മോഡി വാഴ്ത്ത് ലാഭക്കച്ചവടമാണ്

മോഡി വാഴ്ത്ത് ലാഭക്കച്ചവടമാണ്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മനഃശാസ്ത്ര വിദഗ്ധരില്‍ പ്രമുഖര്‍ കൂട്ടായി നടത്തിയ പഠനത്തിലെ പ്രധാന അന്വേഷണം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്ത് ഏത് ഗണത്തില്‍പ്പെട്ടതാണ് എന്നതായിരുന്നു. പല ഉത്തരങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരും സമ്മതിച്ച ഒരുകാര്യം ഇദ്ദേഹത്തെ അത്യപൂര്‍വ തരത്തിലുള്ള ഭ്രാന്ത് പിടികൂടിയിട്ടുണ്ട് എന്ന് തന്നെയാണ്. ഭരണത്തില്‍ അവരോധിക്കപ്പെട്ടത് മുതല്‍ ട്രംപ് സ്വീകരിച്ച നയനിലപാടുകളിലെ വിദ്വേഷജഡിലവും പരമത നിന്ദാപ്രേരിതവുമായ നടപടികളെ അപഗ്രഥിച്ചുകൊണ്ട് രാഷ്ട്രീയനിരീക്ഷകര്‍ നടത്തിയ അപഗ്രഥനങ്ങളില്‍ ലോകത്തിന്റെ ഭാവി തന്നെ അവതാളത്തിലാക്കുന്ന ആപത്കരമായ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു. പുറംനാട്ടുകാരോടുള്ള ദയാദാക്ഷിണ്യമില്ലാത്ത നിലപാട് ‘ജിന്‍ഗോയിസം’ ഉന്മാദാവസ്ഥയില്‍ എത്തിയതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടു. തന്റെ ഭ്രാന്തന്‍ കാഴ്ചപ്പാടുകളെ പിന്‍പറ്റുന്നവരെ ഉയര്‍ത്തിക്കാട്ടാനും തന്നെ പ്രകീര്‍ത്തിക്കുന്നവരുടെമേല്‍ അതേ തോതില്‍ പ്രകീര്‍ത്തനങ്ങള്‍ ചൊരിഞ്ഞ് സമശീര്‍ഷരാണെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള ത്വര ട്രംപ് എന്ന മനോരോഗിയുടെ സ്വഭാവവൈകൃതത്തിന്റെ സവിശേഷതയായിരുന്നു. ആ നിഗമനം നുറുശതമാനം ശരിവെക്കുന്നതാണ് 36മണിക്കൂര്‍ നീളുന്ന ഇന്ത്യാ സന്ദര്‍ശനത്തിന് ഫെബ്രുവരി 24ന് പത്നി മെലാനിയയോടൊപ്പം അഹമ്മദാബാദിലെത്തിയ ട്രംപിന്റെ പെരുമാറ്റങ്ങളും പ്രസ്താവനകളും. ഇന്ത്യയിലേക്കുള്ള സന്ദര്‍ശനം വിളംബരം ചെയ്തുകൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത് 6-10 ദശലക്ഷം ജനങ്ങള്‍ തന്നെ വരവേല്‍ക്കാന്‍ കാത്തിരിക്കുമെന്ന് മോഡിയില്‍നിന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്ന വീരസ്യത്തിലൂടെയായിരുന്നു. അഹമ്മദാബാദിലെ മൊത്തം ജനസംഖ്യ എട്ട് ദശലക്ഷമേ വരൂ എന്നോര്‍ക്കുക. 800കോടി ചെലവഴിച്ചു പണിത ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം വരുന്ന ജനത്തെ അണിനിരത്തി സംഘടിപ്പിച്ച ‘നമസ്തെ ട്രംപ്’ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് യു.എസ് പ്രസിഡന്റ് മോഡിയുടെമേല്‍ ചൊരിഞ്ഞ വാഴ്ത്തലുകള്‍, യഥാര്‍ത്ഥ മോഡിയെ അറിയുന്നവരില്‍ ഓക്കാനം ഉണ്ടാക്കിയിട്ടുണ്ടാവാം. ” He is a great Leader. Everybody loves him, but he is very tough”- അദ്ദേഹം മഹാനായ ഒരു നേതാവാണ്. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു. പക്ഷേ, വളരെ പരുഷനാണ്താനും.”പ്രസംഗത്തിലുടനീളം മോഡിയെ പ്രശംസിക്കാനും വാഴ്ത്താനും ട്രംപ് മെനക്കെട്ടപ്പോള്‍ രാഷ്ട്രീയമറിയുന്നവരുടെ ഓര്‍മകള്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ (ടെക്സാസില്‍ ) കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 23ന് സംഘടിപ്പിക്കപ്പെട്ട ഒരു ബിഗ്ഷോയുടെ ഓര്‍മകളാണ് തികട്ടിവന്നത്. ഒരുവിദേശ ഭരണാധികാരിക്ക് അമേരിക്കയില്‍ നല്‍കപ്പെടുന്ന ഏറ്റവും വലിയ സ്വീകരണച്ചടങ്ങ് എന്ന വിശേഷണത്തോടെ 50000 ഇന്ത്യന്‍ വംശജരെ അണിനിരത്തി നടത്തിയ ‘ഹൗഡി മോഡി’ (Howdy Modi ) പരിപാടിയുടെ കടം വീട്ടലാണ് അഹമ്മദാബാദിലെ റോഡ്ഷോയിലൂടെ ലക്ഷ്യമിട്ടത്. പ്രതിച്ഛായ തകര്‍ന്ന നരേന്ദ്രമോഡിക്കും വീണ്ടും യു.എസ് ജനതയുടെ അടുത്തേക്ക് വോട്ട് തേടിപ്പോകേണ്ട ട്രംപിനും ഇത്തരം നാടകങ്ങള്‍ രാഷ്ട്രീയ നിലനില്‍പിന് അനിവാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം.

സ്വദേശത്ത് വിലയിടിവ് നേരിടുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ പയറ്റുന്ന പുതുമയൊന്നുമില്ലാത്ത ഒരു കലാപരിപാടിക്കപ്പുറം ഹൃദയത്തില്‍ തട്ടിയ ഒരാഘോഷമായിരുന്നില്ല അത്. മോഡിയെയും ട്രംപിനെയും ലോകം അറപ്പോടെയും വെറുപ്പോടെയുമാണ് നോക്കിക്കാണുന്നത്. ട്രംപ്ദമ്പതികളുടെ താജ്മഹല്‍ സന്ദര്‍ശനത്തെ പരാമര്‍ശിക്കവെ, പ്രശസ്ത ബ്രിട്ടീഷ് -അമേരിക്കന്‍ കൊമേഡിയനും രാഷ്ട്രീയ നിരീക്ഷകനുമായ ജോണ്‍ ഒലിവര്‍ പറഞ്ഞ ഒരു അഭിപ്രായമുണ്ട്: താജ്മഹല്‍ സ്നേഹത്തിന്റെ പ്രതീകമാണ്; മോഡി വിദ്വേഷത്തിന്റെയും. പിന്നെ ട്രംപ് താജ് സന്ദര്‍ശിക്കുന്നതില്‍ എന്തര്‍ഥം? ബഹുസ്വരതയെ നിരാകരിക്കുന്ന മ്ലേച്ഛമായൊരു രാഷ്ട്രീയത്തിന്റെ ഉപാസകനെ ഉറ്റചങ്ങാതിയായി കാണുന്ന ട്രംപ് തന്റെ സന്ദര്‍ശനത്തോടെ ബഹുസ്വരസംസ്‌കാരത്തിന്റെ ആ ശില്‍പചാതുരിയെ മലിനപ്പെടുത്തുകയാണ്. ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു മുമ്പ് ഓര്‍മപ്പെടുത്തിയത് പോലെ, അറേബ്യന്‍ സുഗന്ധങ്ങള്‍ കൊണ്ട് കഴുകി വൃത്തിയാക്കാന്‍ ശ്രമിച്ചാലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത ചോരപുരണ്ട കരങ്ങളാണ് മോഡിയുടേത്. ആ വ്യക്തി മഹാനാണെന്നും ജനം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും എത്ര ഉച്ചത്തില്‍ പറഞ്ഞാലും ജനം വിശ്വസിക്കാന്‍ പോകുന്നില്ല. ഇന്ത്യയെയും അമേരിക്കയെയും മാനസികമായി ഒരേചരടില്‍ കോര്‍ക്കുന്ന പ്രത്യയശാസ്ത്ര ആഭിമുഖ്യങ്ങള്‍ എണ്ണുന്നിടത്ത്, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ഉന്മൂലനം ചെയ്തതും അബൂബക്കര്‍ ബഗ്ദാദിയുടെ കഥ കഴിച്ചതും ചരിത്രനേട്ടമായി അവതരിപ്പിച്ച ശേഷം, ഇസ്ലാമിക ഭീകരവാദത്തെ നേരിടുന്നതിലും അതിന്റെ പ്രത്യയശാസ്ത്രത്തെ നശിപ്പിക്കുന്നതിലും താനുംമോഡിയും പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് തട്ടിവിടുന്ന അതേനിമിഷത്തില്‍ സംഘ്പരിവാര്‍ ഭീകരവാദികള്‍ രാജ്യതലസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കാപാലികത അഴിച്ചുവിടുകയായിരുന്നു. ജാഫറാബാദിലെ ഷഹീന്‍ ബാഗിന് നേരെ അക്രമങ്ങള്‍ അഴിച്ചുവിട്ട് പൗരത്വപ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന അതിഭയാനകമായ കാഴ്ചക്ക് ലോകം മൂകസാക്ഷികളായത്. ‘മഹാനായ’ മോഡി വാഴുന്ന നാട്ടില്‍, ജനം എത്രമാത്രം അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന് ട്രംപിനും പത്നിക്കും മനസ്സിലായോ ആവോ?

ട്രംപിനാവാം, ജസ്റ്റിസ് അരുണ്‍ മിശ്രക്കോ?
രാഷ്ട്രീയക്കാരായ നരേന്ദ്രമോഡിയും ഡൊണാള്‍ഡ് ട്രംപും നിലനില്‍പിനായി ഏത് വേഷവും കെട്ടും; എന്ത് നാടകവും ആടും. പാടിപ്പുകഴ്ത്തലിന്റെ സകല സീമകളും ഉല്ലംഘിക്കും. നിലനില്‍പാണ് അവര്‍ക്ക് പ്രധാനം. എന്നാല്‍, പരമോന്നത നീതിപീഠത്തിലെ ഒരു ന്യായാധിപന് ഇരിക്കുന്ന കസേരയുടെ മഹത്വം മറന്ന് രാഷ്ട്രീയ യജമാനന്മാരെ സുഖിപ്പിക്കാന്‍ വായില്‍ തോന്നിയത് വിളിച്ചുകൂവാമോ? നമ്മുടെസുപ്രീംകോടതിയുടെ ഓഡിറ്റോറിയത്തില്‍ 2020 മാര്‍ച്ച് 22ന് സംഘടിപ്പിക്കപ്പെട്ട ദ്വിദിന അന്തര്‍ദേശീയ നീതിന്യായ സമ്മേളനത്തില്‍ സീനിയോറിറ്റിയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വേദിയിലിരുത്തി നടത്തിയ സങ്കീര്‍ത്തനങ്ങള്‍ നിയമവേദിക്കു പുറത്ത് പോലും വിവാദത്തിന് തിരികൊളുത്തിയത്, ആ ന്യായാധിപന്‍, അരുതായ്മയുടെ മറുകര നീന്തിക്കടക്കുന്ന വൃത്തികെട്ട കാഴ്ച കണ്ടതുകൊണ്ടാണ്. മോഡി ഒരു മഹാജീനിയസ്സാണ് (‘Versatile genious’) എന്നാണ് അരുണ്‍മിശ്ര പാടിപ്പുകഴ്ത്തിയത്. ആഗോളതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മഹാപ്രതിഭ! 24 രാജ്യങ്ങളില്‍നിന്നുള്ള ജഡ്ജിമാര്‍ പങ്കെടുത്ത ചടങ്ങിലാണ് ഇമ്മട്ടിലുള്ള പ്രകീര്‍ത്തനം അണപൊട്ടിയൊഴുകിയത്. ചീഫ്ജസ്റ്റിസ് അടക്കം സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും നിയമജ്ഞരുമെല്ലാം ഇരിക്കുന്ന ഒരുസദസ്സില്‍ ഉദ്ഘാടകനായ പ്രധാനമന്ത്രി മോഡിയെ കോരിത്തരിപ്പിക്കുന്ന ഭാഷയില്‍ അരുണ്‍ മിശ്ര കൃതജ്ഞത രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ ജനായത്ത വ്യവസ്ഥയുടെ ആധാരശിലകളാണ് കുത്തിയിളക്കുന്നതെന്ന് ഈ ന്യായാധിപന്‍ ചിന്തിച്ചില്ല. ജുഡീഷ്യറിയും എക്സിക്യൂട്ടീവും സമാന്തരമായി ചലിക്കുന്ന ഒരു സംവിധാനമാണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. ജുഡീഷ്യറി നിഷ്പക്ഷവും കൈടത്തലുകള്‍ക്ക് അതീതവുമായി നിലനില്‍ക്കാന്‍ ആവശ്യമായ ദൂരപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അത് പച്ചയായി ലംഘിച്ച് ജുഡീഷ്യറിയെ എക്സിക്യൂട്ടീവിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കാനും അതുവഴി ഭരണവര്‍ഗത്തിന്റെ സംപ്രീതി നേടാനുമുള്ള വില കുറഞ്ഞ ഇത്തരം ചെയ്തികള്‍ ഗളഛേദം ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും ഔജ്ജ്വല്യവുമല്ലേ?

ഓക്സ്ഫഡ് ഡിക്ഷനറി ‘ജീനിയസ്സി’നെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ് : A person who is exceptionally intelligent or creative, either generally or in some particular respect.- പൊതുവായോ അല്ലെങ്കില്‍ ഏതെങ്കിലും മേഖലയിലോ അനിതര സാധാരണമായ ബുദ്ധിവൈഭവമോ ക്രിയാത്മകതയോ കൈമുതലായ വ്യക്തി. മനുഷ്യര്‍ തമ്മില്‍ വിദ്വേഷം പരത്തിയും വൈരം കൂട്ടിയും അധികാരം പിടിച്ചെടുത്ത്, ചെപ്പടി വിദ്യകളിലൂടെഅത് നിലനിര്‍ത്തുന്ന മോഡിയുടെ നാലാംകിട ശൈലിയില്‍ ആര്‍ക്കെങ്കിലും ബുദ്ധിയോ ക്രിയാത്മകതയോ ദര്‍ശിക്കാന്‍ സാധിക്കുമോ? അങ്ങനെയെങ്കില്‍ ലോകം കണ്ട ഏറ്റവും വലിയ ജീനിയസ് അഡോള്‍ഫ് ഹിറ്റ്ലര്‍ ആയിരിക്കുമല്ലോ. മോഡിയെ മഹാപ്രതിഭയും മഹത്വവ്യക്തിത്വവുമായി ചിത്രീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ചായക്കടക്കാരന്റെ മകന്‍ എന്ന തുറുപ്പുശീട്ട് അഹമ്മദാബാദില്‍ വീണ്ടും പുറത്തെടുത്തത് നാം കണ്ടു.മോഡിയുടെ അച്ഛന്‍ ചായക്കട നടത്തിയിരുന്നില്ലെന്നും പരാമര്‍ശിക്കപ്പെടുന്ന കാലയളവില്‍ മോഡിയുടെ നാട്ടില്‍ റെയില്‍പാത തന്നെ ഉണ്ടായിരുന്നില്ലെന്നും രേഖകള്‍ തെളിയിക്കുന്നുണ്ട്. ഇവിടെ വിഷയമതല്ല. മോഡിക്ക് ജീനിയസ് പട്ടം നല്‍കാന്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ തലപ്പത്തിരിക്കുന്ന ജഡ്ജിമാരുടെ കൈയില്‍ എന്ത് കോപ്പാണുള്ളത്? രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ചതോ? ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചവിട്ട് മെതിച്ചതോ? രാജ്യത്തിന്റെ ബഹുസ്വര സംസ്‌കൃതിയെ തൂത്തുവാരിയെറിയുന്ന നയനിലപാടുകളുമായി മുന്നോട്ടുപോവുന്നതോ? നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത അട്ടിമറിക്കാന്‍ അണിയറക്കുള്ളില്‍ കുല്‍സിത ശ്രമങ്ങള്‍ നടത്തിയതോ? ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും ആഭിജാത്യവും ‘മോഡിയുഗ’ത്തില്‍ ഇടിഞ്ഞത് പോലെ എന്നെങ്കിലും ഇടിവ് സംഭവിച്ചിട്ടുണ്ടോ? ഒരു ജീനിയസാണ് ഭരണത്തിന്റെ കുഞ്ചിക സ്ഥാനത്ത് ഇരിക്കുന്നതെങ്കില്‍ ഒരിക്കലും ഇമ്മട്ടിലുള്ള അവമതി നേരിടേണ്ടിവരില്ല. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിലോഞ്ചില്‍ വാര്‍ത്താസമ്മേളനം നടത്തി നീതിന്യായവ്യവസ്ഥയില്‍ അരുതായ്കളും കൊള്ളരുതായ്മകളും അരങ്ങുതകര്‍ക്കുകയാണെന്ന് വിളിച്ചുപറയേണ്ടിവന്നതിന്റെ രാഷ്ട്രീയപശ്ചാത്തലം അരുണ്‍ മിശ്ര മറന്നുപോയി എന്ന് വിശ്വസിക്കാനാവുമോ? മഹാനായ നിയമവിശാരദന്‍ കൃഷ്ണയ്യര്‍ അരുണ്‍ മിശ്രമാരുടെ ജനുസ്സിനെ കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭരണവര്‍ഗത്തിന് ദാസ്യവേല ചെയ്യുന്ന, അവരുടെ ഇംഗിതങ്ങള്‍ പിടിച്ചുപറ്റാന്‍ നമ്രശിരസ്‌കരായി നില്‍ക്കുന്ന, വിമാനത്താവളത്തില്‍ അവരെ യാത്രയയക്കാനും സ്വീകരിക്കാനും വെമ്പല്‍കൊള്ളുന്ന, വിരുന്നുകളില്‍ ഭരിക്കുന്നവരുമായി ഉരുമ്മിയിരുന്ന് നക്കാപ്പിച്ച ഒപ്പിച്ചെടുക്കുന്ന അന്തസ്സാരശൂന്യരായ ജഡ്ജിമാരെ കുറിച്ച്, അഴിമതിക്കാരെക്കാള്‍ കഷ്ടമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

തകരുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍
ഭരണഘടനയുടെയും പൗരാവകാശങ്ങളുടെയും കാവലാളുകളാണ് ജുഡീഷ്യറിയും അതിന്റെ ജൈവസത്ത അങ്കുരിപ്പിക്കുന്ന ന്യായാധിപവൃന്ദവും. ‘ജീനിയസായ’ മോഡി നാട് ഭരിക്കുന്ന ദശാസന്ധിയില്‍ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും സംഭവിച്ച അപചയത്തെ കുറിച്ച് അരുണ്‍ മിശ്രയുടെ ജനുസ്സില്‍പെട്ടവര്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ പാവനത നഷ്ടപ്പെടുത്തി ഭരിക്കുന്നവരുടെ കുഴലൂത്തുകാരായി അധഃപതിച്ചപ്പോള്‍ അതിന്റെ തിക്താനുഭവങ്ങള്‍ നേരിട്ട് കണ്ടവരാണ് നമ്മള്‍. ജുഡീഷ്യറിയുടെനിഷ്പക്ഷതക്ക് കോട്ടം തട്ടുന്ന ചെയ്തിയായിപ്പോയി അരുണ്‍ മിശ്രയുടേത്. ഇമ്മട്ടിലൊരു രാഷ്ട്രാന്തരീയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരനായ രാഷ്ട്രപതി തന്നെയാണ്. ഭരണത്തലവനായ പ്രധാനമന്ത്രി പലപ്പോഴും ജുഡീഷ്യറിയുടെ മുന്നിലെത്തുന്നത് വാദിയോ പ്രതിയോ ആയാണ്. മോഡി അപാര ജീനിയസ്സാണ് എന്ന മുന്‍വിധിയുമായി സര്‍ക്കാരിന്റെ ഹരജികള്‍ പരിഗണിക്കുമ്പോള്‍ എങ്ങനെ നിഷ്പക്ഷവും നീതിപൂര്‍വവുമായ തീര്‍പ്പ് കല്‍പിക്കാനാവും. ലോകതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയതലത്തില്‍ അവ പ്രയോഗവത്കരിക്കുകയും ചെയ്യുന്ന മഹദ്വ്യക്തിയാണ് മോഡി എന്ന് വിലയിരുത്തുന്ന ഒരു ന്യായാധിപനെ സംബന്ധിച്ചിടത്തോളം ഈ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏത് നിയമനിര്‍മാണവും ഉത്തരവുകളും അനര്‍ഘങ്ങളും അംഗീകരിക്കപ്പെടേണ്ടതുമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു നിരവധി റിട്ട്ഹര്‍ജികള്‍ ഉന്നതനീതിപീഠത്തിന്റെ മുന്നിലുണ്ട്. അവയില്‍ തീര്‍പ്പ് കല്‍പിക്കുമ്പോള്‍ നീതിയുടെയും സത്യത്തിന്റെയും പക്ഷത്തുനില്‍ക്കാന്‍ അരുണ്‍മിശ്രയെ പോലുള്ളവര്‍ക്ക് എങ്ങനെ സാധിക്കും? വിവാദമുക്തനല്ലാത്ത ഒരു ന്യായാധിപനാണ് അരുണ്‍ മിശ്ര എന്ന് കൂടി ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അരുണ്‍മിശ്ര നടത്തിയ വിധി പ്രസ്താവം വിവാദമായത് അതിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടതോടെയാണ്.

പൗരാവകാശങ്ങള്‍ക്ക് നേരെ ഇതുപോലെ ഭീഷണി നേരിട്ട കാലം സ്വതന്ത്രഇന്ത്യയില്‍ ഉണ്ടായിട്ടില്ല. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും സര്‍ക്കാരിന്റെ കിരാത നീക്കങ്ങള്‍ക്ക് എതിരെ ശബ്ദിക്കുന്നവരെയും രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന അവസ്ഥ ഇന്ത്യയുടെ നടപ്പുശീലമായി മാറിയിട്ടുണ്ട്. ഫാഷിസത്തിന്റെ സകല മുദ്രകളും മോഡി ഭരണകൂടത്തിന്റെ സവിശേഷതയായി മാറിയപ്പോള്‍, ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്കു നേരെയാണ് വെല്ലുവിളി ഉയര്‍ന്നത്. ന്യൂനപക്ഷങ്ങളും ദളിതുകളും മറ്റു അധഃസ്ഥിത വിഭാഗങ്ങളും ഇന്ന് പൂര്‍ണമായും അന്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉയരുന്ന ദേശമാസകലമുള്ള പ്രക്ഷോഭം മാത്രം മതി , ബുദ്ധിശൂന്യനും അവിവേകിയുമാണ് മോഡി എന്ന പ്രധാനമന്ത്രി എന്ന് തെളിയിക്കാന്‍. ഹിംസാത്കമമായ ഹിന്ദുത്വ ശക്തികളും കോര്‍പറേറ്റ് ധനകാര്യ ദുഷ്പ്രഭുത്വവും കൈകോര്‍ത്തുകൊണ്ടുള്ള അത്യന്തം അപകടകരമായ കൂട്ടുകെട്ടാണ് രാജ്യത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുത്തിരിക്കുന്നത്. കെട്ട ഈ കാലഘട്ടത്തെ ഇന്ത്യയുടെ സുവര്‍ണ ദശയായി ഗണിക്കാനും വാഴ്ത്താനും അധിനിവേശത്തിന്റെ കാണാചരടുമായി അതിഥിയായി എത്തുന്ന ഡൊണാള്‍ഡ് ട്രംപിന് സാധിക്കും . അതൊരു കച്ചവടതന്ത്രത്തിന്റെ ഭാഗം കൂടിയാണ്. എന്നാല്‍ പരമോന്ന നീതിപീഠത്തിലെ ഒരംഗം മോഡിയെ അപാര ജീനിയസ്സായും അദ്ദേഹത്തിന്റെ ഭരണത്തെ ലോകത്തിന് വഴികാട്ടിയായും വിശേഷിപ്പിക്കുന്നത് ലഘുവായ ഭാഷയില്‍ പറഞ്ഞാല്‍ തോന്ന്യാസമാണ്. വേണമെങ്കില്‍ ആരും കാണാതെ പാതിരാവിന്റെ മറവില്‍ മോഡിയുടെ തൃപ്പാദങ്ങളില്‍ ചുംബനമര്‍പ്പിച്ചോളൂ.പക്ഷേ രാജ്യത്തിന്റെ താല്‍പര്യവും130 കോടി ജനതയുടെ അന്തസ്സും പണയംവെക്കുന്ന ഈ തരംകെട്ട ആരാധന കൊണ്ടുള്ള സ്വയംപതനം കണ്ടുസഹിക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്ന് തുറന്നുപറയട്ടെ.

Kasim Irikkoor

You must be logged in to post a comment Login