മാപ്പിള സംസ്‌കാരത്തിലെ പേര്‍ഷ്യന്‍ പര്‍വം

മാപ്പിള സംസ്‌കാരത്തിലെ പേര്‍ഷ്യന്‍ പര്‍വം

വടക്കന്‍ കേരളത്തിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജീവിക്കുന്ന മാപ്പിള മുസ്ലിംകള്‍ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ മുസ്ലിംകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി സവിശേഷമായ സംസ്‌കാരം അനുധാവനം ചെയ്യുന്നവരാണ്. അറബി മലയാളം അല്ലെങ്കില്‍ മാപ്പിള മലയാളം എന്നറിയപ്പെടുന്ന അവരുടെ ഭാഷ അടിസ്ഥാനപരമായി അറബി, പേര്‍ഷ്യന്‍, സിറിയന്‍, കന്നട, തമിഴ് ഭാഷകളില്‍നിന്ന് കടംകൊണ്ട നാടന്‍ മലയാളം തന്നെയാണ്. മേല്‍പ്പറഞ്ഞ ഭാഷകളുടെ നിയമങ്ങളും ശൈലികളും തന്നെ ഇതിനോട് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പൗരാണിക ദ്രവീഡിയന്‍ തദ്ഭവങ്ങളാല്‍ സമ്പന്നമാണ് ഈ സമൂഹത്തിന്റെ സംസ്‌കാരം എന്നതാണ് സവിശേഷമായ സംഗതി. ഈ സാര്‍വജനീനമായ ലോകവീക്ഷണം പ്രാചീന കാലം തൊട്ടേ ഗ്രീക്ക്, റോം, പേര്‍ഷ്യ, അറേബ്യ എന്നിവിടങ്ങളിലെ സമൂഹങ്ങളുമായി നടത്തിവന്നിരുന്ന വ്യാപാരബന്ധങ്ങളുടെ ഫലമായിട്ടായിരുന്നു വികസിച്ചുവന്നത്. ബി സി 300ന് മുമ്പ് ഇവിടെ സന്ദര്‍ശിച്ച നിരവധി സഞ്ചാരികളുടെ വിവരണങ്ങളിലെല്ലാം മലബാര്‍ എന്ന പേര് കാണാം. മലബാര്‍ എന്ന പദം തന്നെ നിഷ്പന്നമായത് തമിഴ് പദമായ മല, പേര്‍ഷ്യന്‍ പദമായ ബാര്‍ (തീരം) എന്നിവയില്‍ നിന്നാണ്.

ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പുതന്നെ പേര്‍ഷ്യന്‍/പഹ്ലവി സ്വാധീനം തീരദേശത്തെ ഭാഷകളില്‍ ഉണ്ടായിരുന്നു. ജൂത, ക്രൈസ്തവ സ്വാധീനമാണ് പ്രധാനമായും ഇതിന്റെ കാരണം. യഹൂദ പ്രമാണങ്ങളനുസരിച്ച്, ബി സി 973ല്‍ സോളമന്‍ ചക്രവര്‍ത്തി തീരപ്രദേശങ്ങളുമായി വ്യാപാരബന്ധം ആരംഭിച്ച കാലത്താണ് മലബാറില്‍ ആദ്യമായി ജൂതവിഭാഗമെത്തിച്ചേരുന്നത്. ബി സി 605ല്‍ പേര്‍ഷ്യന്‍ രാജാവായിരുന്ന ഷാല്‍മന്‍സര്‍, അസീറിയന്‍ സാമ്രാജ്യം കീഴടക്കുകയും യുദ്ധത്തടവുകാരില്‍ പലരെയും നാടുകടത്തുകയും ചെയ്തു. ഇവരില്‍ ഭൂരിഭാഗവും മലബാറിലേക്ക് കപ്പലേറി വന്ന് താമസമാക്കിയെന്നാണ് പറയപ്പെടുന്നത്. സെന്റ് തോമസ് ഇന്ത്യയിലേക്ക് വന്നപ്പോള്‍ മലബാറില്‍ പേര്‍ഷ്യന്‍ ജൂതരെ കണ്ടുമുട്ടിയിട്ടുണ്ട്. അവരില്‍ പലരെയും അദ്ദേഹം ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ ക്രിസ്തുമതത്തിന്റെ പിതാവായ മാര്‍ത്തോമ ശ്ലീഹ വളര്‍ന്നത് പേര്‍ഷ്യന്‍ സന്യാസമഠങ്ങളിലായിരുന്നു. ദക്ഷിണേന്ത്യയിലേക്കും വിശിഷ്യാ ക്രിസുതമത്തിന് വളക്കൂറുള്ള മണ്ണായി മാറിയ മലബാറിലേക്കും പേര്‍ഷ്യന്‍ സംസ്‌കാരം കൊണ്ടുവന്നത് അദ്ദേഹമായിരിക്കണം. എ ഡി മൂന്നാം നൂറ്റാണ്ടില്‍ ബസറയില്‍ നിന്നുള്ള ബിഷപ്പ് ഡേവിഡ് മലബാര്‍ സന്ദര്‍ശിച്ചതോടെയാണ് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ പൗരസ്ത്യന്‍ ചര്‍ച്ചിന്റെ ഭാഗമായി മാറുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ സ്താനു രവി ചെപ്പേടുകള്‍ എഴുതപ്പെട്ടത് പഹ്ലവി /പേര്‍ഷ്യന്‍ ഭാഷയിലായിരുന്നു. ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ നെസ്റ്റോറിയന്‍ ക്രിസ്ത്യാനികള്‍ മലബാറിലേക്ക് കുടിയേറി കൊടുങ്ങല്ലൂരിലും കൊല്ലത്തും താമസം ആരംഭിച്ചുവെന്നാണ് വില്യം ലോഗന്റെ പക്ഷം. മൂന്നാം നൂറ്റാണ്ടുമുതല്‍ ഏഴാം നൂറ്റാണ്ടുവരെ സാസാനിദുകള്‍ അറേബ്യയിലും മെസൊപ്പൊട്ടേമിയയിലും ശക്തരായിരുന്നു. അരാമിക്കുകളും സിറിയക്കാരും അറബികളുമായിരുന്നു ഇവിടെ ഭൂരിപക്ഷം. പേര്‍ഷ്യന്‍ പാരമ്പര്യങ്ങളും ക്രിസ്ത്യന്‍ മതവിശ്വാസവുമായിരുന്നു അവര്‍ പിന്തുടര്‍ന്നത്. എന്നാല്‍ ഈ ഭാഷ പൗരോഹിത്യവിഭാഗത്തില്‍ മാത്രം ഒതുങ്ങി.

ഇസ്ലാം ആഗമം
പേര്‍ഷ്യന്‍ നാടുകളിലേക്കുള്ള ഇസ്ലാമിന്റെ ആഗമം അവിടത്തെ സംസ്‌കാരം സമ്പന്നമാകാനും മറ്റു നാടുകളിലേക്ക് കടന്നുകയറാനും വഴിയൊരുക്കി. പേര്‍ഷ്യക്കാര്‍ ഭരിച്ച അറബ് നാടുകളില്‍ പലതിലും ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പുതന്നെ പേര്‍ഷ്യന്‍ സ്വാധീനം പ്രകടമായിരുന്നു. ഇസ് ലാം പേര്‍ഷ്യന്‍ നാടുകളില്‍ ആധിപത്യം നേടിയതോടെ പ്രവിശാലമായ ഇറാനിയന്‍ പ്രവിശ്യകളില്‍ അനുക്രമത്തിലുള്ള ഇസ്ലാമികവത്കരണത്തിന്റെ ഗഹനമായ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സ്വാധീനം ഉണ്ടായിരുന്നു. അബ്ബാസി കാലത്ത് (750-1258) ഇറാനികള്‍ ഭരണാധികാരം കയ്യാളിയപ്പോള്‍ ഈ പേര്‍ഷ്യന്‍ അറബ് സമന്വയം അതിവേഗത്തിലായിത്തീര്‍ന്നു. വൈകാതെ ഇസ് ലാമിക സംസ്‌കാരം ഒന്നടങ്കം പേര്‍ഷ്യന്‍ സംസ്‌കൃതിയെ കീഴടക്കി. ഈ സമന്വയ സംസ്‌കാരം മുസ്ലിം പ്രബോധന ദൗത്യ സംഘങ്ങളിലൂടെ ലോകത്തുടനീളം പ്രസരിക്കുകയും ചെയ്തു. ഇങ്ങിനെയാണ് മലബാറിലെ മാപ്പിള മുസ്ലിംകള്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ മുസ്ലിം സമൂഹങ്ങളിലേക്ക് പേര്‍ഷ്യന്‍ ഭാഷയും പാരമ്പര്യങ്ങളും വ്യാപരിച്ചത്. ഇബ്നു ഖല്‍ദൂന്‍ സൂചിപ്പിച്ചതുപോലെ, ശാസ്ത്രവും തൊഴിലുകളും കൈവേലകളും പോഷിപ്പിച്ചെടുത്തത് നിഷ്‌ക്രിയരായ ആളുകളാണ്. അനറബികളായിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. കാരണം, പേര്‍ഷ്യന്‍ സാമ്രാജ്യത്വ കാലത്തുതന്നെ ഈ സംസ്‌കാരം അവരില്‍ രൂഢമൂലമായിരുന്നു. അബ്ബാസി ഖിലാഫത്തില്‍ പേര്‍ഷ്യന്‍, അറബി ഭാഷകളില്‍ നിപുണരായ അനേകം പേരുണ്ടായിരുന്നു. പേര്‍ഷ്യന്‍ രചനകള്‍ വായിച്ച് മനസ്സും ചിന്തകളും അവര്‍ സംസ്‌കരിച്ചു. അതുവഴി അറബിയും പേര്‍ഷ്യനും സമ്മിശ്രമായ സാഹിത്യ കാവ്യ വിജ്ഞാന സൃഷ്ടികള്‍ അവര്‍ അവതരിപ്പിച്ചു.

കേരളത്തിലെ ഇസ്ലാമിക പ്രബോധകര്‍ മിക്കവാറും പേര്‍ഷ്യന്‍ ദക്ഷിണ അറേബ്യന്‍ പാരമ്പര്യമുള്ളവരായിരുന്നു. ഇസ്ലാമിനു മുമ്പ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശങ്ങള്‍. ആദ്യ മുസ്ലിം പ്രബോധകനായിരുന്ന മാലിക് ബിന്‍ ദീനാറും (മരണം 744) ശിഷ്യരും ബസറക്കാരാണ്. മലബാറിലെ മാപ്പിള മുസ്ലിം സംസ്‌കാരത്തിന്റെ പ്രാരംഭത്തിന് വഴിയൊരുക്കിയത് ഇവരാണ്. പ്രശസ്ത സൂഫിയായിരുന്ന മാലിക് ബിന്‍ ദീനാറിന്റെ മലബാറിലെ പ്രവര്‍ത്തനങ്ങള്‍ പേര്‍ഷ്യന്‍ അറബിക് സ്രോതസുകളിലൊന്നുംപരാമര്‍ശിക്കുന്നില്ല. ദീനാറിന്റെ ശിഷ്യരാണ് തീരപ്രദേശങ്ങളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പിന്നീട് ആറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍, ദക്ഷിണ അറബിക്കാരായ മഖ്ദൂമുമാര്‍ പൊന്നാനിയില്‍ ഉന്നത വിജ്ഞാന കേന്ദ്രം സ്ഥാപിച്ച് ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയായിരുന്നു.
ഇസ്ലാമിക ആഗമത്തിനു മുമ്പ് തന്നെ ദക്ഷിണ അറേബ്യയുമായി വ്യാപാര ബന്ധം നിലനിര്‍ത്തിയിരുന്നു മലബാര്‍. പേര്‍ഷ്യന്‍ ഏകാധിപതികളായിരുന്ന അഖ്മെനികളുടെയും അര്‍സാസികളുടെയും സാസാനികളുടെയും കീഴിലായിരുന്നു കുറേക്കാലം ഈ മേഖല. അറേബ്യയിലെ ലഖ്മി രാജാക്കന്‍മാര്‍ ഉപഭൂഖണ്ഡത്തില്‍ സാസാനികളുടെ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. പൗരസ്ത്യന്‍ നാടുകളിലേക്കുള്ള പല വ്യഞ്ജനപാത സുരക്ഷിതമാക്കി വെക്കുകയും അതുവഴി പേര്‍ഷ്യന്‍ വാണിജ്യ താല്‍പര്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും അറേബ്യയില്‍ പേര്‍ഷ്യന്‍ സ്വാധീനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. മാത്രമല്ല, ആറാം നൂറ്റാണ്ടില്‍ യമനിന്റെ നേരിട്ടുള്ള നിയന്ത്രണവും സാസാനിദുകള്‍ ഏറ്റെടുക്കുകയുണ്ടായി മുഹമ്മദ് നബി യമനിലേക്ക് ദൂതന്‍മാരെ അയച്ചപ്പോള്‍ സാസാനിയന്‍ ഗവര്‍ണറായ ബദാനായിരുന്നു ഭരിച്ചിരുന്നത്. സാസാനിയന്‍ ആധിപത്യത്തിലൂടെ പേര്‍ഷ്യന്‍ സംസ്‌കാരം പൗരസ്ത്യന്‍ നാടുകളിലേക്കും അറബ് മേഖലകളിലേക്കും സംക്രമിച്ചതിന്റെ വ്യക്തമായ തെളിവുകള്‍ നമുക്ക് കാണാം. പുനര്‍ജീവിതം, മിശിഹയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍, സ്വര്‍ഗ നരകങ്ങള്‍ക്കിടയിലെ പാലം, തുടങ്ങിയ സങ്കല്‍പങ്ങള്‍ മുഹമ്മദ് നബിക്ക് മുമ്പേ പേര്‍ഷ്യന്‍ വിശ്വാസങ്ങളിലുണ്ട്. ഇസ്ലാമിന്റെ സാര്‍വ ലൗകികതയുടെ ഭാഗമായി ഇതിനെ കാണാം. പൂര്‍വ വേദങ്ങളിലൂടെയാണല്ലോ മുഹമ്മദീയ ഇസ്ലാം സഞ്ചരിച്ചത്. വിഗ്രഹാരാധകരെ കൂടാതെ മുഹമ്മദ് നബി യഹൂദര്‍ക്കും സാബികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം വേദക്കാരായി സൊരാഷ്ട്രീയരെ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്.

തമിഴ്‌നാട്ടിലൂടെ
പേര്‍ഷ്യന്‍ സ്വാധീനത്തിന്റെ രണ്ടാം തരംഗം മലബാറിലേക്ക് കടന്നുവരുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. തമിഴ്നാടുമായുള്ള മലബാറിന്റെ പൂര്‍വകാല വ്യാപാര ബന്ധങ്ങളും മലബാറുമായുള്ള തമിഴ് ഭരണാധികാരികളുടെ അടുപ്പവുമൊക്കെ മാപ്പിള സംസ്‌കൃതി വികസിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പണ്ട് കോറമാണ്ടല്‍ തീരത്തേക്ക് കുടിയേറിയ അറബികള്‍ തമിഴ്നാട്ടിലേക്ക് പേര്‍ഷ്യന്‍ സംസ്‌കാരം കൊണ്ടുവന്നവരാണ്. തമിഴ്നാട്ടില്‍ നിലകൊണ്ടിരുന്ന അറബ് കേന്ദ്രങ്ങള്‍ ഇസ്ലാമിന്റെ വളര്‍ച്ചയോടെ മുസ്ലിം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി വളര്‍ന്നുവന്നു. ദക്ഷിണ അറേബ്യന്‍ മുസ് ലിംകളായിരുന്നു ഈ മേഖലയിലെ ഇസ്ലാമിക നായകന്‍മാര്‍. ബാഗ്ദാദിലെ നിസാമിയ്യ മാതൃകയില്‍ അവിടെ ഇസ്ലാമിക ജ്ഞാനകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു അവര്‍. ദക്ഷിണ അറബ്നാടുകളില്‍ പിന്തുടര്‍ന്ന പേര്‍ഷ്യന്‍ ഇസ്ലാമിക പാരമ്പര്യമായിരുന്നു അവിടുത്തെ പണ്ഡിതരും പിന്തുടര്‍ന്നത്. തമിഴ്തീരത്തെ പ്രാചീന തുറമുഖമായിരുന്നു കായല്‍പട്ടണം. പ്രധാന ഇസ്ലാമിക കേന്ദ്രമായി വികസിച്ചു. ഇവിടെനിന്നാണ് വിഖ്യാതരായ മുസ്ലിം പണ്ഡിത കുടുംബമായ മഖ്ദൂമുമാര്‍ മലബാറിലേക്ക് കുടിയേറിയത്.

ഷിറാസിലെ അബുല്‍ വസ്സാഫ് രേഖപ്പെടുത്തുന്നു: പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ദ്വീപുകളുടെ സമ്പത്തും ഇറാഖിലെയും ഖുറാസാനിലെയും നാടുകളുടെ സൗന്ദര്യവും ഹിന്ദിന്റെ പ്രധാന ഭാഗമായി സ്ഥിതിചെയ്തിരുന്ന മഅ്ബറില്‍ (കോറോമാണ്ടല്‍ തീരം)നിന്നാണ് ഉത്ഭവിച്ചത്. സില്‍ക്, സുഗന്ധദ്രവ്യങ്ങള്‍, മുത്തുകള്‍ തുടങ്ങിയവ ഇവിടെനിന്ന് ഇറാഖ്, സിറിയ, ഖുറാസാന്‍ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. മാര്‍കോ പോളോയുടെ (1293) യാത്രാവിവരണങ്ങളിലും വസ്സാഫിന്റെയും (1328) റഷീദുദ്ദീന്റെയും (1300) എഴുത്തുകളിലും ഈ തുറമുഖത്തെക്കുറിച്ച് വിവരണം നല്‍കുന്നുണ്ടെന്നത് ഇതിന്റെ പ്രാധാന്യം കാണിക്കുന്നു. 14-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ അലാഉദ്ദീന്‍ ഖല്‍ജി ഈ പ്രദേശത്തെ കൂട്ടിച്ചേര്‍ത്തതിലൂടെയും പേര്‍ഷ്യന്‍ സുഗന്ധം തമിഴ്നാട്ടിലെത്തിച്ചേര്‍ന്നിരിക്കാനുള്ള സാധ്യത ഏറെയാണ്. അലാഉദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ മാലിക് കഫൂര്‍ രാമേശ്വരം ഉള്‍പ്പെടെ മധുര രാജാക്കന്‍മാരുടെ മുഴുവന്‍ സാമ്രാജ്യവും കീഴടക്കുകയും അവിടെ പള്ളി പണിയുകയും ചെയ്തു. നാലു പതിറ്റാണ്ടോളം ഡല്‍ഹി സുല്‍താന്മാരുടെ കീഴിലായിരുന്നു ഈ പ്രദേശം. കായല്‍പട്ടണമായിരുന്നു ഈ പ്രദേശത്തെ പ്രധാന തുറമുഖം. പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ദക്ഷിണ പൗരസ്ത്യ ദേശങ്ങളും (മഅ്ബര്‍) ദക്ഷിണ പശ്ചിമ ദേശങ്ങളും (മലബാര്‍) മുസ്ലിം ലോകവും തമ്മില്‍ ശക്തമായ വ്യാപാര ബന്ധങ്ങള്‍ വളര്‍ന്നിരുതായി ശ്രീലങ്കക്കാരനായ ഡോ. ശുക്രി തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു. മഅ്ബറിലെ അറബികളുടെയും പേര്‍ഷ്യക്കാരുടെയും കുടിയേറ്റവും പ്രദേശത്തെ സുല്‍താന്‍മാരുടെ സാന്നിധ്യവും ചേര്‍ന്നാണ് ഒരു അറബ് തമിഴ് വംശം രൂപപ്പെടുത്തിയത്. മലബാറില്‍ മാപ്പിളമാര്‍ ചെയ്തതുപോലെ ഈ മേഖലയില്‍ അറബ് സംസ്‌കാരം വളരാന്‍ വഴിയൊരുക്കിയത് ഇവരായിരുന്നു. മഅ്ബര്‍ തീരത്തെ ഈ ജനങ്ങള്‍ ലബ്ബമാര്‍, തുലുക്കര്‍, ജോനകര്‍ എന്നിങ്ങനെയാണ് അറിയപ്പെട്ടത്. മരക്കാന്‍/മരയ്ക്കാര്‍ എന്നാണ് ഇവരുടെ സാധാരണ വിളിപ്പേര്. നാവികര്‍ അല്ലെങ്കില്‍ കപ്പിത്താന്‍ എന്നൊക്കെയാണ് ഇതിനര്‍ഥം. അതേസമയം, ഈ മേഖലയിലേക്ക് കടന്നുവന്ന വടക്കേ ഇന്ത്യന്‍ മുസ്ലിംകള്‍ പഠാണികള്‍ എറിയപ്പെട്ടു. പേര്‍ഷ്യന്‍ ഭാഷയിലൂടെ സമ്പന്നമായ ഉര്‍ദുവായിരുന്നു അവരുടെ സംസാരഭാഷ. ലബ്ബമാരുടെയും പഠാണികളുടെയും സഹവര്‍ത്തിത്വം ഇവിടെ പേര്‍ഷ്യന്‍ ഹിന്ദുസ്ഥാനി സംസ്‌കാരത്തിന്റെ വേലിയേറ്റത്തിന് കാരണമായിരിക്കണം.

(തുടരും)

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login