സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

സമരത്തെരുവുകള്‍ എന്ന സര്‍വകലാശാലകള്‍

ഗുജറാത്താനന്തര പശ്ചാത്തലത്തിലാണ് താങ്കളുടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രാഷ്ട്രീയകൃതി, ഇരകളുടെ മാനിഫെസ്റ്റോ പ്രസിദ്ധീകൃതമാകുന്നത്. മതന്യൂനപക്ഷങ്ങള്‍, ഭാഷാന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഇരവത്കരിക്കപ്പെടുന്നവരുടെ വിശാലമായ ഐക്യമാണ് ഗുജറാത്തിനു പിറകെ ഇന്ത്യയില്‍ ഉണ്ടാകേണ്ടത് എന്നാണ് ആ പുസ്തകം ഊന്നിപ്പറഞ്ഞ കാര്യം. പക്ഷേ, അക്കാലത്ത് അങ്ങനെയൊരു ഐക്യം സാധ്യമായില്ല എന്ന് മാത്രമല്ല ഇരകള്‍ എന്ന പരികല്പന പോലും വിമര്‍ശിക്കപ്പെടുന്ന സാഹചര്യമുണ്ടായി. അന്ന് സാധ്യമാകാതിരുന്ന ഐക്യം പൗരത്വഭേദഗതി നിയമത്തിനു പിറകെ രാജ്യത്തിന്റെ തെരുവുകളില്‍ കാണുന്നു. ഗുജറാത്തില്‍ നിന്ന് പഠിക്കാത്ത പാഠങ്ങള്‍ സി എ എയില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യം പഠിച്ചു എന്ന് പ്രതീക്ഷിക്കാമോ?

2002ല്‍ ഗുജറാത്ത് വംശഹത്യയെത്തുടര്‍ന്നു രൂപപ്പെടേണ്ടിയിരുന്ന വിശാലമായ ഐക്യം വേണ്ടത്ര ഉണ്ടായില്ല. ഗുജറാത്തിനെച്ചൊല്ലിയുള്ള പ്രതികരണങ്ങള്‍ പോലും നീണ്ടുനിന്നില്ല. പക്ഷേ, 2019 ഡിസംബര്‍ 12 ഇന്ത്യയുടെ സമര ചരിത്രത്തിലെ വഴിത്തിരിവായി തീര്‍ന്നു. 2014നു മുമ്പും ശേഷവും എന്ന് രാഷ്ട്രീയമായി ഇന്ത്യയെ വിഭജിക്കാമെന്ന് പറയുന്നതു പോലെത്തന്നെ പ്രസക്തമാണ് 2019 ഡിസംബര്‍ 12ന് മുമ്പും ശേഷവും എന്ന് ഇന്ത്യയിലെ സമര ചരിത്രത്തെ വിഭജിക്കുന്നത്. സമാനതകളിലാത്ത മഹാസമരങ്ങളിലൂടെയാണ് ഇന്ന് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഗുജറാത്ത് വംശഹത്യക്കെതിരെ രൂപപ്പെടേണ്ടിയിരുന്ന മുന്നണി പലവിധ കാരണങ്ങളാല്‍ രൂപപ്പെടാതെ പോയി. പക്ഷേ, വൈകിയാണെങ്കിലും 2019 ഡിസംബര്‍ 12ന് ശേഷം അത്തരമൊരു മുന്നണി രൂപപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതു തീര്‍ച്ചയായും ഇന്ത്യയുടെ മതനിരപേക്ഷതയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. സംഘപരിവാര്‍ ഈ ബില്ലിലൂടെ പ്രധാനമായും മുസ്ലിംകളെയാണ് ലക്ഷ്യം വെക്കുന്നത്. ഒരു ഭാഗത്ത് സംഘ്പരിവാറും മറുഭാഗത്ത് മുസ്‌ലിംകളുമായി ഇന്ത്യ വിഭജിക്കപ്പെടും എന്നാണ് അവര്‍ കരുതിയത്. എന്നാല്‍ സംഭവിച്ചത്, ഇന്ത്യന്‍ ജനത ഒരു ഭാഗത്തും സംഘ്പരിവാര്‍ മറു ഭാഗത്തുമായി ധ്രുവീകരിക്കപ്പെട്ടു. ഇത്തരത്തില്‍ ഒരു ധ്രുവീകരണം എന്ന് പൂര്‍ണമായി സംഭവിക്കുമോ അന്നു നിസ്സംശയം ഉറപ്പിച്ചു പറയാം, സംഘ്പരിവാര്‍ തോല്‍ക്കും. എന്നാല്‍ എന്ന് ഇന്ത്യന്‍ ഫാഷിസം ഒരു ഭാഗത്തും ഇന്ത്യന്‍ ജനത വേറൊരു ഭാഗത്തുമെന്ന ധ്രുവീകരണത്തില്‍ വിള്ളലുണ്ടാകുന്നുവോ അന്ന് ഈ സമരം നിരവധി പ്രതിസന്ധികളെ നേരിടും . വിവിധ മതങ്ങള്‍, രാഷ്ട്രീയ സംഘടനകള്‍, വിദ്യാര്‍ഥി സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, സ്ത്രീകളുടെ കൂട്ടായ്മകള്‍ എന്നിവരെല്ലാം ഒന്നിച്ചുചേര്‍ന്ന് ഒരു മുന്നണിയായി മാറണം. അങ്ങനെ മുന്നണിയായി മാറാന്‍ എളുപ്പമാണ്. ഗുജറാത്ത് വംശഹത്യയിലടക്കം ഒരു പരിധി വരെ നടന്നത് പൗരാവകാശങ്ങളുടെ നിഷേധമാണ്. എന്നാല്‍ 2019 ഡിസംബര്‍ 12ന് ശേഷം ഇന്ത്യയില്‍ നടക്കുന്നത് പൗരത്വത്തെ തന്നെ പൊളിക്കുന്ന, വളരെ വിധ്വംസകമായ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ്. പൗരാവകാശ സമരങ്ങള്‍ പരാജയപ്പെട്ടാലും പൗരത്വമുണ്ടെങ്കില്‍ അതിന്റെ മുരട്ടില്‍ നിന്ന് വീണ്ടും പ്രതിരോധങ്ങള്‍ മുളച്ചു വരും. എന്നാല്‍, പൗരത്വം തന്നെ ഇല്ലാതായാല്‍ തീര്‍ച്ചയായും പ്രതിരോധ സാധ്യതകള്‍ അവസാനിക്കും. രാജ്യത്ത് പൗരരല്ലാതായി തീരുന്ന അഭയാര്‍ഥി സമൂഹത്തിന് ഭരണകൂടം കനിഞ്ഞു നല്‍കുന്ന ചില സൗജന്യങ്ങള്‍ സ്വീകരിക്കാനല്ലാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യാന്‍ സാധിക്കില്ല.

ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ദളിതരും ന്യൂനപക്ഷങ്ങളും തൊഴിലാളികളും കര്‍ഷകരും സത്യത്തില്‍ 1947ന് ശേഷവും പൂര്‍ണ പൗരരല്ല. അര്‍ധ പൗരരോ മുക്കാല്‍ പൗരരോ കാല്‍ പൗരരോ ആണ്. ഇന്ത്യക്ക് അകത്ത് ഒരു ബഹിഷ്‌കൃത ഇന്ത്യയും ഒരു പുരസ്‌കൃത ഇന്ത്യയുമുണ്ട്. ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷങ്ങളും ദളിതരും തൊഴിലാളികളും കര്‍ഷകരുമെല്ലാം ബഹിഷ്‌കൃത ജനതയാണ്. ബഹിഷ്‌കൃത ജനതയായിരിക്കുമ്പോഴും അവര്‍ക്ക് പരിമിതമായ പൗരത്വമുണ്ട്. ഈ പരിമിതമായ പൗരത്വം പോലും ഇല്ലാതാക്കുന്ന തരത്തിലാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് പ്രവര്‍ത്തിക്കുന്നത്.
ഈ സമരത്തില്‍ വന്ന വലിയ മാറ്റം, പൗരാവകാശസമരങ്ങളില്‍ പൂര്‍ണമായും പരസ്പരം യോജിക്കാന്‍ കഴിയാത്ത ജനത പൗരത്വം എടുത്തുമാറ്റപ്പെടുന്ന വിഷയത്തില്‍ ഐക്യപ്പെടുന്നു എന്നതാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ തുടര്‍ച്ചയാണ് സംഘ്പരിവാര്‍ നടത്തുന്നത്. പൗരത്വം നഷ്ടപ്പെടുന്നവര്‍ മാത്രമായിരിക്കും തെരുവില്‍ പ്രതിരോധമുയര്‍ത്തുക, ബാക്കിയുള്ളവരെല്ലാം ആ പ്രതിരോധത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നാണ് അവര്‍ വിചാരിച്ചത്. എന്നാല്‍ ഇന്ത്യയില്‍ നാം കണ്ടത്, എല്ലാ മത വിഭാഗത്തില്‍പെട്ടവരും ഐക്യപ്പെടുന്നതാണ്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ മുസ്ലിംകുടുംബത്തിന്റെ കല്യാണം നടത്താന്‍ മുസ്ലിമിതരരായ, ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചങ്ങല സൃഷ്ടിച്ച് കല്യാണത്തിന് സുരക്ഷയൊരുക്കി. വിവിധ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പല പാര്‍ട്ടികളും ചങ്ങലയുണ്ടാക്കാറുണ്ട്. ഒരു വീട്ടിലെ കല്യാണം നടത്താന്‍ വേണ്ടി ഒരു ജനത കണ്ണിചേര്‍ന്നത് ഒരുപക്ഷേ, ഇന്ത്യാചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും. മോഡിയും അമിത് ഷായും ആദിത്യനാഥ് യോഗിയും ആര്‍ എസ് എസും വിചാരിച്ചതില്‍ നിന്നും വ്യത്യസ്തമായി ഒരു ഐക്യം രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇങ്ങനെ ചുരുക്കി പറയാം- ഗുജറാത്ത് വംശഹത്യയുടെ കാലത്ത് സംഭവിക്കേണ്ടിയിരുന്ന, സംഭവിക്കാതിരുന്നതുകൊണ്ട് കനത്ത വിലകൊടുക്കേണ്ടി വന്ന വലിയ അപകടത്തെ ഇന്ന് പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനതക്ക് കഴിയുന്നു. അതുകൊണ്ടു തന്നെ ഇത് സമാനതകളില്ലാത്ത മഹാപ്രതിരോധസമരമാണ്. ആ അര്‍ഥത്തില്‍ ഈ ഐക്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി വേണ്ടത്.

ലോകസഭയില്‍ മൃഗീയഭൂരിപക്ഷമുള്ള അധികാരശക്തിക്കെതിരെയാണ് ഇന്ത്യന്‍ ജനത സമരം ചെയ്യുന്നത്. യു പിയിലും ഡല്‍ഹിയിലുമൊക്കെ സമരക്കാരെ പൊലീസും സംഘ്പരിവാറും ചേര്‍ന്ന് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുമുണ്ട്. അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ മുന്‍കാലങ്ങളില്‍ നടന്ന സമരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മതനിരപേക്ഷ കക്ഷികള്‍ക്കിടയിലെ അഭൂതപൂര്‍വമായ ഐക്യം, സ്ത്രീകളുടെ വലിയ പങ്കാളിത്തം, കാമ്പസുകളുടെ ധീരമായ ചെറുത്തുനില്‍പ്- ഇങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഈ സമരത്തിനുണ്ട്. ഒരുഭാഗത്ത് പൗരന്മാരെ അടിച്ചൊതുക്കുന്ന ഭരണകൂടം, മറുഭാഗത്ത് തോല്‍ക്കാനൊരുക്കമല്ലാത്ത ജനാധിപത്യസമൂഹം. ആ നിലക്ക് ഈ സമരത്തിന്റെ ഭാവി എന്തായിരിക്കും എന്നാണ് അനുമാനിക്കേണ്ടത്?
ഈ സമരം തന്നെ സ്വയം ഒരു ഭാവിയായി മാറിയിട്ടുണ്ട്. കാരണം, ഇന്ത്യയില്‍ ഇതുവരെ നടന്ന സമരങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ട് വൈവിധ്യപൂര്‍ണമായ ഒരു പ്രതിരോധം വികസിപ്പിക്കാനായിട്ടുണ്ട്. തോക്കു ചൂണ്ടുന്ന പട്ടാളക്കാരന് പൂവ് കൊടുക്കുന്ന പെണ്‍കുട്ടി, മുഖം മൂടികള്‍ ധരിച്ചും പോലീസില്‍ നുഴഞ്ഞുകയറിയും അക്രമങ്ങള്‍ നടത്തുന്ന ഗുണ്ടാസംഘത്തിന് മുന്നില്‍ ചിത്രം വരച്ച്, നൃത്തം ചവിട്ടി, പാട്ടുപാടി പ്രതിരോധിക്കുന്ന ഒരു ജനത. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ രോഗികളെന്നോ നോക്കാതെ, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ, വിവിധ പാര്‍ട്ടിയില്‍ പെട്ടവരും പെടാത്തവരുമടക്കം, ഇതുവരെ പൊതുവേദിയില്‍ കടന്നുവരാത്തവര്‍ പോലും ഈ സമരത്തിന്റെ ഭാഗമാവുകയാണ്. ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലക്ക് പല പ്രഭാഷണ വേദികളിലും കണ്ടത്, വിവിധ കാരണങ്ങളാല്‍ പത്തിരുപത്തിയഞ്ചു കൊല്ലമായി പുറത്തിറങ്ങാത്ത പലരും പൗരത്വ പ്രഭാഷണ വേദികളില്‍ മണിക്കൂറുകളോളം ഇരിക്കുകയാണ്. കുട്ടികളും സ്ത്രീകളും അടക്കം വരുന്നു. ഇന്ന് പ്രകടനം ഇല്ലേ എന്ന് ആളുകള്‍ പരസ്പരം ചോദിക്കുന്നു.

എന്റെ ഒരനുഭവത്തില്‍, പലവേദികളിലേക്കും അരമണിക്കൂറോ ഒരു മണിക്കൂറോ വൈകിയേ എത്താന്‍ കഴിയാറുള്ളൂ. വൈകിയാല്‍ സംഘാടകര്‍ക്കും നമുക്കും മാനസികമായ സംഘര്‍ഷമുണ്ടാകും. കാത്തിരിക്കുന്ന ശ്രോതാക്കള്‍ക്കും സംഘര്‍ഷമുണ്ടാകും. എന്നാല്‍ 2019 ഡിസംബര്‍ 12ന് ശേഷം നമ്മുടെ ജീവിതാന്തരീക്ഷം ആകെ മാറിയിരിക്കുകയാണ്. ഇപ്പോള്‍ എത്ര വൈകിയാലും സംഘാടകര്‍ക്കോ കാത്തിരിക്കുന്നവര്‍ക്കോ ഒരുവിധ സംഘര്‍ഷവുമില്ല. മുമ്പ് റോഡിലെ ബ്ലോക്കുകള്‍ നമ്മെ അസ്വസ്ഥപ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ബ്ലോക്കുകള്‍ നമ്മെ ആവേശപ്പെടുത്തുകയാണ്. ജനങ്ങള്‍ പൗരത്വ ബില്ലിനെതിരെ തെരുവിലിറങ്ങിയതിന്റെ ബ്ലോക്കാണിത്. ഇനിയും പ്രകടനം വരട്ടെ എന്നാണ് ജനം ആഗ്രഹിക്കുന്നത്. ഈ തടസ്സം വലിയൊരു സമരമാണെന്ന് ജനം തിരിച്ചറിയുന്നു. ഇതു വലിയ മാറ്റമാണ്. ഈ സമരത്തിന്റെ മറ്റൊരു സവിശേഷത, കലാത്മക കൂട്ടായ്മകള്‍ രൂപപ്പെട്ടു എന്നതാണ്. പാട്ടുപാടിയും നൃത്തം ചെയ്തും കവിത എഴുതിയും ചിത്രം വരച്ചും കളമെഴുതിയുമൊക്കെ രൂപപ്പെട്ടുവന്നിട്ടുള്ള വലിയൊരു ഐക്യമുണ്ട്. മറ്റൊരു കാര്യം, സാധാരണയായി സമരങ്ങളിലേക്ക് ആളുകളെ എത്തിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിരന്തര സമ്മര്‍ദങ്ങള്‍ ആവശ്യമാണ്. പക്ഷേ, ഈ സമരത്തില്‍ നമ്മള്‍ കാണുന്നത് സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ മുന്നോട്ടുവരുന്നതാണ്. സമരം ഒരു സര്‍വകലാശാലയാണെങ്കില്‍ 2019 ഡിസംബര്‍ 12ന് ശേഷമുള്ള സമരമാണ് ഇന്ത്യയിലെ ഏറ്റവും ഗംഭീരമായ സര്‍വകലാശാല. എറിക് ഹോബ്സ്ബാം The Age of Revolution എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നൊരു കാര്യമുണ്ട്. ‘ചരിത്രരേഖകളെക്കാള്‍ ശബ്ദായമാനമായി നമ്മുടെ കാലഘട്ടത്തെ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത് ചില വാക്കുകളാണ്. ‘അതായത് 1789ന്റെയും 1848ന്റെയും ഇടയിലുള്ള, ഫ്രഞ്ച് വിപ്ലവത്തിനും വ്യാവസായിക വിപ്ലവത്തിനുമിടയിലുള്ള കാലത്താണ് ഫാക്ടറി, ഇന്‍ഡസ്ട്രിയലിസ്റ്റ്, സ്ട്രൈക് തുടങ്ങിയ വാക്കുകള്‍ വളരെ പ്രചാരം നേടുന്നത്. ഇന്ന് ഇന്ത്യയില്‍ നോക്കിയാല്‍ വാക്കുകള്‍ക്ക് പകരം ചുരുക്കെഴുത്താണ് കൂടുതല്‍. എന്‍ ആര്‍സി, സി എ എ, എന്‍ പി ആര്‍, ഐ എല്‍ പി തുടങ്ങിയ ചുരുക്കെഴുത്തുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മുമ്പ് പി എസ് സി/ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയായിരുന്നു ചുരുക്കെഴുത്തുകളുടെ പൂര്‍ണരൂപം പഠിച്ചിരുന്നത്. എന്നാലും തെറ്റിപ്പോകും. ആ ഒരു പരിമിതി ഇപ്പോഴും എനിക്കുണ്ട്.

ഈയിടെ ഒരു ഗ്രാമപ്രദേശത്ത് പ്രസംഗിക്കുമ്പോള്‍ ഐ എല്‍ പി എന്നു പറഞ്ഞെങ്കിലും പൂര്‍ണരൂപം കിട്ടിയില്ല. അപ്പോള്‍ സദസിന്റെ മുന്നിലിരിക്കുന്ന, പ്രായമായ, സ്‌കൂളിലൊന്നും പോകാത്ത ഒരാള്‍ (എനിക്കദ്ദേഹത്തെ അറിയാം) ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്നു പറഞ്ഞുതന്നു. അയാള്‍ പരീക്ഷക്ക് വേണ്ടി പഠിച്ചതല്ല. നാട്ടിലെ ജനങ്ങളാകെ ഇതിന്റെ പൂര്‍ണ്ണരൂപവും സാങ്കേതിക കാര്യങ്ങളുമെല്ലാം മനസിലാക്കിയിരിക്കുന്നു. ബ്രഹ്‌തോള്‍ഡ് ബ്രഹ്ത് പറയുന്നുണ്ട്, ‘നിലനില്‍ക്കുന്ന അവസ്ഥകളില്‍ അസംതൃപ്തരായി തങ്ങളുടെ കാലം വരുന്നത് കാത്തിരിക്കുന്ന വര്‍ഗങ്ങളുണ്ട്. തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നറിയാന്‍ അവര്‍ക്കാഗ്രഹമുണ്ട്. പഠനത്തിന്റെ പ്രായോഗികവശങ്ങളില്‍ അവര്‍ക്ക് താത്പര്യമുണ്ട്. പഠിച്ചിട്ടില്ലെങ്കില്‍ തങ്ങള്‍ തുലഞ്ഞുപോകുമെന്ന് അവര്‍ക്കറിയാം. അവരാണ് ചരിത്രത്തിലെ ഏറ്റവും വലിയ പഠിതാക്കള്‍.’ ഇന്ത്യന്‍ ജനതയെ ഇതിനും മുമ്പും രാഷ്ട്രീയപ്പാര്‍ട്ടികള്‍ പലതും പഠിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ പഠിച്ചിട്ടുണ്ട്. ഇന്ന് പ്രത്യേകിച്ച് ആരും പഠിപ്പിക്കാതെ തന്നെ ആളുകള്‍ എല്ലാം പഠിക്കാന്‍ തയാറുള്ള നല്ല പഠിതാക്കളും പ്രക്ഷേഭകാരികളുമായി മാറിയെങ്കില്‍ അത് ഈ കാലത്തെ വലിയ മാറ്റമാണ്. അതുകൊണ്ട് തന്നെ ഈ സമരം ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടത്തിനകത്ത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ സമരത്തിന്റെ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയും അമിത്ഷായുമൊക്കെ, മുമ്പ് പറഞ്ഞ പലകാര്യങ്ങളും മാറ്റിപ്പറയാന്‍ ശ്രമിച്ചത്. പക്ഷേ, ജനങ്ങള്‍ അവരെ മാറ്റിപ്പറയാന്‍ അനുവദിച്ചില്ല. ഭരണകൂടത്തിനകത്ത് ഇടിമുഴക്കം സൃഷ്ടിച്ച സമരമാണിത്. ഭരണകൂടം ഈ നിയമവുമായി മുന്നോട്ടു പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ പിറകോട്ടു പോവുകയുമില്ല. അപ്പോള്‍ ഇന്ത്യയില്‍ പുതിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തും. അന്തിമമായി ജനാധിപത്യം വിജയിക്കുകയും ചെയ്യും.

പൗരത്വപ്രക്ഷോഭമുഖത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ്. വൈവിധ്യപൂര്‍ണമായ സമരങ്ങള്‍ ഇവിടെ നടക്കുന്നു. കേരള സര്‍ക്കാര്‍ തന്നെ സമരത്തെ മുന്നില്‍ നിന്ന് നയിക്കുന്നു. ഭരണഘടനാവിരുദ്ധമായ ഒരു നിയമവും കേരളത്തില്‍ നടപ്പാക്കില്ല എന്നും ആര്‍ എസ് എസ് ആഗ്രഹിക്കുന്നത് നടത്തിക്കൊടുക്കാന്‍ കേരള സര്‍ക്കാരിനെ കിട്ടില്ല എന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. കേരളത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പുകളെ എങ്ങനെ കാണുന്നു?
കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പാക്കില്ല എന്നു പറഞ്ഞു. കേരള അസംബ്ലി ഇതിനെതിരെ പ്രമേയം പാസാക്കി. കേരള അസംബ്ലി മുമ്പും പല പ്രമേയങ്ങളും പാസാക്കിയിട്ടുണ്ട്. പക്ഷേ, ഈ പ്രമേയം ആ വകുപ്പില്‍പെടുന്ന ഒരു സാധാരണ രാഷ്ട്രീയപ്രമേയമല്ല. ഇതൊരു പ്രക്ഷോഭ പ്രമേയമാണ്. ചരിത്രത്തില്‍ ആ രീതിയിലായിരിക്കും അത് അടയാളപ്പെടുത്തപ്പെടുക. പരസ്യം എന്നു പറയുന്നത് സാധാരണ രീതിയില്‍ പൊങ്ങച്ചം പറച്ചിലാണ്. പക്ഷേ, കേരള സര്‍ക്കാര്‍ പൗരത്വഭേഗദഗതിക്കെതിരെ ദേശീയമാധ്യമങ്ങളില്‍ നല്‍കിയ പരസ്യം സത്യത്തില്‍ പരസ്യത്തിന് സഹജമായുള്ള അപകര്‍ഷകത്വത്തെ അതിജീവിച്ചിരിക്കുകയാണ്. പ്രബുദ്ധമായ പ്രക്ഷോഭ പരസ്യം എന്ന രീതിയിലായിരിക്കും നാളെ ചരിത്രത്തില്‍ അറിയപ്പെടുക. അങ്ങനെ പരമ്പരാഗതമായ കാഴ്ചപ്പാടുകളെയടക്കം നവീകരിക്കാന്‍ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.

പൗരത്വസമരത്തിന്റെ ഭാവിയെക്കുറിച്ച് നമ്മള്‍ സംസാരിച്ചു. ഏത് സമരവും ഇടയ്ക്ക് സ്തംഭിച്ചുപോകാറുണ്ട്. പ്രത്യേകിച്ച്, കാലങ്ങളായി വേറിട്ടുനില്‍ക്കുകയും പോരടിക്കുകയും ചെയ്തവര്‍ ഒന്നായിച്ചേര്‍ന്ന് നടത്തുന്ന സമരങ്ങളില്‍ ഈ സ്തംഭനാവസ്ഥക്ക് സാധ്യത കൂടുതലാണല്ലോ. അങ്ങനെ ഒരാശങ്കയ്ക്ക് ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രത്തോളം സാംഗത്യമുണ്ട്?
സമരം ഏതൊക്കെ തരത്തിലുള്ള രൂപങ്ങള്‍ സ്വീകരിക്കുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സമരം സമാനതകളില്ലാത്ത സമാധാന സമരമാണ്. ഈ സമരരീതി തന്നെയാണ് ജനാധിപത്യ, മതേതര കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ആളുകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്. ഈ സമരരീതിയാണ് ഇന്ത്യന്‍ഫാഷിസത്തിന് കഠിനമായ ഉള്‍ക്കിടിലം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സമരത്തിലേക്ക് നുഴഞ്ഞുകയറിയിട്ട് പലതരം ആക്രമണങ്ങളുണ്ടാക്കി ഈ സമരത്തിന്റെ പ്രതിഛായ പൊളിക്കാനുള്ള ആസൂത്രിത ശ്രമമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അപ്പോഴും സമരമുന്നണിയില്‍ നിന്നുയരേണ്ടത് സമാധാനം, സമാധാനം എന്ന മുദ്രാവാക്യമാണ്. അതേസമയം, പാട്ടുപാടിയും നൃത്തംചവിട്ടിയും സമാധാനമെന്ന മഹാസന്ദേശം ഉയര്‍ത്തിയും സമരം ചെയ്യുന്ന ജനതയെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള നിരന്തര ശ്രമം നടത്തുമ്പോള്‍ അതിനെതിരെക്കൂടി പ്രചാരണങ്ങള്‍ ശക്തിപ്പെടണം. അതായത് ഇന്ത്യക്കാരോടു മാത്രമല്ല ലോകത്തോട് തന്നെയും നമ്മള്‍ പറയണം. ഇതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഇവിടുത്തെ ജനങ്ങള്‍ സമരം ചെയ്യുന്നത് സമാധാനപരമായാണ്, സര്‍ക്കാര്‍ ഇതിനെ ചോരയില്‍ മുക്കിക്കൊല്ലുകയാണ് എന്ന് ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ബോധ്യപ്പെടുത്തണം. സമാധാനപൂര്‍ണമായ സമരമാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ, ചരിത്രത്തില്‍ സംഭവിക്കുന്ന സമരങ്ങളുടെ സകല രൂപങ്ങളെക്കുറിച്ചും ഒരിക്കലും പ്രവചിക്കാന്‍ പറ്റില്ല . അത് തത്സമയം കൈവരിക്കുന്ന പല രൂപങ്ങളായിരിക്കും. 144 പ്രഖ്യാപിച്ചൊരിടത്ത് സാധാരണയില്‍ സമരം സാധ്യമാകില്ല. കാരണം ജനം പുറത്തിറങ്ങില്ല. പക്ഷേ, ഇപ്പോള്‍ നമ്മള്‍ ഒറ്റയാള്‍ സമരങ്ങള്‍ കാണുകയാണ്. ഒറ്റയ്ക്ക് നിന്ന് ഭരണഘടനയുടെ ആമുഖം വായിക്കുന്നു. അത് നിയമവിധേയ സമരമാണ്. 144 എന്നു പറഞ്ഞാല്‍ ആളുകള്‍ കൂട്ടം ചേരുന്നത് വിലക്കുകയാണ്. ഇന്ത്യയിലിപ്പോള്‍ ഒരാള്‍ തന്നെ കൂട്ടമായി മാറുകയാണ്.

മാധ്യമങ്ങള്‍ ഹിസ്റ്റോറിക് ഫ്രൈഡേ എന്ന് വിശേഷിപ്പിച്ച 2019 ഡിസംബര്‍ 20 വെള്ളിയാഴ്ച നടന്ന സംഭവങ്ങള്‍ പരിശോധിക്കുക. ഡല്‍ഹി ജുമാമസ്ജിദിലെ ഇമാം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്ന ആളാണ്. ജനങ്ങള്‍ അയാള്‍ക്ക് ചെവികൊടുക്കാറുമുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ അവര്‍ ഇമാമിനൊപ്പമായിരുന്നില്ല. ഇമാം പറഞ്ഞത്, സി എ എ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ്; ഇവിടെ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ല എന്നാണ്. ഇത് നരേന്ദ്രമോഡിയുടെ കാഴ്ചപ്പാടാണ്, ഇന്ത്യന്‍ ഫാഷിസത്തിന്റെ കാഴ്ചപ്പാടാണ്. അങ്ങ് പ്രാര്‍ഥനക്ക് തുടര്‍ന്നും ഇമാം നില്‍ക്കണം, ഇക്കാര്യത്തില്‍ അങ്ങയുടെ കാഴ്ചപ്പാട് തെറ്റാണ് എന്നു പറഞ്ഞു അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. പകരം ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ആണ് വരുന്നത്. അദ്ദേഹം പള്ളിയില്‍ നിന്ന് ഭരണഘടനയുടെ ആമുഖം വായിക്കുന്നു. അദ്ദേഹം സമരത്തിന്റെ ഇമാമായി മാറുന്നു. ഈ രീതിയില്‍ പുതിയ മാതൃകകള്‍ ഈ സമരം ഉല്‍പാദിപ്പിക്കുന്നുണ്ട്. അവിടെയും രക്തക്കളമാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. പക്ഷേ, ചന്ദ്രശേഖര്‍ ആസാദിന്റെ സമയോചിത ഇടപെടലാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പദ്ധതി പൊളിച്ചത്. ഭരണകൂടം സമരത്തെ അടിച്ചമര്‍ത്തി ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കും, പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കും. അതില്‍വീഴാതിരിക്കുക എന്നതാണ് സമരം ചെയ്യുന്നവര്‍ക്കുണ്ടാകേണ്ട പ്രധാന ജാഗ്രത. ആ നിലക്കാണ് ഈ സമരം മുന്നോട്ടുപോയ്കൊണ്ടിരിക്കുന്നത്.

ക്ലാസിക്കല്‍ ഫാഷിസം എങ്ങനെയാണോ ആ നാടുകളില്‍ ജനകീയ സമരത്തെ നേരിട്ടത്, സമാനമായ രീതിയില്‍ ഇന്ത്യയിലെ പ്രക്ഷോഭങ്ങളെയും നേരിടണമെന്നാണ് നവഫാഷിസ്റ്റ് ഭരണകൂടം ആഗ്രഹിക്കുന്നത്. അടിച്ചമര്‍ത്തലുകളില്‍ ക്ലാസിക്കല്‍ ഫാഷിസത്തെ അതേപടി പകര്‍ത്തിയെടുക്കാന്‍ സംഘ്പരിവാറിനെ സമ്മതിക്കുന്ന ഇന്ത്യനവസ്ഥയുണ്ടോ?
ക്ലാസിക്കല്‍ ഫാഷിസമായാലും ഇന്നത്തെ നവഫാഷിസമായാലും സൈന്യവത്കൃതമായ, അക്രമത്തില്‍ വിശ്വസിക്കുന്ന, ഭീതി ഉല്‍പാദിപ്പിക്കുന്ന പ്രസ്ഥാനം തന്നെയാണ്. ശാസ്ത്രത്തിന്റെ സകല സാധ്യതകളും മനുഷ്യ സമൂഹത്തെയും ജീവിതത്തെയും ഇല്ലാതാക്കാന്‍ വേണ്ടി ഉപയോഗിച്ച കാലമായിരുന്നു ക്ലാസിക്കല്‍ ഫാഷിസത്തിന്റേത്, അഥവാ ആയുധ പ്രയോഗത്തിന്റെ ഒരു കാലം. തെരുവുകളില്‍ ഫാഷിസ്റ്റ് സംഘടനകളും നാസി സംഘടനകളും പ്രത്യക്ഷത്തിലുള്ള ഭീകരവാദം അഴിച്ചുവിട്ടപ്പോഴാണ് അവിടത്തെ ജനങ്ങള്‍ സായുധരായി ചെറുക്കാന്‍ നിര്‍ബന്ധിതരായത്. ഇന്ത്യയെ പോലെ ബഹുസ്വരമായ, വൈവിധ്യപൂര്‍ണമായ അവസ്ഥയുള്ള ഒരിടത്ത് മുഴുവന്‍ ജനങ്ങളെയും ഒരു സ്വിച്ചിട്ടാലെന്ന പോലെ പെട്ടെന്ന് കായിക ഭീകരര്‍ക്ക് കീഴ്‌പ്പെടുത്താനാകില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഫാഷിസം അത്തരമൊരു രീതിയിലേക്ക് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നീങ്ങിക്കഴിഞ്ഞുവെന്ന് പറയാന്‍ പറ്റില്ല. ഉത്തര്‍പ്രദേശില്‍ മാത്രമാണ് ഗുജറാത്ത് വംശഹത്യയുടെ ഔദ്യോഗികമായ ആവര്‍ത്തനം സംഭവിക്കുന്നത്. 2002ല്‍ ഗുജറാത്തില്‍ വംശഹത്യക്കിറങ്ങിയവര്‍ക്ക് ഭരണകൂടം ഔദ്യോഗിക പിന്തുണ നല്‍കുകയാണ് ചെയ്തത്. യു പിയില്‍ പക്ഷേ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായി തന്നെയാണ് വംശീയോച്ഛാടനം നടക്കുന്നത്. അതേസമയം, ഇന്ത്യന്‍ ഫാഷിസം എല്ലായിടത്തും ഇത്തരമൊരു സായുധ മാര്‍ച്ച് നടത്തുകയും ക്ലാസിക്കല്‍ ഫാഷിസ്റ്റുകളെ പോലെ ഭീകരവാദം വീടുകള്‍ തോറും നിര്‍മിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനതക്ക് അതിനോട് ഏതുവിധേനയാണ് പ്രതികരിക്കേണ്ടി വരികയെന്നത് ആ സമയത്താണത് തീരുമാനിക്കപ്പെടുക. പക്ഷേ, ഇന്ത്യയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നത് ഏറ്റവും മഹത്തായ മുദ്രാവാക്യമാണ്, സമാധാനമാണ്. മാത്രമല്ല, സമരം കുറച്ചുകൂടി ബഹുസ്വരമായിട്ടുണ്ട്. എല്ലാ വിഭാഗവും പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തെ അത് ഭയപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യന്‍ ഫാഷിസം പലതരത്തിലുള്ള കയ്യേറ്റങ്ങള്‍കാലങ്ങളായി നടത്തുന്നുണ്ട്. കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ വന്നതോടെ അതിനുവേഗം കൂടി. താങ്കള്‍ തന്നെ ചൂണ്ടിക്കാട്ടിയതു പോലെ ചരിത്രത്തില്‍ അവര്‍ വലിയ അട്ടിമറികള്‍ നടത്തുന്നു. അക്കാദമിക് കാര്യങ്ങളില്‍ ഭരണകൂടം കയ്യിടുന്നു. കേന്ദ്രസര്‍വകലാശാലകളുടെ തലപ്പത്തും കീ പോസ്റ്റുകളിലും കടുത്ത സംഘ്പരിവാര്‍ അനുകൂലികളെ വാഴിക്കുന്നു. കാമ്പസ് സമരങ്ങളെ രാജ്യദ്രോഹമായി മുദ്രകുത്തുന്നു. മുഖം മൂടിയണിഞ്ഞ സംഘപരിവാര്‍ അക്രമികള്‍ കാമ്പസുകളില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു, പൊലീസ് കാമ്പസിനകത്ത് അനുമതിയില്ലാതെ കയറി വിദ്യാര്‍ഥികളെ ദാരുണമായി മര്‍ദ്ദിക്കുന്നു. ഇങ്ങനെയെല്ലാം സംഭവിച്ചിട്ടും ഇന്ത്യന്‍ കാമ്പസുകളെ സംഘ്പരിവാറിനോ അവരുടെ ഭരണകൂടത്തിനോ കീഴ്‌പ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാകാം?
പലകാരണങ്ങളുണ്ട്. ഒരു പ്രധാന കാരണം: സംഘ് പരിവാര്‍ ചരിത്ര പാഠപുസ്തകങ്ങളിലൊക്കെ തിരുത്തല്‍ വരുത്തുന്നുണ്ട് എങ്കില്‍പോലും സര്‍വകലാശാലകളില്‍ സ്വതന്ത്രമായ ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഒരു പശ്ചാതലം നിലനില്‍ക്കുന്നുണ്ട് എന്നതാണ്. മണ്ഡലാനന്തര കാലത്ത് നമ്മുടെ കാമ്പസുകളിലേക്ക് കീഴാള സമൂഹങ്ങളില്‍ നിന്നുള്ള വലിയൊരു വിഭാഗം കടന്നുവന്നിട്ടുണ്ട്. അവര്‍ ബദല്‍ ജ്ഞാനപദ്ധതി ഗവേഷണത്തിലൂടെയൊക്കെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. മുകളില്‍ നിന്നുള്ള, അധികാരത്തിന്റെ എല്ലാവിധ അടിച്ചേല്‍പിക്കലുകളെയും അട്ടിമറിക്കാന്‍ കഴിയുന്ന തരത്തില്‍ പഠനത്തിന്റെ മണ്ഡലത്തില്‍ അപനിര്‍മാണത്തിന്റെയും സൂക്ഷ്മ വിശകലനങ്ങളുടെയും കീഴാള ചെറുത്തുനില്‍പ്പുകളുടെയും ഒരു ലോകം തീര്‍ച്ചയായും രൂപപ്പെട്ടിട്ടുണ്ട്. ആ കീഴാള ബദല്‍ജ്ഞാനത്തിന്റെ കൂടി ബലത്തിലാണ് സത്യത്തില്‍ നമ്മുടെ കാമ്പസുകള്‍ നവഫാഷിസത്തെ ചെറുത്തുനില്‍ക്കുന്നത്. ഉദാഹരണമായിട്ട്, ഭരണകൂടം പതപ്പിച്ചെടുക്കുന്ന ഒന്നാണ് ദേശീയത. എന്നാല്‍ ചരിത്രപശ്ചാതലത്തില്‍ പഠിക്കുമ്പോള്‍ അങ്ങനെ പതപ്പിച്ചെടുക്കാന്‍ മാത്രം അതില്‍ കാര്യമായി ഒന്നുമില്ലെന്നും സാമൂഹ്യവളര്‍ച്ചയുടെ ഒരു ഘട്ടത്തിലാണ് ലോകത്ത് എല്ലായിടത്തും ദേശീയത രൂപപ്പെട്ടുവന്നതെന്നും അതേ സാമൂഹ്യവളര്‍ച്ചയുടെ വേറൊരു വികസിത ഘട്ടത്തില്‍ അതു തിരോഭവിച്ചേക്കുമെന്നും കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. ചരിത്രപരമായി കാര്യങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ അതിവൈകാരികമായി ഊതിവീര്‍പ്പിച്ച ബലൂണുകള്‍ക്ക് തുള വീഴും. ഇന്ത്യന്‍ കാമ്പസുകള്‍ക്ക് ബദല്‍ ജ്ഞാനത്തിന്റെയും ചരിത്രാന്വേഷണത്തിന്റെയും ഒരു ബലമുണ്ട്. അത് പ്രധാനപ്പെട്ട ഒരു കാരണമാണ്.
എന്തൊക്കെ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചാലും വ്യത്യസ്ത തരത്തിലുള്ള വിദ്യാര്‍ഥികളുടെ ഒന്നിച്ചുള്ള പഠനത്തിലൂടെ ഒരു ഐക്യം രൂപപ്പെട്ടു വരും. വിവിധ പാര്‍ട്ടികളിലാകുമ്പോഴും ഈ ഐക്യം പ്രവര്‍ത്തിക്കും. അതും ഒരു പ്രധാന കാരണമാണ്. അതേസമയം ചില അപകട സാധ്യതകള്‍ എവിടെയുമെന്ന പോലെ കാമ്പസുകളിലുമുണ്ട്. ബര്‍ലിന്‍ യൂണിവേഴ്സിറ്റിയൊക്കെ വളരെ പ്രബുദ്ധമായിരുന്നു. സൈദ്ധാന്തികമായി തലനാരിഴ കീറി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. സ്വാതന്ത്ര്യത്തെ കുറിച്ചൊക്കെ വലിയ അന്വേഷണം നടത്തിയിരുന്നു. നമ്മുടെ യൂണിവേഴ്സിറ്റികളിലെക്കെ ആസാദി മുദ്രാവാക്യം എത്ര കണ്ടുണ്ടോ അതു പോലെ ബര്‍ലിന്‍ യൂണിവേഴ്സിറ്റിയിലുമുണ്ടായിരുന്നു. അതേ ബര്‍ലിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ ജൂത വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന മുദ്രാവാക്യം മുന്നോട്ടു വെക്കുന്ന അപകടകരമായ നിലയിലേക്ക് എത്തുകയുണ്ടായി. അതുപോലെ ഇന്ത്യന്‍ കാമ്പസുകളിലും സംഘ്പരിവാറിന്റെ ആശയപ്രചാരണം നടക്കുന്നുണ്ടെങ്കിലും അത് ഫലിക്കുന്നില്ല എന്നതുകൊണ്ട് കൊണ്ടുകൂടിയാണ് കാമ്പസുകള്‍ അവരുടെ പിടിയില്‍ ഒതുങ്ങാത്തത്.

കെ ഇ എന്‍/ മുഹമ്മദലി കിനാലൂര്‍

You must be logged in to post a comment Login