ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്

ഇത് അതിജീവനത്തിന്റെ പ്രശ്‌നമാണ്

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ അടിവേരിലേറ്റ പ്രഹരത്താല്‍ ചകിതമായ നാളുകളാണിത്. ഇന്ത്യ എന്താവണം എന്ന വിഭജനകാലത്തെ ചോദ്യത്തിന് ഇന്നാട്ടിലെ നാനാ മതക്കാരായ മനുഷ്യര്‍ നല്‍കിയ കാമ്പും കനവുമുള്ള ഉത്തരം മതേതര ജനാധിപത്യം എന്നായിരുന്നു. ആ ഉത്തരത്തിലേക്ക് ഇന്ത്യ എന്ന നവജാത രാഷ്ട്രം എത്തിയതിന്റെ കാരണം ദേശീയപ്രസ്ഥാനത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന ബഹുസ്വരതയാണ്.
എന്തെല്ലാമായിരുന്നു ആ ബഹുസ്വരത? ശാസ്ത്രമാത്രവാദത്തിന്റെ തണലില്‍ പടരുന്ന യാന്ത്രിക ഭൗതികതയെ ദേശീയപ്രസ്ഥാനം ഒരിക്കലും സ്വീകരിച്ചില്ല എന്നതാണ് ഒന്നാമത്തേത്. പലതരം ആത്മീയതകളുടെ നീരോട്ടത്താല്‍ അത് സമൃദ്ധമായിരുന്നു. ആത്മീയതയെയും വിശ്വാസത്തെയും വ്യക്തി-കുടുംബ-സാമൂഹിക സംസ്‌കരണത്തിനുള്ള ഉപാധിയായി കണ്ട മനുഷ്യരായിരുന്നു ആ നീരോട്ടത്തിന്റെ പ്രഭവങ്ങള്‍. അതിനാലാണ് ഓജസ്സുള്ള ജനാധിപത്യത്തിലേക്ക് ഇന്ത്യ അതിവേഗമെത്തിയത്. അങ്ങനെ നവരാഷ്ട്ര നിര്‍മാണത്തിന്റെ കനപ്പെട്ട ഊടും പാവുമായിത്തീര്‍ന്ന മതാത്മക ആത്മീയതയുടെ പതാകകളിലൊന്ന് ഇന്ന് വഹിക്കുന്നത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ്. അതിനാലാണ് രാഷ്ട്രീയം മതത്തില്‍, മതജീവിതത്തില്‍ ഇടപെടുമ്പോള്‍ കാന്തപുരത്തോട് രാഷ്ട്രീയം സംസാരിക്കേണ്ടി വരുന്നത്. നിശബ്ദവും നിര്‍വ്യാജവുമായ ഒരു കൊടുക്കല്‍ വാങ്ങലിന്റെ നൈതികതയെ ഹിംസാത്മകമായ ലക്ഷ്യത്തോടെ കക്ഷിരാഷ്ട്രീയം റദ്ദാക്കുമ്പോള്‍ നിശബ്ദനായിരിക്കാന്‍ കാന്തപുരത്തിനും കഴിയില്ലല്ലോ? കാന്തപുരം രിസാലയോട് സംസാരിക്കുന്നു.

ഇന്ത്യാ ചരിത്രത്തില്‍ മുസ്ലിമിന്റെ പ്രാതിനിധ്യം പോലും റദ്ദാക്കുന്ന രീതിയിലാണ് പൗരത്വ ഭേദഗതി നിയമം. പ്രത്യേകിച്ച് ഇന്ത്യന്‍ മുസ്ലിമിന്റെ രാഷ്ട്രീയ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. നിലവില്‍ മുസ്ലിംകളുടെ ആത്മീയ സംഘാടന നേതൃത്വം എന്ന രീതിയില്‍ സമകാലിക സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു. വര്‍ത്തമാന ഇന്ത്യന്‍ മുസ്ലിമിന്റെ മാനസികാവസ്ഥ എന്തായിരിക്കും?
ഇന്ത്യയുടെ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചവരാണ് മുസ്ലിംകള്‍. അതിന്റെ പേരില്‍ നാടുകടത്തപ്പെട്ട് അന്തമാന്‍ ജയിലില്‍ അടികൊണ്ടും ഇവിടെ വെടിയേറ്റ് മരിച്ചും പോരാടിയവരാണ് മുസ്ലിംകള്‍. ഇന്ത്യ എന്ന് നിലവില്‍ വന്നുവോ അന്നുമുതല്‍ മുസ്ലിംകളും ഇവിടെ ഉണ്ട്. അവര്‍ പുതുതായി വന്നവരല്ല. സ്വന്തം രാജ്യത്തെ സ്നേഹിക്കാന്‍ ഇസ്ലാം പഠിപ്പിച്ചതാണ്. ആ നിലയില്‍ അത് നിലനില്‍ക്കണമെന്ന് അതിയായ ആഗ്രഹം മുസ്ലിംകള്‍ക്കുള്ളതു കൊണ്ടാണ് അത്രയധികം ക്ലേശങ്ങള്‍ സഹിക്കാന്‍ തയാറായത്. അത്തരത്തിലുള്ള ഒരു സമൂഹത്തെ ഇത്രയും കാലം ചെന്ന ശേഷം ഇന്ത്യക്കാരല്ലാതാക്കിത്തീര്‍ക്കുന്ന ഒരവസ്ഥയാണ് ഗവണ്‍മെന്റ് കൊണ്ടുവന്ന ആക്ട് വഴി സംഭവിക്കുന്നത്. ഈ ആക്ടില്‍ ചില രാജ്യങ്ങളുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. അതു മാറ്റണം. ഏത് രാജ്യത്ത് നിന്ന് വന്നാലും നിയമപരമായി പരിശോധിച്ച് പൗരത്വം കൊടുക്കണം. അതില്‍ മുസ്ലിംകള്‍, അല്ലാത്തവര്‍ എന്ന വേര്‍തിരിവ് ഒഴിവാക്കണം.

മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്നാണ് ലക്ഷ്യമെങ്കില്‍, പഴയകാലത്ത് പാകിസ്ഥാനില്‍ പോയി താമസിക്കുകയും പിന്നീട് പിറന്ന നാട്ടില്‍ മരിക്കാം എന്ന് തീരുമാനിച്ച് ഇന്ത്യയിലേക്ക് വരികയും ചെയ്ത വ്യക്തികളുണ്ട്. അവരെ പരിഗണിക്കാത്തതെന്താണ്? ഇതിന്ന് പകരം ഇത്തരം ആളുകളെ ഇവിടെ നിന്ന് പൊലീസ് തിരഞ്ഞുപിടിച്ച്, പാകിസ്ഥാനിലേക്ക് അയക്കുകയാണ്. അങ്ങനെ തിരിച്ചയക്കുമ്പോള്‍ അവര്‍ നേരത്തെ ഇന്ത്യയിലേക്ക് വരുമ്പോള്‍ സമ്പാദിച്ച വിസയുടെ കാലാവധി കഴിഞ്ഞുപോയിട്ടുണ്ടാവും പലപ്പോഴും. അതോടെ അവരെ പാകിസ്ഥാനിലേക്ക് കടക്കാന്‍ സമ്മതിക്കുകയില്ല. ഇന്ത്യയിലേക്ക് തിരിച്ചുവരാനും സമ്മതിക്കില്ല. അങ്ങനെ ബോര്‍ഡറില്‍ വെച്ചു മരിച്ചുപോയ ആളുകളുമുണ്ട്. അവരെല്ലാം ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന്, പിന്നീട് കച്ചവടാവശ്യാര്‍ഥം പാകിസ്ഥാനില്‍ പോയവരാണ്. അവിടെ കച്ചവടം ചെയ്ത് അവിടുത്തെ സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചു. അവസാനം പ്രായമെത്തുമ്പോള്‍ നാട്ടിലേക്ക് തിരിച്ചുപോരണമെന്ന ഉദ്ദേശ്യത്തില്‍ പോന്ന അവര്‍ക്കു പോലും ഇവിടെ പൗരത്വം കൊടുക്കുന്നില്ല. പിന്നെങ്ങനെ ഇത് കഷ്ടപ്പെടുന്നവരെ സഹായിക്കലാവും?

എന്തായാലും ഒരു കാര്യം വളരെ വ്യക്തമാണ്; പുതിയ പൗരത്വ നിയമ ഭേദഗതി നിയമം ഭരണഘടനക്ക് വിരുദ്ധമാണ്. ഈ നിയമം ഇന്ത്യയെ നശിപ്പിക്കാന്‍ കാരണമാണ്. ഹൈന്ദവരും മുസ്ലിംകളുമായിപ്പിരിഞ്ഞ് പുതിയൊരു വിഭജനത്തിന് ഹേതുവാക്കുന്നതാണ്. ഈ നിയമം നിലനിന്നാല്‍ എല്ലാ നിലക്കും രാജ്യത്തിന് പ്രതിസന്ധിയാണ്. വിദേശരാജ്യങ്ങള്‍ നമ്മെ വിലയിരുത്തും, സമ്പദ്ഘടനയെ സാരമായി ബാധിക്കും, ദാരിദ്ര്യത്തെ ഈ നാട്ടിലേക്ക് വിളിച്ചുവരുത്തും. ഇപ്പോള്‍ തന്നെ കേരള മുഖ്യമന്ത്രി ജപ്പാന്‍ മന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതുപോലെ യു എ ഇയുമായി ഇന്ത്യ തന്ത്രപ്രധാനമായ ഒരുപാട് കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതിലെല്ലാം അവര്‍ ഇന്ത്യയില്‍ വന്ന് ബിസിനസ് ചെയ്യാമെന്നതും ഈ നാടിന് വിദേശനാണ്യം നേടിത്തരാമെന്നുമുള്ള കണ്ടീഷനാണുണ്ടായിരുന്നത്. ഇപ്പോള്‍ ഇവിടെ കുഴപ്പമാണ് എന്ന് കേട്ടാല്‍ ഒരാളും ഈ നാട്ടിലേക്ക് വരില്ല. അങ്ങനെ വരാതിരിക്കുമ്പോള്‍ ബിസിനസ് നടക്കില്ല. അതുവഴി രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന തലമുറയില്‍ അധികപേരും സ്വന്തം ജനനത്തീയതി പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്തവരാണ്. പിന്നെ പിതാവിന്റെ ജനനത്തീയതി എങ്ങനെ അറിയാനാണ്. പിതാമഹന്റെ പേരു പോലും അറിയാത്തവരുണ്ടാകും. ഇവരെല്ലാം ഇന്ത്യക്കാരല്ലാതാകുകയാണ് പുതിയ ഭേദഗതിയിലൂടെ. അവരുടെ പിതാവും പിതാവിന്റെ പിതാവുമെല്ലാം ജനിച്ചത് ഇന്ത്യയിലാണ്, പക്ഷേ ഈ നിയമത്തിന്റെ കുരുക്കില്‍പെട്ട് അവര്‍ ഇന്ത്യക്കാരല്ലാതാവുന്നു. നിയമത്തിന്റെ ദൗര്‍ബല്യമാണത്. അതിനാല്‍ ഈ നിയമം അംഗീകരിക്കാനാവില്ല. ഗവണ്‍മെന്റ് നിഷ്പക്ഷമായി ചിന്തിക്കുകയും നടപ്പിലാവുന്ന കാര്യങ്ങള്‍ മാത്രം നടപ്പാക്കുകയും ചെയ്യണമെന്നാണ് പറയാനുള്ളത്. ഇപ്പോള്‍ തന്നെ ഞങ്ങളെല്ലാം വളരെ സമാധാനത്തില്‍ മാത്രമാണ് നമ്മുടെ ആവശ്യങ്ങള്‍ ഗവണ്‍മെന്റിനു മുമ്പില്‍ വെക്കുന്നത്. കുഴപ്പമുണ്ടാക്കരുത് എന്ന് നിരന്തരം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. അതനുസരിച്ച് കേരളത്തിലെല്ലാം സമാധാനപരമായി കാര്യങ്ങള്‍ നടക്കുകയാണെങ്കിലും ഡല്‍ഹിയില്‍നിന്നും യു പിയില്‍നിന്നുമെല്ലാം കേള്‍ക്കുന്നത് വളരെ ദുഃഖകരമായ വാര്‍ത്തകളാണ്. വിദ്യാര്‍ഥികളെ സാധാരണഗതിയില്‍ പൊലീസുകാര്‍ അക്രമിക്കാറില്ല. എല്ലാ രാജ്യത്തും വിദ്യാര്‍ഥികളെ ആ രൂപത്തിലാണ് കാണാറ്. ഇന്ത്യയിലും അങ്ങനെത്തന്നെയായിരുന്നു. ഇപ്പോള്‍ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുകയാണ്. നിയമവിരുദ്ധവും വേദനാജനകവുമാണത്.

ഇന്ത്യന്‍ ഭരണഘടനക്ക് മാനുഷിക പരിഗണന മാത്രമാണുള്ളത്. ഭരണഘടനയില്‍ നിന്ന് അത്തരം മൗലിക പ്രത്യേകതകള്‍ ഇല്ലാതാക്കപ്പെടുകയാവും ഈ ആക്ടിന്റെ ഫലം. നിശ്ചിത കാലം താമസിച്ചാല്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ പൗരത്വം നല്‍കുന്ന രീതിയിലേക്ക് നിയമം മാറ്റുകയാണ് വേണ്ടത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്ന ആളുകള്‍ ഒരുപക്ഷേ, ഭീകരന്മാരോ തീവ്രവാദികളോ ആണെങ്കില്‍ തിരിച്ചറിയേണ്ടതില്ലേ? ആറുകൊല്ലം കഴിഞ്ഞാല്‍ മുസ്ലിംകളല്ലാത്തവരൊക്കെ തീവ്രവാദികളല്ലെന്ന് ആര്‍ക്ക് പറയാനാകും. മതം നോക്കി പൗരത്വം തീരുമാനിക്കുമ്പോള്‍ ഇങ്ങനെ നിരവധി പ്രതിസന്ധികള്‍ ഉണ്ടാകും.

എല്ലാ രാജ്യത്തും പൗരത്വത്തിന് നിയമങ്ങളുണ്ട്. പക്ഷേ അത് രാജ്യത്തെ പൗരന്മാരെ പുറന്തള്ളുന്നതല്ല. ഇനി മുതല്‍ ജനിക്കുന്നവര്‍ക്ക്, എന്‍ ആര്‍ സി വേണമെന്ന് പറഞ്ഞാല്‍ കേരളം പോലുള്ള ഒരു സംസ്ഥാനത്തൊന്നും വലിയ കുഴപ്പമുണ്ടാവില്ല. ഇവിടെ അത് സാധ്യമാകും. കാരണം ഇപ്പോള്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലൊക്കെ ജനനസര്‍ട്ടിഫിക്കറ്റ്, മരണസര്‍ട്ടിഫിക്കറ്റ്, വിവാഹസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ കൊടുക്കുന്നുണ്ട്. അതുകൊണ്ട് വേണ്ട രേഖകള്‍ സമര്‍പിക്കാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ യു പി പോലെ മറ്റുപല സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ അക്കാര്യത്തില്‍ അത്ര സൂക്ഷ്മതയുള്ളവരല്ല. അവിടെ അപ്പോഴും കുറെയാളുകള്‍ പുറത്തായിപ്പോകുന്ന ദുഃസ്ഥിതി വരും. ഇത്തരം വിഷയങ്ങളില്‍ നിയമം നിര്‍മിക്കുമ്പോള്‍ ഭരണകൂടം വലിയ സൂക്ഷ്മത കാണിച്ചില്ലെങ്കില്‍ അത് രാജ്യത്തെ തന്നെ തകര്‍ക്കാന്‍ ഹേതുവാകും. ഇപ്പോള്‍ പാസാക്കിയ നിയമത്തില്‍ അതാത് വ്യക്തികളുടെ മാത്രമല്ല, അവരുടെ ഉപ്പമാരുടെയും ഉപ്പാപ്പമാരുടെയും ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ അത് നടപ്പുള്ള കാര്യമല്ല. എന്‍ പി ആറിനോട് ഇതിനെ കൂട്ടിച്ചേര്‍ത്താല്‍ അത് എന്‍ ആര്‍ സിയുടെ മറ്റൊരു രൂപമാവും. അതും ഉണ്ടാവാന്‍ പാടില്ല.

ഗവണ്‍മെന്റ് പറയുന്നൊരു നിലപാട്, ലോകസഭയിലും രാജ്യസഭയിലും പാസാക്കി രാഷ്ട്രപതി ഒപ്പു വെച്ചതോടെ നിയമം ഇന്ത്യയുടെ നിയമമാവുകയാണ്. ആ സ്ഥിതിക്ക് അതില്‍നിന്ന് പിന്നോട്ടു പോവുകയെന്നത് ഗവണ്‍മെന്റിന്റെ പരാജയമാണ്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെയും കേരളത്തിലെ സമാധാന സമരങ്ങളുടെയും ആത്യന്തിക ലക്ഷ്യം സി എ എ നടപ്പാകാതിരിക്കുകയും മുസ്ലിമിനെ മാത്രം മാറ്റിനിര്‍ത്തുന്ന ഭാഗം ഒഴിവാക്കണമെന്നതുമാണ്. ഗവണ്‍മെന്റിനാണെങ്കില്‍ ഇത് പിന്‍വലിക്കാന്‍ വയ്യ. അത് പുറകോട്ട് പോവലാവും. പറയുന്നത് ഈ സ്ഥിതിയില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഗവണ്‍മെന്റിന് മുന്നില്‍ വെക്കാവുന്ന നിര്‍ദേശമെന്തായിരിക്കും?
നിയമം പിന്‍വലിക്കണമെന്നില്ല. അതിലെ ഭരണഘടനാവിരുദ്ധമായ ഭാഗങ്ങള്‍ ഒഴിവാക്കി ഭേദഗതി കൊണ്ടുവരാമല്ലോ. അങ്ങനെ വരുമ്പോള്‍ പിന്‍വലിച്ചു എന്ന് ഗവണ്‍മെന്റ് പറയേണ്ടി വരില്ല. മാത്രമല്ല, അയല്‍രാജ്യങ്ങളുടെ പേരുകള്‍ എടുത്തുകളയുക. ഏതു രാജ്യത്തു നിന്ന് വന്നാലും, ആരുവന്നാലും എന്നാക്കിത്തീര്‍ക്കുക. അപ്പോള്‍ നിയമം പിന്‍വലിച്ചു, ചെറുതായി എന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഉപവകുപ്പ് ചേര്‍ക്കുന്നു അല്ലെങ്കില്‍ ഭേദഗതി വരുത്തുന്നു എന്നേ വരുന്നുള്ളൂ. അത് ഗവണ്‍മെന്റുകള്‍ ചെയ്യാറുള്ളതുമാണല്ലോ. അതൊരു ഡീമെറിറ്റാവില്ല. സമരത്തിന് ശേഷമാണ് എന്നതു മാത്രമേ മോശമായി കണക്കാക്കൂ. എങ്കിലും ഇത് ചെയ്താല്‍ രാജ്യത്തിന്റെ നന്മക്കായി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഗവണ്‍മെന്റാണ് എന്ന സല്‍പേര് കിട്ടും.

സംഘപരിവാര്‍ ഗവണ്‍മെന്റിനെ മുന്നോട്ടു നയിക്കുന്നത് നിശ്ചയമായും ആര്‍ എസ് എസിന്റെ ദേശീയ താല്‍പര്യങ്ങളാണ്. ആര്‍ എസ് എസിന്റെ ദേശനിര്‍വചനത്തില്‍ മുസ്ലിം ഉള്‍പെടുന്നില്ല. അതിന്റെ ഭാഗമാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന നിലപാട്. വാസ്തവത്തില്‍ കശ്മീര്‍ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടു മാത്രം സംഭവിച്ചതാണത്. സര്‍ക്കാരിന്റെ ഈ മുസ്ലിം മുന്‍വിധിയോടുള്ള പ്രതികരണമെന്താണ്? അങ്ങനെ ഉണ്ടെന്നാണ് പൊതുസമൂഹം കരുതുന്നത്. താങ്കളുടെ നിലപാടെന്താണ്?
മുന്‍വിധിയുണ്ടെന്ന് മാത്രമല്ല മുസ്ലിംകള്‍ക്കെതിരായി എന്തു നിയമം കൊണ്ടുവന്നാലും മുസ്ലിംകള്‍ ശബ്ദിക്കുകയില്ല എന്ന് അവര്‍ ധരിച്ചുപോയിട്ടുണ്ട്. ഉദാഹരണം മുത്തലാഖ്. അത് പാര്‍ലമെന്റില്‍ കൊണ്ടുവരേണ്ട വിഷയമേ അല്ല. ത്വലാഖ് മുസ്ലിംകള്‍ക്കിടയില്‍ വളരെ കുറവാണ്. മറ്റു മതങ്ങളിലാണ് കൂടുതല്‍ നടക്കുന്നത്. ആയിരത്തില്‍ ഒന്ന് മാത്രമാണ് മുസ്ലിംകളിലെ ത്വലാഖ് നിരക്ക്. അത്രയും അപൂര്‍വമായ ഒരു സംഭവം, നാട്ടിലെ മതപണ്ഡിതന്മാരുടെ തീരുമാനപ്രകാരം ജനങ്ങള്‍ പരിഹരിച്ചുപോരുന്ന കാര്യങ്ങളാണിത്. അതിലൊരു കോടതിയോ ഗവണ്‍മെന്റോ ഇടപെടേണ്ട ആവശ്യമേ ഇല്ല. അതിന്റെ കൂടെ മറ്റൊരു നിയമം കൂടി കൊണ്ടുവന്നിട്ടുണ്ട്. മുത്തലാഖ് ചൊല്ലിയവന്‍ ശിക്ഷിക്കപ്പെടുമെങ്കിലും അവനും ഭാര്യക്കും പിന്നെയും മരണം വരെ ജീവിക്കാമെന്നൊരു നിയമം കൂടി അക്കൂട്ടത്തിലുണ്ടായി. അത് ഇസ്ലാമിനെ അവഹേളിക്കുന്ന നിയമമാണ്. മതനിയമപ്രകാരം വ്യഭിചാരിയായി കൂടാനുള്ള അനുവാദമാണത് നല്‍കുന്നത്. ഇസ്ലാമിനോടുള്ള അവഹേളനവും ഇസ്ലാമിനെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള പ്രവര്‍ത്തനവുമാണത്. പക്ഷേ, ആരും അതിനെ കാര്യമായി എതിര്‍ക്കാതിരുന്നത് ഇവിടെ മുത്തലാഖ് ചൊല്ലുന്നവര്‍ വളരെ ചുരുക്കമാണ്, അതത്ര ഗൗനിക്കേണ്ടതില്ല എന്നതു കൊണ്ടാണ്.

കശ്മീരിലെ പ്രശ്‌നവും അതു തന്നെയാണ്. ബാബരി മസ്ജിദും അതു തന്നെയാണ്. മുസ്ലിംകളുടേതാണെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെന്നേയുള്ളൂ. എല്ലാം മുസ്ലിംകളുടേതാണെന്ന് പറയാവുന്ന രീതിയില്‍ സ്ഥിരപ്പെടുത്തിയ ശേഷം എന്നാലും പള്ളി നിന്ന ഭൂമി ഞങ്ങളിവര്‍ക്കാണ് കൊടുക്കുന്നത് എന്നാണ് പറഞ്ഞത്. മുസ്ലിംകള്‍ സമാധാന കാംക്ഷികളാണ്, അതുകൊണ്ടിവിടെ സമാധാനം നിലനില്‍ക്കട്ടെ എന്ന് മനസ്സിലാക്കിയാണോ കോടതി അത്തരം നിലപാടെടുത്തത് എന്നറിയില്ല. മുസ്ലിംകളതിനെ എതിര്‍ക്കാതിരുന്നത്, അവിടെ രണ്ട് സാധ്യകളാണുള്ളത്. ഒന്ന് മസ്ജിദ്, രണ്ട് ഇന്ത്യയുടെ അഖണ്ഡത. ഇതില്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഞങ്ങള്‍ പ്രാമുഖ്യം നല്‍കി. ഒരു ബഹളവും അതിന്റെ പേരില്‍ ഉണ്ടായില്ല.

കശ്മീര്‍, മുത്തലാഖ്, ബാബരി മസ്ജിദ് എന്നീ മൂന്നു വിഷയങ്ങളിലും മുസ്ലിംകള്‍ സമാധാനിച്ചത് ഈ രാജ്യത്തിന്റെ മഹത്വം നോക്കിയിട്ടാണ്. പൗരത്വ ഭേദഗതിനിയമം അങ്ങനെയല്ല. അതനുവദിച്ചുകൊടുക്കാന്‍ പറ്റാത്ത അത്രയും അപകടം പിടിച്ച കാര്യമായതുകൊണ്ട് ഞങ്ങള്‍ ശബ്ദിച്ചുകൊണ്ടേയിരിക്കും.

നേരത്തെ സൂചിപ്പിച്ചത് പോലെ മുത്തലാഖ്, കശ്മീര്‍ വിഷയങ്ങളിലെല്ലാം കൃത്യമായ മുന്‍വിധിയോടെയാണ് സര്‍ക്കാര്‍ സമീപിച്ചത്. ആ സമയത്തു പോലും ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് ഇതൊക്കെ രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തകര്‍ക്കുമെന്ന് ഒന്നിച്ചുനിന്ന് പറയുന്നതില്‍ എന്തെങ്കിലും വിലങ്ങുതടികളുണ്ടോ? സംഘടനാപരമായ വേര്‍തിരിവുകള്‍ ഒന്നിക്കുന്നതിന് തടസമാകുന്നുണ്ടോ?
ഒരിക്കലുമില്ല. എല്ലാ സംഘടനകളും ഒന്നിച്ചാണല്ലോ ഇപ്പോള്‍ സംസാരിക്കുന്നത്.

അതെ, പക്ഷേ ആ ഒരുമയില്‍ തന്നെ പല ഭിന്നതകളും കാണുന്നുണ്ട്. ഉദാഹരണമായി ഈ പ്രതിഷേധത്തിലേക്ക് സ്വത്വരാഷ്ട്രീയത്തെ കൊണ്ടുപോയി കെട്ടുന്ന ചില പ്രവണതകളെങ്കിലുമുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ഈ സമരത്തോടുള്ള നിലപാടും മറ്റു മുസ്ലിം സംഘടനകളുടെ നിലപാടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.
ബഹുഭൂരിപക്ഷം മുസ്ലിംകളുടെയും നിലപാടാണ് ഞാന്‍ പറയുന്നത്. ജമാഅത്തെ ഇസ്ലാമിയൊക്കെ വളരെ ന്യൂനപക്ഷമാണ്. അവരെപ്പോഴും മുസ്ലിംകളുടെ പല ആശയത്തോടും വിഘടിച്ചു നില്‍ക്കുന്നവരാണ്.

ഒരു കാര്യം വിനയത്തോടെ ചോദിക്കട്ടെ, ജമാഅത്തെ ഇസ്‌ലാമി ന്യൂനപക്ഷമാണെങ്കിലും ബുദ്ധിജീവി സമൂഹത്തില്‍ അവരുടെ പല തരത്തിലുള്ള ഇടപെടലുകളുമുണ്ട്. അവരുടെ ശബ്ദം വേറിട്ടു കേള്‍ക്കുകയും ഉറക്കെ കേള്‍ക്കുകയും ചെയ്യുന്ന സമയത്ത് ഇവിടത്തെ വിശ്വാസി മുസ്ലിംകളുടെ ശബ്ദം, ബഹുഭൂരിപക്ഷമായിട്ടുകൂടി പുറത്തേക്കു വരുന്നില്ല എന്ന് തോന്നുന്നു?
അതിന് അവരിപ്പോ ഒന്നും ശബ്ദിക്കുന്നില്ലല്ലോ. അവരിപ്പോ അടങ്ങിയിരിക്കുകയല്ലേ. സംസാരിക്കുന്നത് മുഴുവന്‍ സുന്നികളും ബഹുഭൂരിപക്ഷ മുസ്ലിംകളും തന്നെയാണ്. ആ കൂട്ടത്തില്‍ കൂടിയാല്‍ അവര്‍ക്ക് നന്ന്. എല്ലാവര്‍ക്കും നന്ന്.

ഈ വലിയൊരു അപകടാവസ്ഥയില്‍ രാജ്യത്തെ മുഴുവന്‍ ഗ്രൂപ്പുകളെയും ഒന്നിപ്പിക്കാനായിട്ട് ഔദ്യോഗികമായി ശ്രമങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടോ?
എല്ലാവരെയും ഒന്നിപ്പിക്കുക എന്നത് ലോകത്തൊരിടത്തും, ഒരു കാലത്തും നടക്കാത്ത സംഗതിയാണ്.

ഈ പ്രത്യേക സാഹചര്യത്തില്‍?
ഏത് പ്രത്യേക സാഹചര്യം മുന്‍നിറുത്തിയാലും ലോകം ഉണ്ടായതുമുതല്‍ ഇന്നുവരെ ഒരു കാലത്തും എല്ലാവരെയും കൂട്ടിയിണക്കുകയെന്നത് നടക്കാത്ത കാര്യമാണ്. പരമാവധി ഒന്നിപ്പിക്കാന്‍ ശ്രമിക്കുക എന്നതാണ് വേണ്ടത്. കേരളത്തെ സംബന്ധിച്ചിടത്തോളം എല്ലാവരും ഒന്നായിച്ചേര്‍ന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലാണ് ഭിന്നിപ്പ് കൂടുതലുണ്ടാകാറുള്ളത്. അവരും ഇപ്പോള്‍ ഒന്നായി ചേര്‍ന്നിട്ടാണല്ലോ ഈ സമരങ്ങളൊക്കെ നടക്കുന്നത്.

സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം ഓരോ ദിവസം കഴിയുന്തോറും അതിരൂക്ഷമായി വരുന്നതാണ് കാണുന്നത്. പ്രത്യേകിച്ചും യു പി, ഡല്‍ഹി എന്നിവിടങ്ങളില്‍. അത് വലിയ പ്രത്യാഘാതങ്ങളിലേക്കും കുഴപ്പങ്ങളിലേക്കും പോകുമെന്നാണ് ഇപ്പോഴുള്ള സൂചനകള്‍ കാണുന്നത്. കേരളത്തില്‍ അതിനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സമരം എങ്ങനെ കൊണ്ടുപോകണമെന്നതിനെ സംബന്ധിച്ച് അങ്ങേക്കെന്തെങ്കിലും നിര്‍ദേശം മുന്നോട്ടു വെക്കാനുണ്ടോ?
സമരത്തിന് അവകാശങ്ങള്‍ നേടിയെടുക്കുക എന്ന് പറഞ്ഞാല്‍ മതി. ഇത് ഒരു സമരം എന്നതിനേക്കാള്‍ ഒരു അതിജീവനത്തിന്റെ പ്രശ്നമാണ്. ഏത് ഗവണ്‍മെന്റാണ് ഭരിക്കുന്നതെങ്കിലും നമ്മുടെ ആവശ്യം നേടിയെടുക്കലാണ് ലക്ഷ്യം. അവകാശം നേടിയെടുക്കാനുള്ള തീവ്രയത്‌നമാണ് ഈ പോരാട്ടം.

രാഷ്ട്രീയ പാര്‍ട്ടികളും കൂടി ഈ പ്രതിഷേധത്തില്‍ മുസ്ലിം സമൂഹത്തിന്റെ മാനസികാവസ്ഥയ്‌ക്കൊപ്പം നില്‍ക്കുന്നുണ്ട്.
അതിന് കാരണം ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നതുകൊണ്ടാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെയാണെങ്കില്‍ അടുത്തത് ക്രിസ്ത്യാനികള്‍ക്കെതിരാകും. പിന്നെ ഹിന്ദുക്കളില്‍ ഒരു വിഭാഗത്തിനെതിരാകും. അങ്ങനെ തുടരും.

അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം രാഷ്ട്രീയമായ ലക്ഷ്യങ്ങളുണ്ടാവുമല്ലോ; ബി ജെ പിയുമായുള്ള രാഷ്ട്രീയ യുദ്ധം. അതിനിടയില്‍ മുസ്ലിംകളുടെ അവകാശ സംരക്ഷണം തമസ്‌കരിക്കപ്പെടുമോ എന്നാണ് എന്റെ ആശങ്ക. ബി ജെ പിക്കെതിരായ രാഷ്ട്രീയ സമരമായി കോണ്‍ഗ്രസും ഇടതുപക്ഷവും ഇതിനെ മാറ്റുമെന്നുറപ്പാണ്. ആ രാഷ്ട്രീയ യുദ്ധത്തില്‍ മുസ്ലിം സമൂഹത്തിന് നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്നതാണ് എന്റെ ചോദ്യം.
മുസ്ലിംകളങ്ങനെ രാഷ്ട്രീയ യുദ്ധത്തിലേക്ക് പോകുന്നില്ല. മുസ്ലിംകള്‍ക്ക് മാത്രമായുള്ള നഷ്ടം എന്ന് പറയുമ്പോഴും അത് മുസ്ലിംകളില്‍ മാത്രമൊതുങ്ങില്ല. രാജ്യത്തിന്റെ നഷ്ടമായിരിക്കും. അത് എല്ലാ പാര്‍ട്ടികള്‍ക്കും ബോധ്യമുണ്ട്. മാത്രമല്ല, മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത ഒരവസ്ഥയും വന്നു കൂടായ്കയില്ലല്ലോ. അതിന്റെയെല്ലാം തുടക്കമായി ഈ ആക്ടിനെ കണ്ട് ഇപ്പോള്‍ നടക്കുന്ന സമരം വഴിതെറ്റിപ്പോകാതെ മുന്നോട്ടു പോകും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

പക്ഷേ, പാര്‍ട്ടികള്‍ രാഷ്ട്രീയ യുദ്ധത്തിലേക്ക് പോകുന്നുണ്ട്. അപ്പോള്‍ ഇടയിലുള്ളവര്‍ എന്ന നിലയിലും അവകാശങ്ങള്‍ ലഭിക്കാനുള്ളവര്‍ എന്ന നിലയിലും മുസ്ലിംകള്‍ അപ്രസക്തരായി പോകുമോ?
അതല്ല പ്രശ്നം. ഗവണ്‍മെന്റ് ഇന്ത്യന്‍ ഭരണഘടനക്കനുസൃതമായ തീരുമാനമെടുക്കണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടാണിവിടെ മുസ്ലിംകളോട് കൂടെ എല്ലാവരും ചേര്‍ന്നു നില്‍ക്കുന്നത്. മുസ്ലിംകള്‍ക്ക് മാത്രമുള്ളതാണെങ്കില്‍ ഇത്രയധികം ഇതര വിശ്വാസികള്‍ ചേരാന്‍ പ്രയാസമാണ്. ഹൈന്ദവരും ക്രൈസ്തവരുമടങ്ങുന്ന ബഹുഭൂരിപക്ഷം ആളുകളും ഇതിന്റെ കൂടെയുള്ളത് ഇന്ത്യന്‍ ഭരണഘടന തകര്‍ക്കപ്പെട്ടു കൂടാ എന്നതുകൊണ്ടാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ തകര്‍ക്കാന്‍ അനുവദിക്കില്ല എന്നാണ്.

You must be logged in to post a comment Login