അവര്‍ ആരോപിക്കുന്നു, മനുഷ്യനാണ് യഥാര്‍ത്ഥ വൈറസ്

അവര്‍ ആരോപിക്കുന്നു, മനുഷ്യനാണ് യഥാര്‍ത്ഥ വൈറസ്

ഞാനാലോചിക്കുകയായിരുന്നു: സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം മാത്രമാണ് ഈ കൊറോണ വൈറസ് ആകപ്പാടെ ആഗ്രഹിക്കുന്നതെന്ന് വരുമോ?!

ഇങ്ങനെയൊരു ചിന്ത പങ്കുവെച്ചതിന്റെ പേരില്‍, നിന്റെ തല അറുത്തെറിയുന്നതിനു മുമ്പ്, എന്റെ വീടിന് തീവെക്കും മുമ്പ്, എനിക്ക് പറയാനുള്ളത് മുഴുവന്‍ പറയാനനുവദിച്ചാലും! കൊറോണ വൈറസിനെ ന്യായീകരിക്കുവാനുള്ള ഒരുദ്ദേശ്യവുമെനിക്കില്ല. കൊറോണയുടെ പേരില്‍ നിങ്ങളെത്രമാത്രം പേടിച്ചരണ്ടിരിക്കുകയാണോ, അത്ര തന്നെ പേടിയിലാണ് ഞാനും. നിങ്ങളെപ്പോലെത്തന്നെ ഞാനും കൈ കഴുകാനുള്ള ത്രിതല പദ്ധതിയെ പിന്തുടരുന്ന ഒരാളാണ്: ആദ്യം ഞാന്‍ സോപ്പുപയോഗിച്ച് കൈ കഴുകുന്നു, തുടര്‍ന്ന് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുന്നു, ഒടുവില്‍ ഗോമൂത്രം ഉപയോഗിച്ചും കഴുകുന്നു. നിങ്ങളെപ്പോലെത്തന്നെ ഞാനും എല്ലാ പ്രഭാതങ്ങളിലും ചാണകക്കുഴമ്പില്‍ ചുട്ടെടുത്ത പലഹാരങ്ങള്‍ കഴിച്ച് കൊറോണ വൈറസിനെതിരായി പ്രതിരോധ ശേഷി വികസിപ്പിച്ചെടുക്കുന്ന ഒരാളാണ്. ഇതിലെല്ലാമുപരി, ഞാന്‍ പ്രയോഗവത്കരിക്കുവാന്‍ പരിശ്രമിക്കുന്നതും നിങ്ങളോടെല്ലാവരോടും ശുപാര്‍ശ ചെയ്യാനാഗ്രഹിക്കുന്നതുമായ സുപ്രധാന കാര്യം, ബഹുമാനപ്പെട്ട യു പി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്ജിയുടെ ഉപദേശമാണ്:കൊറോണ വൈറസിനെ മറികടക്കുവാന്‍ മാനസിക പിരിമുറുക്കങ്ങളെ മറികടന്നാല്‍ മതി എന്നതാണത്. ഞാനീ പറഞ്ഞത്ര എളുപ്പമല്ല അത് പ്രാവര്‍ത്തികമാക്കുന്നത് എന്നെനിക്ക് നന്നായറിയാം. മാനസിക പിരിമുറുക്കം(സ്ട്രെസ്സ്) ഇല്ലാതിരിക്കുന്നതിലാണ് നിങ്ങളുടെ അതിജീവനം ആശ്രയിച്ചുനില്‍ക്കുന്നത് എന്ന് തിരിച്ചറിയുന്നതോടെ മാനസിക പിരിമുറുക്കം അനുഭവിക്കാതിരിക്കാന്‍ പ്രയാസമായിരിക്കും എന്നെനിക്കറിയാം. ചെറിയൊരളവിലെങ്കിലും സ്ട്രെസ്സ് അനുഭവിക്കുന്നത് ഭയാനകമായ കൊറോണാ വൈറസിന് നിങ്ങളുടെ ശരീരത്തെ വിധേയപ്പെടുത്തുവാനിടയാക്കും എന്ന അറിവ് തന്നെ സ്ട്രെസ്സ് വര്‍ധിപ്പിക്കുവാന്‍ ഹേതുവാകും. നിങ്ങളുടെ വര്‍ധിച്ചുവരുന്ന സ്ട്രെസ്സ് ലെവല്‍ കാരണം നിങ്ങളുടെ സ്ട്രെസ്സ് ലെവല്‍ വര്‍ധിച്ചുവരുമെന്ന സുസ്ഥിരമായ അവബോധം നിങ്ങളുടെ സ്ട്രെസ്സ് ലെവലിനെ കൂടുതല്‍ വര്‍ധിപ്പിക്കുകയും ഒടുക്കം ഒരു കൊറോണാവാഹകന്‍ മുമ്പിലേക്ക് ചാടിവീണ് ഇന്നാ പിടിച്ചോ എന്ന മട്ടില്‍ രോഗാണുവിനെ സമ്മാനിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്ന തലത്തിലേക്ക്, നിരന്തരം സ്ട്രെസ്സിനെ ദൃഢീകരിക്കുന്ന ഒരു പിരിയന്‍ ഗോവണിയായി നിങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുമെന്ന് ചുരുക്കം (മുരളീധരന്‍ മന്ത്രിയുടെ പെട്രോളിയം തീരുവ വര്‍ധനവ് ലോജിക്കല്‍ ന്യായീകരണം ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്!-വിവര്‍ത്തകന്‍).
ഒരു കാര്യം കൂടി വ്യക്തമാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു: കൊറോണാ വൈറസിനെ പിന്തുണക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല ഞാന്‍. എന്നാല്‍ നമ്മളൊരു ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ് എന്നതിനാലും ഞാന്‍ ഒരു ലിബറല്‍ ആണ് എന്നതിനാലും ഓരോ സ്റ്റോറിയുടെയും ഇരുപുറവും തുറന്നുകാണിക്കുക എന്നത് ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എന്റെ ചുമതലയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍തന്നെ, കൊറോണാ വൈറസ് രോഗത്തിന്റെ /കോവിഡ്-19ന്റെ കവറേജില്‍ നിഷ് പക്ഷതയുടെ, വസ്തുനിഷ്ഠതയുടെ, സമതുലനത്തിന്റെ ഒരു ഛായപോലും പുലര്‍ത്തുന്നതില്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വന്നുഭവിക്കുന്ന പരാജയം എന്നെ ഏറെ ഖിന്നനാക്കുകയാണ്.

ഒുരു ജീവിവര്‍ഗം/ സ്പീഷീസ് എന്ന നിലയ്ക്ക്, ഒരു കാലത്ത് ഡൈനസോറുകള്‍ അലങ്കരിച്ചിരുന്ന പദവിയിലാണ് ഇന്ന് മനുഷ്യര്‍ വിരാജിക്കുന്നതെന്ന് നമുക്കറിയാം. ഉച്ചസ്ഥായിയില്‍ നിലകൊള്ളുന്ന ഹിംസ്രജന്തുക്കളാണ് നാം. ഈ ഭൂഗോളത്തിലെ മറ്റെല്ലാ ജീവിവര്‍ഗങ്ങളെയും അടിച്ചമര്‍ത്തുവാന്‍ ശേഷിയുള്ള അധീശത്വ വര്‍ഗമാണിന്ന് മനുഷ്യര്‍. പക്ഷേ, ഇവിടെ നിലനില്‍ക്കുന്ന ഒരേയൊരു വീക്ഷണകോണ്‍ മനുഷ്യന്റെ വീക്ഷണം മാത്രമാണ് എന്ന് അതിന് അര്‍ഥമുണ്ടോ? ജൈവവൈവിധ്യത്തിന്റെ ബൃഹത്തായ ശോഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായി ഭവിക്കുന്നത് ഈയൊരു മനോഭാവം മാത്രമല്ലേ? എന്നിട്ടും വൈറസിന്റെ അഭിവീക്ഷണത്തില്‍ കൂടി ഇടം നല്‍കുന്ന ഒരു വാര്‍ത്തയോ ലേഖനമോ മുഖപ്രസംഗമോ ഞാനിതുവരെ കണ്ടിട്ടില്ല.

വൈറസുകളുടെ അക്രമോത്സുകതയെ-അത് മനുഷ്യര്‍ക്കെതിരായാലും ശരി മറ്റ് വൈറസുകള്‍ക്കെതിരായാലും ശരി-ഞാനൊരു തരത്തിലും സാധൂകരിക്കുവാന്‍ ശ്രമിക്കുന്നില്ലെന്ന് ഊന്നിപ്പറയാന്‍ ഈ സന്ദര്‍ഭത്തില്‍ എന്നെ അനുവദിക്കണം. മനുഷ്യവംശത്തിനെതിരായ രാജ്യദ്രോഹപ്രസ്താവന നടത്തിയ പ്രമുഖ കമ്പ്യൂട്ടര്‍ വൈറസ് ഏജന്റ് സ്മിത്തിനെ ഞാനെപ്പോഴും തള്ളിപ്പറയുന്നതിന്റെ കാരണം മറ്റൊന്നല്ല. പ്രസിദ്ധമായ ത്രിഖണ്ഡ ഡോക്യുമെന്ററി ‘ദിമാട്രിക്സ്’ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞാനീ പറയുന്നത് എളുപ്പം മനസ്സിലാകും. ഇനിയഥവാ അത് കണ്ടിട്ടില്ലെങ്കില്‍ നിങ്ങളതുടനെ കാണണം. മനുഷ്യവംശത്തെക്കുറിച്ചുള്ള വൈറസിന്റെ കാഴ്ചപ്പാടുകള്‍ പ്രതിഫലിപ്പിക്കുന്ന ഒരേയൊരു ആധാരരേഖയാണത്. ‘മാട്രിക്സ്’ ത്രയം കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി, നിര്‍മിതബുദ്ധിയാല്‍ സൃഷ്ടിക്കപ്പെട്ട ഏജന്റ് സ്മിത്ത് എന്ന വൈറസ് നടത്തിയ ആ പ്രസ്താവം ഞാനിവിടെ ഉദ്ധരിക്കുകയാണ്: ‘നിങ്ങളുടെ സ്പീഷീസിനെ വര്‍ഗീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യം നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സസ്തനികളല്ല എന്നതാണ്. ഈ ഗ്രഹത്തില്‍ അധിവസിക്കുന്ന എല്ലാ സസ്തനികളും അന്ത: പ്രേരിതരായി തങ്ങളുടെ പരിസ്ഥിതിയ്ക്കനുരൂപമായ ഒരു സമതുലിതാവസ്ഥ സ്വയം രൂപീകരിച്ചെടുക്കുന്നുവെങ്കിലും നിങ്ങള്‍ മാത്രം അത് ചെയ്യുന്നില്ല. നിങ്ങള്‍ ഒരു പ്രദേശത്തേക്ക് ചെന്നെത്തുകയും സ്വയം ഇരട്ടിക്കുകയും വീണ്ടും വീണ്ടും ഇരട്ടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. ആ പ്രദേശത്തെ മുഴുവന്‍ സ്വഭാവിക പ്രകൃതി വിഭവങ്ങളും ഉപയോഗിച്ച് തീര്‍ന്നുകഴിഞ്ഞാല്‍, ഇനി മറ്റൊരു പ്രദേശത്തേക്ക് വ്യാപിക്കുക മാത്രമാണ് അതിജീവനത്തിനുള്ള പോംവഴി എന്ന് നിങ്ങള്‍ തിരിച്ചറിയും. ഈ ഗ്രഹത്തില്‍ ഇതേ മാതൃക പിന്തുടരുന്ന മറ്റൊരു ജീവിവര്‍ഗം കൂടിയുണ്ട്. അതെന്താണെന്നറിയാമോ? വൈറസ് ആണത്. മനുഷ്യകുലമേ, നിങ്ങള്‍ ഒരു മഹാരോഗമാണ്; ഈ ഗ്രഹത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണ് നിങ്ങള്‍. നിങ്ങള്‍ പ്ലേഗ് രോഗമാണെങ്കില്‍ അതില്‍ നിന്നീ ലോകത്തെ രക്ഷിക്കുന്ന പ്രത്യൗഷധമാണ് ഞങ്ങള്‍.’
ഒന്നാലോചിച്ചുനോക്കൂ, ഇപ്പറഞ്ഞത് പോലെയാണ് യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ എങ്കില്‍?! നമ്മുടെ സര്‍വ സാമ്പത്തിക മാതൃകകളും ഈ പ്രപഞ്ചത്തിന്റെ വിഭവശേഷിയെ നിശ്ശൂന്യമാക്കുന്ന വിധത്തിലാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന നിരീക്ഷണത്തെ ആര്‍ക്കെങ്കിലും നിഷേധിക്കുവാന്‍ സാധിക്കുമോ?

നിങ്ങള്‍ക്കിഷ്ടമുള്ള ഏത് ബയോളജിസ്റ്റിനോട് വേണമെങ്കിലും അന്വേഷിച്ചോളൂ-അവര്‍ പറഞ്ഞുതരും, ഈ ഗോളത്തിലെ ഏറ്റവും ആദിമനിവാസികളിലൊന്നാണ് വൈറസുകളെന്ന്. ആദ്യ മാനവന്‍ പ്രത്യക്ഷപ്പെടുന്നതിനും കാലങ്ങള്‍ക്ക് മുമ്പേ അവരിവിടെ ഉണ്ടായിരുന്നു. ഏറെ മനോഹരമായിരുന്ന, ഏറെ വാസയോഗ്യമായിരുന്ന മറ്റൊരു ഗ്രഹത്തില്‍ ജീവിച്ച്, അവിടുത്തെ വിഭവങ്ങളെല്ലാം തിന്ന് തീര്‍ത്ത് ഇപ്പോള്‍ ഭൂമിയിലേക്ക് കാലെടുത്ത് വെച്ച കുടിയേറ്റക്കാരാണ് മനുഷ്യര്‍ എന്നാവും വൈറസുകള്‍ തിരിച്ചറിയുന്നുണ്ടാവുക. നിബിഡവനങ്ങള്‍ മരുഭൂമിയാക്കിയും മഹാനദികളെ കൊന്നൊടുക്കിയും സമുദ്രാന്തര്‍ ഭാഗങ്ങള്‍ പോലും മലിനീകരിച്ചും തങ്ങളുടെ വന്യമായ ഈ കുതിപ്പ് മനുഷ്യന്‍ ഇനിയും തുടരുകയാണെങ്കില്‍ ഈ ഗ്രഹത്തിന്റെ ആയുസ്സ് അധികമൊന്നും ശേഷിക്കുവാനിടയില്ലെന്ന് എല്ലാ മനുഷ്യേതര ജീവിവര്‍ഗങ്ങളും 2020 മാര്‍ച്ചോടെ തിരിച്ചറിഞ്ഞു കഴിഞ്ഞതായി വിശ്വസനീയ വൃത്തങ്ങള്‍ നിന്നെ അറിയിക്കുന്നു.

ഈ ഗോളത്തിലധിവസിക്കുന്ന എല്ലാ മനുഷ്യേതര ജീവിവര്‍ഗങ്ങളും ചേര്‍ന്ന് നടത്തുന്ന വിപ്ലവത്തിലെ മുന്നണിപ്പോരാളികളാണ് വൈറസുകളെങ്കില്‍? ജൈവ മണ്ഡലത്തിന്റെ നേര്‍ക്കുള്ള ഏറ്റവും ഭീകരമായ ഭീഷണിയോട് അടരാടുന്ന പ്രകൃതിയുടെ ഒളിപ്പോരാളികളാണ് അവര്‍ എങ്കില്‍? മനുഷ്യനെ കൊറോണ വൈറസുകള്‍ അടച്ചിടുന്ന തടങ്കല്‍പ്പാളയങ്ങളാണ് ക്വാറന്റൈനുകള്‍(സംസര്‍ഗ നിഷേധം) എങ്കില്‍?

ഈ ചോദ്യത്തോട് സത്യസന്ധമായി പ്രതികരിക്കുക: ഭൂമുഖത്ത് കൂടുതല്‍ ജീവവര്‍ഗങ്ങള്‍ക്ക് വിനാശഭീഷണി ഉയര്‍ത്തുന്നത് ഇവരിലാരാണ്-ഹോമോസേപിയന്‍സ് ആണോ ‘സാര്‍സ്-കോവ് 2’ ആണോ? ഇനി പറയൂ: കോവിഡ്-19 സ്റ്റോറിക്ക് രണ്ട് വശങ്ങളില്ലേ? എന്റെ ഉത്തരം ഇതാണ്: തീര്‍ച്ചയായും ഉണ്ട്വൈറസിന്റെ പക്ഷവും ‘സാര്‍സ്-കോവ്2’ വിന്റെ പക്ഷവും.

(കടപ്പാട്: ദി ഹിന്ദു സന്‍ഡേ മാഗസിന്‍)

ജി സമ്പത്ത്
വിവ. കെ സി ഷൈജല്‍

Add content here (w = 1~12 )
Add content here

You must be logged in to post a comment Login