കണ്‍മുന്നില്‍ കത്തിയ സഹോദരന്‍

കണ്‍മുന്നില്‍ കത്തിയ സഹോദരന്‍

സ്വന്തം സഹോദരനെ കണ്‍മുന്നിലിട്ട് അരുംകൊല ചെയ്യുക. നിസ്സഹായനായി ഈ കിരാത കൃത്യം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാവുക. എന്തു മാത്രം ഭീകരമാണിത്!
മുസ്തഫാബാദില്‍ ഡല്‍ഹി സര്‍ക്കാറിനു കീഴില്‍ ആരംഭിച്ച അഭയാര്‍ത്ഥിക്യാമ്പില്‍, മാര്‍ച്ച് മൂന്നിന് അഥവാ ആറാം ദിവസത്തെ പര്യടനത്തിനിടെയാണ് എസ് എസ് എഫ് വസ്തുതാന്വേഷണ സംഘത്തിനു മുന്നില്‍ മുഹമ്മദ് ചോട്ടു എത്തുന്നത്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അമ്പത്തിയെട്ടുകാരന്‍ അന്‍വറിനെ സംഘപരിവാരം കിരാതമായി അരുംകൊല ചെയ്യുകയായിരുന്നു, അതും സ്വന്തം അനിയന്റെ മുന്നില്‍! കിഴക്കന്‍ ദില്ലിയിലെ കലാപമേഖലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങള്‍ സംഭവിച്ച ശിവ് വിഹാറില്‍ നിന്നുള്ളവരാണിവര്‍. ഫെബ്രുവരി 24ന് കലാപം പൊട്ടിപ്പുറപ്പെട്ട ദിനം പ്രദേശഞ്ഞെ മുസ്ലിം ഗല്ലികള്‍ക്ക് തീവെച്ച കലാപകാരികള്‍ അന്‍വറിനെ പിടിച്ചുകൊണ്ടുവന്നു വെടിയുതിര്‍ക്കുകയായിരുന്നു. തല ഉയര്‍ത്തിയതോടെ വീണ്ടും അടിച്ചു താഴെയിട്ടു. വെടിവെച്ച് വീഴ്ത്തിയിട്ടും പിടയുന്ന ജീവനുമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതാണവരെ പ്രകോപിപ്പിച്ചത്. എന്നിട്ടും അരിശം തീരാതെ ജീവനൊഴിഞ്ഞുപോയിട്ടില്ലാത്ത ആ ശരീരം കത്തുന്ന തീയിലേക്കെടുത്തെറിഞ്ഞു. ചോട്ടുവിന് ബാക്കി ലഭിച്ചത് ജ്യേഷ്ഠന്റെ ഇരുകാലുകള്‍ മാത്രം! ബാക്കിയെല്ലാം കത്തിത്തീര്‍ന്നിരുന്നുവത്രേ.
തൊട്ടടുത്ത അമുസ്ലിം സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ച ചോട്ടു നേര്‍കാഴ്ചയില്‍ കണ്ടത് വിവരിക്കുന്നത് കേട്ടിരുന്നപ്പോള്‍ ഉള്ളു പിടഞ്ഞുപോയി.അമ്പതോളം സംഘപരിവാര്‍ ഭീകരര്‍ ഈ അതിക്രമങ്ങള്‍ നടത്തുമ്പോള്‍ നിയമപാലകരെ ബന്ധപ്പെടാന്‍ ശ്രമിച്ചത് മുപ്പതോളം തവണ. ഒരു ഫലവുമുണ്ടായില്ല. നീതിയും നിയമപാലനവും നോക്കുകുത്തിയായിടത്ത് ചോട്ടുവിന് നീതികിട്ടുമെന്ന് പ്രതീക്ഷ പകരുന്നതിനേക്കാള്‍ വങ്കത്തം മറ്റെന്തുണ്ട്? ഇന്നീ നിമിഷം വരെ മൃതദേഹം തിരിച്ചുനല്‍കാത്ത, എഫ് ഐ ആര്‍ സ്വീകരിക്കാത്ത നിയമവ്യവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിക്കണമെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുക? സര്‍വ പ്രതീക്ഷയും അസ്തമിച്ചുനില്‍ക്കുന്നൊരാളോട് മറുത്തെന്തു പറയാനാണ്?

മറ്റൊരാള്‍, മരിച്ചെന്നു കരുതി അക്രമികള്‍ ഉപേക്ഷിച്ച മുപ്പതുകാരന്‍ ഇമ്രാനാണ്. തലയില്‍ 40ല്‍ അധികം സര്‍ജിക്കല്‍ സ്റ്റിച്ചുകളുണ്ട്. മറ്റേതുദിവസത്തേയും പോലെ കാലത്ത് അന്നംതേടി പോയതാണ്. യമുനാ വിഹാറിലെ ജോലിസ്ഥലത്തു നിന്നും വൈകീട്ട് മടങ്ങും വഴി സ്വന്തം ഗല്ലിയുടെ സമീപത്ത് വച്ചാണ് ഭീകരര്‍ ക്രൂരമായി മര്‍ദിച്ചത്. ആശ്രിതരുടെ പക്കലേക്ക് തിരിച്ചെത്താനുള്ള അടങ്ങാത്ത ആശകളുമായി പുറപ്പെട്ട യുവാവുണ്ടോ കലാപവാര്‍ത്തകള്‍ അറിയുന്നു?

ക്രൂരമായ പ്രഹരമേറ്റ് ബോധമറ്റ ഇമ്രാനെ മരിച്ചെന്നു കരുതി അഴുക്കുചാലില്‍(നാല) തള്ളിയതാണ് ഭീകരര്‍. ജീവിതത്തിനും മരണത്തിനുമിടയില്‍ ഒരു കച്ചിത്തുരുമ്പിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടുമാത്രം അഴുക്കുചാലില്‍ വീഴാതെ ഓരത്തെ പുല്‍ത്തകിടിയലോ മറ്റോ തങ്ങി നിന്നത്രേ..

രാത്രിയുടെ യാമങ്ങളിലെപ്പോഴോ തിരികെകിട്ടിയ ബോധവുമായി അയാള്‍ വീട്ടിലേക്ക് തിരികെ നടന്നു; ജീവിതത്തിലേക്കും. അക്രമികളുടെ ശ്രദ്ധയില്‍ പെടാത്ത തന്റെ വീട്ടില്‍ ഭയവിഹ്വലനായി കുടുംബത്തോടൊപ്പം ചോരയൊലിക്കുന്ന തലയോട്ടിയുമായി പതുങ്ങിനിന്ന ഇവരെ മൂന്നാം ദിനം വൈകീട്ടാണ് സായുധസേന എത്തി ആശുപത്രിയിലാക്കുന്നത്. ഈ സമയങ്ങളിലവര്‍ കടന്നുപോയ ഭീതിയുടെ, വേദനയുടെ കാഠിന്യത്തെ വരച്ചിടാന്‍ വാക്കുകള്‍ മതിയാകാതെ വരുന്നു.!. അവരിന്ന് കുടുംബസമേതം അല്‍ഹിന്ദ് ഹോസ്പിറ്റലിലെ ക്യാമ്പിലാണുള്ളത്. ഇങ്ങനെ ശിവ് വിഹാറിനും ബാബു നഗറിനും ഇടയിലായി ഒഴുകുന്ന സാമാന്യം വലിയ അഴുക്കുചാലില്‍ നിന്ന് കിട്ടിയ മൃതദേഹങ്ങള്‍ പറയും ദില്ലി വംശഹത്യയുടെ ക്രൂരകഥകള്‍.

സമപ്രായക്കാരനായ ദില്‍ഷാദിനും പറയാനുള്ളത് മരണമുഖത്തു നിന്നും ഓടിക്കയറിയ നിമിഷത്തെക്കുറിച്ചാണ്. നിര്‍മാണതൊഴിലാളിയായ അദ്ദേഹം കൂട്ടുകാരായ അഞ്ചുപേരോടൊപ്പം പുറത്തുപോയി ഓട്ടോയില്‍ മടങ്ങിവരുന്നതിനിടെയാണ് ശിവ് വിഹാറില്‍ വെച്ച് ക്രൂരമായ അക്രമത്തിനിരയാവുന്നത്. ആവുംവിധത്തില്‍ അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം ആരുടെയോ കാരുണ്യത്താല്‍ രക്ഷപ്പെടുകയായിരുന്നു. ഇരു കൈ കാലുകള്‍ക്കും തലക്കും മാരകമായി പരുക്കേറ്റ അദ്ദേഹത്തിനിനി പഴയ തൊഴിലിലേക്ക് മടങ്ങല്‍ അസാധ്യമാണ്.
ഇങ്ങനെ ജീവിതത്തിലെ സര്‍വ സമ്പാദ്യവും കിടപ്പാടവും നഷ്ടമായി ജീവന്‍ മാത്രം തിരികെ ലഭിച്ചവരുടെ കദനകഥകള്‍ എത്രയോ വിവരിക്കാനുണ്ട്. നിങ്ങള്‍ക്ക് നീതി ലഭിക്കും എന്ന് പറയാന്‍ ഞങ്ങള്‍ക്കും കഴിയുന്നില്ല. കലാപകാരികള്‍ക്ക് കൈയാളുകളായി പ്രവര്‍ത്തിച്ച ഡല്‍ഹി പൊലീസിനെ ചൂണ്ടി നീതിയെക്കുറിച്ച് സംസാരിക്കുന്നത് നിരര്‍ഥകമല്ലേ!

പള്ളിയിലെ  ഹിന്ദുത്വ ഭീകരത
അശോക് നഗര്‍; ദില്ലി കലാപത്തിന്റെ വ്രണങ്ങള്‍ ഉണങ്ങിത്തുടങ്ങിയിട്ടില്ലാത്ത തെരുവ്. സംഘപരിവാര്‍ കലാപകാരികള്‍ മിനാരത്തില്‍ കാവിക്കൊടി കെട്ടിയ പള്ളി ഇവിടെയാണ്. മൗലാനാ ബക്‌സ് മസ്ജിദിന്റെ മിനാരത്തിലുയര്‍ത്തിയ കാവിക്കൊടി സംഘ് അഴിഞ്ഞാട്ടത്തിന്റെ ഭീകരമുഖം വിളിച്ചറിയിക്കുന്നതായിരുന്നു.

എസ് എസ് എഫ് വസ്തുതാന്വേഷണ സംഘം ഏഴാം ദിവസത്തെ പര്യടനത്തിലൊടുവിലാണ് അശോക് നഗറിലെത്തിച്ചേരുന്നത്. സംഘം സന്ദര്‍ശിക്കുന്ന, തകര്‍ക്കപ്പെട്ട ഒമ്പതാമത്തെ മസ്ജിദാണ് ഇത്. വംശീയമായ ഉന്മൂലനം ലക്ഷ്യമിട്ട് സംഘപരിവാരം തീര്‍ത്തും ഏകപക്ഷീയമായി, അതേസമയം തികഞ്ഞ ആസൂത്രണത്തോടെ ആക്രമണം അഴിച്ചുവിടുകയായിരുന്നു ഈ പ്രദേശത്ത്. മുസ്ലിം ജനസംഖ്യ ഇവിടെ തുലോം കുറവാണ്.

1974 ലാണ് മൗലാനാ ബക്‌സ് മസ്ജിദ് സ്ഥാപിതമാകുന്നത്; ഏകദേശം 45 വര്‍ഷത്തെ പഴക്കം. ഗ്യാസ് സിലിണ്ടറുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മസ്ജിദിനോടു ചേര്‍ന്നുള്ള കടകളും വീടുകളും പരിപൂര്‍ണമായി തീ വിഴുങ്ങുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പള്ളിയുടെ അധീനതയിലുള്ള കടകളില്‍ അമുസ്ലിം ഉടമസ്ഥതയിലുള്ള കടമാത്രം സുരക്ഷിതമായി വിട്ടിരിക്കുന്നു എന്നതില്‍ നിന്നുതന്നെ കലാപത്തിന്റെ സ്വഭാവം വ്യക്തമാണ്! സ്‌ഫോടനത്തിന്റെ തീവ്രതയാല്‍ പല കെട്ടിടങ്ങളും നിലം പൊത്താറായ അവസ്ഥയിലാണ്. ചിലതൊക്കെ മേല്‍ക്കൂര ഇടിഞ്ഞുപൊളിഞ്ഞു തീര്‍ത്തും ഉപയോഗശൂന്യമായിക്കിടക്കുന്നു. എണ്ണപ്പെട്ട മുസ്ലിം വീടുകളില്‍ ഒന്നു പോലും ഒഴിവാക്കപ്പെട്ടില്ല. വീടുകള്‍ക്ക് തീയിടുന്നതിനു മുന്നേ വ്യാപകമായ കൊള്ളകള്‍ നടന്നു. ഖൈറുദ്ദീന്റെ വീട്ടിലെ ബധിരയായ വയോധികയുടെ കേള്‍വിസഹായ യന്ത്രം പോലും കൊണ്ടുപോയിട്ടുണ്ട്. അടുത്ത മാസത്തേക്ക് നിശ്ചയിച്ച, രണ്ടു പെണ്‍മക്കളുടെ വിവാഹാവശ്യാര്‍ഥം സ്വരുക്കൂട്ടിയ സകലതും (സ്വര്‍ണമുള്‍പ്പെടെ) കൊള്ള ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരന്റെ ഉപജീവന മാര്‍ഗമായ റിക്ഷ കത്തിച്ചാമ്പലാക്കിയിരിക്കുന്നു. കല്യാണാവശ്യാര്‍ഥം ആഭരണങ്ങളും വീട്ടുപകരണങ്ങളും മുന്‍കൂട്ടി സ്വരൂപിച്ചുവെക്കലാണ് ഡല്‍ഹിയിലെ പ്രകൃതമെന്നതിനാല്‍ ഇത്തരത്തില്‍ കൊള്ള ചെയ്യപ്പെട്ടവരുടെ നഷ്ടക്കണക്ക് ഭീമമായിരിക്കും.
ഉച്ചക്ക് ഒരു മണിയോടെ ജയ് ശ്രീറാം വിളികളുമായി വന്ന കലാപകാരികള്‍ മിനാരത്തില്‍ കാവിക്കൊടി നാട്ടുകയും വൈകീട്ട് ഏഴു വരെ മസ്ജിദിനകത്ത് സംഹാര താണ്ഡവമാടുകയുമായിരുന്നു. വികൃതമാക്കപ്പെട്ട പള്ളിയുടെ ടെറസില്‍ ഒരുക്കിയ താത്കാലിക സൗകര്യത്തില്‍ ജമാഅത്തായി നിസ്‌കരിച്ച ശേഷം പള്ളിക്കകത്ത് ചാരമാക്കപ്പെട്ട വിശുദ്ധഗ്രന്ഥങ്ങളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ ഹസ്രത്ത് മുഹമ്മദ് സലീം എന്ന വയോധികന്റെ വാക്കുകളിടറി. മസ്ജിദിനകത്തവര്‍ മദ്യസല്‍ക്കാരം നടത്തി മണിക്കൂറുകള്‍ അഴിഞ്ഞാടിയിട്ടും നിസ്സംഗരായി നോക്കിനില്‍ക്കുകയായിരുന്നു നിയമപാലകര്‍! അംഗശുദ്ധി വരുത്താനായി സ്ഥാപിച്ച വലിയ പൈപ്പുകള്‍ ഉള്‍പ്പെടെ നവീകരണാവശ്യാര്‍ഥം കൊണ്ടുവന്ന സകല വസ്തുവകകളും, എന്തിനധികം മസ്ജിദിന്റെ ഇരുമ്പ് ഗെയ്റ്റ് വരെ മോഷ്ടിച്ചു കടത്തിയിരിക്കുന്നു. ആളിപ്പടരുന്ന തീയില്‍ നിന്ന് മുഅദ്ദിന്‍ സാഹബ് രക്ഷപ്പെട്ടത് ടെറസുകളില്‍ നിന്ന് ടെറസുകളിലേക്ക് മാറിക്കയറി അതിസാഹസികമായാണ്.
അശോക് നഗറിലെ തന്നെ ചാന്ദ് മസ്ജിദും സമാനമായ രീതിയില്‍ തകര്‍ക്കപ്പെട്ടവയില്‍ പെടുന്നു. ജീവിതത്തില്‍ സ്വരുക്കൂട്ടിയത് മുഴുക്കെ ഒരു നിമിഷം കത്തിച്ചാമ്പലായവരുടെ ദൈന്യത ഏതു കണക്കിലെഴുതിയാണ് തിട്ടപ്പെടുത്തുക?

ശിവ് വിഹാറിലെ താണ്ഡവം
മാര്‍ച്ച് അഞ്ചിന് മുസ്തഫാബാദിലെ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ എസ് എസ് എഫ് ലീഗല്‍ എയ്ഡ് സെല്ലിനു മുന്നില്‍ അയാളെത്തുന്നത് ഉച്ച കഴിഞ്ഞാണ്. പേര് ഹാറൂന്‍. കലാപത്തില്‍ കൊല്ലപ്പെട്ട തന്റെ ഭാര്യാ സഹോദരനു വേണ്ടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണമെന്നാണ് ആവശ്യം.
ഫെബ്രുവരി 24 ന് വൈകീട്ടാണ് ശിവ് വിഹാറില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ജീവനും സമ്പാദ്യവും ഏറ്റവും ക്രൂരമായി കശക്കിയെറിഞ്ഞതും ശിവ് വിഹാറില്‍ തന്നെ. കലാപത്തില്‍ നിന്നും പ്രാണനുമായി ജീവിതത്തിലേക്ക് തിരിഞ്ഞോടിയവര്‍ പലരും മുസ്തഫാബാദിലും ബാബു നഗറിലുമായി അഭയം പ്രാപിച്ചിരിക്കുകയാണ്. ക്യാമ്പില്‍ വച്ച് കണ്ടുമുട്ടിയ പലരെയും വിവരശേഖരണത്തിനായി സമീപിച്ചപ്പോള്‍ എല്ലാം ഉപേക്ഷിച്ച് പോന്ന അവര്‍ക്ക് നാടിനെ ചൊല്ലി കൃത്യമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. എന്ത് സംഭവിച്ചു എന്നറിയാന്‍ തിരികെ ചെല്ലാനുള്ള മാനസിക പ്രാപ്തിയിലേക്ക് അവരാരും എത്തിയിരുന്നില്ല എന്നതാണ് വസ്തുത. 29 നാണ് എസ് എസ് എഫ് വസ്തുതാന്വേഷണ സംഘം ശിവ് വിഹാര്‍-ബാബു നഗറിലെത്തുന്നത്. അവിടുത്തെ അഭയാര്‍ത്ഥികളുമായി സംസാരിച്ച് ശിവ് വിഹാറില്‍ പോവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വിലക്കുകയും പോയവരില്‍ പലരും മടങ്ങിയെത്തിയിട്ടില്ല എന്നുമാണറിയിച്ചത്. ശിവ് വിഹാറിനും ബാബു നഗറിനും ഇടയിലെ നാലയുടെ (തോട്) കുറുകെയുള്ള പാലങ്ങള്‍ മുഴുവന്‍ സുരക്ഷാ സേന ബന്ദവസ്സാക്കിയിരിക്കുകയാണ്. ഒടുവില്‍ പാതി തുറന്ന പാലത്തിലൂടെ തദ്ദേശീയരുടെ ബൈക്കിലും മറ്റുമായി എത്തിയ സംഘം അവിടെ തകര്‍ന്ന ഓലിയാ മസ്ജിദും മദീന മസ്ജിദുമടക്കം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി.

കലാപം തുടങ്ങി മൂന്നാം ദിനം അഥവാ ഫെബ്രുവരി 26 നാണ് സൈന്യത്തെ വിന്യസിക്കുന്നത്. മൂന്നു ദിനങ്ങളില്‍ അക്രമകാരികളവിടെ അഴിഞ്ഞാടി. സൈന്യത്തെ വിന്യസിച്ചതോടെ കാര്യങ്ങള്‍ ഏറെക്കുറെ ശാന്തമായിക്കാണുമെന്ന് നിനച്ചാണ് 33കാരന്‍ ജമാലുദ്ധീന്‍ മന്‍സൂരിയും ജ്യേഷ്ഠന്‍ നിസാമുദ്ധീനും ചേര്‍ന്ന് 27 ന് വൈകീട്ട് മദീന മസ്ജിദിനടുത്തുള്ള അഥവാ പത്താം നമ്പര്‍ ഗല്ലിയിലെ താമസസ്ഥലത്തേക്ക് തിരിച്ചത്. തങ്ങളുടെ വസ്തുവകകളുടെ അവസ്ഥയറിയുകയായിരുന്നു ലക്ഷ്യം. കലാപനേരത്ത് എല്ലാം ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണ്. വല്ലതും അവശേഷിക്കുന്നുണ്ടോ എന്നറിയണം. വന്നുനോക്കുമ്പോള്‍ പരിപൂര്‍ണമായി മോഷണം നടന്നിരുന്നുവെങ്കിലും വീടിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. തിരിച്ചുമടങ്ങാനൊരുങ്ങവെയാണ് അക്രമിസംഘം വളഞ്ഞിട്ട് അക്രമിച്ചത്. മുസ്ലിംകള്‍ ഉപേക്ഷിച്ചുപോയ ഗല്ലികളിലവര്‍ സൈ്വരവിഹാരം നടത്തുകയായിരുന്നു. ഇരുമ്പു ദണ്ഡുകളും ചുറ്റികകളുമുപയോഗിച്ചുള്ള അക്രമണത്തില്‍ തലയ്ക്കടക്കം ഗുരുതരമായ പരുക്കേറ്റ ഇരുവരെയും ജി ടി ബി നഗറിലെ ഹോസ്പിറ്റലിലെത്തിച്ചത് സേനാംഗങ്ങളാണ്.

അത്യാസന്ന നിലയില്‍ ജീവിതത്തോട് മല്ലിട്ട ജമാലുദ്ധീന്‍ അഞ്ചാം ദിനം അഥവാ മാര്‍ച്ച് മൂന്നിന് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് 4 ന് ലഭിച്ച മയ്യിത്ത് അഞ്ചാം തീയ്യതി രാവിലെ മറമാടി. സാരമായി പരുക്കേറ്റ ജ്യേഷ്ഠന്‍ നിസാമുദ്ധീനിപ്പോഴും അത്യാസന്ന നിലയിലാണ്.

ബാലിശമായ ന്യായവാദങ്ങള്‍ നിരത്തി ഇരകളെ കേള്‍ക്കാന്‍ പോലും പോലീസ് തയാറായില്ല. ആ പശ്ചാത്തലത്തിലാണ് എസ് എസ് എഫ് നിയമസഹായ സെല്ല് രൂപീകരിച്ചത്. നിയമത്തിന്റെ നൂലാമാലകളോര്‍ത്തും നീതി വ്യവസ്ഥയില്‍ പ്രതീക്ഷയറ്റും പലരും നിയമ നടപടികളിലേക്കു കടക്കാന്‍ മുതിരുന്നില്ല.
കൊല്ലപ്പെട്ട ജമാലുദ്ധീന് 4 മക്കളാണ്. മൂത്ത മകന് കഷ്ടിച്ച് പന്ത്രണ്ട് വയസ്സുവരും. ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങളെയും കൊണ്ട് ആ ഉമ്മ എന്തു ചെയ്യാനാണ്? ജീവിതത്തിലെ അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിനു മുന്നില്‍ ഇനി എന്തു പ്രതീക്ഷയാണുള്ളത്. ചീട്ടുകൊട്ടാരം കണക്കെ സര്‍വ്വ സ്വപ്നങ്ങളും തരിപ്പണമായവരുടെ ദൈന്യത തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തിയത്.
അടുത്ത ദിനം (മാര്‍ച്ച് 6 ) തന്നെ സുഹൈറുദ്ധീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ എസ് എസ് എഫ് ദേശീയ സംഘം ബാബുനഗറിലെ അവരുടെ ബന്ധുവീട്ടിലെത്തി. അവിടെയുള്ളവരുമായി സംസാരിച്ച് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്തു. കലാപത്തില്‍ കൊല്ലപ്പെട്ട കര്‍ദംപുരിയിലെ ഫുര്‍ഖാന്റെയും കബീര്‍ നഗറിലെ ഇശ്തിയാഖിന്റെയും മക്കളുടെ പഠനച്ചെലവ് കഴിഞ്ഞ ദിവസം ഏറ്റടുത്തിരുന്നു. മര്‍കസ് ഓര്‍ഫന്‍ കെയറിനു കീഴില്‍ അവരിനി പഠിക്കും, മിടുക്കരാവും, അവരുടെ ജീവിതവും തളിര്‍ക്കട്ടെ..

കജൂരിയിലെ  ചാരക്കൂനകള്‍
ഇന്നത്തെ ജുമുഅ കജൂരി ഖാസിലായിരുന്നു. കലാപാനന്തര ദില്ലിയിലെ കജൂരിക്ക് ചാരത്തിന്റെ മണമാണ്. എല്ലാം കരിമയം. സര്‍വതും വെണ്ണീരായ ഇവര്‍ക്ക് ബാക്കിയുള്ളത് ജീവന്‍ മാത്രം.
മുസ്ലിം ന്യൂനപക്ഷ ദേശമായ പക്കീ കജൂരിയില്‍ ഏകദേശം നൂറില്‍പരം മുസ്ലിം വീടുകളാണുള്ളത്.
ഇതില്‍ തൊണ്ണൂറു ശതമാനവും കത്തിച്ചാമ്പലാക്കിയിരിക്കുന്നു. ബാക്കിയുള്ളവ മുച്ചൂടും കൊള്ള ചെയ്യപ്പെട്ടിരിക്കുന്നു. കൂട്ടത്തില്‍ തകര്‍ക്കപ്പെട്ട ഫാത്തിമ മസ്ജിദില്‍ ആദ്യമായി ജുമുഅ മുടങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു. തങ്ങള്‍ നെയ്തുവച്ച സ്വപ്നങ്ങളൊക്കെയും എരിഞ്ഞടങ്ങിയ കുടിയിടത്തിലേക്ക് അവര്‍ മടങ്ങിയെത്തി. സര്‍വതും കത്തിയമര്‍ന്ന മസ്ജിദ് കഴിയും വിധത്തില്‍ അവര്‍ ജുമുഅക്കായി ഒരുക്കിയെടുത്തു. എസ് എസ് എഫ് ദേശീയ ഉപാധ്യക്ഷന്‍ സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ അവരിന്ന് നാഥന്റെ ഭവനത്തില്‍ ഒത്തൊരുമിച്ചു. സമാധാനത്തിലും സഹവര്‍ത്തിത്വത്തിലുമൂന്നിയ സരളമായ ഉപദേശം. ഭക്തി നിര്‍ഭരമായ പ്രാര്‍ഥന. കലാപാനന്തര ഭൂമിക സമാധാനത്തിലധികമായി മറ്റെന്തു കാംക്ഷിക്കാനാണ്?

കലാപം കെട്ടടങ്ങിയ ഉടനെ കജൂരിയിലെത്തിയ എസ് എസ് എഫ് വസ്തുതാന്വേഷണ സംഘത്തെ വരവേറ്റത് ഭീതി തളംകെട്ടിയ അന്തരീക്ഷമായിരുന്നു. എന്നാലിന്ന് അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്.

പലരും പകല്‍ സമയങ്ങളില്‍ തിരികെ വന്നു തുടങ്ങി. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് ശക്തമായ സ്‌ഫോടനങ്ങള്‍ സൃഷ്ടിക്കുക വഴി വീടിന്റെ മേല്‍ക്കൂരകള്‍ പലതും തകര്‍ന്ന് ഉപയോഗ്യശൂന്യമായ മട്ടാണ്. മസ്ജിദിനോട് ചേര്‍ന്ന ഗല്ലിയിലെ അവസാന വീടാണ് കാലിമിന്റെത്.അദ്ദേഹത്തിന്റെ രണ്ടു ബൈക്കുകളും വീട്ടിലെ വാഷിങ് മെഷീനും റെഫ്രിജറേറ്ററും പള്ളിക്കുള്ളിലേക്ക് വലിച്ചിട്ടാണ് തീ കൊടുത്തത്. കലാപം നടന്നിടത്തെല്ലാം സംഭവിച്ചതും ഇപ്രകാരം തന്നെ.
രണ്ട് മാസം പ്രായം മാത്രമുള്ള കുഞ്ഞു അതീഫയെയും കൊണ്ട് ചത്തുകള്‍(ടെറസുകള്‍) മാറിക്കയറി മരണമുഖത്തു നിന്നും രക്ഷപ്പെട്ട ഉമ്മ സിതാര കഥകള്‍ അയവിറക്കിയപ്പോള്‍ കണ്ണുകളില്‍ ഭയാനകത പ്രകടമായിരുന്നു.

ഫെബ്രുവരി ഇരുപത്തിനാലിന് ബജന്‍പുരയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയ ദിനം തന്നെയാണ് കജൂരിയിലേക്കും അക്രമകാരികള്‍ വരുന്നത്. രാത്രിയില്‍ സംഘം ചേര്‍ന്ന് ഗല്ലിയുടെ പ്രവേശനകവാടത്തില്‍ തീ വയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ജനങ്ങള്‍ ഉറങ്ങാതെ കാവിലിരുന്ന ജാഗ്രതയെ തുടര്‍ന്ന് പിന്‍വലിയുകയായിരുന്നു. നേരം പുലര്‍ന്ന് ഏഴുമണിയോടെ കലാപകാരികള്‍ സംഘം ചേര്‍ന്ന് തിരിച്ചുവന്നു. ആദ്യം അസഭ്യവര്‍ഷങ്ങള്‍ ചൊരിയുകയും ഇരുവശത്തു നിന്നും ഗല്ലി വളഞ്ഞു കൊള്ളയും തീവയ്പ്പും തുടങ്ങി. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് മൂന്നു മണി വരെ കാപാലികത നിറഞ്ഞാടി. തീര്‍ത്തും നിസ്സംഗരായ നിയമപാലകര്‍ ഈ ആറ് മണിക്കൂറും അക്രമികള്‍ക്ക് ‘ബുദ്ധിമുട്ടുകള്‍’ സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു! തലേ ദിവസം രാത്രി തന്നെ പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമായ മുന്നറിവ് ലഭിച്ചുവെങ്കിലും കലാപം ഒഴിവാക്കാനായി ഒന്നും ചെയ്യാതെ കലാപങ്ങള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നു അവര്‍. ഒടുവില്‍ റോഡിനു മറുവശത്തെ ചന്ദുനഗറിലെ ജനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയതുകൊണ്ട് മാത്രം സായുധ സേന അവരുടെ ജീവന്‍ രക്ഷിച്ചു! ജീവന്‍ മാത്രം; മറ്റൊന്നും ബാക്കിയായില്ല.

വീടിന്റെ താഴ്ഭാഗം കലാപകാരികള്‍ കയ്യേറിയപ്പോള്‍ പ്രാണരക്ഷാര്‍ഥം ചത്തുകളില്‍ അഭയം തേടിയവരെ കാത്തിരുന്നത് ചുറ്റുഭാഗത്തെ ചത്തുകളില്‍ നിന്നും അക്രമികള്‍ ഉതിര്‍ത്ത കല്ലു മഴകളായിരുന്നു. താഴെത്തിറങ്ങിയാല്‍ അക്രമികള്‍ വകവരുത്തും മുകളിലാണെങ്കിലോ എറിഞ്ഞു വീഴ്ത്തും. മനുഷ്യര്‍ക്കിങ്ങനെയൊക്കെ ക്രൂരരാകാനാവുമോ.അതും ഇന്നലെ വരെ ഒരുമിച്ചു കഴിഞ്ഞവര്‍!

കലാപകാരികള്‍ ആദ്യം തകര്‍ത്ത വീട് പ്രദേശത്തെ പൗരപ്രമുഖന്‍ മഹ്ബൂബ് ഭായിയുടേതായിരുന്നു. മസ്ജിദില്‍ അഭയം തേടിയ അദ്ദേഹം, തന്നെ മറുവശത്തെ ചത്തുകള്‍ വഴി പിന്തുടര്‍ന്നവരോട് ചോദിച്ചുവത്രേ… ‘എന്താണ് നിങ്ങളുടെ ആവശ്യം?’

ഇന്നേ വരെ കണ്ടു പരിചയമില്ലാത്ത 18-20 വയസ്സ് തോന്നിക്കുന്ന കലാപകാരി അദ്ദേഹത്തിന്റെ പേരെടുത്തു വിളിച്ച് ‘ജയ് ശ്രീറാം’ വിളിക്കണമെന്നാക്രോശിച്ചുവത്രേ..

മധ്യവയസ്‌കനായ ഇദ്ദേഹം സാധ്യമല്ലെന്ന് അറിയിച്ചതോടെ ജീവനെടുക്കുമെന്ന ഭീഷണിയായി. മീറ്ററുകള്‍ മാത്രം അകലമുള്ള ചത്തുകള്‍ തമ്മില്‍ പോര്‍വിളിക്കൊടുവില്‍ ജീവന്‍ ത്യജിക്കാനും മടിയില്ലെന്നറിയിച്ചതോടെ പെട്രോള്‍ ബോംബെറിഞ്ഞു അപായപ്പെടുത്താന്‍ ശ്രമിച്ചു. താടിരോമങ്ങള്‍ ഒരല്‍പ്പം കരിഞ്ഞുപോയെങ്കിലും ആ മഹ്ബൂബ് ഭായി ഇന്ന് ഞങ്ങള്‍കൊപ്പമിരുന്നു കലാപത്തെക്കുറിച്ച് വിവരിച്ചപ്പോള്‍ കണ്ഠമിടറി. ചത്തുകളില്‍ നിന്ന് ചത്തുകളിലേക്ക് മാറിക്കയറി സ്ത്രീകളടങ്ങുന്ന സംഘം ഒടുവില്‍ സായുധ സൈന്യത്തിന്റെ സഹായത്താല്‍ രക്ഷപ്പെടുമ്പോഴും ‘ജയ് ശ്രീറാം’ ആക്രോശങ്ങളുമായി കാപാലികര്‍ ചീറിയടുത്തുവത്രേ.

അന്നു മുതള്‍ ചന്ദു നഗറിലെ മദ്രസയിലും വീടുകളിലുമായി അഭയം തേടിയവര്‍ മടങ്ങിയെത്തുമ്പോള്‍ അവരെ വരവേറ്റത് ചാരക്കൂനകള്‍ മാത്രമായിരുന്നു. വാഹനങ്ങളും സിലിണ്ടറുകളും വീട്ടകങ്ങളില്‍ കയറ്റി തീയിട്ട് പല വീടുകളും നിലം പൊത്താറായ അവസ്ഥയിലാണ്. അകത്തു നിന്നും ബന്ധിച്ച മസ്ജിദിന്റെ വാതിലില്‍ തുറക്കാതെ കിടക്കുന്ന താഴ് ഇപ്പോഴും കാണാം. വാതിലുകളും ജനാലകളും തകര്‍ത്തു അകത്തു കടന്ന അക്രമി സംഘം കൊള്ളാവുന്ന സര്‍വ്വതും നശിപ്പിച്ച ശേഷം തീ വെക്കുകയായിരുന്നു.
കൊള്ളയടിക്കപ്പെടുകയോ അഗ്‌നിക്കിരയാവുകയോ ചെയ്യാത്ത ഒരൊറ്റ മുസ്ലിം വീടും ആ പരിസരത്തവശേഷിക്കുന്നില്ല. മക്കളുടെ കല്യാണത്തിനായി സമ്പാദിച്ചുവെച്ച സര്‍വ്വതും നഷ്ടപ്പെട്ടവരെ എന്തുപറഞ്ഞു ആശ്വസിപ്പിക്കണമെന്ന ധര്‍മ്മസങ്കടത്തിലായി ഞങ്ങള്‍. ജീവിതോപാധിയായ റിക്ഷകള്‍ ചാരമായവര്‍, തയ്യല്‍പ്പണിയെടുത്ത് കുടുംബം പോറ്റിയിരുന്ന വിധവകളുടെ നൊമ്പരം, ജീവിതം പുനരാരംഭിക്കാന്‍ ഒന്നും അവശേഷിക്കാത്തവര്‍… ഇവരുടെയൊക്കെ ദൈന്യത ഭരണകൂടം കാണുമോ? രാത്രി വൈകും വരെ അവിടെ തുടര്‍ന്ന വസ്തുതാന്വേഷണ സംഘം വീടുകള്‍ മുഴുക്കെ കയറിയിറങ്ങി നഷ്ടങ്ങള്‍ വിലയിരുത്തി പുനരധിവാസ നീക്കങ്ങള്‍ക്കായുള്ള ധാരണയിലെത്തിയ ശേഷമാണ് മടങ്ങിയത്.

സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ്ബംഗാള്‍,
സയ്യിദ് സാജിദ് കശ്മീര്‍, റിസ്്വാന്‍ സൈഫി ഉത്തര്‍പ്രദേശ്,
അബ്ദുറഹ്മാന്‍ ബുഖാരി, അബ്ദുല്‍ഖാദര്‍ നൂറാനി, ശരീഫ് ബാംഗ്ലൂര്‍.

You must be logged in to post a comment Login