ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

ഫാഷിസത്തിന് വിശ്രമമാകാം ജനാധിപത്യത്തിന് അത് പറ്റില്ല

2002 ലെ ഗുജറാത്ത് വംശഹത്യ ഇന്ത്യന്‍ ജനാധിപത്യം മറക്കരുതാത്ത മുറിവാണ് എന്ന് നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനാണ് താങ്കള്‍. പക്ഷേ, നമ്മള്‍ സൗകര്യപൂര്‍വം ഗുജറാത്ത് മറന്നു. രാജ്യത്തിന് ആ ഓര്‍മ്മകളെ മുന്നോട്ടുകൊണ്ടുപോകാനായില്ല. ജനാധിപത്യത്തിന്റെ അപകടകരമായ ആ മറവിയെ അടിപ്പടവാക്കി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്റെ അധികാരകേന്ദ്രം ഡല്‍ഹിയിലേക്ക് പറിച്ചുനട്ടു. ഇപ്പോള്‍ പ്രകോപനപരമായ ഒരു മുദ്രാവാക്യത്തിലൂടെ കേരളത്തിലെ സംഘപരിവാര്‍ നമുക്ക് ഗുജറാത്ത് ഓര്‍മിപ്പിക്കുന്നു. വംശഹത്യക്ക് പിറകെ ഗുജറാത്ത് സന്ദര്‍ശിച്ച ഒരാളെന്ന നിലയ്ക്ക് ഇപ്പോള്‍ എന്തുതോന്നുന്നു?
2002 ലാണ് കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകര്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. എന്റെ ജീവിതത്തില്‍ ഗുജറാത്ത് സൃഷ്ടിച്ച മുറിവ് എന്ന് പറയുന്നത് ഞങ്ങള്‍ കണ്ട കാഴ്ചകളുടെ മുറിവല്ല. അതിനൊക്കെ അപ്പുറത്ത് ഒരു ജനസമൂഹത്തെ അരികുവത്കരിക്കാന്‍, അവരെ പുറമ്പോക്കിലേക്ക് വലിച്ചെറിയാന്‍, അവരുടെ ജീവിതത്തില്‍ എന്നും ഭയം നിലനില്‍ക്കാന്‍ വേണ്ടി ദീര്‍ഘകാലമായി നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമാണ് അവിടെ കണ്ടത്. അതായത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം വിദ്വേഷപ്രചാരണം വെറും വൈകാരികത ലക്ഷ്യം വെച്ചുള്ളതല്ല. അത് കലാപങ്ങളിലേക്ക് ആസൂത്രിതമായി കാര്യങ്ങളെ വലിച്ചടുപ്പിക്കാനുള്ളതാണ്. കലാപം അവര്‍ക്ക്, രാഷ്ട്രീയവും സാംസ്‌കാരികവുമായ വിജയത്തിന്റെ അടിക്കല്ലുകളാണ്. ജനാധിപത്യ പ്രസ്ഥാനങ്ങളൊക്കെ സംവാദം, ചര്‍ച്ച, സെമിനാര്‍- ആ വിധത്തിലാണ് ആശയപ്രചാരണം നടത്തുന്നത്. പക്ഷെ ഫാഷിസ്റ്റുകള്‍ വിദ്വേഷപ്രചാരണം, കലാപം, അരക്ഷിതത്വം- ഈ തലത്തിലാണ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ജനാധിപത്യം എത്രയോ കാലമെടുത്ത് കെട്ടിപ്പൊക്കുന്ന സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു ലോകം സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം വളരെപ്പെട്ടെന്നു പൊളിക്കാന്‍ പറ്റും. ഒരു സ്ഥലത്തു കലാപമുണ്ടായിക്കഴിഞ്ഞാല്‍ ജനങ്ങള്‍ക്കിടയില്‍ വളരെവേഗം ധ്രുവീകരണമുണ്ടാകും. ആ ധ്രുവീകരണമാണ് സംഘപരിവാറിന്റെ രാഷ്ട്രീയ, സാംസ്‌കാരിക മൂലധനം. എവിടെ ധ്രുവീകരണം ഉണ്ടാക്കാന്‍ പറ്റുന്നില്ലേ, അവിടെ അവര്‍ പരാജയപ്പെടും. പക്ഷേ കലാപങ്ങള്‍ക്കൊപ്പം എളുപ്പം ധ്രുവീകരണവുമുണ്ടാകും. ആശയപ്രചാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വളരെ പതുക്കെയാണ്. അതും ചിന്തിക്കുന്ന ആളുകള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ കലാപങ്ങളും വിദ്വേഷപ്രചാരണങ്ങളും വളരെയെളുപ്പം സമൂഹത്തില്‍ വ്യാപിക്കും. അതിനു കുറച്ച് വൈകാരികതയുടെ വെടിമരുന്ന് മതി. അതോടെ അത് പൊട്ടിത്തെറിച്ച് നമ്മള്‍ അതുവരെ കെട്ടിപ്പൊക്കിയ മൂല്യസംഹിതകളൊക്കെ പൊടിപടലങ്ങള്‍ക്കിടയില്‍ അമരും.

ആ പൊട്ടിത്തെറിയാണോ 2002 ല്‍ ഗുജറാത്തിലുണ്ടായത്?
റൊമില ഥാപ്പറെപ്പോലുള്ളവര്‍ വ്യക്തമാക്കുന്നൊരു കാര്യമുണ്ട്; 1980 മുതല്‍ തന്നെ പെട്ടെന്ന് തിരിച്ചറിയാനാകാത്ത വിധം ഗുജറാത്തിലെ പാഠപുസ്തകങ്ങളിലടക്കം ചെറിയ തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരുന്നു. പ്രധാനമായും ചരിത്രത്തിലുള്ള അട്ടിമറിയാണ് അവര്‍ നടത്തിയത്. ആലോചിച്ചാലറിയാം, ബാബറും ശ്രീരാമനും തമ്മില്‍ സത്യത്തില്‍ ഒരു ബന്ധവുമില്ല. ഇബ്രാഹീം ലോധി എന്ന മുസ്ലിം രാജാവിനെയാണ് ബാബര്‍ ഏറ്റുമുട്ടലില്‍ പരാജയപ്പെടുത്തുന്നത്. ശ്രീരാമനും ബാബറും തമ്മില്‍ ഒരിടപാടും ചരിത്രത്തിലില്ല. പക്ഷേ, ചരിത്രത്തില്‍ നിന്ന് ഇബ്രാഹീം ലോധി അപ്രത്യക്ഷനാകുന്നു. പകരം ശ്രീരാമന്‍ വരുന്നു. ബാബര്‍ ശ്രീരാമനോട് എതിരിട്ടു എന്ന മട്ടില്‍ വായനകളുണ്ടാകുന്നു, മുസ്ലിംകളാകെ ബാബറിന്റെ മക്കളായി പതുക്കെ പതുക്കെ മാറ്റപ്പെടുന്നു. 1980 മുതല്‍ സമാനമായ വലിയ അട്ടിമറികള്‍ തന്നെ ചരിത്രത്തില്‍ നടന്നു.

വിദ്യാഭ്യാസത്തിലും ചരിത്രത്തിലും സംഘപരിവാര്‍ ഇടപെടുന്നത് പുതിയ കാര്യമല്ല. ഇപ്പോഴും അത് തുടരുന്നു. ഒരു കലാപം രൂപപ്പെടുത്തുന്നതില്‍ ഈ ഇടപെടലുകള്‍ എത്രത്തോളം പങ്കുവഹിക്കുന്നുണ്ട്?
വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട തത്വമാണ് learn to live together, ഒരുമിച്ച് ജീവിക്കാനുള്ള പരിശീലനം. അതിനെ പൊളിക്കുന്ന തരത്തിലാണ് ഇളം മനസുകളില്‍ വിഷം കുത്തിവെക്കുന്നത്, പകയും പ്രതികാരവുമൊക്കെ ഉണ്ടാക്കുന്നത്. Catch them young-ചെറുപ്പത്തിലേ പിടികൂടുക എന്നത് ഒരു ഫാഷിസ്റ്റ് ആശയമാണ്. church, children, kitchen – ആരാധനാലയം, കുട്ടികള്‍, വീട്ടകം- ഇത് മൂന്നും പിടിച്ചെടുത്ത് കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ ആശയവ്യാപനം സാധ്യമാകും എന്നാണ് ഫാഷിസ്റ്റുകള്‍ കരുതുന്നത്. ഒരു ഉദാഹരണം പറഞ്ഞാല്‍, ജനാധിപത്യ ആശയങ്ങള്‍ സാധാരണഗതിയില്‍ വീട്ടിനു പുറത്താണ്. എന്നാല്‍ ഫാഷിസ്റ്റ് ആശയങ്ങള്‍ വളരെവേഗം വീട്ടകങ്ങളെ കീഴ്പ്പെടുത്തും. അതുപോലെ ആരാധനാലയങ്ങളിലേക്ക് എളുപ്പം നുഴഞ്ഞുകയറാന്‍ പറ്റും; കുട്ടികളെ പിടികൂടാന്‍ പറ്റും. ഗുജറാത്തില്‍ 1980 മുതല്‍ തന്നെ, ചരിത്രത്തെ അട്ടിമറിച്ച് കുട്ടികളുടെ മനസ്സില്‍ മുന്‍വിധികളും മുസ്ലിം വിദ്വേഷവും കുത്തിനിറക്കുന്നുണ്ട്. റൊമില ഥാപ്പര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്, എണ്‍പതുകളില്‍ വിദ്യാഭ്യാസത്തില്‍ നടത്തിയ ഈ കയ്യേറ്റത്തിന്റെ അനന്തരഫലം കൂടിയാണ് 2002 ലെ ഗുജറാത്ത് വംശഹത്യ എന്ന്.
2002 ലെ ഗുജറാത്ത് വംശഹത്യ സൂക്ഷ്മാര്‍ത്ഥത്തില്‍ രണ്ടുകാര്യങ്ങളാണ് ക്രൂരമാംവിധം നടപ്പിലാക്കിയത്. ഒന്നാമത്തേത്, മുസ്ലിം സമൂഹത്തിലെ വലിയൊരുവിഭാഗത്തെ പൗരത്വത്തില്‍ നിന്നല്ല, ജീവിതത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കി. രണ്ടാമത്തേത്, നിത്യമായ ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും ഒരു ലോകത്തേക്ക് അവരെ വലിച്ചെറിഞ്ഞു. 2002ല്‍ നടന്ന ഗുജറാത്ത് വംശഹത്യയെ വിശകലനം ചെയ്തവരെല്ലാം അവിടെ കൊല ചെയ്യപ്പെട്ടവരെക്കുറിച്ചും മുറിവേറ്റവരെക്കുറിച്ചും അഭയാര്‍ത്ഥികളാക്കപ്പെട്ടവരെക്കുറിച്ചുമാണ് കൂടുതല്‍ ആലോചിച്ചത്. അത് അനിവാര്യവുമാണ്. പക്ഷെ, അതിനേക്കാള്‍ ഗുജറാത്ത് വംശഹത്യ ഉണ്ടാക്കിയ ഏറ്റവും വലിയ പ്രതിസന്ധി, പൗരജീവിതത്തെ അത് ആഴത്തില്‍ പരവശമാക്കി എന്നുള്ളതാണ്. ആ വംശഹത്യയെക്കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഗുജറാത്തിലെ ജനത നിസ്സഹായരാക്കപ്പെട്ടു. രണ്ടുതരം ഭയത്തിനിടയില്‍ അവരുടെ ജീവിതം സ്തംഭിച്ചു. ഒന്ന്, സംഘപരിവാര്‍ തന്നെ പ്രചരിപ്പിക്കുന്ന തിരിച്ചടിയെക്കുറിച്ചുള്ള ഭയമാണ്. മറ്റൊന്ന്, മുസ്ലിം സമൂഹത്തില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച പേടിയാണ്.

ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്ത വംശഹത്യയാണ് 2002 ല്‍ ഗുജറാത്തില്‍ നടന്നത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ ഇനിയെങ്ങനെ തലയുയര്‍ത്തിനില്‍ക്കും എന്ന് ബി ജെ പിക്കാരന്‍ തന്നെയായ പ്രധാനമന്ത്രി വാജ്പേയിക്ക് ചോദിക്കേണ്ടിവന്നു. വലിയ പ്രതിഷേധങ്ങള്‍ രാജ്യത്തുണ്ടായി. എന്നിട്ടും വംശഹത്യാനന്തരം നടന്ന തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് സംഘ്പരിവാര്‍ തോറ്റില്ല?
തോറ്റില്ല എന്ന് മാത്രമല്ല അവര്‍ വന്‍വിജയം നേടുകയും ചെയ്തു. ആ കാലത്ത് അതേക്കുറിച്ച് ഞാനെഴുതിയ ഒരു വിശകലനത്തിന് തലക്കെട്ട് ‘ജയിച്ചത് ഭയം’ എന്നായിരുന്നു. 2020 ല്‍ പോലും സംഘപരിവാര്‍ ഗുജറാത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെങ്ങാനും ബി ജെ പി തോറ്റാല്‍ നിങ്ങള്‍ക്ക് പിന്നെ ഇവിടെ ജീവിക്കാന്‍ പറ്റില്ല എന്നാണ്. ഒരു നിത്യഭയത്തിന്റെ അന്തരീക്ഷം നിര്‍മിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ കൊല ചെയ്യപ്പെട്ട മനുഷ്യര്‍, മുറിവേറ്റ മനുഷ്യര്‍, അഭയാര്‍ത്ഥികളാക്കപ്പെട്ട മനുഷ്യര്‍- അതെല്ലാം ഭൂതകാലത്തിന്റെ ഒരു ഭാഗമായിട്ട് നമ്മള്‍ പരിഗണിക്കുകയാണെങ്കില്‍ ഈ ഭയവും അരക്ഷിതത്വവും വര്‍ത്തമാനത്തില്‍ മാത്രമല്ല, ഭാവിയിലേക്ക് കൂടി വ്യാപിക്കുകയാണ്. അങ്ങനെ ഭൂതകാലത്തില്‍ നടന്നു എന്ന് കരുതാവുന്ന ഒരു വംശഹത്യ വര്‍ത്തമാന, ഭാവി കാലങ്ങളെയാകെ വിഴുങ്ങിനില്‍ക്കുന്ന ഇന്ത്യയിലെ വേറിട്ട ഒരവസ്ഥയാണ് സത്യത്തില്‍ ഗുജറാത്തിലുള്ളത്.

ഗോധ്രയില്‍ കര്‍സേവകര്‍ അക്രമിക്കപ്പെട്ടില്ലായിരുന്നെങ്കിലും ഗുജറാത്തില്‍ വംശഹത്യ സംഭവിക്കുമായിരുന്നു എന്നാണോ?
ആ വംശഹത്യക്ക് പെട്ടെന്നുള്ള കാരണമായിത്തീര്‍ന്നത് ഗോധ്രയില്‍ കര്‍സേവകരെ ചുട്ടുകരിച്ച സംഭവമാണ്. അത് നടുക്കമുണ്ടാക്കിയ ദുരന്തമാണ്. അതിനെ ചൂഴ്ന്നുനില്‍ക്കുന്ന നിഗൂഢതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല; എങ്ങനെയാണ് അത് സംഭവിച്ചത് എന്ന്. പക്ഷേ, ഒരു കാര്യമുറപ്പാണ്; ഗോധ്ര സംഭവത്തെ അടിസ്ഥാനമാക്കി സംഘപരിവാര്‍ നടത്തിയ പ്രചാരണങ്ങള്‍ വര്‍ഗീയത ഇല്ലാത്ത ഒരു വലിയ ജനവിഭാഗത്തെപ്പോലും വര്‍ഗീയതയിലേക്ക് കൂട്ടുന്നതിന് ഇടയാക്കി. രണ്ടു കാര്യങ്ങള്‍ പറയാം:
ഒന്ന്, ഗോധ്ര സംഭവത്തെക്കുറിച്ച് സൂക്ഷ്മമായ അന്വേഷണങ്ങള്‍ ഇനിയും നടക്കണം. രണ്ടാമത്തേത്, ഗോധ്ര സംഭവം എത്രകണ്ട് അപലപിക്കപ്പെടേണ്ടതാണോ അത്രകണ്ട് അപലപിക്കപ്പെടേണ്ടതാണ് ഗോധ്ര സംഭവത്തെക്കുറിച്ച് സംഘപരിവാര്‍ നടത്തിയ പ്രചാരണങ്ങള്‍. കാരണം, ആ പ്രചാരണങ്ങളാണ് 2002 ലെ വംശഹത്യക്ക് ആക്കം കൂട്ടിയത്. പരസ്പരം നല്ലബന്ധം പുലര്‍ത്തിയിരുന്ന, ഭക്ഷണം പങ്കുവെച്ചിരുന്ന, കല്യാണങ്ങളില്‍ സഹകരിച്ചിരുന്ന അയല്‍ക്കാര്‍ തന്നെയാണ് പെട്ടെന്ന് ദംഷ്ട്രയും തേറ്റയും മുളച്ച് അവിടെ അക്രമികളായി മാറിയത്. അവ്വിധം ജനങ്ങള്‍ക്കിടയില്‍, രണ്ട് ശത്രുരാജ്യങ്ങളിലെ ജനതയെന്നപോലെ വിഭജിച്ചെടുക്കാന്‍ ആ പ്രചാരണങ്ങള്‍ക്ക് സാധിച്ചു. അത് വ്യക്തമാക്കുന്ന ഒരു കാര്യം, നമ്മുടെ തൊലിപ്പുറമേ ഉരസിപ്പോകുന്ന പരിചയങ്ങള്‍ക്ക് ഫാഷിസ്റ്റ് ആക്രമണങ്ങളെ നിവര്‍ന്നുനിന്ന് പ്രതിരോധിക്കാനാകില്ല എന്നാണ്. അതിന്റെ തെളിവാണ് ഗുജറാത്ത്.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭം നടക്കുന്ന നാളുകളിലാണ് സംഘപരിവാര്‍ ഗുജറാത്തിനെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. രാഷ്ട്രീയമായി അവര്‍ ഏറെക്കുറെയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. എന്‍ ഡി എയിലെ ഘടകകക്ഷികള്‍ പോലും കൂടെനില്‍ക്കില്ല എന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പോലും ഇങ്ങനെ പ്രകോപനപരമായി മുദ്രാവാക്യം മുഴക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്താണ്?
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് ഒരുപക്ഷേ, 2002 ലെ ഗുജറാത്ത് വംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഏറ്റവും ഭീകരമായി അടിച്ചമര്‍ത്തുന്നത്. യോഗി അക്ഷരാര്‍ത്ഥത്തില്‍ ഗുജറാത്ത് പകര്‍ത്തുകയാണ്. അവിടെയാണ് ഗുജറാത്ത് മറക്കണ്ട എന്ന സംഘപരിവാറിന്റെ മുന്നറിയിപ്പ് പ്രസക്തമാകുന്നത്. സത്യത്തില്‍ ഗുജറാത്ത് ഓര്‍ക്കേണ്ടത് ജനാധിപത്യമാണ്. ആ ഓര്‍മ്മയില്‍ ഇന്ത്യന്‍ ഫാഷിസത്തിന്റെ മുഖം മൂടിയാണ് അഴിഞ്ഞുവീഴേണ്ടത്. അതിനുപകരം, ആ ഭീകരതക്ക് ഇരയായ ഒരു ജനതക്ക് അത് ഓര്‍ക്കാന്‍പോലും കഴിയാത്ത ഒരവസ്ഥ ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നു. അതേസമയം അത് മറക്കണ്ട എന്ന് അത് നടത്തിയ ആളുകള്‍ ആവര്‍ത്തിച്ച് അലറുകയും ചെയ്യുന്നു. ഗുജറാത്ത് മറക്കണ്ട എന്ന് സംഘപരിവാര്‍ മുന്നറിയിപ്പ് നല്‍കുമ്പോള്‍ തന്നെയാണ് ജനാധിപത്യാവകാശങ്ങള്‍ക്ക് വേണ്ടി സമരം നടത്തുന്നവരെ ഗുജറാത്ത് മോഡലില്‍ യോഗി ആദിത്യനാഥ് കൈകാര്യം ചെയ്യുന്നത്. യു പിയിലെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഹര്‍ഷ് മന്ദര്‍ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്: ‘അവിടെ വീടായ വീടുകളെല്ലാം ഞങ്ങള്‍ സന്ദര്‍ശിച്ചു’. എന്നിട്ട് അദ്ദേഹം പറയുന്ന ഹൃദയസ്പര്‍ശിയായ കാര്യം: ‘എന്റെ കണ്ണുകള്‍ കണ്ണീരില്‍ മൂടിപ്പോയി, എന്റെ ഹൃദയം ആത്മനിന്ദയില്‍ മുങ്ങിപ്പോയി, സമാനതകളില്ലാത്ത ആക്രമണമാണ് അവിടെ സര്‍ക്കാര്‍ മെഷിനറി ഉപയോഗിച്ച് നടത്തുന്നത്’.
ഗുജറാത്ത് ഇന്ത്യയിലാകെ ആവര്‍ത്തിക്കുമെന്ന് അന്നു തന്നെ സംഘ്പരിവാറിന്റെ പ്രഖ്യാപനമുണ്ടായിരുന്നു. അത് മാത്രമല്ല, ഗുജറാത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജനാധിപത്യവാദികളുടെയും പരിശ്രമഫലമായി അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നപ്പോള്‍, അവിടെയും ഭയമാണ് അടക്കിഭരിച്ചത്. അഭയാര്‍ഥി ക്യാമ്പുകളെ പരിഹസിക്കുകയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡി ചെയ്തത്. ഇത് സന്താനോത്പാദന കേന്ദ്രങ്ങളാണ്, ഭീകരവാദ കേന്ദ്രങ്ങളാണ് എന്നൊക്കെയാണ് മോഡി അന്ന് പറഞ്ഞത്. ഓര്‍ക്കേണ്ട മറ്റൊരു സന്ദര്‍ഭമുണ്ട്, മോഡി ഒരു അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ അഭയാര്‍ഥികളിലൊരാള്‍ വിളിച്ചുപറഞ്ഞു: ‘നിങ്ങള്‍ ജീവിച്ചോളൂ, ഞങ്ങളെയും ജീവിക്കാനനുവദിക്കൂ’. അതിനോട് പ്രതികരിച്ചുകൊണ്ട് നരേന്ദ്രമോഡി പറഞ്ഞത് ‘നിങ്ങള്‍ക്ക് കാശ്മീരിലെന്നത് പോലെ ഇവിടെ ജീവിക്കാം’ എന്നാണ്. സത്യത്തില്‍ അവിടെ കാശ്മീര്‍ കൊണ്ടുവരേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. അത് വളരെ ആസൂത്രിതമായി പറഞ്ഞതാണ്. അതായത് അഭയാര്‍ഥികളെ ആശ്വസിപ്പിക്കുന്നതിനുപകരം അവരില്‍ ഭയം നിറക്കാനാണ് ശ്രമിച്ചത്. അത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നിലപാടായിരുന്നില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലും ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിക്ക് ചേരാത്ത വളരെ കുടുസ്സായ പ്രയോഗമാണ് മോഡി നടത്തിയത്; സമരക്കാരെ അവരുടെ വേഷം കണ്ടാല്‍ തിരിച്ചറിയാമെന്ന്. ചില സംഘ്പരിവാറുകാരാകട്ടെ, അതില്‍നിന്ന് ആവേശമുള്‍ക്കൊണ്ട് ഈ സമരത്തെ വെള്ളിയാഴ്ച സമരമെന്ന് വിളിക്കുകയുണ്ടായി. ചരിത്രത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമേ സമരം പാടുള്ളൂ എന്ന ഒരു നിര്‍ബന്ധവുമില്ല. എല്ലാ ദിവസവും സമരം ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഏത് വസ്ത്രം ധരിച്ച് സമരം ചെയ്യാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. സമരത്തിന് പ്രത്യേക യൂണിഫോം ഉണ്ടെന്നും സമരത്തിന് പ്രത്യേക ദിവസം ഉണ്ടെന്നുമുള്ള ഫാഷിസ്റ്റ് കണ്ടുപിടുത്തം സമരത്തെക്കുറിച്ചും മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള അജ്ഞതയില്‍ നിന്നുണ്ടായ തികഞ്ഞ അസംബന്ധമാണ്.

ഗുജറാത്ത് വംശഹത്യ ബി ജെ പിക്കും മോഡിക്കും രാഷ്ട്രീയമായി ലാഭക്കച്ചവടമായിരുന്നു എന്ന് പില്‍ക്കാലം തെളിയിക്കപ്പെട്ടു. കലാപങ്ങളെ മൂലധനമാക്കി മുന്നോട്ടുപോകുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിടിച്ചുകെട്ടുന്നതില്‍ ജനാധിപത്യം പരാജയപ്പെടുന്നതെങ്ങനെയാണ്?
ഗുജറാത്ത് 2002 സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ജനതക്ക് മേല്‍, രാജ്യത്തിന്റെ മതനിരപേക്ഷതക്ക് മേല്‍ അവര്‍ നടത്തിയ ഒരു യുദ്ധത്തിന്റെ വിജയമാണ്. 1948 ജനുവരി 30 നു ഗാന്ധിവധം, അതുകഴിഞ്ഞ് 1949 ഡിസംബര്‍ 22 നു ബാബരി മസ്ജിദിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത്, അതിനുശേഷം 1966 നവംബര്‍ 6 നു ലക്ഷക്കണക്കിന് നഗ്ന സന്യാസിമാരുടെ നേതൃത്വത്തില്‍ ഗോവധ നിരോധനം ആവശ്യപ്പെട്ട് വളരെ അക്രമാസക്തമായ സമരം. ആള്‍ ഇന്ത്യ റേഡിയോ സ്റ്റേഷന്‍ തകര്‍ക്കപ്പെട്ടു, പാര്‍ലിമെന്റ് തന്നെ ആക്രമിക്കുന്ന അവസ്ഥ വന്നു. പിന്നെ, 1984 ഒക്ടോബര്‍ 31 നു ഇന്ദിര ഗാന്ധി വധത്തെത്തുടര്‍ന്ന് സിഖുകാര്‍ക്കെതിരെ നടന്ന ആക്രമണം. അതിന്റെ പിറകില്‍ നിന്ന് പ്രവര്‍ത്തിച്ചത് സംഘ്പരിവാര്‍ ആണ്. അതായത് കോണ്‍ഗ്രസും ഭീകരവാദികളെ പിന്തുണക്കുന്നവരും എന്നതില്‍ നിന്ന് ഹിന്ദു- സിഖ് കലാപം എന്നതിലേക്ക് അതിനെ മാറ്റിത്തീര്‍ക്കുന്നതില്‍ സംഘ്പരിവാറിന്റെ പങ്ക് വളരെ പ്രധാനമാണ്. സിഖ് വംശഹത്യയില്‍ കൊല്ലപ്പെട്ടവര്‍ തന്നെയാണ് അതിനു കാരണക്കാര്‍ എന്നു ധ്വനിപ്പിക്കുന്ന നാനാജി ദേശ്മുഖ് എഴുതിയ കത്ത് ശംസുല്‍ ഇസ്‌ലാം കണ്ടെടുത്തിട്ടുണ്ട്. പിന്നെ, 1990 ല്‍ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര. അതൊരു രക്തയാത്ര ആയിരുന്നു. 1992 ലെ ബാബരി മസ്ജിദ് തകര്‍ക്കല്‍, അതിനെത്തുടര്‍ന്നുണ്ടായ നാടകങ്ങള്‍. കര്‍സേവ പ്രതീകാത്മകം എന്ന് ആദ്യം പറഞ്ഞു. പക്ഷേ, പള്ളി പൊളിച്ചു. പിറ്റേന്ന്, ഡിസംബര്‍ ഏഴിന് അദ്വാനി രാഷ്ട്രത്തോട് ക്ഷമ ചോദിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് ദൈവഹിതമാണ് എന്ന് പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ മതത്തിന്റെ കാഴ്ചപ്പാട് അംഗീകരിക്കാതിരുന്നാല്‍ അതിലപ്പുറം സംഭവിക്കും എന്ന് പറഞ്ഞു. ഒരുകൊല്ലം തികഞ്ഞപ്പോള്‍ അത് വിജയദിനമായി ആഘോഷിച്ചു. ഇതാണ് നാടകം എന്ന് പറഞ്ഞത്. 1999 ജനുവരി 23 നു ഒഡീഷയില്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്നു. അത് കഴിഞ്ഞാണ് 2002 ലെ ഗുജറാത്ത് വംശഹത്യ. ഇന്ത്യന്‍ ജനത ഒന്നിച്ച്, എല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കുമപ്പുറം, ഗുജറാത്തില്‍ ഇരകളാക്കപ്പെട്ടവരോട് ഐക്യം പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ 2008 ലെ കന്ദമാല്‍ വംശഹത്യ നടക്കില്ലായിരുന്നു, 2013 ലെ മുസഫര്‍ നഗര്‍ കലാപം നടക്കില്ലായിരുന്നു ഒരുപക്ഷേ അതിനേക്കാളെല്ലാം അപകടകരമായ 2014 ലെ നരേന്ദ്രമോഡിയുടെ അധികാരാരോഹണം സാധ്യമാകില്ലായിരുന്നു.

2002 ഗുജറാത്തില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും എന്ത് പഠിച്ചു? എന്ത് പഠിച്ചില്ല?
ഗുജറാത്ത് വംശഹത്യയില്‍ നിന്ന് മതനിരപേക്ഷത അനിവാര്യമായും പഠിക്കേണ്ട പല രാഷ്ട്രീയ പാഠങ്ങളും സാംസ്‌കാരിക പാഠങ്ങളും വേണ്ടവിധം പഠിച്ചില്ല. ഈ വംശഹത്യയെ വിശകലനം ചെയ്യുന്നതില്‍ ജനാധിപത്യത്തിന് പറ്റിയ വീഴ്ച എടുത്തുപറയേണ്ടതാണ്. ഇന്ത്യന്‍ മതനിരപേക്ഷതയെ പൊളിച്ച ദിവസമായി 1992 ഡിസംബര്‍ 6 നെ ഇന്ത്യയിലെ മുഴുവന്‍ മതനിരപേക്ഷ, ജനാധിപത്യവാദികളും ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കില്‍ ആ ദിവസത്തെ വിജയദിനമായി ആഘോഷിക്കാന്‍ സംഘപരിവാറിന് കഴിയുമായിരുന്നില്ല. ബാബരി മസ്ജിദ് പൊളിച്ചതിനെതിരെ ഇന്ത്യന്‍ ജനാധിപത്യം ശക്തമായി പ്രതികരിച്ചിരുന്നു. പക്ഷേ, ആ പ്രതികരണം കുറഞ്ഞകാലം കൊണ്ട് അവസാനിച്ചു. ഒരിക്കലും അവസാനിക്കാന്‍ പാടില്ലായിരുന്നു. ഗാന്ധിവധം എല്ലാവര്‍ഷവും ജനുവരി 30 നു മാത്രം ഓര്‍ക്കേണ്ട ഒന്നല്ല. എല്ലാ ദിവസവും ഇന്ത്യക്കാര്‍ ഓര്‍ക്കണം. അതേപോലെ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടത്തിയ എല്ലാ അതിക്രമങ്ങളെയും കൃത്യമായി അടയാളപ്പെടുത്തി അതിനെതിരെയുള്ള പ്രതികരണം നിരന്തരം നടത്തണം. കാരണം മതനിരപേക്ഷത നിരന്തരം ആശയപ്രചാരണം നടത്തുന്നില്ലെങ്കില്‍ അതിനു നിലനില്‍ക്കാന്‍ കഴിയില്ല. ഫാഷിസത്തിന് വിദ്വേഷപ്രചാരണം എപ്പോഴെങ്കിലും ഒന്ന് നടത്തിയാല്‍ മതി. അതിന്റെ അലയൊലികള്‍ കുറേക്കാലം നിലനില്‍ക്കും. ഒരു മനുഷ്യന് വലതുപക്ഷ ആശയങ്ങളിലേക്ക് വഴുതിവീഴാന്‍ വളരെ എളുപ്പമാണ്. കാരണം ചരിത്രപരമായി തന്നെ പല മുന്‍വിധികളും – ഒരു മതം മറ്റൊരു മതത്തെക്കുറിച്ച്, ഒരു ജാതി മറ്റൊരു ജാതിയെക്കുറിച്ച്, ഒരു ഭാഷ മറ്റൊരു ഭാഷയെക്കുറിച്ച്- അജ്ഞതകളും നമ്മുടെ ജീവിതത്തിന്റെ കൂടെപ്പിറപ്പാണ്. അതേസമയം ഇടതുപക്ഷ ആശയത്തിലേക്ക് ഒരു ജനത കണ്ണുതുറക്കണമെങ്കില്‍ നിരന്തര ആശയപ്രചാരണവും ആശയസമരവും ആവശ്യമായിവരും. സംഘപരിവാര്‍ ഇത്തരത്തിലുള്ള വിദ്വേഷപ്രചാരണവും കലാപവും വംശഹത്യയും നടത്തുമ്പോള്‍ അതിനെതിരെയുള്ള പ്രതിരോധം നിരന്തരം നടത്തണമായിരുന്നു. ഇവിടെ പ്രതിരോധങ്ങളുണ്ടായി. പക്ഷെ ആ സമയത്ത് തുടങ്ങി അധികം നീണ്ടുപോകാതെ അവസാനിച്ചു. ഞാന്‍ മുന്നോട്ടുവെക്കുന്ന പ്രധാന കാര്യം, ഗുജറാത്ത് വംശഹത്യ ഗുജറാത്തിന്റെ മാത്രം പ്രശ്നമല്ല, മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല, ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രശ്നമാണ് എന്ന് തിരിച്ചറിയേണ്ടിയിരുന്നു. ഈ വംശഹത്യ ഭൂതത്തിന്റെയോ വര്‍ത്തമാനത്തിന്റെയോ മാത്രം പ്രശ്നമല്ല, ഭാവിക്ക് നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് എന്നുള്ള അര്‍ത്ഥത്തില്‍ 2002 ഇന്ത്യന്‍ ചരിത്രത്തില്‍ കൃത്യമായി അടയാളപ്പെടുത്തേണ്ടിയിരുന്നു. എന്നിട്ട് ജനാധിപത്യം മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ക്കുമപ്പുറം ഒന്നിച്ചുനിന്ന് മുന്നോട്ടുപോയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ അനുഭവിക്കുന്ന പ്രതിസന്ധികള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നു.

ക്ലാസിക്കല്‍ ഫാഷിസത്തില്‍ നിന്ന് പല അര്‍ഥത്തിലും വിഭിന്നമാണ് ഇന്ത്യന്‍ ഫാഷിസം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്ലാസിക്കല്‍ ഫാഷിസത്തെക്കാള്‍ അപകടകരമാണ് ഇന്ത്യയിലെ നവഫാഷിസമെന്ന് താങ്കള്‍ തന്നെ എഴുതിയിട്ടുണ്ട്. സൈനികമായി തോല്പിക്കപ്പെട്ടതാണല്ലോ ക്ലാസ്സിക്കല്‍ ഫാഷിസത്തിന്റെ ചരിത്രം. ഇന്ത്യയില്‍ അത് സാധ്യമല്ലെന്നിരിക്കേ, സംഘപരിവാര്‍ ഫാഷിസത്തെ എങ്ങനെ ചെറുക്കാമെന്നാണ് വിചാരിക്കുന്നത്?
ആഴത്തിലുള്ള മനുഷ്യബന്ധങ്ങള്‍ സാധ്യമാക്കുന്ന തരത്തിലുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. അതായത്, സാംസ്‌കാരികമായി രോഗാതുരമായ ഒരു സമൂഹത്തില്‍ അയല്‍ക്കാര്‍ക്കിടയില്‍ സാധാരണയായുള്ള കൊടുക്കല്‍വാങ്ങലുകള്‍ മാത്രം പോരാ. അതിനപ്പുറത്ത് ആഴത്തിലുള്ള സൗഹൃദം ഉണ്ടാകണം. എപ്പോഴും നമ്മള്‍ മുന്നോട്ടുവെക്കേണ്ട പ്രധാന മുദ്രാവാക്യം അസഹിഷ്ണുതക്കെതിരെ സൗഹൃദം എന്നതാണ്. അതുപോലെത്തന്നെ ഔപചാരിക ബന്ധങ്ങള്‍ക്ക് പകരം അനൗപചാരികമായ ആഴത്തിലുള്ള മനുഷ്യബന്ധങ്ങള്‍ രൂപപ്പെടണം. അതായത് നമ്മില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രം ധരിക്കുന്ന, ആരാധനകള്‍ നിര്‍വഹിക്കുന്ന, ആചാരങ്ങള്‍ പുലര്‍ത്തുന്ന, ആഘോഷങ്ങളില്‍ ഏര്‍പ്പെടുന്ന ജനതയെ ഒരു വിസ്മയമായി കാണാന്‍ കഴിയണം. അവരെ അപരരായും ശത്രുക്കളായും കാണാന്‍ പാടില്ല. അത്തരം സംഭവങ്ങളാണ് ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഉടനീളമുണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ഭാഷയാണ് ഏറ്റവും ശ്രേഷ്ഠമെന്നു കരുതുകയും തങ്ങളുടെ ജീവിതമാണ് മറ്റെല്ലാ ജീവിതത്തിന്റെയും മാതൃകയായിത്തീരേണ്ടത് എന്ന് വിചാരിക്കുകയും ചെയ്യുന്നത് സങ്കുചിതവീക്ഷണമാണ്. സംസ്‌കാരത്തെക്കുറിച്ചുള്ള പല നിര്‍വചനങ്ങളിലൊന്ന് സ്വന്തം ഭാഷ ഉച്ചത്തില്‍ സംസാരിക്കുക, അതോടൊപ്പം മറ്റുള്ളവരുടെ ഭാഷ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുക എന്നതാണ്. നമ്മള്‍ പറയുന്നവര്‍ മാത്രമല്ല, കേള്‍ക്കുന്നവരുമാകണം. അല്ലാത്തപക്ഷം നമ്മള്‍ ബഹുസ്വരതാനിഷേധിയായി മാറും.

ബഹുസ്വരതയെക്കുറിച്ച് ഞാന്‍ മുമ്പ്തന്നെ ചൂണ്ടിക്കാണിച്ചൊരു കാര്യം, സ്ഥൂലബഹുസ്വരതക്ക് സ്വാഗതം പറയുന്ന ജനാധിപത്യവാദികള്‍ പോലും പക്ഷേ, ആ സ്ഥൂലബഹുസ്വരത സൂക്ഷ്മമായി ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അതിനെ ആക്ഷേപിക്കും, അതിനെ വീടിന്റെ പടിക്ക് പുറത്താക്കും. പ്രസംഗവേദിയില്‍ നമ്മള്‍ ഹാരാര്‍പ്പണം നടത്തിയ ബഹുസ്വരതയുടെ കഴുത്ത്, സൂക്ഷ്മതലത്തില്‍ സ്വന്തം ജീവിതത്തിലേക്ക് വരുമ്പോള്‍ വെട്ടിമാറ്റും.ബഹുസ്വരത എന്നത് പ്രബന്ധത്തിലും പ്രസംഗത്തിലും പ്രചാരണത്തിലുമൊക്കെ കേക്കിനു മുകളിലെ പൂവ് പോലെ ആയിത്തീരുന്നതിനു പകരം, അത് നമ്മള്‍ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും കഴിക്കുന്ന ഭക്ഷണവും പങ്കുവെയ്ക്കുന്ന സൗഹൃദവും ഒക്കെ ആയിട്ട് പരിമളം പരത്തണം. രക്തത്തില്‍ കലര്‍ന്ന, മജ്ജയില്‍ വേരാഴ്ത്തുന്ന, അസ്ഥിയില്‍ അമര്‍ന്ന ഒന്നാകണം നമ്മുടെ ബഹുസ്വരത. അങ്ങനെയൊരു ബഹുസ്വരതക്ക് മാത്രമേ ഫാഷിസത്തെ ചെറുക്കാനാകൂ.

കെ ഇ എന്‍/ മുഹമ്മദലി കിനാലൂര്‍

You must be logged in to post a comment Login