കുടിയേറ്റം: അകത്തേക്കും പുറത്തേക്കും

കുടിയേറ്റം: അകത്തേക്കും പുറത്തേക്കും

ദേശീയ പൗരത്വപ്പട്ടിക തയാറാക്കാനുള്ള പണികള്‍ ഔപചാരികമായി തുടങ്ങുന്നതിനു മുമ്പുതന്നെ ഗുണ്ടാസംഘങ്ങള്‍ പൗരത്വ പരിശോധന തുടങ്ങിക്കഴിഞ്ഞു. മുംബൈയിലെ ചേരികളില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എം എന്‍ എസ്) പ്രവര്‍ത്തകരാണ് ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പൊലീസിലേല്‍പ്പിക്കാന്‍ ‘സന്നദ്ധ സേവനം’ നടത്തുന്നത്.
പശ്ചിമ മുംബൈയിലെ ബോറിവലിയിലെ മൂന്ന് ചേരികളില്‍ എം എന്‍ എസ് പ്രവര്‍ത്തകര്‍ നടത്തിയ അനധികൃത പൗരത്വ പരിശോധനയെപ്പറ്റി സുകന്യ ശാന്ത ‘ദ വയര്‍’ ല്‍ എഴുതിയിട്ടുണ്ട്. നാലോ അഞ്ചോ പേരടങ്ങുന്ന സംഘങ്ങളായാണ് അവര്‍ കയറിയിറങ്ങുന്നത്. ബോറിവലി വെസ്റ്റിലെ ചിക്കുവാഡി ചേരിയില്‍ ടി വി നയന്‍ എന്ന മറാഠി ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനുമൊപ്പമായിരുന്നു യാത്ര. എം എന്‍ എസ് നോര്‍ത്ത് മുംബൈ ഘടകത്തിന്റെ അധ്യക്ഷന്‍ നയന്‍ കദമായിരുന്നൂ സംഘത്തലവന്‍.

ബംഗാളി സംസാരിക്കുന്ന മുസ്ലിം കുടുംബങ്ങളിലേക്കാണ് സംഘം കടന്നുചെല്ലുന്നത്. ക്യാമറയ്ക്കു മുന്നില്‍വെച്ച് അവരോട് രേഖകള്‍ ആവശ്യപ്പെടുന്നു. ‘കടലാസുകളെല്ലാം പശ്ചിമ ബംഗാളിലാണ്’, ഒരു കുടുംബം പേടിയോടെ പറയുന്നു. നിര്‍ദ്ദയമായ ചോദ്യം ചെയ്യലാണ് പിന്നെ. ‘ഇവരുടെ കാര്യം സംശയാസ്പദമാണ്’ ചാനലിന്റെ റിപ്പോര്‍ട്ടര്‍ വിധിയെഴുതുന്നു. രാജ്യതാല്പര്യം മുന്‍നിര്‍ത്തി എം എന്‍ എസ് നടത്തുന്ന സേവനം എന്ന മട്ടിലാണ് ‘ടി വി നയന്‍’ വാര്‍ത്തയില്‍ ഈ അതിക്രമം അവതരിപ്പിക്കുന്നത്.

ബംഗ്ലാദേശില്‍നിന്നും പാകിസ്താനില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ എം എന്‍ എസ് നേതാവ് രാജ് താക്കറെയുടെ നേതൃത്വത്തില്‍ മുംബൈയില്‍ വമ്പന്‍ റാലി നടത്തിയതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയത്. നുഴഞ്ഞുകയറ്റക്കാരെ സര്‍ക്കാര്‍ തിരിച്ചയച്ചില്ലെങ്കില്‍ തങ്ങള്‍തന്നെ ആ പണി ചെയ്യുമെന്ന് റാലിയില്‍ രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത വിമര്‍ശകനായിരുന്ന രാജ് താക്കറെ മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ ബി ജെ പി പക്ഷത്തേക്ക് ചായുന്നതിന്റെ ഭാഗമാണിതെല്ലാം. കൊടിയുടെ നിറം കാവിയാക്കി ഹിന്ദുത്വ നിലപാട് കടുപ്പിച്ച്, നഷ്ടമായ അടിത്തറ തിരിച്ചുപിടിക്കാനുള്ള അഭ്യാസങ്ങളിലാണദ്ദേഹത്തിന്റെ പാര്‍ട്ടി. ബി ജെ പിയുടെ സഹായത്തോടെയാണിതെല്ലാം എന്നാണ് അറിയുന്നത്.

അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയമുള്ളവരെ നിരീക്ഷിക്കാന്‍ മുഴുവന്‍ ശാഖാ പ്രമുഖര്‍ക്കും എം എന്‍ എസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ രേഖകള്‍ കിട്ടിയില്ലെങ്കില്‍ പേരു വിവരം ലോക്കല്‍ പൊലീസിന് കൈമാറും. അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കേണ്ട പണിയേ പൊലീസിനുള്ളൂ. എം എന്‍ എസിന്റെ പൗരത്വപരിശോധന നിയമവിരുദ്ധമാണെന്ന് ബോറിവലി വെസ്റ്റിലെ സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ലക്ഷ്മണ്‍ ദുംബ്രേ പറയുന്നുണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് നടപടിയെടുക്കുന്നുണ്ടെന്ന് സുകന്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂലിവേല ചെയ്ത് ജീവിതം കഴിച്ചുകൂട്ടുന്ന എത്രയോ ബംഗാളികള്‍ മുംബൈയിലെ ചേരികളില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കു നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ നേരത്തെയും വാര്‍ത്തയാക്കിയയാളാണ് സുകന്യ. ഗുണ്ടാസംഘങ്ങള്‍കൂടി നിയമപാലനത്തിനിറങ്ങുന്നതോടെ ദുരന്തക്കയത്തിലേക്കാവും ആ പാവങ്ങള്‍ പതിക്കുക.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെ പിടികൂടാന്‍ പൊലീസും ഗുണ്ടാ സംഘങ്ങളും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമ്പോള്‍ മറുവശത്ത് ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള അനധികൃത കുടിയേറ്റം അധികമാരും അറിയാതെ തുടരുകയാണ്. മെക്സിക്കോ വഴി തെക്കന്‍ അതിര്‍ത്തിയിലൂടെ അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നതിനിടെ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. നുഴഞ്ഞുകയറ്റത്തിനിടെ 2018ല്‍ 9,000 ഇന്ത്യക്കാരെയാണ് അതിര്‍ത്തിസേന പിടികൂടിയത്. പത്തുകൊല്ലം മുമ്പ് വെറും 77 ഇന്ത്യക്കാരാണ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ പിടിയിലായത്. 2019ലെ കണക്കുകള്‍ ലഭ്യമല്ല. അമേരിക്കയിലേക്കു നുഴഞ്ഞുകയറുന്നവരുടെ എണ്ണത്തില്‍ ലാറ്റിനമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യക്കാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം പെരുകിയത് 2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ ലേഖിക ആര്യ സുന്ദരം റിപ്പോര്‍ട്ട് ചെയ്യുന്നു. ബി ജെ പി പ്രവര്‍ത്തകരില്‍നിന്നുള്ള വധഭീഷണി കാരണമാണ് താന്‍ നാടുവിട്ടുപോന്നത് എന്നാണ് ഗുജറാത്തില്‍ നിന്നുള്ള 24കാരന്‍ ആര്യയോട് പറഞ്ഞത്. ഒരു സംഘമാളുകള്‍ വഴിയില്‍ തടഞ്ഞുവെച്ച് കൊല്ലുമെന്നു പറഞ്ഞു. രക്ഷപ്പെടാനായി അടുത്ത ദിവസം തന്നെ ഭാര്യയുമൊത്ത് മെക്സിക്കോയിലേക്ക് വിമാനം കയറി. ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഹിന്ദുത്വവാദികളുടെ ഭീഷണി നേരിടേണ്ടി വന്നയാളും കൂട്ടത്തിലുണ്ട്. പിടിച്ചുപറിയും പീഡനങ്ങളും നേരിട്ട് മരണം വരെ മുന്നില്‍കണ്ടാണ് ഈ ദുരിതയാത്ര. ചുരുങ്ങിയത് 40,000 ഡോളര്‍ മുടക്കുകയും വേണം.

അമേരിക്ക വാതിലുകള്‍ തുറന്നിടുകയാണെങ്കില്‍ ഇന്ത്യക്കാരില്‍ പകുതിയും അങ്ങോട്ട് ചേക്കേറുമെന്ന് കഴിഞ്ഞ ദിവസം ‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ എഴുതിയ ലേഖനത്തില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്താല്‍ ബംഗ്ലാദേശിന്റെ പകുതിയും കാലിയാകും എന്ന ആഭ്യന്തരസഹമന്ത്രി കിഷന്‍ റെഡ്ഢിയുടെ പ്രസ്താവന എത്രമാത്രം അസംബന്ധമാണെന്നാണ് അടുത്തകാലത്ത് ഇന്ത്യയെ അപേക്ഷിച്ച് ബംഗ്ലാദേശ് കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് കരണ്‍ ഥാപ്പര്‍ ലേഖനത്തില്‍ സ്ഥാപിക്കുന്നത്.

അതിശയിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയാണ് ബംഗ്ലാദേശിന്റേത്. ഇന്ത്യയുടെ വളര്‍ച്ച അഞ്ചു ശതമാനത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ബംഗ്ലാദേശ് എട്ടു ശതമാനത്തിലേക്ക് കുതിക്കുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞവര്‍ഷം കുത്തനെ ഇടിഞ്ഞപ്പോള്‍ ബംഗ്ലാദേശിന്റേത് ഉയര്‍ന്നുപൊങ്ങി. ലണ്ടനിലെയും ന്യൂയോര്‍ക്കിലെയും വിപണികളില്‍ നിറയുന്നത് ലുധിയാനയിലും തിരുപ്പൂരിലുമുണ്ടാക്കിയ വസ്ത്രങ്ങളല്ല, ബംഗ്ലാദേശില്‍നിന്നെത്തിയവയാണ്. ഇന്ത്യയിലെ പ്രതീക്ഷിത ആയുര്‍ ദൈര്‍ഘ്യം സ്ത്രീകളുടേത് എഴുപതും പുരുഷന്‍മാരുടേത് അറുപത്തേഴും ആണെങ്കില്‍ ബംഗ്ലാദേശിലേത് യഥാക്രമം 74ഉം 71ഉം ആണ്. ബംഗ്ലാദേശില്‍ 15 വയസിന് മുകളിലുള്ള 71 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ഇന്ത്യയിലത് 66 ശതമാനം മാത്രം.

ബീഫിന്റെ പേരിലും ലവ് ജിഹാദിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലും വിവേചനം നേരിടുന്ന ഇന്ത്യക്കാര്‍ക്ക് കുടിയേറാന്‍ പറ്റിയ രാജ്യമാണിന്ന് ബംഗ്ലാദേശ് എന്ന് ഈ കണക്കുകള്‍ ഉദ്ധരിച്ച് കരണ്‍ ഥാപ്പര്‍ പറയുന്നു. സാമ്പത്തിക കാരണങ്ങളാല്‍ കുറേ ഇന്ത്യക്കാര്‍ അനധികൃതമായി ബംഗ്ലാദേശിലേക്ക് കുടിയേറുന്നുണ്ടെന്ന അവിടത്തെ വിദേശമന്ത്രി എ കെ അബ്ദുല്‍ മൊമിന്റെ പ്രസ്താവന അതുകൊണ്ടുതന്നെ ശരിയായിരിക്കാന്‍ സാധ്യതയുണ്ട്. അമേരിക്ക പൗരത്വം വാഗ്ദാനം ചെയ്താല്‍ ഇന്ത്യയിലെ പകുതിപ്പേരും അങ്ങോട്ടു ചേക്കേറുമെന്ന് ആരെങ്കിലും ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രിക്ക് പറഞ്ഞുകൊടുക്കണമെന്ന് കരണ്‍ ഥാപ്പര്‍ പറയുന്നു. അമേരിക്ക വാതിലുകള്‍ അടച്ചിട്ടിട്ടും കുടിയേറ്റത്തിന് കുറവൊന്നുമില്ലതാനും.

എസ് കുമാര്‍

You must be logged in to post a comment Login