എന്തിന് കോടതി ഇത്ര വൈകിപ്പിക്കുന്നു?

എന്തിന് കോടതി ഇത്ര വൈകിപ്പിക്കുന്നു?

പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അപ്രതീക്ഷിതമായൊന്നുമുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കപ്പെട്ട 60 ഹരജികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ മറുപടി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മറുപടി സമര്‍പ്പിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, പുതുതായി സമര്‍പ്പിക്കപ്പെട്ട 80 ഹരജികളില്‍ കൂടി മറുപടി സമര്‍പ്പിക്കേണ്ടതുണ്ടെന്നും അതിനായി ആറാഴ്ച സമയം വേണമെന്നും ആവശ്യപ്പെട്ടു. നാലാഴ്ച സമയം അനുവദിച്ച സുപ്രീം കോടതി, കേന്ദ്ര സര്‍ക്കാറിന്റെ ഭാഗം കേള്‍ക്കാതെ ഹരജികളിന്‍മേല്‍ ഏതെങ്കിലും വിധത്തിലുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനാകില്ലെന്ന് വ്യക്തമാക്കി. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ കോടതി തയാറായില്ല. കേന്ദ്ര സര്‍ക്കാറിന്റെ മറുപടി ലഭിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയും ജസ്റ്റിസുമാരായ അബ്ദുല്‍ നസീറും സഞ്ജിവ് ഖന്നയുമടങ്ങുന്ന ബഞ്ച് ഈ ഹരജികള്‍ വീണ്ടും പരിഗണിക്കും. ഹരജികളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ തീരുമാനിക്കുക എന്നതാണ് മൂന്നംഗ ബഞ്ചിന്റെ ഉത്തരവാദിത്തം. തുടര്‍ന്നുള്ള കാര്യങ്ങള്‍ സുപ്രീം കോടതി രൂപീകരിക്കുന്ന ഭരണഘടനാ ബഞ്ചിന്റെ കൈകളിലാണ്. ഹരജികളുടെ മെറിറ്റിലേക്ക് കടന്ന്, നിയമ ഭേദഗതി സ്റ്റേ ചെയ്യണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നതും നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നതും അവരായിരിക്കും.

സുപ്രധാനമായ ഒരു വിഷയത്തില്‍ കോടതിക്ക് മുന്നില്‍ വന്നിരിക്കുന്ന ഹരജികള്‍ ഏതുവിധത്തില്‍ പരിഗണിക്കണമെന്ന സാങ്കേതിക കാര്യത്തെയാണ് ആദ്യ ദിവസം സുപ്രീം കോടതി അഭിസംബോധന ചെയ്തത്. രാജ്യം മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തില്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു ജനവിഭാഗത്തിന്റെ ഉത്കണ്ഠകളെ ഇത്ര ലാഘവത്തോടെ അഭിസംബോധന ചെയ്താല്‍ മതിയോ നമ്മുടെ സുപ്രീം കോടതി എന്ന ചോദ്യമുയരുന്നത് അവിടെത്തന്നെയാണ്. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി സമര്‍പ്പിക്കപ്പെട്ട 144 ഹരജികളില്‍ 142 എണ്ണവും ചോദ്യംചെയ്തിരുന്നത് അതിന്റെ ഭരണഘടനാ സാധുതയാണ്. ജാതി, മത പരിഗണനകള്‍ കൂടാതെ പൗരന്മാരെ തുല്യരായി പരിഗണിക്കണമെന്ന ഭരണഘടനാ വ്യവസ്ഥ ലംഘിക്കുന്നതാണ് പൗരത്വത്തിന് മതം അടിസ്ഥാനാക്കുന്ന നിയമ ഭേദഗതി എന്ന് ഹരജികളില്‍ ചൂണ്ടിക്കാട്ടുന്നു. ഈ ഹരജികളിലൊക്കെ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കാവുന്ന മറുപടി ഒന്നേയുള്ളൂ. നേരത്തെ ലഭിച്ച 60 എണ്ണത്തിന് നല്‍കാവുന്ന മറുപടി മാത്രമേ വൈകി ലഭിച്ച 80 എണ്ണത്തിനും നല്‍കാനുള്ളൂവെന്ന് ചുരുക്കം. എന്നിരിക്കെ എല്ലാ ഹരജികള്‍ക്കും മറുപടി നല്‍കാന്‍ അവസരം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം സാങ്കേതികം മാത്രമാണ്. അതനുവദിച്ച് കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തെ നല്‍കിയ 60 എണ്ണത്തിന് മറുപടി ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് സമയബന്ധിതമായി മറുപടി നല്‍കുന്നതിന് എന്തായിരുന്നു തടസ്സമെന്ന ചോദ്യം കേന്ദ്ര സര്‍ക്കാറിനോട് ഉന്നയിക്കാന്‍ പോലും മടിച്ചു നിന്നു സുപ്രീം കോടതി.

നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കേണ്ടത് ഭരണഘടനാ ബഞ്ചാണെന്ന് വാക്കാല്‍ നിരീക്ഷിച്ച കോടതി ഹരജികളുടെ മെറിറ്റിലേക്ക് കടക്കുക ഭരണഘടനാ ബഞ്ചായിരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ ഹരജികള്‍ ഭരണഘടനാ ബഞ്ചിന് വിടുകയും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വരുമ്പോഴേക്കും ഭരണഘടനാ ബഞ്ച് രൂപീകരിച്ച് ഹരജികളുടെ മെറിറ്റിലേക്ക് കടക്കാന്‍ അവസരമുണ്ടാക്കുകയുമാണ് വേണ്ടത്. അതിനുപകരം നാലാഴ്ചയ്ക്കു ശേഷം മൂന്നംഗ ബഞ്ച് തന്നെ ചേര്‍ന്ന് ഹരജികളുടെ പരിഗണനാ രീതി തീരുമാനിക്കുമെന്ന് ഉത്തരവിടുമ്പോള്‍ നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നത് എത്രമാത്രം വൈകിപ്പിക്കാമോ അത്രമാത്രം വൈകിപ്പിക്കുക എന്ന ഭരണകൂടത്തിന്റെ ഇംഗിതത്തിന് ന്യായാസനം വഴങ്ങിക്കൊടുക്കുകയാണോ എന്ന സംശയം ഉയരുന്നു. പരിഗണനാ രീതി നിശ്ചയിച്ചതിന് ശേഷമേ ഭരണഘടനാ ബഞ്ച് രൂപീകരിക്കൂ. അതിന് ഒന്നോ രണ്ടോ ആഴ്ച കൂടി എടുത്തേക്കാം. ബഞ്ച് രൂപീകരിച്ച ശേഷമേ അതിനുമുന്നില്‍ എന്നാണ് ഹരജികള്‍ വരിക എന്ന് നിശ്ചയിക്കുകയുള്ളൂ. അത്രയും സമയം നിയമം പ്രാബല്യത്തില്‍ നില്‍ക്കുമ്പോള്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമെന്ന് ചുരുക്കം.

ആ സമയം കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണ് എന്നു ചോദിക്കുന്ന ശുദ്ധ മനസ്‌കര്‍ക്കു മുന്നിലേക്കാണ് ഉത്തര്‍ പ്രദേശിലെ അനുഭവം അഭിഭാഷകനായ മനു അഭിഷേക് സിംഗ്വി വിവരിച്ചത്. നിയമ ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ നിയമം നടപ്പാക്കിത്തുടങ്ങി ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിവരുടെ കണക്കെടുപ്പ് തുടങ്ങിയ സര്‍ക്കാര്‍ അവരില്‍ നിയമ പ്രകാരം അര്‍ഹരായവര്‍ക്ക് (ഹിന്ദു, ജൈന, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി വിഭാഗക്കാര്‍) പൗരത്വം അനുവദിച്ചു. അഭയാര്‍ഥികളായെത്തിയതെന്ന് കരുതുന്ന 40 ലക്ഷം മുസ്ലിംകളെ പൗരത്വത്തില്‍ സംശയമുള്ളവരെന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പൗരത്വത്തില്‍ സംശയമുള്ളവരെന്ന പട്ടികയില്‍ ഉള്‍പ്പെട്ട മുസ്ലിംകള്‍ അഭയാര്‍ഥികളായെത്തിയവരാണോ തലമുറകളായി ഉത്തര്‍ പ്രദേശിലെ മണ്ണില്‍ ജീവിച്ചുവരുന്നവരാണോ എന്നൊന്നും വ്യക്തമല്ല. അസമിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണെങ്കില്‍ തലമുറകളായി അധിവസിക്കുന്നവരാകണം സംശയത്തിന്റെ നിഴലില്‍ അകപ്പെട്ട 40 ലക്ഷവും. പൗരത്വ നിയമ ഭേദഗതിയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന്റെ പേരില്‍ സംസ്ഥാനത്തെ മുസ്ലിംകളോട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രകടിപ്പിച്ച പ്രതികാര മനോഭാവം കൂടി കണക്കിലെടുത്താല്‍ ഇനിയും വളരെയധികം പേര്‍ പൗരത്വ സംശയത്തിന്റെ നിഴലിലേക്ക് നീക്കി നിര്‍ത്തപ്പെടും. ഈ മാതൃക, നിലവില്‍ ബി ജെ പിയുടെ ഭരണത്തിന്‍ കീഴിലുള്ള മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരാനുള്ള സാധ്യത ഏറെയാണ്. അതിനുള്ള അവസരം തുറന്നിടുകയാണ് ഹരജികളുടെ മെറിറ്റിലേക്ക് കടന്നുള്ള പരിശോധന വൈകിപ്പിക്കുമ്പോള്‍ സുപ്രീം കോടതി ചെയ്യുന്നത്. ഹരജി പരിഗണിക്കുന്നതിലെ സാങ്കേതിക കാര്യങ്ങള്‍ പൂരിപ്പിക്കുക എന്ന ന്യായം പറഞ്ഞ്, ഇത്തരം സംഗതികള്‍ക്ക് അവസരമൊരുക്കുമ്പോള്‍ അതത്ര നിഷ്‌കളങ്കമായ ഒന്നാണെന്ന് കരുതുക വയ്യ.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികള്‍ക്കു നേര്‍ക്കുണ്ടായ പൊലീസ് അതിക്രമം പരിഗണനാ വിഷയമായപ്പോള്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് പറഞ്ഞത് നമ്മുടെ മുന്നിലുണ്ട്. പ്രക്ഷോഭം അവസാനിപ്പിച്ചിട്ട് വരൂ, എന്നിട്ട് ഹരജികള്‍ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ അഭിപ്രായം. രാജ്യത്ത് ഇത്ര വലിയ പ്രക്ഷോഭത്തിന്റെ അന്തരീക്ഷം രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന ചോദ്യം കോടതിയ്ക്കു മുന്നില്‍ ഉണ്ടായതേയില്ല. വിദ്യാര്‍ഥികള്‍ക്കു നേര്‍ക്ക്, പൊലീസ് അതിക്രമമുണ്ടായത് അവര്‍ പ്രക്ഷോഭത്തിന് ഇറങ്ങിയതുകൊണ്ടാണെന്ന് പരോക്ഷമായി സൂചിപ്പിക്കുക കൂടിയായിരുന്നു കോടതി. അവ്വിധം നീതിന്യായ നിര്‍വഹണം നടത്തുന്ന കോടതികളില്‍ നിന്ന്, രാജ്യത്തെ ജനങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശം ഉറപ്പിക്കാനായി സമരംചെയ്യുകയാണെന്നതിന് വേണ്ട പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെ ഒരു വിധത്തില്‍ അബദ്ധമാണ്. അത് ഓര്‍മിപ്പിക്കുകയാണ് പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്നത് വൈകിപ്പിക്കുമ്പോള്‍ സുപ്രീം കോടതി ചെയ്യുന്നത്.
സൂപ്രീം കോടതിയുള്‍പ്പെടെ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍ കേന്ദ്രാധികാരത്തിന്റെ ഇംഗിതങ്ങളുടെ നടത്തിപ്പുകാരായി മാറിയിരിക്കുന്നുവെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നുയരുന്നുണ്ട്. ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കോടതിയെ സമീപിക്കുമ്പോള്‍ പോലും അവിടെ നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ ഈ വിമര്‍ശനത്തിന് ബലമേകുകയും ചെയ്യുന്നു. ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് ജമ്മു കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കി ആ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് അവിടുത്തെ പ്രതിപക്ഷ നേതാക്കളെയൊക്കെ തടവിലാക്കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. തടവിലാക്കപ്പെട്ട സി പി ഐ (എം) നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഹാജരാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് തരിഗാമിയുടെ അവസ്ഥ സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഉത്തരവ്. തരിഗാമിയെ കോടതിയുടെ മുന്നില്‍ ഹാജരാക്കണമെന്ന് ഭരണകൂടത്തോട് നിര്‍ദേശിക്കാനുള്ള ധൈര്യം നമ്മുടെ പരമോന്നത കോടതിയ്ക്ക് ഇല്ലാതെ പോയി.

ബാബരി മസ്ജിദ് നിലനിന്ന ഭൂമി സംബന്ധിച്ച കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഉത്തരവും നരേന്ദ്ര മോഡി സര്‍ക്കാറിനെയും അവരുടെ പിന്‍ബലമായ സംഘപരിവാരത്തെയും തൃപ്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കുമ്പോള്‍ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളില്‍പ്പെടുന്നതാണെന്നും ഇന്റര്‍നെറ്റും അതിന്റെ പരിധിയില്‍ വരുമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിക്കുന്നത് ഒരാഴ്ചക്കകം പരിഗണിക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുകയാണ് കോടതി ചെയ്തത്. ഭരണഘടന നല്‍കുന്ന മൗലികാവകാശം ലംഘിക്കപ്പെടുന്ന ഘട്ടത്തില്‍പ്പോലും അത് പുനഃപരിശോധിക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെടാനുള്ള ധൈര്യം മാത്രമേ നമ്മുടെ പരമോന്നത കോടതി കാണിക്കുന്നുള്ളൂ. അത്തരത്തിലുള്ള കോടതി സംവിധാനത്തില്‍ നിന്ന് പൗരത്വ നിയമ ഭേദഗതി ചോദ്യംചെയ്തുള്ള ഹരജികളില്‍ വേഗത്തിലൊരു തീര്‍പ്പുണ്ടാകാനുള്ള സാധ്യത തീര്‍ത്തും വിരളമാണ്. അതിന്റെ സൂചനയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’ പരമോന്നത കോടതിയെ എല്‍പ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് മാറി മാറി വന്ന സര്‍ക്കാറുകളല്ല, മറിച്ച് ഇന്ത്യയിലെ ജനങ്ങളാണ്. അവരാണ് ഫാഷിസ്റ്റ് സ്വഭാവം പുലര്‍ത്തുന്ന ഭരണകൂടം കൊണ്ടുവന്ന, ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയെ മാനിക്കാത്ത നിയമത്തെ ചോദ്യംചെയ്ത് തെരുവുകളിലുള്ളത്, കോടതി മുറിയിലുള്ളത്. അവരോടാണ് തങ്ങള്‍ക്ക് ഉത്തരവാദിത്വമെന്ന് ബഹുമാനപ്പെട്ട ന്യായാധിപര്‍ മറക്കുമ്പോള്‍, നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യമാണ് അടിയറവെക്കപ്പെടുന്നത്. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം അടിയറവെക്കപ്പെടുമ്പോള്‍ ജനാധിപത്യം അപകടത്തിലാകുമെന്ന് രാജ്യത്തെ ഓര്‍മിപ്പിച്ചത് ഇതേ സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ തന്നെയാണ്.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login