ഹിറ്റ്‌ലറുടെ ജര്‍മനി ബി ജെ പിയുടെ ഇന്ത്യ

ഹിറ്റ്‌ലറുടെ ജര്‍മനി ബി ജെ പിയുടെ ഇന്ത്യ

പാര്‍ലിമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി സംസാരിക്കവേ ഹിറ്റ്ലറുടെ പഴയ ജര്‍മനിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി ജെ പി) പുതിയ ഇന്ത്യയും തമ്മിലുള്ള താരതമ്യമാണ് നടത്തിയത്. പൗരത്വ നിയമ ഭേദഗതിയുടെയും ദേശീയ പൗരത്വ പട്ടികയുടെയും ദേശീയ ജനസംഖ്യാ പട്ടികയുടെയും സൃഷ്ടാക്കള്‍ ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ സംവിധാനങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ടോ? നാസികളുടെ അജണ്ട പകര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചത്. രണ്ടും ഒരുപോലെയാണെന്നത് പകല്‍ പോലെ വ്യക്തമാണ്.
ഇന്ത്യയില്‍ ക്വിസ് പ്രോഗ്രാം ജനപ്രിയമാക്കുന്നതില്‍ എന്റെ പിതാവ് നീല്‍ ഒബ്രീന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1967കളിലായിരുന്നു ഇത്. ക്വിസിലെ കമ്പം ഏതാണ്ടെല്ലാ വിഷയങ്ങളിലും പ്രാവീണ്യം നേടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ഏറ്റം പ്രിയപ്പെട്ട വിഷയങ്ങള്‍ ഹെവി വെയിറ്റ് ബോക്സിംഗും രണ്ടാം ലോക മഹായുദ്ധവുമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ കേട്ടിരുന്ന കഥകളേറെയും ഈ വിഷയങ്ങളെക്കുറിച്ചുള്ളതാണ്. അതുകൊണ്ടു തന്നെ ഹിറ്റ്ലറുടെ ജര്‍മനിയെക്കുറിച്ച് സാമാന്യം നല്ലധാരണ ചെറുപ്പത്തില്‍ തന്നെ എനിക്കുണ്ടായിരുന്നു.

ഹിറ്റ്ലറുടെ പഴയ ജര്‍മനിയും ബി ജെ പിയുടെ പുതിയ ഇന്ത്യയും തമ്മിലുള്ള സാമ്യം നിരത്താന്‍ ശ്രമിച്ചാല്‍ ആദ്യം പറയേണ്ടത് ജൂതന്‍മാര്‍ക്കുവേണ്ടി നിര്‍മിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെക്കുറിച്ചാണ്. 1933ലാണ് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ തുടങ്ങുന്നത്. 2018ല്‍ അസമില്‍ തടങ്കല്‍പാളയം തുടങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവാദം നല്‍കി. ഇന്ത്യക്കാരല്ലാത്തവരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍പാളയം.

ആര്യന്മാരെന്ന് തെളിയിക്കാന്‍ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ധരിപ്പിക്കണമെന്ന ഉത്തരവ് നാസി ജര്‍മനി പുറപ്പെടുവിക്കുന്നത് 1935ലാണ്. പൗരത്വത്തിന് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു 2019ലെ ഇന്ത്യ. മൂന്നാമത്തേത് ജൂതന്മാരെക്കുറിച്ച് ഭരണകൂടം പറഞ്ഞുപരത്തിയ, വലിയ നുണയെന്ന് പില്‍ക്കാലത്ത് ജര്‍മനി അംഗീകരിച്ച സംഗതിയാണ്. ജൂതന്മാര്‍ ആര്യവംശത്തിനു വലിയ ഭീഷണിയാണെന്നാണ് അന്ന് ഭരണകൂടം പറഞ്ഞുപരത്തിയത്. ഇന്ത്യ നിരന്തരം വലിയ ഭീഷണി നേരിടുന്നുവെന്ന വലിയ നുണ ഇപ്പോള്‍ ഇവിടെ പ്രചരിപ്പിക്കുന്നു.
ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അജണ്ടകള്‍ക്ക് പ്രചാരണം നല്‍കാന്‍ പാകത്തില്‍ വിധേയപ്പെട്ടിരുന്നു പഴയ ജര്‍മനിയിലെ മാധ്യമങ്ങള്‍. ഏതാണ്ട് സമാനമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ അവസ്ഥയും. വര്‍ഗീയ വിഭജനത്തിന് ആഴം കൂട്ടുക എന്ന ബി ജെ പിയുടെ അജണ്ടയ്ക്ക് ഉതകും വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു. ഈ അജണ്ടയെ പ്രോത്സാഹിപ്പിക്കും വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടസ്ഥര്‍ക്കുമേല്‍ സമ്മര്‍ദമേറുകയും ചെയ്യുന്നു.
വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ മുമ്പിലാണ് നരേന്ദ്ര മോഡി – അമിത് ഷാ സര്‍ക്കാര്‍. അതിലും മുമ്പിലാണ് വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതില്‍. എല്ലാം നമ്മള്‍ വേഗം മറക്കുന്നുവെന്ന് മാത്രം. കള്ളപ്പണത്തിനെതിരായ യുദ്ധമെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ രാജ്യത്തെ ജനങ്ങളാകെ ദുരിതത്തിലായിരുന്നു. ജനങ്ങള്‍ നേരിടുന്ന പ്രയാസം 50 ദിവസം കൊണ്ട് പരിഹരിക്കുമെന്നായിരുന്നു അന്ന് നരേന്ദ്ര മോഡിയുടെ വാഗ്ദാനം. അമ്പത് ദിവസത്തിനകം പ്രയാസങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ തന്നെ പരസ്യമായി തൂക്കിലേറ്റൂവെന്നുവരെ പ്രധാനമന്ത്രി പറഞ്ഞു. നോട്ട് പിന്‍വലിച്ച നടപടിയുണ്ടാക്കിയ ദുരിതങ്ങള്‍ രാജ്യം ഇപ്പോഴും അനുഭവിക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നോട്ട്പിന്‍വലിക്കലെന്ന (ഡിമോണിറ്റൈസേഷന്‍) വാക്ക് പ്രധാനമന്ത്രി ഉപയോഗിച്ചിട്ടേയില്ല. അതുരിയാടാന്‍ പോലും കഴിയാത്ത വിധത്തിലുള്ള ദുരിതങ്ങളാണ് ആ നടപടി വരുത്തിവെച്ചത്.

”കാവല്‍ക്കാരന്റെ ചുമതല ഞാന്‍ ഏറ്റെടുത്തതിന് ശേഷം വലിയ ആക്രമണങ്ങള്‍ രാജ്യം നേരിട്ടിട്ടുണ്ടോ” എന്ന ചോദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നയിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. പാലിക്കാന്‍ കഴിയാതെ പോയ വാഗ്ദാനത്തിന്റെ കഥയാണ് ഈ ചോദ്യത്തിനുമുള്ള ഉത്തരം. 2014നും 2018നുമിടയ്ക്ക് രാജ്യത്ത് അരങ്ങേറിയ വലിയ ഭീകരാക്രമണങ്ങള്‍ 388 എണ്ണമാണ്. ഭീകരാക്രമണങ്ങളിലോ അതുമായി ബന്ധപ്പെട്ട നടപടികളിലോ ഒക്കെയായി 2018ല്‍ കശ്മീരില്‍ മാത്രം കൊല്ലപ്പെട്ടത് 451 പേര്‍. ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ജീവനഷ്ടം.
ഇതൊക്കെ കണക്കിലെടുത്താല്‍ മോഡി – ഷാ സഖ്യം വാഗ്ദാന ലംഘകരാണ്. ആ വിശേഷണം പക്ഷേ കനം കുറഞ്ഞതായിപ്പോകും. സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഈ സഖ്യത്തെ കൂറേക്കൂടി കടുത്ത വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ചാല്‍ അത് അസ്ഥാനത്താവില്ല.

ദേശീയ പൗരത്വപ്പട്ടിക രാജ്യത്താകെ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പാര്‍ലിമെന്റില്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. മറ്റു രണ്ട് കേന്ദ്രമന്ത്രിമാരും ഇത് പ്രഖ്യാപനം പാര്‍ലിമെന്റില്‍ നടത്തി. പൗരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യാ – പൗരത്വ പട്ടികകളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഇവ തമ്മില്‍ ബന്ധമില്ലെന്നാണ് മോഡി – ഷാ സഖ്യം ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യത്തുയര്‍ന്ന വലിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ വിശദീകരണം. പൗരത്വ ഭേദഗതി ബില്ല് പരിഗണിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ അംഗമായിരുന്ന എനിക്ക്, ഇവരുടെ വിശദീകരണം സത്യമല്ലെന്ന് വ്യക്തമായറിയാം.

പൗരത്വപ്പട്ടികയുടെ പൈലറ്റ് പ്രൊജക്ട് അരങ്ങേറിയത് അസമിലാണ്. സംസ്ഥാനത്ത് അധിവസിക്കുന്നവരില്‍ ഏഴു ശതമാനത്തിന് പട്ടികയില്‍ ഇടം കിട്ടിയില്ല. അസമിലെ അനുഭവം വെച്ചാണെങ്കില്‍ പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുമ്പോള്‍ പത്തു കോടി ഇന്ത്യക്കാര്‍ രാജ്യമില്ലാത്തവരായി മാറും. പൗരത്വപ്പട്ടികയ്ക്കുവേണ്ടിവരുന്ന ചെലവ്, പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ തടങ്കല്‍പ്പാളയത്തില്‍ സൂക്ഷിക്കുന്നതിനു വേണ്ടി വരുന്ന ചെലവ്, ഇതിനെല്ലാം വേണ്ട മനുഷ്യ വിഭവശേഷി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും ആലോചിച്ചിട്ടുണ്ടോ ഈ സര്‍ക്കാര്‍. ഉണ്ടാകാന്‍ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതേക്കുറിച്ച് പാര്‍ലിമെന്റിന്റെ സംയുക്ത സമിതിക്ക് എഴുതി നല്‍കിയിട്ടുമുണ്ട്. ഞങ്ങളുടെ അനുമാനം ഏതാണ്ട് ശരിവെക്കുന്നതാണ് അസമില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍.

കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് ഒരുകോടിയാളുകള്‍ ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. 1970കളില്‍ ഇവര്‍ ഇന്ത്യയിലേക്ക് കുടിയേറിയത് മതപരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതുകൊണ്ടല്ല, മറിച്ച് ഭാഷയുടെ പേരില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെത്തുടര്‍ന്നാണ്. ഇത് അന്നു തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. മത്വാസ് എന്ന വിഭാഗത്തിന്റെ കാര്യമെടുക്കാം. അവര്‍ ബംഗാളി ഹിന്ദുക്കളാണ്. ദശകങ്ങളായി ബംഗാളില്‍ വോട്ടര്‍മാരുമാണ്. 2011ല്‍ ബംഗാളില്‍ അധികാരത്തിലേറിയ മന്ത്രിസഭയില്‍ അഭയാര്‍ഥികളുടെ പുനരധിവാസത്തിന് സഹമന്ത്രിയുമുണ്ടായിരുന്നു. ദശകങ്ങളായി വോട്ടവകാശമുള്ള, മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്ന ഇക്കൂട്ടര്‍ ഇതിനകം തന്നെ ഇവിടുത്തെ പൗരന്മാരാണ്. അവര്‍ക്ക് പൗരത്വം വീണ്ടും സമ്മാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ നോട്ട് പിന്‍വലിക്കലിനെപ്പോലെ തന്നെ പൗരത്വ നിയമ ഭേദഗതിയും ജനസംഖ്യാ – പൗരത്വപ്പട്ടികകളുടെ നിര്‍മാണവും രാജ്യത്തെ സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഒരുപോലെയുള്ള അനുഭവമാകില്ല നല്‍കുക. നോട്ട് പിന്‍വലിച്ച കാലത്ത് ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍ രൂപപ്പെട്ട നീണ്ട വരികളില്‍ രാജ്യത്തെ കോടിപതികളില്‍ ആരെങ്കിലുമുണ്ടായിരുന്നോ? അന്ന് മരിച്ച 130 പേരില്‍ ആരെങ്കിലും ലക്ഷാധിപതിയായിരുന്നോ? ഇവിടെ, കേന്ദ്ര സര്‍ക്കാര്‍ നടത്തിയ യുക്തിസഹമല്ലാത്ത നിയമ നിര്‍മാണവും ദുരിതത്തിലാക്കുക പാവങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയുമാണ്. വെള്ളപ്പൊക്കത്തിലോ വംശീയ അതിക്രമങ്ങളിലോ ഒക്കെ നഷ്ടപ്പെട്ടുപോയ രേഖകള്‍ തേടി അലയേണ്ടി വരിക ഇവര്‍ക്കായിരിക്കും. ഇന്ത്യന്‍ പൗരന്മാരായ ലക്ഷക്കണക്കിനാളുകള്‍ക്ക് പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഒരിക്കലുമുണ്ടായിട്ടില്ലെന്ന യാഥാര്‍ത്ഥ്യവും നമ്മുടെ മുന്നിലുണ്ട്. സാമൂഹികമായ പിന്നാക്കാവസ്ഥയാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണം.

പശ്ചിമ ബംഗാളിലെ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഭൂമിയില്‍ അവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് 26 ദിവസം നീണ്ട സമരം മമതാ ബാനര്‍ജി നടത്തിയത് 2006ലാണ്. ഈ സമരത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ നിന്ന് മമതയെ സുപ്രീം കോടതി 2016ല്‍ ഒഴിവാക്കി. ഒരു ദശകം നീണ്ടു നിയമ നടപടികള്‍. 2020ല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ അണി ചേരുന്നത് വിദ്യാര്‍ത്ഥികളും സാധാരണക്കാരുമൊക്കെയാണ്. മമതാ ബാനര്‍ജിയെപ്പോലുള്ള ജനനായകരും ഈ നിയമ ഭേദഗതിക്കെതിരെ തെരുവിലുണ്ട്. വിദ്യാര്‍ഥികളും സാധാരണക്കാരുമൊക്കെ അണിനിരക്കുന്ന സമരത്തിന്റെ രാസത്വരകമായി പ്രവര്‍ത്തിക്കാനാണ് ഈ ജനനായകര്‍ക്ക് താത്പര്യപ്പെടുക. ഇത് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള സമരമല്ല. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനുള്ള യഥാര്‍ത്ഥ ജനകീയ പ്രസ്ഥാനമാണ്.

കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

ഡെറിക് ഒബ്രീന്‍

You must be logged in to post a comment Login