മോഡിയുടെ തളികാ സമ്പദ്ശാസ്ത്രം: ആരുടെ തളിക?

മോഡിയുടെ തളികാ സമ്പദ്ശാസ്ത്രം: ആരുടെ തളിക?

ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന് വിശേഷിപ്പിക്കാവുന്ന നിര്‍മ്മലാ സീതാരാമന്റെ 2020-21 വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ കശ്മീരി കവി ദീനാനാഥ് കൗള്‍ തൊട്ട് അവ്വയാറും തിരുക്കുറളും ആടിത്തിമിര്‍ക്കുകയുണ്ടായി. ഇടതുപക്ഷ കവിയും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയായ ഫറൂഖ് അബ്ദുള്ളയുടെ ഉറ്റ സുഹൃത്തുമായിരുന്ന ദീനാനാഥ് കൗളിനെ ധനമന്ത്രി പാര്‍ലമെന്റില്‍ ഉദ്ധരിക്കുമ്പോള്‍ ഫറൂഖ് അബ്ദുള്ളയും ഉമര്‍ അബ്ദുള്ളയും അടക്കം നൂറുകണക്കായ കശ്മീര്‍ നേതാക്കള്‍ കഴിഞ്ഞ ആറ് മാസക്കാലത്തിലേറെയായി തടങ്കലില്‍ ആണെന്നുള്ള വിരോധാഭാസത്തിന് കൂടി സഭ സാക്ഷ്യം വഹിക്കുകയുണ്ടായി. തിരുക്കുറളും അവ്വയാര്‍ വരികളും മാറ്റിവെച്ചാല്‍ ധനമന്ത്രി അവതരിപ്പിച്ച ബജറ്റും തൊട്ട് മുന്നെ സമര്‍പ്പിച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങളില്‍ എന്ത് പ്രതീക്ഷകളാണ് നല്‍കാന്‍ പോകുന്നത് എന്ന് വിലയിരുത്തുന്നത് നന്നായിരിക്കും.

ഇന്ത്യയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം ചാക്രികമോ (cyclical), ഘടനാപരമോ (structural) എന്ന ചോദ്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാമ്പത്തിക വിദഗ്ധന്മാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. 2008-09 കാലയളവില്‍ അമേരിക്കയെ പിടിച്ചുകുലുക്കിയ സബ്പ്രൈം മോര്‍ട്ട്ഗേജ് ക്രൈസിസ് ഒരു ആഗോള പ്രതിസന്ധിയായി തുടരുന്നുവെന്നതും അത് കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കുന്നുണ്ടെന്നുള്ളതും വസ്തുതയാണ്. ഈ പ്രതിസന്ധിയെ നേരിടുന്നതിനാവശ്യമായ യാതൊരു നടപടികളും ഭരണതലത്തില്‍ ഉണ്ടായില്ലെന്നു മാത്രമല്ല, കൂടുതല്‍ ശക്തമായ ഉദാരീകരണ നടപടികളിലൂടെ അവയെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ഐഎംഎഫ് പോലുള്ളവ കാലാകാലങ്ങളായി ഇന്ത്യയടക്കമുള്ള ജി-20 രാഷ്ട്രങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. ഡീമോണിറ്റൈസേഷനും ചരക്ക്-സേവന നികുതി (goods & service tax) പരിഷ്‌കാരങ്ങളും നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ പ്രയോഗിക്കാനിറങ്ങിയത് ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു. സ്യൂട്ട്കേസില്‍ നിന്ന് ‘വൊഹി ഖാത്ത’യിലേക്ക് ബജറ്റ് രേഖകള്‍ മാറ്റിയപ്പോഴും ഐഎംഎഫ് മേലാളന്മാരുടെ തിട്ടൂരങ്ങള്‍ തൊള്ളതൊടാതെ നടപ്പിലാക്കുന്നതില്‍ യാതൊരു വൈമനസ്യവും ‘സ്വദേശി’യുടെ വക്താക്കള്‍ക്കുണ്ടായിരുന്നില്ല.
‘സമ്പത്ത് ഉത്പാദകരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന്’ ഉറപ്പുനല്‍കുകയും, ‘സമ്പത്ത് ഉത്പാദനത്തിന് പിന്നിലെ അദൃശ്യകരങ്ങളെ ശക്തിപ്പെടുത്തുമെന്ന്’ പ്രഖ്യാപിക്കുകയും, അതിന് തടസ്സമാകുന്ന ‘സര്‍ക്കാര്‍ ഇടപെടലുകള്‍ കുറയ്ക്കു’മെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തുകൊണ്ടാണ് ഗവണ്‍മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം ചെയര്‍മാനായുള്ള 15ാം സാമ്പത്തിക സര്‍വേ ടീം റിപ്പോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു കാര്യം ഗവണ്‍മെന്റ് വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക മേഖലയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഉദാരീകരണ നടപടികള്‍ അതിശക്തമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകും എന്നതാണത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ 2.1ലക്ഷം കോടി രൂപയ്ക്ക് തുല്യമായ ഓഹരികള്‍ വിറ്റഴിക്കും എന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കുകയുണ്ടായി. എല്‍ ഐ സി, ഐ ഡി ഐ ബി, റെയില്‍വേ, പൊതുമേഖല ആശുപത്രികള്‍ എന്നിവയാണ് ഇനിയുള്ള നാളുകളില്‍ വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത്. സമ്പത്ത് ഉത്പാദനത്തിലെ അദൃശ്യകരങ്ങളെ (invisible hands) ശക്തിപ്പെടുത്തും എന്നതിനര്‍ത്ഥം സ്വതന്ത്ര വിപണിയെ യാതൊരു നിയന്ത്രണവും കൂടാതെ കെട്ടഴിച്ചുവിടും എന്നുതന്നെയാണ്. നിലവില്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ എത്രപേര്‍ ഇതിനെതിരായി നിലപാടെടുക്കും എന്നുള്ളത് കണ്ടറിയണം.

തളികാ സമ്പദ്ശാസ്ത്രം
തളികാ സമ്പദ്ശാസ്ത്രം (thalinomics) എന്നൊരു കണ്‍കെട്ട് വിദ്യ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം തന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലയളവിലെ ഇന്ത്യന്‍ പൗരന്റെ ഭക്ഷണത്തളികയുടെ വിലവ്യതിയാനം കണക്കാക്കിക്കൊണ്ട് അവയുടെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നുണ്ട്. സസ്യഭക്ഷണ തളികയുടെ വിലനിലവാരത്തില്‍ 28%വും സസ്യേതര ഭക്ഷണത്തളികയുടെ കാര്യത്തില്‍ 18%വും കുറവ് സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷ്ണമൂര്‍ത്തി അവതരിപ്പിച്ച കണക്കുകള്‍ വസ്തുതാപരമാണ് എന്ന് സമ്മതിക്കേണ്ടതുണ്ട്. അതേസമയം ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ നടമാടിക്കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക തകര്‍ച്ചയും ദാരിദ്ര്യവും എങ്ങിനെയാണ് തളികാ സമ്പദ്ശാസ്ത്രത്തിലൂടെ മറച്ചുപിടിക്കുന്നത് എന്നതു കൂടി മനസ്സിലാക്കേണ്ടതുണ്ട്. തളികാ സമ്പദ്ശാസ്ത്രം രൂപപ്പെടുത്താന്‍ സര്‍വേ ടീം കണ്ടെത്തിയ മാനദണ്ഡം തന്നെയാണ് ഈ കണ്‍കെട്ട് വിദ്യ. തളികാ സമ്പദ്ശാസ്ത്രത്തിനായുള്ള കണക്കെടുപ്പുകള്‍ നടത്തിയിരിക്കുന്നത് പ്രധാനമായും സംഘടിത നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളെ മാത്രം ഉള്‍പ്പെടുത്തിയിട്ടാണ് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ മൊത്തം ഉത്പാദന തൊഴിലാളികളില്‍ സംഘടിത വിഭാഗം കേവലം 28% മാത്രമേ വരൂ. അസംഘടിത മേഖലയിലെയും കാര്‍ഷിക-ഗ്രാമീണ മേഖലയിലെയും തൊഴിലാളികളെ ഇക്കാര്യത്തില്‍ പരിഗണിച്ചിട്ടേയില്ല എന്ന് കാണാവുന്നതാണ്. ഗ്രാമീണ മേഖലയിലെ വേതന നിരക്കുകളില്‍ വലിയ തോതിലുള്ള ഇടിവുകള്‍ സംഭവിക്കുന്നത് കണക്കിലെടുത്തിട്ടില്ല എന്നതും ഇന്ത്യന്‍ ഗ്രാമങ്ങള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതും പട്ടിണി മരണങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കാണാതെയുമാണ് പുതിയ തളികാ സമ്പദ്ശാസ്ത്രവുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. 2015-16 കാലയളവില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ കുറവ് സംഭവിച്ചുവെന്നത് വസ്തുതയാണെങ്കിലും ഇതേ കാലയളവില്‍ ഗ്രാമീണ കൂലി നിരക്കില്‍ ഇടിവും ഉയര്‍ന്ന തൊഴിലില്ലായ്മയും ഉണ്ടായിട്ടുണ്ടെന്നതും തളികാ സമ്പദ്ശാസ്ത്രത്തില്‍ പ്രതിഫലിക്കപ്പെട്ടിട്ടില്ല.

ജിഡിപി കണക്കുകളിലെ  കള്ളക്കളികള്‍
തങ്ങളുടെ തന്നെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന് മറുപടി നല്‍കുന്നതിനായി ഒരു അധ്യായം തന്നെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഗവണ്‍മെന്റ് നീക്കിവെച്ചിട്ടുള്ളതായി കാണാം. (Is India’s GDP growth overstated? No!, Economic Survey 2019-20, Vol-1, Chapter-10). ജിഡിപി വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നതില്‍ മുന്‍കാല മാനദണ്ഡങ്ങള്‍ മാറ്റുകയും പുതിയ രീതികള്‍ സ്വീകരിക്കുകയും ചെയ്തതിലൂടെ ആഭ്യന്തര മൊത്തോല്‍പാദനത്തിലെ വളര്‍ച്ചാ നിരക്കില്‍ കൃത്രിമമായ വര്‍ധനവ് സംഭവിച്ചിട്ടുണ്ടെന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വാദത്തിനുള്ള മറുപടിയാണ് ഈ അധ്യായത്തിലൂടെ നല്‍കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന കണക്കുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണെന്ന് കൂടി നാം അറിയേണ്ടതുണ്ട്. എന്‍ഡിഎ അധികാരമേറ്റെടുത്ത തൊട്ടടുത്ത വര്‍ഷം തന്നെ നടപ്പിലാക്കിയ ആദ്യ പരിഷ്‌കരണം വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നത് സംബന്ധിച്ച മൊത്ത വില സൂചിക (Wholesale Price Index-WPI)യുടെയും വ്യാവസായിക ഉത്പാദന സൂചിക(Index of Industrial Production-IIP)യുടെയും അടിസ്ഥാന വര്‍ഷ(Base Year)ത്തില്‍ മാറ്റം വരുത്തിയെന്നതാണ്. 2004-05ല്‍ നിന്നും 2011-12ലേക്കുള്ള ഈ മാറ്റം കേവലം വര്‍ഷത്തിലുള്ള വ്യത്യാസം മാത്രമായിരുന്നില്ല. ചരക്ക്കൂട (commodity basket)യിലെ വിവിധ ഉത്പന്നങ്ങളുടെ ശതമാനത്തിലും എണ്ണത്തിലും മാറ്റംവരുത്തുക കൂടിയായിരുന്നു. അടിസ്ഥാന വര്‍ഷം 2004-05ല്‍ നിന്നും 2011-12ലേക്ക് മാറ്റിയപ്പോള്‍ ചരക്കുകൂടയിലെ അനുപാതത്തിലും ക്വട്ടേഷന്‍സിലും സംഭവിച്ച മാറ്റങ്ങള്‍ ശ്രദ്ധിക്കുക. (പട്ടിക-1). ചരക്ക് കൂടയിലെ ഇനങ്ങളില്‍ ഏതാണ്ട് 146ഓളം ഇനങ്ങള്‍ മാറ്റുകയും പുതിയവ ഉള്‍പ്പെടുത്തുകയും ചെയ്തു. ക്വട്ടേഷന്‍സ് 5482ല്‍ നിന്നും 8331 ആയി ഉയരുകയും ചെയ്തതായി കാണാം. കണക്കിലെ ഈയൊരു ചെറിയ കളികള്‍ കൊണ്ടുമാത്രം ഉത്പാദന വളര്‍ച്ചയില്‍ വന്ന മാറ്റമെന്തായിരുന്നുവെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാന വര്‍ഷത്തില്‍ മാറ്റം വരുത്തുന്നതിന് തൊട്ടുമുമ്പ് വ്യാവസായിക ഉത്പാദന സൂചിക 1.9% (ഫെബ്രുവരി) ആയിരുന്നുവെങ്കില്‍ തൊട്ടടുത്ത മാസം തന്നെ 2.7% ആയി ഉയര്‍ന്നു. ഇതേ രീതിയില്‍ മൊത്തവിലസൂചിക 5.29%(മാര്‍ച്ച്)ല്‍ നിന്ന് 3.85% (ഏപ്രില്‍)മായും ഉപഭോക്തൃ വില സൂചിക (Consumer Price Index-CPI) 3.81% (മാര്‍ച്ച്)ത്തില്‍ നിന്ന് 2.99% (ഏപ്രില്‍) ആയും കുറയുകയും ചെയ്തു. അതേസമയം ഒരേ സമ്പദ്വ്യവസ്ഥ വ്യത്യസ്ത അളവുകോല്‍ ഉപയോഗിച്ച് അളക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കൂടി ശ്രദ്ധിക്കുക. (ചാര്‍ട്ട് -1) 2011-12 അടിസ്ഥാന വര്‍ഷമായെടുത്ത് പുതിയതും പഴയതുമായ സീരീസ് ഉപയോഗിച്ച് മേഖലാ വളര്‍ച്ച കണക്കാക്കുമ്പോള്‍ ഒരേ ഇക്കണോമിയില്‍ തന്നെ വ്യത്യസ്ത വളര്‍ച്ചാ നിരക്ക് പ്രകടമാകുന്നുണ്ടെന്ന് റിയല്‍ സെക്ടര്‍ സ്റ്റാറ്റിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എത്രയേറെ അഭ്യാസങ്ങള്‍ കണക്കിലെ കളികളിലൂടെ നടത്തിയിട്ടും രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് മറയിടാന്‍ ധനമന്ത്രിക്കോ അവരുടെ ഉപദേഷ്ടാക്കള്‍ക്കോ സാധിച്ചിട്ടില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അതേസമയം ഇക്കാലയളവിലെ ബജറ്റ് എസ്റ്റിമേഷനില്‍ അത് 6.8% എന്ന് രേഖപ്പെടുത്തുകയും റിവൈസ്ഡ് എസ്റ്റിമേഷനില്‍ 6.1% ആയി കുറയ്ക്കുകയും ചെയ്തു. വാസ്തവത്തില്‍ ഇക്കാലയളവിലെ ജിഡിപി വളര്‍ച്ച 4.5% മാത്രമായിരുന്നുവെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ട സംഗതിയാണ്. പ്രതീക്ഷിത ജിഡിപി വളര്‍ച്ച 10% ആണെന്ന് ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അതിനെ സാധൂകരിക്കുന്നതിനാവശ്യമായ കണക്കുകള്‍ നല്‍കാന്‍ അവര്‍ വിസമ്മതിക്കുന്നതായി കാണാം. യഥാര്‍ത്ഥ ആഭ്യന്തര വളര്‍ച്ച കണക്കാക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മുല (Real GDP = Nominal GDP – Inflation) സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ നല്‍കാതെയുള്ള അവകാശവാദത്തില്‍ വലിയ കഴമ്പൊന്നുമില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

കാര്‍ഷിക-ഗ്രാമീണ മേഖല
കാര്‍ഷിക-ഗ്രാമീണ മേഖലയുടെ ഉദ്ധാരണത്തിനായി 16 ഇന പരിപാടികള്‍ ധനമന്ത്രി ബജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കുകയുണ്ടായി. ഭരണപക്ഷ അംഗങ്ങളിലടക്കം ഇതിന് കാര്യമായ പ്രതികരണം സൃഷ്ടിക്കാനായില്ലെന്ന് ബജറ്റ് പ്രസംഗം ശ്രവിച്ചവര്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. എന്നിരുന്നാലും ഇന്ത്യയിലെ ഗോഡിമീഡിയ വലിയ പ്രചരണം ഈ പ്രഖ്യാപനത്തിന് നല്‍കുന്നുണ്ട്. അതേസമയം ധനമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ ഈ പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധങ്ങളാണെന്ന് തെളിയിക്കുന്നുണ്ട്. നോട്ട് നിരോധനം, ബീഫ് നിരോധനം, ജിഎസ്ടി തുടങ്ങിയ സര്‍ക്കാര്‍ നടപടികളും സാമുദായിക സംഘര്‍ഷം പോലുള്ള സാമൂഹ്യപ്രശ്നങ്ങളും ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഗ്രാമീണ-കാര്‍ഷിക തൊഴില്‍ മേഖലകളെയാണ്. ഇന്ത്യയുടെ ജിഡിപി സംഭാവനയില്‍ 17% നല്‍കുന്ന കാര്‍ഷിക മേഖലയും 60%ത്തിലേറെ സംഭാവന ചെയ്യുന്ന അനൗദ്യോഗിക മേഖലയും സര്‍ക്കാര്‍ നടപടികളുടെ ഇരകളായി തകര്‍ന്ന് നാമാവശേഷമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ കര്‍ഷകരുടെ വരുമാനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കി മാറ്റുമെന്ന് 2016ല്‍ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറയുകയുണ്ടായി. നാല് വര്‍ഷത്തിന് ശേഷം നിര്‍മ്മലാ സീതാരാമനും ഇതേ കാര്യം ആവര്‍ത്തിച്ച് പറയുമ്പോള്‍ അവര്‍ ജനങ്ങളുടെ ഓര്‍മ്മശക്തിയെയും ബുദ്ധിയെയും പരിഹസിക്കുകയാണ് ചെയ്യുന്നത്. കര്‍ഷകരുടെ നിലവിലെ വരുമാനത്തെ സംബന്ധിച്ച് ഔദ്യോഗികമായ കണക്കുകളെന്താണ് എന്ന് മനസ്സിലാക്കുക പ്രയാസമാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇനി എത്രദൂരം പോകേണ്ടതുണ്ടെന്ന് ഔദ്യോഗിക രേഖകളില്‍ നിന്ന് അറിയാനും സാധ്യമല്ല. അതേസമയം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത് ജിവിഎ (Gross Value Added-GVA) വളര്‍ച്ച കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ 6.3%ത്തില്‍ നിന്നും 2.8%ത്തിലേക്ക് ചുരുങ്ങുകയാണുണ്ടായത് എന്നാണ്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കണമെങ്കില്‍ വരുമാനത്തിലെ വളര്‍ച്ച പ്രതിവര്‍ഷം 14%എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട്. ഈ കാര്യങ്ങളൊന്നും വ്യക്തതയില്ലാതെയോ ബോധപൂര്‍വം മറച്ചുവെച്ചോ ആണ് ഓരോ വര്‍ഷവും കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ കാലയളവിലും കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മാത്രമല്ല കാര്‍ഷിക മേഖലയിലെ ബജറ്റ് നീക്കിയിരുപ്പുകളില്‍ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തുകയാണ് ചെയ്തിരിക്കുന്നത്. ധനമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
2020-21 കൃഷി, ജലസേചനം, ഗ്രാമീണ വികസനം എന്നിവയ്ക്കായി നീക്കിവെച്ചത് 2.83 ലക്ഷം കോടി രൂപയാണ്. 2019-20 കാലയളവില്‍ ഇത് 2.68 ലക്ഷം കോടിയായിരുന്നു. ഈ കാലയളവിലെ പണപ്പെരുപ്പത്തിലെ ശതമാന വര്‍ധനവ് കണക്കാക്കിയാല്‍ ബജറ്റ് നീക്കിയിരിപ്പ് കുറയുകയാണുണ്ടായത്.

പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതികള്‍ 12 കോടി കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുമെന്നായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം പിന്നിടുമ്പോള്‍ ധനമന്ത്രിയുടെ കണക്കുകള്‍ 6.12 കോടി കര്‍ഷകരുടെ കാര്യം മാത്രമേ പറയുന്നുള്ളൂ. അതായത് 50% കര്‍ഷകരുടെ കാര്യം മാത്രം! 2019-20 ബജറ്റിലെ പ്രധാന വാഗ്ദാനം മിനിമം സഹായ വില (Minimum Support Price-MSP) സംബന്ധിച്ചായിരുന്നു. 1500 കോടി രൂപയായിരുന്നു ഇതിനായി (പ്രധാന്‍മന്ത്രി ആശാ സ്‌കീം) നീക്കിവെച്ചത്. എന്നാല്‍ ചെലവഴിച്ച തുക 321 കോടി രൂപമാത്രം. രാജ്യത്തെ വലിയൊരു ശതമാനം കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭിച്ചില്ലെന്ന് സാരം.
ഇതേരീതിയില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിലും ഭക്ഷ്യ സബ്സിഡിയുടെ കാര്യത്തിലും വമ്പിച്ചതോതിലുള്ള വെട്ടിക്കുറവുകള്‍ വരുത്തിയിരിക്കുന്നതായി കാണാം.
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 2019-2020 ല്‍ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 71,001 കോടി നീക്കിവെച്ചത് 2020-2021ല്‍ 61,500 കോടിയായി വെട്ടിച്ചുരുക്കി. ഗ്രാമീണ മേഖലയില്‍ അല്‍പമെങ്കിലും ആശ്വാസമായിരിക്കുന്നത് തൊഴിലുറപ്പ് പദ്ധതികള്‍ മാത്രമാണ്. 2014-15 കാലയളവില്‍ 6.22 കോടി ജനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിരുന്നുവെങ്കില്‍ 2018-19 കാലയളവില്‍ ആ സംഖ്യ 7.7 കോടിയായി വര്‍ധിക്കുകയാണുണ്ടായത് എന്നത് മറ്റൊരു തൊഴിലവസരങ്ങളും ഗ്രാമീണമേഖലയില്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നില്ല എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ മേഖലയിലെ ബജറ്റ് വെട്ടിക്കുറക്കലുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല.

അതുപോലെ തന്നെ ഫുഡ് സബ്സിഡിക്കായി 2019-2020ല്‍ 1.84 ലക്ഷം കോടി നീക്കിവെച്ചത് 2020-21ല്‍ 1.08 ലക്ഷം കോടിയായി കുറച്ചു. എഫ്സിഐ, പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് എന്ത് സംഭവിക്കുവാന്‍ പോകുന്നതെന്ന് കണ്ടറിയാം. ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാതെയും ജനങ്ങളുടെ കൈകളിലേക്ക് വരുമാനമെത്തിക്കാതെയും എങ്ങനെയാണ് സാമ്പത്തിക വളര്‍ച്ച നേടാന്‍ കഴിയുക എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ പക്കല്‍ ഉത്തരങ്ങളൊന്നുമില്ല.
ഇവയ്ക്കൊക്കെ പുറമെ, ബജറ്റില്‍ അനുവദിക്കുന്ന തുകയും യഥാര്‍ത്ഥത്തില്‍ ചെലവഴിക്കപ്പെടുന്ന തുകയു തമ്മിലുള്ള അന്തരം ഭീമമാണെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. 2019-20 കാലയളവില്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കായി നീക്കിവെച്ചിരുന്നത് 75,000 കോടി രൂപയായിരുന്നു. എന്നാലതേ സമയം ഇക്കാലയളവില്‍ ചെലവഴിക്കപ്പെട്ടത് 54,370.15 കോടി രൂപമാത്രമായിരുന്നു. 20629.85 കോടി രൂപ കര്‍ഷകരിലേക്ക് ചെല്ലാതെ കിടക്കുകയാണുണ്ടായത്. ഇതുകൂടാതെ വിവിധ തരം സബ്സിഡികള്‍, വിള ഇന്‍ഷ്വറന്‍സുകള്‍ തുടങ്ങിയ മേഖലകളിലായി ആയിരക്കണക്കിന് കോടി രൂപ വിനിയോഗിക്കപ്പെടാതെ (പട്ടിക-2 ശ്രദ്ധിക്കുക) പോയത് സംബന്ധിച്ച് ധനമന്ത്രി മൗനം പാലിക്കുന്നത് കാണാന്‍ സാധിക്കും.

‘അദൃശ്യകരങ്ങള്‍’
ആഡം സ്മിത്തിന്റെ ‘അദൃശ്യ കരങ്ങള്‍’ രണ്ടര നൂറ്റാണ്ടിന് ശേഷവും സാമ്പത്തിക സിദ്ധാന്തങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫിനാന്‍ഷ്യല്‍ ഇക്കണോമിയുടെ കാലഘട്ടത്തില്‍ ഈ അദൃശ്യ കരങ്ങള്‍ സ്വതന്ത്ര വിപണിയുടേതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നുമില്ല. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്ന ഒരു സംഗതി സര്‍ക്കാര്‍ ഇടപെടലുകള്‍ വിപണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നുവെന്നാണ്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള നാമമാത്രമായ ഇടപെടലുകള്‍ പോലും എടുത്തുകളയേണ്ടതുണ്ടെന്നും സ്വതന്ത്ര വിപണിക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണ് സര്‍ക്കാരിന്റെ കടമയെന്നും എടുത്തു പറയുന്നുണ്ട്.
സമ്പത്ത് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് കണ്ടെത്തിയ വഴി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരണത്തിന് വിട്ടുകൊടുക്കുക എന്നതാണ്. സാമ്പത്തിക സര്‍വേ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. സ്വകാര്യവല്‍കരിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത, മത്സരശേഷി, പ്രൊഫഷണലിസം എന്നിവ വര്‍ധിക്കുകയും അതുവഴി സര്‍ക്കാരിന്റെ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നുമാണ് കണ്ടെത്തല്‍. ഏതാണ്ട് 2.1ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തെ സംബന്ധിച്ച വലിയ ചര്‍ച്ചകളോ സമവായങ്ങളോ ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നുമില്ല. എല്‍ഐസി അടക്കമുള്ള അവശേഷിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളൊന്നൊന്നായി വിറ്റഴിച്ചുകൊണ്ട് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തടയിടാനാണ് തീരുമാനം. ഈ തീരുമാനങ്ങള്‍ക്ക് പിന്നിലെ ‘അദൃശ്യകരങ്ങള്‍’ അത്ര ‘അദൃശ്യ’ങ്ങളല്ലെന്നതാണ് വസ്തുത.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ റജിസ്ട്രിക്കും എതിരെ ദേശവ്യാപകമായ പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോഴും അതിനോട് അവഗണനാപരമായ നിലപാട് പുലര്‍ത്തിപ്പോരുന്ന മോഡി സര്‍ക്കാര്‍ പൗരത്വ സെന്‍സസ് അടക്കമുള്ള വിവിധ സര്‍വേകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന തുക ഭീമമാണ്. 2019-20 കാലയളവില്‍ ഇതിലേക്കായി 623 കോടിരൂപയായിരുന്നു നീക്കിയിരിപ്പെങ്കില്‍ 2020-21 വര്‍ഷത്തില്‍ 4568 കോടി രൂപയായി ഉയര്‍ത്തുകയുണ്ടായി. 7 ഇരട്ടിയിലധികം തുകയാണ് ഇക്കാര്യത്തിനായി മാറ്റിവെച്ചതെന്നറിയുക.
ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി അറിയപ്പെടുന്ന ഇന്ത്യയെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇക്കണോമിയിലേക്ക് ഉയര്‍ത്തുക എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അവകാശപ്പെടുകയുണ്ടായി. നിലവില്‍ 2.9 ട്രില്യണ്‍ യുഎസ് ഡോളറിന് സമാനമായ സമ്പദ് വ്യവസ്ഥയെയാണ് 5 ട്രില്യണിലേക്ക് ഉയര്‍ത്തുമെന്ന് അവകാശപ്പെടുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത് 2024 ആകുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറിലേക്ക് കുതിക്കുമെന്നായിരുന്നു. നിര്‍മ്മലാ സീതാരാമന്‍ അത് 2025 ആക്കി മാറ്റിയത് ജനങ്ങളുടെ ഓര്‍മ്മക്കുറവിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രമായിരിക്കും. എന്തുതന്നെയായാലും രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തിന് തടയിടാന്‍ കഴിയാതെ 5 ട്രില്യണ്‍ ഇക്കണോമിയിലേക്ക് കടക്കാന്‍ സാധിക്കില്ലെന്നത് വസ്തുതയാണ്. എത്രയേറെ പണിപ്പെട്ടിട്ടും സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെയും ജിഡിപി വളര്‍ച്ചയിലെ ഗണ്യമായ കുറവിനെയും മൂടിവെക്കാന്‍ സര്‍ക്കാര്‍ സാമ്പത്തിക വിദഗ്ധന്മാര്‍ക്ക് സാധിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിക്കുക. നിലിവിലെ സാമ്പത്തിക വളര്‍ച്ച അനുസരിച്ച് 5 ട്രില്യണ്‍ ഇക്കണോമിയിലേക്കെത്തണമെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വരുംനാളുകളില്‍ 8-9 ശതമാനം എന്ന നിലയില്‍ സ്ഥിരതയോടെ നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ അങ്ങിനെ സംഭവിക്കാനാവശ്യമായ ഒരു നടപടികളും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടായിവരുന്നില്ല എന്നത് അത്രതന്നെ വാസ്തവമാണ്.

വാട്സ് ആപ് യൂണിവേഴ്‌സിറ്റിയും വിക്കിപീഡിയയും
ചരിത്രത്തെ ഏത് രീതിയിലും വളച്ചൊടിക്കുക എന്നതും തങ്ങളുടെ അജണ്ടകള്‍ സ്ഥാപിച്ചെടുക്കുക എന്നതും എക്കാലവും ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അവലംബിച്ചുവരുന്ന നയങ്ങളാണ്. നുണകള്‍ ആവര്‍ത്തിച്ച് പറയുകയും അവ ഔദ്യോഗിക രേഖകളിലേക്ക് ബോധപൂര്‍വം കടത്തിവിടുകയും ചെയ്യുക എന്നത് കാലങ്ങളായി അവര്‍ ചെയ്തുവരുന്ന സംഗതിയാണ്. ഇന്ത്യയുടെ ബജറ്റവതരണത്തിലും തങ്ങളുടെ കാവി അജണ്ടകള്‍ തിരുകിക്കയറ്റാന്‍ അവര്‍ മറന്നില്ല. ഇന്ത്യയുടെ കാര്‍ഷിക വളര്‍ച്ചയെയും വ്യാവസായിക സംരംഭകത്വത്തെയും വിവരിച്ചുകൊണ്ട് ധനമന്ത്രി നടത്തിയ പ്രസംഗത്തില്‍ സരസ്വതി-സിന്ധു നാഗരികത എന്നൊരു പ്രയോഗം നടത്തുകയുണ്ടായി. നാളിതുവരെ സിന്ധുനദീ സംസ്‌കാരത്തെക്കുറിച്ച് മാത്രമാണ് ചരിത്രത്തില്‍ വായിക്കാന്‍ സാധിക്കുകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ സരസ്വതി നദിയെ അടിസ്ഥാനമാക്കി ഇന്ത്യയില്‍ ഒരു സംസ്‌കാരം നിലനിന്നിരുന്നുവെന്നും സരസ്വതീ സിവിലൈസേഷന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതെന്നും അവകാശപ്പെട്ടുകൊണ്ട് ജി.ഡി.ക്ഷി എഴുതിയ ചരിത്രരേഖകളുടെ പിന്‍ബലമില്ലാത്ത ഒരു പുസ്തകത്തെ അവലംബിച്ചുകൊണ്ടാണ് ധനമന്ത്രി ഇങ്ങനെയൊരു പ്രയോഗം നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ ബജറ്റ് നോട്ടില്‍ അത് ഔദ്യോഗിക രേഖയായി കിടക്കും എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അത്തരമൊരു പ്രയോഗം അവര്‍ നടത്തിയിരിക്കുന്നത്.

ചരിത്ര രേഖകളുടെയോ ആധികാരികമായ തെളിവുകളുടെയോ പിന്‍ബലം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പല രീതിയില്‍ സംഘപരിവാര്‍ തെളിയിക്കുന്നുണ്ട്. ബജറ്റിന് തൊട്ട് മുമ്പ് പുറത്തിറക്കിയ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും ഇത് കാണാവുന്നതാണ്. ലോകരാജ്യങ്ങളുടെ ജിഡിപി നിരക്കും ബാങ്കുകളുടെ എണ്ണവും സംബന്ധിച്ച കണക്കുകള്‍ അവതരിപ്പിക്കുന്നതിനായി സാമ്പത്തിക ഉപദേഷ്ടാവ് ആശ്രയിച്ചിരിക്കുന്നത് വിക്കിപീഡിയയെ ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്ന സംഗതിയാണ് (വാല്യം 2 പേജ് 151, 152).
രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചാ നിരക്ക് ഗണ്യമായ തോതില്‍ താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നതും, തൊഴിലില്ലായ്മാ നിരക്ക് സര്‍വകാല റെക്കോര്‍ഡുകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്നതും രൂപയുടെ മൂല്യശോഷണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവുകളും അനൗദ്യോഗിക മേഖലകള്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് പുതിയ പുതിയ മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും മാത്രം മുന്നോട്ടുവെക്കുകയാണ് ബജറ്റ് അവതരണത്തിലൂടെ ധനമന്ത്രി ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മധ്യവര്‍ഗങ്ങളുടെ പ്രതീക്ഷകളെപ്പോലും നിറവേറ്റാന്‍ ബജറ്റിന് സാധിക്കുന്നില്ല. നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിന് ശേഷം ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ സംഭവിച്ച ഇടിവുകള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.

Energy, Economy, Ecology വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും
എഴുതിയിട്ടുണ്ട് ലേഖകന്‍

കെ സഹദേവന്‍

You must be logged in to post a comment Login