ഗാന്ധിക്കെതിരെ ഗാന്ധിയെത്തന്നെ ഉപയോഗിക്കുകയോ?

ഗാന്ധിക്കെതിരെ ഗാന്ധിയെത്തന്നെ ഉപയോഗിക്കുകയോ?

ഗാന്ധിയുടെ അവസാനത്തെ പതിനഞ്ചുമാസങ്ങള്‍ കടന്നുപോയത്, വര്‍ഗീയവെറിയില്‍ കത്തിയെരിഞ്ഞ പ്രദേശങ്ങളില്‍ സമാധാനവും സുബോധവും വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. എഴുപത്തിയേഴു വയസ്സുള്ള ഗാന്ധിയുടെ നെട്ടോട്ടം ആരംഭിച്ചത് 1946 നവംബറിലാണ്. മുസ്ലിം ജനക്കൂട്ടത്തിന്റെ ഇരകളായി ഹിന്ദുക്കള്‍ മാറിയ നവഖലിയിലേക്കായിരുന്നു വേവലാതി പൂണ്ട ആദ്യത്തെ ഓട്ടം. നവഖലിയിലെ മുസ്ലിം ഭൂരിപക്ഷത്തെ സമാധാനത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍- അദ്ദേഹത്തെ സംബന്ധിച്ചിടത്തോളമത് ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഹൃദയങ്ങളെ ഒരുമിച്ചുചേര്‍ക്കലായിരുന്നു-ശ്രമിക്കുമ്പോള്‍, നവഖലിയുടെ പ്രതികരണമെന്നോണം ബിഹാറില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു.

അത് ഗാന്ധിയുടെ സമാധാനശ്രമങ്ങള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു. ശേഷിച്ച ഇന്ത്യക്ക് മാതൃക കാട്ടാനാണ് അദ്ദേഹം നവഖലിയില്‍ ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഭരിക്കുന്ന ബിഹാറില്‍ മുസ്ലിംകള്‍ക്കെതിരെ അക്രമം പൊട്ടിപ്പുറപ്പെടുകയാണുണ്ടായത്. ഹിന്ദുവായ ഗാന്ധി ബിഹാറിലേക്കു പോകാതെ നവഖലിയില്‍ തങ്ങുന്നതിനെ വര്‍ഗീയവാദികളായ മുസ്ലിംകള്‍ കഠിനമായി വിമര്‍ശിക്കുകയും ചെയ്തു.

ഗാന്ധി അതെല്ലാം അവഗണിക്കുകയും നവഖലിയിലെ സമാധാനം മറ്റെല്ലായിടത്തും സമാധാനമുണ്ടാക്കുമെന്ന് വാദിക്കുകയും ചെയ്തു. കൂടാതെ, ബിഹാറിലെ കോണ്‍ഗ്രസ് മന്ത്രിസഭ അവസരത്തിനൊത്തുയരുമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.

പക്ഷേ അതു സംഭവിച്ചില്ല. അക്രമത്തിനു പിറകില്‍ ചില കോണ്‍ഗ്രസുകാര്‍ പോലുമുണ്ടായിരുന്നു. ഗാന്ധിക്കു മാത്രമേ മുസ്ലിംകളെ രക്ഷിക്കാനാകൂവെന്ന് ബിഹാറിലെ ഒരു മന്ത്രി അദ്ദേഹത്തിന് അടിയന്തിര സന്ദേശമയക്കുകയും ചെയ്തു. അതോടെ ഗാന്ധി ബിഹാറിലേക്ക് കുതിച്ചു. അവിടത്തെ സമാധാനം മറ്റെല്ലായിടത്തും സമാധാനമുണ്ടാക്കുമെന്ന വിശ്വാസത്തോടെ. 1947 ലെ മാര്‍ച്ചു മാസം മുഴുവന്‍-അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ മാര്‍ച്ചു മാസം-ഗാന്ധി, ലഹള പൊട്ടിപ്പുറപ്പെട്ട നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കുകയും ജനങ്ങളുടെ മനസ്സില്‍ നിന്ന് വര്‍ഗീയ വിഷം തുടച്ചുകളയാന്‍ തന്റെ ആത്മീയ മൂലധനം ഉപയോഗിക്കുകയും ചെയ്തു.

നവഖലിയും ബിഹാറും സംഭവിച്ചത് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിലാണ്. സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കപ്പെട്ട അഞ്ചര മാസക്കാലയളവിലും ഗാന്ധിക്ക് നേരിടേണ്ടി വന്നത് അതേ അവസ്ഥ തന്നെ. സ്വാതന്ത്ര്യപ്പിറവിയുടെ തലേന്ന് അദ്ദേഹം നവഖലിയിലേക്ക് പോകുകയായിരുന്നു. വിഴിയില്‍വെച്ച് ലഹളബാധിത പ്രദേശമായ കല്‍ക്കത്തയില്‍ അദ്ദേഹം തങ്ങി. കല്‍ക്കത്തയില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ യാത്ര പുറപ്പെട്ട അദ്ദേഹം ലഹളബാധിതമായ ഡല്‍ഹിയില്‍ തങ്ങി. കല്‍ക്കത്തയിലും ഡല്‍ഹിയിലും അദ്ദേഹത്തിന് സത്യഗ്രഹിയുടെ അവസാനത്തെ ആയുധമായ ‘മരണം വരെ നിരാഹാരം’ പുറത്തെടുക്കേണ്ടിവന്നു.
ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ നിരാഹാരസമരം പോലും തെറ്റിദ്ധരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നിരാഹാരം ഇന്ത്യയിലെ മുസ്ലിംകള്‍ക്കു വേണ്ടിയല്ലേയെന്ന ചോദ്യം ഉയര്‍ത്തപ്പെട്ടു. ആ ദുസ്സൂചന പിന്നീട് ആഴത്തില്‍ പരന്ന ഒരു മനോഭാവത്തെ പ്രതിഫലിപ്പിച്ചു. ഇന്ത്യയിലെ മുസ്ലിംകളുടെ സഹനത്തെച്ചൊല്ലിയാണ് തന്റെ സത്യഗ്രഹമെന്ന് ഗാന്ധി സമ്മതിച്ചു. പക്ഷേ അത് പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും വേണ്ടിക്കൂടിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധിയുടെ ആശയങ്ങള്‍ ജനങ്ങള്‍ എത്ര കുറച്ചു മാത്രമാണ് മനസ്സിലാക്കിയതെന്ന്-സ്വാംശീകരിച്ച കാര്യം പോകട്ടെ-വ്യക്തമാക്കുന്ന മറ്റൊരു ചോദ്യം ഗാന്ധി നേരിടുകയുണ്ടായി. ”കറാച്ചിയിലെയും ഗുജറാത്തിലെയും (പാകിസ്ഥാന്‍) കൂട്ടക്കൊലകള്‍ക്കു ശേഷം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി ചേരുന്നതിന്റെ തലേന്ന് താങ്കള്‍ നിരാഹാരം ആരംഭിച്ചു. ആ കലാപങ്ങളെക്കുറിച്ച് വിദേശമാധ്യമങ്ങള്‍ എഴുതിയതെന്തെന്ന് അറിയില്ല. പക്ഷേ, താങ്കളുടെ നിരാഹാരം പാകിസ്ഥാന് സഹായകരമായി. ഹിന്ദുക്കളുടെ സുബോധം വീണ്ടെടുക്കാന്‍ ഗാന്ധിക്ക് നിരാഹാരം തുടങ്ങേണ്ടി വന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭൂഗോളത്തിന്റെ നാലു മൂലകളിലുമെത്താന്‍ സത്യത്തിന് ഏറെ നേരം വേണം. എന്നാല്‍ അതിനിടെ താങ്കളുടെ നിരാഹാരം ഐക്യരാഷ്ട്ര സഭയുടെ മുമ്പില്‍ നമ്മള്‍ക്കെതിരെ മുന്‍വിധികളുണ്ടാക്കി.”

കശ്മീരിനെക്കുറിച്ച് സുരക്ഷാസമിതിയില്‍ സംസാരിക്കുമ്പോള്‍ സര്‍ മുഹമ്മദ് സഫറുള്ള ഖാന്‍ പറഞ്ഞത് ശ്രദ്ധേയമാണ്, ‘ഗാന്ധിയുടെ നിരാഹാരത്തെ തുടര്‍ന്ന് ഇന്ത്യയിലും പാകിസ്ഥാനിലും സുഹൃദ്ബന്ധത്തിനുള്ള ആഗ്രഹവും ആവേശവും പടരുകയാണ്.’

ഗാന്ധി ഒരിക്കല്‍ ഉറ്റമിത്രമായ സി എഫ് ആന്‍ഡ്രൂസിനോട് ചോദിച്ചു: ‘ജീവന്‍ കൊടുക്കുന്നതിനേക്കാള്‍ വലുതായി ഒരാള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമോ?’ ആ അഞ്ചരമാസത്തിനുള്ളില്‍ സംഭവിച്ച എന്തായിരിക്കും സ്വന്തം ജീവന്‍ അപകടത്തിലാക്കാന്‍ ഗാന്ധിയെ പ്രേരിപ്പിച്ചിട്ടുണ്ടാകുക? നമ്മളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരാശഭരിതമായ ഒരു പരാമര്‍ശത്തില്‍ അതിനുള്ള ഉത്തരമുണ്ട്: ‘നമുക്ക്, ചിലപ്പോള്‍, ഹൃദയമില്ലെന്നു തോന്നുന്നു.’ ഓരോ ദിനവും ഗാന്ധി സുബോധത്തിലേക്ക് തിരിച്ചുവരാനും മനുഷ്യരാകാനും നമ്മളോട് കെഞ്ചി. അതു ഫലിക്കാഞ്ഞതാകണം ആവശ്യമെങ്കില്‍ സ്വന്തം ജീവന്‍ ബലികഴിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

നിരാഹാരം വിജയിച്ചെങ്കിലും അതിനെക്കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ ഗാന്ധിയുടെ രാഷ്ട്രസങ്കല്പങ്ങളെ വെല്ലുവിളിച്ചു. അവസാനത്തെ പതിനഞ്ചു മാസം ദുഃഖിതനായ ആ വൃദ്ധന് അനുഭവിക്കേണ്ടിവന്നത് അതിലൊതുങ്ങിയില്ല. നവഖലിയില്‍ നിന്ന് അദ്ദേഹം നല്‍കിയ ഒരു പരസ്യപ്രസ്താവന ബിഹാറിലെ മുസ്ലിംകള്‍ക്കെതിരെ അക്രമമുയര്‍ത്തിവിടാന്‍ ദുരുപയോഗം ചെയ്യപ്പെട്ടു. ഗാന്ധിക്കെതിരെ ഗാന്ധി തന്നെ ഉപയോഗിക്കപ്പെട്ടു!

അന്ന് ബിഹാറില്‍ സംഭവിച്ചതാണ് ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്നത്. ഇന്നത് അജ്ഞാതരായ തെമ്മാടികളല്ല ചെയ്യുന്നത്,രാജ്യത്ത് ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പട്ട ഭരണകൂടമാണെന്നു മാത്രം. ഗാന്ധിയുടെ അഹിംസാവചനങ്ങള്‍ വെട്ടിച്ചുരുക്കി അച്ചടിക്കുന്ന പത്രങ്ങളാണെന്നു മാത്രം. നെടുങ്കന്‍ ലേഖനങ്ങളെഴുതുന്നവരാണെന്നു മാത്രം.

ഏറ്റവും നല്ല ഗാന്ധി ചിന്തകരായ രാജ്മോഹന്‍ ഗാന്ധിയും രാമചന്ദ്ര ഗുഹയും പൗരത്വഭേദഗതി ബില്‍ ഗാന്ധിയുടെ ആശയങ്ങളുടെ പൂര്‍ത്തീകരണമാണെന്ന സര്‍ക്കാര്‍ വാദത്തിന്റെ പൊള്ളത്തരം പൊളിച്ചു കാട്ടിയിട്ടുണ്ട്. അത്തരം വാദങ്ങളെ തെളിവൊന്നുമില്ലാതെ സ്വീകരിക്കാന്‍ സന്നദ്ധരായവരുണ്ടെന്നതാണ് ഖേദകരം. പൊള്ളവാദങ്ങള്‍ക്ക് ഇല്ലാത്ത തെളിവു കണ്ടെത്താന്‍ ശ്രമിക്കുന്ന രാജഭക്തരുമുണ്ട്.

അത്തരമൊരു രാജഭക്തന്‍ ഈയ്യിടെ ഫെബ്രുവരി 20 ന് ‘ഇന്ത്യന്‍ എക്സ്പ്രസി’ല്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു: ‘ഗാന്ധിയെ തെറ്റിവായിക്കല്‍-പൗരത്വബില്ലിനെ ചെറുക്കുന്നവര്‍ ഗാന്ധിയുടെ ലോകവീക്ഷണത്തെ ചെറുക്കുന്നവര്‍.’ അതെഴുതിയ ശ്രീകൃഷ്ണ കുല്‍ക്കര്‍ണിക്ക് ഗാന്ധിയെക്കുറിച്ച് യാതൊന്നുമറിയില്ല. പക്ഷേ അയാള്‍ ആധികാരികമായാണ് സംസാരിക്കുന്നത്. രാജ്മോഹന്‍ ഗാന്ധിയുടെ അനന്തരവനാണെന്നതാണ് ഗാന്ധിയുമായി അയാള്‍ക്കാകെയുള്ള ബന്ധം.
അതെന്നെ എന്റെ അനന്തരവനെ കുറിച്ച് ഓര്‍മിപ്പിക്കുന്നു. അവന്‍ മരുന്നു വ്യാപാരിയാണ്. അവനൊരിക്കല്‍ എന്നോടു പറഞ്ഞു: അമ്മാവാ, അങ്ങേയ്ക്ക് ചരിത്രമറിയില്ല. ഈ മുസ്ലിംകള്‍…’ കാരമസോവ് സഹോദരന്മാരിലെ ന്യായാധിപന്‍ ക്രിസ്തുവിന് ക്രിസ്തുമതത്തെക്കുറിച്ച് പഠിപ്പിക്കുന്നതു പോലെ നമ്മുടെ അനന്തരവന്മാര്‍ ഗാന്ധിയോടുപോലും അദ്ദേഹം പറഞ്ഞതെന്താണെന്നും ചിന്തിച്ചതെന്താണെന്നും ചെയ്തതെന്താണെന്നും പറഞ്ഞുകൊടുക്കും. കുല്‍ക്കര്‍ണി നമ്മളോടു പറയുന്നത് അവര്‍ ഗാന്ധിയോടു പറയും: ‘പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും വിഭജനാന്തര അവസ്ഥയെക്കുറിച്ച്, പാകിസ്ഥാനില്‍ നിന്ന് നീതി വാങ്ങേണ്ട ആവശ്യകതയെക്കുറിച്ച് ഗാന്ധി ഏറെപ്പറഞ്ഞിട്ടുണ്ട്.’

നമ്മുടെ അനന്തരവന്മാര്‍ ഗാന്ധിക്ക് ഗാന്ധിയുടെ തന്നെ വാക്യങ്ങള്‍ പറഞ്ഞുകൊടുക്കും. കുല്‍ക്കര്‍ണ്ണി അദ്ദേഹത്തിന്റെ വാക്യങ്ങള്‍ ഉദ്ധരിക്കുന്നതു പോലെ! 1947 സെപ്തംബര്‍ 25 ന് ഗാന്ധി ഇങ്ങനെ പറഞ്ഞെന്ന് കുല്‍ക്കര്‍ണി എഴുതുന്നു: ”പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ചുമതലയായിരുന്നു. അതിന് സര്‍ക്കാരിന് പൂര്‍ണപ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ഓരോ ഇന്ത്യാക്കാരന്റെയും ആത്മാര്‍ഥമായ സഹകരണം ഉറപ്പുവരുത്തുകയും വേണം.’ സെപ്തംബര്‍ 26 ന് ഗാന്ധി ഇങ്ങനെ പറഞ്ഞത്രേ: ‘…പാകിസ്ഥാന്‍ നിര്‍ബന്ധബുദ്ധിയോടെ തെറ്റുകള്‍ കാണാന്‍ വിസമ്മതിച്ചാല്‍, പാകിസ്ഥാനോട് ഇന്ത്യന്‍ സര്‍ക്കാരിന് യുദ്ധം പ്രഖ്യാപിക്കേണ്ടിവരും.’

താളുകള്‍ കൃത്യമായി രേഖപ്പെടുത്താതെ നടത്തുന്ന ഇത്തരം ഉദ്ധരണികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഗാന്ധിയുടെ സന്ദേശങ്ങള്‍ക്കും ജീവിതത്തിനും കടകവിരുദ്ധമായ ഉദ്ധരണികളാണവ. സെപ്തംബര്‍ ഇരുപത്തിയാറിന്റെ ഉദ്ധരണി ഗാന്ധിയുടെ പ്രാര്‍ഥനായോഗത്തില്‍ നിന്നെടുത്തതാണ്. അത് വിഷാദകരമായ വാക്കുകളോടെയാണ് തുടങ്ങുന്നത്: ‘ഇപ്പോള്‍ സംഭവിക്കുന്നത് സിഖു ധര്‍മമോ ഇസ്ലാം ധര്‍മമോ ഹിന്ദു ധര്‍മമോ അല്ല.’

അത് എല്ലാ സമുദായങ്ങള്‍ക്കുമുള്ള മുന്നറിയിപ്പും അപേക്ഷയുമാണ്. ഈ പശ്ചാത്തലത്തിലാണ് ഗാന്ധി സംഭവിക്കാവുന്ന ഏറ്റവും മോശം അവസ്ഥയെക്കുറിച്ചു പറയുന്നത്: ‘പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടില്ലെന്ന് പൂര്‍ണമായും ഉറപ്പായാല്‍-തങ്ങള്‍ ചെയ്തതു തെറ്റാണെന്ന് അവര്‍ സ്വമേധയാ സമ്മതിച്ചില്ലെങ്കില്‍-നിങ്ങള്‍ക്കു സഹായത്തിന് നിങ്ങളുടെ മന്ത്രിസഭയും ജവഹര്‍ലാലും സര്‍ദാര്‍ പട്ടേലുമുണ്ട്. മറ്റു പലരുമുണ്ട്. അവര്‍ക്കും പാകിസ്ഥാനെ തെറ്റുകള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് പോരാടേണ്ടിവരും. പക്ഷേ നമുക്ക് സൗഹാര്‍ദപരമായി വേണം കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍. അതു നമുക്കു ചെയ്യാന്‍ കഴിയാത്തതെന്ത്?’

സ്വന്തം ജനങ്ങളാല്‍ തന്നെ തച്ചുതകര്‍ക്കപ്പെടുന്നതില്‍ നിന്ന് ഗാന്ധിയെ രക്ഷിക്കാന്‍ നമുക്ക് കഴിയുന്നില്ലല്ലോ! ഗാന്ധി ഒരിക്കലും പാകിസ്ഥാനും ഇന്ത്യക്കുമിടയില്‍ ഭേദം കണ്ടില്ല, ‘പാകിസ്ഥാനെയും ഇന്ത്യയെയും വ്യത്യസ്ത രാജ്യങ്ങളായി ഞാന്‍ കാണുന്നേയില്ല.’ അദ്ദേഹത്തിനൊരിക്കലും അവയെ വേര്‍തിരിച്ചോ മറ്റൊന്നിനെ ഇകഴ്ത്തിയോ കാണാനാകുമായിരുന്നില്ല. ഒന്നു നരകമായാല്‍ മറ്റേതിനു സ്വര്‍ഗമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റയും ക്ഷേമം അവിഭാജ്യമാണെന്ന് അദ്ദേഹം കരുതി. പരസ്പര ശത്രുത പരസ്പര നാശത്തിനു കാരണമാകും. യുദ്ധം രണ്ടിനെയും നശിപ്പിക്കും.
പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും ഭാവി ഗാന്ധിയെ ഉത്കണ്ഠയിലാഴ്ത്തി. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളെക്കുറിച്ചോര്‍ത്തും അദ്ദേഹം വേവലാതിപ്പെട്ടു. ഇരുരാജ്യങ്ങളും തങ്ങളുടെ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
‘ഇന്ത്യയില്‍ കുറ്റക്കാര്‍ ഹിന്ദുക്കളും മുസ്ലിംകളുമാണെങ്കില്‍’ അദ്ദേഹം 1947 നവംബര്‍ 19 നു പറഞ്ഞു, ‘പാകിസ്ഥാനിലത് മുസ്ലിംകളാണ്.’ നവഖലിക്കും ബിഹാറിനും വേണ്ടി ഒരു പോലെ വേദനിച്ച ആ ഹൃദയത്തിന് അങ്ങിനെയേ പറയാനാകുമായിരുന്നുള്ളൂ. ഗാന്ധി പറഞ്ഞു: ‘മുസ്ലിംകളോട് അനീതി കാട്ടുന്നതിലൂടെ നീതിനേടാമെന്ന് നിങ്ങള്‍ കരുതരുത്. പാകിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും അനീതിക്കിരയായി എന്നതു നേരാണെങ്കില്‍ കിഴക്കന്‍ ബംഗാളില്‍ മുസ്ലിംകള്‍ അനീതിക്കിരയായെന്നതും നേരാണ്. ഇരുകൂട്ടരും തെറ്റു സമ്മതിക്കുകയും പരസ്പരധാരണയിലെത്തുകയും ചെയ്യേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ അവശേഷിച്ചിട്ടുള്ളത് യുദ്ധത്തിന്റെ കാടന്‍വഴിയാണ്. യുദ്ധമെന്ന വാക്കു പോലും എന്നില്‍ വെറുപ്പുളവാക്കുന്നു.’
ദുഃഖിതനായ ഈ വൃദ്ധനെ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? അദ്ദേഹം നിങ്ങളോട്-നമ്മളോട്-ഇന്ന് നമ്മള്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയുന്നില്ലേ?

സുധീര്‍ ചന്ദ്ര

You must be logged in to post a comment Login