ന്യൂനപക്ഷങ്ങളുടെ തടങ്കല്‍ പാളയം

ന്യൂനപക്ഷങ്ങളുടെ തടങ്കല്‍ പാളയം

പൗരത്വ നിയമ ഭേദഗതിയും തുടര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പൗരത്വപ്പട്ടികയും മാത്രമല്ല, അതിനെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളെയും വര്‍ഗീയ വിഭജനത്തിനുള്ള ആയുധമായി സംഘപരിവാറും നരേന്ദ്ര മോഡി ഭരണകൂടവും ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവുകള്‍ ഏറ്റവും പ്രത്യക്ഷമായി ഉയര്‍ന്നുവരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഏത് മാര്‍ഗവും ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എതിര്‍ശബ്ദങ്ങളൊന്നുമുയരുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഏത് അതിക്രമത്തിനും മടിക്കേണ്ടതില്ലെന്ന സന്ദേശം പൊലീസിന് നല്‍കിയ മുഖ്യമന്ത്രി നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം പ്രതിഷേധക്കാരില്‍ ചുമത്തുമെന്നും അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അക്ഷരംപ്രതി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ പൊലീസ്, ന്യൂനപക്ഷ വിഭാഗക്കാരുടെ കടകള്‍ പൂട്ടിയും അവരുടെ വീടുകളില്‍ കടന്നുകയറി അതിക്രമം നടത്തിയും ഭീതിയുടെ സമാനതകളില്ലാത്ത അന്തരീക്ഷമാണ് സൃഷ്ടിച്ചത്. ഇവര്‍ക്ക് സഹായം ചെയ്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയും ചെയ്തു. അതോ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തിന് പൊലീസ് അവസരമൊരുക്കുകയാണ് ചെയ്തത്.

2002ലെ വംശഹത്യാകാലത്തെ ഗുജറാത്തിന് ഏതാണ്ട് സമാനമാണ് ഇപ്പോഴത്തെ ഉത്തര്‍ പ്രദേശ്. ഗുജറാത്തില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കി പിന്‍മാറി നില്‍ക്കുകയാണ് പൊലീസ് ചെയ്തത്. കൂട്ടക്കുരുതികളും ബലാത്സംഗങ്ങളും കൊള്ളയും കൊള്ളിവെയ്പും അരങ്ങേറിയപ്പോള്‍ സംരക്ഷണത്തിന് പൊലീസെത്തിയത് അപൂര്‍വം ഇടങ്ങളില്‍ മാത്രം. ക്രമസമാധാന പാലനത്തിന് പട്ടാളത്തെ നിയോഗിച്ച് നിരപരാധികളുടെ ജീവന്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ നിര്‍ദേശം സ്വീകരിക്കാതെ, എ ബി വാജ്‌പെയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍, മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ കാര്‍മികത്വത്തില്‍ സംഘപരിവാര്‍ ആവിഷ്‌കരിച്ച വംശഹത്യാശ്രമത്തിന് അരുനില്‍ക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പൊലീസിനെ നേരിട്ട് അതിക്രമത്തിന് ഉപയോഗിക്കുകയാണ് യോഗി ആദിത്യനാഥ്. വര്‍ഗീയ ഫാഷിസത്തിന്റെ ഇംഗിതം നല്ലത് പോലെ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ പൊലീസ് മടിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാം. ‘പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് മുസ്ലിംകളോട് ആക്രോശിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സംഘ പരിവാരം ദീര്‍ഘകാലമായി നടത്തുന്ന ആക്രോശങ്ങളെ ഔദ്യോഗികമായി ഏറ്റെടുക്കാന്‍ സമയമായി എന്ന് തിരിച്ചറിയുന്നയാളാണ്. പൊലീസും സംഘപരിവാര പ്രവര്‍ത്തകരും നടത്തിയ ആക്രമണത്തിന് ഇരയായവരില്‍ ഉത്തര്‍പ്രദേശിലെ മുന്‍മന്ത്രിയുമുണ്ടായിരുന്നു. ഗുജറാത്ത് വംശഹത്യാകാലത്ത്, ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ തമ്പടിച്ച അക്രമികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വരെ സമീപിച്ചിരുന്നു മുന്‍ എം പി ഇഹ്‌സാന്‍ ജഫ്രി. ഒടുവില്‍ അക്രമികളാല്‍ ചുട്ടെരിക്കപ്പെട്ടു അദ്ദേഹം. ജീവന്‍ രക്ഷിക്കാനായെങ്കിലും യു പിയിലെ മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍പാര്‍ലിമെന്റംഗവുമായ സയ്യിദ് സമാന്‍ നേരിട്ടത് സമാനമായ സാഹചര്യമായിരുന്നു. വീട് ആക്രമിച്ച് തീവെച്ചപ്പോള്‍ സമാനും കുടുംബവും രക്ഷപ്പെട്ടുവെന്ന് മാത്രം. ഇതേക്കുറിച്ചുള്ള മുന്‍മന്ത്രിയുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് മടിക്കുകയും ചെയ്തു.
പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭമുയര്‍ന്ന സ്ഥലങ്ങളിലെല്ലാം പ്രതിഷേധക്കാരെ ആക്രമിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധക്കാര്‍ക്കു നേരെ കല്ലെറിയുകയോ അവരെ ആക്രമിക്കുകയോ ചെയ്ത് പ്രകോപനമുണ്ടാക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നിന്നു. സംഘര്‍ഷാന്തരീക്ഷമുണ്ടാകുക എന്നത് ഭരണകൂടത്തിന്റെ ആവശ്യമാണെന്ന ബോധ്യം പൊലീസിന് ഉണ്ടായിരുന്നുവെന്ന് ചുരുക്കം. സംഘര്‍ഷാന്തരീക്ഷം അടിച്ചമര്‍ത്താനുള്ള ഉപാധിയായി ഉപയോഗിക്കുക എന്ന ഭരണകൂടത്തിന്റെ തന്ത്രം വിജയകരമായി പൊലീസ് നടപ്പാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയരാത്ത ഇടങ്ങളില്‍പോലും മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുണ്ടായി. തെരുവില്‍ പ്രതിഷേധമുയരാതിരുന്ന ഇടങ്ങളില്‍പോലും പൊലീസ് വെടിവെപ്പുണ്ടായി. രണ്ട് യുവാക്കളാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. സ്ത്രീകളെന്നോ കുട്ടികളെന്നോ പരിഗണിക്കാതെയാണ് പൊലീസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടത്. അതേക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാന്‍ പോലും പൊലീസ് സന്നദ്ധമായതുമില്ല.

അക്രമങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്വതന്ത്ര വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ ഏതാണ്ടൊരു ചിത്രം നമുക്ക് പറഞ്ഞുതരും. മുസഫര്‍ നഗറില്‍ സഅദത്ത് മദ്റസയിലെ 40 പേരടക്കം 72 വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 262 പേരുടെ പേര് പരാമര്‍ശിച്ച് എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. പേര് പരാമര്‍ശിക്കാതെ കേസെടുത്തിരിക്കുന്നത് മൂവായിരം പേര്‍ക്കെതിരെ. പ്രതിഷേധക്കാരെ സഹായിച്ചുവെന്ന് ആരോപിച്ച് 67 കടകളാണ് ഇവിടെ പൊലീസ് പൂട്ടിയത്. വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയുമൊക്കെ മര്‍ദിച്ച പൊലീസുകാര്‍ ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചതായും പണവും ആഭരണവും മോഷ്ടിച്ചതായും പരാതിയുണ്ട്.
പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു; പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാല്‍ പ്രക്ഷോഭത്തിനിറങ്ങിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും. നഷ്ടപരിഹാരം ഈടാക്കുന്നതിന് പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രതികാര നടപടികള്‍ ഭരണകൂടം പ്രഖ്യാപിക്കുമ്പോള്‍ അത് നടപ്പാക്കാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലല്ലോ! കടകള്‍ പൂട്ടിച്ചും വീടുകളില്‍ കടന്നുകയറി പണവും ആഭരണവും മോഷ്ടിച്ചും ഭരണകൂടത്തിന്റെ പ്രതികാരം നിറവേറ്റിനല്‍കുന്ന ഗുണ്ടാ സംഘമായി ഉത്തര്‍പ്രദേശിലെ പൊലീസ് മാറിയെന്ന് ചുരുക്കം. പലേടത്തും മുഖംമൂടിയണിഞ്ഞാണ് പൊലീസ് എത്തിയത്. അതിക്രമം നടത്തുന്നതിന് മുമ്പ് സി സി ടി വി ക്യാമറകള്‍ തകര്‍ത്ത്, തെളിവുകള്‍ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.

കാണ്‍പൂരില്‍ മൂന്നു പേരാണ് വെടിയേറ്റുമരിച്ചത്. 20 പേര്‍ക്ക് പരുക്കേറ്റു. ഒമ്പതു പേരുടെ പരുക്ക് വെടിയുണ്ടകളേറ്റുള്ളതാണ്. 729 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളിലാകെയായി 21,500 പേരെ ഉള്‍പ്പെടുത്തി. മീററ്റില്‍ അഞ്ച് പേര്‍ മരിച്ചപ്പോള്‍ 43 പേര്‍ അറസ്റ്റിലായി. 172 പേര്‍ക്കെതിരെ കേസുണ്ട്. ബിജ്നോറില്‍ വെടിയേറ്റ് മരിച്ചത് രണ്ടുപേരാണ്. അറസ്റ്റിലായത് 153പേരും. പ്രായപൂര്‍ത്തിയാകാത്ത 21 പേരുള്‍പ്പെടെ 104 പേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ മോചിപ്പിച്ചത് രണ്ടുദിവസത്തിന് ശേഷമാണ്. ഇവരടക്കം സകലരും കൊടിയ മര്‍ദനങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന വരാണസിയില്‍ രണ്ടുപേരാണ് പൊലീസിന്റെ ബുള്ളറ്റിന് ഇരയായത്. എട്ടു വയസ്സുകാരന്‍ സഗീറും വെടിയേറ്റ് മരിച്ചു. 218 പേര്‍ അറസ്റ്റിലായി. 57 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. മീററ്റ്, ലഖ്നോ, രാംപൂര്‍, ഗൊരഖ്പൂര്‍, ഫിറോസാബാദ് തുടങ്ങി സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും പൊലീസിന്റെ നടപടികള്‍ ഭിന്നമായിരുന്നില്ല. ഫിറോസാബാദില്‍ പ്രതിഷേധക്കാര്‍ക്കു നേരെ കല്ലെറിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അക്രമികള്‍ക്ക് പൊലീസ് ഒത്താശ ചെയ്യുന്നതിനെക്കുറിച്ച് ഔപചാരികമായ ഒരന്വേഷണം പോലും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇവിടെയൊക്കെ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് മുസ്ലിംകള്‍ മാത്രമല്ല, പക്ഷേ, ഭൂരിഭാഗവും മുസ്ലിംകളാണ്. മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലാണ് പരിശോധനയ്ക്ക് എന്ന പേരില്‍ പൊലീസ് വീടുകളില്‍ കടന്നുകയറി അതിക്രമം കാട്ടിയത്. പൊലീസ് അടച്ചുപൂട്ടിയ കടകളില്‍ ഭൂരിഭാഗവും മുസ്ലിംകളുടേതു തന്നെ. പൊലീസും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ അതിക്രമങ്ങളില്‍ നിന്ന് മുസ്ലിം പള്ളികളെയും ഒഴിവാക്കിയില്ല. ന്യൂനപക്ഷ സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്ന് വ്യക്തം. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നത് മുസ്ലിംകള്‍ മാത്രമാണെന്ന ധാരണ പരത്തുക എന്നതിനപ്പുറത്ത് വര്‍ഗീയ ലഹളയിലേക്ക് കാര്യങ്ങളെ എത്തിക്കുക എന്ന ഉദ്ദേശ്യം ഭരണകൂടത്തിന് ഉണ്ടായിരുന്നുവെന്ന് ന്യായമായും സംശയിക്കണം. അതിലേക്ക് കാര്യങ്ങളെ എത്തിച്ചാല്‍ ഗുജറാത്ത് മാതൃകയിലൊരു വംശഹത്യാശ്രമം ആവര്‍ത്തിക്കാന്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. കൊടിയ അതിക്രമങ്ങളുടെ സാഹചര്യത്തില്‍പോലും വലിയ ആത്മസംയമനം കാണിക്കാന്‍ തയാറായ ന്യൂനപക്ഷ വിഭാഗങ്ങളാണ് ഭരണകൂടത്തിന്റെ വിഷലിപ്തമായ അജണ്ടയെ പ്രതിരോധിച്ചത്. ലൗ ജിഹാദെന്ന വ്യാജ ആരോപണമുയര്‍ത്തി ഏതാനും വര്‍ഷം മുമ്പ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കിയ ഇടമാണ് മുസഫര്‍ നഗര്‍. അവിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താനും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനും സംഘപരിവാരത്തിന് സാധിച്ചിരുന്നു. കൂടുതല്‍ ഇടങ്ങളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിലൂടെ ഭൂരിപക്ഷ വര്‍ഗീയതയെ കൂടുതല്‍ വളര്‍ത്തിയെടുക്കാനും ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയുടെ തടവറയിലേക്ക് തള്ളിവിടാനും സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. വര്‍ഗീയ ലഹളയെന്ന ലക്ഷ്യം നേടിയെടുക്കാനായില്ലെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങളെ ഭീതിയിലാഴ്ത്താന്‍ ഭരണകൂട ഭീകരതയ്ക്ക് സാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് കൊടിയ അതിക്രമങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ പോലും അവര്‍ മടിക്കുന്നത്.

ഏതുനിമിഷവും പൊലീസ് വീടുകളില്‍ കയറിയിറങ്ങുമെന്ന ഭീതിയിലാണ് ഉത്തര്‍ പ്രദേശിലെ മുസ്ലിം കുടുംബങ്ങള്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ പുരുഷന്മാര്‍ കുടുംബങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നു. കുടുംബത്തിന്റെ ഏക അത്താണിയായ പുരുഷന്മാര്‍ മാറിനില്‍ക്കുന്നത് ഇവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടിട്ടുമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട, മുമ്പേ തന്നെ ദാരിദ്ര്യത്തില്‍ ഉഴലുന്ന വലിയൊരു ജനവിഭാഗത്തിന് അന്നത്തെ അന്നത്തിനുള്ള വകപോലും കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതി.

ഇവിടങ്ങളില്‍ അരങ്ങേറിയ ക്രൂരതകളുടെ വിവരങ്ങള്‍ ഇതുവരെ പൂര്‍ണമായി പുറത്തുവന്നിട്ടില്ല. സംഘപരിവാരത്തോട് വിധേയത്വം പുലര്‍ത്തുന്ന ദേശീയ മാധ്യമങ്ങളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലെ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. പ്രദേശം സന്ദര്‍ശിക്കാനും ഇരകളായവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ സഹായമെത്തിക്കാനും ശ്രമിച്ച രാഷ്ട്രീയ നേതാക്കളെയൊക്കെ കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ തടയുകയും ചെയ്തു. ഭരണകൂടത്തിന്റെ വിലക്കുകളെ മറികടന്ന് ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് സാധിച്ചതു മാത്രമാണ് അപവാദം. അതൊഴിച്ചു നിര്‍ത്തിയാല്‍ കോണ്‍ഗ്രസോ ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്വാദിയോ ബി എസ് പിയോ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയതായി കാണുന്നുമില്ല.
മതനിരപേക്ഷ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി തെരുവിലിറങ്ങിയാല്‍ ഭരണകൂട ഭീകരതയുടെ ഇരകളാക്കപ്പെടേണ്ടി വരുമെന്ന സ്ഥിതിയിലാണ് ഉത്തര്‍പ്രദേശിലെ വലിയൊരു ജനസമൂഹം. പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ എത്രകാലം അതിന് പിറകെ ഓടേണ്ടിവരുമെന്നതില്‍ തിട്ടമില്ല. സംഘടിതമായി പ്രതിഷേധിച്ചുവെന്നതോ പൊതുമുതല്‍ നശിപ്പിച്ചുവെന്നതോ മാത്രമായിരിക്കില്ല ഇവര്‍ നേരിടേണ്ടിവരുന്ന കേസ്. ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് രാജ്യദ്രോഹമാകുന്ന കാലത്ത്, രാജ്യദ്രോഹക്കുറ്റം ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. ദാരിദ്ര്യം വേട്ടയാടുന്ന ഇക്കൂട്ടര്‍ക്ക് കേസുകള്‍ എല്‍പ്പിക്കാനിടയുള്ള സാമ്പത്തിക ഭാരവും ചെറുതല്ല. ശരിക്കും തടങ്കല്‍പാളയത്തില്‍ അടയ്ക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു ഇവര്‍.

ലക്‌നോവില്‍നിന്ന് സി എസ് സുരേഷ് കുമാര്‍

You must be logged in to post a comment Login