കേരള ബജറ്റ് 2020: പ്രതിസന്ധിക്കാലത്തെ കണക്കും രാഷ്ട്രീയവും

കേരള ബജറ്റ് 2020: പ്രതിസന്ധിക്കാലത്തെ കണക്കും രാഷ്ട്രീയവും

ഫെഡറല്‍ ഭരണക്രമത്തെ ദുര്‍ബലപ്പെടുത്താന്‍ പലതലങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമം തുടരുന്ന സാഹചര്യത്തിലാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ചരക്ക് സേവന നികുതി (ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് – ജി എസ് ടി) നടപ്പാക്കിയതോടെ സംസ്ഥാനങ്ങള്‍ക്ക് വിഭവസമാഹരണത്തിനുള്ള മാര്‍ഗങ്ങള്‍ ഏതാണ്ട് ഇല്ലാതായി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിറുത്തി വിഭവസമാഹരണം നടത്താന്‍ സാധിക്കാതിരിക്കേ, ലഭ്യമായ വിഭവങ്ങളുടെ ഏതാണ്ട് സന്തുലിതമായ പങ്കുവെക്കല്‍ മാത്രമാണ് ബജറ്റിലൂടെ നടത്താനാകുക. അതുകൊണ്ട് തന്നെ ബജറ്റിന് പുറത്ത് കടമെടുത്ത് വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നതേ പോംവഴിയുള്ളൂ.
2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് പിറകെ, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ ധനകാര്യ മാനേജുമെന്റ് തികഞ്ഞ പരാജയമായിരുന്നുവെന്നും അത് ക്രമപ്പെടുത്താന്‍ തന്നെ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. 2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്, സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ ആവത് ശ്രമിച്ചിരുന്നു. നികുതി വരുമാനത്തിന്റെ വളര്‍ച്ചയുടെ തോത് 20 ശതമാനം വരെയായി ഉയരുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത കെ എം മാണി ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത കാട്ടിയില്ല എന്നത് വിമര്‍ശനത്തിന് അപ്പുറത്ത് വസ്തുതയാണ്. ഇത് സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. ഇതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിറകെ തോമസ് ഐസക് ചൂണ്ടിക്കാട്ടിയതും.

ധനസ്ഥിതി ദുര്‍ബലമായിരിക്കേ, വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുക എന്നത് വെല്ലുവിളിയാണെന്നും അതുകൊണ്ട് തന്നെ ബജറ്റിന് പുറത്ത് വിഭവ സമാഹരണത്തിന് വഴിയൊരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഡെവലപ്‌മെന്റ് ബോര്‍ഡിനെ പൊതുവിപണിയില്‍ നിന്ന് കടമെടുക്കാവുന്ന സ്ഥാപനമാക്കി മാറ്റുന്നതിന് നിയമം കൊണ്ടുവന്നത് അതിന് വേണ്ടിയായിരുന്നു. സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് കിഫ്ബി വഴി കടമെടുത്ത് വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം അപ്പോള്‍ തന്നെ തുടങ്ങുകയും ചെയ്തു. 50,000 കോടി രൂപയിലേറെ ചെലവ് വരുന്ന പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലാണെന്നും അതില്‍ ഭൂരിഭാഗത്തിനും നിര്‍വഹണ അനുമതി നല്‍കിയെന്നുമാണ് ധനമന്ത്രാലയം വിശദീകരിക്കുന്നത്. കിഫ്ബി വഴി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനകം പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണം അടുത്ത സാമ്പത്തികവര്‍ഷത്തില്‍ നടക്കുക എന്നതിനാണ് പുതിയ ബജറ്റില്‍ ധനമന്ത്രി നല്‍കുന്ന ഊന്നല്‍. അതെത്രമാത്രം കൈയടക്കത്തോടെ ചെയ്യാനാകുമെന്നതിനെ ആശ്രയിച്ചാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ അവസാന ബജറ്റിന്റെ വിജയം. ഈ വിജയം വരാനിരിക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതു ജനാധിപത്യ മുന്നണിയെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ധനമന്ത്രി.

ഇതിനൊപ്പം സംസ്ഥാന സര്‍ക്കാറിനെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട് ധനമന്ത്രി. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വൈകുന്നത്, നെല്ല് സംഭരിച്ച വകയില്‍ നല്‍കേണ്ട തുക നല്‍കാതിരിക്കുന്നത്, 2019ലെ പ്രളയ സഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത്, 2018ലെ പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മാണത്തിന് പ്രത്യേകമായി വായ്പ എടുക്കാനുള്ള അനുമതി പിന്നീട് റദ്ദാക്കിയത്, സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള പരിധി വെട്ടിക്കുറിച്ചത് അങ്ങനെ പല വിധത്തില്‍ കേരളത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട് കേന്ദ്രം. സാമൂഹികക്ഷേമ സൂചികയില്‍ മുന്നേറിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം കുറയ്ക്കണമെന്നാണ് പുതിയ ധനകാര്യ കമ്മീഷന്റെ ശിപാര്‍ശ. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുണ്ട്. അതുവഴി അടുത്ത സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് കുറവു വരിക 5000 കോടി രൂപയാണ്. ഇതിനുള്ളില്‍ നിന്നുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് ചെറുതല്ലാത്ത വെല്ലുവിളിയാണ്.

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യത്തെ മറികടക്കാന്‍ പ്രായോഗികമായ എന്തെങ്കിലും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സന്നദ്ധമായിട്ടില്ല. ജനങ്ങളുടെ വാങ്ങല്‍ ശേഷിയിലുണ്ടായ കുറവ് തുടരുകയാണെങ്കില്‍ നികുതി വരുമാനം കുറയുമെന്ന് ഉറപ്പ്. അത് കേരളത്തെയും ബാധിക്കും. അങ്ങിനെ വന്നാല്‍ നടപ്പ് സാമ്പത്തികവര്‍ഷം നികുതി വിഹിതമായി ലഭിച്ചത്രയും തുക അടുത്ത സാമ്പത്തികവര്‍ഷം കിട്ടിക്കൊള്ളണമെന്നില്ല. അതുകൂടി സംഭവിച്ചാല്‍ കേരളം നേരിടുന്ന പ്രതിസന്ധി വീണ്ടും വലുതാകും. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നുവെന്നത് കൊണ്ടുതന്നെ, കേന്ദ്രവിഹിതം കിട്ടിയില്ലെങ്കില്‍പോലും, തൊഴിലുറപ്പിന്റെ വേതനം മുടക്കാനാകില്ല സംസ്ഥാന സര്‍ക്കാറിന്. നെല്ല് സംഭരണം കൃത്യസമയത്ത് നടത്തി കര്‍ഷകര്‍ക്ക് പണം നല്‍കേണ്ടിയും വരും. പൊതുമരാമത്ത് കരാറുകാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക കുറച്ചെങ്കിലും കൊടുത്തില്ലെങ്കില്‍ അവര്‍ പുതിയ ജോലികള്‍ ഏറ്റെടുക്കില്ല. ഇതിനെല്ലാമുള്ള പണം സംസ്ഥാന ഖജനാവില്‍ നിന്ന് കണ്ടെത്തേണ്ടിവരും. മറ്റ് ചെലവുകള്‍ കുറച്ച് ഇതിനൊക്കെ പണം കണ്ടെത്തേണ്ടിവരും. അതുകൊണ്ടാണ് ചെലവ് ചുരുക്കാന്‍ നടപടിയുണ്ടാകുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞുവെക്കുന്നത്. എങ്കില്‍പോലും വര്‍ഷാവസാനത്തില്‍ മിച്ചമുണ്ടാകുമെന്ന ധനമന്ത്രിയുടെ പ്രതീക്ഷ അസ്ഥാനത്താകുമെന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കിയാല്‍ ധനമന്ത്രി ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്ന കണക്കുകള്‍ അട്ടിമറിയുമെന്ന് ഉറപ്പ്.
സര്‍ക്കാര്‍ നിയമനങ്ങള്‍ കുറയ്ക്കുക എന്നതാണ് ചെലവ് ചുരുക്കലിന് ധനമന്ത്രി കാണുന്ന പ്രധാന മാര്‍ഗം. അധികാര വികേന്ദ്രീകരണം നടപ്പാക്കിയ കാലം മുതല്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തെക്കുറിച്ച് സംസ്ഥാനം ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പ്രയോഗത്തിലാക്കി പുതിയ നിയമനങ്ങള്‍ കുറയ്ക്കുമെന്ന് ധനമന്ത്രി പറയുന്നു. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണതയിലേക്ക് എത്തുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പല തസ്തികകളും അപ്രസക്തമായിട്ടുണ്ട്. അതൊക്കെ ഇല്ലാതാക്കാനും ആലോചനയുണ്ട്. സര്‍ക്കാര്‍ ജോലികള്‍ കുറയുമ്പോള്‍ പുതിയ തൊഴിലവസര സൃഷ്ടിക്ക് സ്വകാര്യമേഖലയെ ആശ്രയിക്കാതെ തരമില്ല. കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും സ്വകാര്യ നിക്ഷേപം, പ്രത്യേകിച്ച് കോര്‍പറേറ്റ് നിക്ഷേപം ആകര്‍ഷിക്കുന്നതിന് മുന്‍ഗണന നല്‍കിയത് അതുകൊണ്ടാണ്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളില്‍ ഇ എസ് ഐയുടെയും പി എഫിന്റെയും പരിധിയില്‍ വരുന്ന ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ വഹിക്കുമെന്നതാണ് ഇത്തവണത്തെ പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമ്പോള്‍ തന്നെ വലിയ തോതില്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് സി പി എം തിരിച്ചറിയുകയാണ്. അതിന്റെ പ്രതിഫലനമാണ് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ വഹിക്കുമെന്നത് പോലുള്ള പ്രഖ്യാപനങ്ങള്‍. ഇടത് ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് കാതലായ ഈ നയംമാറ്റം ബജറ്റില്‍ പൊതിഞ്ഞ് ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി.

ക്ഷേമ പെന്‍ഷനുകളില്‍ നൂറ് രൂപയുടെ വര്‍ധന, ഭിന്നശേഷിക്കാര്‍ക്ക് സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിന് കൂടുതല്‍ വിഹിതം, പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ തുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനികവത്കരണത്തിന് നീക്കിവെക്കല്‍ തുടങ്ങിയ പതിവുകള്‍ മുടക്കിയിട്ടില്ല. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പട്ടിക വിഭാഗ വികസനം തുടങ്ങി വിവിധ മേഖലകള്‍ക്ക് ആനുപാതികമായി വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി, കുട്ടനാട് തുടങ്ങിയ മേഖലകള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളുടെ തുടര്‍ച്ചയ്ക്ക് തുക അനുവദിക്കുകയും ചെയ്തു. ഇതില്‍ ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിന് വേണ്ടിവരുന്ന അധികത്തുക, ഒരാള്‍ തന്നെ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നത് ഇല്ലാതാക്കുന്നതിലൂടെ കണ്ടെത്താന്‍ സാധിക്കും.
2018ലെ പ്രളയം നൂറ്റാണ്ടിന് ശേഷമുണ്ടായ അപൂര്‍വ സംഭവമായാണ് കേരളം കണ്ടത്. അത്രത്തോളം ആഘാതമുണ്ടാക്കിയില്ലെങ്കിലും 2019ല്‍ പ്രളയം ആവര്‍ത്തിച്ചു. ഈ രണ്ട് പ്രളയങ്ങളും കേരളത്തിന്റെ ഭൂവിനിയോഗത്തെക്കുറിച്ചും ഇനിയങ്ങോട്ട് നടപ്പാക്കേണ്ട വികസന പദ്ധതികളുടെ ആസൂത്രണത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ തുടങ്ങിവെച്ചിരുന്നു. അതിന്റെ പ്രതിഫലനം ബജറ്റിലുണ്ടായില്ലെന്നതാണ് ഏറ്റവും വലിയ ദോഷം. രണ്ട് തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ നില്‍ക്കെ ധനമന്ത്രിക്കും സര്‍ക്കാറിനും പരിമിതികളുണ്ട്. പക്ഷേ, അതിനുള്ളില്‍ നിന്നുള്ള മാറ്റങ്ങള്‍ക്ക് പോലും ഇടത് സര്‍ക്കാര്‍ തയാറായില്ല. പ്രകൃതിക്ഷോഭമുണ്ടായ, ഇനിയുമുണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക, അത്തരം പ്രദേശങ്ങളില്‍ അധിവസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുക തുടങ്ങി പല നിര്‍ദേശങ്ങള്‍ ഇതിനകം ഉയര്‍ന്നുവന്നിരുന്നു. ഇതിനെ ഒട്ടൊക്കെ അനുകൂലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദ്ധമാകുകയും ചെയ്തു. അത് മുന്നോട്ടുകൊണ്ടുപോകാന്‍ പക്ഷേ, ഇടത് സര്‍ക്കാറിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ കേരളത്തിന്റെ പുനര്‍നിര്‍മാണം ഏത് വിധത്തിലാകണമെന്ന സങ്കല്പം പോലും മുന്നോട്ടുവെക്കാന്‍ തോമസ് ഐസക്കിന്റെ ബജറ്റിന് സാധിക്കാതെ പോയി. ഈ ബജറ്റിന്റെ ഏറ്റവും വലിയ പരാജയവും അതുതന്നെയാകും.
2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായ കാലത്ത് കേരളത്തിലൊരു മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചിരുന്നു അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിക്കാന്‍ പുതിയ റോഡുകളുടെ നിര്‍മാണമായിരുന്നു അന്നത്തെ പാക്കേജിലെ മുഖ്യ ഇനം. അന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ ഏതളവില്‍ പ്രായോഗികമായെന്ന പരിശോധന പിന്നീടുണ്ടായില്ല. ഇക്കുറി മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുകയല്ല, നിലവില്‍ പ്രഖ്യാപിച്ചതൊക്കെ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം നല്‍കുകയാണ് ധനമന്ത്രി. അതുവഴി കമ്പോളത്തിലേക്ക് എത്തുന്ന പണം വളര്‍ച്ചയെ ഉത്തേജിപ്പിക്കുമെന്ന് ധനമന്ത്രി പ്രതീക്ഷിക്കുന്നു. അതുണ്ടായില്ലെങ്കില്‍ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാകും നീങ്ങുക. അതിന്റെ ഭാരം 2021ലെ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാറിനുമേല്‍ പതിക്കുകയും ചെയ്യും. കിഫ്ബി വഴി സ്വീകരിക്കുന്ന വായ്പയുടെ തിരിച്ചടവും ഭാവിയില്‍ വലിയ ബാധ്യതയായി മാറാന്‍ സാധ്യത ഏറെയാണ്. പക്ഷേ, ഇതല്ലാതെ കേരളത്തിന് മുന്നില്‍ മറ്റുമാര്‍ഗമില്ലെന്ന് ബജറ്റിനെയും കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും എതിര്‍ക്കുന്നവര്‍ പോലും സമ്മതിക്കും.
തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ നൂല്‍പ്പാലത്തിലൂടെ നടക്കുകയാണ് സംസ്ഥാനത്തിന്റെ സമ്പദ്്വ്യവസ്ഥ. അവിടെ പ്രായോഗിക രാഷ്ട്രീയം കൂടി കണക്കിലെടുക്കുന്ന ഏത് ധനമന്ത്രിയും ചെയ്യുന്നതേ തോമസ് ഐസകും ഈ ബജറ്റില്‍ ചെയ്യുന്നുള്ളൂ. സാമ്പത്തിക വ്യവഹാരത്തിനപ്പുറത്ത് സമര്‍ഥമായി രാഷ്ട്രീയം പറയാന്‍ ബജറ്റ് പ്രസംഗം ഉപയോഗിച്ചുവെന്നത് മാത്രമാണ് മിടുക്ക്. ഭരണഘടനയെ അട്ടിമറിക്കാന്‍, വെറുപ്പിന്റെ രാഷ്ട്രീയം വിതച്ച് അധികാരമുറപ്പിക്കാന്‍, രാജ്യത്തെ ഭീതിയില്‍ നിര്‍ത്തിക്കൊണ്ട് ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ ഒക്കെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി വിമര്‍ശിക്കാന്‍ ധനമന്ത്രി മറന്നില്ല. ബജറ്റ് നിര്‍ദേശങ്ങളോ അതിലൂടെ പ്രാവര്‍ത്തികമാകാന്‍ പോകുന്ന പദ്ധതികളോ അല്ല, മതനിരപേക്ഷ ജനാധിപത്യത്തോട് കാണിക്കുന്ന പ്രതിബദ്ധതയാണ് കേരളത്തിലെ രാഷ്ട്രീയ വിജയത്തിന്റെ അടിത്തറയെന്ന് മനസ്സിലാക്കുന്ന രാഷ്ട്രീയക്കാരനായാണ്, ധനമന്ത്രിയായല്ല, ഇക്കുറി തോമസ് ഐസക് ബജറ്റവതരിപ്പിച്ചത്. സാമ്പത്തിക രേഖയെന്നതിനേക്കാള്‍ രാഷ്ട്രീയ രേഖ എന്ന നിലയ്ക്കാണ് ഇത് പ്രസക്തമാകുക.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login