അന്നും ആക്രമണങ്ങള്‍ ഏകപക്ഷീയമായിരുന്നു

അന്നും ആക്രമണങ്ങള്‍ ഏകപക്ഷീയമായിരുന്നു

ഡല്‍ഹിയില്‍ അടുത്തിടെയുണ്ടായ അസ്വസ്ഥതകള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ഡല്‍ഹി നഗരത്തെ സംബന്ധിച്ചിടത്തോളവും രാജ്യത്തെ സംബന്ധിച്ചിടത്തോളവും ഗൗരവമായ പരിണിതഫലങ്ങള്‍ അതുണ്ടാക്കും. 1947 സെപ്തംബര്‍ 18 ന് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ മന്ത്രിസഭയ്ക്കെഴുതിയത് ഇതേ കാര്യമാണ്.

വിഭജനത്തിന്റെ ഫലമായി ഇന്ത്യ അഭൂതപൂര്‍വമായ അക്രമത്തിലൂടെ കടന്നുപോകുകയായിരുന്നു. ഡല്‍ഹിയിലും അക്രമം അരങ്ങുവാണു. അഭയാര്‍ഥിക്യാമ്പുകളില്‍ വടക്കന്‍ പഞ്ചാബില്‍ നിന്നുള്ള സിഖ്,ഹിന്ദു അഭയാര്‍ഥികളും ഡല്‍ഹിയില്‍ നിന്നും പ്രാന്തപ്രദേശങ്ങളില്‍ നിന്നുമുള്ള മുസ്‌ലിംകളും നിറഞ്ഞു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലും പല മേഖലകളിലായി ലഹളകള്‍ തടയാനുള്ള കഠിനമായ പരിശ്രമങ്ങളിലായിരുന്നു.
ഡല്‍ഹിയില്‍ കറങ്ങിനടന്ന ഒരു വ്യാജവാര്‍ത്ത രാജേന്ദ്രപ്രസാദ് പോലും വിശ്വസിച്ച സാഹചര്യത്തില്‍ പട്ടേല്‍ രംഗത്തിറങ്ങി. കൃഷിമന്ത്രിയായിരുന്ന രാജേന്ദ്രപ്രസാദ് സര്‍ദാര്‍ പട്ടേലിനെഴുതിയ കത്തില്‍ മെവ് മുസ്‌ലിംകള്‍ കരോള്‍ ബാഗില്‍ ശക്തിപ്രകടനം നടത്തിയെന്നും ആ പ്രദേശത്തെ ന്യൂനപക്ഷങ്ങളായ മുസ്‌ലിം ഇതരസമുദായങ്ങളെ സമ്മര്‍ദത്തിലാഴ്ത്തിയെന്നും പരാതിപ്പെട്ടു. മെവ് മുസ്‌ലിംകളുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നല്‍കിയത് കൂടുതല്‍ വികാരങ്ങളെ ആളിക്കത്തിക്കുമെന്നും രാജേന്ദ്രപ്രസാദ് കൂട്ടിച്ചേര്‍ത്തു.

ആ കിംവദന്തിയെ പട്ടേല്‍ തള്ളിക്കളഞ്ഞു. അദ്ദേഹം രാജേന്ദ്രപ്രസാദിന് അന്നു തന്നെ, 1947 സെപ്തംബര്‍ നാലിലെ ഡല്‍ഹിയിലെ അവസ്ഥയുടെ റിപ്പോര്‍ട്ട് അയച്ചുകൊടുത്തു. സര്‍ദാര്‍ എഴുതി: ‘ആക്രമണങ്ങളെല്ലാം തന്നെ ഏകപക്ഷീയമായിരുന്നു. അക്രമികളാകട്ടെ ഹിന്ദുക്കളും സിഖുകാരുമായിരുന്നു. ഹിന്ദുക്കളുടെ,താങ്കളുടെയും, അനാവശ്യഭീതികള്‍ തള്ളിക്കളയാന്‍ ഈ റിപ്പോര്‍ട്ട് മതിയാകുമെന്നു കരുതുന്നു.”

വ്യാജവാര്‍ത്തകള്‍ വിശ്വസിക്കാന്‍, അത് വിശ്വസ്തര്‍ അയച്ചതാണെങ്കില്‍ പോലും,സര്‍ദാര്‍ തയാറല്ലായിരുന്നു. ഒരു സമുദായത്തിന്റെയും അക്രമപ്രവൃത്തികള്‍ അദ്ദേഹം പൊറുത്തില്ല, ക്രിയ-പ്രതിക്രിയ വാദമുയര്‍ത്താന്‍ അദ്ദേഹത്തിന് ആവശ്യത്തിലധികം ന്യായങ്ങളുണ്ടായിരുന്നിട്ടും. അത്തരം കള്ളക്കഥകള്‍ കാലാകാലങ്ങളില്‍ പ്രചരിക്കുമെന്നും അവയെ അവഗണിക്കുകയാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഭജനത്തെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ അക്രമത്തെ സംബന്ധിച്ച് നെഹ്‌റു പട്ടാളത്തിനും പൊലീസിനും വ്യക്തമായ പന്ത്രണ്ടിന നിര്‍ദേശങ്ങള്‍ നല്‍കി. ലഹള തടയുകയും പൗരന്മാരെ സംരക്ഷിക്കുകയും ആവശ്യമെങ്കില്‍ ശിക്ഷിക്കുകയും വേണമെന്ന് നെഹ്‌റു എഴുതി. ചില ദിനപത്രങ്ങള്‍ ഡല്‍ഹിയിലെ അന്തരീക്ഷത്തെ മലീമസമാക്കുന്നുവെന്ന് നെഹ്‌റു പട്ടേലിനെഴുതി. അദ്ദേഹം പ്രത്യേകം ‘ഹിന്ദു ഔട്ട്ലുക്കി’നെ ചൂണ്ടിക്കാട്ടുകയും അതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പട്ടേല്‍ നടപടികളെടുത്തതായി പ്രധാനമന്ത്രിക്ക് തിരിച്ചെഴുതുകയും ചെയ്തു.
ഡല്‍ഹി പൊലീസിന്റെ കാര്യക്ഷമതയില്ലായ്മയെ കുറ്റപ്പെടുത്തി പട്ടേല്‍ ഇങ്ങനെ എഴുതി: ‘ഡല്‍ഹി പൊലീസിനെ മുഴുവനായി അഴിച്ചു പണിയാനും കാര്യക്ഷമമാക്കാനും പദ്ധതിയുണ്ട്.’ അതുപക്ഷേ ഭാവിയിലേക്കുള്ള പദ്ധതി മാത്രമായിരുന്നു. വിഭജനകാലത്ത് അവസ്ഥ ഗുരുതരമായിരുന്നു. നുണക്കും നേരിനുമിടയിലെ അതിര്‍ത്തി നേര്‍ത്തതായിരുന്നു. ഡല്‍ഹിയിലേതടക്കമുള്ള വര്‍ഗീയകലാപങ്ങള്‍ തടയാനോ നിയന്ത്രിക്കാനോ കഴിയാതെ നെഹ്‌റുവും പട്ടേലും വിഷമിച്ചു.

പലപ്പോഴും പരാതികള്‍ ഗാന്ധിജിയിലെത്തുകയും അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കാനായി പട്ടേലിനും നെഹ്‌റുവിനും എഴുതുകയും ചെയ്തു. അത്തരം സന്ദര്‍ഭങ്ങളിലൊന്നില്‍ ഖസ്‌ക്കര്‍ പ്രസ്ഥാനത്തില്‍ പെട്ട രണ്ടു മുസ്‌ലിംകള്‍, ഡല്‍ഹി മോസ്‌കില്‍ ബലം പ്രയോഗിച്ച സര്‍ക്കാര്‍ നടപടിയെ കുറിച്ച് ഗാന്ധിജിയോട് പരാതിപ്പെട്ടു. ഖസ്‌ക്കറുകള്‍ മോസ്‌കിനുള്ളില്‍ സ്വാതന്ത്ര്യദിനാഘോഷത്തെ തുരങ്കം വെക്കാനുള്ള ഗൂഢാലോചനയിലായിരുന്നെന്നും അതുകൊണ്ടാണവരെ മോസ്‌ക്കിനുള്ളില്‍ നിന്ന് അറസ്റ്റു ചെയ്തതെന്നും പട്ടേല്‍ ഗാന്ധിജിയെ അറിയിച്ചു. ഗാന്ധിജിക്ക് പട്ടേലിനെ മൂന്നു പതിറ്റാണ്ടുകളുടെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വര്‍ഗീയവിരുദ്ധ നിലപാടുകളില്‍ ഗാന്ധിജിക്ക് വിശ്വാസമുണ്ടായിരുന്നു.

ആ പരീക്ഷണകാലത്ത് ഡല്‍ഹി അഭിമുഖീകരിച്ച വെല്ലുവിളികള്‍ നിരവധിയാണ്. പക്ഷേ ഗാന്ധിജിയെയും നെഹ്‌റുവിനെയും പട്ടേലിനെയും പോലുള്ള നേതാക്കന്മാരുടെ സാന്നിധ്യമായിരുന്നു അന്നത്തെ ഏറ്റവും വലിയ ആശ്വാസം.

ഉര്‍വിഷ് കോത്താരി

You must be logged in to post a comment Login