അസഹിഷ്ണുവാകുന്ന ഇന്ത്യ

അസഹിഷ്ണുവാകുന്ന ഇന്ത്യ

ഉപഭൂഖണ്ഡത്തിലെ അമുസ്ലിംകള്‍ക്ക് പൗരത്വം നേടുന്നത് എളുപ്പമാക്കി കഴിഞ്ഞമാസം ഇന്ത്യ ഒരു നിയമഭേദഗതി കൊണ്ടുവന്നു. അതോടൊപ്പം, അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്നതിനായി, ഇന്ത്യയിലെ 130 കോടി പൗരന്‍മാരുടെ പട്ടിക തയാറാക്കണമെന്ന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. വെറും സാങ്കേതിക കാര്യങ്ങളാണ് ഇതൊക്കെയെന്ന് തോന്നാം. പക്ഷേ, രാജ്യത്തെ 20 കോടി വരുന്ന മുസ്ലിംകളില്‍ പലരുടെയും കൈവശം തങ്ങള്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കാനുള്ള രേഖകളില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പൗരത്വം നിഷേധിക്കപ്പെടാമെന്ന ഭീഷണിക്കു നടുവിലാണവര്‍ കഴിയുന്നത്. അശുഭ സൂചനയെന്നോണം അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരിക്കുന്നു.

രാജ്യവ്യാപകമായി നിരന്തര പ്രതിഷേധങ്ങള്‍ക്ക് അതു വഴിവെച്ചു. സര്‍വമതങ്ങളെയും സമഭാവനയോടെ കാണുന്ന സഹിഷ്ണുതയുള്ള രാജ്യത്തെ സങ്കുചിതമായ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിശ്ചയത്തിനെതിരെ വിദ്യാര്‍ഥികളും മതനിരപേക്ഷവാദികളും മാത്രമല്ല, ഉറ്റ ചങ്ങാത്തത്തിലായിരുന്ന മാധ്യമങ്ങള്‍ പോലും പ്രതികരിച്ചു. കണക്കുകൂട്ടലുകളില്‍ വന്ന പിഴവാണ് ബി ജെ പിയെ ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്ന് തോന്നാം.
യഥാര്‍ത്ഥത്തില്‍, പതിറ്റാണ്ടുകളായി അവര്‍ ആവിഷ്‌കരിച്ചുനടപ്പാക്കി വരുന്ന പദ്ധതികളിലെ ഏറ്റവും നിര്‍ണായകമായ ചുവടുവെപ്പായി വേണം ഇതിനെ കാണാന്‍. അയോധ്യയിലെ പള്ളി പൊളിച്ച് അവിടെ ഹിന്ദു ദേവനായ രാമന്റെ ക്ഷേത്രം പണിയാനുള്ള പ്രക്ഷോഭങ്ങളിലൂടെയാണ് ബി ജെ പി ദേശീയ പ്രാധാന്യം പിടിച്ചുപറ്റിയത്. 1992ല്‍ പള്ളി പൊളിച്ചതും തുടര്‍ന്നുണ്ടായ കലാപങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഗുജറാത്ത് സംസ്ഥാനത്ത്, നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരിക്കേ 2002ല്‍ മുസ്ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതാണ് അദ്ദേഹത്തിന് ഹിന്ദു ദേശീയവാദികളുടെ മനസ്സില്‍ വീരപരിവേഷം നല്‍കിയത്.

തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് അമൃതായി മാറിയ കാര്യങ്ങള്‍ പക്ഷേ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാളകൂടമാണെന്നതാണ് കഷ്ടം. ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങളുടെ അടിത്തറ തോണ്ടുന്ന മോഡിയുടെ പുതിയ പദ്ധതി ഇന്ത്യന്‍ ജനാധിപത്യത്തിനു നിതാന്ത ഭീഷണിയുയര്‍ത്തുന്നു. രക്തച്ചൊരിച്ചിലുകള്‍ക്കു വഴിയൊരുക്കുന്നു.
മതത്തിന്റെയും ദേശീയതയുടെയും പേരില്‍ സൃഷ്ടിക്കപ്പെടുന്ന ഭിന്നതകള്‍ മോഡിക്കും ബി ജെ പിക്കും നേട്ടമാണുണ്ടാക്കുക എന്നതാണ് സങ്കടകരം. ഇത്തരം വിഷയങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഖ്യത്തിലുള്ള ഹിന്ദുത്വ സംഘങ്ങള്‍ക്കും ആവേശം പകരും. തിരഞ്ഞെടുപ്പുകളില്‍ വിജയം സമ്മാനിക്കും. സാമ്പത്തികത്തകര്‍ച്ചപോലെയുള്ള അസ്വസ്ഥജനകമായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും അതവരെ സഹായിക്കും. പാകിസ്ഥാനു വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കാന്‍ നടക്കുന്ന അപകടകാരികളായ അഞ്ചാംപത്തികളാണ് മുസ്ലിംകളെന്ന തന്റെ ദുരാരോപണങ്ങള്‍ക്ക് വോട്ടര്‍മാരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് മോഡി കണക്കുകൂട്ടുന്നുണ്ടെന്നുവേണം കരുതാന്‍. ഭരണം നിലനിര്‍ത്താന്‍ അതുമതിയാവും. ആനുപാതിക പ്രാതിനിധ്യ സ്വഭാവമില്ലാത്ത ഇന്ത്യയുടെ തിരഞ്ഞടുപ്പു സംവിധാനത്തില്‍ ഭിന്നിച്ചു നിന്ന പ്രതിപക്ഷത്തെ പരാജയപ്പെടുത്തി ബി ജെ പി അധികാരം പിടിച്ചത് 37 ശതമാനം വോട്ടു മാത്രം നേടിയാണെന്നോര്‍ക്കണം.

പുതിയ അന്യായങ്ങള്‍ക്കായുള്ള അന്വേഷണത്തിലാവണം ബി ജെ പി ഇപ്പോള്‍. അയോധ്യയില്‍ തകര്‍ക്കപ്പെട്ട പള്ളിയുടെ സ്ഥാനത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കുന്നതിന് വഴിയൊരുക്കിയ വിധിപ്രസ്താവത്തിലൂടെ സുപ്രീംകോടതി ഫലത്തില്‍ അവരുടെ പ്രിയവിഷയം നഷ്ടപ്പെടുത്തുകയാണല്ലോ ചെയ്തത്. ദൂരവ്യാപകമായ ഭീതി സൃഷ്ടിച്ചു എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ പൗരത്വ കോലാഹലം പാര്‍ട്ടിക്ക് പ്രിയങ്കരമാണ്. വിദേശത്തുനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പിടികൂടാന്‍ എന്നു പറഞ്ഞ് യഥാര്‍ത്ഥ ഇന്ത്യക്കാരുടെ പട്ടിക തയാറാക്കാനുള്ള പദ്ധതി രാജ്യത്തെ 130 കോടി ജനങ്ങളെയും ബാധിക്കും. പട്ടിക തയാറാക്കുമ്പോഴും, അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും, പിന്നെയത് പരിഷ്‌കരിക്കുമ്പോഴും സൃഷ്ടിക്കപ്പെടുന്ന വൈകാരിക വേലിയേറ്റങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കും. എങ്ങനെയാണീ പട്ടിക തയാറാക്കുന്നതെന്ന കാര്യവും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാവുമെന്ന കാര്യവും ഇപ്പോഴും അസ്പഷ്ടമാണ്. എല്ലാം തെറ്റിദ്ധാരണകളാണെന്ന് മോഡി പറയുന്നുണ്ടെന്നത് ശരിതന്നെ. രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കള്‍ ഏതോ ശക്തികളില്‍നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും അതിനെ ചെറുക്കാനുള്ള ശേഷി തങ്ങള്‍ക്കു മാത്രമേ ഉള്ളൂ എന്നുമുള്ള ബി ജെ പിയുടെ വാദത്തെ ഊട്ടിയുറപ്പിക്കാനാണ് ഈ കോലാഹലം സഹായിക്കുക.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന പ്രചോദനാത്മകമായ ആശയത്തെത്തന്നെ ഇത് അപകടപ്പെടുത്തും. മോഡിയുടെ നയങ്ങള്‍ ഇന്ത്യയിലെ മുസ്ലിംകളോട് പച്ചയായ വിവേചനം കാണിക്കുന്നവയാണ്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും പീഡനം നേരിടുന്ന ഹിന്ദുക്കള്‍ക്ക് അഭയം നല്‍കാനും അടിച്ചമര്‍ത്തപ്പെട്ട ഒരു മുസ്ലിമിനെപ്പോലും സ്വീകരിക്കാതിരിക്കാനും ഒരു മതനിരപേക്ഷ സര്‍ക്കാറിന് എങ്ങനെ തീരുമാനിക്കാനാവും? മുസ്ലിംകളെ കൊന്നവരെന്നു കരുതുന്ന സായുധ സംഘങ്ങള്‍ക്ക് വീരപരിവേഷം നല്‍കിയതുമുതല്‍ തടങ്കലിലിട്ടും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചും അഞ്ചുമാസക്കാലത്തേക്ക് ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചും കശ്മീര്‍ ജനതയെയൊന്നാകെ ശിക്ഷിച്ചതുവരെ നാളുകളായി അവര്‍ തുടരുന്ന അധിക്ഷേപ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത് മാത്രമാണ് പൗരത്വവിവാദം.

അതിവിപുലമായ ജാതി, മത, വംശ, ഭാഷാ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുക വഴി ജനാധിപത്യം പരാജയപ്പെടാനിടയുണ്ടെന്ന പ്രവചനങ്ങള്‍ സ്വാതന്ത്ര്യം കിട്ടിയ നാളു മുതല്‍ നേരിടുന്ന രാജ്യമാണ് ഇന്ത്യ. വിവേചനമില്ലാതെ പെരുമാറുന്ന ഒരു മതനിരപേക്ഷ സര്‍ക്കാരിന്, എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഈ വിഭാഗങ്ങളെയെല്ലാം സംരക്ഷിക്കാനാവും. അതില്‍ ഏതെങ്കിലുമൊരു വിഭാഗം ബോധപൂര്‍വം നിരന്തരം വേട്ടയാടപ്പെട്ടാല്‍ അത് മറ്റുവിഭാഗങ്ങള്‍ക്കും ഭീഷണിയാവും. രാഷ്ട്രീയ സംവിധാനത്തിനുമത് അപകടം ചെയ്യും. ഹിന്ദുമതത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ള അഭിപ്രായം മാനിക്കാത്ത താഴ്ന്ന ജാതിക്കാരും ഹിന്ദിയല്ലാത്ത ഭാഷ സംസാരിക്കുന്നവരും ഉള്‍പ്പെടുന്ന വ്യത്യസ്ത ന്യൂനപക്ഷങ്ങള്‍ക്കുനേരെ വിവേചനപരമായ നയങ്ങള്‍ പരീക്ഷിച്ചിട്ടുള്ള പാര്‍ട്ടിയാണ് ബി ജെ പി എന്ന കാര്യം വോട്ടര്‍മാര്‍ ഓര്‍ക്കേണ്ടതുണ്ട്.

തന്റെ തീപ്പൊരിപ്രസംഗങ്ങള്‍ ആളെക്കൊല്ലിയായതുകൊണ്ട് മോഡി അഹിംസയുടെ ആള്‍രൂപമായ മഹാത്മാഗാന്ധിയുടെ ഓര്‍മകളെ െചളി വാരിയെറിയുകയും ചെയ്യുന്നുണ്ട്. ഹിന്ദുവനിതയെ സ്നേഹിച്ചതിന്റെ പേരിലും പശുവിനെ കൊന്നതിന്റെ പേരിലും എത്രയോ മുസ്ലിംകള്‍ തല്ലിക്കൊല്ലപ്പെട്ടിരിക്കുന്നു. മുസ്ലിം വിരുദ്ധ വികാരം പെരുകിപ്പെരുകി ചിലപ്പോഴൊക്കെ ഗുജറാത്തിലുണ്ടായതുപോലുള്ള കൂട്ടക്കൊലകളില്‍ കലാശിക്കുന്നു. ആയിരത്തിലേറെയാളുകളാണ് അവിടെ കൊല്ലപ്പെട്ടത്. ഹിന്ദു വികാരം ഇളക്കിവിട്ടും മുസ്ലിംകളെ ക്രോധാകുലരാക്കിയും കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ക്ക് വഴിയൊരുക്കുകയാണ് ബി ജെ പി.

രാഷ്ട്രീയാവശ്യങ്ങള്‍ക്കൊത്ത് ഇളക്കിവിട്ടും അടക്കി നിര്‍ത്തിയും വര്‍ഗീയ സംഘര്‍ഷത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്കാവുമെന്ന് മോഡി കരുതുന്നുണ്ടാവും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പു വിജയത്തിനുള്ള ചൂഷണോപാധി മാത്രമാവും മതഭ്രാന്ത്. എന്നാല്‍ ഹിന്ദുത്വവാദികളായ അദ്ദേഹത്തിന്റെ അനുയായികള്‍ അതില്‍ ആത്മാര്‍ത്ഥ വിശ്വാസമുള്ളവരാണ്. അവരെ ഉദ്ദേശിച്ചപോലെ അടക്കിനിര്‍ത്താന്‍ നേതൃത്വത്തിന് കഴിയില്ലെന്ന് ഗുജറാത്ത് കൂട്ടക്കൊല തെളിയിച്ചതാണ്. പാകിസ്ഥാനു നേരെയുള്ള പോര്‍വിളികളും കശ്മീരിലെ അടിച്ചമര്‍ത്തലുകളും പൗരത്വ വിഷയത്തിലെ മറയില്ലാത്ത വിവേചനവും വഴി മതഭ്രാന്തന്‍മാരുടെ പതീക്ഷകള്‍ ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. രാജ്യഭരണം കൈയാളാനുണ്ട് എന്നതുകൊണ്ട് കാര്യങ്ങള്‍ കൈവിട്ടു പോകരുതെന്നുണ്ടാവും മോഡിക്ക്. പക്ഷേ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമുണ്ടാവില്ല.

സമീപകാലത്തെ പ്രക്ഷോഭങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ, ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗത്തിന് ഇതെല്ലാം മടുത്തു കഴിഞ്ഞു എന്നതാണ് സന്തോഷം നല്‍കുന്ന കാര്യം. പൗരത്വ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഈ ജനവികാരം ഉള്‍ക്കൊള്ളണം. നട്ടെല്ലു നഷ്ടമായിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കണം. ലോകത്തെ രണ്ടു മഹാ മതങ്ങള്‍ക്കിടയില്‍ സ്പര്‍ധ വിതയ്ക്കുന്നതിനു പകരം വോട്ടു നേടുന്നതിന് വേറെ വഴി കണ്ടെത്താന്‍ നരേന്ദ്ര മോഡി തയാറാകണം.

കവര്‍ സ്റ്റോറി/ ദി ഇകോണമിസ്റ്റ്
വിവ. വി ടി സന്തോഷ്

You must be logged in to post a comment Login