ഉസ്മാനികളുടെ കലാമുദ്രകൾ

ഉസ്മാനികളുടെ കലാമുദ്രകൾ

സുല്‍ത്താന്‍ സലീം മൂന്നാമന്‍(1789-1807) ഭരണരംഗത്തെ യഥാര്‍ത്ഥ പരിഷ്‌കര്‍ത്താവായിരുന്നു. കടുത്ത നടപടികളിലൂടെ അദ്ദേഹം അഴിമതി നിര്‍മാര്‍ജനം ചെയ്തു. പൊതുഖജനാവ് സംരക്ഷിച്ചു. നിയമം ശക്തമാക്കി. യൂറോപ്പിന്റെ സൈനിക മികവ് തിരിച്ചറിഞ്ഞു. തന്റെ സൈന്യത്തിനു പുതിയ സാങ്കേതികവിദ്യ അഭ്യസിക്കുന്നതിന് അവസരമൊരുക്കി. ഇതെല്ലാം പഴയ ആളുകളുടെ ശത്രുത ക്ഷണിച്ചുവരുത്തി. യൂറോപ്യന്‍ മാതൃകയില്‍ സൈന്യത്തെ പുനഃസംവിധാനിക്കുന്നത് മതവിരുദ്ധമാണെന്നായിരുന്നു വിമര്‍ശനം. മതാധ്യക്ഷന്റെ (ശൈഖുല്‍ഇസ്ലാം) ആഹ്വാനപ്രകാരം സലീം മൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. സലീമിന്റെ പിന്‍ഗാമി മഹ്മൂദ് രണ്ടാമന്‍(1808-1839) പരിഷ്‌കരണ ശ്രമങ്ങള്‍ തുടര്‍ന്നു. പരിഷ്‌കരണത്തിന് തടസ്സമായ പഴയ ജാനിസ്സരി സൈന്യത്തെ അദ്ദേഹം പിരിച്ചുവിട്ടു. എതിരാളികളെ കൊന്നൊടുക്കി. യൂറോപ്യന്‍ മാതൃകയിലുള്ള മന്ത്രിസഭ രൂപീകരിച്ചു. സാങ്കേതികവിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ പുറത്തുനിന്നുള്ള വെല്ലുവിളികള്‍ തിരിച്ചടികളായി. ഇംഗ്ലണ്ടും ഫ്രാന്‍സും റഷ്യയും തുര്‍ക്കിയുടെ മുന്നേറ്റം തടയുന്നതില്‍ ഐക്യപ്പെട്ടു. ഈജിപ്തില്‍നിന്നും തുര്‍ക്കിക്ക് ഭീഷണി ഉയര്‍ന്നു.
അബ്ദുല്‍മജീദ് ഖാന്‍(1839-1861), അബ്ദുല്‍അസീസ്(1861- 1879) എന്നീ സുല്‍ത്താന്മാര്‍ തങ്ങളുടെ പിതാവ് മഹ്മൂദ് തുടക്കം കുറിച്ച ‘തന്‍സീമാത് ഖൈരിയ്യ’ എന്ന പേരു നല്‍കിയ പരിഷ്‌കരണങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ അബ്ദുല്‍അസീസിന്റെ സ്വേഛാധിപത്യപരമായ നടപടികള്‍ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തി. സുല്‍ത്താന്മാര്‍ അബ്ദുല്‍ഹമീദ് രണ്ടാമന്‍(1876-1909) അധികാരമേറ്റ ഉടനെ ഭരണഘടന പ്രഖ്യാപിച്ചു. അതിനനുസരിച്ച് എല്ലാ രാഷ്ട്രീയ ശക്തികള്‍ക്കും പാര്‍ലമെന്റില്‍ പങ്കാളിത്തം ലഭിച്ചു. മുസ്ലിം ലോകത്തെ പാശ്ചാത്യ മാതൃകയിലുള്ള പ്രഥമ പാര്‍ലമെന്റായിരുന്നു അത്. വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, നിര്‍ബന്ധിത സ്‌കൂള്‍ വിദ്യാഭ്യാസം എന്നിവ നിലവില്‍ വന്നു.

1877ല്‍ റഷ്യന്‍ പക്ഷത്തുനിന്ന് തുര്‍ക്കി കടുത്ത വെല്ലുവിളി നേരിട്ടു. റഷ്യക്കുമുമ്പില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ തുര്‍ക്കി നിര്‍ബന്ധിതമായി. പല പ്രദേശങ്ങളും ഉസ്മാനീ സാമ്രാജ്യത്തിനു നഷ്ടപ്പെട്ടു. ബള്‍ഗേറിയ, സര്‍വിയ തുടങ്ങിയ രാജ്യങ്ങള്‍ സ്വതന്ത്രമായി. റുമാനിയയുടെ നിയന്ത്രണം റഷ്യ സ്വന്തമാക്കി. സൈപ്രസ് ദ്വീപ് ബ്രിട്ടന്‍ പാട്ടത്തിനെടുത്തു. ഈജിപ്ത് ബ്രിട്ടന്റെ കൈയിലായി. തുനീഷ്യ ഫ്രാന്‍സ് പിടിച്ചെടുത്തു. ഈ പ്രതിസന്ധികള്‍ ഭരണഘടന റദ്ദാക്കാനും പാര്‍ലമെന്റ് പിരിച്ചുവിടാനുമുള്ള അവസരമാക്കുകയാണ് സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് ചെയ്തത്. ഇത്, രാജ്യത്തെ സ്വാതന്ത്ര്യമാഗ്രഹിക്കുന്ന യുവജനങ്ങളെ, അദ്ദേഹത്തിനെതിരെ ഐക്യപ്പെടാന്‍ പ്രേരിപ്പിച്ചു. യുവതുര്‍ക്കി പ്രസ്ഥാനം എന്ന പേരില്‍ ഒരു പ്രതിപക്ഷ നിര രൂപപ്പെട്ടു. ഭരണഘടന പുനഃസ്ഥാപിക്കുന്നതിനുവേണ്ടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും മുറവിളികളുയര്‍ന്നു. 1908ല്‍ സൈന്യത്തിന്റെ പിന്തുണയോടെ യുവതുര്‍ക്കികള്‍ അധികാരം പിടിച്ചു. പിറ്റേ വര്‍ഷം സുല്‍ത്താനെ മാറ്റി. മഹ്മൂദ് അഞ്ചാമന്‍(1909-1918) ഭരണഘടന പ്രകാരമുള്ള സുല്‍ത്താന്‍ ആയി അവരോധിക്കപ്പെട്ടു. അധികാരം യഥാര്‍ത്ഥത്തില്‍ യുവതുര്‍ക്കികളുടെ കൈകളിലായിരുന്നു. വിദേശ ശക്തികളില്‍നിന്ന് തുര്‍ക്കി വലിയ വെല്ലുവിളികള്‍ നേരിട്ടു. 1914-18 കാലത്തെ ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കി സഖ്യകക്ഷികളുടെ പക്ഷത്തായിരുന്നു. യുദ്ധത്തില്‍ സഖ്യകക്ഷികള്‍ പരാജയപ്പെട്ടതോടെ തുര്‍ക്കി അപമാനിക്കപ്പെട്ടു. ആഭ്യന്തരരംഗം വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മിലുള്ള അടര്‍ക്കളമായി മാറി. പാന്‍ ഇസ്ലാമിസം, തുര്‍ക്കി ദേശീയത, ആധുനികത ഇവ തമ്മില്‍ ആശയപരമായ ഏറ്റുമുട്ടലുകള്‍ നടന്നു. ഒടുവിലത്തെ സുല്‍ത്താന്‍ മഹ്മൂദ് ആറാമന്‍(1918-1922) സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ ഉസ്മാനീ ഖിലാഫത്ത് അവസാനിച്ചു. യുവതുര്‍ക്കികളുടെ നേതാവ് കമാല്‍ പാഷ 1924 മാര്‍ച്ചില്‍ ആണ് ഖിലാഫത് ഔദ്യോഗികമായി അവസാനിപ്പിച്ചത്. അതിനുമുമ്പേ പാഷ തുര്‍ക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി സ്ഥാനമേറ്റിരുന്നു. ‘തുര്‍ക്കികളുടെ പിതാവ്'(അത്താതുര്‍ക്ക്) എന്ന പേരിലാണ് കമാല്‍ പാഷ അറിയപ്പെട്ടത്.

വാസ്തുവിദ്യ, സെറാമിക് ടൈലുകള്‍, പാത്ര നിര്‍മാണ കല, ടെക്‌സ്‌റ്റൈല്‍സ്, ഗ്രന്ഥനിര്‍മാണ കല എന്നിവയില്‍ തനതായ സംഭാവനകള്‍ നല്‍കാന്‍ ഉസ്മാനികള്‍ക്ക് സാധിച്ചു. പല മേഖലകളിലും പുതിയ നിലവാരങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് എടുത്തുപറയേണ്ടതുണ്ട്. സാമ്രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും സുല്‍ത്താന്മാരുടെ വികസന മനോഭാവവും നിര്‍മാണ തല്പരതയും ആസൂത്രണ വൈഭവവും കലാരംഗത്ത് പുത്തനുണര്‍വിനു കാരണമായിത്തീര്‍ന്നു. കീഴടക്കിയ രാജ്യങ്ങളില്‍നിന്നെല്ലാമുള്ള വിഭവങ്ങളും അധ്വാനശേഷിയും നിര്‍മാണവൈദഗ്ധ്യവും ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ ഉസ്മാനി സുല്‍ത്താന്മാര്‍ക്ക് സാധിച്ചതാണ് കലാരംഗത്തെ അവരുടെ അനദൃശ നേട്ടങ്ങള്‍ക്കാധാരം.

1396 ല്‍ ബുര്‍സയിലും 1403ല്‍ എഡിര്‍നയിലും പണിയിക്കപ്പെട്ട സല്‍ജൂഖ് മാതൃകയിലുള്ള കൂറ്റന്‍ ഖുബ്ബകളോടുകൂടിയ പള്ളികളായിരുന്നു ഉസ്മാനികള്‍ക്ക് മാതൃക. ഖുബ്ബകള്‍ക്ക് ചുവട്ടിലെ വിശാലമായ നടുത്തളം ആളുകള്‍ക്ക് ഖിബ്‌ലക്ക് അഭിമുഖമായി, നിരനിരയായിനിന്ന് നിസ്‌കരിക്കാനുള്ള സൗകര്യമൊരുക്കി. ഒന്നിലധികം ഖുബ്ബകളുള്ള വിശാലമായ പള്ളികളാണ് ഉസ്മാനികള്‍ നിര്‍മിച്ചത്. ഉസ്മാനികള്‍ കീഴടക്കുന്നതിനുമുമ്പ് ബുര്‍സയിലും എഡിര്‍നയിലും ഉണ്ടായിരുന്ന പള്ളികള്‍ അവര്‍ തങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പള്ളികളുടെ മാതൃകയായി സ്വീകരിച്ചു. പള്ളികള്‍ക്കുപുറമെ മതപരമായും സാമൂഹികമായും പ്രാധാന്യമുള്ള മറ്റു കെട്ടിടങ്ങളും അതേ രൂപഭംഗിയോടെ അവര്‍ നിര്‍മിച്ചു. മുസ്ലിം സമൂഹത്തോടുള്ള തങ്ങളുടെ കൂറും പ്രതിബദ്ധതയും തെളിയിക്കുക എന്ന ഉദ്ദേശ്യം ഭരണകര്‍ത്താക്കള്‍ക്ക് ഈ നിര്‍മാണങ്ങളില്‍ ഉണ്ടായിരുന്നു. 1326 മുതല്‍ ഉസ്മാനികളുടെ തലസ്ഥാനമായിരുന്ന ബുര്‍സയില്‍ മുറാദ് ഒന്നാമന്‍ (1360-1389) ഒരു പള്ളി പണിതു. മധ്യത്തില്‍ ഖുബ്ബയുള്ള ഈ പള്ളിക്ക് മദ്‌റസയായി ഉപയോഗിച്ചിരുന്ന ഒരു മുകള്‍നിലയുണ്ടായിരുന്നു. നഗരത്തിനുപുറത്ത് നിര്‍മിച്ച പള്ളി താഴ്്വരയിലെ ഉള്‍പ്പുളകമേകുന്ന ഒരു കാഴ്ചയായിരുന്നു. പള്ളിയോടനുബന്ധിച്ച് ഖുര്‍ആന്‍ പഠനകേന്ദ്രം, പാവങ്ങള്‍ക്കുള്ള അടുക്കള മുതലായവയ്ക്കുപുറമെ മുറാദ് തന്റെ അന്ത്യവിശ്രമ സ്ഥാനമായി പണിത ശവകുടീരവും ഉണ്ടായിരുന്നു. മുറാദിന്റെ മകനും പിന്‍മാഗിയുമായിരുന്ന ബായസീദും (1389-1402) പഴയ നഗരത്തിന്റെ അറ്റത്ത് സമാനമായ ഒരു മന്ദിര സമുച്ചയം പണികഴിപ്പിച്ചു. മുറാദിന്റേതിനെക്കാള്‍ മികച്ചതായിരുന്നു ബായസീദിന്റെ നിര്‍മാണശൈലി. രണ്ടു പ്രധാന ഖുബ്ബകള്‍, ചെറിയ ഖുബ്ബകളോടു കൂടിയ പ്രത്യേക മുറികള്‍, സ്‌നാനഗൃഹം, പാവങ്ങളുടെ അടുക്കള, രണ്ടു മതപാഠശാലകള്‍, ശവകുടീരം- ഇവ ഒരു മതില്‍കെട്ടിനകത്തായാണ് ബായസീദ് പണിതത്. പല വര്‍ണങ്ങളിലും ആകൃതികളിലും ഉള്ള ഇഷ്ടികകളും മാര്‍ബിളും നിര്‍മാണത്തിന് ഉപയോഗിച്ചു. മധ്യഭാഗത്ത് കമാനത്തോടുകൂടിയ പ്രവേശനകവാടം ഒരുക്കി. തറ നിരപ്പില്‍നിന്ന് ഉയരത്തില്‍ ചതുരാകൃതിയിലായിരുന്നു ‘മിഹ്‌റാബ്’. സുല്‍ത്താന്‍ എല്ലാവരെയും കണ്ടുകൊണ്ട് അഭിസംബോധന ചെയ്യാന്‍ പാകത്തില്‍ ഉയരത്തിലുള്ള ഒരു പ്രഭാഷണവേദിയും പ്രവേശനകവാടത്തില്‍നിന്ന് കയറിപ്പോവാന്‍ പറ്റിയ വിധത്തില്‍ സജ്ജീകരിച്ചിരുന്നു.

ബായസീദിന്റെ മകന്‍ സുല്‍ത്താന്‍ മഹ്മൂദ് ഒന്നാമന്‍(1413-1421) ആണ് ബുര്‍സയില്‍ അടുത്ത വാസ്തു സമുച്ചയത്തിന്റെ നിര്‍മാതാവ്. പള്ളി, മദ്‌റസ, പാവങ്ങള്‍ക്കുള്ള അടുക്കള, സ്ഥാപകനു വേണ്ടി ഒരുക്കിയ ശവകുടീരം ഇവ ബായസീദിന്റെ മന്ദിരസമുച്ചയത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. അലങ്കാരങ്ങളും ആന്തരിക സംവിധാനങ്ങളും സല്‍ജൂഖ് മാതൃകയിലാണ് ഒരുക്കിയത്. കാലിഗ്രഫിയും അറബസ്‌കും പ്രവേശനകവാടത്തിന്റെ അഴകും കുലീനതയും വര്‍ധിപ്പിച്ചു. അകത്തെ മുറികളുടെ വാതിലുകള്‍ ഷഡ്ഭുജാകൃതിയിലുള്ള നീല, പച്ച ടൈല്‍സ് പതിപ്പിച്ചവയായിരുന്നു. പള്ളിക്ക് ‘പച്ചപ്പള്ളി'(യെസില്‍കാവി) എന്നു പേരുവരാന്‍ ഇതാണുകാരണം. വര്‍ണ വൈവിധ്യവും നക്ഷത്ര ചിഹ്നവും ഉസ്മാനീ അലങ്കാരത്തിന്റെ സവിശേഷതകളാണ്.

തബ്രീസില്‍നിന്നുള്ള വിദഗ്ധ തൊഴിലാളികളാണ് ബഹുവര്‍ണ ടൈലുകള്‍ തയാറാക്കിയിരിക്കുന്നത്. മഹ്മൂദിന്റെ ശവകുടീരത്തിനുള്ള ടൈല്‍ ആവരണം ഒരുക്കിയത് ഇവരാണ്. 89 അടി ഉയരമുള്ളതാണ് അഷ്ടകോണാകൃതിയിലുള്ള ഈ ഖുബ്ബ. അത്രയും ഉയരമുള്ള സ്മാരക മന്ദിരം അനാതോലിയയില്‍ അതിനുമുമ്പ് ഉണ്ടായിരുന്നില്ല. ഇസ്തംബൂളിലെ പില്‍ക്കാല ഭരണാധികാരികള്‍ മാതൃകയാക്കിയത് ഈ നിര്‍മാണരീതിയാണ്.

മുഹമ്മദ് അല്‍ഫാതിഹ്(1451-1481) ഇസ്തംബൂള്‍ കീഴടക്കി(1453)യതില്‍പിന്നെ ഉസ്മാനീ സാമ്രാജ്യത്തിന്റെ യശസ്സിനാധാരം ആ നഗരമായിത്തീര്‍ന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ ഹാഗിയസോഫി- അയാസോഫിയ- പുതിയ രണ്ടു മിനാരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉസ്മാനികളുടെ വിജയ ചിഹ്നമായി പരിവര്‍ത്തിപ്പിക്കപ്പെട്ടു. പള്ളിക്കകത്തെ സംവിധാനങ്ങളും ഘടനയും ഇസ്ലാമികാചാരങ്ങള്‍ക്കനുസൃതമായി നവീകരിക്കപ്പെട്ടു.

ഇസ്തംബൂള്‍ കീഴടക്കിയ മുഹമ്മദ് അല്‍ഫാതിഹ് അതുവരെ അവഗണിക്കപ്പെട്ടിരുന്ന നഗരത്തെ ലോക ശ്രദ്ധയില്‍കൊണ്ടുവരുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ‘മുഹമ്മദ് ഫാതിഹ് കുല്ലിയസി’ എന്ന ഒരു മന്ദിരസമുച്ചയം അദ്ദേഹം പണിതു. ഏഴു വര്‍ഷംകൊണ്ടാണ് അതിന്റെ പണി പൂര്‍ത്തിയായത്. വിശാലമായ പാര്‍ക്കോടുകൂടിയ ദേവാലയത്തിന് നാല്പത് മീറ്റര്‍(130 അടി) ഉയരമുള്ള ഖുബ്ബയാണ് നിര്‍മിച്ചത്. പള്ളിയുടെ ഇരുവശങ്ങളിലും 200 മീറ്റര്‍ നീളത്തില്‍ വിദ്യാലയങ്ങളും സ്ഥാപിച്ചു. എന്നാല്‍ ഈ മന്ദിര സമുച്ചയം അയാസോഫിയയോളം മികച്ചതായില്ല എന്ന ദുഃഖം മുഹമ്മദ് അല്‍ ഫാതിഹിനെ പിടികൂടിയതായും അതിന്റെ പേരില്‍ അതിന്റെ വാസ്തുശില്പിയെ തുറുങ്കിലടച്ചു വധിച്ചതായും പറയപ്പെടുന്നു. സുല്‍ത്താന്‍ നിര്‍ദേശിച്ച രീതിയിലുള്ള മാറ്റങ്ങള്‍ നിര്‍മാണത്തില്‍ വരുത്താന്‍ ശില്പി തയാറാവാതിരുന്നതാണ് സുല്‍ത്താനെ പ്രകോപിപ്പിച്ചത് എന്നും പറയപ്പെടുന്നുണ്ട്. നിയമജ്ഞരെയും പണ്ഡിതന്മാരെയും വാര്‍ത്തെടുക്കുന്ന സുപ്രധാന മതവിജ്ഞാന കേന്ദ്രമായി ഇവിടത്തെ വിദ്യാലയങ്ങള്‍ വളര്‍ന്നു. ആതുരാലയം, പാവങ്ങള്‍ക്കുള്ള അടുക്കള എന്നിവയും ഈ സമുച്ചയത്തിന്റെ ഭാഗമായിരുന്നു. ആയിരം ആളുകള്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി ഭക്ഷണം നല്‍കിയിരുന്നു. ദിവസവും 3300 റൊട്ടികളാണ് ഇതിനായി തയാറാക്കിയിരുന്നതത്രേ. ഇവയ്ക്കുപുറമെ ക്രയവിക്രയ കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, പൊതു സ്‌നാനഗൃഹങ്ങള്‍, അതിഥിമന്ദിരങ്ങള്‍ തുടങ്ങിയവയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഹമ്മദ് അല്‍ ഫാതിഹ് നിര്‍മിച്ചു. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള വസതികളും ഇതോടൊപ്പം നിര്‍മിക്കപ്പെട്ടു.

സുല്‍ത്താന്‍ ബായസീദ് രണ്ടാമന്‍(1481-1512) പ്രശസ്ത വാസ്തുശില്പി യഅ്ഖൂബ് ശാഹ് ഇബ്‌നു സുല്‍ത്താന്‍ഷായെ ഇസ്തംബൂളില്‍ ഒരു പുതിയ ദേവാലയ സമുച്ചയം പണിയുന്നതിന് ചുമതലപ്പെടുത്തി. 1501നും 1506നും ഇടയിലായി അതിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഹാഗിയാ സോഫിയയുടെ മാതൃകയില്‍ അര്‍ധ കുംഭങ്ങളോടുകൂടിയതും മിഹ്‌റാബിനു കമാനമുള്ളതുമായ വിശാലമായ പ്രാര്‍ഥനാമന്ദിരം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലുമുള്ള അനുബന്ധ മുറികളുടെ അറ്റങ്ങളിലായി രണ്ടു വലിയ മിനാരങ്ങള്‍, നൂറു മീറ്റര്‍ ഉയരം. പള്ളിയങ്കണം ചതുരത്തിലാണ്. സ്ഥല വിന്യാസത്തിലെ അനുപാതപ്പൊരുത്തം ഈ വാസ്തു മാതൃകയുടെ സവിശേഷതയാണ്. കുറ്റമറ്റ ജ്യാമിതി. കമനീയമായ ചുമരലങ്കാരങ്ങള്‍. ചതുര വടിവിലുള്ള കൂഫി എഴുത്തുകള്‍ മിനാരങ്ങളുടെ മനോഹാരിത വര്‍ധിപ്പിക്കുന്നു. മാര്‍ബിള്‍, ചാര നിറത്തിലും ചുവപ്പുനിറത്തിലുമുള്ള ടൈലുകള്‍ എന്നിവയാണ് നിര്‍മാണ വസ്തുക്കളില്‍ പ്രധാനം.

സുല്‍ത്താന്‍ ബായസീദിന്റെയും മകളുടെയും ശവകുടീരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുച്ചയത്തില്‍ മദ്‌റസ, ദരിദ്രര്‍ക്കുള്ള ഭക്ഷണശാല, പ്രഭാഷണവേദി, സ്‌നാനഗൃഹം എന്നിവയുണ്ട്. ജനനിബിഢമായ നഗരത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം കൂടിയാണിത്.

(തുടരും)

AK ABDUL MAJEED

You must be logged in to post a comment Login