കാക്കി അണിയുന്ന വംശഹത്യകള്‍

കാക്കി അണിയുന്ന വംശഹത്യകള്‍

ഉത്തര്‍പ്രദേശിലെ മീറത്ത് പട്ടണത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹാശിംപുര എന്ന ‘മൊഹല്ല’ നമ്മുടെ കാലഘട്ടത്തിന്റെ ഓര്‍മപഥങ്ങളില്‍ ഇപ്പോഴും വേപഥു തൂവുന്നതും കേള്‍ക്കുന്ന മാത്രയില്‍ നടുക്കമുളവാക്കുന്നതും ആ പേരുമായി ചേര്‍ത്തുപറയുന്ന ഒരു മനുഷ്യദുരന്തത്തിന്റെ ഭയാനകത കൊണ്ടാണ്. 1987 മെയ് 22ന്റെ സായാഹ്നം ആ ഗ്രാമം ഒരിക്കലും മറക്കില്ല. അന്നാണ് യു.പിയിലെ കുപ്രസിദ്ധമായ പൊലീസ് സേന പി.എ.സിയിലെ (പ്രോവിന്‍ഷ്യല്‍ ആംഡ് കോംസ്റ്റാബുലറി ) കുറെ അംഗങ്ങള്‍ ട്രക്കുകളിലായി ഗ്രാമത്തില്‍ വന്നിറങ്ങുന്നതും വീടുകളില്‍ ഇരച്ചുകയറി വ്യാപകമായി റെയ്ഡ് ആരംഭിക്കുന്നതും. വീടകങ്ങളിലെ പുരുഷന്മാരെ മുഴുവനും പുറത്തേക്ക് കൊണ്ടുവന്ന് റോഡരികില്‍ വരിവരിയായി നിറുത്തി. പ്രായമുള്ളവരെയും യുവാക്കളെയും രണ്ടു ഗ്രൂപ്പുകളാക്കി ആദ്യം വേര്‍തിരിച്ചു. പ്രായമുള്ളവരെ വീട്ടിലേക്ക് തിരിച്ചയച്ച് ചെറുപ്പക്കാരെ ഒരു ട്രക്കില്‍ കയറ്റി. പുറമേനിന്ന് ആര്‍ക്കും കാണാന്‍ പറ്റാത്തവിധം പി.എ.സിക്കാര്‍ അവര്‍ക്ക് ചുറ്റും തോക്കേന്തി കാവല്‍നിന്നു. ഇരുട്ട് പരന്നു തുടങ്ങിയിട്ടേയുള്ളൂ. ഒന്നര മണിക്കൂറിലേറെ സഞ്ചരിച്ച ശേഷം ട്രക്ക് നേരെ ചെന്ന് നിറുത്തിയത് മുറാദ് നഗറിലെ ഗംഗ കനാലിന്റെ തീരത്താണ്. പിന്നെ സംഭവിച്ചത് ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ പൊലീസ് സേനയുടെ ഭാഗത്തുനിന്ന് കേട്ടുകേള്‍വിയില്ലാത്ത അതിനിഷ്ഠൂരതയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്. ആദ്യം യാസീന്‍, പിന്നെ സുല്‍ഫിക്കര്‍, പിന്നെ കമറുദ്ദീന്‍… 45 യുവാക്കളെയും ട്രക്കില്‍നിന്നിറക്കി ഓരോത്തരുടെയും നെഞ്ചത്ത് വെടിയുതിര്‍ത്ത് കനാലില്‍ തള്ളി. മരണവെപ്രാളത്തോടെ ചോരപരന്ന ചുവന്നവെള്ളത്തില്‍ അവര്‍ കൈകാലിട്ടടിച്ചു. 42പേര്‍ രക്തസാക്ഷിത്വം വരിച്ചു. ഈ വിവരം ഗ്രാമത്തിലെത്തുന്നത് മരണവക്രത്തില്‍നിന്ന് കുതറിയോടിയ മൂന്ന് യുവാക്കളില്‍ നിന്നാണ്. സുല്‍ഫിക്കര്‍, ബാബുദ്ദീന്‍, കമറുദ്ദീന്‍ എന്നീ യുവാക്കള്‍ വെടിയേറ്റ് വെളളത്തില്‍ മുങ്ങിത്താവുന്നതിനിടയില്‍ പരസ്പരം കെട്ടിപ്പിടിച്ചു. ആ പിടിത്തം കരയിലെ പുല്‍ക്കൊടിയില്‍ തൊട്ട് ചോരയിറ്റുന്ന ശരീരവുമായി കുടിലിലേക്ക് മടങ്ങാന്‍ അവര്‍ക്ക് അവസരം പകുത്തുനല്‍കി. ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിയ വര്‍ത്തമാനം വെടിയുതിര്‍ത്ത പൊലീസുകാര്‍ അറിയില്ലായിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം ആ ക്രൂരന്മാര്‍ ക്യാമ്പില്‍ചെന്ന് സ്വസ്ഥമായി കിടന്നുറങ്ങുകയായിരുന്നു.

ഹാശിംപുര കൂട്ടക്കൊല ഇപ്പോഴും മനഃസാക്ഷിയുള്ളവരെ നടുക്കുന്നത് രണ്ടു കാരണങ്ങളാലാണ്. ഒന്ന് കാവിക്കുള്ളിലെ ഭീകരത. രണ്ട്, അപരാധികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പരാജയം. 28വര്‍ഷത്തിനു ശേഷം 2015ല്‍ ഈ കേസിലെ 16 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

പൊലീസ് എന്തുകൊണ്ട് മുസ്ലിം വിരുദ്ധരായി?
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്ലിംകളെ ശത്രുപക്ഷത്ത് നിറുത്താനും തരവും സന്ദര്‍ഭവവും ഒത്തുവരുമ്പോള്‍ വൈരനിരാത്യന ബുദ്ധിയോടെ പെരുമാറാനും പൊലീസിനെ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്? ഡല്‍ഹിയില്‍ ഇക്കഴിഞ്ഞാഴ്ച സംഘ്പരിവാര്‍ റൗഡികള്‍ അഴിഞ്ഞാടുകയും വര്‍ഗീയ കലാപത്തിലൂടെ അമ്പതോളം പേരുടെ ജീവനെടുക്കുകയും ചെയ്തപ്പോള്‍ പൊലീസിന്റെ മുസ്ലിം വിരുദ്ധമുഖം ഒരിക്കല്‍കൂടി ലോകത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. ഒരുഭാഗത്ത് അക്രമകാരികള്‍ക്ക് കൊലക്കും കൊള്ളക്കും കൊള്ളിവെപ്പിനും കൂട്ടുനിന്നുകൊടുത്ത പൊലീസ് മറുവശത്ത്, നിസ്സഹായരും നിരാലംബരുമായ ന്യൂനപക്ഷത്തോട് കൊടുംക്രൂരമായി പെരുമാറി. കലാപത്തില്‍ വലിയൊരു വിഭാഗം കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിയേറ്റാണ്. നെഞ്ചത്തും തലക്കും വെടികൊണ്ടാണ് പലരും മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. എന്തുകൊണ്ട് കലാപം ഒതുക്കാനും നിഷ്ഠൂരമായ അക്രമങ്ങള്‍ക്ക് ഇരയാവുന്നവരെ രക്ഷിപ്പെടുത്താനും പൊലീസ് സേനക്ക് ആവുന്നില്ല. വിഷയം ആഴത്തില്‍ മനസ്സിലാക്കാന്‍ അഷുതോഷ് വര്‍ഷനി(Ashutosh Varshney) യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ബ്രൗണ്‍ യൂനിവേഴ്സിറ്റി പ്രഫസറും ‘Ethnic Conflict and Civic Life: Hindus and Muslims in India’ എന്ന പഠനാര്‍ഹമായ ഗ്രന്ഥത്തിന്റെ രചയിതാവുമായ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഭവഗതികള്‍ക്ക് ആസൂത്രിത കൂട്ടക്കൊലയുടെ(‘organized pogrom’) എല്ലാ വിശദമുദ്രകളും ഉണ്ടെന്നാണ്. ‘പോഗ്രം’ എന്ന പദം ലോകത്തിന് കിട്ടിയത് റഷ്യയില്‍നിന്നാണ്. സാറിസ്റ്റ് റഷ്യയില്‍നിന്ന് യഹൂദവംശത്തെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി നടത്തിയ കൂട്ടക്കൊലകളെയാണ് അത് ഓര്‍മിപ്പിക്കുന്നത്. രണ്ടുവിഭാഗങ്ങള്‍ അല്ലെങ്കില്‍ ആള്‍ക്കൂട്ടങ്ങള്‍ തമ്മില്‍ നടക്കുന്ന സാധാരണ കലാപങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഭരണകൂട മെഷിനറിയുടെ സഹായത്തോടെ ഒരു വിഭാഗത്തെ കൊന്നൊടുക്കുന്ന അത്യന്തം ഭീകരമായ കൃത്യമാണിത്. ഇവിടെ ഭരണകൂട പ്രതിനിധികളായ പൊലീസ് ഒന്നുകില്‍ ഒരുവിഭാഗത്തിന്റെ കൂടെ നില്‍ക്കുന്നു; അല്ലെങ്കില്‍ കൊടുംകുറ്റങ്ങള്‍ കണ്‍മുമ്പില്‍വെച്ച് നടക്കുമ്പോഴും കാണാത്തമട്ടില്‍ പെരുമാറുന്നു. അതല്ലെങ്കില്‍ ഒരുഭാഗത്തിന്റെ പക്ഷം ചേര്‍ന്ന് അക്രമത്തില്‍ സജീവമായി ഭാഗവാക്കാവുന്നു. കേവലം വര്‍ഗീയ കലാപവും (Riot) പ്രോഗ്രവും വേര്‍തിരിയുന്നത് അതിക്രമങ്ങളില്‍ പൊലീസ് പങ്കാളിയാവുന്നതോടെയാണ്.
ഡല്‍ഹി കലാപത്തിലെ പൊലീസിന്റെ പങ്കാളിത്തം ഒരുകാര്യം ഓര്‍മിപ്പിക്കുന്നു. ഇതേനില മാറ്റമില്ലാതെ തുടര്‍ന്നാല്‍ രാജ്യത്തെ മുസ്ലിംകളുടെ അവസ്ഥ ഇരുളുറഞ്ഞതായിരിക്കും. ഡല്‍ഹിയില്‍ ആദ്യദിവസം ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. എന്നാല്‍ രണ്ടാംദിവസമായതോടെ, സംഘ്പരിവാര്‍ ഗുണ്ടകള്‍ ഏകപക്ഷീയമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. അതിനു അവര്‍ക്ക് സാധിച്ചത് പൊലീസിന്റെ ഒത്താശയുള്ളത് കൊണ്ടാണ്. ചാന്ദ്ബാബയുടെ മസാറിന് തീവെച്ചപ്പോഴും അശോക്നഗറിലെ പള്ളി മിനാരത്തിനുമുകളില്‍ ഹനുമാന്‍ കൊടിനാട്ടി അകത്തളം അഗ്നിക്കിരയായപ്പോഴും മുസ്ലിംകളുടെ എണ്ണമറ്റ വീടുകള്‍ ചാമ്പലാക്കിയപ്പോഴും പൊലീസ് പരിസരത്തുണ്ടായിരുന്നിട്ടും ഒന്നും കണ്ടതായി ഭാവിച്ചില്ല. എന്നല്ല, അക്രമികളോടൊപ്പം വിജയം കൊണ്ടാടാന്‍ പോലും പൊലീസ് തയാറായി. വര്‍ഗീയ ചേരിതിരിവ് പാരമ്യതയിലെത്തിയ രണ്ടാം നാള്‍ ഉച്ചയ്ക്ക്ശേഷം പൊലീസ് പരസ്യമായി മുസ്ലിംവിരുദ്ധ സ്വഭാവം പുറത്തെടുത്ത് സംഘ്പരിവാറിന്റെ യഥാര്‍ത്ഥ കൂട്ടാളികളായി. സഹായാഭ്യര്‍ഥനക്കായുള്ള ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും തയാറാകാതെ, മുസ്ലിം യുവാക്കളെ വെടിവെച്ചിടാനും മൃതപ്രായരായ ഇരകളോട് അതിക്രൂരമായി പെരുമാറാനുമാണ് ഒരുമ്പെട്ടത്. മര്‍ദനമേറ്റ് വേദന കൊണ്ട് പുളയുന്ന യുവാവിനോട് ദേശീയഗാനം ചൊല്ലാന്‍ ആജ്ഞാപിക്കുന്നതും പെട്ടെന്ന് പ്രതികരിക്കാതിരുന്നപ്പോള്‍ തോക്കിന്റെ പാത്തി കൊണ്ട് മര്‍ദിക്കുന്നതും വീഡിയോവിലൂടെ വീക്ഷിച്ചപ്പോള്‍, ലോകം ഞെട്ടി. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി നേരിട്ട് ക്രമസമാധാനം കൈകാര്യം ചെയ്യുന്ന രാജ്യതലസ്ഥാന നഗരിയിലാണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നതെന്നത് ഗൗരവമേറ്റുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നത് വരെയെങ്കിലും അക്രമികളെ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിച്ചില്ല! അതു മാത്രമല്ല, മൃതപ്രായരായ കുറെ ഹതഭാഗ്യര്‍ പ്രാണനും കൊണ്ട് മല്ലടിക്കുമ്പോഴും നാഴികക്ക് അപ്പുറമുള്ള തേജ് ബഹദൂര്‍ ആശുപത്രിയിലേക്ക് ഇരകളെ എത്തിക്കുന്നതിന് റോഡ് തടസ്സം നീക്കിക്കൊടുക്കാന്‍ പോലും പൊലീസിന് മനസ്സുണ്ടായില്ല. അതോടെയാണ് ഡല്‍ഹി കോടതിയിലെ ജഡ്ജി മുരളീധറിന് പാതിരാവില്‍ ഇടപെടേണ്ടിവന്നതും ഒടുവിലത് പെട്ടെന്നുള്ള അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തില്‍ കലാശിച്ചതും. ഇതെല്ലാം കാണുന്ന ഒരു ലോകമുണ്ട് എന്ന് മനസ്സിലാക്കാന്‍ ആര്‍.എസ്.എസ് മരമണ്ടന്മാര്‍ക്ക് സാധിക്കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ഇക്കൂട്ടര്‍ ഹിന്ദുസമൂഹത്തോടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തോടും കാട്ടുന്ന പരാക്രമം എത്ര ഭീകരമാണെന്ന് ചിന്തിച്ചുപോകുന്നത്!

വിരോധം ഒരു തുടര്‍കഥ
1960കള്‍ക്ക് മുമ്പ് അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ അനുഭവിച്ചുതീര്‍ത്ത അതേ പരാധീനതകളാണ് സ്വാതന്ത്ര്യലബ്ധി തൊട്ട് മുസ്ലിംകള്‍ ഈ വിഷയത്തില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗദള്‍ ഗുണ്ടകളോടൊപ്പം, അല്ലെങ്കില്‍ അവര്‍ക്ക് അകമ്പടി സേവിച്ച് മുസ്ലിം ഹത്യയില്‍ പങ്കാളികളോ സഹായികളോ ആയി സ്വയം അധഃപതിക്കുന്ന അവസ്ഥ ഉത്തരേന്ത്യന്‍ പൊലീസിന്റെ കര്‍മകാണ്ഠത്തിലെ അശ്ലീലകരമായ അധ്യായങ്ങളാണ്. ഇ-റിക്ഷയില്‍ അക്രമിസംഘം മുസ്ലിംഗല്ലികളില്‍ കല്ല് കൊണ്ടു ചൊരിയുമ്പോള്‍, അതു കണ്ടുനില്‍ക്കുന്ന പൊലീസ് സംഘം അവരുമായി കുശലം പറയുന്നതും അവര്‍ കൈമാറിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുന്നതും വീഡിയോയില്‍ കണ്ട് ആരാണ് ഞെട്ടാത്തത്. നിയമപാലകരുടെ കുപ്പായമിട്ടവര്‍ അക്രമിസംഘത്തിന്റെ ബി ടീമായി മാറുമ്പോള്‍ തകര്‍ന്നടിയുന്നത് നിയമവാഴ്ചയുടെ അവസാനത്തെ ഗോപുരമാണ്. പോയകാലങ്ങളില്‍ വര്‍ഗീയകലാപങ്ങള്‍ ഉത്തരേന്ത്യന്‍ നഗരങ്ങളുടെയും പട്ടണങ്ങളുടെയും വാര്‍ഷികാഘോഷങ്ങളായി കൊണ്ടാടപ്പെട്ടപ്പോള്‍, പൊലീസ് സേനയുടെ ചുമലിലാണ് കുറ്റകൃത്യങ്ങളുടെ സകല വിഴുപ്പും വന്നുപതിച്ചത്. യു.പിയിലെ പി.എ.സി, സംസ്ഥാനം ആര് ഭരിച്ചാലും ശരി, കടുത്ത മുസ്ലിംവിരോധത്തിന്റെ മറുപേരായി അറിയപ്പെട്ടു.1980ല്‍ മുറാദാബാദില്‍ ഒരു ബലിപെരുന്നാളില്‍ ഈദ്ഗാഹില്‍ ഒത്തുകൂടിയ വിശ്വാസിസമൂഹത്തിനു നേരെ പി.എ.സിക്കാര്‍ വെടിയുതിര്‍ത്തപ്പോള്‍ മരിച്ചുവീണത് നൂറ്റമ്പതിലേറെ പേരാണ്. പലപ്പോഴും വര്‍ഗീയകലാപങ്ങള്‍ കെട്ടടങ്ങിയാല്‍ ഉയരുന്ന പരാതിയും വിവാദങ്ങളും അത് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍, പൊലീസ് സേന കാണിച്ച ഉദാസീനതയോ അല്ലെങ്കില്‍ പക്ഷപാതിത്വ നിലപാടോ ആയിരിക്കും.

എന്തുകൊണ്ട് പൊലീസ് ഇത്ര കണ്ട് മുസ്ലിംവിരുദ്ധരായി എന്ന ചോദ്യം പലകോണുകളില്‍നിന്നും ഉന്നയിക്കപ്പെട്ടതും പഠനവിധേയമാക്കപ്പെട്ടതുമാണ്. പൊലീസ് സേനയിലും പട്ടാളത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകര്‍ത്താക്കള്‍ അലിഖിത നയമായി സ്വീകരിച്ചിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും രേഖാമൂലം സമര്‍ഥിക്കപ്പെട്ടിട്ടില്ല. അത്തരം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന രഹസ്യഫയലുകള്‍ വിഭജനാനന്തര സാമൂഹിക പശ്ചാത്തലത്തില്‍ സര്‍ക്കുലേറ്റ് ചെയ്യപ്പെട്ടതായി തള്ളിക്കളയാനാവാത്ത ഭാഷ്യങ്ങളുണ്ട്. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യക്കമ്മി പൊതുവെ സേനയുടെ ഘടനയെയും അതുവഴി അതിന്റെ സ്വഭാവരീതിയെയും നെഗറ്റീവായി സ്വാധീനിക്കപ്പെട്ടിട്ടുണ്ടത്രെ. കള്ളനെയും കൊലയാളിയെയും കാണുന്ന അതേ കാഴ്ചപ്പാടോടെയാണ് ന്യൂനപക്ഷവിഭാഗങ്ങളെ പലപ്പോഴും പൊലീസ് വീക്ഷിക്കുന്നത്. പോയ രണ്ടുപതിറ്റാണ്ടിനിടയില്‍ ഭീകരത ആഗോളവിഷയമായി വളര്‍ന്നപ്പോള്‍, സ്വാഭാവികമായും മുസ്ലിംസമൂഹം പ്രതിപക്ഷത്ത് നിറുത്തപ്പെട്ടു. ഇസ്ലാമോഫോബിയ ഒരു കാലഘട്ടത്തിന്റെ മനോരോഗമായി മാറുകയും ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറപിടിച്ച് , ഭരണകൂട മെഷിനറിയെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ മുന്‍നിറുത്തി ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍, ഭര്‍ത്സനങ്ങള്‍ മുഴുവനും ഏറ്റുവാങ്ങേണ്ടിവരുന്നതും ഈ അവശവിഭാഗമായിരുന്നു. അവര്‍ക്കുവേണ്ടി ജനാധിപത്യപരമായി വാദിക്കുന്നത് പോലും വന്‍ അപരാധമായി കാണുന്ന പൊതുസമൂഹം പോലിസിന്റെ കിരാത നടപടികള്‍ക്കും പക്ഷപാത സമീപനങ്ങള്‍ക്കും സ്വയം ന്യായീകരണം കണ്ടെത്തുകയായിരുന്നു. ടാഡ, പോട്ട, യു.എ.പി.എ, രാജ്യരക്ഷാനിയമം, പബ്ലിക് സേഫ്റ്റി ആക്ട് തുടങ്ങിയ കരിനിയമങ്ങള്‍, ന്യൂനപക്ഷത്തോട് അതിക്രൂരമായും വിവേകശൂന്യമായും പെരുമാറുന്നതിനും നിയമത്തിന്റെ കഠിനപാതയിലൂടെ വലിച്ചിഴച്ച് കൊണ്ടുവരുന്നതിനും മുഖ്യകാരണമായി മാറുകയുണ്ടായി. കര്‍ത്താര്‍ സിങ് കേസില്‍ ടാഡയുടെ പരാക്രമങ്ങള്‍ വിവരിക്കവേ ഭരണഘടനാബെഞ്ച് ഓര്‍മിപ്പിച്ചതിങ്ങനെ: ”It is heartrending to note that a day in and day out we come across newosf blood cuding incidents of police atrocities’ -ഹൃദയഭേദകമായ പൊലീസ് അതിക്രമത്തിന്റെ രക്തം മരവിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും നാം അഭിമുഖീകരിക്കേണ്ടിവരുന്നത്.

ടാഡയും പോട്ടയും മുഖ്യമായും ലക്ഷ്യമിട്ടത് മുസ്ലിംകളെയായിരുന്നു. പൊതുവേ മുന്‍വിധി വെച്ചുപുലര്‍ത്തുന്ന പൊലീസാവട്ടെ സംശയാസ്പദമായി പിടിച്ചു ജയിലിലിടുന്ന ന്യൂനപക്ഷസമുദായാംഗങ്ങളെ കുറ്റപത്രം സമര്‍പ്പിക്കാതെയും ജാമ്യം നല്‍കാതെയും വര്‍ഷങ്ങളോളം തുറുങ്കിലടച്ച് പീഡിപ്പിക്കുന്ന പതിവ് നമ്മുടെ വ്യവസ്ഥിതിയുടെ അംഗീകൃത ശൈലിയാക്കി മാറ്റിയെടുത്തു. അബ്ദുന്നാസര്‍ മഅ്ദനി തന്നെയാണ് അതിന്റെ ഉത്തമദൃഷ്ടാന്തം. മാരകരോഗങ്ങളുമായി മല്ലടിക്കുന്ന ഒരു അംഗപരിമിതനെ ഇമ്മട്ടില്‍ തുറുങ്കിലടച്ച് നരകജീവിതം സമ്മാനിക്കാന്‍ അദ്ദേഹം എന്തു കുറ്റമാണ് ചെയ്തതെന്ന് ചോദിച്ചാല്‍ പൊലീസിനും കോടതിക്കും തൃപ്തികരമായ ഉത്തരം നല്‍കാനാവില്ല. പിന്നെ, മഅ്ദനിയെ പോലുള്ള ഒരാള്‍ പിടികൂടപ്പെട്ടാല്‍ ഇങ്ങനെയൊക്കെയല്ലാതെ പിന്നെങ്ങനെ കൈകാര്യം ചെയ്യാനാവും എന്ന മറുചോദ്യമായിരിക്കാം തിരിച്ചുയരുക. പൊലീസിന്റെ വികൃതവും വിനാശകരവുമായ സാമൂഹിക കാഴ്ചപ്പാടുകളാണ് മഅ്ദനിമാര്‍ക്ക് ദയാദാക്ഷിണ്യമില്ലാത്ത ജീവിതം സമ്മാനിക്കുന്നതും അത് നിയമം അംഗീകൃത മാതൃകയായി ഉയര്‍ത്തിക്കാട്ടുന്നതും. ഒരക്ഷരം ഇപ്പോള്‍ ആ പണ്ഡിതനു വേണ്ടി ആരും ശബ്ദിക്കാത്തത് മഅ്ദനി ഇത്രയൊക്കെ ശിക്ഷ അര്‍ഹിക്കുന്നുണ്ട് എന്ന തെറ്റായ ധാരണ, പൊതുസമൂഹത്തിന്റെ ചിന്താബോധത്തില്‍ പലകാരണങ്ങളാല്‍ കുത്തിവെക്കപ്പെട്ടത് കൊണ്ടാണ്. പൊലീസ് നീതിപൂര്‍വമല്ലാതെ പെരുമാറുന്ന ഒരു രാഷ്ട്രീയ സംവിധാനത്തില്‍, താഴത്തേട്ടിലുള്ള സാദാ പൊലീസുകാരില്‍നിന്ന് മനുഷ്യത്വപരമായോ നിഷ്പക്ഷമായോ ഉള്ള ചലനങ്ങള്‍ പ്രതീക്ഷിക്കുന്നത് തന്നെ മൗഢ്യമായിരിക്കും. സംസ്ഥാനങ്ങള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാമെങ്കിലും മൊത്തം ഇന്ത്യയിലെ പൊലീസ് സേനയുടെ അവസ്ഥ ഒന്ന് തന്നെയാണ്. മുസ്ലിം ജനവിഭാഗത്തിന്റെ ഒന്നാം നമ്പര്‍ ശത്രു, അല്ലെങ്കില്‍ സംഘ്പരിവാറിനൊപ്പം ചേര്‍ത്തുപറയാന്‍ പറ്റുന്ന എതിര്‍ചേരി പൊലീസിന്റേതാണ്. വ്യാജ ഏറ്റുമുട്ടലുകള്‍ പൊലീസിന്റെ ധമനികളിലൂടെ ഒഴുകുന്ന വര്‍ഗീയവിഷം പുറത്തേക്ക്ചീറ്റുന്ന ഔദ്യോഗിക നടപടിയാണ്.ഭോപ്പാലില്‍ ജയില്‍ ചാടിയതായി ആരോപിക്കപ്പെടുന്ന എട്ട് സിമി പ്രവര്‍ത്തകരെ നിര്‍ദ്ദാക്ഷിണ്യം വെടിവെച്ചിട്ടശേഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന ഔദ്യോഗികഭാഷ്യം ആരും അണ്ണാക്ക് തൊടാതെ വിഴുങ്ങില്ല.

ഇശ്റത്ത് ജഹാന്‍ കേസും ഗുജറാത്തില്‍ അരങ്ങേറിയ മറ്റനവധി വ്യാജ ഏറ്റുമുട്ടലുകളും അമിത്ഷായുടെ സ്വപ്ന പദ്ധതികളായിരുന്നു. അങ്ങനെയുള്ള ഒരാള്‍ ആഭ്യന്തരം കൈയാളുമ്പോള്‍ എന്താണ് രാജ്യത്ത് സംഭവിച്ചുകൂടാത്തത്?

Kasim Irikkoor

You must be logged in to post a comment Login