പൗരത്വ കാലത്തെ സാഹിത്യ വായന

പൗരത്വ കാലത്തെ സാഹിത്യ വായന

സാഹിത്യം രാഹിത്യത്തിന്റെ വിപരീതപദമാണ്. സഹിതമായുള്ളത്, കൂടെയുള്ളത് എന്നൊക്കെയാണ് ഭാഷയില്‍ സാഹിത്യത്തിന്റെ വിവക്ഷ.അതുകൊണ്ട് തന്നെ ആര്‍ക്കുമൊപ്പവും നിലയുറപ്പിക്കാനും നില്‍ക്കാനുമുള്ള വിശാലമണ്ഡലത്തിന്റെ സാധ്യത സാഹിത്യം മൗലികമായി തന്നെ തുറക്കുന്നു. അസമീസ് കവി ഹിരണ്‍ ഭട്ടാചാര്യ തന്റെ പോയം ഓണ്‍ എര്‍ത്ത്- ല്‍ ഏറ്റവും ചെറിയ ശബ്ദങ്ങള്‍ക്ക് കൂടി കാതോര്‍ക്കുന്നതാണ് കവിതയെന്ന് പറയുന്നുണ്ട്. മുഖ്യധാര ശ്രദ്ധിക്കാന്‍ താല്‍പര്യപ്പെടാത്ത ചെറിയ നിലവിളികള്‍ക്കും ശബ്ദങ്ങള്‍ക്കും കാഴ്ചകള്‍ക്കും കൂടി ഇടം നല്‍കുന്ന അവസരസമത്വങ്ങളുടെ സാധ്യത വകവെക്കുന്നു എന്നതാണ് സാഹിത്യത്തെ വ്യതിരിക്തമാക്കുന്നത്.
എതിര്‍ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയാണ് പുതിയ ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന വലിയ വിപത്ത്. മതാത്മക അന്ധതയിലേക്ക് ഇന്ത്യയെ നയിക്കുകയാണ് ഹിന്ദുത്വ അജണ്ടയുടെ അകപ്പൊരുള്‍. ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലില്‍ രാധയും വിശ്വനാഥനും ഉണ്ടാക്കുന്ന ഒരു പൂന്തോട്ടമുണ്ട്. ആ തോട്ടത്തില്‍ പടര്‍ന്നു പന്തലിച്ച നന്ത്യാര്‍ വട്ടത്തിന് കീഴില്‍ ഒരു കുഞ്ഞു പൂചെടി നില്‍ക്കുന്നു. നന്ത്യാര്‍വട്ടം ആ കുഞ്ഞു ചെടിക്ക് ഭാരമാകുന്നു. സൂര്യവെളിച്ചം കിട്ടുന്നില്ല ആ കുഞ്ഞു പൂച്ചെടിക്ക്. നന്ത്യാര്‍വട്ടം വെട്ടി മാറ്റണമെന്ന് രാധ പറയുമ്പോള്‍ വിശ്വന്‍ അത് നിരാകരിക്കുന്നു. അതിലൊന്നിനെ മറ്റൊരിടത്തേക്ക് പറിച്ചുനടാമെന്നാണ് വിശ്വന്റെ തീരുമാനം. എല്ലാ തരം ചെടികള്‍ക്കും ഇടമുളള പൂന്തോട്ടമാണ് വിശ്വന്റെ സ്വപ്നം. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം കൂടിയാണത്. ഈ സ്വപ്നമാണ് നമുക്കിന്ന് കൈമോശം വരുന്നത്.

അപരനോട് സംവദിക്കുന്നതില്‍ ഹിന്ദുത്വ പൗരനിര്‍മിതിയുടെ അടിസ്ഥാന അളവുകോലുകളിലൊന്ന് ജാതീയതയാണ്. വിശുദ്ധാവിശുദ്ധ(pure and impurity) കാഴ്ചപ്പാടുകളില്‍ അള്ളിപ്പടിച്ച് നില്‍ക്കുന്ന ജാതി ഉച്ചനീചത്വങ്ങള്‍ സൗന്ദര്യശാസ്ത്രത്തിന്റെ കൂടി സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ട്. അവിശുദ്ധ രക്തസങ്കല്‍പ ധാരയില്‍ തന്നെ അപരന്‍ വിരൂപിയാണെന്നും സമൂഹികതലങ്ങളില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെടേണ്ട നീചനാണെന്നുമുള്ള പുറംതള്ളലിന്റെ ധ്വനിയുണ്ട്. ‘മര്‍ത്യന്‍ സുന്ദരനാണ്. ഓരോരുത്തരും സുന്ദരന്മാരും സുന്ദരികളുമാണ്’ എന്ന ഉറൂബിയന്‍ ദര്‍ശനങ്ങള്‍ പ്രകൃതിയിലെ ഓരോ ജീവജാലങ്ങള്‍ക്കും, പന്നിക്കും പോത്തിനും വരെ അസാമാന്യമായ സൗന്ദര്യമുണ്ടെന്ന തിരിച്ചറിവാണ് പങ്കുവയ്ക്കുന്നത്. ആദ്യ കാഴ്ചയില്‍ ഒരുപക്ഷേ അറപ്പുളവാക്കുന്ന ജീവിയാണ് പോത്തും പന്നിയുമെങ്കിലും സസൂക്ഷ്മം നിരീക്ഷിക്കും തോറും മറ്റാര്‍ക്കുമില്ലാത്ത സൗന്ദര്യലാവണ്യമാണ് അവയ്ക്കുള്ളത് എന്ന് ബോധ്യപ്പെടും. തന്റെ സൗന്ദര്യ സങ്കല്‍പത്തിന്റെ പ്രചോദനമെന്താണെന്ന ചോദ്യത്തിന് അദ്ദേഹം സമര്‍പ്പിച്ച മറുപടി പ്രബന്ധത്തിന്റെ തലവാചകം തന്നെ ‘കുന്നംകുളത്തെ പോര്‍ക്കുകള്‍ക്ക് നന്ദി’ എന്നായിരുന്നല്ലോ.

മുസ്ലിംകള്‍ തീവ്രവാദിയോ രാഷ്ട്രവിരുദ്ധനോ സദാചാരഗുണ്ടയോ ആകൂ എന്ന വാര്‍പ്പുചിന്ത സാഹിത്യലോകത്തെയും ഗ്രസിച്ചിട്ടുണ്ട് എന്ന് എം ടി അന്‍സാരി നിരീക്ഷിക്കുന്നുണ്ട്. ആ പൊതുബോധ നിര്‍മിതിയുടെ സമാന്തര ശ്രേണിയും സാഹിത്യത്തിലുണ്ടായിട്ടുണ്ട്. പൊന്നാനിക്കാരനായ ഇടശ്ശേരിയുടെ ‘വന്മല’ യിലെ കഥാപാത്രങ്ങളും മലയാളസാഹിത്യ സംസ്‌കൃതിയുടെ ഭാഗമാണെന്നുപറയാതെ വയ്യ. സ്‌കൂള്‍ വിട്ട് വരുമ്പോഴൊക്കെ തനിക്കു വേണ്ടി ഉപ്പ മൊയ്തീന്‍ക്കയുടെ ചായക്കടയില്‍ നിന്ന് വല്ലതും ഒളിപ്പിച്ച് കടത്തികൊണ്ട് വരുന്ന പ്രിയസുഹൃത്ത് അലവിയാണ് കവിതയിലെ പ്രമേയം. ഒരിക്കലത് പിടിക്കപ്പെട്ടുന്നു. ‘ആര്‍ക്കാ നീയീ ഒളിപ്പിച്ച് കടത്തണത്? പറയെടാ ഹംക്കേ’ എന്ന് അലറി മെയ്തീന്‍ക്ക മകന്‍ അലവിയെ ശകാരിക്കുകയും പൊതിരെ തല്ലുകയും ചെയ്യുന്നു. ചോരപൊടിഞ്ഞവശനാകുമ്പോഴും തന്റെ ഹിന്ദുവായ കൂട്ടുകാരന്റെ പേര് വെളിപ്പെടുത്താതെ വന്മല പോലെ നിന്ന മനസ്സിന് ഇടശ്ശേരി സാക്ഷ്യം നില്‍ക്കുന്നുണ്ട്. വികാരനിര്‍ഭരമായ ആ കവിതയിങ്ങനെയാണ.്

‘ഇപ്പോഴെന്‍ പേരു പുറത്ത് ചാടു-/ മിപ്പോഴെന്‍ മാനമിടിഞ്ഞ് താഴും/ നൂറു ശതമാനം ഞാനൊരാര്യ/ ക്കൂറും കുടുമയുമുള്ള ഹിന്ദു./ ആകെത്തരിച്ചു പോയ് വീര്‍പ്പടഞ്ഞു/ വേകുമെനിക്ക് തലതിരിഞ്ഞു/ അത്തളിര്‍ ചുണ്ടൊന്നനങ്ങിയില്ല/ പൊത്തിയമര്‍ത്തിയതെന്റെ നാമം/ നൂറ് ശതമാനമെന്റെ മിത്രം/ കൂറും പെരുമയുമുള്ള മുസ്ലിം / തുള്ളിപ്പിടഞ്ഞിതവന്റെ ദേഹം/ ഉള്ളമോ വന്മല പോലെ നിന്നു” (ഇസ്‌ലാമിലെ വന്മല-ഇടശ്ശേരി)

പൗരത്വത്തിന്റെ പരിമിതിയും അപര്യപ്തതയും സമീപകാലത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പ്രശസ്ത ജര്‍മന്‍-അമേരിക്കന്‍ ഫിലോസഫര്‍ ഹന്നാ ആരന്റ് സ്വാനുഭവങ്ങളുടെ പശ്ചാതലത്തില്‍ പൗരത്വമില്ലാത്ത മനുഷ്യനെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാസി ജര്‍മനിയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഈ ജൂത മതക്കാരി 1951 ല്‍ അമേരിക്കയില്‍ പൗരത്വം ലഭിക്കുന്നത് വരെയുള്ള പതിനെട്ട് വര്‍ഷത്തെ പൗരത്വരാഹിത്യത്തില്‍ നിന്നാണ് പൗരത്വത്തിന്റെ സുപ്രധാന പ്രശ്നങ്ങളിലൊന്നിനെ അവതരിപ്പിച്ചത്. 1951 ല്‍ തന്നെ വിരചിതമായ അവരുടെ orgin of totalaritarianism എന്ന കൃതിയില്‍ പൗരത്വത്തെ പരിചയപ്പെടുത്തുന്നത് (right to be have right) എന്നാണ്. വ്യക്തിയെന്ന പരിഗണനയിലല്ല മനുഷ്യാവകശത്തിന്റെ ലഭ്യത, മറിച്ച് പൗരനാവുക എന്നതാണ് അവകാശങ്ങള്‍ വകവെച്ചു കിട്ടാനുള്ള അടിസ്ഥാന യോഗ്യത എന്നു സാരം. മലയാളത്തിന്റെ പ്രിയകവി കടമ്മനിട്ട ഇത്തരം ദര്‍ശനങ്ങള്‍ ഉള്‍ചേര്‍ത്ത് ‘മകനോട്’ പറഞ്ഞ നാലുവരിയെത്ര മനോഹരം!

‘മകനേ, നീ നാട്ടു പൗരനാകാതൊരു/ മനുഷ്യനായ്ത്തന്നെ വളരൂ,/ മകനേ, നീ വെറും മാന്യനാകാതിന്നു/ മനുഷ്യന്റെ പച്ചയായ്ത്തീരൂ'(മകനോട്-കടമ്മനിട്ട)

മനുഷ്യന്റെയും പൗരന്റെയും വ്യത്യാസത്തിലേക്ക് വിരല്‍ചൂണ്ടുന്നതോടൊപ്പം മനുഷ്വത്വവും പൗരത്വവും പരസ്പരം കലഹിക്കാനും വിപരീതമാകാനുമുള്ള സാധ്യതയെ കൂടി കവി തുറന്നുസമ്മതിക്കുന്നു. പൗരത്വത്തിന്റെ മാന്യതയെക്കാള്‍ മകനേ നിനക്കുനല്ലത് പച്ചമനുഷ്വത്വം എന്ന് കവി ബോധപൂര്‍വം ഉപദേശിക്കുന്നതിലെ യുക്തി എന്‍ ആര്‍ സി കാലത്ത് കൂടുതല്‍ വ്യക്തമാകും.
എന്‍ എസ് മാധവന്റെ തന്നെ ‘മുംബൈ’ എന്ന കഥ എത്ര കൃത്യാര്‍ഥത്തിലും സൂക്ഷ്മവുമായുമാണ് ഭാവി ഇന്ത്യയെ വരച്ചിട്ടത്. മലപ്പുറം ജില്ലയിലെ പാങ്ങിലെ ബീരാന്‍കുഞ്ഞിന്റെയും ഫാത്വിമയുടെയും മകനായി ജനിച്ച് ഐ ഐ ടിയില്‍ പഠിച്ച് മുംബൈയില്‍ ജോലി ചെയ്യുന്ന അസീസ് എന്ന കഥാപാത്രം പുതിയ മുസ്ലിം സമൂഹത്തിന്റെ കൂടി പ്രതിനിധാനമാണ്. കമ്പനിയാവശ്യാര്‍ഥം പാസ്പോര്‍ട്ടിന് അപേക്ഷിച്ചപ്പോഴാണ് റേഷന്‍കാര്‍ഡിനുവേണ്ടി അയാള്‍ക്ക് ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നത്. 1971 ലുണ്ടായ ബംഗാളി അഭയാര്‍ഥി പ്രവാഹത്തിനുമുമ്പ് ഇന്ത്യയിലുണ്ട് എന്ന് തെളിയിക്കണമെന്ന് 1971 ല്‍ ജനച്ചിട്ടുപോലുമില്ലാത്ത അസീസ് തിരിച്ചറിയുന്നു. അല്ലാത്തപക്ഷം താന്‍ നുഴഞ്ഞുകയറ്റക്കാരനായി എഴുതപ്പെടും. ഇക്കാര്യം അയാള്‍ സപ്ലൈ ഓഫീസര്‍ പ്രമീള ഗോഖലെക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ‘നിങ്ങളാദ്യം ഇന്ത്യക്കാരനാണെന്ന് ബോധ്യപ്പെടുത്തണമല്ലോ?’ എന്നാണ് മറുപടി. പഠിപ്പിന്റെ ധൈര്യത്തില്‍ അസീസ് തിരിച്ചു ചോദിക്കുന്നു: ”ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരിയെന്ത് ചെയ്യും?”. ഉടന്‍ വന്നു പ്രമീളയുടെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി. ”ഞാനെന്റെ പേരുപറയും, അത്രതന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരുതന്നെ. പ്രമീള ഗോഖലെ, മഹാരാഷ്ട്രക്കാരി, ഹിന്ദുചിത്പവന്‍ ബ്രാഹ്മണന്‍, മനസ്സിലായോ?”. തുടര്‍ന്ന് ഭീതിയുടെ പിടിയിലമര്‍ന്ന അസീസ് താനൊരു നുഴഞ്ഞുകയറ്റക്കാരനായി ചിത്രീകരിക്കപ്പെട്ടതോര്‍ത്ത് ഉരുകിത്തീരുന്നു. വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ കാണുന്നത് പൊലീസുകാരെയും സ്നേഹം വറ്റിയ കണ്ണുകള്‍ വിടര്‍ത്തിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെയും മാത്രം. പേടിയടങ്ങാത്ത അസീസ് കട്ടിലിനടിയിലേക്ക് നുഴഞ്ഞുകയറി നിലത്ത് മുഖമമര്‍ത്തി ചാപ്പിള്ളയെപ്പോലെ അനങ്ങാതെ കിടന്നു എന്നാണ് കഥയവസാനിക്കുന്നത്. പഠിപ്പും വിവരവുമുള്ളവന് കൂടി പേര് നോക്കിയും വസ്ത്രം നോക്കിയും പൗരത്വം നല്‍കുന്ന കാലത്തെ എന്‍ എസ് മാധവന്‍ എത്ര കൃത്യതയോടെയാണ് കാലേക്കൂട്ടി കണ്ടത്. ഭയത്തിന്റെ രാഷ്ട്രീയം എങ്ങനെ മനുഷ്യനെ നിശബ്ദനാക്കുന്നു എന്ന് കഥ ഭംഗ്യന്തരേണ പറയുന്നു.

എന്‍ ആര്‍ സി കാലം ഇന്ത്യയില്‍ അസാമാന്യ പ്രതിഷേധത്തിന്റെ കൂടി നാളുകളായിരുന്നു. ജനാധിപത്യ മതേതരത്വ മൂല്യമുള്‍ക്കൊള്ളുന്ന ഇന്ത്യയുടെ അടിക്കല്ലിളക്കാനുള്ള ശ്രമത്തിനെതിരെ മാത്രമുള്ള പ്രതിഷേധമാണോ അല്ല മോഡി ഭരണത്തിനെതിരെയുള്ള സമരമുറകളാണോ എന്നതല്ല പ്രധാനം. മറിച്ച് നെറികേടുകള്‍ക്കെതിരെയുള്ള മൗനം പൗരന്മാര്‍ അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ് പ്രധാനം. ഫാഷിസ്റ്റ് ഭരണകൂടം എത്ര സമര്‍ഥമായാണ് ജനങ്ങള്‍ക്കു മേല്‍ അധികാരം സ്ഥാപിക്കുക എന്ന് കുരീപ്പുഴ ശ്രീകുമാറിന്റെ ‘ചായ’യില്‍ കാണാം.

‘ചായയുണ്ടാക്കാന്‍ പഞ്ചസാരയില്ല/ നല്ലത്. പ്രമേഹം വരില്ലല്ലോ/ പാലുമില്ല/ വളരെ നല്ലത്/ കൊഴുപ്പ് വര്‍ധിക്കില്ലല്ലോ/ തേയിലയുമില്ല/ വളരെ നല്ലത് / ലഹരിപദാര്‍ഥങ്ങള്‍ പാടില്ല./ വെള്ളവുമില്ല/ വളരെ വളരെ വളരെ നല്ലത്/ മഞ്ഞപ്പിത്തവും കോളറയും വരില്ലല്ലോ/ അപ്പോള്‍ ചായ?/ എന്തതിശയമേ സങ്കല്‍പച്ചായ/ എത്ര മനോഹരമേ”(ചായ-കുരീപ്പുഴ ശ്രീകുമാര്‍).

യാതൊരു പൗരാവകാശങ്ങളും അനുവദിക്കപ്പെടാത്ത, പൗരത്വ ചേരുവകള്‍ ഒന്നുമില്ലാത്ത സങ്കല്പ പൗരത്വത്തെ മുന്നില്‍വെച്ചാണ് ഈ കാലത്ത് ചായ വായിക്കേണ്ടത്.

പ്രശ്നം മുസ്‌ലിം ന്യൂനപക്ഷത്തെ മാത്രമേ ബാധിക്കൂ എന്ന് വിശ്വസിക്കുന്നതിലെ യുക്തിയെയാണ് വീരാന്‍കുട്ടി തന്റെ ‘ആദ്യമവര്‍’ എന്ന രചനയിലൂടെ വിമര്‍ശിക്കുന്നത്. മാര്‍ട്ടിന്‍ നിമോളറുടെ ‘ആദ്യമവര്‍ ജൂതരെ തേടി വന്നു’ എന്നതിന്റെ കാവ്യ ശൈലി പിന്തുടരുന്ന ആ കവിതയിങ്ങനെയാണ്.
‘ആദ്യമവര്‍ മുസ്‌ലിംകളെ തേടി വന്നു/ ഞാന്‍ മിണ്ടിയില്ല/ കാരണം/ അവരുടെ പൗരത്വം/ എന്റെ വിഷയമായിരുന്നില്ല./ പിന്നീടവര്‍/ ക്രിസ്ത്യാനികളെ തേടിവന്നു/ ഞാന്‍ അനങ്ങിയില്ല/ കാരണം/ അവരുടെ കുരിശ്/ എന്റെ പ്രശ്നമായിരുന്നില്ല./ പിന്നെയവര്‍/ ആദിവാസികളെ തേടിവന്നു/ ഞാനനങ്ങിയില്ല/ കാരണം/ അവരെ മനുഷ്യരായിപ്പോലും ഞാന്‍ കരുതിയിരുന്നില്ല/ പിന്നെയവര്‍ ദളിതരെ തേടിവന്നു/ ഞാന്‍ കാര്യമാക്കിയില്ല/ കാരണം/ ജാതിയില്‍ ഞാന്‍/ അവരേക്കാര്‍ മീതെയായിരുന്നു/ ഒടുവില്‍/ തോളില്‍ കാവിപ്പതാകയും/ ഇടതുകയ്യില്‍ മനുസ്മൃതിയും/ വലതു കയ്യില്‍ ശൂലവുമായി/ അവര്‍ എന്നെത്തേടി വന്നു/ അപ്പോള്‍/ എനിക്കൊപ്പം നില്‍ക്കാന്‍/ ആരും അവശേഷിച്ചിരുന്നില്ല!”(ആദ്യമവര്‍-വീരാന്‍കുട്ടി)

തീവ്ര ഹിന്ദുത്വത്തിന്റെ പ്രതിയോഗികള്‍ ആരൊക്കെയാണ് എന്ന് ആര്‍ എസ് എസിന്റെ മൂലഗ്രന്ഥങ്ങളിലൊന്നായ വിചാരധാര രേഖപ്പെടുത്തിയത് ‘ആദ്യ ശത്രുക്കള്‍ ഇന്ത്യയിലെ മുസ്ലിംകളും കമ്യൂണിസ്റ്റുകാരും പിന്നീട് മറ്റിതര ന്യൂനപക്ഷവുമാണ്’ എന്നാണ്. ഇക്കാര്യം കൂടി ചേര്‍ത്ത് വീരാന്‍കുട്ടിയുടെ കവിത വായിക്കുമ്പോള്‍ അസാമാന്യാര്‍ഥങ്ങള്‍ ലഭിക്കും. ബ്രാഹ്മണേതര മതങ്ങളുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുമ്പോഴും നാം ചെയ്യുന്നത് മതത്തിന്റെ പേരില്‍ കടിച്ചുകീറുകയെന്ന പതിവാണ്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ രാജ്യമനുഭവിച്ച വലിയ പ്രശ്നങ്ങളിലൊന്ന് മതകീയവും വംശീയവുമായ ബോധമാണെന്ന് ആനന്ദ് നിരീക്ഷിക്കുന്നു.

‘എന്താണ് ചരിത്രം പഠിപ്പിക്കുന്നത്?’
ജോസഫ് മുഖം വീര്‍പ്പിച്ച് കൊണ്ട് തന്നെ ചോദിച്ചു.
ഫലഭൂഷ്ടമായ കറുത്ത മണ്ണുള്ള എന്റെ നാട്ടിന്‍പുറത്ത് കിണഞ്ഞ് പണിയെടുക്കുന്ന ഹിന്ദുക്കളും മുസ്ലിംകളുമായ കൃഷിക്കാര്‍ തങ്ങളെ പോലുള്ള പത്തിരുപത്തിയഞ്ച് പേര്‍ക്ക് ഭക്ഷിക്കാനുള്ളത് വിളയിച്ചിട്ടും മെലിഞ്ഞ് അസ്ഥികൂടങ്ങള്‍ പോലെ ജീവിച്ച് പോരുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ട് പോയിട്ടുണ്ട്. അന്ന് ആളുകള്‍ പറഞ്ഞു, രാഷ്ട്രീയമായ അടിമത്തമാണ് വൈരുധ്യത്തിന്റെ കാരണമെന്ന്. സ്വാതന്ത്ര്യം വന്നപ്പോഴാകട്ടെ ഉഴവുകാളകളോടൊപ്പം അടിതെറ്റി വീണിരുന്ന ആ മെലിഞ്ഞ മനുഷ്യര്‍ കോഴിപ്പോരിലെ കോഴികളെ പോലെ തമ്മില്‍തമ്മില്‍ കൊത്തിക്കീറുന്നതാണ് കണ്ടത്. അപ്പോള്‍ എല്ലാവരും ആചാരങ്ങളെയും മതാഭിമാനത്തെയും കുറ്റപ്പെടുത്തി. പിന്നീട് അതും കഴിഞ്ഞ് പോയി”(ആള്‍ക്കൂട്ടം-ആനന്ദ്)

പൗരത്വബില്ലിനെതിരെ മലയാളത്തില്‍ വിരചിതമായ രചനകളെ പൊതുവെ രണ്ടായി തിരിക്കാം. ബില്ലിനെയും അതടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെയും വെല്ലുവിളിക്കുകയും വൈകാരികമായി ചോദ്യം ചെയ്യുകയും ചെയ്യുന്ന രചനകളാണ് ഒന്നാമത്തേത്. ഒട്ടുമിക്ക ഫെയ്സ്ബുക്ക് കവിതകളും അന്‍വര്‍ അലിയുടെ തിരച്ചറിയല്‍ കാര്‍ഡും ഈ ഗണത്തിലുള്ളവയാണ്. ഫലസ്തീന്‍ കവി അഹ്മദ് ദര്‍വേശിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയുടെ ചുവട് പിടിച്ചെഴുതിയ ആ കവിതയില്‍ നിന്ന്:
”എഴുതി വയ്ക്ക്/ എന്റെ പേര് അലി/ തൊഴില്‍ വാക്കുകെട്ടല്‍/ ആധാര്‍ ഇല്ല/ മക്കള്‍ ധാരാളം/ മിക്കവരും/ സര്‍വകലാശാലകളിലോ/ ജയിലിലോ ആണ്/ എന്തേ, മനംപിരട്ടല്‍ തോന്നുന്നുണ്ടോ?/
എഴുതി വയ്ക്ക്/ എന്റെ പേര് അലി/ രണ്ടേമുക്കാലേ മേത്തോ എന്ന്/ കൂട്ടുകാര്‍ വിളിക്കുമായിരുന്നു/
എഴുതി വയ്ക്ക്/ എന്റെ പേര് അലി/ ഉമ്മയും വാപ്പയും നാടും വീടും/തിരുവിതാങ്കോട് -/ അവിഭക്ത ഇന്ത്യയില്‍ ഇല്ലായിരുന്നിടം/ കാശ്മീരും ബംഗാളും പഞ്ചാബും പോലെ / വെട്ടിമുറിക്കാത്തിടം/ എന്തേ/ രജിസ്റ്ററില്‍ പേരില്ലെന്നോ ?/ വേണ്ട/ മരിച്ച രാജ്യത്ത് കബറടങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല”
പവിത്രന്‍ തീക്കുനിയുടെ ‘അപ്പുറത്തെ വീട്’,തിരക്കഥാകൃത്തും സംവിധായകനുമായ വരുണ്‍ ഗ്രോവറിന്റെ ‘ഹം കാഗസ് നഹി ദിഖായേംഗേ’എന്നീ കവിതകള്‍ പൗരത്വ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനും വേണ്ടി സര്‍ക്കാര്‍ ചോദിക്കുന്ന രേഖകളൊന്നും തന്നെ ഞങ്ങള്‍ ഹാജരാക്കുകയില്ല എന്ന് ഉറപ്പിച്ചു പറയുന്നു, ജനാധിപത്യത്തിന്റെ ശക്തിയോര്‍മപ്പെടുത്തുന്നു. കവിതയിലെ വികാരനിര്‍ഭരമായ വരികള്‍ പ്രതിഷേധങ്ങളിലൊക്കെ ഉയര്‍ന്നു കേട്ടിരുന്നു. ഇത്തരത്തില്‍ നൂറുകണക്കിന് വൈകാരിക കവിതകള്‍ തെരുവിലും വിരിഞ്ഞിട്ടുണ്ട്.
പൗരത്വ ഭേദഗതി നടപടിയിലെ വൈരുധ്യത്തെക്കുറിച്ചുളള ട്രോള്‍ രചനയെന്ന് സാമാന്യവത്കരിക്കാവുന്ന സര്‍ക്കാസ്റ്റികായ സൃഷ്ടികളാണ് രണ്ടാമത്തേത്. പ്രശ്നകലുഷമായ സമൂഹത്തില്‍ കോമഡികളും സറ്റയറുകളുമാണ് ശക്തിയുക്തമായി ജനസ്വാധീനം സാധ്യമാക്കുക എന്ന അമേരിക്കക്കാരുടെ വിശ്വാസത്തെ എം ടി വാസുദേവന്‍ നായര്‍ തന്റെ ‘ആള്‍കൂട്ടത്തില്‍ തനിയേ’ എന്ന യാത്രാനുഭവത്തില്‍ പ്രശംസിക്കുന്നുണ്ട്. പി എന്‍ ഗോപീകൃഷ്ണന്റെ ‘നീതി കവിതയാവുമ്പോള്‍ ഫാസിസം’ എന്ന രചനയാണ് ഇതിലെ സുപ്രധാമായൊരു ഉദാഹരണം.സമൂഹ മാധ്യമങ്ങളില്‍ വൈറലായ ദേശീയ പൗരത്വ ബില്ലിനെ ട്രോളി പ്രശസ്ത കവി വി എം ഗിരിജ എഴുതിയ ‘അദ്വൈതം’ എന്ന കവിതയാണ് മറ്റൊന്ന്. ജാതി -ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നിലവിലുള്ള രാഷ്ട്രീയത്തെയും സാമൂഹികവുമായ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതാണു ഈ ട്രോള്‍ കവിത
‘ലോകാ സമസ്താ സുഖിനോ ഭവന്തു ./ നിന്റെ മുത്തപ്പന്റെ, അപ്പൂപ്പന്റെ അമ്മൂമ്മയുടെ അപ്പൂപ്പന്‍മാര്‍ എന്ന് വന്നു?/ എവിടെ നിന്ന്?/ പേര് ?/
യത്ര വിശ്വം ഭവത്യേകനീഡം/ അവരുടെ നിറം?/ മുടി ചുരുണ്ടോ നീണ്ടോ/
യത്ര വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ/ മൊഴി വഴി തൊഴില്‍?/ സംസ്‌കൃതം?/ അറബി ഉര്‍ദു ?ഹൂ./
ആ ബ്രഹ്മ കീടജനനി/ കീടങ്ങള്‍ക്ക് വരാം ശ്രീകോവിലിലും./ വേറെ വീട് നോക്കെടോ./
തത്വമസി/ പക്ഷെ നീ ഞാന്‍ ആവില്ല./
അഹം ബ്രഹ്മാസ്മി/ അഹങ്കാരീ നീയല്ല അഹം. ഞാന്‍ മാത്രം./
പരോപകാര: പുണ്യായ, പാപായ പര പീഡനം. / ചിലരെ തുടച്ചു നീക്കുന്നതും പുണ്യം/
ഏകമേവാദ്വിതീയം/ ഞങ്ങള്‍ ഞങ്ങളുടെ മാത്രം./
മാ നിഷാദ./ ആ കാട്ടാളനെ ചുട്ടു പൊട്ടിക്ക്/
ബ്രഹ്മ സത്യം ജഗന്മിഥ്യാ/
മിഥ്യാ ജഗത്തില്‍ നിന്ന് പോടോ ഇറങ്ങി. സത്യബ്രഹ്മം പൂകു./
ജീവോ ബ്രഹ്മൈവ നാപര:/ ഹും..എന്റെ ജീവന്‍ അങ്ങനെ…/ നിന്റെ ജീവന്‍ ബാക്കി വെച്ചെങ്കിലല്ലേ../ ആത്മാ ജ്ഞാനമയ: പുണ്യോ/ ആത്മാവ് എല്ലാവര്‍ക്കും തുല്യമല്ല തെണ്ടീ.”

വായനക്കാരന്റെ സാഹചര്യങ്ങള്‍ക്കും ചോദനകള്‍ക്കുമൊത്ത് എക്കാലത്തും വായിക്കാനാവുക എന്നതാണ് സാഹിത്യത്തിന്റെ അനന്യ സൗന്ദര്യമെന്ന് അലി ബെഗോവിച്ച് നിരീക്ഷിക്കുന്നുണ്ട്. കാലങ്ങള്‍ക്കിപ്പുറവും ക്ലാസിക് രചനകള്‍ അനശ്വരമാകുന്നത് അവ പ്രധാനം ചെയ്യുന്ന ആശയപരിസരങ്ങളുടെയും വ്യാഖ്യാനസുഖത്തിന്റെയും കൂടി പിന്‍ബലത്തില്‍ കൂടിയാണ്. പ്രശസ്ത എഴുത്തുകാരി ഐറീന ഫറ പ്രസാധകന് എഴുതിയ കത്തില്‍ ഇപ്രകാരം പറയുന്നു. ‘എഴുതിക്കഴിഞ്ഞ പുസ്തകത്തിന്ന് എഴുത്തുകാരനെ ആവശ്യമില്ല. പുസ്തകത്തിന് വല്ലതും പറയാനുണ്ടെങ്കില്‍ എക്കാലത്തും അത് സ്വയം വായനക്കാരനെ കണ്ടെത്തും’. ഏതൊരു കൃതിയെയും അനശ്വരമാക്കുന്നതില്‍ അതിന്റെ സ്വതന്ത്രവ്യാഖ്യാനക്ഷമത ഏറെപ്രധാനമാണ് എന്നര്‍ഥം. പുതിയ കാലത്തെ സുപ്രധാനമായ സാഹിത്യനിരൂപണ ഉപകരണം തന്നെ റോളാങ് ബര്‍ത്തിന്റെ ഡെത്ത് ഓഫ് ഓതര്‍ ആണല്ലോ.
ഇന്ത്യയിലെ പൗരത്വകാലം പുതിയ സാഹിത്യമേഖലകള്‍ കൂടിയാണ് മലയാളത്തിനുതുറന്നത്. ലോകത്ത് അഭയാര്‍ഥി സാഹിത്യത്തിന് വലിയൊരു വായനാവൃന്ദത്തെ കൈയൊതുക്കാനായിട്ടുണ്ട്. അതിനു കാരണം എന്റെ മധുരിത കവിതകള്‍ തീക്ഷ്ണ നോവുകളുടെ തീച്ചൂളയില്‍ നിന്നാണ് (my sweatest songs are those my sadest thoughts) എന്ന ഷെല്ലിയുടെ വരികളില്‍ നിന്ന് കണ്ടെടുക്കാനാകും. മുരീദ് ബര്‍ഗൂതിയുടെ ‘റഅയ്ത്തു റാമല്ല’ (വിവ: ‘റാമല്ല ഞാന്‍ കണ്ടു’, അനിതാ തമ്പി), അഫ്ഗാന്‍ എഴുത്തുകാരനായ ഖാലിദ് ഹൊസൈനിയുടെ ‘കൈറ്റ് റണ്ണര്‍’, ‘ദി തൗസന്റ് സ്പ്ലെന്റിഡ് ഡേയ്സ്’, ‘ആന്റ് ദി മൗണ്ടേന്‍ എക്കോഡ്’ എന്നിവയും, അലക്സ് ഹേലിയുടെ ‘ദി റൂട്ട്സ്’, ബുക്കര്‍ പ്രെയ്സിനര്‍ഹമായ ജൂഹാ അല്‍ഹാരിസിയുടെ ‘സലസ്റ്റിയന്‍ ബോഡീസ്’ എന്നീ പുസ്തകങ്ങള്‍ ലോകപ്രശസ്ത അഭയാര്‍ഥി സാഹിത്യങ്ങളാണ്.

മലയാള സാഹിത്യരചനാ ചരിത്രത്തില്‍ പൗരത്വകാലം നാഴികകല്ലാവുകയാണ്. തീക്ഷ്ണമായ അനുഭവങ്ങളെ ഫലിതമായും വികാരനിര്‍ഭരമായ രചനകളായും വിവര്‍ത്തനം ചെയ്യുകയാണ് ഓരോ എഴുത്തുകരനും. എന്തുകൊണ്ട് ഇത്ര മാത്രം രചനകള്‍ മലയാളത്തില്‍ ഇക്കാലയളവില്‍ വന്നു എന്നതിനുത്തരം സച്ചിദാനന്ദന്റെ ഈ വാക്കിലുണ്ട്.’നായാട്ടുകാരന്റെ കൊലവിളി കേള്‍ക്കുമ്പോഴാണ് നമുക്ക് നമ്മുടെ കൊമ്പുകളോര്‍മ വരിക’.

സാലിഹ് കെ

You must be logged in to post a comment Login