ഒറ്റക്കായിപ്പോയ പോരാട്ടത്തിന്റെ ഓര്‍മ

ഒറ്റക്കായിപ്പോയ പോരാട്ടത്തിന്റെ ഓര്‍മ

2002 ഫെബ്രുവരി 27ന് രാവിലെ ഒമ്പതുമണിക്ക് എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു. ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസിന് തീപിടിച്ച കാര്യം ആണ് വിളിച്ചയാള്‍ പറഞ്ഞത്. കുറച്ചുദിവസം മുമ്പാണ് ഞാന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. അല്പസമയത്തിനുള്ളില്‍ മുന്നൂറു കോളുകളാണ് മൊബൈലില്‍ വന്നത്.

വൈകുന്നേരമായപ്പോഴേക്കും കലാപം തുടങ്ങിയിരുന്നു. ഭരണം ഇല്ലാത്ത അവസ്ഥയും. ആക്ടിവിസ്റ്റുകള്‍ പോലും പുറത്തിറങ്ങിയില്ല. ഗുജറാത്തിലെ മിക്ക ജില്ലകളിലും ‘ഖോജി’ന്റെ ഭാഗമായി എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നവരുണ്ടായിരുന്നു. എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല. ഒരു പാര്‍ലമെന്ററി സമിതി ഗുജറാത്തിലേക്ക് അടിയന്തിരമായി പോയാല്‍ ഫലമുണ്ടാകുമെന്ന് എനിക്ക് തോന്നി.

ഉടന്‍ ഞാന്‍ എനിക്ക് പരിചയമുള്ള പാര്‍ലമെന്റ് അംഗങ്ങളായ ശബാന ആസ്മി, രാജ് ബബ്ബര്‍, അമര്‍സിംഗ് എന്നിവരെയും സി പി എം നേതാവ് സീതാറാം യെച്ചൂരിയെയും വിളിച്ചു. അടിയന്തിരമായി ഗുജറാത്തിലേക്ക് പോകണമെന്നും ജനങ്ങളെ കാണണമെന്നും അവരോട് പറഞ്ഞു. എന്നാല്‍ ഞാന്‍ യാചിക്കുന്നപോലെ പറഞ്ഞിട്ടും അവര്‍ മടിച്ചുനിന്നു. ഞാന്‍ വീണ്ടും വീണ്ടും ആവശ്യപ്പെട്ടു. നിങ്ങള്‍ ജനപ്രതിനിധികളല്ലേ, അവരെ കാണാനും ആശ്വസിപ്പിക്കാനും ഉത്തരവാദിത്വമില്ലേ എന്ന് ചോദിച്ചു. ‘ഫാഷിസം ആണ്, എങ്ങനെ പോകാന്‍?’ എന്ന് യെച്ചൂരി ചോദിച്ചു. ഞാന്‍ വിട്ടില്ല. നാലുപേരെയും മാറിമാറി വിളിച്ചു. ഒടുവില്‍ പോകാന്‍ അവര്‍ സമ്മതിച്ചു. അവിടെ താമസിക്കാന്‍ റിലയന്‍സുകാരോട് ഗസ്റ്റ് ഹൗസ് പറഞ്ഞിട്ടുണ്ടെന്ന് അമര്‍സിംഗ് പറഞ്ഞു. അതു പാടില്ല എന്നായി ഞാന്‍. മുംബൈയില്‍ ഇരുന്നുതന്നെ അഹമ്മദാബാദിലെ സര്‍ക്യൂട്ട് ഹൗസ് ഞാന്‍ ഇവര്‍ക്കായി ബുക്കുചെയ്തു. പിന്നാലെ ഞാനും ഗുജറാത്തിലേക്ക് തിരിച്ചു.

യെച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. അവര്‍ എത്തിയപ്പോള്‍ തന്നെ ഓരോരുത്തരുടെയും ഫോണിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോഡി നേരിട്ടുവിളിച്ചു. എന്നിട്ട് പറഞ്ഞു: ”നിങ്ങള്‍ എന്തിനാണ് വന്നത്, ഇവിടെ എല്ലാം നിയന്ത്രണ വിധേയമാണ്.” ഇതിനിടയില്‍ ഞാനും വിളിച്ച് കമ്മീഷണറെ പോയി കാണണമെന്ന് അവരെ നിര്‍ബന്ധിച്ചു. കമ്മീഷണര്‍ പി സി പാണ്ഡെയുടെ ഓഫീസില്‍ അവര്‍ എത്തിയപ്പോള്‍ കമ്മീഷണര്‍ മുങ്ങി.

എങ്കില്‍ ജനങ്ങളുടെ ഇടയിലേക്ക് പോകൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു. പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ശബാന പറഞ്ഞു. ഞാന്‍ കാലു പിടിക്കുംപോലെ അവരോട് പറഞ്ഞു: ”നിങ്ങള്‍ സര്‍ക്യൂട്ട് ഹൗസില്‍ നില്‍ക്കൂ. കലാപബാധിതരായവരെ ഞാന്‍ അങ്ങോട്ട് കൊണ്ടുവരാം.” പിറ്റേന്ന് രാവിലെ ഒമ്പതു മുതല്‍ പതിനൊന്നുവരെ അവരുടെ പരാതി കേള്‍ക്കാമെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍ പിറ്റേന്ന് രാവിലെ എട്ടുമണിക്കുള്ള വിമാനത്തില്‍ സംഘം ഡല്‍ഹിയിലേക്കുപോയി. എനിക്ക് കഷ്ടവും സങ്കടവും തോന്നി.

അപ്പോള്‍ ഞാന്‍ പഴയ കോണ്‍ഗ്രസുകാരനായ രാം മനോഹര്‍ ത്രിപാഠിയെ ഓര്‍ത്തു. അദ്ദേഹം എന്നോട് പറയുമായിരുന്നു- എന്തുകലാപം നടക്കുമ്പോഴും പുറത്തിറങ്ങണം. അല്ലെങ്കില്‍ രാഷ്ട്രീയ നേതാവെന്ന് പറഞ്ഞിരിക്കുന്നതില്‍ എന്താണ് അര്‍ഥം?

ജോര്‍ജ് ഫെര്‍ണാണ്ടസ് മാത്രമാണ് കലാപസ്ഥലങ്ങളില്‍ പോയത്. അദ്ദേഹത്തിന് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. ആ നിലവാരമുള്ള നേതാക്കള്‍ ഇന്നില്ല.
വലിയ രാഷ്ട്രീയ പിന്തുണയുള്ള നേതാക്കള്‍ ഓടിപ്പോയ സ്ഥാനത്ത് ഒരു പിന്തുണയും ഇല്ലെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗുജറാത്തിലെ പല സ്ഥലങ്ങളിലേക്കും ഞാന്‍ യാത്ര തുടങ്ങി. ഭയപ്പെട്ടായിരുന്നു യാത്ര. വണ്ടി കിട്ടുന്ന കാര്യമായിരുന്നു ഏറെ ബുദ്ധിമുട്ട്. വണ്ടിയില്‍ കയറിയാല്‍ തന്നെ ഉടന്‍ ഡ്രൈവര്‍ പറയും- വലിയ പൊട്ട് ഇടൂ. ഞാന്‍ ഇടും. അല്‍പം കഴിഞ്ഞ് തൂത്തുകളയും. ഒരു യാത്രയ്ക്കിടയില്‍ അക്രമി സംഘം എന്റെ വണ്ടി തടഞ്ഞു. ഭാഗ്യത്തിന് അപ്പോള്‍ എന്റെ നെറ്റിയില്‍ വലിയ പൊട്ട് ഉണ്ടായിരുന്നു.

മാര്‍ച്ച് എട്ട്. ഞാന്‍ ഖേര ജില്ലയില്‍ സഞ്ചരിക്കുകയാണ്. ഒരിടത്തുവെച്ച് കുറേ പേര്‍ വണ്ടി തടഞ്ഞു. ഞാന്‍ പ്രാണരക്ഷാര്‍ഥം ഓടി അടുത്തുള്ള ഒരു വീട്ടില്‍ കയറി. ഡ്രൈവര്‍ എന്നെ ഉപേക്ഷിച്ച് വണ്ടിയുമായി പോയി. ഞാന്‍ കലാപം റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോള്‍ സംഘം കുറച്ചുനേരം എനിക്കുനേരെ അട്ടഹസിച്ച ശേഷം പോയി. ആ സമയത്ത് ആളുകള്‍ക്ക് ഞാന്‍ അത്ര പരിചിതയായിരുന്നില്ല.

മാര്‍ച്ച് എട്ടിന് പട്ടാളം വന്നതോടെയാണ് അക്രമിസംഘങ്ങള്‍ ഒതുങ്ങിയത്.
ഒരു സ്ത്രീ വന്ന് വിവരങ്ങള്‍ ശേഖരിക്കുകയും പത്രങ്ങള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ടെന്ന് ഇതിനിടെ പ്രചാരണമുണ്ടായി. എന്റെ യാത്രകള്‍ കൂടുതല്‍ അപകടകരമായി.
മാര്‍ച്ച് 21. പിറ്റേന്ന് ഞാന്‍ ഗോധ്രയില്‍ പോകാനിരിക്കുകയായിരുന്നു. തലേന്ന് രാത്രി ദേശീയ മനുഷ്യാവകാശ ചെയര്‍മാനായ ജസ്റ്റിസ് ജെ എസ് വര്‍മ വിളിച്ചു. അദ്ദേഹവും ഞാന്‍ താമസിച്ച സര്‍ക്യൂട്ട് ഹൗസിലുണ്ടായിരുന്നു. തെളിവെടുപ്പിന് പിറ്റേന്ന് ഗോധ്രയില്‍ പോകുമ്പോള്‍ ഒപ്പം വരാമോ എന്ന് അദ്ദേഹം ചോദിച്ചു. ടീസ്റ്റ ചോദിച്ചാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മനസ്സുതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പിറ്റേന്ന് ഞാനും ഒപ്പം പോയി. പിന്നിലുള്ള കാറില്‍ ഞാന്‍ ഒറ്റക്കാണ്. ഗോധ്ര എത്താറായപ്പോള്‍ എന്റെ കാറിനുനേരെ മൂന്നു വശത്തുനിന്നും കല്ലേറുണ്ടായി. ഒരു വളവില്‍വെച്ചായിരുന്നു സംഭവം എന്നതിനാല്‍ ജസ്റ്റിസ് വര്‍മ അത് കണ്ടു. അദ്ദേഹം വണ്ടി നിര്‍ത്തി തന്റെ സുരക്ഷക്കായി ഒപ്പമുണ്ടായിരുന്ന പൊലീസിനോട് ആക്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ എന്നെ രക്ഷിച്ചു.

തുടര്‍ച്ചയായി പതിനെട്ടു ദിവസം ഞാന്‍ ഗുജറാത്തില്‍ പലയിടത്തും സഞ്ചരിച്ചു. തുടര്‍ന്ന് മുംബൈയിലേക്ക് മടങ്ങി. തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കൊക്കെ ഗുജറാത്തിലെ അവസ്ഥ വ്യക്തമാക്കി പരാതികള്‍ അയച്ചു. പിന്നെ കമ്യൂണലിസം കോംബാറ്റിലേക്ക് ലേഖനങ്ങള്‍ തയാറാക്കി. ആര്‍ട്ട് ഓഫ് കില്ലിംഗ് എന്ന പേരിലായിരുന്നു ആ പ്രത്യേക എഡിഷന്‍ പുറത്തിറക്കിയത്. മിക്കവാറും റിപ്പോര്‍ട്ടുകള്‍ ഞാന്‍ തന്നെ പല ബൈലൈനുകളില്‍ എഴുതി. ഫോട്ടോകള്‍ ഭയപ്പെടുത്തുന്നവയായതിനാല്‍ അതു കൊടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഞാനും സഹപ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി. നാട്ടുകാരുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ അവ കൊടുക്കണമെന്ന് ഞാന്‍ വാശിപിടിച്ചു. ഒടുവില്‍ കൊടുക്കാന്‍ തീരുമാനമായി.
ഗുജറാത്തില്‍ നടന്നത് വെറും കൊലകളായിരുന്നില്ല. ആനന്ദവും ഉന്മാദവും നിറയുകയായിരുന്നു അവിടെ. മനുഷ്യനില്‍ വിഷം കുത്തിവെച്ചാല്‍ മാത്രം സംഭവിക്കുന്ന കാര്യം.

മാസിക ഇറക്കിയ ശേഷം ഞാന്‍ വീണ്ടും ഗുജറാത്തിലേക്ക് തിരിച്ചു. പല സ്ഥലത്തും ഒറ്റപ്പെട്ട കൂട്ടക്കൊലകള്‍ നടക്കുകയായിരുന്നു. റിലീഫ് ക്യാമ്പുകളിലെ കാഴ്ചകള്‍ ദയനീയമായിരുന്നു. ഏതാണ്ട് ഇരുപത്തയ്യായിരം പേര്‍ ക്യാമ്പുകളിലായിരുന്നു. പ്രശ്‌നം ഉന്നത തലങ്ങളിലേക്ക് എത്തിക്കണമെന്ന് തോന്നി. അതിനായി ഗുജറാത്തിലെ ക്യാമ്പുകളില്‍ നിന്ന് നാല്‍പ്പത്തിമൂന്നു പേരെയും കൊണ്ട് ഡല്‍ഹിയിലേക്ക് പോയി. ഏപ്രില്‍ 26ന് ഡല്‍ഹിയില്‍ സഹ്മത്ത് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വി പി സിംഗ് അടക്കം മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ പങ്കെടുത്തു. തുടര്‍ന്ന് അഭയാര്‍ഥികളെയും കൊണ്ട് ഞാന്‍ രാഷ്ട്രപതി ഭവനില്‍ കെ ആര്‍ നാരായണനെ കാണാന്‍ ചെന്നു. അദ്ദേഹം അഭയാര്‍ഥികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

ആ ചടങ്ങുനടക്കുമ്പോള്‍ ഉഷാ നാരായണന്‍ എന്നെ വിളിച്ച് മാറ്റിനിര്‍ത്തിപ്പറഞ്ഞു: ”അദ്ദേഹം വളരെ അസ്വസ്ഥനാണ്. ഗുജറാത്ത് അദ്ദേഹം സന്ദര്‍ശനം നടത്തിയാല്‍ എന്തെങ്കിലും ഗുണമുണ്ടാവുമോ?”
ഞാന്‍ പറഞ്ഞു: ”തീര്‍ച്ചയായും സന്ദര്‍ശിക്കണം. അത് വലിയ മാറ്റം ഉണ്ടാക്കും.”
”മെയ് അഞ്ചിന് സന്ദര്‍ശിക്കാം.” ഉഷാ നാരയണന്‍ അറിയിച്ചു.
അടുത്ത ദിവസം രാഷ്ട്രപതി ഭവനില്‍ നിന്ന് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് എനിക്ക് അറിയിപ്പുകിട്ടി. മെയ് മൂന്നാം തിയതി രാഷ്ട്രപതി ഭവനില്‍ നിന്ന് വീണ്ടും വിളിച്ചു. ആ സന്ദര്‍ശനം റദ്ദാക്കിയതായി അവര്‍ അറിയിച്ചു. ജൂണില്‍ കെ ആര്‍ നാരായണന്‍ മാറി എ പി ജെ അബ്ദുല്‍കലാം രാഷ്ട്രപതിയായി.

ആഗസ്ത് 11ന് പ്രസിഡന്റ് എ പി ജെ അബ്ദുല്‍കലാം ഗുജറാത്ത് സന്ദര്‍ശിക്കാനെത്തി. മൂന്ന് റിലീഫ് ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ടായിരുന്നു.

അവിടെ വെച്ച് നിവേദനം കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. എന്നാല്‍ ഞങ്ങളെ ഒഴിവാക്കാന്‍ വേണ്ടി കലക്ടര്‍ അവസാന നിമിഷം രാഷ്ട്രപതി സന്ദര്‍ശിക്കുന്ന ക്യാമ്പുകള്‍ മാറ്റി. എന്നാല്‍ ആ വിവരം എനിക്ക് കിട്ടി. രാത്രി ഒമ്പതുമണിയോടെ ടീസ്റ്റ സെതെല്‍വാദ് ക്യാമ്പില്‍ കയറരുതെന്ന് കലക്ടര്‍ പ്രത്യേക ഉത്തരവിട്ടു. വിട്ടുകൊടുക്കാന്‍ ഞാന്‍ സന്നദ്ധയായിരുന്നില്ല. ഒരു ബുര്‍ഖ ധരിച്ച് അഭയാര്‍ഥിയായി ഞാന്‍ ക്യാമ്പില്‍ കയറിപ്പറ്റി. രാത്രി അവിടെ കഴിഞ്ഞു. പിറ്റേന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി കലാമും സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കലാമിന്റെ അടുത്തെത്തി കമ്യൂണലിസം കോംബാറ്റിന്റെ ”വംശഹത്യ” പതിപ്പ് തമിഴിലേക്ക് മൊഴിമാറ്റിയതിന്റെ കോപ്പി നല്‍കി.
തുടര്‍ന്ന് സിറ്റിസണ്‍സ് ട്രിബ്യൂണല്‍ എന്ന അന്വേഷണ കമ്മീഷന്‍ രൂപവത്കരിച്ച് സത്യസന്ധമായ തെളിവെടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, ജസ്റ്റിസ് പി ബി സാവന്ത്, ജസ്റ്റിസ് വി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഇവരെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോയി.

തെളിവെടുപ്പിന് ശേഷം അഹമ്മദാബാദില്‍ പൊലീസ് ആസ്ഥാനത്ത് വെച്ച് ഞങ്ങളെ ആക്രമിക്കാന്‍ ശ്രമം നടന്നു. ഞങ്ങള്‍ക്ക് സുരക്ഷാ ഏര്‍പ്പാടുകള്‍ ചെയ്തുതന്നത് ഒരു മുസ്ലിം പൊലീസ് ഓഫീസറായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതോടെ അദ്ദേഹം ലീവെടുത്ത് അമേരിക്കയിലേക്ക് പോയി.

ഈ ദിവസങ്ങളിലെല്ലാം മുംബൈയില്‍ എന്റെ കുടുംബം ഭയത്തിലായിരുന്നു. ഞാന്‍ നില്‍ക്കുന്ന സ്ഥലങ്ങളെപ്പറ്റി അറിഞ്ഞാല്‍ ഭര്‍ത്താവും കുട്ടികളും പേടിക്കുമെന്നതിനാല്‍ രാത്രി മുറിയില്‍ തിരിച്ചെത്തിയ ശേഷം ഞാന്‍ അവരെ വിളിച്ചു പറയും: ‘ഞാന്‍ എത്തി.’
ഒറ്റയ്ക്ക്, ഒറ്റയ്ക്ക്… ഈ മുപ്പതുദിവസങ്ങള്‍ ഓരോന്നും എന്നെ ഓര്‍മിപ്പിച്ചത് ഇക്കാര്യമാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നമ്മുടെ നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സഹായഹസ്തവുമായി വരില്ലെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ഗുജറാത്തിലുണ്ടെന്ന് അവര്‍ക്കെല്ലാം അറിയാമായിരുന്നു. ആ സമയത്ത് പക്ഷേ അവരാരും എന്നെ വിളിച്ചില്ല.

സഹീറ വരുന്നു
2003 മെയില്‍ ഞാന്‍ കുടുംബത്തോടൊപ്പം ഹിമാലയത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ഫോണ്‍ വന്നു- സഹീറ ഷെയ്ഖ് കോടതിയില്‍ കൂറുമാറി.

2002 മാര്‍ച്ച് ഒന്നിന് വഡോദരയില്‍ ബെസ്റ്റ് ബേക്കറി തീവെച്ച് നിരവധി പേരെ കൊന്ന സംഭവത്തില്‍ മുഖ്യദൃക്‌സാക്ഷിയായിരുന്നു സഹീറ. അക്രമിസംഘം രാത്രി ബേക്കറിക്ക് തീ വെയ്ക്കുകയായിരുന്നു. രക്ഷപ്പെട്ട അപൂര്‍വം പേരില്‍ പത്തൊമ്പതുകാരിയായ സഹീറ ഉണ്ടായിരുന്നു.
തന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ വെന്തുമരിച്ച സംഭവത്തില്‍ തീയും പുകയും കാരണം താന്‍ വ്യക്തമായൊന്നും കണ്ടില്ലെന്ന് സഹീറ കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞു. 73 സാക്ഷികള്‍ ഉണ്ടായിരുന്നതില്‍ 37 പേരും കൂറുമാറി. സഹീറയെ അക്കാലത്ത് എനിക്ക് പരിചയമുണ്ടായിരുന്നില്ല.

2002ല്‍ കലാപം നടന്ന് മൂന്നുമാസത്തിനുള്ളില്‍ തന്നെ കേസുകള്‍ സി ബി ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ കോടതി തീരുമാനമെടുക്കാതെ മാറ്റിവെച്ചു. അതിനാല്‍ ഗുജറാത്ത് പൊലീസ് തന്നെ കേസ് അന്വേഷിക്കുകയായിരുന്നു. സര്‍ക്കാറിനു വേണ്ടി കേസ് വാദിച്ചിരുന്ന പ്രോസിക്യൂട്ടര്‍മാര്‍ മിക്കവരും വി എച്ച് പി ബന്ധമുള്ളവരായിരുന്നു. അതുകൊണ്ടുതന്നെ നീതിനടപ്പാകുമെന്ന പ്രതീക്ഷയുമില്ലായിരുന്നു.

2003 ജൂണ്‍ 21. ഹിമാലയത്തില്‍ നിന്ന് തിരിച്ചെത്തി വഡോദരയില്‍ ഖോജ് വര്‍ക് ഷോപ്പില്‍ പങ്കെടുക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ അറിഞ്ഞു- ബെസ്റ്റ് ബേക്കറി കേസിലെ ഇരുപത്തൊന്നു പ്രതികളെയും വെറുതെ വിട്ടു. സഹീറ മൊഴി മാറ്റിപ്പറഞ്ഞതോടെ തെളിവില്ലാതെ വന്നു. തെളിവുകള്‍ ഹാജരാക്കാത്തതിന് കോടതി പൊലീസിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
അടുത്ത ദിവസം ഉത്തര്‍പ്രദേശിലെ ഏതോ സ്ഥലത്തുനിന്ന് സഹീറാ ഷെയ്ഖ് എന്നെ വിളിച്ചു. കേസുമായി ബന്ധപ്പെട്ട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞ് മുംബൈയിലായിരുന്നപ്പോള്‍ വീണ്ടും ഇവള്‍ വിളിച്ചു. എന്നെ സഹായിക്കണം എന്നു പറഞ്ഞു. വീട്ടുകാര്‍ക്കൊപ്പം ഓഫീസില്‍ വരാന്‍ ഞാന്‍ പറഞ്ഞു. പറഞ്ഞതുപോലെ ഒരു ദിവസം വീട്ടുകാര്‍ക്കൊപ്പം അവള്‍ വന്നു. വഡോദരയില്‍ വി എച്ച് പി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴി മാറ്റിയതെന്ന് അവള്‍ പറഞ്ഞു. സംരക്ഷണം കിട്ടിയാല്‍ സത്യം പറയാമെന്നും അറിയിച്ചു. പറയുന്നതെല്ലാം സത്യസന്ധമാണെന്ന് തോന്നിയതിനാല്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പുതിയ സത്യവാങ്മൂലം തയാറാക്കി.

2003 ജൂലൈ എട്ടിന് മുംബൈയില്‍ സഹീറയ്‌ക്കൊപ്പം പത്രസമ്മേളനം നടത്തി. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും വന്‍പ്രാധാന്യമാണ് പത്രസമ്മേളനത്തിനുനല്‍കിയത്. എന്നെയും ഗുജറാത്ത് പോരാട്ടത്തിന്റെ മുന്നില്‍ പ്രതിഷ്ഠിച്ച പത്രസമ്മേളനമായിരുന്നു അത്.

പ്രതികളും സംഘപരിവാര്‍ നേതാക്കളും ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ബറോഡ കോടതിയില്‍ താന്‍ മൊഴി മാറ്റിപ്പറഞ്ഞതെന്ന് സഹീറ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഗുജറാത്തിലെ കേസുകള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയാല്‍ മാത്രമേ നീതി കിട്ടുകയുള്ളൂ എന്ന് ഞാനും ആവശ്യപ്പെട്ടു.
അടുത്ത ദിവസം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആനന്ദ് എന്നെ വിളിച്ചു. സഹീറ പറഞ്ഞത് രേഖപ്പെടുത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. 11നു തന്നെ അത് ചെയ്തു. പ്രമുഖ അഭിഭാഷകനായ രാം ജത്മലാനിയെ കണ്ട് അന്നുതന്നെ ഇക്കാര്യത്തില്‍ അഭിപ്രായവും തേടി.
ഗുജറാത്തിലെ കലാപ കേസുകള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മീഷനും കക്ഷിചേര്‍ന്നു. ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് ഹൈകോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗുജറാത്ത് ഹൈകോടതി ഞങ്ങളുടെ ആവശ്യം നിഷ്‌കരുണം തള്ളി. വീണ്ടും ഇതേ ആവശ്യവുമായി സുപ്രീം കോടതിയില്‍ ചെന്നു. 2004 ഏപ്രില്‍ 12ന് സുപ്രീം കോടതി ഞങ്ങളുടെ ആവശ്യം അംഗീകരിക്കുകയും ഗുജറാത്ത് സര്‍ക്കാറിനെ ചീഫ് ജസ്റ്റിസ് വി എന്‍ ഖാരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

കേസ് മറ്റൊരു സംസ്ഥാനത്തേക്കുമാറ്റാന്‍ അനുവദിച്ചുകൊണ്ടുള്ള സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വിധി. രണ്ടു കേസുകള്‍ മഹാരാഷ്ട്രയില്‍ വീണ്ടും വിചാരണ നടത്താന്‍ ഉന്നത നീതിപീഠം ഉത്തരവിട്ടു. ഗുജറാത്തില്‍ അവസാനിപ്പിച്ച രണ്ടായിരത്തോളം കേസുകള്‍ റിവ്യൂ ചെയ്യാന്‍ കേസുകള്‍ സി ബി ഐക്കു വിടണം എന്നാവശ്യപ്പെട്ട് 2002 മെയില്‍ സുപ്രീം കോടതിയില്‍ ഞാന്‍ ഹരജി നല്‍കിയിരുന്നെങ്കിലും ഒന്നര വര്‍ഷത്തോളം നടപടിയൊന്നും ഉണ്ടായില്ല. എന്നാല്‍ സഹീറയുമായി പത്രസമ്മേളനം നടത്തിയപ്പോള്‍ സുപ്രീം കോടതി അനങ്ങി. ഗുജറാത്തിലെ അവസ്ഥ മനസ്സിലാക്കി. തുടര്‍ന്ന് കേസുകള്‍ സി ബി ഐക്ക് വിടാന്‍ ഉത്തരവിട്ടു.

മുംബൈയില്‍ നടക്കുന്ന വിചാരണയില്‍ എല്ലാം സത്യസന്ധമായി പറയണമെന്ന് സഹീറയെ ഞാന്‍ ചട്ടം കെട്ടി. ഇല്ലെങ്കില്‍ നമ്മള്‍ രണ്ടുപേരും മോശക്കാരാവും. അവള്‍ക്ക് സമ്മതമായിരുന്നു. സഹീറയുടെ കേസ് നടത്താന്‍ മഞ്ജുള റാവു എന്ന അഭിഭാഷകയെ ഞാന്‍ ഏര്‍പ്പാടുചെയ്തു. എന്നാല്‍ സഹീറ ചാഞ്ചാടുന്ന മനസ്സുള്ള കുട്ടിയാണ് എന്നെനിക്ക് തോന്നി. അവളുടെ മൊഴിയുടെ മാത്രം ബലത്തില്‍ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിയാവില്ലെന്ന് തോന്നി. വീണ്ടും അവള്‍ മൊഴിമാറ്റിയാലോ? ആഗസ്ത്- സെപ്തംബര്‍ മാസങ്ങളില്‍ അവളെ ഞാന്‍ നിരീക്ഷിക്കുകയായിരുന്നു. എന്റെ സംശയം ബലപ്പെട്ടു. മഞ്ജുള റാവുവിനോട് ഞാന്‍ പറഞ്ഞു: സഹീറയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി സത്യവാങ്മൂലം നല്‍കാന്‍ വരട്ടെ.

കൂടുതല്‍ തെളിവുകള്‍ തേടി ഞാന്‍ വഡോദരയിലേക്ക് പോയി. ബെസ്റ്റ് ബേക്കറി കേസിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഇനിയും സാക്ഷികളെ കിട്ടും എന്ന് ബോധ്യപ്പെട്ടു. ഞാന്‍ നന്നായി ഹോംവര്‍ക് ചെയ്തു. എന്നിട്ട് കൂടുതല്‍ സാക്ഷികളെ കൊണ്ടുവന്നു.

ഇതേസമയം സഹീറയെ സ്വാധീനിക്കാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വം ശ്രമം നടത്തുന്നുണ്ടായിരുന്നു. ഗുജറാത്ത് സര്‍ക്കാറിന്റെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. സഹീറ മൊഴിമാറ്റിയാല്‍ മുംബൈയില്‍ നടക്കുന്ന കേസും തോല്‍ക്കുമെന്ന് അവര്‍ കണക്കുകൂട്ടി.

അതുതന്നെ സംഭവിച്ചു. മുംബൈയില്‍ വിചാരണ കോടതിയില്‍ തെളിവു നല്‍കുന്നതിന് ഏതാനും ദിവസം മുമ്പ് സഹീറ വഡോദരയിലേക്ക് പോയി. പ്രതികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അങ്ങനെ ചെയ്തത്. അവിടെ സര്‍ക്കാര്‍ പ്രത്യേക സംരക്ഷണം പോലും അവള്‍ക്കായി ഏര്‍പ്പാട് ചെയ്തു. നവംബര്‍ മൂന്നിന് വഡോദരയില്‍ വെച്ച് സഹീറാ ഷെയ്ഖ് എനിക്കെതിരെ പത്രസമ്മേളനം നടത്തി.
12.45ന് വഡോദരയിലെ എന്റെ ഒരു സഹപ്രവര്‍ത്തകന്‍ വിളിച്ചു. ഞാനപ്പോള്‍ മുംബൈയിലെ കോടതിയില്‍ മറ്റൊരു സാക്ഷിയെക്കൊണ്ട് തെളിവ് നല്‍കുന്ന തിരക്കിലായിരുന്നു. എന്താണ് സഹീറ പറയുന്നതെന്ന് മനസ്സിലാക്കാന്‍ ഞാന്‍ പറഞ്ഞു. ഒരുമണിക്ക് സഹപ്രവര്‍ത്തകന്‍ വീണ്ടും വിളിച്ചു. വിശദാംശങ്ങള്‍ പറഞ്ഞു.

ഞാന്‍ അവളെ തടവില്‍ പാര്‍പ്പിച്ചെന്നും മൊഴികള്‍ പഠിപ്പിച്ചുകൊടുത്തെന്നും ആയിരുന്നു പ്രധാന ആരോപണം. ഞാന്‍ നടുങ്ങിപ്പോയി. എന്റെ വിശ്വാസ്യത പ്രതിക്കൂട്ടിലായി.
മാധ്യമങ്ങള്‍ എന്നെ വളഞ്ഞു. വൈകീട്ട് നാലുമണിക്ക് പത്രസമ്മേളനം നടത്താമെന്ന് ഞാന്‍ പറഞ്ഞു. നാലുമണി മുതല്‍ രണ്ടുമണിക്കൂര്‍ ഞാന്‍ പത്രസമ്മേളനം നടത്തി. ഗുജറാത്ത് സംബന്ധിച്ച എല്ലാ കേസുകളില്‍നിന്നും എന്നെ ആട്ടിപ്പായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ഞാന്‍ പറഞ്ഞു. എല്ലാ ചാനലുകളിലും പ്രത്യക്ഷപ്പെട്ട് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. രാത്രി രണ്ടു മണിക്കാണ് അന്ന് ഞാന്‍ വീട്ടില്‍ പോയത്.

ഞങ്ങളില്‍ ആരാണ് സത്യം പറയുന്നത് എന്ന് തെളിയണമല്ലോ. അതിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. മൂന്നാം ദിവസം തന്നെ ഞാന്‍ ഹരജി നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിത്- ആദിവാസി സംഘടനകള്‍ എനിക്ക് പിന്തുണയുമായി എത്തി.
‘ഞങ്ങള്‍ ടീസ്റ്റക്കൊപ്പമുണ്ട്’- അവര്‍ പറഞ്ഞു.

ഞാന്‍ ചോദിച്ചു: ‘എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ പിന്തുണക്കുന്നത്?’
അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് ഒരിക്കലും കോടതിയില്‍ നിന്ന് നീതി കിട്ടിയിട്ടില്ല. നിങ്ങളും കൂടി തോറ്റാല്‍ ഞങ്ങളുടെ കഥ കഴിയും.’

തുടര്‍ന്ന് നാസിക്, മുംബൈ(താക്കറെയുടെ വസതിക്കു സമീപം), റായ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ വന്റാലികള്‍ സംഘടിപ്പിച്ചു. അവിടെയൊക്കെ എനിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായിരിക്കെ കൊല്ലപ്പെട്ട ശങ്കര്‍ സിംഗ് ഗുഹാ നിയോഗിയുടെ ഛത്തീസ്ഗഢിലെ യൂണിയന്‍ എനിക്ക് പിന്തുണയുമായി മുന്നോട്ടുവന്നു. നിയോഗിയെ കൊന്നവരെ തെളിവിന്റെ അഭാവത്തില്‍ കോടതി വെറുതെ വിടുകയായിരുന്നു. എന്നിട്ടും കോടതിയില്‍ പോകണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ കേസ് നടത്താന്‍ സുപ്രീം കോടതിയില്‍ പോകാന്‍ എനിക്ക് വിമാനടിക്കറ്റ് വരെ എടുത്തുതന്നു.

ഒടുവില്‍ കേസിന്റെ വിധി വന്നു. സഹീറ പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ തെളിഞ്ഞു. ഒരു വര്‍ഷം തടവും കിട്ടി. എന്നാല്‍ അവളെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ച മധു ശ്രീവാസ്തവയെയും ശിക്ഷിക്കണമെന്നായിരുന്നു എന്റെ വാദം. പക്ഷേ അയാള്‍ രക്ഷപ്പെട്ടു.
ഇതിനിടെ ബെസ്റ്റ് ബേക്കറി കേസിന്റെ വിചാരണ പുരോഗമിക്കുകയായിരുന്നു. സഹീറയുടെ മൊഴി മാത്രമായിരിക്കും കോടതിയില്‍ പരിഗണിക്കപ്പെടുക എന്ന് അവളെക്കൊണ്ട് രണ്ടാം തവണയും മൊഴിമാറ്റി പറയിച്ചവര്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ അവളെക്കാള്‍ മികച്ച സാക്ഷികളെ അപ്പോഴേക്കും കോടതിയില്‍ ഹാജരാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ആ സാക്ഷിമൊഴികള്‍ ബലമുള്ളതായിരുന്നു.
2006 ഫെബ്രുവരിയില്‍ ബെസ്റ്റ് ബേക്കറി കേസിന്റെ വിധി വന്നു. ഇരുപത്തിയൊന്ന് പ്രതികളില്‍ ഒമ്പതുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ കിട്ടി.

നല്ല ബുദ്ധിമതിയായ പെണ്‍കുട്ടിയായിരുന്നു സഹീറ. എന്നാല്‍ തീരെ ചെറുപ്പമായിരുന്നതിനാല്‍ അവളെ വഴിതെറ്റിക്കാന്‍ എളുപ്പമായിരുന്നു. അവളുടെ അമ്മയ്ക്കും സഹോദരനും പണം കിട്ടുന്നതില്‍ കമ്പമുണ്ടായിരുന്നു. തെഹല്‍കയുടെ ഒളിക്യാമറ ഓപ്പറേഷനില്‍ അവള്‍ ഒരു എം എല്‍ എയുടെ കൈയില്‍ നിന്ന് പണം വാങ്ങിയതായി സമ്മതിച്ചു. അവര്‍ക്ക് ധാരാളം പണം കിട്ടിയോ എന്ന് അറിയില്ല. ജയിലില്‍ പോയി ഇംഗ്ലീഷും മറ്റും പഠിച്ച അവള്‍ ഇപ്പോള്‍ ഗുജറാത്തില്‍ എവിടെയോ ഉണ്ട്.
ഇടയ്‌ക്കൊക്കെ സഹീറ എന്നെ വിളിക്കും. ഇപ്പോഴും അവള്‍ വി എച്ച് പിക്കാരുടെ നിയന്ത്രണത്തിലാണെന്നാണ് എന്റെ അറിവ്. വിളിക്കുമ്പോള്‍ സൗഹൃദത്തോടെ ഞാന്‍ സംസാരിക്കും. ആ വിളികള്‍ ഒരു തന്ത്രമാണ്. എന്നെ വഴിതെറ്റിക്കാനുള്ള ശ്രമം. ഗുജറാത്തില്‍ ഐ ബി എപ്പോഴും എന്നെ നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഞാനും കരുതലോടെ മാത്രമേ സംസാരിക്കൂ.

ടീസ്റ്റ സെതല്‍വാദ്

(കടപ്പാട്: ഭാഷാപോഷിണി വാര്‍ഷിക പതിപ്പ് 2010)

You must be logged in to post a comment Login