നമുക്ക് വെളിച്ചം വീണ്ടെടുക്കുന്നവരാകാം

നമുക്ക് വെളിച്ചം വീണ്ടെടുക്കുന്നവരാകാം

പ്രിയ വിദ്യാര്‍ഥികളേ,
ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതും ചിന്തകളും ആശയങ്ങളും നിങ്ങളോട് പങ്കുവെക്കാന്‍ കഴിയുന്നതുമൊരു ബഹുമതിയാണ്. അതിന്റെ ആവേശം എനിക്കുണ്ട്. ഒപ്പം അത്ഭുതവും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി അടുത്ത് സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, വര്‍ഷങ്ങളോളം. ഈ സ്ഥാപനത്തിന്റെ ഭരണസമിതിയുടെ ഭാഗവുമായിരുന്നു. എങ്കിലും ഈ അവസരം നിങ്ങള്‍ നല്‍കിയപ്പോള്‍ എനിക്കുണ്ടായത് വലിയ ഉത്സാഹമാണ്.

ഈ ക്ഷണം ലഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നൊരു പുസ്തകം എനിക്ക് ലഭിച്ചു. മുന്‍കാലത്ത് ബിരുദദാനചടങ്ങില്‍ മുഖ്യാതിഥികളായവരുടെ വിവരങ്ങള്‍ അതില്‍ ചേര്‍ത്തിരുന്നു. 38 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് ഒരു സ്ത്രീ ഈ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കുന്നത്. ഡോ. കപില വാത്സ്യായനന്‍ മാത്രം. ഇത് എന്നെ അത്ഭുതപ്പെടുത്തി. അപ്പോള്‍ ഞാന്‍ എന്നെക്കുറിച്ച് തന്നെ അലോചിച്ചു. ഈ അദൃശ്യഭിത്തി നമുക്ക് ഭേദിക്കാം.
രുപകല്പനയിലും തുണിത്തരങ്ങളിലും ആവേശം തോന്നാത്ത ഒരു കാലവും എന്റെ ജീവിതത്തിലില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, തറിയില്‍ നൂല്‍നുല്‍ക്കാന്‍ പഠിച്ചിട്ടുണ്ട്. ചെളി കുഴച്ച് പാത്രങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്, മരം കൊണ്ട് ചെറുമേശകളും മറ്റും ഉണ്ടാക്കാന്‍ പഠിച്ചിട്ടുണ്ട്. അമ്മ മൃണാളിനി എല്ലാറ്റിലും സൗന്ദര്യത്തെ കാണുന്നവരായിരുന്നു. ഞങ്ങളുടെ വീട്ടിലെ ഉച്ചഭക്ഷണത്തില്‍ പോലും നിറങ്ങളുടെ ഏകോപനമുണ്ടാകുമായിരുന്നു. ഇനങ്ങളിലും വൈവിധ്യമുണ്ടായിരുന്നു. ഒരു വിഭവം മൊരിഞ്ഞതാണെങ്കില്‍ മറ്റൊന്ന് മൃദുവായിരിക്കും. നാടന്‍ കലാരൂപങ്ങളുടെയും ആദിവാസി കലാരൂപങ്ങളുടെയും ശേഖരം വീട്ടിലുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന വെങ്കലശില്‍പ്പങ്ങളും.

എന്റെ വസ്ത്രങ്ങള്‍ ഞാന്‍ രൂപകല്പന ചെയ്യാന്‍ തുടങ്ങിയത് പതിമൂന്നാം വയസ്സുമുതലാണ്. സഹായിക്കാന്‍ തയ്യല്‍ക്കാരനുണ്ടായിരുന്നു. മുത്തുകളും തൂവലുകളുമൊക്കെ ഉപയോഗിച്ച് ആഭരണങ്ങളുണ്ടാക്കിയിരുന്നു അക്കാലത്ത്. കഥകളിക്ക് ചമയമൊരുക്കിയിരുന്നവരുടെ സഹായത്തോടെയായിരുന്നു ഇത്. ചെറു കല്ലുകളും വെള്ളി മുത്തുകളും കൊണ്ട് ബട്ടണുകളുണ്ടാക്കുമായിരുന്നു. നൃത്തത്തിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും ഉപേക്ഷിക്കുമ്പോള്‍ അതുപയോഗിച്ച് വലിയ സഞ്ചികളുണ്ടാക്കും. കോളജില്‍ എനിക്കും സഹപാഠികള്‍ക്കും വിലയേറിയ വസ്ത്രങ്ങളിലോ ആഭരണങ്ങളിലോ ഭ്രമമുണ്ടായിരുന്നില്ല. എന്തെങ്കിലും പ്രത്യേകതകളുള്ളതോ വൈചിത്ര്യമുള്ളതോ ആയവയോടായിരുന്നു താത്പര്യം.

എന്റെ ആഭരണങ്ങളും വസ്ത്രങ്ങളും എവിടെ നിന്നാണ് കിട്ടുന്നത് എന്ന് എന്നോട് തന്നെ ചോദിച്ചിരുന്നു. ആ ചോദ്യത്തില്‍ നിന്നാണ് സംരംഭകത്വമെന്ന ആശയമുണ്ടായത്. ഞാനുപയോഗിക്കുന്നത് പോലുള്ളവ മറ്റുള്ളവര്‍ക്ക് കൂടി വാങ്ങാന്‍ പാകത്തിലൊരു ബൊട്ടിക് തുടങ്ങിയാലോ എന്ന് ആലോചിച്ചു. അവിടെ വില്‍ക്കുന്നവയുടെ പരമാവധി വില 50 രൂപയായി നിജപ്പെടുത്താമെന്നും. അങ്ങനെയായാല്‍ ആര്‍ക്കും സാധനങ്ങള്‍ വാങ്ങാനാകും. കുറച്ചുതവണ ഉപയോഗിച്ചതിന് ശേഷം അവര്‍ക്ക് അത് ഒഴിവാക്കാനും കഴിയും. എല്ലായിപ്പോഴും പുതിയത് ധരിക്കാന്‍ അവര്‍ക്ക് സാധിക്കും. അങ്ങനെയാണ് എന്റെ വിജയകരമായ വ്യവസായസംരംഭം തുടങ്ങുന്നത്, ഞാന്‍ ആരംഭിച്ച ഒരേയൊരു സംരംഭം. അങ്ങനെയാണ് ആഴ്ചയുടെ അവസാനദിനങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനം തുടങ്ങുന്നത്. ഞങ്ങളുടെ അക്കാദമിയായ ദര്‍പണയുടെ മുറികളിലൊന്നില്‍. തമാശ എന്നായിരുന്നു പേര്. വിജയകരമായി മുന്നേറിയ സ്ഥാപനം ഒരു വര്‍ഷത്തിനുശേഷം പൂട്ടി. ഇക്കാലമത്രയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും രൂപകല്പന മാത്രമാണ് ചെയ്തിരുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പൂട്ടാന്‍ തീരുമാനിച്ചത്. സ്ഥാപനം വീണ്ടും തുടങ്ങാന്‍ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചു. ഞാന്‍ വഴങ്ങിയില്ല. പഠനത്തെക്കുറിച്ചായിരുന്നു ചിന്ത.
1970കളുടെ തുടക്കത്തില്‍ ഗുജറാത്ത് കരകൗശല വികസന കോര്‍പ്പറേഷനായ ഗുര്‍ജരിയുടെ അധ്യക്ഷ സ്ഥാനം അമ്മ (മൃണാളിനി) ഏറ്റെടുത്തു. ഇതോടെ ഗുജറാത്തിലെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശന വേദിയായി ഞങ്ങളുടെ വീട് മാറി. പ്രകൃതിദത്ത നിറങ്ങളും അതുപയോഗിച്ചുള്ള ചിത്രണങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച തുഫാന്‍ റഫായ് (ഗുജറാത്തിലെ അമ്രേലി സ്വദേശിയായ പ്രസിദ്ധ കലാകാരന്‍) അക്കാലത്ത് വീട്ടില്‍ വരുമായിരുന്നു. അദ്ദേഹം കൊണ്ടുവരുന്ന സാരികളുടെ കെട്ട് അമ്മ വാങ്ങും, ഗുര്‍ജരി വഴി വിറ്റഴിക്കും. ബാന്ധ്നി, അജ്രഖ്, നാംദാ, മോചി ഭാരത് തുടങ്ങിയ വാക്കുകള്‍ എന്റെ നിഘണ്ഡുവിലേക്ക് വരുന്നത് അപ്പോഴാണ്. കച്ചിലെയും സൗരാഷ്ട്രയിലെയും ഗ്രാമങ്ങളിലേക്ക് അമ്മയ്ക്കൊപ്പം യാത്ര പോയി, എല്ലാ അവധിക്കാലത്തും. പോളിസ്റ്റര്‍ തുണിത്തരങ്ങളുടെയും ടി ഷര്‍ട്ടുകളുടെയും ആകര്‍ഷണീയതയില്‍ നിന്ന് യുവാക്കളെ മോചിപ്പിച്ച് ഇന്ത്യന്‍ പരുത്തിയിലെ വൈവിധ്യം പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. വസ്ത്രങ്ങളില്‍ പല പുതിയ പരീക്ഷണങ്ങളും അമ്മയുടേതായുണ്ട്.

ഷബാന അസ്മിയും പര്‍വീണ്‍ ബാബിയും ഞാനുമൊക്കെ സിനിമയിലേക്ക് കണ്ണുനട്ടിരിക്കുന്ന കാലം കൂടിയായിരുന്നു അത്. ഞങ്ങളെ പരുത്തിയുടെയും കരകൗശലവസ്തുക്കളുടെയും പ്രചാരകരാക്കാന്‍ അമ്മ ശ്രമിച്ചു. ഞങ്ങള്‍ കുര്‍ത്തയും പൈജാമയും ധരിച്ച് നിരവധി ഫോട്ടോ ഷൂട്ടുകള്‍ക്ക് മോഡലുകളായി. അമ്മയുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായി. അതാണ് ഇപ്പോഴും കാണുന്നത്. പിന്നീട് ഗുര്‍ജരിക്ക് വേണ്ടി വസ്ത്രങ്ങള്‍ രൂപകല്പന ചെയ്യുന്ന ജോലി ഞാന്‍ ചെയ്തുതുടങ്ങി.
1979ലാണ് ഇന്‍സൈഡ് ഔട്ട്സൈഡ് എന്ന മാസിക പുറത്തിറങ്ങുന്നത്. വസ്ത്രം, ആഭരണം, ഇതര കരകൗശലവസ്തുക്കള്‍ തുടങ്ങിയവയുടെ രൂപകല്പനയില്‍ മുഴുകിയവര്‍ക്ക് ഗൗരവമേറിയ സംവാദത്തിനുള്ള അവസരമൊരുക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ ഒരു ലക്കം ഇറങ്ങിയതിന് ശേഷം മാസിക പ്രതിസന്ധിയിലായി. അത് പൂട്ടിപ്പോകുമെന്ന് ഉറപ്പായ ഘട്ടത്തില്‍ അതിന്റെ പ്രസാധകന്‍ എനിക്കൊരു അവസരം തന്നു, മാസിക ഏറ്റെടുത്ത് നടത്താന്‍. പ്രസാധനത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലായിരുന്നു. മാസികകളില്‍ ഏറിയപങ്കും ബോംബെയിലായിരുന്നു, പരസ്യം നല്‍കുന്നവരും. ഞാന്‍ അഹമ്മദാബാദിലും. മാസിക ഏറ്റെടുക്കുക എന്നതൊരു സാഹസമായാണ് തോന്നിയത്. എങ്കിലും ഞാനതേറ്റു. മൂന്ന് വര്‍ഷം നീണ്ട, വന്യവും ആവേശകരവുമായ യാത്രയുടെ തുടക്കമായിരുന്നു അത്. വിവിധ മേഖലകളില്‍ രൂപകല്പനകള്‍ നിര്‍വഹിക്കുന്നവരുമായി, അതിലെ പ്രഗത്ഭരുമായി അടുത്ത് പരിചയപ്പെടാനുള്ള അവസരം എനിക്ക് ലഭിച്ചു. ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലോകം.

ഇന്‍സൈഡ് ഔട്ട്സൈഡിന് അമേരിക്കയില്‍ വിതരണക്കാരെ കണ്ടെത്താനായി ന്യൂയോര്‍ക്കിലേക്ക് നടത്തിയ യാത്ര എന്റെ ആശയങ്ങളെ സ്വാധീനിച്ചു. അങ്ങനെയാണ് 1984ല്‍ മാപിന്‍ പബ്ലിഷിംഗ് എന്ന സ്ഥാപനം തുടങ്ങുന്നത്. നമ്മുടെ കലാരൂപങ്ങളെക്കുറിച്ചും കരകൗശലവിദ്യയെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന ലോകനിലവാരമുള്ള പ്രസിദ്ധീകരണം എന്നതായിരുന്നു ലക്ഷ്യം. എഴുത്തുകാരും ഫോട്ടോഗ്രാഫര്‍മാരുമൊക്കെ ഇന്ത്യക്കാരായിരുന്നു. കല, കരകൗശല വിദ്യ, ഫോട്ടോഗ്രാഫി, രൂപകല്പന തുടങ്ങിയവയില്‍ ഏറ്റവും മികച്ച ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമായി മാപിന്‍ ഇന്ന് വളര്‍ന്നു. നാനൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
മാപിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് 2001ല്‍ ഞാന്‍ മാറി. കലാപ്രകടനങ്ങളും പ്രഭാഷണങ്ങളുമൊക്കെയായി തിരക്കേറിയപ്പോഴായിരുന്നു മാറ്റം. കുറേക്കൂടി മികച്ച, ആരോഗ്യമുള്ള ഇന്ത്യയെ രൂപകല്പന ചെയ്യുക എന്നതിലേക്ക് അപ്പോഴേക്ക് എന്റെ ശ്രദ്ധ മാറിയിരുന്നു. ഗുജറാത്തില്‍ പൂര്‍ണമായും ജൈവ രീതിയില്‍ നടന്നിരുന്ന കൃഷിയിടത്തില്‍ പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീടും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ഹരതി തീയറ്ററായ നടറാണിയുമൊക്കെ അതിന്റെ ഭാഗമായിരുന്നു. കൈകള്‍ കൊണ്ട് നിര്‍മിക്കുന്ന, പ്രകൃതിക്കിണങ്ങുന്ന സാങ്കേതികവിദ്യകള്‍ പ്രോത്സാഹിപ്പിക്കുക എന്നതില്‍ ഊന്നിയുള്ള പ്രവര്‍ത്തനം തുടരുകയാണ്.
പ്രശ്നകലുഷിതമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പ്രപഞ്ചത്തിന്റെ കേന്ദ്രം നമ്മളാണെന്നും നമ്മളെ സേവിക്കാനാണ് പ്രപഞ്ചം നിലനില്‍ക്കുന്നതെന്നും മനുഷ്യന്‍ വിശ്വസിക്കുന്ന അവസ്ഥ ഏതാനും നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. പ്രകൃതിയെയും പ്രപഞ്ചത്തിലെ മനുഷ്യേതരമായ സകലതിനെയും ദുരാഗ്രഹത്തോടെ ചൂഷണം ചെയ്യുന്ന സ്ഥിതി ഇതിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇതാണ് ഏറ്റവും മികച്ച സംവിധാനമെന്ന് പരിഗണിക്കപ്പെടുന്നു. സഹാനുഭൂതിയേക്കാള്‍ ക്രൂരമായ ബലപ്രയോഗത്തിനാണ് മൂല്യം കൂടുതല്‍. മനുഷ്യത്വത്തേക്കാള്‍ അധികാര പ്രകടനത്തിനാണ് പ്രാമുഖ്യം. പങ്കുവെക്കലിനും കൈമാറ്റം ചെയ്യലിനും പകരം സ്വന്തമാക്കലിനും പൂഴ്ത്തിവയ്ക്കലിനും വില കല്പിക്കപ്പെടുകയാണ്. ഈ സംവിധാനം വംശാധിപത്യത്തിലും മര്‍ക്കടമുഷ്ടിയിലും അധിഷ്ഠിതവുമാണ്. മനുഷ്യത്വമില്ലാത്ത ഒന്ന്. നമ്മളെ വ്യക്തികളെന്നതിലുപരി ഉപഭോക്താക്കളായി കാണുന്നത്. അത് നിലവാരത്തേക്കാള്‍ അളവിനെയാണ് ആഘോഷിക്കുന്നത്, അധികാരത്തെയും. ഭയത്തിലും അരക്ഷിതാവസ്ഥയിലുമാണ് ഈ സംവിധാനം ജീവിക്കുന്നത്. ഇവിടെ ഒരാള്‍ വിലയിരുത്തപ്പെടുന്നത് അയാള്‍ എന്താണ് എന്നതിനെ ആധാരമാക്കിയല്ല, മറിച്ച് അയാളുടെ പക്കലെന്തുണ്ട് എന്നതിനെ ആധാരമാക്കിയാണ്. ഇതുവഴി അതിവിശിഷ്ടമായ നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെയാണ് നശിപ്പിക്കുന്നത്.

ലോകത്ത്, ഇന്ത്യയെ വിശിഷ്ടമായി നിലനിര്‍ത്തുന്നത് ഒരൊറ്റ സംഗതിയാണ്. നമ്മുടെ സംസ്‌കാരം. നമ്മുടെ ഭാഷകള്‍, നമ്മുടെ വൈവിധ്യം, നമ്മുടെ കരകൗശല വൈദഗ്ധ്യം, ഭക്ഷണം, ശീലങ്ങള്‍, കലകള്‍, വിശ്വാസങ്ങള്‍….എല്ലാറ്റിന്റെയും സാക്ഷാത്കാരം. എല്ലാ വൈരുധ്യങ്ങളോടെയും ബഹളങ്ങളോടെയുമുള്ള സാക്ഷാത്കാരം. വലിപ്പവും വേഗവും ഉയരവുമാണ് നമ്മുടെ മഹത്വത്തിന്റെ മാനദണ്ഡങ്ങളെന്ന് നമ്മള്‍ വിശ്വസിക്കുകയാണെങ്കില്‍ മറ്റേതൊരു രാജ്യത്തോടൊപ്പവും ഓടുന്ന രാജ്യമായി നമ്മളും മാറും. എല്ലാവരുടെയും രുചികള്‍ ഒന്നായിത്തീരുമ്പോഴാണ് (എല്ലാവരും ഒരേ വസ്ത്രം ധരിക്കുന്നതും ഒരേ ഭക്ഷണം കഴിക്കുന്നതും) നമ്മുടെ സ്വത്വത്തിന് മൂല്യമേറുന്നത് എന്ന് കരുതുകയാണെങ്കില്‍, മുതലാളിത്തത്തിന്റെ വിജയരീതികളെ പിന്തുടരുന്നതിലൂടെയാണ് മൂല്യമേറുന്നത് എന്ന് ചിന്തിക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ വഴികള്‍ നഷ്ടമാകുകയാണ്.
ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മുടെ രാജ്യത്തിന് പ്രത്യേകസ്ഥാനം ലഭിക്കുന്നത് വേഗം കൂടിയ വിമാനം നിര്‍മിച്ചിട്ടാകണമോ? വേണ്ട. ആ സ്ഥാനം നമ്മുടെ 900 ഭാഷകളുടെ നിലനില്പില്‍ നിന്ന് ലഭിക്കണം. ഓരോ വീട്ടിലും ഓരോ സമുദായത്തിലും ഓരോ ഗ്രാമത്തിലും പരിപ്പുകറിയ്ക്കുള്ള വ്യത്യസ്തമായ രുചികളില്‍ നിന്നുണ്ടാകണം. വൈവിധ്യങ്ങളുടെ കലവറയില്‍ നിന്നാണ് ആ സ്ഥാനം ലഭിക്കേണ്ടത്.

നമ്മളെ ഭരിക്കുന്ന ശക്തികള്‍, നയങ്ങള്‍ ആവിഷ്‌കരിക്കുന്നവര്‍ കൂടുതല്‍ വിജയം നേടിയതെന്ന് അവര്‍ കരുതുന്ന രാജ്യങ്ങളിലേക്കാണ് നോക്കുന്നത്. അതിനോട് താരതമ്യം ചെയ്ത് സ്വന്തം രാജ്യത്തിന്റെ മൂല്യം നിശ്ചയിക്കുകയാണ് അവര്‍. നമ്മുടെ സമ്പത്തിലേക്ക്, കരകൗശല വൈദഗ്ധ്യത്തിലേക്ക്, രൂപകല്പനകളിലേക്ക്, വിവിധ കാലാവസ്ഥകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള സാമര്‍ഥ്യത്തിലേക്ക് അവര്‍ നോക്കുന്നതേയില്ല. നമ്മുടെ വ്യക്തിത്വത്തെ, വൈചിത്ര്യങ്ങളെ, വൈവിധ്യങ്ങളെ ഒക്കെ തകര്‍ക്കുന്നതാണ് നമ്മുടെ നയങ്ങള്‍. എല്ലാറ്റിനെയും ഒന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഒരു ജീവിത രീതിയിലേക്ക്, സത്യമെന്ന് അധികാരം അംഗീകരിക്കുന്ന ഒന്നിലേക്ക്.

ഇന്ന് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഏതാണ്ടെല്ലാം കോണ്‍ക്രീറ്റിലാണ്. നിര്‍മാണത്തിന് വെള്ളം അധികം വേണ്ടിവരും സിമന്റ് ഉപയോഗിക്കുമ്പോള്‍. ഈ നിര്‍മിതികള്‍ അമ്പത് കൊല്ലം കഴിയുമ്പോള്‍ തകരുകയും ചെയ്യും. ചുണ്ണാമ്പുകട്ടകള്‍ കൊണ്ട് നിര്‍മിച്ച നമ്മുടെ കോട്ടകളിലേക്ക് നോക്കൂ, അവ നൂറ്റാണ്ടുകള്‍ക്ക് ശേഷവും തലയുയര്‍ത്തി നില്‍ക്കുന്നു. നമ്മുടെ യുവാക്കളെ വിനാശകാരിയായ സാങ്കേതികവിദ്യയാണോ നമ്മള്‍ പഠിപ്പിക്കേണ്ടത്? അത്തരം സാങ്കേതികവിദ്യകളാണ് ലോകത്ത് ഒന്നാമതെന്ന് നമ്മള്‍ കരുതുന്ന രാജ്യങ്ങള്‍ പിന്തുടരുന്നത് എന്നത് നമ്മളെ അരക്ഷിതരോ അപകര്‍ഷതാബോധമുള്ളവരോ ആക്കി മാറ്റുന്നുണ്ടോ? പ്രകൃതിക്കിണങ്ങുന്ന നമ്മുടെ തനത് വിദ്യകള്‍ പ്രചരിപ്പിച്ച് ലോകത്തിന് വഴി തെളിക്കുകയും നാശം വിളിച്ചുവരുത്തുന്ന പാതയിലൂടെ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുകയുമല്ലേ വേണ്ടത്?

മുമ്പില്ലാത്ത വിധത്തില്‍ തൊഴിലില്ലായ്മ നമ്മുടെ രാജ്യത്ത് ഇന്നുണ്ട്. നിങ്ങളെപ്പോലുള്ള നിരവധി യുവാക്കള്‍ തൊഴില്‍തേടി ഇറങ്ങുകയുമാണ്. രാജ്യത്ത് ഏഴുകോടി ആളുകളാണ് കരകൗശലവിദ്യാ മേഖലയില്‍ തൊഴിലെടുക്കുന്നത്. മറ്റൊരു ഏഴുകോടി ആളുകള്‍ സംരംഭകരായുമുണ്ട്. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാതെ സ്വന്തം വൈദഗ്ധ്യവും കരുത്തുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ ഏഴുകോടിയാളുകളെ ആരും വിലവെക്കുന്നില്ല, പ്രോത്സാഹിപ്പിക്കുന്നുമില്ല. അവര്‍ക്ക് അഭയകേന്ദ്രങ്ങളില്ല. അവര്‍ക്ക് തൊഴില്‍ ഇല്ലാതാകുമ്പോള്‍, അവര്‍ തന്നെ ഇല്ലാതാകുമ്പോള്‍ മാനവികതയുടെ മഹത്വം കൂടിയാണ് ഇല്ലാതാകുന്നത്. സ്വയം ഇല്ലാതായിക്കൊണ്ട് അവര്‍ സൃഷ്ടിക്കുന്നത് എല്ലാ മാനവികതകളുടെയും പൈതൃകമാണെന്നത് ഓര്‍ക്കുക.

ഈ സന്ദിഗ്ധ ഘട്ടത്തില്‍ ഏകപ്രതീക്ഷയായി ഞാന്‍ കാണുന്നത് നിങ്ങളെയാണ്. രൂപകല്പനയുടെ ലോകമാണ് എന്റേത് എന്ന് തീരുമാനിച്ചപ്പോള്‍ തന്നെ ശരിയായ ചിന്താഗതിയുടെ ഭാഗത്താണ് എന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഉയര്‍ന്ന വരുമാനത്തേക്കാള്‍ വ്യക്തിത്വത്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നും. ഉത്പന്നങ്ങളുടെ, തുണിത്തരങ്ങളുടെ, വസ്ത്രങ്ങളുടെയൊക്കെ രൂപകല്പനയിലേക്ക് തിരിയുമ്പോള്‍ വികസനം, വിജയം, സന്തോഷം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാക്കാനുള്ള കഴിവ് കൂടിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഒരു ഗ്രാമം ദത്തെടുക്കൂ. അവിടുത്തെ തനത് വിദ്യകളെക്കുറിച്ച് പഠിക്കൂ. വൈവിധ്യ സമ്പന്നമായ നമ്മുടെ പാരമ്പര്യം എത്രമാത്രം ചെലവ് കുറഞ്ഞതും വ്യതിരിക്തവുമാണെന്ന് മനസ്സിലാക്കൂ. അതിലൂടെ സ്വയം നശിക്കുന്ന ഈ ലോകത്തെ പുനര്‍നിര്‍വചിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ഭാവന ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു പുതിയ ജീവിതം അവിടെയുള്ളവര്‍ക്ക് നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും. ദയാവായ്പുള്ള, പ്രസക്തമായ ഒരു പുതിയ ജീവിതം. ലോകത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള വീക്ഷണം അവര്‍ക്ക് കൂടി പകര്‍ന്നുനല്‍കണം. അവരുടെ കഴിവുകള്‍ നിങ്ങളുടേത് കൂടിയാക്കുകയും അത് ലോകത്തിന് പങ്കുവെക്കുകയും വേണം.
യഥാര്‍ത്ഥ സ്വത്വത്തെ തിരിച്ചുപിടിക്കുന്ന ജനതയും രാജ്യവുമാണ് നമ്മുടേത്. ബ്രാന്‍ഡ് അംബാസഡര്‍മാരോ ഭയത്തിന്റെ പ്രചാരകരോ വിപണനം നടത്തിയ സ്വത്വബോധമല്ല നമ്മുടേത്. തെളിഞ്ഞ വെളിച്ചത്തിലേക്ക്, സഹാനുഭൂതിയും മനുഷ്യത്വവും നിറയുന്ന ലോകത്തിലേക്ക് നയിക്കാന്‍ ശേഷിയുള്ള, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന, അഭിപ്രായ വ്യത്യാസങ്ങളെ സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുന്ന സ്വത്വമാണ് നമ്മുടേത്. ഇന്ന് നമ്മുടെ രാജ്യത്തെയും ആത്മാവിനെയും വലയം ചെയ്തിരിക്കുന്ന ഇരുട്ടിനെ ഒരുമിച്ച് പ്രതിരോധിക്കാന്‍ നമുക്ക് യോജിക്കാം. ദേശീയതയെന്ന പേരില്‍ നമ്മളിലേക്ക് വമിപ്പിക്കുന്ന വെറുപ്പിനെയും പ്രതിരോധിക്കാം.

നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു, ഞങ്ങള്‍ നിങ്ങളെ ആശ്രയിക്കുകയാണ്.
നമുക്ക് വെളിച്ചം വീണ്ടെടുക്കുന്നവരാകാം, ഇന്ത്യക്കും സ്വസ്ഥമായ ലോകത്തിനും വേണ്ടി.
(കടപ്പാട്: ദി വയര്‍)

മല്ലിക സാരാഭായ്

You must be logged in to post a comment Login