പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്

പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്

ബി ടെക് കോഴ്സിനായി എന്‍ജിനിയറിങ് കോളജില്‍ ചേരാനാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ഒട്ടേറെ സാധ്യതകളുണ്ട്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, ഐ ടി എന്നിങ്ങനെ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കാനിഷ്ടപ്പെടുന്ന ധാരാളം ബി ടെക് കോഴ്സുകള്‍ കോളജുകള്‍ നടത്തുന്നു. ഇവയില്‍ നിന്നെല്ലാം മാറി വേറിട്ട വഴിയിലൂടെ പോകണമെന്നാഗ്രഹിക്കുന്ന മിടുക്കര്‍ക്കും മിടുക്കികള്‍ക്കും പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് തിരഞ്ഞെടുക്കാം. ഉത്പാദന സാങ്കേതികവിദ്യയും മാനേജ്മെന്റ് സയന്‍സും കൂടി ചേരുന്നതാണ് പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് എന്ന സാങ്കേതികശാഖ. ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങളിലെ എന്‍ജിനിയറിങ് പ്രക്രിയയും മാനേജ്മെന്റ് വെല്ലുവിളികളും അറിഞ്ഞിരിക്കേണ്ടതുണ്ട് ഒരു പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ക്ക്. ഉത്പാദനപ്രക്രിയ ഏറ്റവും സുഗമമായും ചെലവു കുറഞ്ഞ രീതിയിലും പൂര്‍ത്തിയാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ക്ക് നിര്‍വഹിക്കാനുളളത്.

പ്രൊഡക്ഷന്‍ എന്‍ജിനിയറുടെ ജോലി
ഒരു വ്യവസായ സംരംഭത്തിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വ്യത്യസ്തമായ ബ്രാഞ്ചുകളില്‍ നിന്നുള്ള എന്‍ജിനിയര്‍മാരുണ്ടാവും. ഇലക്ട്രിക്കല്‍ കാര്യങ്ങള്‍ നോക്കാന്‍ ഇലക്ട്രിക്കല്‍ എന്‍ജിനയര്‍, ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിനായി ഇലക്ട്രോണിക്സ് എന്‍ജിനിയര്‍, യന്ത്രസാമഗ്രികളുടെ പരിപാലനത്തിനായി മെക്കാനിക്കല്‍ എന്‍ജിനിയര്‍ അങ്ങനെയങ്ങനെ. ഉത്പാദനപ്രക്രിയയുടെ മുഴുവന്‍ കാര്യങ്ങളുടെയും മേല്‍നോട്ടച്ചുമതല നിര്‍വഹിക്കുക എന്നതാണ് പ്രൊഡക്ഷന്‍ എന്‍ജിനിയറുടെ ജോലി. മേന്‍മയേറിയ അസംസ്‌കൃത വസ്തുക്കള്‍ ചുരുങ്ങിയ വിലയ്ക്ക് സമാഹരിക്കുന്നത് തൊട്ട് അത് ഗുണമേന്മയേറിയ ഉത്പന്നമായി വിപണിയിലെത്തുന്നതുവരെയുള്ള സമസ്ത കാര്യങ്ങളിലും പ്രൊഡക്ഷന്‍ എന്‍ജിനിയറുടെ കണ്ണെത്തണം. എന്‍ജിനിയറിങ് മികവിനൊപ്പം മാനേജ്മെന്റ് പാടവവും കൂടിയുണ്ടെങ്കിലേ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ക്ക് തിളങ്ങാനാവൂ. കേള്‍ക്കുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും പ്രായോഗികതലത്തില്‍ ഒരുപാട് തലവേദനയുണ്ടാക്കുന്ന ഉത്തരവാദിത്തമാണിത്. കാസ്റ്റിങ്, മെഷിനിങ് പ്രൊസസിങ്, ജോയിനിങ് പ്രൊസസ്, മെറ്റല്‍ കട്ടിങ് ആന്‍ഡ് ടൂള്‍ ഡിസൈനിങ്, മെട്രോളജി, ഓട്ടോമേഷന്‍, ഡൈ ആന്‍ഡ് മോള്‍ഡ് ഡിസൈന്‍, മെറ്റീരിയില്‍ സയന്‍സ്, മെഷീന്‍ ഡിസൈനിങ് ആന്‍ഡ് മാനുഫാക്ചറിങ് എന്നീ എന്‍ജിനിയറിങ് ഭാഗങ്ങളൊക്കെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ക്ക് ഹൃദിസ്ഥമായിരിക്കണം. ഒരു ഉത്പന്നം ഏറ്റവും ചെലവു കുറച്ച് ഏറ്റവും വേഗത്തില്‍ എങ്ങനെ വിപണിയിലെത്തിക്കാനാവും എന്നാണ് പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടത്. അതിനായി മറ്റ് ഉത്പന്നങ്ങളെക്കുറിച്ച് പഠിച്ചും അതുമായി താരതമ്യം ചെയ്തും ഗുണമേന്മയും വിലയും ഒത്തിണങ്ങുന്ന ഒരു ഉത്പന്നം സ്വന്തമായി ഉണ്ടാക്കേണ്ടതുണ്ട്. ഉത്പാദനപ്രക്രിയയുടെ വിവിധ ഘട്ടങ്ങള്‍ പരിശീലിക്കാനായി കംപ്യൂട്ടര്‍ സിമുലേഷന്‍ വിദ്യ ഉപയോഗിക്കാനുളള അറിവുണ്ടായിരിക്കണം. ഉത്പാദനം ആരംഭിച്ചുകഴിഞ്ഞാല്‍ വിവിധ വകുപ്പുകള്‍ തമ്മിലുളള സുഗമമായ ഏകോപനം ഉറപ്പുവരുത്തി പ്രശ്നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുളള മിടുക്കും പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ക്കുണ്ടാകണം.

എന്തു പഠിക്കണം?
പ്രൊഡക്ഷന്‍ എന്‍ജിനിയറിങില്‍ ബി ടെക് ബിരുദമെടുത്താലേ ഈ രംഗത്തേക്ക് പ്രവേശിക്കാനാവൂ. രാജ്യത്ത് എന്‍ജിനിയറിങ് കോളജുകള്‍ ഇഷ്ടം പോലെയുണ്ടെങ്കിലും പ്രൊഡക്ഷന്‍ എന്‍ജിനിയറിങില്‍ ബി ടെക് കോഴ്സ് നടത്തുന്ന ചുരുക്കം സ്ഥാപനങ്ങളേയുള്ളൂ. ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ബിറ്റ്) ആണ് ഇതില്‍ ഏറ്റവും പേരുകേട്ടത്. ബിറ്റിന്റെ ഝാര്‍ഖണ്ഡിലെ മെസ്ര, ദിയേഖഡ്, ബിഹാറിലെ പട്‌ന കാമ്പസുകളില്‍ പ്രൊഡക്ഷന്‍ എന്‍ജിനിയറിങ് കോഴ്സ് നടത്തുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ ഐ ടി) ഡല്‍ഹി, റൂര്‍ക്കി കാമ്പസുകള്‍, ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, മഹാരാഷ്ട്രയിലെ ശിവാജി യൂണിവേഴ്സിറ്റി, ഗുജറാത്ത് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, മുംബൈയിലെ അന്‍ജുമാന്‍-ഇ-ഇസ്ലാംസ് സാബൂ സിദ്ദിഖ് കോളജ് ഓഫ് എന്‍ജിനിയറിങ്, ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെല്ലൂരിലെ വി ഐ ടി യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പ്രൊഡക്ഷന്‍ എന്‍ജിനിയറിങില്‍ ബി ടെക് കോഴ്സ് നടക്കുന്നുണ്ട്.
പ്രൊഡക്ഷന്‍ എന്‍ജിനിയറിങില്‍ ബി ടെക് കോഴ്സ് കഴിഞ്ഞിറങ്ങുന്നവരെ റിക്രൂട്ട് ചെയ്യാന്‍ വമ്പന്‍ കമ്പനികള്‍ മത്സരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കണ്ടുവരുന്നത്. നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ ടി പി സി), ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, ആദിത്യ ബിര്‍ല, കെയിന്‍ ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ വലിയ കമ്പനികള്‍ ഓരോ വര്‍ഷവും നിരവധി പ്രൊഡക്ഷന്‍ എന്‍ജിനിയര്‍മാരെ ജോലിക്കെടുക്കാറുണ്ട്.

പഠനം കേരളത്തില്‍
നമ്മുടെ സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളിലേ പ്രൊഡക്ഷന്‍ എന്‍ജിനിയറിങില്‍ ബി ടെക് കോഴ്സ് നടത്തുന്നുള്ളൂ. തൃശ്ശൂരിലെ ഗവ. എന്‍ജിനിയറിങ് കോളജാണ് ഇതില്‍ പേര് കേട്ടത്. 33 സീറ്റുകളാണ് ഇവിടെയുള്ളത്. കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന കീം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ ഐ ടി) കോഴിക്കോട്, കൊല്ലത്തെ ടി കെ എം എന്‍ജിനിയറിങ് കോളജ്, തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാള്‍ കോളജ് ഓഫ് എന്‍ജിനിയറിങ്, ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനിയറിങ്, തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവിടങ്ങളിലും ഈ കോഴ്സുണ്ട്.

PD SUNIL DAS

You must be logged in to post a comment Login