അരുത്, ഇതിനെ കലാപം എന്നു വിളിക്കരുത്

അരുത്, ഇതിനെ കലാപം എന്നു വിളിക്കരുത്

പത്രപ്രവര്‍ത്തനം ജോലിയായി സ്വീകരിച്ച് മുഖ്യധാരാ മാധ്യമങ്ങളില്‍ ചേരുമ്പോള്‍തന്നെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ കീഴ്വഴക്കങ്ങളും പഠിക്കും. ‘അക്രമാസക്തരായ ഇരുവിഭാഗമാളുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 40 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്കും അരാധനാലയങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു,’ ഇങ്ങനെയേ എഴുതാവൂ. കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പറയരുത്. ആരാണ് ആക്രമണം തുടങ്ങിയതെന്ന് വ്യക്തമാക്കരുത്. തകര്‍പ്പെട്ടത് പള്ളിയാണോ അമ്പലമാണോ എന്ന് എടുത്തെഴുതരുത്. ഇത്തരം മുന്‍കരുതലുകളെടുത്താല്‍, കലാപം പടരുന്നത് തടയാം എന്നാണ് വിശ്വാസം.
ഒരനുഷ്ഠാനംപോലെ, ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടരുന്ന ഈ ശൈലിയിലൂടെ ഏകപക്ഷീയമായ വംശഹത്യകള്‍ രണ്ടു തുല്യശക്തികള്‍ നടത്തുന്ന വടംവലിയായി ചിത്രീകരിക്കപ്പെടുകയാണെന്ന് ‘ദ ഗാര്‍ഡിയനി’ല്‍ എഴുതിയ ലേഖനത്തില്‍ മുകുള്‍ കേശവന്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയില്‍ നടന്നത് രണ്ടുവിഭാഗങ്ങളുടെ സംഘട്ടനമായിരുന്നില്ലെന്നു പറയേണ്ടതുണ്ട്. അവിടെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ രണ്ടു മുസ്ലിം പള്ളികളും ഒരു സൂഫി ദര്‍ഗയുമാണെന്നു തന്നെ പറയണം. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളില്‍ ബഹുഭൂരിപക്ഷവും മുസ്ലിംകളുടേതാണെന്ന് എഴുതണം. അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയതും മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതും ഹിന്ദു ഗുണ്ടകളാണെന്നും അഗ്‌നിക്കിരയായ മിക്ക വീടുകളും കച്ചവടസ്ഥാപനങ്ങളും മുസ്ലിംകളുടേതാണെന്നും പറയണം. ഹിന്ദു തീവ്രവാദികള്‍ ഇന്ത്യയെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയാണെന്നുതന്നെ മനസ്സിലാക്കണം.

മുസ്ലിംകള്‍ ഒറ്റപ്പെട്ട ചെറു പ്രതിരോധങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ടെന്നത് ശരിയാണ്. മുസ്ലിമെന്നു കരുതപ്പെടുന്ന ഒരാള്‍ കൈത്തോക്കില്‍നിന്നു നിറയൊഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അതിക്രമങ്ങളുടെ സൂത്രധാരന്‍മാര്‍ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടിയുമായി ബന്ധമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വലംകൈയായ അമിത് ഷായ്ക്കു കീഴിലുള്ള ഡല്‍ഹി പൊലീസ്, അക്രമങ്ങള്‍ കൈയുംകെട്ടി നോക്കി നില്‍ക്കുകയോ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയോ ആയിരുന്നു. ഇന്ത്യയില്‍ പൗരത്വത്തിനു നേരെ നരേന്ദ്രമോഡി ഭരണകൂടം ആസൂത്രണം ചെയ്ത ദ്വിമുഖ ആക്രമണ പദ്ധതിയുടെ തുടര്‍ച്ച മാത്രമാണ് ഡല്‍ഹിയില്‍ കണ്ടതെന്ന് എഴുത്തുകാരനും അധ്യാപകനുമായ മുകുള്‍ കേശവ് വ്യക്തമാക്കുന്നു. അഭയാര്‍ഥികളായ മുസ്ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുക വഴി, പൗരത്വത്തിന് മതം മാനദണ്ഡമാക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതിയാണ് ആദ്യത്തെ കടന്നാക്രമണം. തങ്ങള്‍ ഇന്ത്യക്കാരാണെന്ന് രേഖാമൂലം സമര്‍ഥിക്കാനുള്ള ബാധ്യത ഓരോ ഇന്ത്യക്കാരിലും അടിച്ചേല്‍പ്പിച്ചുകൊണ്ട് അണിയറയില്‍ ഒരുങ്ങുന്ന ദേശീയ പൗരത്വപ്പട്ടികയാണ് രണ്ടാമേത്തത്. ഈ അഗ്‌നിപരീക്ഷയില്‍ പരാജയപ്പെടുന്ന മുസ്ലിംകളെ കാത്തിരിക്കുക മ്യാന്‍മറില്‍നിന്നു പുറന്തള്ളപ്പെട്ട റോഹിംഗ്യകളുടെ വിധിയായിരിക്കും.

മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന് ചരിത്രത്തില്‍ രണ്ട് പൂര്‍വ മാതൃകകളുണ്ടെന്ന് മുകുള്‍ കേശവ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍, ന്യൂനപക്ഷ വിഭാഗത്തില്‍പെടുന്നവര്‍ ഭരണസിരാകേന്ദ്രങ്ങളില്‍ എത്തുന്നത് തടയുന്നതിന് വോട്ടവകാശനിയമത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള സ്റ്റേറ്റുകള്‍ 2013നു ശേഷം കൊണ്ടുവന്ന നിയമഭേദഗതികളാണ് ഒന്ന്. നാസി ജര്‍മ്മനിയിലെ കുപ്രസിദ്ധമായ ന്യൂറംബര്‍ഗ് നിയമങ്ങളാണ് മറ്റൊന്ന്. ആദ്യത്തേതിനേക്കാള്‍ പ്രകടമാണ് ഇന്ത്യയിലെ പൗരത്വ നിയമഭേദഗതി. മതാന്ധതയുടെ കാര്യത്തില്‍ രണ്ടാമത്തേതിനേക്കാള്‍ ഭേദമല്ലതാനും. ജമ്മുകശ്മീരിന് പ്രത്യേകാവകാശങ്ങളും സംസ്ഥാന പദവിയും നിഷേധിച്ചുകൊണ്ട്, ബാബ്രി മസ്ജിദ് നിലനിന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട്, നീതിന്യായ വ്യവസ്ഥയും നിയമനിര്‍മാണ സഭയും തുടങ്ങിവെച്ച വിവേചനങ്ങളുടെ തുടര്‍ച്ചയാണിത്. തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനു മുന്നിലെ കടമ്പകളായാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ സമാധാനപരമായി തുടരുന്ന പ്രക്ഷോഭങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. അതിനെ അടിച്ചമര്‍ത്താന്‍ വേണ്ടി ആസുത്രണം ചെയ്ത ഡല്‍ഹി അക്രമം അതുകൊണ്ടുതന്നെ മോഡിയും അമിത് ഷായും ആഗ്രഹിക്കുന്നതു തന്നെയാണെന്ന് ലേഖനം അഭിപ്രായപ്പെടുന്നു.

ഡല്‍ഹിയിലെ അതിക്രമങ്ങളെ പതിവനുസരിച്ച് ഇരുവിഭാഗമാളുകള്‍ തമ്മിലുള്ള സംഘട്ടനമായി ചിത്രീകരിക്കുകയാണ് ഇന്ത്യയിലെ മിക്കവാറും മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തത്. എന്നാല്‍, ഏകപക്ഷീയമായ അതിക്രമങ്ങളെ ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ള വര്‍ഗീയ സംഘര്‍ഷങ്ങളായി തൂക്കമൊപ്പിച്ച് നിഷ്പക്ഷമായി ചിത്രീകരിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത വിദേശമാധ്യമങ്ങളുടെ നിലപാട് കുറേക്കൂടി കൃത്യവും കര്‍ക്കശവുമായിരുന്നു. ഡല്‍ഹിയിലെ അതിക്രമങ്ങള്‍ക്ക് അഗ്‌നി പകര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണെന്ന് ‘ഗാര്‍ഡിയന്‍’ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. ആകസ്മികമായി ആളിപ്പടര്‍ന്ന തീയായിരുന്നില്ല അത്. നൂറ്റാണ്ടുകളായി രണ്ട് സമുദായങ്ങള്‍ക്കിടയില്‍ പുകയുന്ന വിദ്വേഷത്തിന്റെ ബഹിര്‍സ്ഫുരണവും ആയിരുന്നില്ല. പതുക്കെയാണെങ്കിലും രാഷ്ട്രീയ നേതൃത്വം പെരുപ്പിച്ചുകൊണ്ടുവന്ന വിദ്വേഷസംഹിതയുടെ പൊട്ടിത്തെറിയായിരുന്നു അത്. രാജ്യത്തിന്റെ അടിസ്ഥാനശിലയായിരുന്ന ബഹുസ്വരതയും തുല്യതയും ഉപേക്ഷിച്ച് അസഹിഷ്ണുതയിലേക്കും വിദ്വേഷത്തിലേക്കും രാജ്യം പ്രയാണം ചെയ്യുന്നതിന്റെ പ്രത്യാഘാതം. തികച്ചും അനീതിയെന്നു പറയാവുന്ന പൗരത്വ നിയമ ഭേദഗതിയാണതിന്റെ മൂലകാരണമെന്ന് ഗാര്‍ഡിയന്‍ നിരീക്ഷിക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമാധാനപരമായി നടന്നുവരുന്ന സമരങ്ങളുടെ നേര്‍ക്ക് ഭരണപക്ഷത്തുള്ളവര്‍ കാണിച്ച അസഹിഷ്ണുതയാണ് അക്രമത്തിന് വഴിവെച്ചതെന്ന് ഇക്കണോമിസ്റ്റിന്റെ റിപ്പോര്‍ട്ട് തുറന്നു പറയുന്നു. പൊലീസ് കലാപം തടഞ്ഞില്ലെന്നു മാത്രമല്ല, ചിലയിടങ്ങളിലെങ്കിലും അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡല്‍ഹിയിലെ അതിക്രമങ്ങള്‍ ഗുജറാത്ത് വംശഹത്യയെയാണ് ഓര്‍മിപ്പിച്ചതെന്ന് ഗുജറാത്തിനെക്കുറിച്ച് പഠിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള പ്രശസ്ത പത്രപ്രവര്‍ത്തക റാണാ അയൂബ് ‘ടൈം’ വാരികയുടെ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയുടെ അധികാരമോഹം അടുത്തറിഞ്ഞ് കണ്ടിട്ടുള്ളയാള്‍ എന്ന നിലയ്ക്ക് ഡല്‍ഹിയില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് ഒട്ടും അതിശയം തോന്നുന്നില്ലെന്ന് അവര്‍ പറയുന്നു. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ലോകം നോക്കിനില്‍ക്കേയാണ് ഇന്ത്യയിലെ വിദ്വേഷരാഷ്ട്രീയം പൊട്ടിത്തെറിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ബര്‍ഖാ ദത്ത് പറയുന്നു. വന്‍ഭൂരിപക്ഷത്തോടെ രണ്ടാം വട്ടവും അധികാരത്തിലേറിയതിനു പിന്നാലെ മതനിരപേക്ഷ, ബഹുസ്വര ഇന്ത്യയെ ഹിന്ദുമേധാവിത്വ രാഷ്ട്രമാക്കി മാറ്റാനുള്ള കര്‍മ പരിപാടികളാണ് നരേന്ദ്രമോഡി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും ഡല്‍ഹിയിലെ സംഘര്‍ഷവും അതിന്റെ തുടര്‍ച്ചയാണ്. ‘മോഡി ജയിച്ചാല്‍ കാര്യങ്ങള്‍ മാറിമറിയുമെന്ന് പലരും പറഞ്ഞിരുന്നെങ്കിലും ഞാനത് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത് ബോധ്യമായി വരുന്നുണ്ട്,’ കര്‍ദാംപുരിയിലെ ബിലാല്‍ റബ്ബാനി വാഷിങ്ടണ്‍ പോസ്റ്റ് ലേഖകരോട് പറഞ്ഞു.
സര്‍ക്കാര്‍ അവകാശപ്പെടുംപോലെ ആകസ്മികമായ പൊട്ടിത്തെറിയായിരുന്നില്ല ഡല്‍ഹിയിലുണ്ടായത് എന്നാണ് ന്യൂയോര്‍ക് ടൈംസ് ദിനപത്രത്തില്‍ പുലിറ്റ്സര്‍ പുരസ്‌കാര ജേതാവ് ജെഫ്രി ജെറ്റ്ല്‍മനും മരിയ അബി ഹബീബും ചേര്‍ന്ന് എഴുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഘട്ടം ഘട്ടമായി ആസൂത്രിതമായി രൂപപ്പെടുത്തിവന്ന വിദ്വേഷാന്തരീക്ഷത്തിന്റെ അനിവാര്യമായ പ്രത്യാഘാതമായിരുന്നു അത്. രാഷ്ട്രീയ സംരക്ഷണം ലഭിക്കും എന്ന ധൈര്യത്തിലാണ് ഭരണകൂടത്തിന്റെ അനുയായികള്‍ എന്ത് അതിക്രമത്തിനും മുതിരുന്നതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ നടന്നത് 2002ല്‍ ഗുജറാത്തില്‍ നടന്നതിന്റെ ആവര്‍ത്തനമാണെന്ന് എം എസ് എന്‍ ബി സിയുടെ അവതാരകന്‍ ക്രിസ് ഹെയ്ല്‍സ് വ്യക്തമാക്കുന്നു. ആ കലാപത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് അദ്ദേഹം പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്നുമുണ്ട്. ആയുധധാരികളായ ഹിന്ദു സംഘാംഗങ്ങള്‍ കുറുവടിയേന്തി മുസ്ലിം ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മോഡി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മതസ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന ഉറപ്പുനല്‍കിയതെന്ന് അദ്ദേഹം പരിഹസിക്കുന്നു. മതനിരപേക്ഷതയില്‍ നിന്ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രത്തിലേക്ക് നയിക്കാനുള്ള ഭരണകൂട ശ്രമങ്ങളാണ് പൗരത്വനിയമ ഭേദഗതിക്കും അതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലേക്കും നയിച്ചതെന്ന് ബി ബി സിയുടെയും സി എന്‍ എന്നിന്റെയും റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നു.

ലണ്ടനിലെ നോട്ടിങ് ഹില്ലില്‍ 1958ല്‍ ഉണ്ടായ അതിക്രമങ്ങളോടാണ് ഒബ്സര്‍വറിലെ കോളമിസ്റ്റ് കെനന്‍ മാലിക് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ ഡല്‍ഹിയിലെ അക്രമങ്ങളെ താരതമ്യം ചെയ്യുന്നത്. അന്ന് മുന്നൂറോളം വരുന്ന വെള്ളക്കാരായ യുവാക്കള്‍ വെസ്റ്റ് ഇന്‍ഡീസുകാരായ കറുത്ത നിറക്കാരെ ഇരുമ്പുദണ്ഡുകളേന്തി ആക്രമിച്ചു. ഒരാഴ്ച നീണ്ട ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കു ശേഷമാണ് സമാധാനം പുനഃസ്ഥാപിക്കപ്പെട്ടത്. കറുത്ത വര്‍ഗക്കാര്‍ക്കു നേരെയുള്ള ഏകപക്ഷീയമായ ആക്രമണമായിരുന്നു അത്. പക്ഷേ നോട്ടിങ് ഹില്‍ കലാപം എന്നാണത് ഇന്നും അതറിയപ്പെടുന്നത്. ഡല്‍ഹിയിലെ അതിക്രമങ്ങളെ കലാപം എന്നും വര്‍ഗീയ സംഘര്‍ഷമെന്നും വിശേഷിപ്പിക്കുന്നവരുണ്ട്. ഭരണകക്ഷിയായ ബി ജെ പിയുമായി ബന്ധമുള്ളവര്‍ ജയ് ശ്രീറാം വിളികളോടെ മുസ്ലിംകളെ കടന്നാക്രമിക്കുകയായിരുന്നു അവിടെ. സംഘര്‍ഷമോ കലാപമോ അല്ല, അത്, മൃഗീയമായ മുസ്ലിം വിരുദ്ധ കടന്നാക്രമണമാണ്. ‘ഡല്‍ഹിയില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട് എന്നതു ശരിയാണ്. മുസ്ലിംകള്‍ കല്ലേറും വെടിവെപ്പും നടത്തിയിട്ടുണ്ട് എന്നതും ശരിയാണ്. നോട്ടിങ് ഹില്ലില്‍ വെള്ളക്കാര്‍ക്കു നേരെ കറുത്ത വര്‍ഗക്കാര്‍ ആക്രമണം നടത്തിയിരുന്നു. പക്ഷേ, അതുകൊണ്ട് അതിക്രമത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമൊന്നും വരുന്നില്ല,’ ഏകപക്ഷീയമായ ആക്രമണങ്ങളെ കലാപം എന്നു കുറച്ചു കാണരുതെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് കെനന്‍ മാലിക് പറയുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം മുസ്ലിംകള്‍ മാത്രം നടത്തുന്ന ഒന്നല്ല. ഡല്‍ഹിയില്‍ ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍നിന്ന് മുസ്ലിംകളെ രക്ഷിക്കാന്‍ ഹിന്ദുമത വിശ്വാസികള്‍ രംഗത്തുവന്നതിന്റെയും ഹിന്ദുക്കളെ മുസ്ലിംകള്‍ സഹായിച്ചതിന്റെയും എത്രയോ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഹിന്ദുത്വവാദികളുടെ നിലപാടുകള്‍ ഹിന്ദുമത വിശ്വാസികളുടെ നിലപാടുകളല്ല എന്നുതന്നെയാണ് അതിനര്‍ഥം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റുമുട്ടലല്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് ആശയങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘട്ടനമാണത്. മതനിരപേക്ഷ, ബഹുസ്വര സമൂഹമായി ഇന്ത്യ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഒരു പക്ഷത്ത്. രാജ്യത്തെ സങ്കുചിതമായ ഹിന്ദുരാഷ്ട്രമാക്കണമെന്നാഗ്രഹിക്കുന്നവരാണ് മറുഭാഗത്ത്. ഇതില്‍ ആരു ജയിക്കും എന്നത് കേവലം മുസ്ലിംകളുടെ മാത്രം ആശങ്കയല്ല, കേവലം ഇന്ത്യയുടെ മാത്രം കാര്യവുമല്ല. നമ്മുടെ എല്ലാവരുടെയും വിഷയമാണത് -കെനന്‍ മാലിക് വ്യക്തമാക്കുന്നു.

എസ് കുമാര്‍

You must be logged in to post a comment Login