പൗരത്വ നിഷേധത്തിന്റെ ക്രൊണോളജി

പൗരത്വ നിഷേധത്തിന്റെ ക്രൊണോളജി

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് ലോക്‌സഭയിലും രാജ്യസഭയിലും പൗരത്വഭേഗദതി ബില്‍ അവതരിപ്പിക്കുന്നത് നമ്മളെല്ലാവരും സസൂക്ഷ്മം വീക്ഷിച്ചു. ടി വിക്കു മുന്നിലോ മൊബൈല്‍ സ്‌ക്രീനിലോ നോക്കി ലൈവായി തന്നെ അവിടെ നടക്കുന്ന സംവാദങ്ങള്‍ ശ്രദ്ധിച്ചു. ആരൊക്കെയാണ് ഭേദഗതിയെ അനുകൂലിക്കുന്നതെന്നും എതിര്‍ക്കുന്നവരില്‍ വീറും വാശിയും ആര്‍ക്കെന്നുമൊക്കെ വിലയിരുത്തി. പക്ഷേ ദിവസങ്ങള്‍ക്കകം ബില്‍ നിയമമായി വന്നു. ആ നിയമം അധികമാരും ശ്രദ്ധിക്കുകയോ വിശകലനം ചെയ്യുകയോ ഉണ്ടായില്ല. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും മതപീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമെന്നായിരുന്നു ഇരുസഭകളിലും അമിത് ഷാ ആവര്‍ത്തിച്ചിരുന്നത്. ബില്‍ നിയമമായി വന്നപ്പോള്‍ അതില്‍ മതപീഡനം(Religious persecution) എന്ന കാര്യം തന്നെയുണ്ടായിരുന്നില്ല. ഇതിന്റെ പ്രശ്‌നമെന്തെന്ന് പിന്നീട് വിശദീകരിക്കാം. സിഎഎയുടെ ചട്ടങ്ങള്‍ ഇതെഴുതും വരെ പുറത്തുവന്നിട്ടില്ല. ഒരു നിയമം എങ്ങനെയാണ് ജനങ്ങളെ ബാധിക്കുക എന്ന് കൃത്യമായി മനസ്സിലാകുക ചട്ടങ്ങള്‍ അറിയുമ്പോഴാണ്. സിഎഎയുടെ യഥാര്‍ത്ഥ ഭാവം നമുക്ക് കാണണമെങ്കില്‍ അതിന്റെ ചട്ടങ്ങള്‍ വരണം. നമ്മളധികം ശ്രദ്ധിക്കാത്ത ചട്ടങ്ങളിലൂടെയാണ് യഥാര്‍ത്ഥത്തില്‍ പല നിയമങ്ങളും ഭരണകൂടം അടിച്ചേല്‍പ്പിക്കുന്നത്. നിയമനിര്‍മാണ സഭകളില്‍ ഒരു ചര്‍ച്ചയും അതിനെക്കുറിച്ചുണ്ടാകില്ല. കാതുകൂര്‍പ്പിച്ചിരുന്നില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ആര്‍ക്കും ഇങ്ങനെയൊരു നിയമം പോലും ഉണ്ടെന്ന് അറിയില്ല.

ഇന്ത്യയിലെ ഒരു വിഭാഗത്തിന്റെ പൗരത്വം ഇല്ലാതാക്കാന്‍ വളരെ ആസൂത്രിതമായ ഇത്തരം ചട്ടങ്ങള്‍ ചുട്ടെടുക്കപ്പെടുകയായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നമ്മുടെ ആഭ്യന്തരമന്ത്രി ഒരു ക്രൊണോളജി(കാലക്രമം) യെക്കുറിച്ച് പറയുന്നുണ്ട്. ആദ്യം സിഎഎ കൊണ്ടുവരും. സിഎഎയില്‍ ചില പ്രത്യേക മതവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും. പിന്നെ നാം എന്‍ആര്‍സി കൊണ്ടുവരും. അതോടെ നമ്മുടെ ഭാരതത്തിലെ മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും എന്നതാണ് അമിത് ഷായുടെ ക്രൊണോളജി. പക്ഷേ, ഈ ക്രൊണോളജി 2019ലെ സിഎഎയില്‍ തുടങ്ങിയതല്ല. ബിജെപിയും സംഘ്പരിവാറും രാജ്യത്ത് അധികാരത്തിലേറും മുമ്പ് കണക്കുകൂട്ടുകയും അധികാരത്തിലേറിയ ശേഷം ആസൂത്രിതമായി ഭരണതലത്തില്‍ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്ത പദ്ധതിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പേ ബിജെപി നടപ്പിലാക്കി തുടങ്ങിയ പൗരത്വനിഷേധ പദ്ധതിയുടെ ഭീകരത നമുക്ക് മനസ്സിലാകണമെങ്കില്‍ നിലവിലെ ഇന്ത്യന്‍ സാഹചര്യം ചെറുതായൊന്ന് വിശകലനം ചെയ്യണം.

ആരാണ്  ഇന്ത്യന്‍ പൗരന്‍?
നമ്മളെല്ലാം ഇന്ത്യന്‍ പൗരനാണ് എന്നതിന് തെളിവെന്താണ്. ഈ സമയത്ത് ഏറെ പ്രസക്തമായ ചോദ്യമാണല്ലോ അത്. ഇതറിയുന്നതിനാണ് വിവരാവകാശ പ്രവര്‍ത്തകര്‍ നമ്മുടെ പ്രധാനമന്ത്രിയോട് തന്നെ ഇക്കാര്യം ആരാഞ്ഞത്. ദിവസങ്ങള്‍ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി നമ്മളെല്ലാം വായിച്ചു. നരേന്ദ്രമോഡി ജന്മനാ ഇന്ത്യക്കാരനാണെന്നും അതുകൊണ്ട് മറ്റു രേഖകള്‍ ചോദിക്കുന്നത് അപ്രസക്തമാണ് എന്നുമായിരുന്നല്ലോ മറുപടി.

അതേസമയം തന്നെ ഇന്ത്യയില്‍ ജനിച്ചു ജീവിച്ച ജാബിദ ബീഗം എന്ന സ്ത്രീയുടെ അവസ്ഥ ഇതോട് ചേര്‍ത്തുവായിച്ചാല്‍ പൗരത്വനിയമങ്ങളുടെ ക്രൂരത നമുക്ക് ബോധ്യപ്പെടും. 2020 ഫെബ്രുവരി 12ന് ഗുവാഹത്തി ഹൈക്കോടതി ജാബിദ ബീഗവും കുടുംബവും ഇന്ത്യക്കാരാണ് എന്നതിന് ഒരു തെളിവുമില്ല എന്ന് വിധിച്ചു. 15 രേഖകളാണ് ആ പാവം സ്ത്രീ ഹൈക്കോടതിയില്‍ നല്‍കിയത്. ഫോട്ടോ പതിച്ച വോട്ടര്‍ ഐ ഡി കാര്‍ഡ്, ആധാര്‍, പാന്‍കാര്‍ഡ്, വീടിനും സ്ഥലത്തിനും നികുതിയടച്ച രേഖകള്‍ എല്ലാം സമര്‍പ്പിച്ചു. പക്ഷേ ഇതൊന്നും അവര്‍ ഇന്ത്യന്‍ പൗരയാണ് എന്നതിന് തെളിവല്ലെന്നായിരുന്നു കോടതിയുടെ വാദം. അസമിലെ പൗരത്വപട്ടികയില്‍ ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണ് ജാബിദ ബീഗവും കുടുംബവും ആദ്യം ഫോറിന്‍ ട്രൈബ്യൂണലിനെ സമീപിക്കുന്നത്. ഉള്ള സ്വത്തിന്റെ വലിയ ഭാഗം വിറ്റാണ് കേസ് നടത്താനുള്ള പണം കണ്ടെത്തിയത്. ഫോറിന്‍ ട്രൈബ്യൂണല്‍ കേസ് തള്ളി. പിന്നീടാണ് ഗുവാഹത്തി ഹൈക്കോടതിയിലെത്തിയത്. ഹൈക്കോടതിയും അപേക്ഷ തള്ളിയതോടെ താനിനി മരിക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ജാബിദ കരഞ്ഞത്. ജാബിദക്കും അവരെപ്പോലെയുള്ള കോടിക്കണക്കിന് ഇന്ത്യയിലെ മനുഷ്യര്‍ക്കും തെളിയിക്കേണ്ടത് അവര്‍ ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാരല്ല എന്നുള്ളതാണ്. അതെങ്ങനെയാണ് തെളിയിക്കുക. നരേന്ദ്രമോഡിക്ക് ഇതു തെളിയിക്കേണ്ടി വരില്ല. എന്തുകൊണ്ട്? ഇവിടെയാണ് ഈ വിഷയത്തിന്റെ മര്‍മം.

അനധികൃത  കുടിയേറ്റമെന്ന ക്രൂര കുതന്ത്രം
1955ലെ ഇന്ത്യന്‍ പൗരത്വ നിയമം അനുസരിച്ച് അഞ്ചു മാര്‍ഗങ്ങളിലൂടെ ഒരാള്‍ക്ക് പൗരത്വം ലഭിക്കും. ഇന്ത്യയില്‍ ജനിക്കുക എന്നതാണ് ഒരു മാര്‍ഗം. ഇന്ത്യന്‍ പൗരന്റെ വിദേശത്തു ജനിച്ച കുട്ടികളും ഇന്ത്യന്‍ പൗരരാണ്. ഇന്ത്യന്‍ പൗരന്‍ ഒരു വിദേശിയെ വിവാഹം ചെയ്ത് ആ വിദേശി ഇന്ത്യയില്‍ ഏഴുവര്‍ഷം ജീവിച്ചാല്‍ രജിസ്‌ട്രേഷന്‍ വഴിയും പൗരത്വം ലഭിക്കും . ഇന്ത്യ ഏതെങ്കിലും പ്രദേശത്ത് അധിനിവേശം നടത്തിയാല്‍ ആ പ്രദേശത്തെ പൗരന്മാരും ഇന്ത്യന്‍ പൗരന്മാരാകുന്നതാണ് നാലാമത്തെ മാര്‍ഗം. ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വന്നവര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ് അഞ്ചാമത്തേത്.
ഈ പൗരത്വ നിയമത്തില്‍ പലതവണ ഭേദഗതികള്‍ കൊണ്ടുവന്നു. 1986 വരെ ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഇന്ത്യന്‍ പൗരന്മാരായിരുന്നു. എന്നാല്‍ ആ വര്‍ഷം കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യയില്‍ ജനിച്ച കുട്ടിക്ക് മാത്രമേ ഇന്ത്യന്‍ പൗരത്വം ലഭിക്കൂ എന്നാക്കി. ഇതുപോലെയുള്ള നിയമഭേദഗതികളൊന്നും വലിയ പ്രശ്‌നങ്ങളില്ലാത്തവയായിരുന്നു. ഈ നിയമ ഭേദഗതിക്കു മുമ്പില്‍ നരേന്ദ്രമോഡിയും നമ്മളും ജാബിദ ബീഗവും എല്ലാം തുല്ല്യരായിരുന്നു.

അനീതിയുടെ തുടക്കം
2003ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായ ബിജെപി ഭരണകാലത്ത് ഏറ്റവും അപകടകരമായ നിയമഭേദഗതി പൗരത്വനിയമത്തില്‍ കൊണ്ടുവന്നു. ഇന്ത്യയില്‍ ജനിച്ച കുട്ടിയുടെ അച്ഛനോ അമ്മയോ അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ ഇന്ത്യന്‍ പൗരത്വം നിഷേധിക്കുന്നതായിരുന്നു ആ നിയമ ഭേദഗതി. ഒറ്റയടിക്ക് നോക്കുമ്പോള്‍ വലിയ പ്രശ്‌നമില്ലെന്ന് തോന്നുന്നതാണ് ഈ ഭേദഗതി. എന്നാല്‍, ഇതിന്റെ ഉള്ളിലാണ് ഇന്ന് നമ്മള്‍ ഏറെ ഉത്കണ്ഠയോടെ കാണുന്ന എല്ലാ പൗരത്വ പ്രശ്‌നങ്ങളും മറഞ്ഞുകിടക്കുന്നത്.

ഒളിച്ചുകടത്തിയ  പൗരത്വപട്ടിക
2003ലെ പൗരത്വനിയമ ഭേദഗതിയുടെ ചട്ടം പുറത്തുവന്നത് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അനധികൃത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വമില്ല എന്ന നിയമത്തിന് ചട്ടമുണ്ടാക്കിയപ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ ആരെന്ന് തിരിച്ചറിയുന്ന വഴിയും ബിജെപിയുടെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 2003 ഡിസംബര്‍ 10ന് Citizenship (Registion of citizens and issue of National idendity card) Rules 2003 എന്ന പേരില്‍ ആ നോട്ടിഫിക്കേഷന്‍ പുറത്തുവന്നു. യഥാര്‍ത്ഥത്തില്‍ അത് ഇന്ത്യയില്‍ പൗരത്വപട്ടിക ഉണ്ടാക്കണം എന്ന ഏറെ അപകടം പിടിച്ച നിയമ നിര്‍മാണമായിരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള വഴി ആ ചട്ടം വിശദീകരിച്ചു. ആദ്യം ഇന്ത്യയില്‍ വസിക്കുന്ന മുഴുവന്‍ ആളുകളുടെയും കണക്കെടുക്കണം(എന്‍ പിആര്‍) . ഇതില്‍ സംശയമുള്ളവരെ പ്രത്യേകം മാര്‍ക്ക് ചെയ്യണം. അതിനു ശേഷം സംശയമില്ലാത്തവരെ മാത്രം ചേര്‍ത്ത് പൗരത്വപട്ടിക തയാറാക്കണം. എന്‍ആര്‍ഐസി (National Register of Indian Citizens) എന്നാണ് അതിന് പേരിട്ടത്. ഒമ്പത് പേജുള്ള ഈ ചട്ടത്തില്‍ വളരെ കൃത്യമായി എങ്ങനെ പൗരത്വപട്ടിക തയാറാക്കണമെന്നും അതിനുള്ള സര്‍ക്കാര്‍ മാര്‍ഗമെന്തെന്നും പൗരത്വകാര്‍ഡ് എങ്ങനെ നിര്‍മിക്കണമെന്നും ഈ കാര്‍ഡ് സൂക്ഷിക്കലും അതിന് അപേക്ഷിക്കലും പൗരന്റെ മാത്രം ഉത്തരവാദിത്തമാണെന്നും അക്കമിട്ട് വിശദീകരിക്കുന്നുണ്ട്.
ഈ ചട്ടത്തെ അടിസ്ഥാനമാക്കിയാണ് പിന്നീട് വന്ന യുപിഎ സര്‍ക്കാര്‍ എന്‍ പി ആര്‍ നടപ്പിലാക്കിയത്. ഇന്ത്യയില്‍ വസിക്കുന്ന 120 കോടിയോളം മനുഷ്യരുടെ പട്ടിക യു പി എ സര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിലെത്തിച്ചു. ഇനിയാണ് വലിയ കളി തുടങ്ങുന്നത്.

അനധികൃത മുസ്‌ലിം!
2003ലെ നിയമഭേദഗതി വന്നപ്പോഴും എന്‍ആര്‍ഐസിയെ കുറിച്ച് പറഞ്ഞപ്പോഴും പൗരത്വത്തിന്റെ കാര്യത്തില്‍ മോഡിയും ഇന്ത്യയിലെ ഒരു മുസ്‌ലിമും ഒരേ പോലെയായിരുന്നു. എന്നാല്‍ അത്യന്തം ഗുരുതരമായ അടുത്ത ഘട്ടത്തിലേക്ക് ബിജെപി കടന്നത് 2015ലാണ്. ഒന്നാം മോഡി സര്‍ക്കാര്‍ കാലത്ത്. 2015 സെപ്തംബര്‍ ഏഴായിരുന്നു ഇന്ത്യാ ചരിത്രത്തിലെ ആരും ശ്രദ്ധിക്കാതെ പോയ കറുത്തദിനം. ഇപ്പോള്‍ ഇന്ത്യ പ്രക്ഷുബ്ധമാകുന്ന പൗരത്വ നിയമം നിര്‍മിക്കുന്നതിനും അഞ്ചുവര്‍ഷം മുമ്പ് ഇതേ നിയമം ഇവിടെ നടപ്പിലാക്കിയിരുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ് നാം തിരിച്ചറിയേണ്ടത്; ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അസാധാരണ നോട്ടിഫിക്കേഷനുകളിലൂടെ. 1920ലെ പാസ്‌പോര്‍ട്ട് നിയമത്തിലും 1946ലെ ഫോറിനേഴ്‌സ് ആക്ടിലും കൊണ്ടുവന്ന ഭേദഗതിയായിരുന്നു അത്. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കായിരുന്നു ഇളവ്. ഈ ആറ് മതവിഭാഗങ്ങളെ അനധികൃത കുടിയേറ്റക്കാരായി കാണില്ലെന്നും ഇവര്‍ക്കു നേരെ ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളില്ലെന്നുമായിരുന്നു ഈ ഭേദഗതിയുടെ രത്‌നച്ചുരുക്കം. 2016 ജൂലൈ 18ന് ഇതില്‍ അഫ്ഗാനിസ്ഥാനെ കൂടി ഉള്‍പ്പെടുത്തി. കൃത്യമായും നിലവിലെ സിഎഎയുടെ രൂപം. മുകളില്‍ പറഞ്ഞ മൂന്നു രാജ്യങ്ങളിലും ഈ ആറ് മതവിഭാഗങ്ങള്‍ മതപീഡനം നേരിടുന്നതിനാലാണ് ഇളവെന്നും നോട്ടിഫിക്കേഷന്‍ ന്യായീകരിച്ചു.
ഇന്ത്യയുടെ ക്രിമിനല്‍ ചട്ടത്തില്‍ മതം കടന്നുവന്ന ആദ്യ സന്ദര്‍ഭമായിരുന്നു ഇത്. ഒരേ കുറ്റത്തിന് വിവിധ മതവിഭാഗത്തില്‍പെട്ടവര്‍ക്ക് രണ്ടുനീതി നല്‍കിയ കാടന്‍ നിയമം. ബംഗ്ലാദേശില്‍ നിന്ന് ഒരു മുസ്‌ലിം ഇന്ത്യയിലേക്ക് കുടിയേറിയാല്‍ അയാള്‍ ജയിലിലാകും. മറ്റു ആറ് മതവിഭാഗത്തില്‍ നിന്നാണെങ്കില്‍ ഒരു നടപടിയുമുണ്ടാകില്ല! അയാള്‍ ജയില്‍ മോചിതനാകും. ഇതു മാത്രമായിരുന്നില്ല പ്രശ്‌നം. അനധികൃത കുടിയേറ്റക്കാരന്‍ ആരെന്ന് ഇതോടെ വ്യക്തമായി. എണ്ണിപ്പറഞ്ഞ ആറ് മതവിഭാഗക്കാര്‍ അല്ലാത്തവരാണ് അനധികൃത കുടിയേറ്റക്കാര്‍. തെളിച്ചു പറഞ്ഞാല്‍ മുസ്‌ലിംകള്‍ മാത്രമാണ് ഇന്ത്യയില്‍ അനധികൃത കുടിയേറ്റക്കാര്‍ എന്ന ഭീകരമായ അവസ്ഥയാണ് ഈ ചട്ടം ഉണ്ടാക്കിയത്. രാജ്യസഭയിലോ ലോക്‌സഭയിലോ ഇക്കാര്യം ചര്‍ച്ചചെയ്യപ്പെട്ടുപോലുമില്ല. പ്രതിപക്ഷമോ മറ്റു സംഘടനകളോ ഇക്കാര്യം അന്ന് ശ്രദ്ധിച്ചില്ല, പ്രക്ഷോഭങ്ങളുണ്ടായില്ല.

പൗരത്വനിയമഭേദഗതി വരുന്നു
2015ലെ ചട്ടപ്രകാരം ആറു മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്നുള്ള വിടുതല്‍ മാത്രമായിരുന്നു ലഭിച്ചത്.
ഇനി ബാക്കിയുണ്ടായിരുന്നത് ഈ ആറു മതവിഭാഗത്തിന് പൗരത്വം ഉറപ്പാക്കുക എന്നതായിരുന്നു. അതിനായിരുന്നു 2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്‍. ഈ ബില്‍ നിയമമായതോടെ ബിജെപിയുടെ പൗരത്വ നിഷേധ പ്രക്രിയയുടെ പ്രധാനഘട്ടം പൂര്‍ത്തിയായി. യഥാര്‍ത്ഥത്തില്‍ സിഎഎ ചട്ടങ്ങള്‍ കൂടി വരുമ്പോഴാണ് അത് നടപ്പിലാകുക . ഇത് മുസ്‌ലിംകളെ മാത്രമല്ല ബാധിക്കുക, മറ്റു രാജ്യങ്ങളില്‍ നിന്നുവന്ന ഹിന്ദുക്കളടക്കമുള്ളവരെയും ബാധിക്കില്ലേ എന്നു ചോദിക്കുന്നവരുണ്ട്. ഉദാഹരണത്തിന്, ഭൂട്ടാനില്‍ നിന്നോ നേപ്പാളില്‍ നിന്നോ വന്ന ഹിന്ദുക്കള്‍ക്കും നീതി ലഭിക്കുന്നില്ലല്ലോ എന്നാണ് ചോദ്യം. പക്ഷേ, സി എ എ ചട്ടങ്ങള്‍ വന്നാലേ അക്കാര്യത്തില്‍ വ്യക്തത വരൂ. ചട്ടങ്ങളുടെ ഇതുവരെയുള്ള സ്ഥിതി നാം കണ്ടു. പൗരത്വം ലഭിക്കാന്‍ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വന്നത് എന്നതിന് സി എ എ പ്രകാരം രേഖകള്‍ കാണിക്കേണ്ടി വരുമോ എന്നതാണ് പ്രധാന ചോദ്യം. മതപരമായ വിവേചനം നേരിട്ടു എന്നതിന് തെളിവു കാണിക്കേണ്ടി വരുമോ എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. നിയമത്തില്‍ പറയുന്ന 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തി എന്നതിന് രേഖ ചോദിക്കുമോ എന്നത് മൂന്നാമത്തെ പ്രശ്‌നം. ഇതൊക്കെ കാണിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മതപീഡനം എന്നത് നിയമത്തില്‍ നിന്നൊഴിവാക്കി എന്നകാര്യം തുടക്കത്തില്‍ സൂചിപ്പിച്ചു. ചട്ടം തയാറാക്കിയപ്പോള്‍ ഇങ്ങനെ പല ഇളവും നല്‍കിയിട്ടുണ്ടാകും. ഒരു പക്ഷേ, ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നു വന്നു എന്നതിന് തെളിവ് നല്‍കേണ്ട, സ്വയം സാക്ഷ്യപ്പെടുത്തിയ ഈ ആറു മതവിഭാഗക്കാരില്‍ ഒരാളായാല്‍ മതി എന്നുപോലുമാകാം ചട്ടം. പ്രക്ഷോഭ കാലത്ത് ഇതെല്ലാം വലിയ ചര്‍ച്ചയാകും എന്നതു കൊണ്ടു തന്നെയാണ് ചട്ടം പുറത്തുവരാന്‍ വൈകുന്നതും. 2015ല്‍ കൊ ണ്ടുവന്ന ഉത്തരവ് ഇതിനോട് ചേര്‍ത്തുവായിക്കണം. ആ ഉത്തരവില്‍ കൃത്യമായ രേഖകളില്ലാതെ വരുന്നവര്‍ക്കാണ് ആ ഇളവ് നല്‍കുന്നതെന്ന് വ്യക്തമായി പറയുന്നുണ്ട്.

പൗരത്വപ്പട്ടിക  നടപ്പിലായി!
മോഡിക്ക് പൗരത്വമുണ്ടെന്ന് പറയുകയും ജാബിദ ബീഗത്തിന് പൗരത്വമില്ലെന്ന് വരുകയും ചെയ്തതോടെ ഒരു കാര്യം വ്യക്തമായി. പ്രത്യേക മതവിഭാഗങ്ങളില്‍ പെട്ടവര്‍ പൗരത്വപട്ടികയില്‍ വന്നാല്‍ മാത്രമേ ഇന്ത്യന്‍ പൗരത്വം ലഭിക്കൂ. അസമില്‍ മാത്രമല്ലേ പൗരത്വപട്ടിക നടപ്പിലാക്കിയിട്ടുള്ളൂ എന്നാകും നമ്മുടെ സംശയം. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ അടിസ്ഥാനത്തിലുള്ള പൗരത്വപട്ടികയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്തിട്ടില്ല എന്ന് പറയുന്നു. ശുദ്ധ കളവാണിത്. പൗരത്വ സമരകാലത്ത് പയറ്റുന്ന തന്ത്രം.
പൗരത്വനിയമ ഭേദഗതി അവതരിപ്പിക്കുന്നതിനും അഞ്ചുമാസം മുമ്പ് ദേശീയ പൗരത്വപട്ടിക നടപ്പിലാക്കാനുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയെന്നു പറയാം. സെന്‍സസിനൊപ്പം എന്‍പിആര്‍ പുതുക്കാനാണ് പ്രത്യക്ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 ജൂലൈ 30ന് നല്‍കിയ ഉത്തരവ്. എന്നാല്‍ നേരത്തെ വിശദീകരിച്ച 2003ലെ ചട്ടപ്രകാരം നടപടികളെടുക്കാനാണ് ഉത്തരവ് പറയുന്നത്. 2003ലെ റൂളിലാണ് ദേശ വ്യാപകമായ പൗരത്വപട്ടിക നിര്‍മിക്കണമെന്നുള്ളത്. 2020 ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലയളവിലാണ് എന്‍പിആര്‍ അപ്‌ഡേഷന്‍ നടത്തുക. പക്ഷേ ചില ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 2019 ഒക്ടോബര്‍ 11ന് മുമ്പു തന്നെ യു.പിയിലെയും ഗുജറാത്തിലെയും 1200 വില്ലേജുകളിലും 40 നഗരങ്ങളിലും എന്‍പിആര്‍ അപ്‌ഡേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ പൗരത്വം സംശയിക്കപ്പെടുന്ന നിരവധി പേരുണ്ട്. രാജ്യമാകെ നടപ്പിലാക്കുന്നതിന്റെ ഒരു സാമ്പിളെടുക്കുകയായിരുന്നു ഇതെന്നാണ് സൂചന. സിഎഎ വിഷയം സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

മാതാപിതാക്കളുടെ ജന്മസ്ഥലം
എന്‍പിആര്‍ എന്നത് നേരത്തെ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയതാണെന്നും അത് ഇപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ എന്തിന് വിമര്‍ശിക്കുന്നു എന്നുമാണ് ബിജെപിയുടെ ചോദ്യം. വെറുതെ ഒരു അപ്‌ഡേഷന്‍ മാത്രമല്ല ഇപ്പോള്‍ നടക്കുന്നത്. കൃത്യമായി നാം തുടക്കം മുതല്‍ വിശദീകരിച്ച പൗരത്വ നിഷേധ പ്രക്രിയയുടെ അടുത്ത ഘട്ടമാണ്. ഇന്ത്യയിലൊട്ടാകെ സെന്‍സസ് ആദ്യഘട്ട കണക്കെടുപ്പിന്റെ കൂടെ എന്‍ പി ആര്‍ അപ്‌ഡേഷനും നടക്കും. ഓരോ വ്യക്തിയുടെയും സമ്പൂര്‍ണ വിവരങ്ങള്‍ വീട്ടിലെത്തി ഇതുവഴി ശേഖരിക്കും. 15 വയസ്സിനു മുകളിലുള്ളവരുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. സംസ്ഥാനം, ജില്ല, താലൂക്ക്, ലോക്കല്‍ എന്നിവിടങ്ങളില്‍ ഇതിന് ഉദ്യോഗസ്ഥരുണ്ടാകും. എന്‍പിആര്‍ എങ്ങനെ ചെയ്യണമെന്നതിന് ഒരു നിയമാവലി പുറത്തുവന്നിട്ടുണ്ട്. എല്ലാവരും ആശങ്കയോടെ കണ്ടിരുന്ന ദുരൂഹമായ ചോദ്യം ആ നിയമാവലിയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ വ്യക്തിയുടെയും മാതാപിതാക്കളുടെ ജന്മസ്ഥലവും ജന്മ തീയതിയുമാണത്. നേരത്തെ എന്‍പിആറിലില്ലാത്ത വിവര ശേഖരണമാണിത്.

മോഡിയുടെ മറുപടിയും ഗുവാഹത്തി ഹൈക്കോടതിയുടെ വിധിയും വിശകലനം ചെയ്യുന്ന നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുതയുണ്ട്. മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തിയും അവന്റെ മാതാപിതാക്കളും ഇന്ത്യയില്‍ ജനിച്ചു എന്ന് തെളിയിച്ചാല്‍ മാത്രമേ പൗരത്വത്തിന് അര്‍ഹതയുണ്ടാകൂ എന്നതാണത്. മാതാപിതാക്കളിലാരെങ്കിലും ഒരാള്‍ ഇന്ത്യയില്‍ ജനിച്ചു എന്നതിന് തെളിവില്ലെങ്കില്‍ സ്വാഭാവികമായും അയാള്‍ അനധികൃത കുടിയേറ്റക്കാരന്റെ മകനോ മകളോ ആയി ഗണിക്കപ്പെടും. ഇത് പൗരത്വം നിഷേധിക്കാനുള്ള കാരണമായിത്തീരും. മറ്റു ആറു മതവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നേരത്തെ നാം വിശദീകരിച്ച ചട്ടങ്ങളും സിഎഎ പ്രകാരവും ഇങ്ങനെ ഒരു കുരുക്കുണ്ടാവില്ല.

എന്‍പിആര്‍ –  സംശയപ്പട്ടിക =  പൗരത്വപ്പട്ടിക
എന്‍പിആര്‍ കണക്കെടുപ്പിന് ശേഷം പൗരത്വത്തില്‍ സംശയം ഉള്ളവരുടെ ഒരു ലിസ്റ്റ് താലൂക്ക് തലത്തില്‍ പ്രസിദ്ധീകരിച്ച് ഓരോ വില്ലേജിലും പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. സംശയമുളളവരെ ഡി വോട്ടര്‍മാരാക്കി മാറ്റും. ഈ വോട്ടര്‍മാരെ ഒഴിവാക്കി ദേശീയ പൗരത്വപട്ടിക ഉണ്ടാക്കണം എന്നാണ് 2003ലെ നിയമം പറയുന്നത്.

സംശയ പട്ടികയില്‍ വന്നവര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം നല്‍കും. പക്ഷേ, ഇവര്‍ ഏതൊക്കെ രേഖകളാണ് കാണിക്കേണ്ടി വരിക എന്നതിനെ കുറിച്ച് സര്‍ക്കാരോ നിലവിലുള്ള നിയമങ്ങളോ ഒന്നും പറയുന്നില്ല. ജനന രജിസ്‌ട്രേഷന്‍ ആണ് ഇവിടെ പ്രധാനമെന്ന് കോടതിവിധികളെ അടിസ്ഥാനമാക്കി നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനന സര്‍ട്ടിഫിക്കറ്റ് എത്ര പേരുടെ കയ്യിലുണ്ടാകും എന്നതാണ് വിഷയത്തിന്റെ മര്‍മം. ഇങ്ങനെ ഒരു ജനന സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്ന് നിര്‍ബന്ധമാക്കിയത് തന്നെ 1963ലാണ് എന്നതാണ് ഏറെ വിചിത്രമായ കാര്യം.

സെന്‍സസും  എന്‍പിആറും  തമ്മിലെന്ത്?
ഓരോ പത്തു വര്‍ഷം കൂടുമ്പോഴും നമ്മുടെ രാജ്യമെടുക്കുന്ന കണക്കാണ് സെന്‍സസ്. സെന്‍സസിനൊപ്പം എന്‍പിആര്‍ കൂടി നടപ്പിലാക്കുക എന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാരിന്റേത്. രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് ഈ ഘട്ടത്തില്‍ സാധാരണ ജനങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. സെന്‍സസിന്റെ ആദ്യഘട്ടത്തില്‍ വീടിന്റെ കണക്കെടുപ്പാണ് നടക്കുന്നത്. 2020 ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍ 31 വരെയാണ് കണക്കെടുപ്പ്. വീടിന്റെ വിസ്തീര്‍ണം, സൗകര്യങ്ങള്‍, ടോയിലറ്റ്, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ കണക്കാണെടുക്കുക. വീട്ടില്‍ എത്രപേരുണ്ട് എന്ന എണ്ണവുമെടുക്കും. ഓരോവ്യക്തിയുടെയും വിശദാംശങ്ങള്‍ സെന്‍സസിന്റെ ഭാഗമേ അല്ല. സെന്‍സസ് വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായിരിക്കണമെന്നാണ് നിയമം. സുപ്രീംകോടതി ചോദിച്ചാല്‍ പോലും ഇത് നല്‍കേണ്ടതില്ല.

എന്നാല്‍ എന്‍പിആര്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഒരു സ്ഥലത്ത് ആറുമാസമായി സ്ഥിര താമസമാക്കിയവരുടെ കണക്കെടുപ്പാണ് എന്‍പിആര്‍. ഓരോ വ്യക്തിയുടെയും പൂര്‍ണവിവരങ്ങളും ബയോമെട്രിക് വിവരങ്ങളും എന്‍പിആറിന്റെ ഭാഗമായി ശേഖരിക്കും. സംശയം തീര്‍ക്കാന്‍ ഇവ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും വേണം. ഇതു രണ്ടും ഒരുമിച്ച് നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുള്ള ഉത്തരവ്.

കേരളത്തിന്  മാറി നില്‍ക്കാനാകുമോ?
സെന്‍സസ് നടപ്പാക്കും, പക്ഷേ, എന്‍പിആര്‍ നടപ്പാക്കില്ല എന്നാണ് കേരളം സ്വീകരിച്ചിട്ടുള്ള നിലപാട്. ഇത് എത്രമാത്രം പ്രായോഗികമാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിരവധി വിവാദങ്ങള്‍ ഉടലെടുത്തു. സെന്‍സസിന് വേണ്ടി എന്യൂമറേറ്റര്‍മാരെ തേടിയുള്ള സര്‍ക്കുലറുകളാണ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിവാദമായത്. കേന്ദ്രം നല്‍കിയ സര്‍ക്കുലര്‍ അതേ പോലെ കോപ്പി ചെയ്ത് താലൂക്ക് ഓഫീസുകളില്‍ നിന്ന് താഴോട്ട് അയച്ചതാണ് വിവാദത്തിന് കാരണം. സെന്‍സസും എന്‍പിആറും നടത്താനായി എന്യൂമറേറ്റര്‍മാരെ വേണമെന്നായിരുന്നു ഈ സര്‍ക്കുലറുകള്‍. പ്രതിഷേധങ്ങളുണ്ടായപ്പോള്‍ ഈ സര്‍ക്കുലര്‍ അയച്ചവര്‍ക്കെതിരെ കേരളസര്‍ക്കാര്‍ നടപടികളെടുത്തു.

അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനാല്‍ സെന്‍സസ് നടപടികള്‍ കൂടി കേരളം നിര്‍ത്തിവെക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.

യഥാര്‍ത്ഥത്തില്‍ സെന്‍സസും എന്‍പിആറുമെല്ലാം നടത്തുന്നത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സെന്‍സസ് ഡയറക്ടറേറ്റിനാണ് സംസ്ഥാനങ്ങളില്‍ ഇതിന്റെ ചുമതല. സെന്‍സസ് ഡയറക്ടറേറ്റിന് ആവശ്യമായ കണക്കെടുപ്പുകാരെ നല്‍കുക എന്ന പരിമിതമായ ചുമതല മാത്രമേ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനുള്ളൂ. സ്‌കൂള്‍ അധ്യാപകര്‍, അംഗന്‍വാടി ജീവനക്കാര്‍,മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് എന്യൂമറേറ്റര്‍മാരായി നല്‍കുന്നത്.
ഈ എന്യൂമറേറ്റര്‍മാരെ സര്‍ക്കാര്‍ സെന്‍സസിനായി മാത്രം എന്നു പറഞ്ഞ് സെന്‍സസ് ഡയറക്ടറേറ്റിന് നല്കിയിരിക്കുകയാണ് ഇപ്പോള്‍. സെന്‍സസ് ഡയറക്ടറേറ്റ് എന്യൂമറേറ്റര്‍മാരോട് എന്‍പിആര്‍ കൂടി എടുക്കണം എന്നു പറഞ്ഞാല്‍ അവര്‍ക്ക് അനുസരിക്കുക മാത്രമേ വഴിയുണ്ടാകൂ. പിന്നെ ആകെയുള്ള മാര്‍ഗം ജനകീയ പ്രതിരോധം എന്നതാണ്. ഞങ്ങള്‍ സെന്‍സസ് വിവരങ്ങള്‍ മാത്രമേ നല്‍കൂ എന്ന് പറഞ്ഞ് പൊതുജനം എന്‍പിആറിനെ തിരസ്‌കരിക്കണം. അതിന് കൃത്യമായ ബോധവത്കരണം ആവശ്യമാണ്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ പ്രതിരോധം നടന്നില്ലെങ്കില്‍ തെരുവില്‍ എത്ര തന്നെ സമരം നടന്നാലും സര്‍ക്കാരിന്റെ കയ്യില്‍ പൗരത്വപട്ടിക തയ്യാറായിക്കഴിഞ്ഞിരിക്കും.

ബി കെ സുഹൈല്‍

You must be logged in to post a comment Login