ഈ കടമ്പയും കടന്നുപോകും

ഈ കടമ്പയും കടന്നുപോകും

ജെ എന്‍ യുവില്‍ കഴിഞ്ഞ എഴുപത് ദിവസത്തിലേറെയായി വലിയ വിദ്യാര്‍ഥി സമരം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍വകലാശാല പുറത്തിറക്കിയ പുതുക്കിയ ഹോസ്റ്റല്‍ രൂപരേഖയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചില വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ജെ എന്‍ യു സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ ഈ സമരം ആരംഭിച്ചിട്ടുള്ളത്. മറ്റുള്ള കാമ്പസുകളെ അപേക്ഷിച്ച് ജെ എന്‍ യു സംവരണ ആനുകൂല്യങ്ങളിലും കുറഞ്ഞ ഫീസിന്റെ കാര്യത്തിലും മുന്നിട്ടു നില്‍ക്കുന്നതിനാല്‍ സമൂഹത്തിന്റെ പല വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കുന്നതിനുളള അവസരമുണ്ട്. ഇതിനെ നഷ്ടപ്പെടുത്തുന്ന തരത്തില്‍ വലിയ രീതിയിലുള്ള ഒരു ഫീസ് വര്‍ധനയാണ് ഹോസ്റ്റല്‍ മാനുവല്‍ നിര്‍ദേശിച്ചത്. നിലവില്‍ രണ്ടായിരം രൂപയോ/ രണ്ടായിരത്തിയഞ്ഞൂറ് രൂപയോ മാസാന്ത ഫീസുള്ളതിന് പകരം ഏകദേശം അയ്യായിരം മുതല്‍ ആറായിരം രൂപവരെ നല്‍കേണ്ട സാഹചര്യം വിദ്യാര്‍ഥികള്‍ക്കുണ്ടായി. ഇതിനെതിരെയുളള പ്രതിഷേധമാണ് പിന്നീട് വലിയ സമരമായി മാറിയത്. തുടക്കത്തില്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളായിരുന്നുവെങ്കിലും പിന്നീടത് ജെ എന്‍ യു വിലെ എല്ലാ അക്കാദമിക്ക് പ്രവര്‍ത്തനങ്ങളെയും താത്കാലികമായി നിര്‍ത്തിവെച്ചു കൊണ്ട് ശക്തമാക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിലേക്കും രാഷ്ട്രപതിഭവനിലേക്കും ലോംഗ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും പ്രകടനങ്ങള്‍ നടന്നു. ഇത്രയൊക്കെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഉയര്‍ത്തിയ ഫീസുകളൊന്നും പിന്‍വലിക്കാനോ ചര്‍ച്ചകള്‍ക്കു പോലുമോ സര്‍വകലാശാല തയാറായിട്ടില്ല. ഇതിനിടെ പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതോടെ ജാമിഅ മില്ലിയ്യ ഉള്‍പ്പെടെയുള്ള കാമ്പസുകളിലും ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലും നടക്കുന്ന സമരങ്ങളിലും ജെ എന്‍ യു വിദ്യാര്‍ഥികള്‍ പങ്കാളികളായി.

പ്രധാനമായും ഒന്നു രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, കഴിഞ്ഞ എന്‍ ഡി എ ഭരണകാലത്ത് നിയമിക്കപ്പെട്ട ജെ എന്‍ യു െവെസ്ചാന്‍സലര്‍ ജഗദീഷ് കുമാര്‍ ആര്‍ എസ് എസിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായിട്ട് ഉയര്‍ന്ന പദവികളിലേക്ക് അദ്ദേഹത്തിന്റെ ചൊല്‍പടിയില്‍ നില്‍ക്കുന്നവരെ നിയമിക്കുകയും ആര്‍ എസ് എസിന്റെ അജണ്ട വളരെ കൃത്യമായി നടപ്പിലാക്കാനുള്ള ശ്രമം പല രീതിയിലും അദ്ദേഹം നടത്തുകയുമുണ്ടായി. 2016ല്‍ കനയ്യ കുമാറിന്റെ സമയത്ത് ഉയര്‍ന്നു വന്നിട്ടുള്ള പ്രക്ഷോഭം, നജീബ് തിരോധാനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രക്ഷോഭങ്ങള്‍, യു ജി സി ഗസറ്റ് പ്രകാരം ഉയര്‍ന്നുവന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ എന്നിവയിലെല്ലാം വൈസ്ചാന്‍സലറുടെ സമീപനം കൃത്യമായി ആര്‍ എസ് എസിന് സഹായകരമായ രീതിയിലായിരുന്നു എന്നു കാണാനാകും. ഇക്കാരണങ്ങളാല്‍ വൈസ്ചാന്‍സലര്‍ക്കെതിരെ ശക്തമായ രീതിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഫീസ് വര്‍ധനവ് നടപ്പാക്കിയതോടെ വൈസ്ചാന്‍സലറെ കാമ്പസില്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ തീരുമാനമെടുത്തു. അദ്ദേഹത്തെ പുറത്താക്കി ഹോസ്റ്റല്‍ മാനുവല്‍ പിന്‍വലിക്കണമെന്ന പ്രധാന ആവശ്യമുയര്‍ത്തി വിദ്യാര്‍ഥികള്‍ സമരം തുടര്‍ന്നു. ജെ എന്‍ യു വില്‍ സാധാരണ ഡിസംബറില്‍ സെമസ്റ്റര്‍ അവസാനിപ്പിച്ച് പരീക്ഷകള്‍ നടത്തുകയാണ് പതിവ്. എന്നാല്‍ ഇത്തവണ പരീക്ഷകളും അതിനോട് തുടര്‍ന്നു വരുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ച് എല്ലാ സ്‌കൂളുകളും അടച്ചിട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുത്തു. ജനുവരി ഒന്നാം തീയതി മുതല്‍ പ്രശ്‌നം വളരെ സങ്കീര്‍ണമായി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ വെല്ലുവിളിച്ചുകൊണ്ട് അധികൃതര്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും ഓണ്‍ലൈനിലൂടെ രജിസ്‌ട്രേഷന്‍ നടപ്പാക്കുകയും ചെയ്തതോടെ വിദ്യാര്‍ഥികള്‍ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങി. വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രധാനമായും ബഹിഷ്‌കരിച്ച പരീക്ഷകള്‍ ഉള്‍പ്പെടെയുള്ളത് നടത്താന്‍ സമയം വേണമെന്ന നിര്‍ദേശം വിദ്യാര്‍ഥി യൂണിയന്‍ മുന്നോട്ടുവച്ചിരുന്നു. ഇതിനു പുറമെ, സമരം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ മുറികളില്‍ നിന്ന് പുറത്താക്കുകയും ഏകദേശം അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സമരം ചെയ്തതിന്റെ പേരില്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം ചെറുക്കാനാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി വിദ്യാര്‍ഥി സമരത്തെ ശക്തമായി അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സര്‍വകലാശാലയുടെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാല്‍, ഇതൊന്നും ഫലം കാണില്ല എന്നു തിരിച്ചറിഞ്ഞ അധികൃതര്‍ സര്‍വകലാശാലക്ക് പുറത്തുനിന്ന് വന്ന ആര്‍ എസ് എസുകാരുടെയും ബി ജെ പിയുടെയും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എ ബി വി പി ക്കാരുടെയൊക്കെ സഹായം തേടുകയും (ഇതിനുള്ള തെളിവ് വാട്സാപ്പ് ഗ്രൂപ്പുകളിലുണ്ട്) കഴിഞ്ഞ ഞായറാഴ്ച അക്രമം അഴിച്ചു വിടുകയുമായിരുന്നു. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ജെ എന്‍ യു വില്‍ പല സമയങ്ങളിലായി നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കെതിരെ ടീച്ചേഴ്സ് അസോസിയേഷന്‍ പീസ് മാര്‍ച്ച് നടത്തുകയും ഇതിന്റെ അവസാനം സബര്‍മതി ദാവേയില്‍ എല്ലാവരും ഒത്തൊരുമിച്ച് കൂടുകയും ചെയ്തിരുന്നു. ഇതിനിടയിലേക്ക് അക്രമികളായ എ ബി വി പിക്കാര്‍ ഇരുമ്പുദണ്ഡുകളും ഹോക്കി സ്റ്റിക്കും കല്ലുകളുമായി പാഞ്ഞടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വലിയ രീതിയിലുള്ള ആക്രമണമാണ് അവര്‍ നടത്തിയത്. മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. കാമ്പസിനകത്തേക്ക് കയറി ഒളിച്ചിരുന്ന് ഒറ്റക്ക് കിട്ടിയവരെയെല്ലാം അടിച്ചോടിച്ചു. കശ്മീരില്‍ നിന്നുള്ള മുസ്ലിം വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്ന തരത്തില്‍ അവരുടെ ഹോസ്റ്റല്‍ മുറികള്‍ അടിച്ച് തകര്‍ക്കുകയും ഒന്നുരണ്ട് ഹോസ്റ്റലുകളില്‍ കയറി പെണ്‍കുട്ടികളെ അക്രമിക്കാനുമെല്ലാം മുതിര്‍ന്നു. ജെ എന്‍ യു വിലെ മൂന്ന് കവാടങ്ങളും അക്രമികള്‍ അടച്ചിട്ടു. ഒരാളെയും അകത്തേക്കോ പുറത്തേക്കോ പോകാന്‍ അനുവദിച്ചില്ല. തൊട്ടടുത്തുള്ള പ്രദേശങ്ങളിലൊക്കെ താമസിക്കുന്ന ജെ എന്‍ യു വിദ്യാര്‍ഥികള്‍ ഒരുപാടുപേരുണ്ട്. അവരെയൊക്കെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. എല്ലാ ഹോസ്റ്റലുകളും അടിച്ചു തകര്‍ക്കുമെന്ന വെല്ലുവിളിയുണ്ടായി. കൃത്യമായി പറഞ്ഞാല്‍ ജെ എന്‍ യു വില്‍ നിലനില്‍ക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയിട്ടുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. ഇതിനെയെല്ലാം പിന്തുണക്കുന്ന സമീപനമായിരുന്നു സര്‍വകലാശാല അധികൃതരുടേത്. കാമ്പസിന്റെ പുറത്തും അകത്തുമുള്ള തെരുവ് വിളക്കുകള്‍ ഓഫ് ചെയ്തത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. പരുക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ അക്രമികള്‍ തടഞ്ഞു. ജെ എന്‍ യു അധികൃതര്‍ ആംബുലന്‍സ് വിട്ടുതരാത്തതിനാല്‍ ഡല്‍ഹി സര്‍ക്കാറാണ് ആംബുലന്‍സുകള്‍ അനുവദിച്ചത്. അക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് പൊലീസിന് കാമ്പസിനകത്ത് കയറാനുള്ള അനുമതി കൊടുത്തത്. പൊലീസും അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അക്രമികള്‍ മുന്നിലുണ്ടായിട്ടു പോലും പൊലീസ് അനങ്ങിയില്ല. ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥികളെ അക്രമിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. മാസങ്ങളായി നടക്കുന്ന ഈ സമരങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്ന ജെ എന്‍ യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെ മുപ്പത് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചിട്ടുള്ളത്. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് തലക്ക് എട്ടോളം തുന്നുകള്‍ വേണ്ടി വന്നു. മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. രാത്രിയിലെ കൊടുംതണുപ്പിലും പുറത്തു കിടന്നുറങ്ങിയാണ് ഇവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നത്. ഇപ്പോഴുണ്ടായിട്ടുള്ള അക്രമത്തെ ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. ആര്‍ എസ് എസ് വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഏതു ഗേറ്റിലൂടെ വരണം, എങ്ങിനെ അക്രമിക്കണം, ജെ എന്‍ യു വിസി നമ്മുടെ ആളാണെന്നും പ്രശ്‌നമാക്കേണ്ടതില്ലെന്നും പറയുന്ന സന്ദേശങ്ങളുമെല്ലാം ഇപ്പോള്‍ സാമൂഹ്യമാധ്യങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പലതരത്തിലുള്ള കേസുകളും അവര്‍ ഫയല്‍ ചെയ്യുകയും ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ വിട്ടുവീഴ്ചക്ക് തയാറല്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. വിദ്യാഭ്യാസ ബന്ദും സിറ്റിസണ്‍ ഷിപ്പ് മാര്‍ച്ചുമെല്ലാമായി സമരങ്ങളുമായി വിദ്യാര്‍ഥി യൂണിയന്‍ മുന്നോട്ടു പോവുകയാണ്.

ജെ എന്‍ യുവില്‍ നിന്ന് നജീബ് വി ആര്‍
(ജെ എന്‍ യുവിലെ പി എച്ച് ഡി സൈക്കോളജി നാലാംവര്‍ഷ വിദ്യാര്‍ഥിയാണ് നജീബ്)

You must be logged in to post a comment Login