍ സൈനികകരുത്ത് പ്രാപ്തമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്തത് ജനറല്‍ ഖാസിമാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ തോല്‍പിക്കുന്നതിലും മിഡില്‍ ഈസ്റ്റില്‍ അമേരിക്കയോട് മല്ലടിച്ച് ശിയാതാല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിലും മുന്നണിപ്പോരാളിയായി വര്‍ത്തിക്കുകയും ചെയ്ത ഖാസിം സുലൈമാനിയുടെ കൊല പോലെ ഒരു ആഘാതം സമീപകാലത്തൊന്നും ഇറാന്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ല. ഡമസ്‌ക്കസില്‍നിന്ന് ബഗ്ദാദ് വിമാനത്താവളത്തിലിറങ്ങി വാഹനവ്യൂഹത്തിലൂടെ കടന്നുപോകുന്നതിനിടയിലാണ് ലക്ഷ്യം തെറ്റാത്ത എംക്യൂ-9 റീപ്പര്‍ ഡ്രോണില്‍നിന്ന് തൊടുത്തുവിട്ട മിസൈല്‍ ജനറല്‍ ഖാസിമിനെയും ഇറാഖിലെ ഏതാനും ഉദ്യോഗസ്ഥരെയും വകവരുത്തിയത്. സംഭവം നടന്ന ഉടന്‍ പെന്റഗണ്‍ തുറന്നുപറഞ്ഞു; പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണീ ഓപ്പറേഷനെന്ന്. മറുനാടുകളിലുള്ള അമേരിക്കന്‍ സൈനികരുടെ ജീവന്‍ ജനറല്‍ ഖാസിമില്‍നിന്ന് രക്ഷിച്ചെടുക്കാനുള്ള പ്രതിരോധ നടപടിയാണിതെന്ന്.

ഖാസിമിന്റെ ദൈവത്തിലേക്കുള്ള മടക്കം അദ്ദേഹത്തിന്റെ പാതയുടെയോ ലക്ഷ്യത്തിന്റെയോ അന്ത്യമല്ലെന്നും അദ്ദേഹത്തിന്റെയും മറ്റു രക്തസാക്ഷികളുടെയും ചോര ഏത് ക്രിമിനലുകളുടെ കരങ്ങളിലാണ് പുരണ്ടിരിക്കുന്നത് അവര്‍ക്കെതിരെ ശക്തമായ പ്രതികാരം കാത്തിരിക്കുന്നുണ്ടെന്നും ഇറാന്റെ ആത്മീയാചാര്യന്‍ ആയത്തുല്ല ഖാംനഇ മുന്നറിയിപ്പ് നല്‍കിയതോടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി കനത്തു.

ആരുടെ പദ്ധതി?
ജനറല്‍ ഖാസിം സുലൈമാനിയുടെ കഥ കഴിക്കാനുള്ള പദ്ധതി അമേരിക്കയുടേത് മാത്രമാണോ? അങ്ങനെ കരുതാന്‍ നിവൃത്തിയില്ല. യു.എസ്.-ഇസ്രായേല്‍-സൗദി അച്ചുതണ്ടിന്റെ വളരെ നാളത്തെ ആസൂത്രണമാവാം ഇറാന്റെ സൈനിക നെടുംതൂണായി വര്‍ത്തിക്കുന്ന ഖുദ്സ് സേനയുടെ തലവന്റെ അന്ത്യം. ഇറാന്‍ വിരുദ്ധ ക്യാമ്പില്‍ സുലൈമാനിയുടെ മരണം ആഹ്ലാദത്തോടെയാണ് കൊണ്ടാടിയത്. സൗദി അറേബ്യ വല്ലാത്ത ആഹ്ലാദത്തിമര്‍പ്പിലായിരുന്നു. സല്‍മാന്‍ രാജാവിന്റെ മക്കള്‍ നിയന്ത്രിക്കുന്ന അറബ്ന്യൂസ് പത്രം മുഖ്യതലക്കെട്ടായി നല്‍കിയത് ഇങ്ങനെ: ‘He will kill No More’-ഇനി അയാള്‍ ആരെയും കൊല്ലില്ല. പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ചീഫ് ഫൈസല്‍ ജെ.അബ്ബാസ് മുഖപേജില്‍ ഖാസിം സുലൈമാനിയുടെ കൊല നാടകീയമായി അവതരിപ്പിച്ചുതുടങ്ങിയത് ഇങ്ങനെ: ‘ഒടുവില്‍ അദ്ദേഹം ജീവിച്ചത് പോലെ മരിച്ചിരിക്കുന്നു. ഹിംസയുടെയും രക്തച്ചൊരിച്ചിലിന്റെയും മധ്യേ. ഇക്കുറി അദ്ദേഹത്തിന്റെതല്ലാത്ത കരങ്ങള്‍ വഴിയെന്ന് മാത്രം.’ ഇറാനും ശീഈലോകവും അങ്ങേയറ്റത്തെ ആദരവോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്ന ഖാസിം സുലൈമാനിയെ ഭീകരവാദികളായ ഉസാമാബിന്‍ ലാദിന്റെയും അബൂബക്കര്‍ ബഗ്ദാദിയുടെയും ഗണത്തിലാണ് ഇദ്ദേഹം ഉള്‍പ്പെടുത്തുന്നത്. അത്രമാത്രം വിരോധം മുറ്റിനില്‍ക്കുന്നുണ്ട് സൗദി എഡിറ്ററുടെ വാക്കുകളില്‍. 15വര്‍ഷമായി ഇറാന്റെ വിപ്ലവാശയങ്ങള്‍ ഇറാനുപുറത്ത് പ്രസരിപ്പിക്കുന്നതിലും സ്വാധീനകേന്ദ്രങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും ഈ സൈനികത്തലവന്‍ വഹിച്ച പങ്ക് ഏറ്റവും കൂടുതല്‍ പൊറുതിമുട്ടിച്ചത് അയല്‍രാജ്യങ്ങളായ സൗദിയെയും ഇസ്രയേലിനെയുമാണ്. പശ്ചിമേഷ്യയില്‍ യു.എസ്-സൗദി സ്വാധീനമേഖല തീര്‍ത്തപ്പോഴെല്ലാം അതിനു തടയിടാന്‍ ആത്മീയനേതാവ് ഖാംനഇയുടെ വലംകൈയായും മനസ്സാക്ഷി സൂക്ഷിപ്പുകാരനായും വര്‍ത്തിച്ച ഖാസിം ഹുസൈന്‍ വലിയ പങ്കാണത്രെ വഹിച്ചത്.

സാധാരണ കുടുംബത്തില്‍നിന്ന് പടിപടിയായി ഉയര്‍ന്നുവന്ന ഖാസിം സുലൈമാനി ഇറാന്‍ ജനതയുടെ മുന്നില്‍ ഒരു ‘കള്‍ട്ട്ഫിഗറാണ്’. ഇറാന് പുറത്ത് നാല് തലസ്ഥാനനഗരികളില്‍ തെഹ്റാന്റെ സ്വാധീന ശേഷി വര്‍ധിപ്പിച്ച, ശിയാവിഭാഗത്തെ ഏകോപിപ്പിച്ച കരുത്തനായ അമരക്കാരനായി മുമ്പേ അദ്ദേഹംവാഴ്ത്തപ്പെട്ടിരുന്നു. അതുകൊണ്ട് വിപ്ലവാനന്തര ഇറാനില്‍ ഒരു സൈനിക മേധാവിക്കും ലഭിക്കാത്ത ആദരവും അംഗീകാരവുമാണ്ഇദ്ദേഹം നേടിയെടുത്തത്. യു.എസ് സഖ്യസേനയുടെ പേടിസ്വപ്നമായിരുന്നു ഖാസിം. സദ്ദാം ഹുസൈന്റെ തിരോധാനത്തിനുശേഷം വിവിധ തല്‍പരഗ്രൂപ്പുകള്‍ പരസ്പരം പോരാടിയ ഘട്ടത്തില്‍, ശിയാ മിലിഷ്യക്ക് ആയുധവും ദിശാബോധവും നല്‍കി മേല്‍കൈ നേടിക്കൊടുത്തത് ഖാസിം സുലൈമാനിയുടെ ബുദ്ധിയാണ്. ഇറാന്റെ പാവസര്‍ക്കാരായ ബഗ്ദാദ് ഭരണത്തിനെതിരെ ജനം തെരുവിലിറങ്ങിയപ്പോള്‍ അത് അടിച്ചമര്‍ത്തിയത് നൊടിയിട കൊണ്ട് പറന്നെത്തിയ ഖാസിം ഹുസൈന്റെ സൈനികകരുത്താണെന്നാണ് വിലയിരുത്തപ്പെട്ടത്. 450 ഇറാഖി സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഇദ്ദേഹത്തിന്റെ തലയിലാണ് സൗദിഭരണകൂടം വെച്ചുകെട്ടിയത്. സിറിയയില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്ന് എല്ലാവരും കണക്കുകൂട്ടിയ ബശാറുല്‍ അസദിനെ അധികാരത്തില്‍ പിടിച്ചുനിറുത്തുന്നതില്‍ ഇദ്ദേഹത്തിന് വലിയ റോളുണ്ടായിരുന്നു. ലബനാനിലെ ഹിസ്ബുല്ലയും ഖാസിം സുലൈമാനിയുടെ ഖുദ്സ് സേനയും ബശാറിന് പകര്‍ന്ന കരുത്ത് ചില്ലറയായിരുന്നില്ല. അതുപോലെ യമനില്‍ ഹൂതിപോരാളികള്‍ക്ക് ആയുധവും അര്‍ഥവും നല്‍കി, പിടിച്ചുനില്‍ക്കാന്‍ കരുത്തുപകര്‍ന്നതില്‍ ഖുദ്സ് സേനാതലവന് അനിഷേധ്യ പങ്കുണ്ടെന്നാണ് ആരോപിക്കപ്പെടുന്നത്. ചുരുക്കത്തില്‍ അമേരിക്കന്‍ സൈനികരുടെയും പൗരന്മാരുടെയും ജീവസുരക്ഷയ്ക്കപ്പുറം മേഖലയില്‍ സൗദിയുടെയും ഇസ്രയേലിന്റെയും സ്വാധീനശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കൊലപാതകമാണിത് എന്ന് കരുതേണ്ടിയിരിക്കുന്നു. സുലൈമാന്റെ വധം മൂന്നാംലോകയുദ്ധത്തിന് വഴിതുറന്നിട്ടേക്കാമെന്ന ആശങ്ക ലോകരാജ്യങ്ങള്‍ പരസ്പരം പങ്കുവെച്ചപ്പോള്‍ ട്രംപ് പറഞ്ഞത് കേട്ടില്ലേ? ‘സുലൈമാനെ കൊന്നത് ഒരു യുദ്ധം അവസാനിപ്പിക്കാനാണ്; അല്ലാതെ, ഒന്ന് തുടങ്ങാനല്ല’. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഖാസിം സുലൈമാനിയുടെ ജീവനെടുക്കാന്‍ അമേരിക്കയും ഇസ്രയേലും ഇറാന്‍ ശത്രുക്കളും പഠിച്ച പണി പതിനെട്ടും പുറത്തെടുത്തിട്ടും സാധിച്ചിരുന്നില്ല.

യു.എസ് പ്രസിഡന്റിന്റെ ജല്‍പനങ്ങള്‍ക്കൊത്ത് ആഗോളരാഷ്ട്രീയം ചലിക്കുമെന്ന് കരുതുന്നത് മൗഢ്യമാവാം. ഒരുവേള വൈറ്റ്ഹൗസിനെയും പെന്റഗണിനെയും മുള്‍മുനയില്‍ നിര്‍ത്തുകയും അമേരിക്കയുടെ താന്‍പ്രമാണിത്തത്തെ പകല്‍വെളിച്ചത്തില്‍ വെല്ലുവിളിക്കുകയും ചെയ്ത ഇറാന്‍ വന്‍ശക്തികള്‍ വരച്ചവരയില്‍ നില്‍ക്കാന്‍ തയാറല്ല. ഇറാനുമായി യുദ്ധത്തിലേര്‍പ്പെടാന്‍ അമേരിക്കക്ക് ധൈര്യമോ ചങ്കൂറ്റമോ ഇല്ല എന്നാണ് കരസേന മേധാവി അബ്ദുറഹീം മൂസ്വി വെല്ലുവിളിക്കുന്നത്. അമേരിക്കയാവട്ടെ, പ്രകോപനപരമായ നീക്കങ്ങളിലൂടെ ഇറാനെ കൂടുതല്‍ ചൊടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. യുദ്ധത്തിന് വാതില്‍ തുറന്നിട്ടാല്‍ ഇറാന്റെ 52 കേന്ദ്രങ്ങള്‍ തങ്ങള്‍ ഉന്നമിട്ടിട്ടുണ്ടെന്നും എല്ലാം തവിടുപൊടിയാക്കുമെന്നും ട്രംപ് തുറന്നടിക്കുമ്പോള്‍, ചരിത്രനഗരമായ ഖുമ്മിലെ ജംകറാന്‍ പള്ളിയുടെ താഴികക്കുടത്തിന് മുകളില്‍ ചുവന്നകൊടി നാട്ടി യുദ്ധപ്രഖ്യാപനം നടത്താന്‍ ഇറാന്‍ മുതിര്‍ന്നത് അയല്‍രാജ്യങ്ങളെ മുള്‍മുനയില്‍ നിറുത്തിയിരിക്കയാണ്. ഇസ്‌ലാമിക വിപ്ലവാനന്തരം ഇറാന്‍ യു.എസ്.നയതന്ത്രഉദ്യോഗസ്ഥരില്‍ 52പേരെ ബന്ദിയാക്കിയതിന്റെ ഓര്‍മ വെച്ചാണ് ട്രംപ് യുദ്ധലക്ഷ്യങ്ങളെക്കുറിച്ച് ആക്രോശിക്കുന്നത്. ആരും ഒന്നുംമറന്നിട്ടില്ല എന്ന് ചുരുക്കം. രണ്ടു ഗള്‍ഫ് യുദ്ധങ്ങളും ഇറാന്‍-ഇറാഖ് യുദ്ധവും ഐ.എസ് ഭീകരവാദികളെ ഉന്മൂലനം ചെയ്യാനുള്ള നീണ്ട യുദ്ധങ്ങളും പെരും നാശനഷ്ടങ്ങള്‍ വിതച്ച ഒരുമേഖലയില്‍ വീണ്ടും പടഹധ്വനി ഉയരുമ്പോള്‍ ചങ്കിടിപ്പോടെയാണ് രാജ്യങ്ങളും ജനതകളും അത് ശ്രവിക്കുന്നത്. പക്ഷേ, പശ്ചിമേഷ്യയില്‍നിന്ന് ഒരിക്കലും സൈന്യത്തെ പിന്‍വലിക്കാനോ രാജ്യങ്ങളെ സ്വസ്ഥമായി വാഴാനോ അനുവദിക്കാത്ത ‘പാരസൈറ്റുകളായ’ വന്‍ശക്തികള്‍ക്ക് ഇത് കേവലമൊരു കളിക്കളമാണ്. നാഗരികതകളെ പരിപാലിച്ചുപോറ്റിയ ഫലഭൂയിഷ്ട മണ്ണില്‍ സര്‍വനാശത്തിന്റെയും വിത്തുകള്‍ വിതക്കാനും അതുവഴി അറബ്-ഇസ്‌ലാമിക രാജ്യങ്ങളെ തമ്മില്‍ത്തല്ലിക്കാനും ചോരചിന്തുന്നിടത്ത് ചെന്ന് അതൂറ്റിക്കുടിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇവരെ സംബന്ധിച്ചിടത്തോളം ഓരോയുദ്ധവും. സമാധാനത്തിന്റെ ഇടവേള യുദ്ധക്കപ്പലുകള്‍ തുറമുഖങ്ങളിലടുപ്പിക്കാനും അത്യാധുനിക ആയുധങ്ങള്‍ ഇറക്കിവെക്കാനും നിശ്ചയിച്ചുറപ്പിച്ച സമയം മാത്രം. അമേരിക്കന്‍ ആയുധഫാക്ടറികളില്‍ തുരുമ്പെടുത്തുകഴിയുന്ന വെടിക്കോപ്പുകള്‍ വിറ്റഴിക്കാനും എണ്ണപ്പണത്തിന്റെ വലിയൊരു വിഹിതം അമേരിക്കയിലേക്ക് തിരിച്ചൊഴുകിപ്പിക്കാനും ഏറ്റവും എളുപ്പവഴി യുദ്ധമാണെന്ന് മുന്‍ഗാമികള്‍ ട്രംപിനെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, വെളുത്തവര്‍ഗത്തിന്റെ ഈ വാണിജ്യതന്ത്രത്തിന് മറുഭാഷ്യം ചമക്കുകയും ആണവ പ്രശ്നത്തില്‍ ഇറാനുമായി കരാറിലേര്‍പ്പെടുകയും ചെയ്ത പ്രസിഡന്റ് ഒബാമയുടെ ചരിത്രപ്രധാന ചുവടുവെപ്പുകളെ നിഷ്പ്രഭമാക്കാന്‍ ട്രംപ് അധികാരത്തിലേറിയ അന്നുതൊട്ട് തുടങ്ങിയ കളികളാണ് ഇന്ന് യുദ്ധമുഖത്തേക്ക് ഇരുരാജ്യത്തെയും കൊണ്ടെത്തിച്ചിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഏതെങ്കിലുമൊരു കോണില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടെങ്കിലേ വന്‍ശക്തികള്‍ക്ക് ഉറക്കം വരുകയുള്ളൂ.

പ്രത്യാഘാതം ഗുരുതരം
ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതമേല്‍പിച്ച പരുക്കില്‍ മുട്ടിട്ടിഴയുമ്പോഴാണ് യുദ്ധകാഹളം വീണ്ടും കേള്‍ക്കേണ്ടിവരുന്നത്. ഐ.എസ് ഭീകരവാദത്തെ നേരിടാനുള്ള പോരാട്ടത്തില്‍ ഇറാഖും സിറിയയും തകര്‍ത്തെറിയപ്പെട്ടപ്പോള്‍ പുറന്തള്ളപ്പെട്ട ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഇന്നും അറ്റ്ലാന്റിക്കിന്റെ തീരങ്ങളിലും അറബ് ഇസ്ലാമിക രാജ്യങ്ങളുടെ പുറംപോക്കുകളിലും അലഞ്ഞുതിരിയുമ്പോഴാണ് സാമ്പത്തിക ഉപരോധത്തില്‍പ്പെട്ട് നട്ടെല്ലൊടിഞ്ഞ ഇറാനെക്കൂടി കൊടിയ നാശത്തിലേക്ക് വലിച്ചെറിയാന്‍ യാങ്കികള്‍ കത്തിക്ക് മൂര്‍ച്ച കൂട്ടുന്നത്. ഖാസിം സുലൈമാനിയുടെ അന്ത്യം കുറിക്കപ്പെട്ട വാര്‍ത്ത കേട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോം പറഞ്ഞത് കഴമ്പേറിയതാണ്: ‘ലോകം കുടുതല്‍ ആപത്കരമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു.’ റഷ്യയും ചൈനയും പ്രകടിപ്പിച്ച ഉത്കണ്ഠ അമേരിക്കയുടെ ഏകപക്ഷീയ നടപടിക്കെതിരായാണ്. ഇറാനെ തകര്‍ക്കുക എന്നത് ഇസ്രയേലിന്റെ എക്കാലത്തേയും ആഗ്രഹവും സ്വപ്നവുമാണ്. അതുകൊണ്ട്തന്നെ, യു.എസ് സൈനികനീക്കം ഒരുപക്ഷേ, ഏറ്റവും ഗുരുതര പ്രത്യാഘാതമുളവാക്കുക ജൂതരാഷ്ട്രത്തിന്റെ ചക്രവാളത്തിലായിരിക്കും. അബൂബക്കര്‍ ബഗ്ദാദി വിട്ടൊഴിഞ്ഞുപോയ പടനിലങ്ങളില്‍ വീണ്ടും കബന്ധങ്ങള്‍ നിറയുമ്പോള്‍ പശ്ചിമേഷ്യയിലെ ഓരോ രാജ്യവും ഏത് പക്ഷത്താണ് തങ്ങളെന്ന് തെളിയിച്ചില്ലെങ്കില്‍ ദൂരവ്യാപക ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരും. ഈ വിഷയത്തില്‍ പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളുടെ മണ്ണ് അമേരിക്കക്ക് യുദ്ധത്താവളമാക്കാന്‍ അനുവദിക്കില്ലെന്നും മേഖലയിലെ സ്വാസ്ഥ്യം കെടുത്താന്‍ ആരു കടന്നുവന്നാലും അത് അംഗീകരിക്കാന്‍ തയാറല്ലെന്നും പാക് വിദേശകാര്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. അമേരിക്കയുടെ പക്ഷത്താണ് പാകിസ്ഥാന്‍ നിലയുറപ്പിക്കുക എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെല്ലാം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ദുഷ്പ്രചാരണമാണെന്നാണ് ഔദ്യോഗിക ഭാഷ്യം. ഖാസിം സുലൈമാന്റെ വധത്തെ അപലപിച്ചുകൊണ്ട് കറാച്ചിയിലും മറ്റു വന്‍നഗരങ്ങളിലും പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത് ജനം അങ്കിള്‍സാമിന്റെ കിരാത അക്രമങ്ങളില്‍ ക്ഷുഭിതരാണെന്ന് തെളിയിക്കുന്നു.

ഒരു തുറന്നയുദ്ധത്തിന് യവനിക ഉയരുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരുക ഇന്ത്യയായിരിക്കും. ഇറാന്‍-യു.എസ് യുദ്ധം തെഹ്റാന്റെ ആകാശത്ത് ഒതുങ്ങുന്ന ഒന്നായിരിക്കില്ല. മേഖലയിലെ യു.എസ് സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ ആക്രമണങ്ങള്‍ നടത്തുകയാണെങ്കില്‍ സൗദിയിലും യു.എ.ഇയിലും ഖത്തറിലുമെല്ലാം അതിന്റെ ആഘാതങ്ങള്‍ പടരുമെന്നുറപ്പാണ്. സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിച്ചപ്പോഴും അമേരിക്ക ഇറാഖിനെ ലക്ഷ്യമിട്ട് മിസൈലുകള്‍ തൊടുത്തുവിട്ടപ്പോഴുമെല്ലാം നാശനഷ്ടങ്ങള്‍ മുഴുവന്‍ സഹിച്ചത് അറബ്-ഇസ്‌ലാമിക രാജ്യങ്ങളാണ്. ഇറാനില്‍നിന്ന് ഇപ്പോള്‍ ഇന്ത്യ കൂടുതലായി എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും യുദ്ധാന്തരീക്ഷത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം സുരക്ഷിതമല്ലെന്ന് നാം കണ്ടറിഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ക്രൂഡ്ഓയില്‍ വരവ് നിലച്ചാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയും ജീവിതതാളവും അവതാളത്തിലാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എണ്ണയൊഴുക്കിന് വിഘ്നം സംഭവിക്കുന്ന നിമിഷം വില കുതിച്ചുയരുകയും പെട്രോളിയം ഉല്‍പന്നങ്ങളുടെ ക്ഷാമം വിപണി തകര്‍ക്കുകയും ചെയ്യും. അമേരിക്കയുടെ ഉപരോധത്തിന്റെ ഫലമായി ഇന്ത്യ-ഇറാന്‍ ബന്ധത്തില്‍ സമീപകാലത്ത് ഉലച്ചില്‍ തട്ടിയത് നഷ്ടമുണ്ടാക്കിയത് ഇന്ത്യക്ക് തന്നെയാണ്. വലിയൊരു വിഭാഗം ശിയാപൗരന്മാര്‍ അമേരിക്കന്‍ പിണിയാളായി മാറുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയേക്കാം. 80 ലക്ഷം ഇന്ത്യക്കാര്‍ ജീവസന്ധാരണം തേടുന്ന ഗള്‍ഫ് മേഖലയില്‍നിന്ന് പ്രവാസികളുടെ തിരിച്ചുവരവുണ്ടാവുന്ന പക്ഷം സാമ്പത്തിക ഞെരുക്കത്തില്‍പെട്ട ഇന്ത്യക്ക് ഒരുനിലക്കും താങ്ങാന്‍ പറ്റുന്നതായിരിക്കില്ല. ട്രംപിന്റെ കുല്‍സിത യുദ്ധപദ്ധതി പരാജയപ്പെടുവാനും ഇറാന്റെ പ്രതികാരവാഞ്ച ലഘൂകരിക്കപ്പെടാനും അതുവഴി യുദ്ധാന്തരീക്ഷം ഒഴിഞ്ഞുകിട്ടാനും പ്രാര്‍ഥിക്കുകയേ നമ്മുടെ മുന്നില്‍ പോംവഴിയുള്ളൂ.

കാസിം ഇരിക്കൂർ

You must be logged in to post a comment Login