ന്യൂനതകളില്‍നിന്ന് അകന്നുനില്‍ക്കാം

ന്യൂനതകളില്‍നിന്ന് അകന്നുനില്‍ക്കാം

മതത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന് വിലക്കിയ കാര്യങ്ങള്‍ ഉപേക്ഷിക്കല്‍. രണ്ട് നിര്‍ദേശിച്ച കാര്യങ്ങള്‍ (ത്വാആത്) അനുഷ്ഠിക്കല്‍. വിലക്കിയ കാര്യങ്ങള്‍ ഉപേക്ഷിക്കലാണ് ഏറ്റവും ഗൗരവം. അതിനാണ് കൂടുതല്‍ നിഷ്‌കര്‍ഷത പുലര്‍ത്തേണ്ടത്. കാരണം, നിര്‍ദേശിച്ച കാര്യങ്ങള്‍ അനുഷ്ഠിക്കല്‍ എല്ലാവര്‍ക്കും സാധ്യമായ കാര്യമാണ്. എന്നാല്‍ ഇച്ഛകളെ പൂര്‍ണമായും കൈവെടിയാന്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കെ സാധ്യമാകൂ. ‘തിന്മകളെ കൈവെടിയുന്നവനാണ് ത്യാഗി(മുഹാജിര്‍) എന്നും ഇച്ഛകളോട് സമരം ചെയ്യുന്നവനാണ് യഥാര്‍ത്ഥ പോരാളിയെന്നും’ തിരുനബി അരുളിയിട്ടുണ്ട്.
ശരീരാവയവങ്ങള്‍ കൊണ്ടാണ് നീ അല്ലാഹുവിന്റെ ആജ്ഞകള്‍ ലംഘിക്കുന്നത്. അവയാകട്ടെ അവന്റെ മഹത്തായ അനുഗ്രഹവും, അവന്‍ സൂക്ഷിക്കാന്‍ എല്‍പിച്ചവയുമാണ്. അവന്‍ നല്‍കിയ അനുഗ്രഹങ്ങളെ അവന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നത് അങ്ങേയറ്റത്തെ കൃതഘ്‌നതയാണ്. അല്ലാഹു വിശ്വസിച്ചേല്‍പ്പിച്ച കാര്യത്തില്‍ വഞ്ചന നടത്തുന്നത് കടുത്ത ധിക്കാരവുമാണ്. അവയവങ്ങള്‍ നീ നിയന്ത്രിക്കേണ്ട പ്രജകളാണ്. അവയെ വേണ്ടവിധം നിയന്ത്രിക്കുന്നുണ്ടോ എന്ന് വിചിന്തനം നടത്തേണ്ടതുണ്ട്. എല്ലാവരും ഭരണകര്‍ത്താക്കളാണ്. ഓരോ ഭരണകര്‍ത്താവിനോടും തന്റെ നിയന്ത്രണത്തിലുള്ളവയെക്കുറിച്ച് വിചാരണയുണ്ടാകും.
അവയവങ്ങളെല്ലാം അവസാനനാളിലെ വിചാരണാ മൈതാനിയില്‍ നിനക്കെതിരെ സാക്ഷി പറയുമെന്ന ബോധമുണ്ടായിരിക്കണം. അവ വാചാലമാകും. ജന മധ്യത്തില്‍ നിന്നെ മാനംകെടുത്തും. ‘അവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് നാവുകളും കൈകാലുകളും അവര്‍ക്കെതിരെ സാക്ഷി പറയുന്ന ദിനം’ (വിശുദ്ധ ഖുര്‍ആന്‍ 24/24) എന്നാണ് ആ ദിനത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ‘അന്നു നാം അവരുടെ വായകളെ മുദ്രവെക്കും. കൈകള്‍ നമ്മോട് സംസാരിക്കും. അവരുടെ പ്രവര്‍ത്തികള്‍ക്ക് കാലുകള്‍ സാക്ഷി പറയും’ (വിശുദ്ധ ഖുര്‍ആന്‍ 36/65) എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.
അതിനാല്‍ ശരീരഭാഗങ്ങളെയെല്ലാം തെറ്റുകുറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കണം, പ്രത്യേകിച്ച് ഏഴ് അവയവങ്ങളെ. കാരണം നരകത്തിന് ഏഴു കവാടങ്ങളും ഓരോ കവാടത്തിനും നിശ്ചിത വിഹിതവുമുണ്ട്. കണ്ണ്, കാത്, നാക്ക്, ഉദരം, ജനനേന്ദ്രിയം, കൈ, കാല് എന്നീ ഏഴ് അവയവങ്ങള്‍ കൊണ്ട് അല്ലാഹുവിന്റെ ആജ്ഞലംഘിച്ചവരാണ് അതിലൂടെ പ്രവേശിക്കുന്നത്.
ഇരുട്ടില്‍ നിന്ന് മോചനമായും ആവശ്യ നിര്‍വഹണങ്ങള്‍ക്കുള്ള മാധ്യമമായും ആകാശഭൂമികളില്‍ വ്യാപിച്ചുകിടക്കുന്ന വിസ്മയങ്ങള്‍ നോക്കിക്കാണാനും അതിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിച്ചു മനസ്സിലാക്കാനും വേണ്ടിയാണ് അവന്‍ നിനക്ക് കണ്ണുതന്നത്. നാലു കാര്യങ്ങളില്‍ നിന്ന് കണ്ണിനെ നീ സൂക്ഷിക്കണം. വിവാഹബന്ധം നിഷിദ്ധമാവാത്തവരിലേക്ക് നോക്കുക, ലൈംഗിക വികാരത്തോടെ ഭംഗിയുള്ള ചിത്ര/രൂപങ്ങളിലേക്ക് നോക്കുക, പുച്ഛഭാവത്തോടെ വിശ്വസിയെ നോക്കുക, വിശ്വാസിയുടെ ന്യൂനതകള്‍ എത്തി നോക്കുക എന്നിവയാണവ.

ചെവി കൊണ്ട് പരദൂഷണമോ സഭ്യേതര വാക്കുകളോ മതനവീകരണവാദികളുടെ വാദമുഖങ്ങളോ കേള്‍ക്കരുത്. ജനങ്ങളുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും ചെവികൊടുക്കരുത്. അസത്യവാര്‍ത്തകള്‍ ശ്രവിക്കരുത്. അല്ലാഹുവിന്റെ വചനങ്ങളും തിരുനബിയുടെ സുന്നത്തുകളും അവന്റെ ഇഷ്ടദാസന്മാരുടെ സാരോപദേശങ്ങളും കേള്‍ക്കാനും ചെവി ഉപയോഗപ്പെടുത്തി അറിവു നേടാനും അതിലൂടെ അനശ്വര സൗഭാഗ്യങ്ങളും ശാശ്വതാധികാരങ്ങളും കരസ്ഥമാക്കാനുമാണ് അവന്‍ കേള്‍വിശക്തി നല്‍കിയിരിക്കുന്നത്. അല്ലാഹു ഇഷ്ടപ്പെടാത്ത വല്ലതിനും ചെവികൊടുക്കുന്നുവെങ്കില്‍ നന്മക്കു വേണ്ടി സൃഷ്ടിച്ച ഒരു സംവിധാനം ഉപദ്രവമായിത്തീരുകയാണ് ചെയ്യുന്നത്. വിജയത്തിന് ഹേതുവാകേണ്ട കാര്യം നാശത്തിന് കാരണമായിത്തീരുന്നു. അതല്ലേ ഏറ്റവും വലിയ നഷ്ടം! അത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത് കൊണ്ടെന്താണ് കുഴപ്പം? പറയുന്നവനല്ലേ കുറ്റമുള്ളത്? എന്ന് ഒരിക്കലും വിചാരിക്കരുത്, പറയുന്നവനും കേള്‍ക്കുന്നവനും കുറ്റത്തില്‍ പങ്കാളികളാണ്. കേള്‍ക്കുന്നവനും ഏഷണിക്കാരില്‍ പെട്ടവനാണെന്ന് ഹദീസില്‍ വിവരിച്ചിട്ടുണ്ട്.

നാക്കുപിഴച്ചാല്‍
ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കുക, അല്ലാഹുവിന്റെ സ്മരണ വര്‍ധിപ്പിക്കുക, അവന്റെ ദാസന്മാര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുക്കുക, മനസ്സിലുള്ള മതപരവും ഭൗതികവുമായ ആവശ്യങ്ങള്‍ പ്രകടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടിയാണ് നാവിനെ സംവിധാനിച്ചിരിക്കുന്നത്. അതിനാല്‍ അത്തരം കാര്യങ്ങള്‍ക്കു വേണ്ടിയായിരിക്കണം നാവിനെ പ്രയോജനപ്പെടുത്തുന്നത്. അല്ലാഹു സംവിധാനിച്ചതിന് വിരുദ്ധമായി നാവിനെ ഉപയോഗപ്പെടുത്തുന്നത് അവന്റെ അനുഗ്രഹങ്ങള്‍ക്ക് കൃതഘ്‌നത കാണിക്കലാണ്. ഏറ്റവും കൂടുതല്‍ അപചയപ്പെടുത്തുന്ന അവയവമാണ് നാവ്. സര്‍വജനങ്ങളെയും അത് അപചയപ്പെടുത്തും. ആക്ഷേപകരമായ സംസാരങ്ങളാണ് ജനങ്ങളെ നരകത്തില്‍ മുഖംകുത്തി വീഴ്ത്തുന്നത്. അതിനാല്‍ നരകത്തിന്റെ അഗാധതയിലേക്ക് മുഖംകുത്തി വീഴാതിരിക്കാന്‍ എല്ലാവിധ കഴിവുകളും ഉപയോഗപ്പെടുത്തി നാവിനെ സൂക്ഷിക്കേണ്ടതാണ്. തിരുനബി(സ) പറഞ്ഞു: ‘ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി ഓചിത്യബോധമില്ലാതെ ആളുകള്‍ സംസാരിക്കും. തീര്‍ച്ച, നരകത്തില്‍ നിന്ന് എഴുപതു വര്‍ഷം സഞ്ചരിക്കാനുള്ള താഴ്ചയിലേക്ക് അതവനെ തള്ളിവിടും. ‘ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച കൂട്ടുകാരന് ഒരാള്‍ സ്വര്‍ഗപ്രവേശം നേര്‍ന്നപ്പോള്‍ തിരുനബി ചോദിച്ചു ‘അയാള്‍ സ്വര്‍ഗത്തിലാണെന്ന് നിനക്കെങ്ങനെ ബോധ്യമായി? അയാള്‍ അനാവശ്യകാര്യങ്ങളില്‍ ഇടപെട്ടു സംസാരിക്കുകയോ, പിശുക്ക് കാണിക്കേണ്ട യാതൊരാവശ്യവുമില്ലാത്ത കാര്യത്തില്‍ പിശുക്ക് കാണിക്കുകയോ ചെയ്‌തേക്കാം.’ അതിനാല്‍ എട്ടു കാര്യങ്ങളില്‍ നിന്ന് നാവിനെ കാത്ത് സൂക്ഷിക്കണം.
ഒന്ന്: കളവുപറയുക. കാര്യമായോ കളിയായോ ഒരിക്കലും കളവുപറയരുത്. തമാശയായി കളവ് പറഞ്ഞു ശീലിച്ചാല്‍ പിന്നീടത് ഗൗരവതരമായ കാര്യങ്ങളില്‍ കളവുപറയാന്‍ പ്രേരിപ്പിക്കും. വന്‍പാപങ്ങളുടെ മാതാവാണ് കളവുപറയല്‍. കള്ളം പറയുന്നവനാണെന്ന് അറിയപ്പെട്ടാല്‍ വ്യക്തിത്വം നഷ്ടപ്പെടും. വിശ്വാസ്യതയില്ലാതാകും. ജനങ്ങള്‍ കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യും.
കള്ളം പറയുന്നത് എത്രമാത്രം ബീഭത്സമാണെന്നറിയണമെങ്കില്‍ മറ്റുള്ളവര്‍ കളവുപറയുമ്പോള്‍ എത്രമാത്രം അശ്ലീലമായിട്ടാണ് അനുഭവപ്പെടുന്നത് എന്നും അവനോട് തോന്നുന്ന വെറുപ്പിനെക്കുറിച്ചും നിന്ദ്യതയെക്കുറിച്ചും അവഗണനാ മനോഭാവത്തെക്കുറിച്ചും ചിന്തിച്ചാല്‍ മതി. മറ്റു തെറ്റുകുറ്റങ്ങളും ഇപ്രകാരം വിലയിരുത്തുക. ചെയ്യുന്ന തെറ്റുകളുടെ അശ്ലീലത സ്വയം ബോധ്യപ്പെടുകയില്ല. മറ്റുള്ളവരുടെ തെറ്റുകള്‍ വിലയിരുത്തുമ്പോഴാണ് തെറ്റുകള്‍ എത്ര മ്ലേഛമാണെന്ന് ബോധ്യമാകുന്നത്. മറ്റുള്ളവരുടെ കാര്യത്തില്‍ മോശമായി തോന്നുന്ന കാര്യങ്ങളെല്ലാം മറ്റുള്ളവരും നിന്നില്‍ നിന്നും മോശമായി കാണുമെന്നത് ഉറപ്പാണല്ലോ, അതിനാല്‍ അത്തരം കാര്യങ്ങളോട് ഒരിക്കലും പൊരുത്തപ്പെടരുത്.

രണ്ട്: വാഗ്ദത്തലംഘനം. പൂര്‍ത്തിയാക്കാനാവാത്ത ഒരു കാര്യവും വാഗ്ദത്തം ചെയ്യരുത്. ജനങ്ങള്‍ക്ക് ഒരു ഉപകാരം ചെയ്യുന്നത് കാലേക്കൂട്ടി അവരോടത് പറഞ്ഞുകൊണ്ടാവരുത്. പ്രവര്‍ത്തിപഥത്തില്‍ കെണ്ടുവന്നു കൊണ്ടായിരിക്കണം. വാഗ്ദത്തം ചെയ്യേണ്ടിവന്നാല്‍ പ്രത്യേക കാരണങ്ങളോ ഒഴികഴിവുകളോ ഇല്ലാതെ അതില്‍ നിന്ന് പിന്മാറരുത്. കാരണം വാഗ്ദത്തലംഘനം കപടവിശ്വാസികളുടെ ലക്ഷണവും ദുഃസ്വഭാവവുമാണ്. തിരുനബി(സ) പറഞ്ഞു. ‘സംസാരിച്ചാല്‍ കളവുപറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ ചതിക്കുക എന്നീ മൂന്നുകാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അവന്‍ തനികപടനാണ്. അവന്‍ നിസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ പോലും’.

മൂന്ന്: പരദൂഷണം. ഒരാളെയും ദുഷിച്ച് പറയരുത്. മുപ്പതു തവണ വ്യഭിചാരത്തിലേര്‍പ്പെടുന്നതിലേറെ ഗൗരവമാണ് പരദൂഷണമെന്ന് ഹദീസില്‍ വിവരിച്ചിട്ടുണ്ട്. ഒരാളെ കുറിച്ച് അവനിഷ്ടപ്പെടാത്ത കാര്യം പറയുന്നതാണ് പരദൂഷണം. അത് അവനില്‍ ഉള്ള കാര്യമാണെങ്കില്‍ പോലും. പരദൂഷണം തികഞ്ഞ അപരാധമാണ്. ഭക്തിപ്രകടനക്കാരുടെ പരദൂഷണം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തമായി പറയാതെ അല്ലാഹു അവനെ നന്നാക്കട്ടേ, അവനെന്നോട് മോശമായി പെരുമാറി. അവന്റെ ചെയ്തികള്‍ എന്നെ വിഷമിപ്പിച്ചു, നമ്മെയും അവനെയും നേര്‍വഴിയിലാക്കാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു തുടങ്ങിയ വ്യംഗ്യാര്‍ഥമുള്ള പദങ്ങളുപയോഗിച്ച് കാര്യം ഗ്രഹിപ്പിക്കുന്ന രീതിയാണത്. രണ്ടുതെറ്റുകളാണ് അതിലൂടെ ഉണ്ടായിത്തീരുന്നത്. കേള്‍ക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകുന്നതിനാല്‍ അത് പരദൂഷണമാണ്. പാപത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും ഉല്‍കൃഷ്ടനായും ചമഞ്ഞ് ആത്മപ്രശംസയും സ്വയംപുകഴ്ത്തലും നടത്തുന്നുവെന്നതാണ് രണ്ടാമത്തെ തെറ്റ്. അല്ലാഹു അവനെ നേര്‍വഴിക്കാക്കണമെന്ന ഉദ്ദേശ്യവും അവന്‍ ചീത്തയായതിലുള്ള മനോ വിഷമവുമാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെങ്കില്‍ രഹസ്യമായി അവനു വേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അവനെ നാണംകെടുത്താനോ കുറ്റങ്ങളും കുറവുകളും പരസ്യപ്പെടുത്താനോ ഉദ്ദേശിക്കുന്നില്ല എന്നാണ് രഹസ്യപ്രാര്‍ഥന സൂചിപ്പിക്കുന്നത്. അവന്റെ ന്യൂനത വിഷമമുണ്ടെന്ന് തുറന്നു പറഞ്ഞതിലൂടെ അവന്റെ കുറ്റങ്ങളും കുറവുകളും പരസ്യപ്പെടുത്തുകയാണ്. ‘നിങ്ങളില്‍ ചിലര്‍ ചിലരെ പറ്റി അവരുടെ അഭാവത്തില്‍ അവനിഷ്ടപ്പെടാത്ത കാര്യം പറയരുത്. തന്റെ സഹോദരന്റെ മൃതശരീരം ഭുജിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് നിങ്ങള്‍ വെറുക്കുകയും ചെയ്യുന്നു’ എന്ന സൂറ ഹുജുറാനിലെ 12-ാം വചനം മാത്രം മതി പരദൂഷണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍. സഹോദരന്റെ മൃതശരീരം ഭക്ഷിക്കുന്നവനോടാണ് ഈ വചനത്തില്‍ അല്ലാഹു പരദൂഷണം പറയുന്നവനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും അതില്‍ നിന്ന് നാവിനെ കാത്തുസൂക്ഷിക്കാതിരിക്കാന്‍ എങ്ങനെ കഴിയുന്നു?

പ്രത്യക്ഷമോ പരോക്ഷമോ ആയ വല്ല ന്യൂനതയും നിനക്കുണ്ടോ? രഹസ്യമായോ പരസ്യമായോ വല്ല തെറ്റും നീ ചെയ്യുന്നുണ്ടോ? എന്ന കാര്യം ചിന്തിച്ചാല്‍ മതി വിശ്വസികളെ ദൂഷണം പറയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍. അത്തരം കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ നിനക്ക് സാധിക്കാത്തത് പോലെ അവനും അതിന് സാധിക്കാത്തത് കൊണ്ടായിരിക്കാം. നിനക്ക് ഒഴികഴിവുകളുള്ളത് പോലെ അവനും ഒഴികഴിവുകളുണ്ടാകാം. കുറ്റങ്ങളും കുറവുകളും പറയുകയും നാണംകെടുത്തുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടാത്തത് പോലെ അവനും ഇഷ്ടപ്പെടുകയില്ല. അവന്റെ കുറ്റങ്ങളും കുറവുകളും മറച്ചുവെക്കുന്ന പക്ഷം നിന്റെ കുറ്റങ്ങളും കുറവുകളും അല്ലാഹു മറച്ചുവെക്കും. അവനെ നാണം കെടുത്തിയാല്‍ നിന്റെ അഭിമാനം പിച്ചിച്ചീന്തുന്ന അനേകമാളുകളെ ഇഹത്തില്‍ വെച്ച് അല്ലാഹു അധികാരപ്പെടുത്തും. ഒടുവു നാളില്‍ ജനങ്ങള്‍ക്ക് മുന്നില്‍വെച്ച് നിന്നെ അവന്‍ നാണം കെടുത്തുകയും ചെയ്യും. അകവും പുറവും പരിശോധിച്ചിട്ടും മതപരമായതോ ഭൗതികമായതോ ആയ യാതൊരു കുറ്റവും കുറവും നിന്നില്‍ കണ്ടെത്താനായില്ല എങ്കില്‍ നിന്റെ ന്യൂനതകളെക്കുറിച്ചുളള അജ്ഞത അവിവേകത്തിന്റെ ബീഭത്സമായ അവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. അവിവേകത്തെക്കാള്‍ വലിയ എന്തു ന്യൂനതയാണുള്ളത്. അല്ലാഹു നന്മ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ നിന്റെ ന്യൂനതകള്‍ ബോധ്യപ്പെടുത്തിത്തരുന്നതാണ്. സംതൃപ്തിയോടെ നിന്റെ ചെയ്തികളെ നോക്കിക്കാണുന്നു എന്നത് തന്നെ ഏറ്റവും വലിയ മനോ ദൗര്‍ബല്യവും വിവരക്കേടുമാണ്. ഇനി ആ വിചാരം ശരിയാണെങ്കില്‍ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുകയാണു വേണ്ടത്. ഒരിക്കലും ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞുകൊണ്ട് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ച് നിന്റെ വിശുദ്ധി നഷടപ്പെടുത്തരുത്. അങ്ങനെ ചെയ്യുന്നതാണല്ലോ എറ്റവും വലിയ ന്യൂനത.

(തുടരും)

ഇസ്ഹാഖ് അഹ്‌സനി

You must be logged in to post a comment Login