തെരുവുകളിലേക്ക് തന്നെയാണ് നിര്‍മല സീതാരാമനും ക്ഷണിക്കുന്നത്

തെരുവുകളിലേക്ക് തന്നെയാണ് നിര്‍മല സീതാരാമനും ക്ഷണിക്കുന്നത്

എങ്ങനെയാണ് ജര്‍മന്‍ നാസിസം നിലം പൊത്തിയത്? ഉത്തരങ്ങള്‍ പലതാണ്. അമിതാധികാര പ്രമത്തതയോടും ഭയാനകമായ ഹിംസയോടുമുള്ള ജനതയുടെ പ്രതിഷേധം ഒരു കാരണമാണ്. മറ്റെല്ലാ സമഗ്രാധിപത്യങ്ങളോടുമെന്നപോലെ സര്‍വകലാശാലകളായിരുന്നു ആ പ്രതിഷേധത്തിന്റെ ഒരു ചാലകം. രണ്ടാമതായി എണ്ണപ്പെട്ട ഒന്ന് ഫാഷിസത്തിനെതിരില്‍ ലോകത്ത് പ്രബലമായിത്തീര്‍ന്ന സായുധ ചേരിയുടെ ഇടപെടലാണ്. ജര്‍മനിയിലെയും ലോകത്തെയും ഉന്നത ധിഷണകള്‍ നാസിസത്തിന്റെ പിളര്‍പ്പന്‍ നയങ്ങളെ തുറന്നുകാട്ടിയതാണ് മറ്റൊരു കാരണം. എന്നാല്‍ ഈ ഇടപെടലുകള്‍, സര്‍വകലാശാലകളുടെ ആയാലും ബുദ്ധിജീവിതങ്ങളുടെ ആയാലും ഫാഷിസ്റ്റ് വിരുദ്ധ ചേരിയുടെ ആയാലും ജര്‍മനിയിലെ സാധാരണ ജനതയുടെ പിന്തുണക്ക് എങ്ങനെ പാത്രീഭൂതമായി എന്നത് സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ സൂക്ഷ്മ വിശകലനം ആവശ്യപ്പെടുന്ന ഒരു പ്രമേയമാണ്. കാരണം, ദേശീയതയെ ജ്വലിപ്പിച്ചാണ് ഹിറ്റ്ലര്‍ നാസിസത്തിന്റെ അടിക്കല്ല് പാകിയത്. ജര്‍മന്‍ ദേശീയത എന്ന ചരിത്രപരമായി സാധുത ഇല്ലാത്ത ഒന്നിനെ അയാള്‍ ഉറപ്പിച്ചെടുത്തു. ചരിത്രം, ശാസ്ത്രം തുടങ്ങി സര്‍വ ജ്ഞാനമേഖലകളെയും ഈ ഉറപ്പിക്കലിനായി ഹിറ്റ്ലര്‍ ഉപയോഗിച്ചു. വിഭാഗീയതയുടെ വിഷവിത്തുകള്‍ മുളപ്പിച്ചു. അങ്ങനെ അയാള്‍ ജര്‍മനിയിലെ ജനപ്രിയനായി. വേഷഭൂഷാദികളും ഗീബല്‍സുമാരും ചേര്‍ന്ന് ഒരുക്കിയ ബിംബം ആ ജനപ്രിയതക്ക് അരക്കായി. ഇങ്ങനെ ജര്‍മനിയിലെമ്പാടും ആഴത്തില്‍ പരന്നൊഴുകിയ വിഭാഗീയതയുടെയും ദേശാഭിമാനത്തിന്റെയും പ്രവാഹത്തെ, മധ്യവര്‍ഗത്തിനിടയില്‍ നിന്ന് മാത്രം മുളച്ച് പൊന്തിയ പ്രതിഷേധങ്ങള്‍ക്ക് എങ്ങനെയാണ് സ്വാധീനിക്കാന്‍ കഴിഞ്ഞത്? വ്യാജമെങ്കിലും വിശ്വസനീയമായി സൃഷ്ടിക്കപ്പെട്ട ദേശാഭിമാന ബോധത്താല്‍ വിജൃംഭിതരായിരുന്ന ജര്‍മന്‍ ജനത എങ്ങിനെയാണ് ആ അഭിമാനത്തിന്റെ കാവല്‍ക്കാര്‍ എന്ന് വാഴ്ത്തിയ ഭരണകൂടത്തെ വെറുത്തത്? ജൂതരോടുള്ള വെറുപ്പിനെ തിളപ്പിച്ച് നിര്‍ത്തിയ മഹാഭൂരിപക്ഷം ജര്‍മന്‍കാര്‍ ആ വെറുപ്പിന്റെ കുശിനിക്കാരനെ വെറുക്കാന്‍ കാരണമെന്ത്?
ഫാഷിസം പോലെ സങ്കീര്‍ണമല്ല അതിന്റെ ഒരു ഉത്തരം. ലെബെന്‍സ്റം എന്ന നയത്തില്‍ ചുറ്റി ജര്‍മന്‍കാരുടെ ജീവിതം വഴിമുട്ടി. ലെബെന്‍സ്റം എന്നാല്‍ അക്രാമകമായ സൈനികവല്‍കരണമാണ്. നാസിസത്തിനെതിരില്‍ ഉയരാവുന്ന പ്രതിഷേധങ്ങളെ സൈനിക ശക്തിയുടെയും യുദ്ധോല്‍സുകതയുടെയും പുളപ്പില്‍ മറികടക്കാമെന്ന് ഹിറ്റ്ലറും കൂട്ടരും കണക്കുകൂട്ടി. ഫലം, ജര്‍മന്‍ സാമ്പത്തിക രംഗം ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളാല്‍ തകര്‍ന്നു. ലോകത്തെ ഏറ്റവും ചെലവേറിയ ഭരണക്രമം എന്ന് നാസിസത്തിന് വിളിപ്പേര് കിട്ടി. സമാനമായ കാര്യങ്ങള്‍ ഇറ്റലിയിലും സംഭവിച്ചിരുന്നു. വരവും ചെലവും തമ്മിലെ ഭീമമായ അന്തരം ജര്‍മന്‍ സമ്പദ്വ്യവസ്ഥയെ പടുകുഴിയിലാക്കി. സമാധാനകാലത്തെ ഏറ്റവും വലിയ സൈനികച്ചെലവിന്റെ റെക്കോര്‍ഡ് ജര്‍മനി സ്വന്തം പേരിലെഴുതി. ശവപ്പെട്ടിയിലെ ആണികളിലൊന്നായി ആ റെക്കോര്‍ഡ് തുരുമ്പെടുത്ത് നിന്നു. ജര്‍മനിയുടെ സാമ്പത്തിക ഗതിയെ വിമര്‍ശിച്ച ജര്‍മന്‍ സാമ്പത്തിക ശാസ്ത്രജ്ഞരെ അറുപിശുക്കന്‍മാര്‍ എന്ന് പരിഹസിച്ചു ഹിറ്റ്ലറുടെ വലംകൈ ജോസഫ് ഗീബല്‍സ്. ജര്‍മനിയുടെ കടപ്പത്രങ്ങള്‍ക്ക് കടലാസിന്റെ വിലയില്ലാതായി. അയല്‍ രാജ്യങ്ങളെ കീഴ്പ്പെടുത്തി അവിടത്തെ വിഭവശേഷികൊണ്ട് ജര്‍മനിയെ കരകയറ്റാം എന്ന മണ്ടന്‍ വിശ്വാസത്തില്‍ അഭിരമിച്ചു ഹിറ്റ്ലര്‍. ഈ നയങ്ങളെ താങ്ങിനിര്‍ത്താനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും വേണ്ട ഭരണസംവിധാനങ്ങള്‍ക്കായി പണമൊഴുക്കി. മഹാമാന്ദ്യത്തിന്റെ നാളുകളില്‍ പോലും അറച്ചറച്ച് സ്വകാര്യവല്‍കരണത്തെ പുല്‍കിയ ചരിത്രമായിരുന്നു ജര്‍മനിയുടേത്. ആ ചരിത്രം ഹിറ്റ്ലര്‍ കടപുഴക്കി. നാസി ഭരണകൂടത്തിന്റെ ആദ്യത്തെയും അവസാനത്തെയും ലക്ഷ്യമായി സ്വകാര്യവല്‍കരണം മാറി. ബാങ്കുകള്‍, കപ്പല്‍ശാലകള്‍, റെയില്‍വേ, കപ്പല്‍പാതകള്‍, നമ്മുടെ ബി എസ് എന്‍ എല്ലും എയര്‍ ഇന്ത്യയുംപോലെ ജര്‍മനിയില്‍ അന്നുണ്ടായിരുന്ന പൊതുക്ഷേമ സ്ഥാപനങ്ങള്‍ എല്ലാം വിറ്റഴിച്ചു, അഥവാ സ്വകാര്യവല്‍കരിച്ചു. സാധ്യമാകുന്നിടത്തെല്ലാം സ്വകാര്യവല്‍കരണം എന്നതായി ജര്‍മന്‍ ഭരണകൂടത്തിന്റെ നയം. കോര്‍പറേറ്റുകളാണ് ഫാഷിസത്തിലെ പ്രഥമപൗരന്‍മാര്‍ എന്ന് ഇന്ന് നമുക്ക് അറിയാവുന്ന കാര്യം മുപ്പതുകളില്‍ ജര്‍മന്‍ ജനത അറിഞ്ഞു. സൈനിക രംഗമൊഴികെ എല്ലാം ഒന്നൊന്നായി വിറ്റഴിച്ചു. ഷാല്‍മാര്‍ ഷാഷ്റ്റ് (Hjalmar Schacht) എന്ന ധനകാര്യ മന്ത്രി കൂടെ നിന്നു. ഹിറ്റ്ലറോട് സംശയാലുവായിരുന്നു ഷാഷ്റ്റ് എന്ന് പില്‍ക്കാലം വെളിപ്പെടുത്തി. നമ്മുടെ നിര്‍മലാ സീതാരാമനെപ്പോലെ ധനശാസ്ത്രം സര്‍വകലാശാലയില്‍ നിന്ന് പഠിച്ചയാളായിരുന്നു ഷാഷ്റ്റും. പക്ഷേ, ഹിറ്റ്ലറായിരുന്നു ജര്‍മനി. ഗീബല്‍സായിരുന്നു ജര്‍മനിയുടെ സത്യം. ഹിറ്റ്ലര്‍, ഗീബല്‍സ് എന്നീ ഭയാനക ദിനോസറുകള്‍ വാഴുന്ന ജുറാസിക് പാര്‍ക്കായിരുന്നു അക്കാല ജര്‍മനി. വമ്പന്‍ വ്യാപാരികളെ മാത്രം ഹിറ്റ്ലര്‍ മുഖവിലക്കെടുത്തു. കച്ചവടത്തിന് മെച്ചം ഏകാധിപത്യമാണെന്ന് അറിയാവുന്ന കച്ചവടക്കാര്‍ ആദ്യഘട്ടത്തില്‍ നാസിപാര്‍ട്ടിക്ക് പണമൊഴുക്കി. ആ പണം കൊണ്ടുകൂടിയാണ് നാസികള്‍ ഭരണം പിടിച്ചത്. നിരവധി വമ്പന്‍ ബിസിനസുകാര്‍ ഹിറ്റ്ലറുടെ ഇടംവലം വിരാജിച്ചു. ചെറിയ സമ്പന്നര്‍ അടിമുടി പൊളിഞ്ഞു. വന്‍കിടക്കാര്‍ അവരെ വിഴുങ്ങി. ഐ ജി ഫാര്‍ബനെപ്പോലുള്ള വന്‍കിട കെമിക്കല്‍ കമ്പനികള്‍ ഇന്ത്യക്ക് ഇന്ന് പരിചിതരായ അദാനിയെപ്പോലെയും അംബാനിയെപ്പോലെയും പടര്‍ന്നു പന്തലിച്ചു. ഡ്യൂഷേ ബാങ്ക് ഹിറ്റ്ലറുടെ കൈത്താങ്ങില്‍ അക്കാലത്ത് ലോകം വാണു.

അപരവിദ്വേഷവും അടിത്തട്ടിനോടുള്ള കഠിനമായ വെറുപ്പുമായിരുന്നല്ലോ നാസിസത്തിന്റെ മുഖമുദ്ര. അവര്‍ വംശശുദ്ധിയില്‍ മാത്രം വിശ്വസിച്ചവരാണല്ലോ. വംശശുദ്ധിയെന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സവര്‍ണത എന്ന് വായിക്കാം. ശൂദ്രര്‍ മനുഷ്യരല്ലെന്ന് കാണുന്ന മനുസ്മൃതി വായിച്ചാല്‍ വംശശുദ്ധി എന്ന പ്രമേയം നിങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ എളുപ്പം മനസിലാക്കാം. സവര്‍ണതയിലും അതിന്റെ പാരമ്പര്യഘോഷണത്തിലും മാത്രമാണ് നാസികള്‍ വിശ്വസിച്ചത്. അതായിരുന്നു അവരുടെ സാമൂഹ്യ നയം. അവര്‍ണരോടുള്ള അയിത്തമാണല്ലോ സവര്‍ണതയുടെ മുഖമുദ്ര. പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്ന അയ്യങ്കാളിയുടെ പ്രഖ്യാപനം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. മാനവരാശിയുടെ ചരിത്രം അല്ലെങ്കിലും എല്ലായിടങ്ങളിലും പലതരത്തില്‍ സമാനമായ സന്ദര്‍ഭങ്ങളെ ഉള്‍വഹിക്കുന്നുണ്ടല്ലോ? അവര്‍ണരായ കുട്ടികളെ പഠിപ്പിക്കില്ല എന്ന് തിരുവനന്തപുരത്തെ സവര്‍ണരായ അധ്യാപകര്‍ തീരുമാനിച്ചപ്പോഴാണ് പഠിപ്പിച്ചില്ലെങ്കില്‍ പാടം തരിശിടും എന്ന് അയ്യങ്കാളി പ്രസ്താവിച്ചത.് ജര്‍മനിയിലും സവര്‍ണത അഥവാ വംശശുദ്ധിവാദം ആയിരുന്നു രാഷ്ട്രീയം. ഹിന്ദുത്വയുടെ അടിത്തറ സവര്‍ണതയും അതില്‍ത്തന്നെ ബ്രാഹ്മണ്യവുമാണെന്നപോലെ ജര്‍മനിയിലെ നാസിസം ആര്യന്‍ വംശശുദ്ധിയെ രാഷ്ട്രഭാഷയാക്കി.
ഇങ്ങനെ സവര്‍ണോന്‍മുഖമായിത്തീരുന്ന ഒരു ഭരണക്രമത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളില്‍ നിന്ന് ആദ്യം പുറത്താവുക സാമൂഹിക ക്ഷേമം എന്ന സങ്കല്‍പനമാണ്. നാസികള്‍ സാമൂഹിക ക്ഷേമം എന്ന സങ്കല്‍പത്തോട് വെറുപ്പുള്ളവരായിരുന്നു. നാസിജര്‍മനിയിലെ ബജറ്റിംഗില്‍ അത് പ്രതിഫലിച്ചു. സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്ന് അവര്‍ പിന്‍മാറി. ദുര്‍ബലരെ ശക്തിപ്പെടുത്തുക എന്നതാണല്ലോ സാമൂഹിക ക്ഷേമത്തിന്റെ അര്‍ഥം. ദുര്‍ബലര്‍ തങ്ങളുടെ റിപ്പബ്ലിക്കില്‍ മായ്ചുകളയേണ്ടവരാണെന്ന് അവര്‍ വിശ്വസിച്ചു. ദുര്‍ബലര്‍ കീഴ്പ്പെട്ട് ജീവിക്കണം എന്ന് വിശ്വസിക്കുന്ന ഏത് ഭരണ പ്രത്യയശാസ്ത്രവും ആദ്യം റദ്ദാക്കുക സാമൂഹിക ക്ഷേമം എന്ന ആശയത്തെ ആണ്. ഇന്ത്യയിലായാലും എവിടെ ആയാലും. ജര്‍മനിയുടെ മുപ്പതുകളില്‍ അതാണ് സംഭവിച്ചത്. മുപ്പതുകളില്‍ ലോകമാകെ പടര്‍ന്ന മഹാമാന്ദ്യം സൃഷ്ടിച്ച കടുത്ത തൊഴിലില്ലായ്മ ജര്‍മനിയിലുമുണ്ടായിരുന്നു. അതിനെ പരിഹരിക്കാനുതകുന്ന ഒന്നും നാസികള്‍ ചെയ്തില്ല. തൊഴില്‍ നഷ്ടമാകുന്ന ശുദ്ധരക്തക്കാര്‍ക്ക് ചില ചാരിറ്റികള്‍ അല്ലാതെ ഒന്നും ചെയ്തില്ല. ഫലം, തൊഴിലില്ലായ്മ ജര്‍മനിയെ മാരകമായി പൊതിഞ്ഞു. ജര്‍മന്‍ ജീവിതത്തിന്റെ അടിവേരിളകി. എല്ലാത്തരം തൊഴില്‍ സമരങ്ങളെയും നാസികള്‍ ശത്രുതയോടെ സമീപിച്ചു. തൊഴിലാളി സംഘടനകളെ നിരോധിച്ചു. പ്രതിഷേധങ്ങളുടെ മുനകള്‍ നിരോധനം കൊണ്ട് ഒടിച്ചുകളയാമെന്ന് അവര്‍ വ്യാമോഹിച്ചു. ജനങ്ങളില്‍ നികുതിഭാരം കൂട്ടാന്‍ അവര്‍ മടിച്ചില്ല. കോര്‍പറേറ്റുകളുടെ, ഇഷ്ടക്കാരായ കച്ചവട സാമ്രാട്ടുകളുടെ നികുതികള്‍ കൂട്ടമായി എഴുതിത്തള്ളി. നിയതമായ ഒരു സാമ്പത്തിക ദര്‍ശനത്തിന്റെ അഭാവം ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. രാഷ്ട്രം ആത്മീയമായ ഔന്നത്യം നേടുമ്പോള്‍ പുരോഗതി സ്വാഭാവികമായി സംഭവിക്കും എന്നാണ് അതിന്റെ അടിസ്ഥാന വിശ്വാസം. ഔന്നത്യം കൊണ്ട് അരി കിട്ടില്ല എന്ന് അറിയുന്ന നമുക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന സാമ്പത്തിക വിഢിത്തമായിരുന്നു എക്കാലത്തെയും ഫാഷിസ്റ്റുകളുടെ സാമ്പത്തിക ശാസ്ത്രം. ജര്‍മന്‍ ജനതക്കും അത് വൈകാതെ മനസിലായി.

സാമൂഹിക ക്ഷേമ പദ്ധതികളില്‍ നിന്നുള്ള പിന്‍വലിയല്‍ ജര്‍മന്‍ ജനതയുടെ ജീവിത നിലവാരത്തെ തകര്‍ത്തു. രൂക്ഷമായ തൊഴിലില്ലായ്മ അവരുടെ അന്നം മുട്ടിച്ചു. വ്യക്തമായ പദ്ധതികള്‍ ഇല്ലാതിരുന്നത് ഉല്‍പാദനം ദയനീയമായി താഴ്ത്തി. ഭൂതകാലരതിയും വംശമഹിമാവാദവും പടരുന്ന പട്ടിണിക്ക് മുന്നില്‍ അലിഞ്ഞുപോയി. വിശക്കുന്നവനില്‍ വിദ്വേഷമല്ല, വിശപ്പാണ് മുഴച്ചു നില്‍ക്കുക. വിദ്വേഷത്തിന്റെ വ്യാജ ഉരുളകള്‍ കൊണ്ട് ജനതയെ എക്കാലത്തേക്കും ഊട്ടാം എന്ന നാസി പദ്ധതി തകര്‍ന്നടിഞ്ഞു. നാസികള്‍ കടപുഴകി. ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു.

2014-ലാണ് ഒന്നാം മോഡി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അരുണ്‍ ജെയ്റ്റ്ലി ആയിരുന്നു ആദ്യ ധനമന്ത്രി. നാസി ജര്‍മനിയുമായി ഒരു സാമ്യവും മോഡിയുടെ അധികാര പ്രവേശനത്തിനില്ല. മോഡി ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റു. നാസികളും ഫാഷിസ്റ്റുകളും ജനാധിപത്യത്തെ വെറുത്തു. ജനാധിപത്യത്തിന് കമ്യൂണിസത്തിലേക്ക് വഴികളുണ്ടെന്നതായിരുന്നു അവരുടെ വെറുപ്പിന്റെ കാരണം. അതില്‍ വസ്തുത ഇല്ലാതില്ല. പക്ഷേ, ജനാധിപത്യത്തിന് മറ്റൊരു വാതിലുമുണ്ട്. അത് ഫാഷിസത്തിന്റേതാണ്. അതായത് ജനാധിപത്യത്തിന് കമ്യൂണിസത്തിലേക്കും ഫാഷിസത്തിലേക്കും ഒരേപോലെ വഴികള്‍ ഉണ്ടെന്ന് അര്‍ഥം. 2014 ജൂലായ് 14-ന് ജെയ്റ്റ്ലി ആദ്യ ബജറ്റ് അവതരിപ്പിച്ചു. ഒന്നാം മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഒഴികെ ജെയ്റ്റ്ലിയാണ് അവതരിപ്പിച്ചത്. രോഗബാധയെത്തുടര്‍ന്ന് വിട്ടുനിന്ന വര്‍ഷം പീയൂഷ് ഗോയലും. നിങ്ങള്‍ ഇന്ന് ഓര്‍മിക്കുന്നതുപോലെ നികുതിയിലായിരുന്നു ജെയ്റ്റ്ലിയുടെ കളി. നികുതിയില്‍ നിന്ന് ജെയ്റ്റ്ലി ജനപ്രിയതയുടെ വഴികള്‍ വെട്ടി. ആ ജനപ്രിയതയുടെ കാപട്യത്താല്‍ 2016 മുതല്‍ ഇന്ത്യന്‍ അടിസ്ഥാന വര്‍ഗം പൊള്ളിപ്പിടഞ്ഞത് ചരിത്രം. ആ പിടച്ചിലില്‍ നിന്നാണ് കര്‍ഷകര്‍ നഗരങ്ങളെ വളഞ്ഞത്. ആ കാപട്യത്തിന്റെ മറവിലാണ് നോട്ട് നിരോധിച്ചത്. സാമൂഹിക ക്ഷേമം എന്ന ജനാധിപത്യത്തില്‍ അനിവാര്യമായും വേണ്ട ഒന്നിനെ 2014 മുതല്‍ സമര്‍ഥമായി തകര്‍ത്തു മോഡി സര്‍ക്കാര്‍. ഗ്രാമീണ തൊഴിലുറപ്പിന്റെ പതനം ഓര്‍ക്കുക. കര്‍ഷകരുടെ നിത്യവരുമാനം നിലംപൊത്തിയതും അതേ കപടനയങ്ങളില്‍ തട്ടിയാണ്. എന്നാല്‍ ബജറ്റ് പ്രസംഗങ്ങളില്‍ കര്‍ഷകര്‍ ഇടമുറിയാതെ പ്രത്യക്ഷപ്പെട്ടു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രതിവര്‍ഷം ആവര്‍ത്തിക്കപ്പെട്ടു. ഒന്നും സംഭവിച്ചില്ല. എന്നിട്ടും വിജൃംഭിത ദേശീയതയുടെ ചിറകില്‍ അധികാരത്തിന് തുടര്‍ച്ച ലഭിച്ചു.

ജെയ്റ്റ്ലിയുടെ തനിത്തുടര്‍ച്ചയാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ധനമന്ത്രി നിര്‍മല സീതാരാമന്‍. ജെയ്റ്റ്ലിയില്‍ നിന്നുള്ള ഒരേ ഒരു വ്യത്യാസം ധനതത്വശാസ്ത്രം പഠിച്ചിട്ടുണ്ട് എന്നതാണ്. ജെയ്റ്റ്ലി പഠിച്ചത് ധനതത്വശാസ്ത്രവുമായി പുലബന്ധം കമ്മിയായ കൊമേഴ്സും നിയമവുമാണല്ലോ? നിര്‍മല സീതാരാമനാകട്ടെ ധനശാസ്ത്രത്തില്‍ ജെ.എന്‍.യു പ്രൊഡക്ടാണ്. പഠിച്ചയാളും പഠിക്കാത്തയാളും ഒരേ പാട്ടുപാടുന്നു എന്നതാണ് സംഘപരിവാര്‍ ധനനയത്തിന്റെ മാരകത്വം. Every single number is a lie എന്ന് ജയതി ഘോഷിനെക്കൊണ്ട് പറയിച്ച 2019-ലെ ബജറ്റും വ്യത്യസ്തമല്ല. സാമൂഹിക ക്ഷേമത്തെ റദ്ദാക്കുന്ന, കര്‍ഷകരെ പരിഹസിക്കുന്ന, തൊഴിലില്ലായ്മയെ പരിഗണിക്കാത്ത ഒന്നായി പുതിയ ബജറ്റും മാറിയതിന്റെ കാരണം അടിസ്ഥാനപരമായി ആ ബജറ്റ് പുറപ്പെട്ട രാഷ്ട്രീയത്തിന്റെ സ്വഭാവമാണ്. ആസ്പിരേഷണല്‍ ഇന്ത്യ എന്ന നിര്‍മല സീതാരാമന്‍ പ്രസംഗത്തിലുടനീളം പ്രയോഗിച്ച മുദ്രാവാക്യം ആ രാഷ്ട്രീയത്തിന്റെ ആപ്തവാക്യമാണ്. ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടില്‍ 102-ാം സ്ഥാനത്ത് നാണംകെട്ട് നില്‍ക്കുന്ന ഒരു സമ്പദ് വ്യവസ്ഥയുടെ മന്ത്രിയാണ് അവസ്ഥകളെ ശ്ലോകത്തില്‍ കഴിച്ച് ആസ്പിരേഷണല്‍ ഇന്ത്യ എന്നെല്ലാം വീമ്പിളക്കുന്നത് എന്നോര്‍ക്കുക. 8.1-ല്‍ നിന്ന് നേര്‍പകുതിയായ സാമ്പത്തികവളര്‍ച്ചയെ നോക്കിയാണ് അത് പറയുന്നത് എന്നും ഓര്‍ക്കുക.

എന്നിട്ടോ, ഭക്ഷ്യ സബ്സിഡി പോലെ പട്ടിണിമാറ്റാന്‍ നേരിട്ട് കെല്‍പ്പുള്ള വിഹിതം കുത്തനെ കുറക്കുക (1.84 ലക്ഷം കോടിയില്‍ നിന്ന് 1.16 ലക്ഷം കോടിയിലേക്ക്) വഴി ഭക്ഷ്യ സുരക്ഷാ നിയമം പോലെ സാമൂഹിക ക്ഷേമത്തിന്റെ മുന്നണിയിലുള്ള ഒന്നിനെ കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നു. രാസവള സബ്സിഡിയും വെട്ടിക്കുറച്ച് (80000 കോടിയില്‍ നിന്ന് 71300 കോടിയിലേക്ക്) സ്വതവേ കിടപ്പിലായ കര്‍ഷകരെ കുഴിച്ചിടാന്‍ ഒരുങ്ങുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതത്തിലുമുണ്ട് കത്തിവെപ്പ്, 71000 കോടിയില്‍ നിന്ന് 61500 കോടിയിലേക്ക്. ഒരുപദ്ധതിയുടെ വാര്‍ഷിക തനിയാവര്‍ത്തനമായി മാറി ഇന്ത്യയുടെ പൊതുബജറ്റെന്ന് ചുരുക്കം.

ധനനയത്താല്‍ വഴിമുട്ടിയ മനുഷ്യരും നാസിസത്തിനെതിരെ തെരുവിലുണ്ടായിരുന്നു എന്ന് ചരിത്രം. പിളര്‍പ്പിന്റെ പ്രത്യയശാസ്ത്രത്തിനും മതാധിഷ്ഠിത പൗരത്വം വഴി സെക്യുലര്‍ ഇന്ത്യയെ തകര്‍ക്കുന്നതിനും എതിരെ, ഇന്ത്യയെ വീണ്ടെടുക്കാനുള്ള മഹാസമരങ്ങള്‍ ഇന്ത്യന്‍ തെരുവുകളില്‍ തുടരുകയാണ്. കര്‍ഷകരും തൊഴില്‍ നഷ്ടപ്പെട്ടവരും കൂടി അതേ തെരുവുകളിലേക്ക് വരാതിരിക്കില്ല. അവര്‍ക്കുള്ള ക്ഷണമാണല്ലോ നിര്‍മല സീതാരാമന്റെ ബജറ്റ്.

കെ കെ ജോഷി

You must be logged in to post a comment Login