മരക്കാർ വരുന്നത്

മരക്കാർ വരുന്നത്

ജയശീല സ്റ്റീഫന്‍സ് ചൂണ്ടിക്കാണിക്കുന്നതുപോലെ ചോളന്‍മാരുടെ പതനശേഷം തമിഴ് രാജ്യത്ത് നിലനിന്ന അസ്ഥിര രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നാണ് വ്യാപാരികള്‍ തമിഴ് തീരങ്ങളില്‍ നിന്ന് മലബാറിലേക്ക് കുടിയേറിത്തുടങ്ങിയത്. മരക്കാര്‍മാര്‍ (മരയ്ക്കാര്‍) വ്യാപാരം ശക്തിപ്പെടുത്താന്‍ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്ക് പോയി. പൊതുവേ ഉറച്ച മതവിശ്വാസം പുലര്‍ത്തിയിരുന്ന മരക്കാര്‍മാര്‍ മലബാറിലേക്ക് പണ്ഡിതരെയും സൂഫികളെയും കൂടെക്കൂട്ടി. മരക്കാര്‍മാരുടെ ആത്മീയ നേതാക്കളായിരുന്ന ശൈഖ് അഹ്മദ് മഅ്ബറി കൊച്ചിയിലും സൈനുദ്ദീന്‍ മഖ്ദൂം പൊന്നാനിയിലും താമസമാക്കുകയും പൊന്നാനിയില്‍ ഇസ്ലാമിക വിജ്ഞാന കേന്ദ്രം സ്ഥാപിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നത് ഇങ്ങനെയാണ്. തന്റെ സ്ഥാപനത്തില്‍ തമിഴ്, അറബ്, പേര്‍ഷ്യന്‍ സാഹിത്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. മരക്കാര്‍മാരിലൂടെയും മഖ്ദൂമുമാരിലൂടെയും പല പേര്‍ഷ്യന്‍ സംസ്‌കാരങ്ങളും ജീവിതരീതികളും മാപ്പിളമാരിലേക്ക് കടന്നുവന്നു. മാത്രമല്ല, മലബാറിലെ പല മുസ്ലിം പണ്ഡിതരും കവികളും തമിഴ്നാട്ടിലെ മുസ്ലിം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ പഠിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതും മലബാര്‍ മുസ്ലിംകളില്‍ പേര്‍ഷ്യന്‍ സംസ്‌കാരവുമായി ബന്ധമുണ്ടാക്കിയെടുക്കാന്‍ കാരണമായി.
മലബാര്‍ തീരം സന്ദര്‍ശിച്ച് തദ്ദേശീയരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തിവെക്കുന്ന പതിവുണ്ടായിരുന്നു പേര്‍ഷ്യന്‍, അറബ് സഞ്ചാരികള്‍ക്ക്. അവരില്‍ പ്രധാനികളായിരുന്നു സുലൈമാന്‍, ഇബ്നു ഖുര്‍ദാദ്ബിഹ്, അബൂസൈദ്, അല്‍ മസ്ഊദി, അല്‍ബീറൂനി, അബുല്‍ ഫിദ, ഇബ്നു ബത്തൂത്ത, അബ്ദുറസാഖ് തുടങ്ങിയവര്‍. വ്യാപാരബന്ധങ്ങളിലൂടെ മലബാര്‍ ജനത വിദേശഭാഷകള്‍ സ്വായത്തമാക്കിയിട്ടുണ്ടെന്നും മാപ്പിള സംസാരഭാഷയിലേക്ക് പേര്‍ഷ്യന്‍ ഉള്‍പ്പെടെയുള്ള പദങ്ങള്‍ കടന്നുവരാന്‍ ഇത് സഹായിച്ചിരിക്കുമെന്നുമുള്ള കാര്യത്തില്‍ എല്ലാ സഞ്ചാരികളും ഏകാഭിപ്രായക്കാരാണ്. മലബാറിലെ ഭരണാധികാരി സാമൂതിരി പേര്‍ഷ്യന്‍ ഭരണാധികാരി ഷാഹ് റൂഖിനെ മലബാറുമായി വാണിജ്യബന്ധത്തിലേര്‍പ്പെടാന്‍ ക്ഷണിക്കുന്നതിന് തന്റെ ദൂതന്‍ ഖാജ മസൂദിനെ അയക്കുകയുണ്ടായി. തന്റെ ഖാളിയുടെ മകന്‍ അബ്ദുറസാഖിനെ ഷാഹ് റൂഖ് വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ആശയങ്ങളുമായും സാമൂതിരിയെ ഇസ്ലാമിലേക്ക് ചേര്‍ക്കാനും മലബാറിലേക്ക് അയച്ചു. മത്ലഉ സഅദൈന്‍ എന്ന ഗ്രന്ഥത്തില്‍ അബ്ദുറസാഖ് തന്റെ അനുഭവം രേഖപ്പെടുത്തിയിരിക്കുന്നു.

സൂഫിസം
സൂഫിസത്തിന്റെ വികാസത്തില്‍ ഇസ്ലാം പേര്‍ഷ്യന്‍ സംസ്‌കാരത്തോട് കടപ്പെട്ടിരിക്കുന്നു. മലബാറിലെ സൂഫിസത്തിന്റെ വ്യാപനവും പേര്‍ഷ്യന്‍ പാരമ്പര്യങ്ങള്‍ തദ്ദേശീയ സംസ്‌കാരത്തോട് കൂടിച്ചേരാന്‍ ഇടയാക്കിയിട്ടുണ്ട്. ഖുറാസാനിലും ട്രാന്‍സോക്സിയാനയിലും ഇസ്ലാം എത്തിച്ചേര്‍ന്നപ്പോള്‍ ഹിന്ദു, ബുദ്ധ മതങ്ങളുടെ പരിസരമാണ് നിറഞ്ഞുനിന്നത്. കാവ്യശാഖയിലെല്ലാം-ഗസല്‍, മസ്നവി, ഖസീദ-ദക്ഷിണേന്ത്യയില്‍ കവിയുടെ വിജയം കണക്കാക്കിയത് ഇറാനിയന്‍ കവികള്‍ നിശ്ചയിച്ച നിലവാരത്തോടുള്ള സാദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഗസലുകള്‍ക്ക് പുറമേ സഅദിയുടെ ഗുലിസ്താനും ബുസ്താനും മധ്യകാലഘട്ടത്തിലെ രാജകുമാരന്‍മാര്‍ തൊട്ട് തൊഴിലാളികള്‍ വരെ വായിക്കുകയും ഇന്ത്യന്‍ മദ്റസകളില്‍ സിലബസായി പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. യുവാക്കളുടെ സദാചാര, ധാര്‍മിക പരിശീലനത്തിന്റ കൈപ്പുസ്തകമായി മാറിയിരുന്നു ഗുലിസ്താന്‍. അതിലെ കവിതകള്‍ മാത്രമല്ല, ഗദ്യങ്ങള്‍ പോലും വിശ്രുതമായ സാഹിത്യമായും സല്‍സ്വഭാവത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളായും മാറി. സൂഫികളുടെ സാങ്കേതിക പദങ്ങളും ചര്യകളും മിക്കതും നിഷ്പന്നമായത് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ്. സൂഫികള്‍ ദക്ഷിണേന്ത്യയില്‍ പ്രചാരണം നടത്തിയപ്പോള്‍ ഈ പാരമ്പര്യങ്ങള്‍ തദ്ദേശീയ സംസ്‌കൃതിയിലേക്ക് ചേര്‍ന്നു.

കൊണ്ടോട്ടി തങ്ങള്‍
കര്‍ദാനിലെ മുഹമ്മദ് ഷാഹ് ദക്ഷിണ മലബാറിലെ കൊണ്ടോട്ടിയില്‍ താമസമാരംഭിച്ച് സൂഫിസം പ്രചരിപ്പിച്ചപ്പോള്‍ മലബാറിലേക്ക് പേര്‍ഷ്യന്‍ അംശങ്ങളുടെ ദ്രുതവേഗത്തിലുള്ള ഒഴുക്കുണ്ടായി. പേര്‍ഷ്യന്‍ ജനതയുടെ ജീവിത സംസ്‌കാരവും കൊണ്ടാണ് അദ്ദേഹം വന്നത്. കേരളത്തിലെ പള്ളികളെല്ലാം ജൈന പാരമ്പര്യ മാതൃക പിന്‍പറ്റിയപ്പോള്‍ പേര്‍ഷ്യന്‍ ഘടനയില്‍ കുംഭഗോപുരത്തോടെ നിര്‍മിക്കപ്പെട്ട ആദ്യസ്മാരകം മുഹമ്മദ് ഷായുടേതാണ്. സുന്നികളാണെന്ന് സ്വയം വാദിച്ചുവെങ്കിലും റവാഫിദികളായ ശിയാക്കളായാണ് സുന്നി പണ്ഡിതര്‍ അവരെ കാണുന്നത്. ഷായും പിന്‍ഗാമികളുമൊക്കെ പലതരം ശീഈ ആചാരങ്ങള്‍ പിന്‍പറ്റിയിരുന്നു. ഖബറുകള്‍ക്കു മേല്‍ പൂവിതറല്‍, വിളക്കു തെളിയിക്കല്‍, പ്രസാദവിതരണം, കൊടിയേറ്റം, ചന്ദനക്കുടം, ഘോഷയാത്ര (പെട്ടിവരവ്), താഴികക്കുടങ്ങള്‍ അലങ്കരിക്കല്‍, പച്ച നിറം- ഇവയുടെയെല്ലാം ഉദ്ഭവം പേര്‍ഷ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. തഅ്സിയ, താബൂത്, ഖുബ്ബ, പഞ്ച, ജാവൂസ്, ജൂകിയ തുടങ്ങിയ ശീഈ ആചാരങ്ങള്‍ മുഹമ്മദ് ഷായുടെ ഖബറിനടുത്ത് നടക്കുന്നവയാണ്. മുഹറം ആഘോഷവുമായി ബന്ധപ്പെട്ട് ഭക്തര്‍ നടത്തുന്ന ചടങ്ങാണ് ജൂകിയ. 11 മുതല്‍ 9 വരെ മുഴം വിസ്താരമുള്ള തീക്കുണ്ഡമാണ് ജൂകിയ. അതില്‍ എല്ലാ ദിവസവും വൈകീട്ട് തീ കത്തിക്കും. ചെറുപ്പക്കാരും വയോധികരും അടക്കം ജനങ്ങള്‍ അതിന് കുറുകെ വാളും പരിചയുമായി കടക്കുകയും യാ അലീ , യാ ഹുസൈന്‍ എന്നു വിളിച്ച് ഓടുകയും ചെയ്യും. ശപഥം ചെയ്യാന്‍ വേണ്ടി ചിലര്‍ തീക്കനലുകള്‍ക്കു മുകളിലൂടെ ചാടിക്കൊണ്ടിരിക്കും. ചിലര്‍ ആളിക്കത്തുന്ന അഗ്നിക്കു മുകളിലൂടെ ചാടും. പേര്‍ഷ്യയിലെ സൊരാഷ്ട്രിയരുടെ ആചാരവുമായി ഇതിന് സാമ്യതയുണ്ട്.

അറബിമലയാളം
അറബിമലയാളം എന്നറിയപ്പെടുന്ന മാപ്പിളഭാഷയുടെ അക്ഷരങ്ങള്‍ രൂപം കൊണ്ടത് പേര്‍ഷ്യന്‍ മാതൃകയിലാണ്. സംസാരഭാഷക്ക് അറബി അക്ഷരങ്ങള്‍ നല്‍കിയാണ് ഈ അക്ഷരമാല സംവിധാനിച്ചത്. അറബി മലയാളത്തിന് തുല്യമായ അറബി അക്ഷരങ്ങളില്ലെങ്കില്‍ പുതിയ അക്ഷരം നിര്‍മിക്കുകയോ അറബി ലിപിയുള്ള മറ്റ് ഭാഷകളില്‍നിന്ന് എടുക്കുകയോ ചെയ്തതായിരിക്കും. ഇപ്രകാരം കുറഞ്ഞത് നാല് പേര്‍ഷ്യന്‍ അക്ഷരങ്ങളെങ്കിലുമുണ്ട് അറബിമലയാളത്തില്‍. പ്രവാചകന്‍ നൂഹിന്റെ മകന്‍ സാമിന്റെ മകന്‍ ഫാഹിലുവിന്റെ മകന്‍ പാര്‍സ് ആണ് പേര്‍ഷ്യന്‍ ഭാഷ അവതരിപ്പിച്ചതെന്ന് അതിന്റെ ഉല്‍ഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ പറയുന്നു. അറബിമലയാളം ഭാഷയെ മലയാളത്തോട് അടുപ്പിച്ചുനിര്‍ത്തിയും പേര്‍ഷ്യന്‍ അറബിക് പദങ്ങള്‍ പലതും ഒഴിവാക്കിയും അതില്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയവരാണ് സനാഉല്ല മക്തി തങ്ങളും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും.

മലബാറില്‍ വന്ന ആദ്യകാല മുസ്ലിം പ്രബോധന സംഘങ്ങള്‍ പ്രധാനമായും ബസറ, ഹദര്‍മൗത്ത് മേഖലകളില്‍ നിന്നായിരുന്നു. ആദ്യ പ്രബോധകരായ മാലിക് ദീനാറും സംഘവും ബസറക്കാരാണെങ്കില്‍ 16-ാം നൂറ്റാണ്ടില്‍ വന്ന മഖ്ദൂമുമാരും 18-ാം നൂറ്റാണ്ടില്‍ എത്തിയ ബാഅലവി സൂഫികളും ഹദര്‍മൗത്തുകാരായിരുന്നു. വ്യാപാരികള്‍ വന്നതും ഇതേ മേഖലകളില്‍ നിന്നാണെന്ന് കാണാം. പേര്‍ഷ്യന്‍ മതകീയ പദങ്ങളായ വാങ്ക് (നമസ്‌കാരത്തിനുള്ള വിളി), പൈഗാംബര്‍ (പ്രവാചകന്‍), ദര്‍വീഷ് (സൂഫി), ഖലന്ദര്‍ (സൂഫി ശിഷ്യന്‍), ഭക്ഷ്യവസ്തുക്കളായ അച്ചാര്‍, ചപ്പാത്തി, സുര്‍ക്ക, ശിര്‍വ, പുലാവ്, ബിരിയാണി, കബാബ്, മസാല, മൈദ, തുടങ്ങിയവ മാപ്പിള സംസ്‌കാരത്തിന്റെ ഭാഗമായിത്തീര്‍ന്നു. റുമാല്‍ (ടവ്വല്‍), കാക്കി, ടോപ്പി (തൊപ്പി), ദവ്വാല്‍ (ബെല്‍റ്റ്), പര്‍ദ, പാപാസ് (ചെരിപ്പ്), മല്ലു (ഒരു വസ്ത്രം), സല്‍വാര്‍, ദുപ്പട്ട (ഷോള്‍), ഖമീസ്, കുര്‍ത്ത, കാച്ചി, കിന്നരി മുതലായ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട പദങ്ങള്‍ പേര്‍ഷ്യയില്‍ നിന്ന് കേരളത്തിലേക്ക് സംസ്‌കാരത്തിന്റെ വഴികളിലൂടെ കടന്നുവന്നതാണ്.

മാന്ത്രികങ്ങള്‍
മാപ്പിള സമൂഹത്തിലെ മാന്ത്രിക ആചാരങ്ങള്‍ പേര്‍ഷ്യന്‍ സമൂഹത്തിലേതിനു സമാനമാണ്. പല കാര്യങ്ങളിലും അവര്‍ അറബികളുടെ ആചാരങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നു. അറബിമലയാള രചനകളായ ഉപകാരസാരം, പരോപകാരം എന്നിവ ഇക്കാര്യം വ്യക്തമാക്കുന്നു. മുസ്ലിം രാജ്യങ്ങളില്‍ നിലനിന്ന അതേ ആചാരങ്ങള്‍ നേരിയ വ്യത്യാസത്തോടെ പുലര്‍ത്തുന്നവരാണ് മാപ്പിളമാര്‍. ഇസ്ലാമിക സ്രോതസ്സുകള്‍ അനുസരിച്ച് ബാബിലോണിയയില്‍ നിന്ന് ഹാറൂത്, മാറൂത് എന്നീ മാലാഖമാര്‍ വഴിയാണ് മാന്ത്രിക ആചാരമായ ഗൂഢവിദ്യ ഉദ്ഭവിക്കുന്നത്. പൈശാചിക കര്‍മങ്ങള്‍ക്ക് പ്രയോഗിക്കാന്‍ പാടില്ല എന്ന മുന്നറിയിപ്പോടെയാണ് മുസ്ലിം പണ്ഡിതന്‍മാര്‍ അത് ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുത്തത്. ഗ്രീക്ക്, ഇന്ത്യന്‍, സാസാനിയന്‍ ആചാരങ്ങളും മുസ്ലിം സമൂഹത്തില്‍ പടര്‍ന്നു. ഗ്രീക്ക്, സിറിയന്‍ ഭാഷകളില്‍ നിന്നുള്ള അറബി വിവര്‍ത്തനങ്ങള്‍ ഗ്രീക്ക് ശാസ്ത്രങ്ങളും സംസ്‌കൃതത്തില്‍ നിന്ന് ഭാരതീയവും പഹ്ലവിയില്‍ നിന്ന് സാസാനിയന്‍ പതിപ്പും ഇടം പിടിച്ചു. ജിന്നുകളിലുള്ള വിശ്വാസവും മന്ത്രവാദം വഴി രോഗശമനം നടത്തുന്ന രീതികളും ഏറിയോ കുറഞ്ഞോ മാപ്പിളമാര്‍ക്കിടയിലും അറബികള്‍ക്കിടയിലുമുണ്ട്. പ്രാചീന പേര്‍ഷ്യയില്‍ നിന്നാണ് ഈ രീതി അറബികള്‍ സ്വായത്തമാക്കിയത്. മുസ്ലിംകള്‍ മന്ത്രങ്ങള്‍ക്ക് ഖുര്‍ആന്‍ വാക്യങ്ങളും പദങ്ങളും ഉപയോഗിച്ചു. തെറ്റായ കാര്യങ്ങള്‍ക്ക് ഈ വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നത് വിലക്കുകയും ചെയ്തു.

മാപ്പിളപ്പാട്ടുകള്‍
മാപ്പിള സംസ്‌കാരത്തിലെ പ്രധാന ഭാഗമാണ് മാപ്പിളപ്പാട്ടുകള്‍. അടിസ്ഥാനപരമായി തമിഴില്‍ നിന്നാണ് അത് രൂപം കൊണ്ടതെങ്കിലും തമിഴ് മേഖലയിലെ അറബ് പേര്‍ഷ്യന്‍ സ്വാധീനം മാപ്പിളപ്പാട്ടിനെയും സ്വാധീനിച്ചു. മുഹമ്മദ് ഷായും ശിഷ്യരും കൊണ്ടോട്ടിയിലെത്തിയതോടെ മാപ്പിള സാഹിത്യങ്ങളില്‍ പേര്‍ഷ്യന്‍ സ്വാധീനം കൂടുതല്‍ പ്രകടമായി. നിരവധി പേര്‍ഷ്യന്‍ രചനകള്‍ കൊണ്ടോട്ടി തകിയ്യയിലെത്തിയിരുന്നു. പലതും മാപ്പിള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. പേര്‍ഷ്യന്‍ കഥകളായ ഛാര്‍ ദര്‍വേശ്, ഗുല്‍സനോബര്‍, അലാഉദ്ദീന്‍, ഖമര്‍ സമാന്‍, ശംസുസ്സമാന്‍ തുടങ്ങിയവ മാപ്പിളമാര്‍ തന്നെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഷായുടെ ആസ്ഥാന കവിയായിരുന്ന മോയിന്‍കുട്ടി വൈദ്യര്‍ പേര്‍ഷ്യന്‍ ഭാഷയില്‍ നിപുണനായിരുന്നു. ഇറാനിയന്‍ പരിസരങ്ങളും അവിടുത്തെ പുഞ്ചിരി തൂകുന്ന പുല്‍മേടുകളും മര്‍മരം മൂളുന്ന അരുവികളും കളകളാരവം പൊഴിക്കുന്ന ബുല്‍ബുലുകളും ആര്‍ദ്രമാകുന്ന അസ്തമനശോഭയും ആകാശത്ത് ചലിക്കുന്ന ചന്ദ്രനുമെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ നിറഞ്ഞുനിന്നു. ഖാജാ നിസാമുദ്ദീന്‍ ഷാഹ് ഷീറാസി എഴുതിയ പേര്‍ഷ്യന്‍ കഥയെ ആസ്പദിച്ചാണ് വൈദ്യരുടെ മാസ്റ്റര്‍പീസായ ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ രചിച്ചത്. പേര്‍ഷ്യന്‍ ഫിക്ഷനുകളാണ് അദ്ദേഹത്തിന്റെ കവിതയായ സലാസിലിന്റെ അടിസ്ഥാനം. എലിയും നായയും കാണിക്കുന്ന കൗശലവും മൂങ്ങകളായും എലികളായും വേഷം മാറുന്ന ജിന്നുകളുടെ കഥയുമാണ് ഇതിന്റെ ഉള്ളടക്കം. ഖുറാസാനിലാണ് ഈ കഥ നടക്കുന്നത്.

മൈസൂര്‍ ഭരണം
കണ്ണൂരിലെ ആലിരാജമാരുടെയും, ഹ്രസ്വകാലം മാത്രം മലബാറിന്റെ വടക്കേ അറ്റം കേന്ദ്രീകരിച്ച മൈസൂര്‍ ഭരണവുമൊഴികെ മാപ്പിളനാട്ടില്‍ മുസ്ലിം ഭരണമുണ്ടായിട്ടില്ല. അഞ്ച് നൂറ്റാണ്ടുകാലം നിലനിന്നുവെങ്കിലും അറക്കല്‍ ഭരണകൂടം പേര്‍ഷ്യന്‍/ഇസ്ലാമിക ഭരണമാതൃകകള്‍ സ്വീകരിച്ചിരുന്നില്ല. പ്രാദേശിക പാരമ്പര്യങ്ങളായിരുന്നു അവര്‍ പിന്തുടര്‍ന്നത്. എങ്കിലും ഒരു പരിധിവരെ ഡക്കാന്‍ സംസ്‌കാരത്തോടായിരുന്നു ഭരണാധികാരികള്‍ സാമ്യം പുലര്‍ത്തിയത്. സുല്‍ത്താന്‍മാരുടെ സ്വന്തം ലൈബ്രറികളില്‍ ചില പേര്‍ഷ്യന്‍ രചനകള്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നതിനപ്പുറം അത് വിശാലമായിരുന്നില്ല. പ്രാദേശിക ഭാഷകളില്‍ത്തന്നെയായിരുന്നു കത്തിടപാടുകള്‍ നടത്തിയത്. അറബികളുമായി വ്യാപാര ബന്ധത്തിന് അറബിയാണ് ഉപയോഗിച്ചത്. അതേസമയം ഉത്തരേന്ത്യയിലെ മുഗള ഭരണത്തോട് സാമ്യമുള്ള ഭരണമായിരുന്നു മൈസൂര്‍ സുല്‍ത്താന്‍മാരുടേത്. മലബാറിലെ ഭരണത്തില്‍ പേര്‍ഷ്യന്‍ സംജ്ഞകള്‍ അവതരിപ്പിക്കപ്പെട്ടത് അങ്ങനെയാണ്. ഇംഗ്ലീഷുകാരും ഇതേ സംജ്ഞകള്‍ തന്നെയാണ് ഉപയോഗിച്ചത്. ഇന്നും ഇത് തുടര്‍ന്നുവരുന്നു. മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരലിയും ടിപ്പു സുല്‍ത്താനും കേവലം നാല്പത് വര്‍ഷത്തില്‍ താഴെയാണ് ഭരിച്ചതെങ്കിലും ഭരണരംഗത്ത് അവര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പേര്‍ഷ്യന്‍ മോഡലിലായിരുന്നു. അവ ബിട്ടീഷുകാര്‍ കേരളത്തില്‍ നിലനിറുത്തി. ഇന്ത്യയില്‍ ഇന്ന് പൊതുവേയുള്ള ജുഡീഷ്യറി, സൈനിക, ഭരണ സമ്പ്രദായങ്ങള്‍ മുഗളന്മാരുടേതായതുകൊണ്ട് ടിപ്പുവിന്റേതിനോട് വളരേ സാമ്യപ്പെട്ടുകിടക്കുന്നു. കാരണം രണ്ടും പേര്‍ഷ്യന്‍ രീതിയിലുള്ളതാണ്. അതിനാല്‍ മലബാറില്‍ ടിപ്പുവിന്റെ കാലത്തുള്ള പദവികളും മറ്റും അതേപടി തുടര്‍ന്നു. മുഗളന്മാരുടേതായാലും ടിപ്പുവിന്റേതായാലും നാമങ്ങളും പദവികളും പേര്‍ഷ്യനായിരുന്നു. അവ ഇപ്പോഴും കേരളത്തിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും അതേപടി നിലനില്ക്കുന്നു. ഉദാഹരണങ്ങള്‍: ദര്‍ബാര്‍, സര്‍ക്കാര്‍, പ്രമാണം (പ്രമാണ്‍), സുബേദാര്‍, അവില്‍ദാര്‍, കാര്‍വാര്‍, ഗുമസ്തന്‍ ജമേദാര്‍, ജവാന്‍, ദഫേദാര്‍, , ദിവാന്‍, പേശ്കാര്‍, ആമേന്‍, ബന്ദി, ശിപായി, ശിരസ്തദാര്‍, സര്‍ദാര്‍, സില്‍ബന്ദി, ചാക്കീരി, തഹ്സില്‍ദാര്‍, ജില്ല, താലൂക്ക്, മാലിഖാന്‍, അബ്കാരി, കാനേഷ്മാരി, വസൂല്‍, ബാക്കി, ദസ്തര്‍ (റെജിസ്റ്റര്‍), ബന്ദവസ്സ്, ബിനാമി, യാദാസ്ത്, ശിപാര്‍ശ (സിഫാരിസ്), കൈപീത്ത്, കുറച്ച് (ഗര്‍ച്ച്), മക്കാനി, നിറക്കുക (നിര്‍ഖു), ബസാര്‍, റെസീറ്റ്, സാമാനം, ത്രാസ്, ജമീന്‍, ബന്ദര്‍, വകീല്‍ മഹല്‍, പരാതി, ഹര്‍ജി, ഹുജൂര്‍, ജാസ്തി, തര്‍ജുമ, തസ്തിക, നക്കല്‍, മരാമത്ത്, മരാല, മാമൂല്‍, മാക്കൂല്‍, വസൂല്‍, സനദ്, ജപ്തി, ബദല്‍, പത്രാസ്, പാതിരി, വറകത്ത്, നികുതി.

ചുരുക്കത്തില്‍ മാപ്പിളമാരെ മാത്രമല്ല; മലയാളിയെ തന്നെ പേര്‍ഷ്യന്‍ സംസ്‌കാരം അടിമുടി സ്വാധീനിച്ചിട്ടുണ്ട്. വിദേശ സംസ്‌കാരങ്ങളുമായി സമന്വയിച്ചു കൊണ്ട് തന്റെ കേരളീയ കാഴ്ചപ്പാടുകളെ വിശാലമാക്കാനുള്ള വിശാല മനസ്സ് മലയാളിക്ക് സ്വന്തമാണ്. കേരളീയതയെയും മതവിശ്വാസങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഏത് സംസ്‌കാരവുമായും ഇഴുകിച്ചേരാന്‍ മലയാളിക്ക് കഴിഞ്ഞിരുന്നു. ഇവിടെ കാലാകാലങ്ങളിലായി നിലനിന്ന് പോരുന്ന മത സാംസ്‌കാരിക സൗഹൃദത്തിന് മലയാളിയുടെ മനസ്സ് പാകപ്പെട്ടത് വിദേശ സംസ്‌കാരങ്ങളുമായുള്ള നിരന്തരമായ സമ്പര്‍ക്കമാവണം.

ഹുസൈന്‍ രണ്ടത്താണി

You must be logged in to post a comment Login