മതപഠിതാവിന്റെ മാനിഫെസ്റ്റോ

മതപഠിതാവിന്റെ മാനിഫെസ്റ്റോ

ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയും നിലനില്‍പ് അറിവും വിവേകവുമുളള ഒരു സമൂഹത്തെ ആശ്രയിച്ചാണ്. താന്‍ വിഭാവന ചെയ്യുന്ന പ്രത്യയശാസ്ത്ര പരിസരത്തെ ജ്ഞാനാധിഷ്ഠിതമായും സര്‍ഗാത്മകമായും അവതരിപ്പിക്കുക എന്നത് ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനില്‍പ്പിന് അനിവാര്യമാണ്. ഇസ്ലാം അജയ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും സ്വീകാര്യമായ മതമായി ഇസ്ലാം മാറിക്കഴിഞ്ഞു. കേവലം അതിമാനുഷരുടെ അത്ഭുതപ്രവൃത്തികളല്ല ഇസ്ലാമിന്റെ നിലനില്‍പ്പിന്റെ ആധാരം. മറിച്ച് ലോകത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമായ കാലാതിവര്‍ത്തിയായ ഉന്നത കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ ഇസ്ലാമിനാകുന്നുവെന്നതാണ് മറ്റു മതങ്ങളില്‍ നിന്ന് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നത്. പ്രവാചകന്മാരിലൂടെ കൈമാറിക്കിട്ടിയ മതം ഓരോ കാലത്തും ഏറ്റവും അനുയോജ്യരായ പണ്ഡിതന്മാരിലൂടെ ലോകത്തിന് കൈമാറുകയായിരുന്നു. പ്രവാചകരുടെ പിന്‍ഗാമികളാണ് പണ്ഡിതന്മാര്‍ എന്ന തിരുവചനം ഇവിടെ പ്രസക്തമാണ്. പുതിയ കാലത്തിന് അനുയോജ്യമായ രൂപത്തില്‍ ഇസ്ലാം അവതരിപ്പിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വലിയ ഉത്തരവാദിത്വവും പേറിയാണ് ഓരോ മുതഅല്ലിമും (മതവിദ്യാര്‍ഥി) പഠനജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. വരുംകാലത്തെ ഇസ്ലാമിന്റെ സംരക്ഷണ ചുമതലയാണ് ഇവര്‍ക്ക് ഏല്‍പിക്കപ്പെട്ടത്.

പ്രവാചകന്മാരുടെ പിന്‍ഗാമികളാണ് മതപണ്ഡിതന്മാര്‍ എന്ന തിരുവചനം മതപഠിതാക്കളുടെ ഉത്തരവാദിത്വത്തെയാണ് ഓര്‍മിപ്പിക്കുന്നത്. സ്നേഹ ജനങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ പറ്റാനുളള ഉപാധിയായല്ല ഈ പ്രവാചക വചനം ഉദ്ധരിക്കപ്പെടേണ്ടത്. ത്യാഗപൂര്‍ണമായിരുന്നു മുന്‍ഗാമികളുടെ ജീവിതം. ജ്ഞാനാന്വേഷണത്തിനും അറിവ് കരസ്ഥമാക്കാനും ജീവിതം സമര്‍പ്പിച്ച മഹാപ്രതിഭകളെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ലോക പ്രസിദ്ധ പണ്ഡിതന്മാരിലൊരാളായ ഹിശാമുബ്നു ഉബൈദുല്ലാഹി റാസി(റ) 1700 ഉസ്താദുമാരില്‍ നിന്ന് അറിവ് നുകര്‍ന്നിട്ടുണ്ട്. ഏഴുലക്ഷം ദിര്‍ഹം അറിവന്വേഷണത്തിന്റെ മാര്‍ഗത്തില്‍ മാത്രം ചെലവഴിച്ചു. ഹിജ്റ 659 ജമാദുല്‍ ഊല 19ന് നിര്യാതനായ അബുല്‍ അലാഅ് ഹമദാനിയുടെ (റ) ചരിത്രം പ്രസിദ്ധമാണ്. പഠനത്തിനുവേണ്ടി സര്‍വം ത്യജിക്കാന്‍ പ്രചോദനം നല്‍കുന്നുണ്ട് ആ ജീവിതം. യാത്രയ്ക്കിടയില്‍ പഠനരംഗത്ത് ഏറെ ഉപകാരപ്പെടുന്ന ഒരു ഗ്രന്ഥം ശ്രദ്ധയില്‍പെട്ട മഹാന്‍ അത് വാങ്ങാന്‍ തീരുമാനിക്കുന്നു. 60 ദീനാര്‍ സ്വര്‍ണനാണയമായിരുന്നു അതിന്റെ വില. കയ്യില്‍ കാശില്ലാത്തതിനാല്‍ ഒരാഴ്ചത്തെ അവധിയില്‍ പണം ഏല്‍പിക്കാം എന്ന കരാറോടെ ഗ്രന്ഥം വാങ്ങി. മറ്റു മാര്‍ഗങ്ങളൊന്നുമില്ലാഞ്ഞിട്ട് സ്വന്തം വീട് വിറ്റിട്ടാണ് ഹമദാനി (റ) ഗ്രന്ഥത്തിന്റെ പണം കണ്ടെത്തുന്നത്. മഹാന്റെ വിയോഗത്തിന് ശേഷം അക്കാലത്തെ പണ്ഡിതന്മാര്‍ മഹാനെ സ്വപ്നത്തില്‍ കാണുകയുണ്ടായി. കിതാബുകള്‍ കൊണ്ടുണ്ടാക്കിയ വലിയ മതിലുകള്‍ക്കിടയില്‍ ഗ്രന്ഥം പാരായണം ചെയ്യുന്ന അബുല്‍ അലാഇനെയാണ്(റ) അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ഗ്രന്ഥശേഖരണവും അറിവന്വേഷണവും ജീവിതത്തിന്റെ ഭാഗമായി കണ്ട മഹത്തുക്കള്‍ക്ക് അല്ലാഹു നല്‍കിയ പ്രതിഫലമാണിത്. ഇതാണ് നമ്മുടെ പൂര്‍വികരായ മഹത്തുക്കളുടെ ജീവിതം. ജ്ഞാനത്തിന്റെ വില അറിഞ്ഞവരായിരുന്നു അവര്‍.

മുഹമ്മദ്ബ്നു ഹസനുശ്ശൈബാനിയുടെ(റ) ജീവിവും വലിയ പാഠമാണ്. ലോക പ്രസിദ്ധ പണ്ഡിതന്‍ ഇമാം അബൂഹനീഫയുടെ (റ) ശിഷ്യനായിരുന്നു ശൈബാനി (റ). മഹാന്റെ ഉപ്പ മരിക്കുമ്പോള്‍ 30,000 ദിര്‍ഹമായിരുന്നു മകന് ബാക്കിവച്ചിരുന്നത്. അറിവിനെ സ്നേഹിച്ച വിദ്യാര്‍ഥിയായിരുന്ന ശൈബാനി (റ) തനിക്കു ലഭിച്ച 30,000 ദിര്‍ഹമില്‍ പതിനയ്യായിരം ദിര്‍ഹം കര്‍മശാസ്ത്ര പഠനത്തിനും പതിനയ്യായിരം ദിര്‍ഹം അറബി വ്യാകരണം പഠിച്ചെടുക്കാനുംവേണ്ടി ചെലവഴിക്കുകയാണുണ്ടായത്.
അല്ലാഹുവിന്റെ മതം പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം ത്യാഗമനോഭാവത്തോടു കൂടെ ഭയഭക്തിയും അനിവാര്യമാണ്. സത്യാസത്യങ്ങള്‍ വേര്‍തിരിക്കേണ്ടിടത്ത് അതെത്ര കൈപേറിയതാണെങ്കിലും തുറന്നുപറയാനുളള ശേഷി കരസ്ഥമാക്കണം. പണം, അധികാരം തുടങ്ങി പല കാര്യങ്ങളും പ്രലോഭനങ്ങളായി മുന്നില്‍ വരും. അതിലൊന്നും പതറാതെ ധര്‍മം സ്ഥാപിക്കാന്‍ ഓരോ പണ്ഡിതനുമാകണം.

ഒരിക്കല്‍ ഖലീഫ ഉമര്‍(റ) ഗര്‍ഭിണിയായ ഒരു പെണ്ണിനെ കേസ് വിസ്താരത്തിനു വേണ്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. ഭരണാധികാരിയുടെ അടുക്കലേക്കാണല്ലോ താന്‍ പോകുന്നത് എന്ന ആധിയില്‍ വഴിയില്‍വെച്ച് അവള്‍ പ്രസവിച്ചു. കുട്ടി മരണപ്പെട്ടു. കുട്ടിയുടെ മരണത്തിന് താന്‍ നഷ്ടപരിഹാരം (ദിയത്) കൊടുക്കണോ എന്നതായിരുന്നു ഉമറിനെ(റ)അസ്വസ്ഥപ്പെടുത്തിയത്. ദര്‍ബാറിലെ പണ്ഡിതന്മാരോട് വിഷയം ആരാഞ്ഞപ്പോള്‍ ‘അതിന്റെ ആവശ്യമില്ല’ എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ അലിയുടെ(റ) മറുപടി ഇപ്രകാരമായിരുന്നു: ‘അവര്‍ പറഞ്ഞത് എന്റെ അഭിപ്രായത്തില്‍ പിഴവാണ്. ഖലീഫ ഉമര്‍(റ) ഗര്‍ഭിണിയുടെ കുഞ്ഞിന്റെ മരണത്തിന് നഷ്ടപരിഹാരം കൊടുക്കണം’ . മറ്റുളളവര്‍ ഭരണാധികാരിയുടെ പ്രീതി തേടിയപ്പോള്‍ അലി (റ) സധൈര്യം സത്യം വിളിച്ചുപറയാന്‍ മുന്നോട്ടുവന്നു. കര്‍മശാസ്ത്രത്തില്‍ ആഴത്തിലുള്ള അറിവ് സമ്പാദിക്കാന്‍ അലി ക്ക് (റ) കഴിഞ്ഞിട്ടുണ്ട്. അറിവിന്റെ ലോകത്തേക്കുളള പ്രവേശികയായി അലിയെ (റ) വിശേഷിപ്പിച്ച വിശുദ്ധ ഹദീസ് പ്രസിദ്ധമാണല്ലോ. ജ്ഞാനസപര്യക്കൊരുങ്ങി പുറപ്പെടുന്ന മകന് അലി (റ) നല്‍കുന്ന ഏഴ് ഉപദേശങ്ങള്‍ ഓരോ മുതഅല്ലിമിനെ സംബന്ധിച്ചിടത്തോളവും പ്രധാനപ്പെട്ടതാണ്. പഠന ജീവിതത്തില്‍ നല്ല ക്ഷമ വേണം, ഒരു പണ്ഡിതനെ കണ്ടാല്‍ പരമാവധി അറിവ് കരസ്ഥമാക്കാന്‍ ശ്രമിക്കണം, മുഴുവന്‍ കാര്യങ്ങളും അല്ലാഹുവില്‍ തവക്കുലാക്കണം, അനാവശ്യസംസാരത്തില്‍ നിന്ന് വിട്ടുനില്‍ക്കണം, അമിത ഭോജനം ഉപേക്ഷിക്കണം, മിതത്വം പാലിക്കണം, നല്ലവരോടുകൂടെയാവണം സഹവാസം എന്നിവയായിരുന്നു ആ ഉപദേശങ്ങള്‍.

ഇസ്തിഖാമത്ത് (അല്ലാഹു പറഞ്ഞതുപോലെയുളള ജീവിതം) മതപഠിതാവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കെണിവലകളുമായി നിരവധി പേര്‍ ചുറ്റും കറങ്ങുന്നുണ്ടാവും. പലരുടെയും അമാനുഷികതയും അത്ഭുതങ്ങളും പഠിതാവിന്റെ വഴിതിരിച്ചുവിടാന്‍ സാധ്യതയുണ്ട്. അവിടെ സ്വന്തം ഉസ്താദിന്റെ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുത്ത് പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഓരോ വിദ്യാര്‍ഥിക്കുമാകണം. തന്റെ പാഠശാലയിലെ മിടുക്കനായ ഒരു ശിഷ്യനെ കാണാതായപ്പോള്‍ ജുനൈദുല്‍ ബഗ്ദാദി (റ) അവനെയും തേടിയിറങ്ങി. കാര്യമന്വേഷിച്ചപ്പോള്‍ ഞാനെന്നും രാത്രി സ്വര്‍ഗത്തില്‍ പോയിവരാറുണ്ടെന്ന മറുപടിയാണുലഭിച്ചത്. സ്വര്‍ഗത്തിലേക്ക് പ്രവേശനം ലഭിച്ച തനിക്ക് ഇനിയെന്തിന് ജ്ഞാനവും ആരാധനകളും എന്നതായിരുന്നു ശിഷ്യന്റെ ചോദ്യം. ശിഷ്യനകപ്പെട്ട ചതിക്കുഴി ബോധ്യപ്പെട്ട ജുനൈദുല്‍ ബഗ്ദാദി (റ) ശിഷ്യനോട് ഇനി സ്വര്‍ഗത്തില്‍ പോകുമ്പോള്‍ ‘ലാ ഹൗല വലാ ഖുവ്വത്ത’ എന്ന് തുടങ്ങുന്ന ദിക്റ് ചൊല്ലണം എന്ന് നിര്‍ദേശിച്ചു. അന്ന് സ്വര്‍ഗ സമാനമായ ഭൂമിയിലെത്തിയ ശിഷ്യന്‍ ഉസ്താദിന്റെ നിര്‍ദേശപ്രകാരം ദിക്റ് ചൊല്ലിയപ്പോള്‍ തനിക്കു ചുറ്റുമുണ്ടായിരുന്ന ശുഭ്രവസ്ത്രധാരികള്‍ ഓടിയകന്നു. അതുവരെ ശാന്തമായി തനിക്കനുഭവപ്പെട്ട അന്തരീക്ഷം ശവശരീരങ്ങളെക്കൊണ്ട് നിറഞ്ഞു. അപ്പോഴാണ് താന്‍ അകപ്പെട്ട കെണിവലയെക്കുറിച്ച് ശിഷ്യന് ബോധ്യമുണ്ടാകുന്നത്. ഒരു മുതഅല്ലിമിന്റെ മുമ്പില്‍ പ്രതിസന്ധികളെക്കാളേറെ പ്രലോഭനങ്ങളായിരിക്കും ഉണ്ടാവുക. പ്രലോഭനങ്ങളില്‍ നിന്ന് കുതറിമാറി പഠനരംഗത്ത് യഥാര്‍ത്ഥ വഴി വെട്ടിത്തെളിക്കുമ്പോഴാണ് ചിട്ടയൊത്ത ഒരു മുതഅല്ലിം രൂപപ്പെടുന്നത്.

ജീവിതത്തില്‍ മിതത്വം പാലിക്കാനും ഒരാളെയും നിസ്സാരപ്പെടുത്താതിരിക്കാനും ഓരോ വിദ്യാര്‍ഥിക്കുമാകണം. അബ്ദുല്‍ വഹാബ് ശഅ്‌റാനി (റ) ലത്വാഇഫുല്‍ മിനനില്‍ പരാമര്‍ശിക്കുന്നത് കാണുക: ‘ഒരാള്‍ തെറ്റ് ചെയ്യുന്നത് കണ്ടാല്‍ പോലും ഞാന്‍ ഒരാളെയും നിസ്സാരപ്പെടുത്തുകയില്ല. ഒന്നുകില്‍ അവന്‍ അവന്റെ സ്വകാര്യ നിമിഷങ്ങളില്‍ തൗബ ചെയ്തിരിക്കണം, ഇനി നിലവില്‍ തൗബ ചെയ്തിട്ടില്ലെങ്കിലും ശേഷം അവന്‍ തൗബ ചെയ്യാന്‍ സാധ്യതയുണ്ട്’. ബുദ്ധിയില്‍ ഏറ്റക്കുറച്ചില്‍ സര്‍വസാധാരണയാണ്. തന്റെ കൂട്ടുകാരന്‍ പഠനത്തില്‍ അല്‍പം പിന്നിലാണെങ്കില്‍ അവനെ കളിയാക്കാനോ നിസ്സാരപ്പെടുത്താനോ ഒരാളും തയാറാകരുത്. ബുദ്ധിയുടെ ഏറ്റക്കുറച്ചിലും പഠനരംഗത്തെ മികവും ആത്യന്തികമായി നിര്‍ണയിക്കുന്നത് അല്ലാഹുവാണ്. അതുപോലെ ഒരാളുടെ ജീവിതത്തില്‍ ചെറിയൊരു തെറ്റ് കാണുമ്പോഴേക്ക് നാം അത് വിളിച്ചുപറയാന്‍ മുതിരേണ്ടതില്ല. മുഹദ്ദബിന്റെ രചയിതാവായ അബൂ ഇസ്ഹാഖ് ശീറാസി (റ) ഒരിക്കല്‍ ശിഷ്യന്മാരോട് കൂടെ സഞ്ചരിക്കുകയായിരുന്നു. ഒരു നായ വഴിതടസ്സം സൃഷ്ടിച്ചപ്പോള്‍ നായയെ എറിയാന്‍ കൈ മടക്കിയ ശിഷ്യനെ അബൂഇസ്ഹാഖ് (റ) തടയുകയാണുണ്ടായത്. ഓരോ നടവഴിയുടെയും അവകാശത്തില്‍ മനുഷ്യരും മറ്റിതര ജീവജാലങ്ങളും തുല്യരാണെന്നായിരുന്നു ഗുരുവിന്റെ ഉപദേശം. ഏറെ നിസ്സാരമായി മനുഷ്യര്‍ കരുതുന്ന നായയെ പോലും ബഹുമാനിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത് .
നിരവധി ഗുണങ്ങള്‍ മേളിച്ച മാതൃകാധന്യരാവാന്‍ മതപഠിതാക്കള്‍ക്കാകണം. കാരണം സമൂഹമാണ് ഇവരെ പോറ്റി വളര്‍ത്തുന്നത്. സ്വന്തം മക്കളെക്കാള്‍ മുതഅല്ലിമീങ്ങളെ സ്നേഹിക്കുന്ന, അളവറ്റ ബഹുമാനവും പരിഗണനയും അവര്‍ക്ക് നല്‍കുന്ന ഒരു സമൂഹം ഇന്നും അസ്തമിച്ചിട്ടില്ല. സാധാരണക്കാര്‍ക്കിടയില്‍ വിശുദ്ധ മാലാഖമാരായിട്ടാണ് മതപഠിതാക്കള്‍ ഗണിക്കപ്പെടുന്നത്. സാധാരണക്കാരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുകൊളളാനുളള ഒരു വിഭാഗം. അതുകൊണ്ടുതന്നെ പഠനകാലത്തും പഠനാനന്തരവും ഒരു ഉത്തമ മനുഷ്യനില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ ഗുണങ്ങളും ഇവരില്‍ സമ്മേളിച്ചിരിക്കണം. അപ്പോഴാണ് പ്രവാചകന്മാരുടെ പിന്‍ഗാമികളാണ് പണ്ഡിതന്മാര്‍ എന്ന പ്രയോഗം അന്വര്‍ഥമാകുന്നത് .

പേരോട് അബ്ദുറഹ്മാന്‍ സഖാഫി

കേട്ടെഴുത്ത്: വി പി എം സ്വാദിഖ്

You must be logged in to post a comment Login