വിണ്ടുപൊട്ടിയ കാലുകള്‍ നിങ്ങള്‍ക്ക് ഓര്‍ക്കാമായിരുന്നു

വിണ്ടുപൊട്ടിയ കാലുകള്‍ നിങ്ങള്‍ക്ക് ഓര്‍ക്കാമായിരുന്നു

എങ്ങോട്ടാണ് നിര്‍മലാ സീതാരാമനും മോഡിയും ഇന്ത്യയെ കൊണ്ടുപോകുന്നത്? ഈ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, നാല്പത്തി അഞ്ചു വര്‍ഷത്തെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുമ്പോള്‍, ഗ്ലോബല്‍ ഹംഗര്‍(Global Hunger) റിപ്പോര്‍ട്ടില്‍ ഇന്ത്യ, 102 മത്തെ സ്ഥാനവുമായി നാണക്കേടിന്റെ പരകോടിയില്‍ നില്‍ക്കുമ്പോള്‍, ഇന്നാട്ടിലെ ഏറ്റവും ദരിദ്രരോട്, ഗ്രാമീണരോട്, ആത്മഹത്യയുടെ മുനമ്പില്‍ നില്ക്കുന്ന കര്‍ഷകരോട് എന്താണ് നിര്‍മലാ സീതാരാമന്‍ നിങ്ങള്‍ പറയുന്നത്?

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് എന്നും ഗ്രാമങ്ങളാണ്. സാമ്പത്തിക മാന്ദ്യം പാടെ തളര്‍ത്തിക്കളഞ്ഞ, ചൈതന്യം നഷ്ടപ്പെട്ട, തൊഴിലവസരങ്ങളില്ലാത്ത, നിത്യോപയോഗസാധനങ്ങള്‍ പോലും വാങ്ങാന്‍ പണമില്ലാത്ത കോടിക്കണക്കിനു ഗ്രാമീണര്‍ക്ക് ഭക്ഷ്യസബ്‌സിഡി എന്നും ആശ്വാസമായിരുന്നു. കഴിഞ്ഞ ബജറ്റില്‍, ഏകദേശം 1.84 ലക്ഷം കോടി രൂപ ഭക്ഷ്യസബ്‌സിഡിക്കായി നീക്കിവെച്ചുവെങ്കില്‍, ഈ ബജറ്റില്‍, മുകളില്‍ സൂചിപ്പിച്ച ഏറ്റവും ഭീതിദമായ അതിലേറെ സങ്കടകരമായ സാമ്പത്തിക അവസ്ഥയിലും, അത് വെറും 1.16 ലക്ഷം കോടി രൂപയായി കുറച്ചിരിക്കുന്നു. എന്തൊരു വൈരുധ്യമാണിത്. ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തെ പതുക്കെ പതുക്കെ ദയാവധത്തിന് വിധേയമാക്കും എന്ന് ഉറപ്പായി. തീര്‍ന്നില്ല, രാസവള സബ്‌സിഡി 80,000 കോടിയില്‍ നിന്ന് 71300 കോടി രൂപയായി കുറച്ചു. അതോടൊപ്പം, മിനിമം സപ്പോര്‍ട്ട് പ്രൈസ് ഇനിയും ഒരുപാട് ചുരുങ്ങും എന്ന സൂചനയും. പതിനായിരക്കണക്കിനു കര്‍ഷകരാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി നമ്മുടെ നാട്ടില്‍ ആത്മഹത്യ ചെയുന്നത്. ലക്ഷക്കണക്കിന് കര്‍ഷകര്‍, കൃഷിഭൂമി കിട്ടിയ വിലക്ക് വിറ്റ്, നഗരങ്ങളിലേക്ക് കുടിയേറി കൂലിപ്പണി അന്വേഷിക്കുന്നു. ഈ സാഹചര്യത്തിലാണ്, അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആയ ഭക്ഷ്യ-രാസവള സബ്‌സിഡിയും, മിനിമം സപ്പോര്‍ട്ട് പ്രൈസും കൂടി ചുരുക്കി ചുരുക്കി കാര്‍ഷിക മേഖലയെ കൊല്ലാന്‍ ശ്രമിക്കുന്നത്. മരണം വിധിക്കപ്പെട്ട രോഗിക്ക് മരുന്ന്‌കൊടുക്കാതെ, പകരം ഐ ഫോണും വിലകൂടിയ വസ്ത്രങ്ങളും വാങ്ങിക്കൊടുക്കാന്‍ തീരുമാനിക്കുന്നത് പോലെയാണ് അവരുടെ 16 ഇന പദ്ധതി.

തമാശ തീരുന്നില്ല. കൃഷി, ജലസേചനം, ഗ്രാമീണ വികസനം എന്നിവയ്ക്കായി നീക്കിവെച്ചത് 2.83 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇത് 2.68 ലക്ഷം കോടിരൂപയായിരുന്നു. ഈ നേരിയ വര്‍ദ്ധന മാത്രം വെച്ച്, നിര്‍മലാ സീതാരാമന്‍ പ്രതീക്ഷിക്കുന്നത് 2022 ആകുമ്പോള്‍ കാര്‍ഷികവരുമാനം ഇരട്ടി ആക്കുമെന്ന്! വാര്‍ഷിക വളര്‍ച്ചാനിരക്ക് ഏകദേശം 10.4 ശതമാനം എങ്കിലും ഉണ്ടെങ്കില്‍ മാത്രമേ കാര്‍ഷികവരുമാനം ഇരട്ടി ആകാനുള്ള വിദൂരസാധ്യത എങ്കിലും നമുക്ക് പ്രവചിക്കാന്‍ കഴിയൂ. കഴിഞ്ഞ മൂന്നു കൊല്ലമായി എത്രയാണ് കാര്‍ഷിക വളര്‍ച്ചാനിരക്ക് എന്നറിയേണ്ടേ? 3.9 ശതമാനം. ആരെയാണ് ഇവര്‍ പറ്റിക്കുന്നത്? ആരാണ് ഇവരുടെ ഉപദേശകര്‍?

അതേസമയം, ഇവരുടെ താല്പര്യങ്ങള്‍ കൂടി നോക്കുക. സര്‍വേ, സെന്‍സസ് തുടങ്ങിയവയ്ക്ക് 2019-2020 ല്‍ 623 കോടി രൂപ യാണ് മാറ്റിവെച്ചതെങ്കില്‍ ഇത്തവണ അത് എത്രയെന്നോ? 4568 കോടി രൂപ!
ഇനി തൊഴിലുറപ്പ് പദ്ധതി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍, ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് ഏറ്റവും ആശ്വാസം തൊഴിലുറപ്പ് ആയിരുന്നു. അവരുടെ ലൈഫ് ലൈന്‍. എന്നാല്‍, എങ്ങനെയാണ് മോഡിയും നിര്‍മലാ സീതാരാമനും ഈ പദ്ധതിയെ നശിപ്പിക്കുന്നതെന്ന് കാണുക. കഴിഞ്ഞ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 71,001 കോടി നീക്കിവെച്ചത്, ഈ വര്‍ഷം 61,500 കോടിയായി വെട്ടിച്ചുരുക്കി. ഇന്ത്യയിലെ പകുതിയില്‍ അധികം വരുന്ന ഗ്രാമീണ ജനത ഭൂമിയോ, സ്ഥിരജോലിയോ ഇല്ലാത്ത കൂലിപ്പണിക്കാര്‍ മാത്രമാണ്. തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതോടെ അവരുടെ സ്ഥിതി അങ്ങേയറ്റം ദയനീയമാണ്. Distress migration തടയുന്ന ഏറ്റവും ഫലപ്രദമായ പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി. ഈ പദ്ധതിയെ ഇന്നത്തെ സ്ഥിതിയില്‍ നിലനിര്‍ത്തണമെങ്കില്‍ തന്നെ ഏറ്റവും കുറഞ്ഞത് 85,927 കോടി ആവശ്യമാണ്. അവിടെയാണ്, വെട്ടിച്ചുരുക്കി അത് 61,500 കോടി ആക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 25% വര്‍ധനവ് ആണ് ഉണ്ടായത് എന്നുകൂടി ചേര്‍ത്ത് വായിക്കണം. മന്ത്രി നരേന്ദ്ര സിംഗ് തോമാര്‍ ലോകസഭയില്‍ പറഞ്ഞത് 2014-15ഇല്‍ 6.22 കോടി ആളുകള്‍ ആണ് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തതെങ്കില്‍ , 2018-19 ആയപ്പോള്‍ അത് 7.77 കോടി ആയി വര്‍ധിച്ചു എന്നാണ്. മിക്കവാറും സംസ്ഥാനങ്ങളില്‍ മിനിമം കൂലി തൊഴിലുറപ്പ് പദ്ധതിയേക്കാള്‍ കൂടുതല്‍ ആണ്. എന്നിട്ടും, തൊഴിലുറപ്പിനെ ഇത്രയധികം ജനങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വന്നുവെങ്കില്‍ അതിനര്‍ത്ഥം ഇതാണ്: ഗ്രാമങ്ങളില്‍ മറ്റു തൊഴിലവസരങ്ങള്‍ തീരെ ഇല്ല. ജനങ്ങള്‍ക്ക് ഏക ആശ്രയം യു പി എ കൊണ്ടുവന്ന തൊഴിലുറപ്പ് മാത്രമായിരുന്നു. ഇതില്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷമായി 271.96 ലക്ഷം ഗുണഭോക്താക്കള്‍ പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ആയിരുന്നു. ചുരുക്കത്തില്‍, അച്ചാദിന്‍ എന്നും പറഞ്ഞു അധികാരത്തില്‍ കയറിയവര്‍ ധ്രുവീകരണ രാഷ്ട്രീയത്തിലേക്കും, അപരവല്‍ക്കരണത്തിലേക്കും കളം മാറ്റി ചവിട്ടിയപ്പോള്‍, ഇന്ത്യയിലെ ദരിദ്രന്റെ ലൈഫ് ലൈന്‍ ആയിരുന്നു തൊഴിലുറപ്പ് പദ്ധതി. അതിന്റെ കടക്കല്‍ കത്തി വെക്കുന്നതോടെ ഗ്രാമീണമേഖലയുടെ തകര്‍ച്ച സമ്പൂര്‍ണമാകും.
നിര്‍മലാ സീതാരാമന്‍, വേദനയോടെ പറയട്ടെ: ഇത്രയും ദിശാബോധമില്ലാത്ത, ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥയിലെ ഘടനാപരമായ സങ്കീര്‍ണതകളെക്കുറിച്ചു ഒരു ധാരണയും ഇല്ലാത്ത, വൈരുധ്യങ്ങളും വാചാടോപങ്ങളും ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളും മാത്രം നിറഞ്ഞ ഒരു ബജറ്റ് ഈ സന്ദിഗ്ധഘട്ടത്തില്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ല. കരുണയുടെ ഉറവ എന്നോ വറ്റിപ്പോയ ഒരു കോര്‍പ്പറേറ്റ് entity യെ പോലെ ഇന്ത്യയുടെ ധനകാര്യമന്ത്രി പെരുമാറാന്‍ പാടില്ലായിരുന്നു. ഒരു ജനാധിപത്യരാജ്യത്തിന്റെ ധനകാര്യമന്ത്രിയാണ് നിങ്ങള്‍. ഒരു സ്വകാര്യസ്ഥാപനത്തിന്റെ സി ഇ ഒ അല്ല. ഒന്നുമില്ലെങ്കില്‍, എല്ലാ ദുരിതങ്ങളും മറന്നു, രാജ്യസ്‌നേഹത്തിന്റെ പേരില്‍ നിങ്ങളെ തന്നെ വോട്ടു ചെയ്തു ജയിപ്പിച്ച ആ സാധുക്കളുടെ ദൈന്യത നിറഞ്ഞ മുഖമോ, വിണ്ടു പൊട്ടിയ കാലുകളോ ഒരിക്കലെങ്കിലും ഓര്‍ക്കാമായിരുന്നില്ലേ മാഡം നിര്‍മലാ സീതാരാമന്‍?

സുധാ മേനോന്‍

എങ്ങോട്ടാണ് നിർമലാ സീതാരാമനും മോദിയും, ഇന്ത്യയെ കൊണ്ടുപോകുന്നത്? ഈ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ…

Posted by Sudha Menon on Saturday, February 1, 2020

You must be logged in to post a comment Login