ആം ഭാരതീയ ജനതാ പാര്‍ട്ടി

ആം ഭാരതീയ ജനതാ പാര്‍ട്ടി

ഇന്ത്യയെ നശിപ്പിച്ച പന്ത്രണ്ട് വ്യക്തികളെയും കാര്യങ്ങളെയും അക്കമിട്ടു നിരത്തുന്നൊരു ലേഖനമുണ്ട് പൊളിറ്റിക്കോ വാരികയുടെ വെബ്സൈറ്റില്‍. വി ഡി സവര്‍ക്കറും എല്‍ കെ അദ്വാനിയും അമിത് ഷായും യോഗി ആദിത്യനാഥും ഇന്ദിരാഗാന്ധിയുമെല്ലാമുള്ള പട്ടികയില്‍ പതിനൊന്നാമതായി വരുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. അതേ, ഇന്നാട്ടിലെ യുവാക്കളും മതനിരപേക്ഷ വിശ്വാസികളും പ്രതീക്ഷയായി കണ്ടിരുന്ന, ബി ജെ പിക്ക് ബദലായി ഉയരുമെന്നുപോലും കരുതപ്പെട്ടിരുന്ന, ആം ആദ്മി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ്.

ബി ജെ പിയുടെ ഭീഷണി മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ ആം ആദ്മി പാര്‍ട്ടി പലരേയും ഞെട്ടിച്ചുകൊണ്ട് ബി ജെ പിയുടെ അതേ നിലപാടുകളിലേക്ക് മലക്കംമറിഞ്ഞതാണ് കെജ്രിവാളിനെ ഈ പട്ടികയില്‍പെടുത്താന്‍ കാരണമെന്ന് ലേഖകനായ തങ്കു വരദരാജന്‍ പറയുന്നു. യുവകമ്യൂണിസ്റ്റ് നേതാവ് കനയ്യകുമാറിനെ രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ കെജ്രിവാളിന്റെ നടപടിയാണ് നിലപാടു മാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം എടുത്തു പറയുന്നത്. നേരത്തേ, കനയ്യയുടെ പ്രസംഗത്തെ ഉജ്ജ്വലം എന്നു വിശേഷിപ്പിച്ചയാളാണ് കെജ്രിവാളെന്ന് അമേരിക്കയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ എക്സിക്യൂട്ടീവ് എഡിറ്ററായ തങ്കു വരദരാജന്‍ ചൂണ്ടിക്കാണിക്കുന്നു.

പൗരത്വനിയമ ഭേദഗതിയുടെ കാര്യത്തില്‍ കെജ്രിവാള്‍ പാലിച്ച മൗനവും പൗരത്വനിയമത്തിനെതിരെ രാപകല്‍ പ്രക്ഷോഭം നടക്കുന്ന ഷഹീന്‍ബാഗില്‍ ഒരിക്കല്‍പോലും അദ്ദേഹം ചെന്നില്ലെന്നതും ജമ്മുകശ്മീരിലെ കേന്ദ്രനടപടിയെ അനുകൂലിച്ചതും തിരഞ്ഞെടുപ്പുതന്ത്രമായിക്കണ്ട് ക്ഷമിച്ചവരാണ് ഡല്‍ഹിയിലെ മതനിരപേക്ഷ വിശ്വാസികള്‍. അപ്പോഴും ആ മനുഷ്യനില്‍ അവര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷവും ദളിതരും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു തന്നെയാണ് വോട്ടു ചെയ്തത്. എന്നാല്‍, ഡല്‍ഹിയില്‍ വംശഹത്യ നടന്ന പ്രതിസന്ധി ഘട്ടത്തില്‍, പാവങ്ങള്‍ ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ തൂങ്ങിനിന്നപ്പോള്‍, കൈത്താങ്ങുമായി അയാള്‍ എത്തിയില്ല. അമിത് ഷായുടെ പൊലീസ് കലാപകാരികള്‍ക്ക് മൗനാനുവാദം നല്‍കിയതിലും വലിയ പ്രഹരമായിരുന്നു, അവരെ സംബന്ധിച്ചിടത്തോളം കെജ്രിവാളിന്റെ നിസ്സംഗത.
ഡല്‍ഹിയിലെ പൊലീസ് അമിത് ഷായുടെ നിയന്ത്രണത്തിലാണെന്നതാണ് കെജ്രിവാള്‍ സര്‍ക്കാറിന്റെ നിസ്സഹായാവസ്ഥയ്ക്കു കാരണമായി ആം ആദ്മി പാര്‍ട്ടിയുടെ അനുഭാവികള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, പൊലീസ് കൈയിലുണ്ടായിട്ടല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയും സംഘര്‍ഷങ്ങളില്‍ ഇടപെടുന്നത് എന്നതാണ് വസ്തുത. കേന്ദ്രസര്‍ക്കാരിന്റെ പൊലീസ് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ ഭരണസംവിധാനങ്ങളും ഡല്‍ഹിയിലെ ഇരകളോട് കരുണ കാണിച്ചില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ ‘ദ ഹിന്ദു’ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അക്രമങ്ങള്‍ തുടങ്ങിയ സമയത്തുതന്നെ സംസ്ഥാന സര്‍ക്കാരിന് ദുരിതാശ്വാസത്തിനുള്ള കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങാമായിരുന്നു. ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കാമായിരുന്നു. പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാമായിരുന്നു. സുരക്ഷിത സ്ഥാനങ്ങളില്‍ അഭയകേന്ദ്രങ്ങള്‍ തുടങ്ങാമായിരുന്നു. അതൊന്നുമുണ്ടായില്ലെന്നുമാത്രമല്ല, ആശുപത്രികളില്‍ ചെന്നാല്‍ കൂടുതല്‍ പീഡനവും വിവേചനവും ഏല്‍ക്കേണ്ടി വരുമെന്ന് ഭയന്ന് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ചികിത്സ തേടാന്‍ പോലും വിസമ്മതിക്കുകയാണ് ചെയ്തതെന്ന് സംഘര്‍ഷ സ്ഥലത്ത് സഹായവുമായെത്തിയ ഹര്‍ഷ് മന്ദര്‍ പറയുന്നു.

തിരഞ്ഞെടുപ്പില്‍ കെജ്രിവാളിന് ജയം സമ്മാനിച്ച ക്ഷേമരാഷ്ട്രീയം എന്തുമാത്രം പരാജയമായിരുന്നെന്ന് മനസ്സിലാക്കിത്തന്ന ദിവസങ്ങളായിരുന്നു അത്. മനുഷ്യര്‍ക്ക് ഉണ്ണാനും ഉടുക്കാനും താമസിക്കാനുമുള്ള വകയുണ്ടാക്കി നല്‍കുന്നത് മാത്രമല്ല ജനാധിപത്യ ഭരണകൂടങ്ങളുടെ കര്‍ത്തവ്യം. പൗരന്റെ രാഷ്ട്രീയാവകാശങ്ങള്‍ ഉറപ്പുവരുത്തുക കൂടി ചെയ്യേണ്ടതുണ്ട്. അവിടെയാണ് ആം ആദ്മി സര്‍ക്കാര്‍ കുറ്റകരമാം വിധം പരാജയപ്പെട്ടത്. കനയ്യകുമാറിനെതിരെ വിചാരണാനടപടികള്‍ തുടങ്ങാന്‍ അനുമതി നല്‍കുക വഴി തനിക്ക് നിയമം അറിയില്ലെന്നുകൂടി കെജ്രിവാള്‍ തെളിയിച്ചിരിക്കുകയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കരണ്‍ ഥാപ്പര്‍ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ ചുമതലകളില്‍ നിന്നും യുക്തിസഹമായി കാര്യങ്ങള്‍ക്കു തീര്‍പ്പുകല്‍പ്പിക്കാനുള്ള ബാധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. താനൊരു ദേശീയവാദിയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള സ്വാര്‍ഥതാല്‍പര്യം മാത്രമാണ് ഇവിടെ അദ്ദേഹത്തെ നയിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ ഈ നിലപാടില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാള്‍കൂടിയായിരുന്ന രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പുതിയ ഇന്ത്യയിലേക്ക് വിജയകരമായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആദ്യത്തെ ബി ജെ പി ഇതര പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ‘ദ പ്രിന്റി’ല്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ഹിന്ദുത്വത്തിലൂന്നിയ ദേശീയതയുമായി കേവലം സമരസപ്പെടുകയല്ല കെജ്രിവാള്‍ ചെയ്തത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തുകയാണ് അദ്ദേഹം. ഹിന്ദുത്വത്തിലൂന്നിയ ദേശീയതയുടെ വിപണി വലുതായി വരികയാണ്. ബി ജെ പിയെക്കൂടാതെ മറ്റു ചില കക്ഷികള്‍ക്ക്കൂടി അവിടെ അവസരമുണ്ട്. അവിടേയ്ക്ക് കടന്നുകയറാനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍.

കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ദാസിനുമെതിരേ രാജ്യദ്രോഹക്കേസില്‍ വിചാരണ ചെയ്യാനുള്ള അനുമതി നല്‍കിയതുപോലും കണക്കുകൂട്ടിയെടുത്ത തീരുമാനമാണെന്ന് യാദവ് പറയുന്നു. ഇവരോട് അനുഭാവമുണ്ടെന്നു വരുന്നത് ദേശീയവാദിയാകാനുള്ള പ്രയാണത്തില്‍ തനിക്കു ബാധ്യതയാവുമെന്ന് കെജ്രിവാള്‍ കരുതുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള തീരുമാനത്തെ പിന്തുണച്ചതും താന്‍ ദേശീയവാദിയാണെന്ന് സ്ഥാപിക്കാനാണ്. ഷഹീന്‍ബാഗില്‍ പോകാത്തത് തിരഞ്ഞെടുപ്പുതന്ത്രമാണെന്ന് വ്യാഖ്യാനിക്കാം. എന്നാല്‍, സംഘര്‍ഷവേളയില്‍ ദുരിതാശ്വാസമെത്തിക്കാന്‍പോലും ശ്രമിക്കാത്തത് എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. ഡല്‍ഹിയിലെ ക്രമസമാധാനപാലനം കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്നത് ശരിതന്നെ. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ടായിരുന്നു. അതിനദ്ദേഹം തയാറാവാതിരുന്നത് കേവലം ഭരണപരാജയമല്ലെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. ഹിന്ദു ഭൂരിപക്ഷത്തെ പ്രകോപിക്കേണ്ടതില്ലെന്ന ബോധപൂര്‍വമായ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിരുന്നഅു ത്.
ഇങ്ങനെയൊക്കെയാണെങ്കിലും ആം ആദ്മി പാര്‍ട്ടിയെ ബി ജെ പിയുടെ ബി ടീം എന്നു വിളിക്കുന്നത് സാങ്കേതികമായി ശരിയല്ലെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. ആവശ്യമുള്ള സമയത്ത് ബി ജെ പിയെ സഹായിക്കുന്നവരെയാണ് അവരുടെ ബി ടീം എന്ന് വിളിക്കുന്നത്. ആം ആദ്മി പാര്‍ട്ടി പക്ഷേ ബി ജെ പിയുടെ അതേപാത പിന്തുടര്‍ന്ന് അവരെ എതിര്‍ക്കുകയാണ് ചെയ്യുക. ചിലയിടങ്ങളിലെങ്കിലും ബി ജെ പിയെ തോല്‍പിക്കാന്‍ അവര്‍ക്കാകും. എന്നാല്‍ ബി ജെ പിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്തവര്‍ക്ക് ലോക്‌സഭയിലേക്ക് ഒരു മനഃസാക്ഷിക്കുത്തും കൂടാതെ ബി ജെ പിക്ക് വോട്ടുചെയ്യാനാവും. ആം ആദ്മി പാര്‍ട്ടി ഇപ്പോഴും മുസ്ലിം വിരുദ്ധ കക്ഷിയല്ല. എന്നാല്‍ മുസ്ലിം പക്ഷപാതിയാണെന്ന് വരുന്നത് നിലവിലുള്ള സാഹചര്യത്തില്‍ നഷ്ടക്കച്ചവടനമാണെന്ന് കെജ്്രിവാള്‍ കരുതുന്നു. ആം ഭാരതീയ ജനതാ പാര്‍ട്ടിയാവാനാണ് അവര്‍ ശ്രമിക്കുന്നതെന്നാണ് തുടക്കത്തില്‍ത്തന്നെ കെജ്രിവാളുമായി വഴിപിരിഞ്ഞ യോഗേന്ദ്ര യാദവിന്റെ നിഗമനം.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ ആര്‍ എസ് എസിന് സന്തോഷമേ ഉണ്ടാവൂ എന്ന് റോഹന്‍ വെങ്കട്ടരാമന്‍ ദ സ്‌ക്രോളില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹിയില്‍ ബി ജെ പി പരാജയപ്പെട്ടെങ്കിലും അത് ഹിന്ദുത്വത്തിന്റെ പരാജയമല്ലെന്ന് ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അസിം അലി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ കക്ഷികള്‍ ഹിന്ദുത്വപാതയിലേക്ക് നീങ്ങുന്നതിനു മുന്നോടിയാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാടു മാറ്റമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ രാജീവ് ടുളി അഭിപ്രായപ്പെടുന്നുണ്ട്. അഴിമതിക്കെതിരെ രൂപപ്പെട്ട ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയാണ് ആം ആദ്മി പാര്‍ട്ടിയുടെ പൂര്‍വ മാതൃക. മുമ്പ് സംഘടന ഡല്‍ഹിയില്‍ നടത്തിയ സമ്മേളനത്തിന്റെ വേദിയില്‍ നിന്ന് ഭാരതമാതാവിന്റെ ചിത്രം എടുത്തുമാറ്റിയിരുന്നു. ഭാരത് മാതാ കീ ജയ് എന്നും വന്ദേമാതരം എന്നും വിളിക്കാന്‍ അന്നത്തെ പ്രതിനിധികള്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാലിന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്ദേമാതരം മാത്രമല്ല, ഹനുമാന്‍ ചാലിസ കൂടി ആലപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പും വിജയത്തിനു ശേഷവും ഹനുമാന്‍ മന്ദിറിലേക്കാണ് കെജ്രിവാള്‍ പോയത്. ബി ജെ പിയുടെ രാമനു ബദലായി ഹനുമാനെ ഉയര്‍ത്തിക്കൊണ്ടുവരികയാണദ്ദേഹം. കൂടുതല്‍ ബി ജെ പി ഇതരകക്ഷികള്‍ വൈകാതെ ഇതേപാത പിന്തുടര്‍ന്നേക്കും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാവും അക്കൂട്ടത്തില്‍ ആദ്യത്തെയാളെന്ന് ടുളി അഭിപ്രായപ്പെടുന്നു.

എസ് കുമാര്‍

You must be logged in to post a comment Login