കാത്തിരിക്കുന്നത് കടുത്ത മാന്ദ്യമാണ്

കാത്തിരിക്കുന്നത് കടുത്ത മാന്ദ്യമാണ്

2020 – 21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റിന് മുന്നോടിയായി പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് രാജ്യം സാമ്പത്തികമാന്ദ്യത്തിലാണെന്ന് സമ്മതിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ യഥാര്‍ത്ഥചിത്രം ഏതാണ്ടെങ്കിലും വരച്ചുകാട്ടേണ്ട ബാധ്യത സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിനുള്ളതുകൊണ്ട് നിവൃത്തിയില്ലാതെ മാന്ദ്യമുണ്ടെന്ന് സമ്മതിക്കുകയാണ്. രാജ്യം മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നോ മാന്ദ്യത്തിലായിക്കഴിഞ്ഞുവെന്നോ സാമ്പത്തിക വിദഗ്ധരും വ്യവസായ പ്രമുഖരും പറയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി; ജനം അനുഭവിക്കാന്‍ തുടങ്ങിയിട്ടും. അത് അംഗീകരിക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തയാറായിരുന്നില്ല. 2014 മുതലിങ്ങോട്ട് ‘കരുത്തനായ നേതാവി’നാല്‍ രാജ്യം ഭരിക്കപ്പെടുമ്പോള്‍ സാമ്പത്തിക മാന്ദ്യമുണ്ടാകുകയോ? ഇനി ഉണ്ടായാല്‍ തന്നെ അത് പരസ്യമായി അംഗീകരിച്ച് നേതാവിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുകയോ! ഈ ദുരഭിമാനത്താലാകണം, പല ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചപ്പോഴും മാന്ദ്യമുണ്ടെന്ന് സമ്മതിക്കാന്‍ ധനമന്ത്രാലയം തയാറാകാതിരുന്നത്. മാന്ദ്യമുണ്ടെന്ന് സമ്മതിക്കാന്‍ ധനമന്ത്രാലയത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിക്കാതിരുന്നതുമാകാം.
സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നതുപ്രകാരം മാന്ദ്യത്തിലേക്ക് നീങ്ങുക മാത്രമാണോ രാജ്യം? എളുപ്പത്തില്‍ കരകയറാവുന്ന സ്ഥിതിയിലാണോ സമ്പദ്വ്യവസ്ഥ? എന്നീ ചോദ്യങ്ങള്‍ ഗൗരവത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്. പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് രാജ്യത്തുയര്‍ന്ന പ്രതിഷേധത്തിന്റെ അന്തരീക്ഷം സമ്പദ്വ്യവസ്ഥയുടെ ദയനീയാവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ സഹായിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധം, ഭരണകൂടത്തോട് പൊതുവില്‍ രൂപപ്പെട്ട അതൃപ്തിയുടെ പുറംതള്ളലിന്റെ വേദി കൂടിയാണെന്ന വിലയിരുത്തലുമുണ്ട്. ആ അതൃപ്തിക്ക് മുഖ്യകാരണം സാമ്പത്തികാവസ്ഥയാണ് താനും.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച താഴേക്കാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റ 2014ല്‍ 7.41 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക് (വളര്‍ച്ചാനിരക്ക് കണക്കാക്കുന്നതില്‍ മാറ്റം വരുത്തിയതിന് ശേഷമുള്ളതാണിത്). തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളില്‍ വളര്‍ച്ചാനിരക്ക് ഉയര്‍ന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരും ലോകബാങ്കും പങ്കുവെക്കുന്ന വിവരം. എന്നാല്‍ 2017 മുതല്‍ നിരക്ക് താഴേക്ക് വന്നുതുടങ്ങി. 2016 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതിന് ശേഷമാണ് താഴ്ച തുടങ്ങുന്നത് എന്നത് ശ്രദ്ധേയാണ്. 2017ല്‍ 7.1 ശതമാനമായത്, 2018ല്‍ 6.8 ശതമാനമായി കുറഞ്ഞു. 2019ല്‍ വളര്‍ച്ചാനിരക്ക് അഞ്ചുശതമാനം മാത്രം. 2020ല്‍ അഞ്ച് ശതമാനമായി തുടരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. യഥാര്‍ത്ഥ കണക്കുകള്‍ വരുമ്പോള്‍ അഞ്ചില്‍ താഴെയായാല്‍ അത്ഭുതപ്പെടാനില്ല.

വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവിനൊപ്പം ഉപഭോക്തൃവില സൂചികയുമായി ബന്ധപ്പെട്ട പണപ്പെരുപ്പ നിരക്കിലും മാറ്റങ്ങളുണ്ട്. 2014ല്‍ വളര്‍ച്ചാ നിരക്ക് ഭേദപ്പെട്ട് നില്‍ക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് 6.37 ശതമാനമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവന്നു. 2018ല്‍ അത് 4.85 ശതമാനമായി. എന്നാല്‍ 2019ല്‍ പണപ്പെരുപ്പം 7.49 ശതമാനമായി ഉയര്‍ന്നു. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുകയാണ് ചെയ്തത് എന്ന് ചുരുക്കം. വിവിധ മേഖലകളിലെ ഉത്പാദനവും ജനങ്ങളുടെ വാങ്ങല്‍ ശേഷിയും കുറഞ്ഞതാണ് വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടാകാന്‍ കാരണം. പണപ്പെരുപ്പം കൂടുക എന്നാല്‍ അവശ്യ വസ്തുക്കളുടേതുള്‍പ്പെടെ സാധനങ്ങളുടെ വില വര്‍ധിക്കുക എന്നാണ് അര്‍ഥം. സാധന വില കൂടുമ്പോള്‍ വാങ്ങല്‍ വീണ്ടും കുറയുകയാണ് ചെയ്യുക. അതായത് കമ്പോളം സജീവമാകുകയും അതിനനുസരിച്ചുള്ള ഉത്പാദന വര്‍ധന ഉണ്ടാകുകയും ചെയ്യുക എന്നത് തത്കാലത്തേക്ക് അസാധ്യമാണ്.

ഇതിനോട് ചേര്‍ത്തുവെക്കേണ്ടതാണ് ധനക്കമ്മിയുടെ കണക്ക്. കേന്ദ്ര സര്‍ക്കാറിന് വരുത്താവുന്ന അധികച്ചെലവ്, മൊത്തം ആഭ്യന്തര ഉദ്പാദനവുമായി താരതമ്യപ്പെടുത്തി നിശ്ചയിക്കുന്നതാണ് ധനക്കമ്മി. 2014ല്‍ ഇത് നാലര ശതമാനമായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ കുറഞ്ഞുവന്നുവെങ്കിലും 2019ല്‍ 3.3 ശതമാനമായാണ് കണക്കാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇത് അധികരിക്കാനാണ് സാധ്യത. വളര്‍ച്ചാനിരക്ക് കുറയുകയും പണപ്പെരുപ്പത്തിന്റെയും ധനക്കമ്മിയുടെയും തോത് ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നത്, രോഗഗ്രസ്തമായ സമ്പദ്വ്യവസ്ഥയുടെ സൂചനയാണ്.

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന ചോദ്യത്തിന് 2018 – 19ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പിയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ മറച്ചുവെക്കുകയും അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നിര്‍മല സീതാരാമന്‍ പുതുക്കി അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കുകയും ചെയ്ത നികുതി വരുമാനത്തിലെ കുറവ് ഉത്തരം നല്‍കും. നികുതി വരുമാനത്തില്‍ 1.7 ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്നാണ് നിര്‍മല സീതാരാമന്‍ ബജറ്റ് പുതുക്കി അവതരിപ്പിച്ചപ്പോള്‍ സമ്മതിച്ചത്. അതായത് ജി ഡി പിയുടെ 1.2 ശതമാനം. നികുതി വരുമാനത്തില്‍ കുറവുണ്ടാകുന്ന സ്ഥിതി അടുത്തകാലത്തൊന്നും രാജ്യം അഭിമുഖീകരിച്ചിട്ടില്ല. ഈ പ്രവണത 2019 – 20 സാമ്പത്തിക വര്‍ഷത്തില്‍ തുടരുകയാണ്. ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നികുതി വരുമാനത്തില്‍ 2018 – 19 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചതിനെക്കാള്‍ 18.5 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. ഇതിനെ അടിസ്ഥാനമാക്കി ധനക്കമ്മി 3.3 ശതമാനമെന്ന് നിജപ്പെടുത്തി. എന്നാല്‍ സാമ്പത്തികവര്‍ഷത്തിന്റെ ഒമ്പതുമാസം പിന്നിടുമ്പോള്‍ നികുതി വരുമാനത്തിലുണ്ടായ വളര്‍ച്ച മൂന്ന് ശതമാനം മാത്രമാണ്. അതായത് സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ നികുതി വരുമാനത്തില്‍ ഏതാണ്ട് മൂന്ന് ലക്ഷം കോടി രൂപയുടെ കുറവുണ്ടാകും.

ചരക്കുസേവന നികുതിയില്‍ മാത്രമല്ല ഇടിവുണ്ടാകുന്നത്. കോര്‍പറേറ്റ്, ആദായ നികുതികള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യക്ഷ നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തിലും ഇടിവാണ്. പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഇടിവുണ്ടാകുന്നത് ഏതാണ്ട് രണ്ടുദശകത്തിനിടെ ഇത് ആദ്യവുമാണ്. നികുതി വരുമാനം കുറയുന്നതിന് ആനുപാതികമായി ധനക്കമ്മി ഉയര്‍ന്നുകൊണ്ടേയിരിക്കും. ധനക്കമ്മി നിശ്ചിത 3.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തണമെങ്കില്‍ സര്‍ക്കാറിന്റെ ചെലവ് കുറയ്ക്കേണ്ടിവരും. ആ പണിയാണ് ഇപ്പോള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തൊഴിലുറപ്പ് മുതല്‍ സ്വച്ഛ്ഭാരത് വരെയുള്ള പദ്ധതികള്‍ക്കുള്ള ചെലവ് വെട്ടിക്കുറച്ചുവെന്നാണ് വിവരം. ഇതിന് പുറകെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട വിഹിതം കുറയ്ക്കുന്നതും വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതത്തില്‍ വരുത്തുന്ന കുറവും. ഇവ്വിധം ചെലവ് കുറയ്ക്കുമ്പോള്‍ വിപണിയിലേക്കുള്ള പണമൊഴുക്ക് കുറയുകയാണ് ചെയ്യുക. അങ്ങനെ കുറയുമ്പോള്‍ ജനങ്ങളുടെ ക്രയവിക്രയ ശേഷി വീണ്ടും കുറയും. തൊഴിലുറപ്പ് പദ്ധതി ഉദാഹരണമായി എടുക്കാം. അതിലേക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമ്പോള്‍ ഗ്രാമീണ ജനങ്ങളുടെ കൈവശം എത്തേണ്ട പണം എത്താതെ പോകും. അതവരുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. ഗ്രാമീണ കമ്പോളങ്ങളില്‍ ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കും. അവിടേക്ക് ഉത്പന്നങ്ങള്‍ എത്തിക്കേണ്ടവര്‍ ഉത്പാദനം കുറയ്ക്കും. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കുമ്പോഴും സംഭവിക്കുക ഇതു തന്നെയാണ്. വില്‍പ്പന കുറയുമ്പോള്‍ നികുതി ഇനത്തില്‍ ഖജനാവിലേക്ക് എത്തേണ്ട തുക കുറയും. അങ്ങനെ സര്‍ക്കാരിന്റെ വരുമാനം കുറഞ്ഞാല്‍ ധനക്കമ്മി സ്വാഭാവികമായി ഉയരും. ധനക്കമ്മി വീണ്ടുമുയര്‍ന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് കടമെടുക്കാവുന്ന തുക കുറയും. വരുമാനം കുറയുകയും കടമെടുക്കാവുന്ന തുക കുറയുകയും ചെയ്താല്‍ വിവിധ പദ്ധതികളിലേക്ക് സര്‍ക്കാരിന് ഒഴുക്കാവുന്ന പണത്തിന്റെ തോതും കുറയും. കൂടുതല്‍ മാന്ദ്യത്തിലേക്ക് സമ്പദ്വ്യവസ്ഥ നീങ്ങുകയും ചെയ്യും.

ഇതിങ്ങനെയൊരു ചാക്രിക പ്രക്രിയയിലേക്ക് നീങ്ങുന്നുവെന്നതു കൊണ്ടാണ് സമ്പദ്വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത് ഘടനാപരമായ പ്രശ്നങ്ങളാണ് എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഏതാണ്ടെല്ലാം പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതായിരുന്നുവെന്നതാണ് വിചിത്രം. ഉത്തേജക പാക്കേജുകളുടെ ഭാഗമായി കുത്തക കമ്പനികളുടെ നികുതിയില്‍ വരുത്തിയ പരിഷ്‌കാരം വഴി ഖജനാവിന് നഷ്ടമായത് 1.45 ലക്ഷം കോടി രൂപയാണ്. ഇതടക്കമാണ് ഇക്കുറി പ്രത്യക്ഷ നികുതി വരുമാനത്തിലുണ്ടാകുന്ന ഇടിവ്. ജി എസ് ടി നടപ്പാക്കിയതിലെ പാളിച്ചകളും നോട്ട് പിന്‍വലിക്കലുണ്ടാക്കിയ ആഘാതവും മൂലം വരുമാനം സ്വാഭാവികമായി ഇടിയുന്നത് ശ്രദ്ധയിലുണ്ടായിരിക്കേ തന്നെയാണ്, ഉത്തേജക പാക്കേജിന്റെ പേരില്‍ വരുമാനം കൂടുതല്‍ ഇടിക്കാന്‍ പാകത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്.
വരുമാനം വര്‍ധിക്കാതെ, കൂടുതല്‍ പണം ചെലവഴിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. അതുണ്ടാകാത്തിടത്തോളം വിപണികളിലേക്ക് പണമെത്തില്ല. അങ്ങനെ പണമെത്താതിരുന്നാല്‍ അത് സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപത്തെയും ബാധിക്കും. കുത്തക കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കി ഏതാണ്ട് മൂന്നുമാസം പിന്നിടുമ്പോഴും രാജ്യത്തെ സ്വകാര്യ നിക്ഷേപത്തിന്റെ തോത് ഉയരാത്തത് അതുകൊണ്ടാണ്. വിറ്റുപോകുമോ എന്ന് ഉറപ്പില്ലാതിരിക്കേ, നിക്ഷേപം നടത്താനും അതുവഴി ഉത്പാദനം വര്‍ധിപ്പിക്കാനും ലാഭം ലക്ഷ്യമിടുന്ന സ്വകാര്യ കമ്പനികള്‍ തയാറാകില്ല എന്നത് എല്ലാവര്‍ക്കും മനസ്സിലാകുന്ന ലളിതമായ കാര്യമാണ്. സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയുടെയും നിക്ഷേപം വര്‍ധിക്കാതെ രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുമില്ല. സാമൂഹിക സാഹചര്യം സംഘര്‍ഷാത്മകമായി നിലനില്‍ക്കുക കൂടിയാകുമ്പോള്‍ സ്വകാര്യ നിക്ഷേപകര്‍ കൂടുതല്‍ പിന്നാക്കം നില്‍ക്കുകയും ചെയ്യും.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് തുടക്കമിട്ടത് അമേരിക്കയിലെ ബാങ്കിങ് മേഖലയിലുണ്ടായ തകര്‍ച്ചയാണ്. അന്ന് പിടിച്ചുനിന്ന സമ്പദ്വ്യവസ്ഥകളിലൊന്ന് ഇന്ത്യയായിരുന്നു. ബാങ്കുകളുള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളെ ഫലപ്രദമായി ഉപയോഗിച്ചും സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിച്ചും വിപണിയെ സജീവമാക്കി നിര്‍ത്തുകയുമാണ് അന്ന് ധനമന്ത്രാലയം ചെയതത്. അമേരിക്കയില്‍ ആരംഭിച്ച് ഇതര രാജ്യങ്ങളിലേക്ക് വ്യാപിച്ച മാന്ദ്യത്തില്‍ നിന്ന് ഭിന്നമാണ്, ഇപ്പോഴത്തെ സാഹചര്യം. മാന്ദ്യത്തിന്റെ തുടക്കക്കാരായി ലോകത്തെ ഏറ്റവും വലിയ കമ്പോളങ്ങളിലൊന്നായ ഇന്ത്യ മാറി. അതിന്റെ കാരണം മനസ്സിലാക്കി ചികിത്സിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്നുമില്ല.
ആഗോള മാന്ദ്യത്തെ മറികടക്കാന്‍ രാജ്യത്തെ സഹായിച്ച പൊതുമേഖലയിലേതുള്‍പ്പെടെയുള്ള ബാങ്കുകളൊക്കെ ഇന്ന് കിട്ടാക്കടം കൊണ്ട് വലയുകയാണ്. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ പാകത്തില്‍ എന്തെങ്കിലും ചെയ്യാന്‍ ബാങ്കുകള്‍ക്ക് സാധിക്കുന്നില്ല. ആ വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകളെ പിന്തുണയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറുമല്ല. തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നതിന് തത്കാലം മൊറട്ടോറിയം ഏര്‍പ്പെടുത്തി കിട്ടാക്കടത്തിന്റെ വലുപ്പം വര്‍ധിക്കാതെ നോക്കുകയാണ് സര്‍ക്കാര്‍. മൊറട്ടോറിയം നടപ്പ് സാമ്പത്തിക വര്‍ഷാവസനത്തില്‍ ഇല്ലാതാകുന്നതോടെ കിട്ടാക്കടത്തിന്റെ തോത് വീണ്ടും വര്‍ധിക്കും. അതോടെ വായ്പകള്‍ അനുവദിക്കുന്നതിന് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. അതോടെ ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം ഇനിയും കൂടുമെന്ന് തന്നെ കരുതണം.
എളുപ്പത്തില്‍ മറികടക്കാവുന്ന പ്രതിസന്ധിയല്ല രാജ്യം നേരിടുന്നത്. അതങ്ങനെ തുടരണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നുണ്ടോ എന്നു പോലും സംശയിക്കേണ്ട സ്ഥിതി. ഇത്തരം പ്രതിസന്ധികള്‍ മൂലം ജനങ്ങളില്‍ വളര്‍ന്നുവരുന്ന അതൃപ്തി, സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചേക്കാം. വര്‍ഗീയ വിഭജനത്തിന്റെ ആഴം കൂട്ടാനുള്ള ശ്രമങ്ങളെത്തുടര്‍ന്നുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും പരിധിവിട്ട് വളരാന്‍ ജനങ്ങളുടെ അതൃപ്തി കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ അതും രാഷ്ട്രീയമായി ഉപയോഗിക്കാനാകുമെന്ന് കരുതുന്നുണ്ടാകുമോ നമ്മുടെ ഭരണകൂടം. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കി പ്രതികരിക്കാന്‍ ഭരണകൂടം തയാറാകാതിരിക്കേ, ഈ സാധ്യതയും തള്ളിക്കളയാനാകില്ല.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login