മഹാവ്യാധിക്ക് മനുഷ്യരാണ് മരുന്ന്

മഹാവ്യാധിക്ക് മനുഷ്യരാണ് മരുന്ന്

”ലാഭാനാം ഉത്തമം കിം”
ചോദ്യം യക്ഷന്റേതാണ്. ജ്യേഷ്ഠ പാണ്ഡവനായ യുധിഷ്ഠിരനോട്. മഹാഭാരതത്തിലെ വിഖ്യാതമായ യക്ഷപ്രശ്നമാണ് സന്ദര്‍ഭം. ലോകത്തെ ലാഭങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായ ലാഭം ഏതാണ്? യുധിഷ്ഠിരന്റെ മറുപടി ഇതായിരുന്നു:
”ലാഭാനാം ശ്രേയ ആരോഗ്യം.”ആരോഗ്യലാഭമാണ് ലോകത്തില്‍ സര്‍വോത്തമമായ ലാഭം.

ലാഭം സംബന്ധിച്ച പഴയ ഒരു വിചാരമാണ് യക്ഷപ്രശ്നത്തിലെ ഈ സംവാദം. മഹാഭാരതം പ്രചാരത്തിലാവുന്ന കാലത്ത് ലാഭം ഒരു ലോകവ്യവസ്ഥ ആയിരുന്നില്ല എന്ന് നമുക്ക് അറിയാം. ലാഭം ലോകവ്യവസ്ഥയായി തീര്‍ന്നത് കച്ചവടം എന്ന മാനുഷികവ്യവഹാരം അധിനിവേശത്തിന്റെ ഉപാധി ആയതിനെ തുടര്‍ന്നാണെന്നും നാം വ്യാപാരങ്ങളുടെ ലോകചരിത്രത്തില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്. അധിനിവേശം എന്നത് ഒരു ദേശത്തെ ജനതക്ക് മേല്‍ മറ്റൊരു ജനതയുടെ അധികാരരൂപങ്ങള്‍ നടത്തുന്ന കയ്യേറ്റമാണ്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ ലോകചരിത്രം ഇത്തരം അധിനിവേശങ്ങളുടേതായിരുന്നുവല്ലോ? അങ്ങനെ ലാഭം എന്ന ആശയം അതിശക്തമായ ഒരു ഭൗതികസാന്നിധ്യമായി മാറുകയും മാനുഷിക വ്യവഹാരങ്ങളുടെ ആദ്യത്തെയും പലപ്പോഴും അവസാനത്തെയും ഉപാധിയായി മാറുകയും ചെയ്തു. അധിനിവേശത്തിന് ലോകത്തൊരിടത്തും മാനുഷികമായ മുഖം സാധ്യമല്ല. അതിനാല്‍ അധിനിവേശത്താല്‍ നിര്‍മിക്കുന്ന ലാഭത്തിനും മാനുഷികമാവുക വയ്യ. മാനുഷികമായ വ്യവഹാരങ്ങളുടെ നീക്കിബാക്കി എന്ന നിലയില്‍ നിന്ന് അധിനിവേശപാപത്തിന്റെ ശമ്പളം എന്ന പദവിയിലേക്ക് ലാഭം എന്ന പ്രമേയം നിലംപൊത്തി. യക്ഷപ്രശ്നത്തില്‍ നാം കണ്ട ആരോഗ്യലാഭം എന്ന ആശയം മാനുഷികമായ ഒരു വിചാരമാണ്. അത്തരം വിചാരങ്ങള്‍ക്ക് അധിനിവേശത്തില്‍ ഇടമില്ല. അധിനിവേശത്തിലെ ആരോഗ്യലാഭം എന്നത് ആരോഗ്യവ്യവസായത്തിന്റെ ലാഭമായി മാറി.

നിങ്ങള്‍ മനസ്സിലാക്കിയതുപോലെ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ ആമുഖം. മനുഷ്യരുടെ സാമൂഹികജീവിതത്തിന്റെ തുടക്കം മുതല്‍ മഹാമാരികളുണ്ട്. പകര്‍ച്ചവ്യാധികളുണ്ട്. ഒട്ടും കൃത്യമല്ലാത്ത ഇടവേളകളില്‍ അത് മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയിട്ടുണ്ട്. എ ഡി 165 ല്‍ ഏഷ്യാമൈനറിലും ഈജിപ്തിലും ഗ്രീസിലും ഇറ്റലിയിലുമായി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ പ്ലേഗ് ഓര്‍ക്കാം. എഴുതപ്പെട്ട ചരിത്രത്തിലെ ഏറ്റവും ആധികാരികമായ മഹാമാരി. ആറാം നൂറ്റാണ്ടില്‍; 541-ല്‍ യൂറോപ്പിലെ പാതി ജനതയെ കൊന്നുകളഞ്ഞ ജസ്റ്റീനിയന്‍ പ്ലേഗ് പതിനാലാം നൂറ്റാണ്ടിലും ആവര്‍ത്തിച്ചു. അക്കുറി ഏഴുവര്‍ഷമായിരുന്നു താണ്ഡവം. അത്തവണ ഏഷ്യയില്‍ നിന്ന് കപ്പല്‍ കയറിയെത്തി ആഫ്രിക്കയെയും യൂറോപ്പിനെയും കശക്കി ആ മഹാമാരി. 1852-ല്‍ മൂന്നാം കോളറ വന്നു. ഇന്ത്യ ആയിരുന്നു പ്രഭവകേന്ദ്രം. പിന്നെ എബോള, സാര്‍സ് അങ്ങനെ നീളുന്നു മഹാമാരികളുടെ ലോകചരിത്രം. അക്കൂട്ടത്തിലേക്കാണ് കോവിഡിന്റെ കടന്നിരിപ്പ്. ചൈനയാണ് പ്രഭവസ്ഥാനം. മുന്‍കാല മഹാമാരികളെക്കാള്‍ കോവിഡിനെ അപകടകാരിയാക്കുന്നത് അതിന്റെ വ്യാപനസ്വഭാവമാണ്. മറ്റൊന്ന് ആഗോളവല്‍കരണവും വ്യാജആധുനികതയുമായി അതിനുള്ള ആഴബന്ധമാണ്.

മറ്റുമഹാമാരികളെ വ്യാപന സമയത്ത് തന്നെ മനസ്സിലാക്കല്‍ എളുപ്പമായിരുന്നു. അതിന്റെ ആക്രമണം ബാധിക്കുന്ന മനുഷ്യരെ പൊടുന്നനെ കിടപ്പിലാക്കും. രോഗാണുക്കള്‍ പടരുന്ന വഴിപോലും തിട്ടപ്പെടുത്താം. ഒട്ടും മാന്യനല്ലാത്ത രോഗാണു എന്ന് ഇന്നത്തെ ഭാഷ. കൊവിഡിന്റെ കാരണക്കാരനായ കൊറോണ തുലോം വ്യത്യസ്തനാണെന്ന് നിങ്ങള്‍ കണ്ടുകഴിഞ്ഞു. അത് വാഹകനെ പൊടുന്നനെ കിടപ്പിലാക്കില്ല. അത് രോഗലക്ഷണങ്ങളെ മൂടിവെക്കാന്‍ സമര്‍ഥനാണ്. മാത്രവുമല്ല, ആധുനികമായ ജീവിതപരിസരത്തുനിന്ന് മനുഷ്യനെ ഒറ്റപ്പെടുത്തുന്ന ഒരു ലക്ഷണവും കൊറോണ അതിന്റെ ഇരയില്‍ പ്രത്യക്ഷമാക്കില്ല. രോഗവാഹകന്റെ സാമൂഹികമായ പ്രതിബദ്ധത ഒന്നുമാത്രമാണ് രോഗം വ്യാപിക്കാതിരിക്കാന്‍ സഹായകമാവുക. ഒരാള്‍ മറച്ചുവെച്ചാല്‍ ലോകം തകിടം മറിയും. ഈ വാചകമാണ് ഇനി നമ്മള്‍ നടത്തുന്ന കൊവിഡ് വിചാരങ്ങളുടെ കേന്ദ്രം. ലാഭകേന്ദ്രിതമായ ഒരു ലോകക്രമം സാമൂഹികത എന്ന ആശയത്തെ അടിത്തട്ടില്‍ ആവിഷ്‌കരിക്കാതിരിക്കുകയും പുറംമോടിയില്‍ ആഘോഷത്തോടെ ആവിഷ്‌കരിക്കുകയും ചെയ്യുമെന്ന് പൊതുവേ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. വിശദീകരിക്കാം. ആഗോളീകരണത്തിന്റെ, ലാഭകേന്ദ്രിത ലോകക്രമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുതലാളിത്ത രാജ്യങ്ങളാണല്ലോ? അടിത്തട്ട് എന്ന ഒരു പരിഗണന നിങ്ങള്‍ക്ക് അത്തരം സമൂഹങ്ങളില്‍ കാണാന്‍ കഴിയില്ല. അടിത്തട്ടില്‍ അവര്‍ ഒറ്റയൊറ്റയായ വീടുകളാണ്. മിക്കപ്പോഴും ഒറ്റയൊറ്റയായ മനുഷ്യര്‍ പോലുമാണ്. അതായത് ഏറ്റവും സങ്കീര്‍ണമായ കുടുംബബന്ധങ്ങളാണ് അത്തരം സമൂഹങ്ങളിലേത്. കുടുംബമാണ് മനുഷ്യരെ സാമൂഹികവത്കരിക്കുന്ന ആദ്യ അടിസ്ഥാനഘടകം എന്ന് നമുക്കറിയാം. അതേപോലെ അടിത്തട്ട് സാമൂഹികത എന്ന ഒരു ബന്ധനിലയുണ്ട്. സാമൂഹികശാസ്ത്രം ധാരാളമായി ചിന്തിക്കുന്ന ഒരു മേഖലയാണത്. കേരളത്തില്‍ ഇരുന്ന് ഇതുവായിക്കുന്ന നിങ്ങള്‍ക്ക് ഒട്ടും അപരിചിതമല്ല ആ ബന്ധനില. വീട് വിട്ട് പുറത്തേക്കിറങ്ങുന്ന നിങ്ങള്‍ എല്ലാദിവസവും തന്നെ ആദ്യം പങ്കെടുക്കുന്ന സാമൂഹിക ബന്ധനില അടിത്തട്ട് സാമൂഹികതയാണ്. നിങ്ങള്‍ ഒരു സംഘടനാപ്രവര്‍ത്തകന്‍ ആണെങ്കില്‍ നിങ്ങള്‍ ആ സംഘടനയുടെ നിങ്ങളുടെ പ്രദേശത്തെ ഘടകവുമായി ബന്ധപ്പെടും, സൗഹൃദപ്പെടും. അത് അടിത്തട്ട് സാമൂഹിക ബന്ധനിലയാണ്. ഗ്രാമങ്ങള്‍, ചെറുപട്ടണങ്ങളായ ഗ്രാമങ്ങള്‍ എന്തിന് കേരളത്തിലെ വലിയ നഗരങ്ങള്‍ പോലും അടിത്തട്ട് സാമൂഹികതയുടെ പലപല യൂണിറ്റുകളാണ്. അയല്‍പക്കം അത്തരത്തിലുള്ള മറ്റൊരു സാമൂഹിക ബന്ധനിലയാണ്. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍.

ലാഭകേന്ദ്രിതവും അതിനാല്‍ തന്നെ വ്യക്തിമൂല്യ രഹിതവുമായ സമൂഹങ്ങള്‍ ഇത്തരം അടിത്തട്ട് ബന്ധനിലകള്‍ സൃഷ്ടിക്കാറില്ല. മുകേഷ് അംബാനിക്ക് അടിത്തട്ട് ബന്ധനിലകള്‍ അസാധ്യമാണ്. മുകേഷ് അംബാനിക്ക് അയല്‍പക്കം എന്ന ആശയം അസാധ്യമാണ്. അത്രേയുള്ളൂ. ഇനി കൊവിഡിലേക്ക് വരാം. ചൈനയില്‍ നിന്ന് പ്രവഹിച്ചതായി ഇപ്പോള്‍ മനസ്സിലാക്കുന്ന കൊവിഡ് ഇപ്പോള്‍, ഈ കുറിപ്പ് എഴുതുമ്പോള്‍ ഏറ്റവും വലയ്ക്കുന്നത് യൂറോപ്പിനെയാണ്. ഇറ്റലിക്കാരനായ ജെയ്സണ്‍ യാനോവിറ്റ്സ് ട്വീറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്ത ഒരു കുറിപ്പ് ഇങ്ങനെ വായിക്കാം.

”എല്ലാവര്‍ക്കും അറിയാം ഇറ്റലി ക്വാറന്റൈനിലാണെന്ന്. ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. പക്ഷേ അതിലും പരിതാപകരമാണ് തങ്ങള്‍ക്കൊന്നും പറ്റില്ലെന്ന് കരുതുന്ന മറ്റു രാജ്യക്കാരെ കാണുന്നത്.
ഞങ്ങള്‍ക്ക് അത് മനസ്സിലാവും. കാരണം രണ്ടാഴ്ച മുമ്പ് വരെ ഞങ്ങളും അങ്ങനെത്തെന്നെ ആയിരുന്നു.

സ്റ്റേജ് 1
കൊറോണ എന്നൊരു വൈറസ് ഉണ്ട്. രാജ്യത്ത് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓ.. പേടിക്കാനൊന്നും ഇല്ല. അതൊരു പകര്‍ച്ചപ്പനി മാത്രമാണ്. മാത്രമല്ല എനിക്ക് 75 വയസ്സായിട്ടും ഇല്ല.
ഞാന്‍ സുരക്ഷിതനാണ്. വെറുതെ എന്തിനാണ് പോയി മാസ്‌കും സാനിറ്റൈസറും ഒക്കെ വാങ്ങിവെച്ച് കാശ് കളയുന്നത്? വെറുതെ പേടിച്ച് ആധി കൂട്ടാതെ ഞാന്‍ സാധാരണത്തെ പോലെത്തന്നെ ജീവിക്കാന്‍ പോകുകയാണ്.

സ്റ്റേജ് 2
കേസുകളുടെ എണ്ണം കാര്യമായി കൂടുന്നു. രാജ്യത്ത് ചില റെഡ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചില നഗരങ്ങള്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നു. കുറേ ആളുകള്‍ ഇന്‍ഫെക്റ്റഡ് ആണ് (ഫെബ്രുവരി 22). ഇത് കഷ്ടമാണ്. പക്ഷേ ഗവണ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. പേടിക്കാനൊന്നും ഇല്ല. കുറച്ച് മരണങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊക്കെ വയസ്സായവരാണ്. മീഡിയയും സര്‍ക്കാരും ചുമ്മാ വ്യൂവര്‍ഷിപ്പിനും പ്രശസ്തിക്കും വേണ്ടി പാനിക്ക് ഉണ്ടാക്കുകയാണ്. എന്തൊരു വൃത്തികെട്ടവന്മാര്‍. മനുഷ്യര്‍ അവരുടെ ജീവിതം സാധാരണപോലെത്തന്നെ കൊണ്ടുപോവും. ഇതു കാരണം ഞാന്‍ എന്റെ സുഹൃത്തുക്കളെ കാണാതിരിക്കാണോ.. ഉവ്വ, നടന്നതുതന്നെ. ഇതൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ സുരക്ഷിതനാണ്.

സ്റ്റേജ് 3
കേസുകള്‍ ഭീകരമായി വര്‍ധിച്ചിരിക്കുന്നു. ഒറ്റദിവസം കൊണ്ട് ഇരട്ടിയോളം കൂടി. ഒരുപാട് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ ഭാഗങ്ങള്‍ റെഡ് സോണ്‍ ആക്കി. 4 റീജിയണുകള്‍ കൂടി ക്വാറന്റൈന്‍ ചെയ്തു (മാര്‍ച്ച് 7). ഇറ്റലിയുടെ 25% ഇപ്പോള്‍ ക്വാറന്റൈനിലാണ്. സ്‌കൂളുകളും കോളജുകളും അടച്ചു. പക്ഷേ ബാറുകളും ഹോട്ടലുകളും ജോലിസ്ഥലങ്ങളും ഇപ്പോഴും തുറന്നിരിക്കുകയാണ്.
ഒഫീഷ്യല്‍ ഓര്‍ഡര്‍ ഇറങ്ങുന്നതിന് മുന്നേ തന്നെ ചില മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് 10000 ത്തോളം ആളുകള്‍ റെഡ് സോണില്‍ നിന്ന് സൂത്രത്തില്‍ കടന്നുകളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോകുന്നു(ഈ ഭാഗം പിന്നീട് പ്രധാനമാണ്). ബാക്കി 75% ഭാഗത്ത് ആളുകളും അവരുടെ ജീവിതം സാധാരണ പോലെത്തന്നെ തുടരുന്നു.
അവര്‍ക്കിപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല. എവിടെ തിരിഞ്ഞാലും അകലം പാലിക്കാനും കൈ വൃത്തിയായി സൂക്ഷിക്കാനും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുവാനുമുള്ള നിര്‍ദേശങ്ങളാണ്. എല്ലാ 5 മിനുട്ടിലും ടിവിയില്‍ ഈ നിര്‍ദേശങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ആളുകളുടെ മനസ്സിലേക്ക് കയറിയിട്ടില്ല.

സ്റ്റേജ് 4
കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. സ്‌കൂളുകളും യൂണിവേഴ്സിറ്റികളും ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.
ഹോസ്പിറ്റലുകള്‍ ഒക്കെ നിറഞ്ഞിരിക്കുന്നു. ബാക്കി യൂണിറ്റുകള്‍ എല്ലാം ഒഴിപ്പിച്ച് കൊറോണ രോഗികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത നോക്കി ആളുകള്‍ക്ക് മുന്‍ഗണന കൊടുക്കേണ്ട ഗതികേടിലേക്ക് ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നു. എന്നുവച്ചാല്‍ വയസ്സായവരെയും നിലവില്‍ ഗുരുതര പ്രശ്നമുള്ളവരെയും തഴയേണ്ട അവസ്ഥ.
എല്ലാവരെയും രക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ല. അതുകൊണ്ട് നല്ല ഫലം ഉറപ്പുള്ളവയ്ക്ക് മാത്രം മുന്‍ഗണന. ആവശ്യത്തിന് സ്ഥലം ഇല്ലാത്തതുകൊണ്ട് ആളുകള്‍ മരിക്കുന്നു.
എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് വിളിച്ചിരുന്നു. അവന്‍ ആകെ തളര്‍ന്നു പോയിരിക്കുന്നു. കാരണം അന്നേദിവസം മാത്രം 3 പേരെ മരിക്കാന്‍ വിടേണ്ടി വന്നുവത്രേ.
നഴ്സുമാര്‍ കരയുന്നു. അവര്‍ക്ക് ആളുകള്‍ മരിക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. മരിക്കുന്നവര്‍ക്ക് നല്‍കാന്‍ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്സിജന്‍ മാത്രമാണ്.
ഒരു സുഹൃത്തിന്റെ ബന്ധു ആവശ്യത്തിന് ചികിത്സ കിട്ടാതെ മരണപ്പെട്ടുവത്രേ. കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. സിസ്റ്റം തകര്‍ന്നിരിക്കുന്നു. എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.

സ്റ്റേജ് 5
റെഡ് സോണില്‍ നിന്ന് സൂത്രത്തില്‍ കടന്നുകളഞ്ഞ 10000 ആളുകളെ മറന്നുപോയിട്ടില്ലല്ലോ? ഇവര്‍ കാരണം രാജ്യം മൊത്തം മാര്‍ച്ച് 9 ഓടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വന്നിരിക്കുന്നു. വൈറസിന്റെ വ്യാപനം മാക്സിമം തടയുക എന്നതാണ് ലക്ഷ്യം! ആളുകള്‍ക്ക് ഇപ്പോഴും ജോലിക്ക് പോകാം പലചരക്കുകള്‍ വാങ്ങിക്കാം മരുന്ന് വാങ്ങിക്കാം. ഇതൊന്നും ഇല്ലെങ്കില്‍ സാമ്പത്തിക രംഗം തകരും (ഇപ്പോഴേ തകര്‍ച്ചയിലാണ്). പക്ഷേ വ്യക്തമായ കാരണം ഇല്ലാതെ സ്വന്തം താലൂക്ക് വിട്ടുപോകാന്‍ കഴിയില്ല.
ആളുകള്‍ക്ക് പേടി വന്നിരിക്കുന്നു. ഒരുപാട് ആളുകള്‍ മാസ്‌കും ഗ്ലൗസും ഒക്കെ ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും തങ്ങള്‍ വൈറസ്സിന് തൊടാന്‍ കഴിയാത്ത മരണമാസുകള്‍ ആണെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. അവരിപ്പോഴും വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങിനടക്കുന്നു.

സ്റ്റേജ് 6
2 ദിവസത്തിനുശേഷം എല്ലാം അടച്ചിരിക്കുന്നു. ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ്ങ് സെന്ററുകള്‍, തിയറ്ററുകള്‍.
സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാം. സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ ഇനി സഞ്ചരിക്കാന്‍ കഴിയൂ.
പേര് , എവിടുന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിന് പോകുന്നു എന്നിവ അടങ്ങിയ ഒഫീഷ്യല്‍ രേഖയാണ് ഈ സര്‍ട്ടിഫിക്കറ്റ്.
ഒരുപാടിടത്ത് പൊലീസ് ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു.
അനാവശ്യമായി പുറത്ത് കാണുന്നവര്‍ക്ക് 206 യൂറോ വരെ ഫൈന്‍ ചുമത്തും. കൂടാതെ ഈ ആള്‍ നേരത്തെതന്നെ കൊറോണ പോസിറ്റീവ് ആയ ആളാണെങ്കില്‍ കൊലപാതക ശ്രമത്തിന് 1 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കും.
നിര്‍ത്തുന്നതിന് മുന്‍പ്: ഇന്നുവരെ (മാര്‍ച്ച് 12 ) ഉള്ള അവസ്ഥയാണിത്. ഓര്‍ക്കുക ഇത്രയും സംഭവിച്ചത് 2 ആഴ്ചയിലാണ്.”

ലോകത്തെ ഏറ്റവും ആധുനികമെന്ന് ഘോഷിക്കപ്പെട്ട ഒരിടത്തെ, ഇറ്റലിയിലെ ഒരു ദൃശ്യമാണിത്. വിശദീകരണം വേണ്ടാത്തവിധം വിവരണാത്മകം. കടകവിരുദ്ധമായ മറ്റൊരു കാഴ്ച കാണാം കേരളത്തില്‍. നിങ്ങള്‍ ഓര്‍ക്കുന്നുണ്ട്, കണ്ടുകൊണ്ടിരിക്കുന്നുണ്ട്. വുഹാനില്‍ നിന്ന് വന്ന ആദ്യരോഗിയോട് കേരളം ഒറ്റമനസ്സോടെ നടത്തിയ ഐക്യപ്പെടലാണ് ഒന്നാമത്തേത്. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിച്ച അടിത്തട്ട് സംവിധാനങ്ങളില്‍ നിങ്ങളുമുണ്ടായിരുന്നുവല്ലോ? എത്ര ഗംഭീരമായാണ് കേരളത്തിലെ ഭരണകൂടം, ആരോഗ്യവകുപ്പ് കൊറോണയെ നേരിട്ടതെന്ന് നേരിടുന്നതെന്ന് നമ്മള്‍ കണ്ടു. ചെറിയ വീഴ്ചകളെ പെരുപ്പിച്ച പ്രതിപക്ഷ നേതാവിനെ കേരളം അപഹാസ്യനാക്കിയതുപോലും നമ്മള്‍ കണ്ടു. വിജയിച്ചു എന്ന അതിവാദമല്ല. ലോകം അക്ഷരാര്‍ഥത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കൊടിയ സന്ദര്‍ഭമാണല്ലോ ഇത്? നിശ്ചയമായും കൊറോണക്ക് ശേഷം ലോകം പഴയതുപോലെ ആവില്ല എന്നും നമുക്കറിയാം. പക്ഷേ, കേരളത്തില്‍ എന്തുകൊണ്ട് ലോകത്തിന് അത്ഭുതമാകും വിധം ഇത് സാധിച്ചു എന്നാണ് അന്വേഷിക്കേണ്ടത്. അതിന്റെ കാരണം അടിത്തട്ട് സാമൂഹികതയുടെ ശക്തമായ സാന്നിധ്യമാണ് എന്ന് മനസ്സിലാക്കാന്‍ കഴിയണം. കാരണം ആ ബന്ധനിലയിലാണ് മാനവികതയുടെ ഭാവി. വഴിയോരങ്ങളില്‍ മനുഷ്യര്‍ പ്രതിരോധത്തിനായി നിലകൊള്ളുന്ന കാഴ്ച, കൈകഴുകി തോല്‍പിക്കാം എന്ന മുദ്രാവാക്യം അടിത്തട്ട് ബന്ധനിലകള്‍ സമര്‍ഥമായി ഏറ്റെടുക്കുന്ന കാഴ്ച എല്ലാം കാണുന്നുണ്ടല്ലോ? പ്രളയകേരളത്തില്‍ കണ്ടതിന്റെ മറ്റൊരാവിഷ്‌കാരം. സംവിധാനങ്ങളുടെ ശക്തിക്കും പണത്തിനും ഒന്നും ചെയ്യാന്‍ ആവാത്ത ഘട്ടങ്ങളില്‍ മനുഷ്യര്‍ പരസ്പരം ചേര്‍ന്ന് നടത്തിയ ഇടപെടലുകളുടെ മഹാകാവ്യം. അമേരിക്കന്‍ ഐക്യനാടുകളിലെ ചുഴലിക്കാറ്റുകളെ ഓര്‍ക്കുക. തകര്‍ന്നുപോയതെല്ലാം അതേപടി തുടരുന്നത് ഓര്‍ക്കുക.

ആഗോളീകരണത്തില്‍ ഉല്‍പന്നങ്ങളും ആശയങ്ങളും എന്നപോലെ രോഗങ്ങളും ആഗോളമാണ്. കൊറോണ അതിനാല്‍ അവസാനത്തേതല്ല. ഇന്ന് ആധുനിക മുതലാളിത്ത രാജ്യങ്ങള്‍ അടിത്തട്ട് ബന്ധങ്ങളുടെ അഭാവത്താല്‍ രോഗത്തോട് ഒറ്റയ്ക്ക് പൊരുതിവീഴുകയാണ്. ”സ്‌കാന്‍ഡിനേവിയയിലേക്ക് നോക്കൂ, അവിടെ സമരങ്ങളില്ല, മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനമില്ല, മതസംഘാടനങ്ങളില്ല, വടംവലികളും ഓണാഘോഷങ്ങളുമില്ല, എത്ര അച്ചടക്കമുള്ള മാന്യരായ ജനത” എന്ന ഗീര്‍വാണങ്ങളെ നാം പലപ്പോഴും അഭിമുഖീകരിച്ചിട്ടുണ്ട്. ”അമേരിക്കന്‍ ജനതയെ കണ്ടുപടിക്കണം” എന്ന് നാം കേള്‍ക്കാറുണ്ട്. ശരിയാണ് അത്ര ആധുനികരല്ല നാം. അത്ര ആധുനികമാവാതിരുന്നതിന് നാം നന്ദിയുള്ളവരാവുകയാണ് വേണ്ടത്. ഈ കുറിപ്പ് എഴുതുമ്പോള്‍ കേരളത്തില്‍ ഐസൊലേഷനിലുള്ള, വീടുകളില്‍ നിരീക്ഷണത്തിലുള്ള മനുഷ്യരെ ആഹ്ലാദിപ്പിക്കാന്‍ എന്തുവേണമെന്നതിനെക്കുറിച്ച് കയ്യകലത്തില്‍ കൂട്ടമായിരുന്ന് ചെറുപ്പക്കാര്‍ പദ്ധതിയിടുകയാണ്. അയല്‍പക്കത്തെ ചെറുപ്പക്കാരാവണം അവര്‍. അതിനാല്‍ നാം ഉറപ്പിച്ചുപറയണം, മനുഷ്യരാണ് മഹാവ്യാധികളുടെ മരുന്നെന്ന്. മനുഷ്യരുടെ അഭാവമാണ് യൂറോപ്പിനെ ഇപ്പോള്‍ പിടികൂടിയിരിക്കുന്ന ഭൂതമെന്ന്.

കെ കെ ജോഷി

You must be logged in to post a comment Login