പ്രപഞ്ചം സംസാരിക്കുന്ന ഇസ്ലാം

പ്രപഞ്ചം സംസാരിക്കുന്ന ഇസ്ലാം

ഏറെ സുന്ദരമാണ് ഇസ്ലാമിന്റെ വിശ്വാസ ശാസ്ത്രം. പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നതാണ് അതിന്റെ ആധാര ശില. പ്രപഞ്ചം അനാദിയല്ലെന്നും സ്വയംഭൂ അല്ലാ എന്നുമാണ് മുസ്ലിം വിശ്വസിക്കുന്നത്. അതിനാല്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്. ഈ സ്രഷ്ടാവ്- സൃഷ്ടി എന്ന സിദ്ധാന്തമാണോ സുന്ദരം അതല്ല സ്വയംഭൂ/ അനാദി എന്നീ സിദ്ധാന്തമാണോ സുന്ദരമെന്ന് പരിശോധിക്കാം.

ഈ പരിശോധനക്ക് ആദ്യം രണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടേണ്ടതുണ്ട്. പ്രപഞ്ചത്തിന് ചലനമുണ്ട്. ഇതിനര്‍ഥം ഒരു കുറവുണ്ട് എന്നതാണ്. ഓരോ സെക്കന്റിലും നമ്മുടെ ശരീരം ഉയര്‍ന്ന മാത്രയിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ തന്മാത്രകള്‍, ബാക്ടീരിയകള്‍, ക്രോമസോമുകള്‍, എന്‍സൈമുകള്‍, സെല്ലുകള്‍ എല്ലാം നിരന്തരം മുകളിലേക്ക് ചലിക്കുന്നുണ്ട്. കുഞ്ഞായിരുന്ന സമയത്ത് കേവലം ഒരു കിലോ മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. പിന്നീടത് രണ്ടു കിലോയിലേക്കുയരുന്നു. അതിനര്‍ഥം ഒരു കിലോ പോരായിരുന്നു എന്നുതന്നെയാണ്. പിന്നീടത് ഇരുപത്തഞ്ച് കിലോയിലേക്ക് കനപ്പെട്ടു. രണ്ട് കിലോ പോരായിരുന്നു എന്നു തീര്‍ച്ചയായി. ഒരു പരിധി കഴിഞ്ഞാലും ചലനം അവസാനിക്കുന്നില്ല. പക്ഷേ താഴോട്ടായിരിക്കും. സെല്ലുകള്‍ ക്ഷയിക്കുകയാണ്. ആരോഗ്യം കുറയുകയാണ്. തടുത്തുനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് ഇവിടെ ന്യൂനത. പഴയതുപോലെ പുഷ്ടിപ്പെടണം എന്നുതന്നെയാണ് മോഹം. പക്ഷേ നമുക്ക് നമ്മുടെ സെല്ലുകളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല. അപ്പോള്‍ പ്രപഞ്ചത്തിന് ചലനമുണ്ട്. അതിലെ ഓരോ തന്മാത്രകള്‍ക്കും ചലനമുണ്ട്.
നാലിഞ്ച് കനത്തില്‍ വാര്‍ത്തെടുത്ത സ്ലാബില്‍ അഞ്ചു കൊല്ലത്തിനു ശേഷം എന്‍ജിനീയര്‍ വന്ന് മുട്ടിനോക്കിപ്പറയും: ഇനി പതിനഞ്ചുവര്‍ഷം മാത്രമേ ഇതിന് ആയുസ്സുള്ളൂ. അഞ്ചുകൊല്ലം പിന്നിട്ടപ്പോഴേക്ക് അതിനുള്ളിലെ ഇരുമ്പ് ദ്രവിച്ച് മറ്റൊന്നായിക്കൊണ്ടിരിക്കുകയാണ്. നാം നിശ്ചലമാണെന്ന് കരുതുന്ന നിര്‍മിതികളിലും ചലനമുണ്ട്. സമയം ഒമ്പതുമണിയില്‍ നിന്ന് പത്ത് ആകുമ്പോഴേക്ക് നമ്മള്‍ കിഴക്കോട്ട് 1683 കി.മീ. സഞ്ചരിക്കുന്നുണ്ട്. മൂന്നുതവണ തുടരെയനങ്ങിയാല്‍ നിസ്‌കാരം അസാധുവാകും. പ്രത്യക്ഷത്തില്‍ നിസ്‌കാരത്തില്‍ നിശ്ചലനായി നിന്നാലും ഒരു സയന്റിസ്റ്റിനോട് ചോദിച്ചാല്‍ അദ്ദേഹം പറയും; നിശ്ചലനായിട്ടില്ല. 336.6 കി.മീ. സഞ്ചരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കണ്‍മുമ്പിലുള്ള ഈ പ്രപഞ്ചത്തിന് തിരുത്താന്‍ കഴിയാത്ത ഒരു ന്യൂനത നാം സ്ഥിരീകരിച്ച് കഴിഞ്ഞു. ന്യൂനത തീര്‍ന്നുകിട്ടാന്‍ നാമെല്ലാവരും എന്തുത്യാഗവും സഹിക്കും. സംസാരത്തിന് വിക്കുള്ള കുട്ടിയെയും കൊണ്ട് എത്ര തവണയാണൊരുമ്മ ഡോക്ടറെ സമീപിക്കുന്നത്. അത് വല്ല വിധേനയും ഒന്ന് നീങ്ങിക്കിട്ടിയാലോ എന്ന ആഗ്രഹമാണിതിന് കാരണം. സംസാരത്തില്‍ സ്ഫുടത വരാത്ത അതല്ലെങ്കില്‍ സഭാകമ്പം തീരാത്ത ഒരു പ്രശ്നം നമുക്കുണ്ടെങ്കില്‍ നാം എന്താണ് ചെയ്യുക. ആരോരും കാണാതെ, ഒരു മരത്തില്‍ കയറും. ഘോരഘോരം പ്രസംഗിച്ച് പഠിക്കും. സഭാകമ്പം തീര്‍ന്നുകിട്ടാന്‍ പലതവണ ഇതാവര്‍ത്തിക്കും. പൂര്‍ണതയിലേക്കെത്താനുള്ള ഒരു വെമ്പലാണിത്. ന്യൂനത നീങ്ങിക്കിട്ടാന്‍ ആഗ്രഹിക്കാത്ത ഒരാളുമില്ല. എന്നാല്‍ ഒരു ഡോക്ടറെ കണ്ടാല്‍പോലും തീരാത്ത ന്യൂനതയാണ് ഒരു ഉണ്മ മറ്റൊരു ശക്തിയിലേക്ക് ആവശ്യമാവുകയെന്നത്. നമ്മള്‍ മറ്റൊരാളെയും ആശ്രയിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. മറ്റൊന്നിനെ ആശ്രയിക്കേണ്ട അവസ്ഥ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് മറ്റൊരു ന്യൂനതയും ഉണ്ടാകില്ല. എല്ലാ ന്യൂനതയും ഇല്ലായ്മ ചെയ്തതിന് ശേഷമേ അത് സാധിക്കൂ.

ഇത്രയും മനസ്സിലാക്കിക്കഴിഞ്ഞാല്‍ സ്രഷ്ടാവ് എന്ന യാഥാര്‍ത്ഥ്യം സമ്മതിക്കേണ്ടിവരുന്നു. ഇസ്ലാമിക് തിയോളജിയുടെ സൗന്ദര്യമാണ് ഇവിടെ പ്രകടമാകുന്നത്. നമുക്ക് ചുറ്റുമുള്ള ഈ പ്രപഞ്ചത്തിന്, അതിന്റെ ഉണ്മക്ക് ഒരു സ്രഷ്ടാവിന്റെ ആവശ്യം വരുന്നു. അതിന് സ്വയംഭൂ ആകാനോ അനാദിയാകാനോ കഴിയില്ല. ആയിരുന്നെങ്കില്‍ ഇന്നതിന്ന് ന്യൂനത ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് അതിന്റെ തുടക്കത്തിലും ന്യൂനതയുണ്ട്. ഈ ന്യൂനത താണ്ടാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന്റെ അപ്പുറത്തിരിക്കുന്ന ശക്തി ആരാവണം? ഉത്തരം അത് പ്രപഞ്ചേതരമാവണം. കാരണം, ചലിപ്പിക്കേണ്ടതും മുകളിലേക്ക് കൊണ്ടുവരേണ്ടതും പ്രപഞ്ചത്തെയല്ലേ.
എങ്ങനെയാണ് നാം പ്രപഞ്ചത്തെ നിര്‍വചിക്കുക? നീളം, വീതി, ആഴം, കാലം എന്നീ നാല് അളവുകോലുകള്‍ കൊണ്ട് അളക്കാന്‍ കഴിയുന്ന വസ്തു എന്നാണതിന്റെ നിര്‍വചനം. എല്ലാ വസ്തുക്കളെയും ഈ നാലില്‍ ഒന്നുകൊണ്ട് അല്ലെങ്കില്‍ നാലുകൊണ്ടും അല്ലെങ്കില്‍ രണ്ടെണ്ണം കൊണ്ട് അളക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ഈ നാലെണ്ണത്തില്‍നിന്ന് ഒന്നുകൊണ്ടും അളക്കപ്പെടാന്‍ സാധിക്കാത്ത ശക്തിയാവണം.

ആയതുല്‍ കുര്‍സിയ്യ്
പ്രപഞ്ചത്തിന്റെ ഉണ്മക്ക് പിറകിലുള്ള ആ ശക്തി പ്രപഞ്ചേതരമാണെന്ന് ആയതുല്‍കുര്‍സിയ്യ് ഓതുമ്പോള്‍ കാണാം. നാമോരോരുത്തരെയും കാലം കൊണ്ടേ അളക്കാന്‍ സാധിക്കൂ. നമ്മെ കാലം സ്പര്‍ശിക്കാറുണ്ട്. ഒമ്പതുമണിയായാല്‍ കാലം നമ്മെ സ്പര്‍ശിക്കുന്നത് കാണാം. മഗ്രിബിനു ശേഷം എപ്പോഴാണോ മൂന്നര നാല് മണിക്കൂര്‍ പിന്നിടുന്നത് അപ്പോള്‍ നമ്മെ ഉറക്കം ബാധിക്കാറുണ്ട്. കാരണം സൂര്യനും നാമും തമ്മിലുള്ള അകല്‍ച്ച നമ്മുടെ ശരീരം അനുഭവിക്കുന്നു. എന്നാല്‍ സൂര്യന്‍ ഉദിക്കാന്‍ ഒന്നേകാല്‍ മണിക്കൂര്‍ ഉണ്ടാകുമ്പോള്‍ താനേ നമ്മള്‍ ഉണരുന്നു. കാരണം നാമും സൂര്യനും തമ്മിലുള്ള അകല്‍ച്ച കുറയുന്നു. ഇതൊന്നും അല്ലാഹുവിന് ബാധകമല്ല. അല്ലാഹു പ്രപഞ്ചേതര ശക്തിയാണ്. ഏതൊന്നിനെയും സൃഷ്ടിക്കുന്നതും ചലിപ്പിക്കുന്നതും മറ്റൊരു ബാഹ്യശക്തിയായിരിക്കും. നാം ഒരു പച്ച മാങ്ങ പറിച്ചു. ഇലകള്‍ക്കുള്ളിലൊളിപ്പിച്ചുവെച്ചു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്ക് അത് പഴുത്തിരിക്കുന്നു. ആരാണത് പഴുപ്പിച്ചത്? പ്രപഞ്ചം സ്വമേധയാ ഉണ്ടായതാണെന്ന് വാദിക്കുന്നവര്‍ പറയും അത് സ്വമേധയാ പഴുത്തതാണെന്ന്. പച്ചമാങ്ങയുടെ ഘടകമല്ലാത്ത ബാഹ്യഘടകമാണ് ഈ പരിവര്‍ത്തനം ഉണ്ടാക്കിയത്; ബാക്ടീരിയകള്‍ മാങ്ങയാണോ? അല്ല! മാങ്ങ പഴുപ്പിക്കാന്‍ വെച്ച് നാം ഉറങ്ങാന്‍ പോയെങ്കിലും ഈ ബാക്ടീരിയകള്‍ നിതാന്ത ജാഗ്രത പുലര്‍ത്തി മാങ്ങയെ പഴുപ്പിച്ചു. ചലിപ്പിക്കുന്നതും ചലിപ്പിക്കപ്പെടുന്നതും ഒന്നല്ല. മാങ്ങയുടെ യാതൊരു വിധ നിര്‍വചനവും ചേരാത്ത ഒരു അന്യവസ്തുവാണ് മാങ്ങയെ പഴുപ്പിച്ചത്.

നീളം, വീതി, ആഴം, കാലം എന്നീ നാല് അളവുകോലുകള്‍ കൊണ്ട് അളക്കാന്‍ സാധിക്കുന്ന പ്രപഞ്ചത്തെ ഇല്ലായ്മയില്‍നിന്ന് ഉണ്മയിലേക്ക് എത്തിച്ചത് ഈ നാല് അളവുകോലുകളെ കൊണ്ടും അളക്കാന്‍ സാധിക്കാത്ത ശക്തിയാണ്. ആ ശക്തിയെയാണ് അല്ലാഹു എന്ന് വിളിക്കുന്നത്. പ്രപഞ്ചത്തോട് ആ ശക്തിക്ക് ഒരു തരത്തിലുള്ള സാമ്യവും ഉണ്ടാവില്ല.

സൃഷ്ടി എന്നതും സ്രഷ്ടാവ് എന്നതും രണ്ടും രണ്ടായി നമ്മുടെ മുന്നില്‍ ബോധ്യപ്പെട്ടുകഴിഞ്ഞു. ഈ പ്രപഞ്ചം സ്വയംഭൂ ആണ് അല്ലെങ്കില്‍ അനാദിയാണ് എന്ന് പറയുന്ന ഭൗതികവാദികള്‍ കൂടി ഒരുകാര്യം സമ്മതിക്കും. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഗ് ബാങ്(മഹാസ്ഫോടനം) നടന്നിട്ടുണ്ട് എന്ന്. 1969ല്‍ നീല്‍ ആംസ്ട്രോങ് ബഹിരാകാശത്തുനിന്ന് ഒരു കല്ലുകൊണ്ടുവന്നിരുന്നുവത്രെ. ഈ കല്ലിന്റെയും ലോകത്തിലെ വ്യത്യസ്ത വിജനപ്രദേശങ്ങളില്‍ വീഴുന്ന ഉല്‍ക്കകളുടെയും നമ്മുടെ പരിസരങ്ങളിലുള്ള പാറകളുടെയും പഴക്കം 472 കോടി വര്‍ഷമാകാന്‍ എന്താണ് കാരണം എന്ന് ചിന്തിച്ചപ്പോഴാണ് മനസ്സിലാവുന്നത് ഇവകളൊക്കെ ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നെന്ന്. 1500 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നെബുല എന്ന വാതകമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഈ വാതകത്തിന് പരിണാമം സംഭവിച്ചാണ് സൗരയൂഥ കുടുംബവും മറ്റു സൃഷ്ടികളും സംഭവവികാസങ്ങളും ഉണ്ടായത്. ‘ഈ ആകാശവും ഭൂമിയും ഒട്ടിപ്പിടിച്ചവയായിരുന്നുവെന്നും നാമാണവയെ പിളര്‍ത്തിയതെന്നും മനസ്സിലാക്കുന്നില്ലേ…’

ഈ ഗാലക്സികളാകട്ടെ അവയ്ക്കപ്പുറത്തുള്ളവയാകട്ടെ, എല്ലാം ഒരുകാലത്ത് ഒട്ടിപ്പിടിച്ചവയായിരുന്നുവെന്നും നാമാണതിനെ പിളര്‍ത്തിയതെന്നും പറയുമ്പോള്‍ ഖുര്‍ആന്‍ ബിഗ് ബാങിനെ ഓര്‍മിപ്പിക്കുന്നു. പക്ഷേ ആരാണീ ബിഗ് ബാങുണ്ടാക്കിയത് എന്നിടത്ത് സയന്‍സ് കൈമലര്‍ത്തുമ്പോള്‍ നാം പറയും: തീര്‍ത്തും പ്രപഞ്ചേതര ശക്തിയായ അല്ലാഹു എന്ന്.
ഇത്രയും കൃത്യമായും സുന്ദരമായും പ്രപഞ്ചത്തെയും പ്രപഞ്ചത്തിന് പിറകിലുള്ള വസ്തുതയെയും പറയാന്‍ ഇസ്ലാമിന് കഴിയും.

(ഹസനിയ്യ നാഷണല്‍ ദഅ്വ കോണ്‍ഫറന്‍സില്‍ നടത്തിയ പ്രഭാഷണത്തിന്റെ ആശയസംഗ്രഹം)
കേട്ടെഴുത്ത്: മുസ്ത്വഫ ചെര്‍പ്പുളശ്ശേരി

ബശീര്‍ ഫൈസി വെണ്ണക്കോട്

You must be logged in to post a comment Login