റജബിലേ പരിശീലിച്ചാല്‍ റമളാനില്‍ മടുപ്പൊഴിവാക്കാം

റജബിലേ പരിശീലിച്ചാല്‍ റമളാനില്‍ മടുപ്പൊഴിവാക്കാം

അല്ലാഹ്, റജബിലും ശഅ്ബാനിലും ബറകത് നല്‍കണേ, റമളാനിലേക്കെത്തിക്കണേ…
റജബ് മാസം പിറന്നാല്‍ വിശ്വാസികളുടെ പ്രാര്‍ഥനയാണിത്.റമളാന്‍ പുണ്യത്തെ വിശ്വാസി വിളിച്ചു വരുത്തുകയാണ്. രണ്ടുമാസം നീണ്ട നിരന്തര വിളികള്‍ക്കു ശേഷം വരുന്ന റമളാനിനെ വേണ്ട വിധം സ്വീകരിക്കണ്ടേ? അതിനായില്ലെങ്കില്‍ അത് വിളിച്ചു വരുത്തി അപമാനിക്കലാണ്.

ആരാധനകള്‍ കൊണ്ട് സമൃദ്ധമാക്കലാണ് റമളാനിന് നല്‍കുന്ന മാന്യമായ സ്വീകാരം. തറാവീഹ് നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, ഇലാഹീ സ്മരണ തുടങ്ങിയ ആരാധനകള്‍ വര്‍ധിപ്പിക്കുകയും കൃത്യമായി നോമ്പനുഷ്ഠിക്കുകയും വേണം. പതിനൊന്നു മാസത്തെ സാധാരണ കര്‍മങ്ങള്‍ ചെയ്ത് ജീവിക്കുന്ന ഒരാള്‍ക്ക് പൊടുന്നനെ ഇതൊന്നും വര്‍ദ്ധിപ്പിക്കാനാവില്ല.അയാള്‍ക്ക് ശാരീരിക മാനസിക ആത്മീയ തളര്‍ച്ചയാണുണ്ടാവുക. സാധാരണ നിലയില്‍ നിര്‍ബന്ധ നിസ്‌കാരം മാത്രം ശീലിച്ച ഒരാള്‍ റമളാനില്‍ ഇരുപത് ഘട്ട തറാവീഹ് നിസ്‌കാരത്തിന് ശ്രമിച്ചാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ടുതന്നെ ക്ഷീണിക്കും. മടുക്കുകയും ചെയ്യും. പിന്നെ ആ മാസത്തില്‍ അയാള്‍ക്ക് ഒന്നിനും ഉന്മേഷമുണ്ടാവില്ല. നോമ്പും കൂടിയാവുമ്പോള്‍ നന്നായി മടുക്കും. എന്താണിതിനു പരിഹാരം?

മുന്നൊരുക്കമാണ് പ്രധാനം. എത്രത്തോളം ഒരുങ്ങുന്നുണ്ടോ അത്രത്തോളം റമളാനെ മികച്ചതാക്കാം. മുന്നൊരുക്കമില്ലാത്ത പ്രോഗ്രാമുകള്‍ ഇടക്ക് നിര്‍ത്തിവെക്കുകയോ പാളുകയോ ചെയ്യുന്നത് അനുഭവമാണല്ലോ. ഇത്തരമൊരനുഭവം ഇല്ലാതാക്കാനാണ് റജബ് മുതല്‍ തന്നെ ഓരോ വിശ്വാസിയും ഓരോ നിസ്‌കാരങ്ങള്‍ക്ക് ശേഷവും മുകളിലെപ്പോലെ പ്രാര്‍ഥിക്കുന്നതും സ്വയം ഓര്‍മിപ്പിക്കുന്നതും. റമളാന്‍ ഇതാ എത്തിയിട്ടുണ്ട്. ഒരുങ്ങിക്കോളൂ.. തയാറായിക്കോളൂ… മാനസികമായി റമളാനവസ്ഥകളോട് പൊരുത്തപ്പെടുകയാണ് വിശ്വാസികള്‍ . കായിക കലാമേളകള്‍ക്കൊരുങ്ങുന്നവര്‍ പൂര്‍ണമായ പ്രാക്ടീസിനു ശേഷമാണ് ഇറങ്ങാറുള്ളത്. അതിനേക്കാള്‍ മഹത്തായ സമര്‍പ്പണത്തിനാണല്ലൊ വിശ്വാസി ഇറങ്ങുന്നത്. റമളാന്‍ പൂര്‍ണമായും നോമ്പ് നോല്‍ക്കാനുള്ളതാണ്. അത് പരിശീലിക്കുകയാണ് റജബിലും ശഅ്ബാനിലും. ഖുര്‍ആന്‍ പാരായണങ്ങള്‍ അല്‍പാല്‍പമായി വര്‍ധിപ്പിക്കണം. സുന്നത്ത് നിസ്‌കാരങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കണം. അങ്ങനെ രണ്ടുമാസത്തെ നിരന്തര പരിശീലനത്തിലൂടെ നേടിയെടുത്ത ഊര്‍ജവുമായാണ് റമളാനിലെത്തേണ്ടത്. അങ്ങനെ റമളാനിലെത്തിയാല്‍ രാത്രിയിലെ ഇരുപത് ഘട്ട നിസ്‌കാരമോ ദീര്‍ഘസമയ ഖുര്‍ആന്‍ പാരായണമോ മുപ്പത് ദിവസത്തെ തുടര്‍ച്ചയായ നോമ്പോ ഒരു പ്രയാസവും മടുപ്പും സൃഷ്ടിക്കില്ല.
പ്രധാനമായും മൂന്ന് രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.

മാനസിക മുന്നൊരുക്കം
റജബ് മാസം തുടങ്ങുന്നതോടെ മുന്നൊരുക്കങ്ങളായി. പ്രാര്‍ഥന മാനസികമായ ഒരു മുന്നൊരുക്കമാണ്. നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുകയെന്നത് മനസ്സിനെ പ്രയാസമുള്ള ഒരു പ്രവര്‍ത്തനത്തിന് സന്നദ്ധമാക്കലാണ്. റജബിലും ശഅ്ബാനിലും ബറകത് ചെയ്യണേ എന്ന പ്രാര്‍ഥനയിലെ ബാരിക് എന്ന അറബി പദം നോക്കുക;അതിന്റെ കര്‍മം – മഫ്ഊല്‍ എവിടെ? ഇതിനെ കുറിച്ച് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് അതിന്റെ അര്‍ഥ വിശാലത ഓര്‍മപ്പെടുത്തിയാണ്. എല്ലാ നല്ലകാര്യങ്ങളിലും (ഖുര്‍ആന്‍ പാരായണം, ഇലാഹീ സ്മരണകള്‍, സുന്നത്ത് നിസ്‌കാരം, സുന്നത്ത് നോമ്പുകള്‍, സ്വദഖകള്‍ തുടങ്ങിയ) ബറകത് ചെയ്യണേ എന്നാണതിന്റെ താല്പര്യം. വെറുമൊരു പ്രാര്‍ഥനയല്ല അത്. ഓരോര്‍മപ്പെടുത്തലാണ്. റജബെത്തിയിട്ടുണ്ട് വിശ്വാസികളെ… റമളാനിനെ പൂര്‍ണമായി സ്വീകരിക്കാന്‍ മനസ്സുവേണമെങ്കില്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കോ. ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിച്ചോ, സുന്നത്ത് നോമ്പുകള്‍ വര്‍ധിപ്പിച്ചോ.

മാനസിക മുന്നൊരുക്കത്തിന്റെ മറ്റൊരു തലം തീരുമാനമാണ്. നന്മയേറെ ചെയ്യാനുള്ള തീരുമാനം. ഈ റമളാനില്‍ എത്ര തവണ ഖുര്‍ആന്‍ ഓതി തീര്‍ക്കണം? എത്ര പേരെ നോമ്പു തുറപ്പിക്കണം? ഏത് പള്ളിയില്‍ ഇഅ്തികാഫിരിക്കണം? എവിടെ ജമാഅത്തിനു പോകണം? തുടങ്ങിയ തീരുമാനങ്ങള്‍. റജബില്‍ തന്നെ തീരുമാനമെടുക്കണം. റജബിലും ശഅ്ബാനിലും അത് നടപ്പിലാക്കാനുള്ള പരിശീലനം നടത്തണം. ഉദ്ദേശ്യാടിസ്ഥാനത്തിലാണല്ലോ കര്‍മങ്ങളുടെ സ്വീകാര്യത. ഒന്നുമുണ്ടായില്ലെങ്കില്‍ പോലും ആ തീരുമാനം തന്നെ പ്രതിഫലാര്‍ഹമായി. നന്മ തീരുമാനിച്ചാല്‍ ഒരു പ്രതിഫലവും ചെയ്താല്‍ രണ്ടു പ്രതിഫലവുമെന്ന് നബി വചനങ്ങളിലും വന്നിട്ടുണ്ട്.

റമളാനിലെ കര്‍മങ്ങള്‍ പലവിധത്തില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നോര്‍മല്‍ കര്‍മങ്ങളാവാം, മീഡിയം ആവാം, മാക്‌സിമം പരിപൂര്‍ണതയിലെത്താം. നോമ്പെടുക്കുന്നുവെന്ന് നിയ്യത്ത് ചെയ്ത് വൈകുന്നേരം വരെ (നിര്‍ബന്ധ കാര്യങ്ങളെല്ലാം ചെയ്ത്) കിടന്നുറങ്ങുന്നയാള്‍ക്കും നോമ്പുണ്ട്, അത്യാവശ്യം സുന്നത്ത് നിസ്‌കാരത്തിലൊതുക്കി അല്‍പം ഖുര്‍ആനോതുന്നവനും നോമ്പുണ്ട്, സുന്നത്ത് നിസ്‌കാരങ്ങളില്‍ മുഴുകി പള്ളിയില്‍ ഇഅ്തികാഫിരുന്ന് ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്ത് ദിവസത്തെ മുഴുവന്‍ ചൈതന്യവത്താക്കിയ ആള്‍ക്കും നോമ്പുണ്ട്. ഇതില്‍ ഏതു നോമ്പാണ് കൂടുതല്‍ പ്രതിഫലാര്‍ഹം? ആര്‍ക്കുവേണ്ടിയാണ് റമളാന്‍ സസന്തോഷം അനുകൂലമായി സാക്ഷി നില്‍ക്കുക? അതെല്ലാവര്‍ക്കുമറിയാം.
ഇതില്‍ ഏതു വിഭാഗത്തിലാണ് താനുണ്ടാവേണ്ടതെന്ന് തീരുമാനിക്കേണ്ടത് റജബിലാണ്, അല്ലെങ്കില്‍ ശഅ്ബാനിലാണ്. ആ തീരുമാനങ്ങളാണ് റമളാനെ എത്ര മാന്യമായി നമുക്ക് സ്വീകരിക്കാനാവും എന്ന് വ്യക്തമാക്കിത്തരിക.
ഹൃദയ ശുദ്ധീകരണമാണ് മാനസികമായ മറ്റൊരു മുന്നൊരുക്കം. ശഅ്ബാന്‍ സമാഗതമായാല്‍ ഹൃദയം ശുദ്ധീകരിക്കണമെന്നും നിയ്യത്ത് നന്നാക്കണമെന്നും അവ റമളാനിനുള്ള മുന്നൊരുക്കമാണെന്നും ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിലുണ്ട്. ഹൃദയ ശുദ്ധീകരണത്തിനുള്ള മാര്‍ഗങ്ങളായി മഹത്തുക്കള്‍ പറയുന്നത് പാപമോചന പ്രാര്‍ഥനകളാണ്(ഇസ്തിഗ്ഫാര്‍). നിരന്തരമായ ഖുര്‍ആന്‍ പാരായണമാണ്. ഇലാഹീ സ്മരണകളുടെ ആവര്‍ത്തനങ്ങളാണ്. പതിനൊന്നു മാസക്കാലം തെറ്റുകളുടെ ചേറിലാണ്ടുപോയ ഹൃദയം ശുദ്ധിയാവാന്‍ സമയമെടുക്കുമെന്ന് അറിയാമല്ലോ? അതിനാല്‍ രണ്ടുമാസക്കാലത്തെ നിരന്തര പരിശീലനം വേണ്ടിവരും.

ശാരീരിക മുന്നൊരുക്കം
റമളാന്‍ മാസത്തില്‍ ശാരീരികമായി സഹനം ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും റജബിലും ശഅ്ബാനിലും വഴക്കമുണ്ടാക്കേണ്ടത് അനിവാര്യമാണ്. പകല്‍ സമയം അന്നപാനീയങ്ങള്‍ ഒഴിവാക്കി മുഴുപ്പട്ടിണിയില്‍ കഴിയാന്‍ ആര്‍ക്കാണ് പ്രയാസമില്ലാതിരിക്കുക. സുബ്ഹി നിസ്‌കരിച്ച ഉടനെയും രാവിലെയും പത്തുമണിക്കും ഉച്ചക്കും സായാഹ്നത്തിലും ഭക്ഷണം കഴിക്കുന്ന നമുക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെ പട്ടിണികിടക്കുന്നത് പ്രയാസമാകുമെന്നുറപ്പാണ്. അതിനാല്‍ റജബിലും ശഅ്ബാനിലും ചില ദിവസങ്ങളില്‍ നോമ്പുകളനുഷ്ടിച്ച് തഴക്കമുണ്ടാക്കണം.

ഭക്ഷണം മാത്രമല്ല , ഏഷണി, പരദൂഷണം, കളവ് പറയല്‍, അസൂയ, അഹങ്കാരം, അഹന്ത ഇതൊക്കെ പതിനൊന്നു മാസം നമ്മുടെ കൂടെപ്പോന്നതാണെങ്കില്‍ അവയെയൊക്കെ ഒഴിവാക്കി നിര്‍ത്തണം. മറ്റു മാസങ്ങളില്‍ അനുവദിക്കപ്പെട്ട പലതും ഈ മാസത്തില്‍ വെവ്വേറെ സമയങ്ങളില്‍ ഒഴിവാക്കണം. നോമ്പനുഷ്ഠിച്ച് അപരനെ ദൂഷ്യം പറയുന്നയാളുടെ നോമ്പ് എവിടെയുമെത്തില്ല. അത്തരം കാര്യങ്ങള്‍ ഹൃദയ ശുദ്ധീകരണത്തില്‍ പെട്ടതാണെങ്കിലും ആ സാഹചര്യങ്ങള്‍ ഒഴിവാക്കല്‍ ശാരീരിക മുന്നൊരുക്കത്തില്‍ പെട്ടതാണ്.

മനസ്സിന്റെ അഴുക്കുകള്‍ മാത്രമല്ല, ശരീരത്തിന്റെ അഴുക്കുകളും നീക്കണം. നഖം മുറിക്കുക, മുടി വെട്ടുക എന്നിങ്ങനെ ശാരീരിക ശുദ്ധീകരണവും പരിസര ശുദ്ധീകരണവും വേണം. വീടും പരിസരവും ശുദ്ധിയാക്കണം. നനച്ചു കുളി എന്ന ഒരു സംവിധാനം ഇപ്പോഴും ചിലയിടങ്ങളിലുണ്ട്. ഭക്തിയുടെ ശുദ്ധിയാണത്.

കര്‍മ മുന്നൊരുക്കം
ആരാധനകളിലുള്ള മുന്നൊരുക്കങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. പലതും നടേ ചുണ്ടിക്കാട്ടിയിട്ടുണ്ട്. മികച്ച ആസൂത്രണം വേണം. റമളാന്‍ മുന്നൊരുക്ക പ്രഭാഷണങ്ങളാവാം. പ്രഭാഷകന്‍ വന്ന് ഘനഗംഭീര പ്രഭാഷണം നടത്തി, ചെലവുകളെക്കാള്‍ വരവ് ലഭിക്കണം എന്ന രൂപത്തിലുള്ള കേവലം നാമമാത്ര പ്രഭാഷണങ്ങളാവരുത്. റമളാനില്‍ ചെയ്ത് തീര്‍ക്കേണ്ട കര്‍മങ്ങള്‍ പ്രതിപാദിക്കുകയും സംശയനിവാരണങ്ങള്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുന്ന രൂപത്തിലുള്ള പ്രഭാഷണങ്ങളാവണം. മഹല്ലിലെ അല്ലെങ്കില്‍ പ്രദേശത്തെ എല്ലാ വ്യക്തികളും പരിപാടിയില്‍ സംബന്ധിക്കുന്ന വിധത്തിലാവണം. സംഭാവനകള്‍ ലക്ഷ്യം വെക്കാതെ സാമൂഹ്യഗുണത്തിന് ഊന്നല്‍ കൊടുക്കണം. സംഭാവനകള്‍ തനിയെ വന്നുകൊള്ളും.
റജബ് മാസം മുതല്‍ തന്നെ തൗബ സദസ്സുകള്‍ സംഘടിപ്പിക്കണം. റമളാന്‍ ഇരുപത്തിയേഴാം രാവില്‍ നടത്തുന്ന തൗബയില്‍ പങ്കെടുത്തിട്ടും ജീവിതത്തില്‍ മാറ്റം വരാത്തതിന്റെ പ്രധാനകാരണം, അന്നത്തെ തൗബ നമ്മുടെ മനസില്‍ നിന്നുവന്ന തൗബയല്ലാത്തത് കൊണ്ടാണ്. ആളുകളെല്ലാം അന്നവിടെ എത്തിയത് കൊണ്ട് ഞാനുമെത്തി. എല്ലാവരും പ്രാര്‍ഥിച്ചത് കൊണ്ട് ഞാനും പ്രാര്‍ഥിക്കുന്നു എന്ന നിലയിലാണ് പല തൗബ സദസ്സുകളും സംഘടിപ്പിക്കപ്പെടുന്നത്. റജബ് മാസം മുതലേ തൗബ സദസ്സുകള്‍ തുടങ്ങുകയും ആളുകള്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്ന രൂപത്തിലേക്ക് മാറ്റം വരുത്തി നോക്കൂ. റമളാന്‍ ഓരോ രാവുകളിലും ആളുകള്‍ തൗബ ചെയ്ത് മടങ്ങും. ആ റമളാന്‍ കഴിയും മുമ്പു തന്നെ നമുക്ക് വന്‍മാറ്റം ദര്‍ശിക്കാനാവും.
രണ്ടു മാസം മുമ്പേ ഖേദിച്ചു മടങ്ങാനും പാപമോചനം നടത്താനും കടബാധ്യതകള്‍ വീട്ടാനും പ്രവാചകന്‍ നിര്‍ദേശിക്കാറുണ്ടെന്ന് ഹദീസുകളിലുണ്ട്.
യുദ്ധം ഹറാമായ മാസമാണല്ലോ റജബ്. അതിലൂടെ പരിശീലനത്തിന്റെ ആദ്യപടിയാണ് നാഥന്‍ നടപ്പിലാക്കുന്നത്.
പരിശീലനത്തിന്റെ പ്രഥമ ഘട്ടത്തില്‍ പരിശീലകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാവും ചെയ്യുക. പ്രയാസമായ പലതും നിര്‍ബന്ധപൂര്‍വം ചെയ്യുന്നതിലൂടെ ആയാസരഹിതമാകാറാണ് പതിവ്. ഇവിടെയും ആ രീതിയാണ്.റജബില്‍ നിര്‍ബന്ധപൂര്‍വം അവ ചെയ്യിക്കുന്നതിലൂടെ പരിശീലനം നേടുകയാണ്. ഓരോ വിശ്വാസിയുടെയും സ്വഭാവ ശുദ്ധീകരണമാണ് ഇതിലൂടെ നടക്കുന്നത്.

ഭക്ഷണശേഖരണം
ഭക്ഷണങ്ങള്‍ ശേഖരിച്ചുവെക്കലും ഒരു മുന്നൊരുക്കമാണ്. റമളാനിലേക്കാവശ്യമായ ഭക്ഷണങ്ങളെല്ലാം തയാറാക്കി വെക്കുന്നതിലൂടെ റമളാന്‍ മാസത്തിലെ അങ്ങാടി സമ്പര്‍ക്കം കുറക്കാനാവും. തയാറാക്കിയത് ഒരു മാസത്തേക്ക് നിലനിറുത്തല്‍ ആവശ്യമായതിനാല്‍ നോമ്പു തുറന്ന ശേഷമുള്ള തീറ്റ മത്സരവും ഒരു പരിധി വരെ നിയന്ത്രിക്കാനാകും. നോമ്പുതുറ മുതല്‍ അത്താഴം വരെയുള്ള ഭക്ഷണ മാമാങ്കം ഒഴിവാക്കാനും പരിശീലനം ആവശ്യമാണ്. അതും റജബിലും ശഅബാനിലും നേടിയെടുക്കേണ്ടതാണ്.

സഅദ് കാമില്‍ സഖാഫി

You must be logged in to post a comment Login