മഹാമാരിക്കു മുന്നിലും മതം പതറാത്തതെന്താകാം?

മഹാമാരിക്കു മുന്നിലും മതം പതറാത്തതെന്താകാം?

തെഹ്റാനിലെ പക്ദഷ്ത് ശുഹദ ആശുപത്രിയിലെ ഡോ. ഷിറീന്‍ റൂഹാനി എന്ന ഡോക്ടറെ കുറിച്ച് വായിച്ചപ്പോള്‍, ആ യുവതിയുടെ ദാരുണമായ അന്ത്യത്തിന് കാരണക്കാര്‍ ഇറാന്‍ ഭരണകൂടമല്ലേ എന്ന് ചോദിക്കാനല്ല, ജീവിതദുരന്തമുഖത്ത് അവര്‍ കാണിച്ച ത്യാഗവും സമര്‍പ്പണവും ലോകം അര്‍ഹിക്കുംവിധം രേഖപ്പെടുത്തിയോ എന്നറിയാനാണ് മനസ്സ് വേവലാതി പൂണ്ടത്. ഏറ്റവുമധികം കൊറോണവൈറസ് ബാധയേറ്റ ഒരു രാജ്യം പിടിച്ചുനില്‍ക്കാന്‍ തലയിട്ടടിച്ച ഒരു ഘട്ടത്തില്‍ സ്വജീവന്‍ പണയം വെച്ചും രോഗികളെ ശുശ്രൂഷിക്കാന്‍ ത്യാഗസന്നദ്ധത കാണിച്ച ഷിറിന്‍ റൂഹാനി ഷിഫ്റ്റുകളുടെപരിധി മറന്ന് ഊണും ഉറക്കുമില്ലാതെ ദിവസങ്ങളോളം ജോലി ചെയ്തു. ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. ആരോഗ്യവിഷയത്തില്‍ ഒരു മൂന്നാംലോക രാജ്യത്തിന്റെ പരിമിതികളെ മറികടക്കാന്‍ പശ്ചിമേഷ്യയിലെ താരതമ്യേന മികച്ച ആതുരാലയ സംവിധാനങ്ങളുള്ള ഇറാന് സാധിച്ചിരുന്നില്ല എന്ന സത്യത്തിന് മുന്നില്‍ അവര്‍ സ്വയംമറന്ന് സേവനനിരതയായി. തുടര്‍ച്ചയായുള്ള ജോലി സമ്മാനിച്ച മാനസികവും ശാരീരികവുമായ സമ്മര്‍ദത്തില്‍ ക്ഷീണിച്ചവശയായി ആ യുവതിയെ ഒടുവില്‍ കൊറോണ വൈറസ് കയറിപ്പിടിച്ചു. എന്നിട്ടും തന്റെ കടമ നിര്‍വഹിക്കുന്നതില്‍നിന്ന് അവര്‍ പിന്തിരിഞ്ഞില്ല. ഫ്ള്യൂയിഡ് പൈപ്പുകള്‍ കൈയില്‍ ഘടിപ്പിച്ചിച്ചും അവര്‍ രോഗശുശ്രൂഷ തുടര്‍ന്നു. ഒടുവില്‍ മരണത്തിനു കീഴടങ്ങി; ആരോടും പരിഭവമില്ലാതെ.

ഡോ. ഷിറിന്‍ റൂഹാനിയുടെ കഥ
നട്ടുച്ചനേരത്ത് ജീവിതത്തിന് പൂര്‍ണവിരാമമിടേണ്ടി വന്ന ഒരു യുവ ഡോക്ടറുടെ ഹൃദയഭേദകമായ അനുഭവദുരന്തത്തിനപ്പുറം കൊറേണ എന്ന മഹാമാരി പരന്നൊഴുകിയ ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക് എന്ന പുരാതനമായ ഒരു നാഗരികസമൂഹം നേരിട്ട കനത്ത വെല്ലുവിളിയുടെ ഭീതിദമായ നേര്‍ചിത്രം വരച്ചുകാട്ടുന്നുണ്ട്. പശ്ചിമേഷ്യയില്‍ ഏറ്റവും ഭയാനകമാംവിധം കൊവിഡ്-19 വൈറസ് ബാധയുണ്ടാവുകയും മറ്റൊരു മുസ്ലിം രാജ്യത്തും സംഭവിക്കാത്തവിധം മരണനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു, ആയത്തുള്ള ഖാംനഇയുടെ നാട്ടില്‍(പടിഞ്ഞാറന്‍ ശത്രുക്കളുടെഭാഷയില്‍ ”മുല്ലമാരുടെ സാമ്രാജ്യത്തില്‍”). മാര്‍ച്ച് 22ന് ഇന്ത്യ ‘ജനത കര്‍ഫ്യു’ ആചരിക്കുന്ന ഞായറാഴ്ചത്തെ വിവരമനുസരിച്ച് ഇറാനില്‍ 1560പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ പത്തുമിനിറ്റിലും ഒരാള്‍ മരിച്ചുവീഴുന്ന ഭയാനകമായ അവസ്ഥ. 20610പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചുകഴിഞ്ഞു. രോഗം ഏറ്റവും കൂടുതല്‍ പിടിപെട്ട 13 പ്രവിശ്യകളില്‍നിന്ന് 30ലക്ഷം മനുഷ്യര്‍ മറ്റിടങ്ങളിലേക്ക് പലായനം നടത്തി എന്ന വാര്‍ത്തയില്‍നിന്ന് ആ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വ്യക്തമായ ദിശാബോധത്തോടെയല്ല, ഹസന്‍ റൂഹാനി ഭരണകൂടം മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളിയെ കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാവുന്നുണ്ട് സംഭ്രാന്തരുടെ ഈ നെട്ടോട്ടത്തെ തടയാന്‍ സാധിക്കാത്ത അധികൃതരുടെ നടപടിയില്‍നിന്ന്.
എന്തുകൊണ്ട് ഇറാന്‍, ഏഷ്യന്‍ വന്‍കരയില്‍ ചൈന കഴിഞ്ഞാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായി മാറി (Epicentre) എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ആഗോളരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ കൊറോണ മഹാമാരിയുടെ വ്യാപനത്തെ ബാധിക്കുന്നുണ്ട് എന്ന് വിലയിരുത്തേണ്ടിവരുന്നത്. അമേരിക്കയും പടിഞ്ഞാറന്‍ ശക്തികളും ഒറ്റപ്പെടുത്തുകയും സാമ്പത്തികമായി ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത ഇറാന്റെ ഏറ്റവുമടുത്ത സഖ്യരാഷ്ട്രം ചൈനയാണ്. ചൈനയിലെ കൊറോണ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നാണ് ഇറാനിലേക്ക് വൈറസ് ഇറക്കുമതി ചെയ്യപ്പെട്ടതത്രെ. ഫെബ്രുവരി 19ന് ഖുമ്മില്‍നിന്ന് (ആയത്തുല്ല ഖുമൈനിയുടെ ജന്മസ്ഥലം) വുഹാനില്‍ പോയ രണ്ടു കച്ചവടക്കാരിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇന്ന് ഖുമ്മാണ് ഇറാന്റെ കൊറോണ ആസ്ഥാനമായി മാറിയിരിക്കുന്നത്. രണ്ടുപേരുടെ മരണത്തിന് എട്ടുദിവസം കഴിഞ്ഞപ്പോള്‍ രാജ്യത്തെ 31 പ്രവിശ്യകളില്‍ 24 ഇടങ്ങളില്‍ കൊറോണ പടര്‍ന്നിരുന്നു. ശിയാ വിഭാഗത്തിന്റെ ആഗോള തീര്‍ഥാടന കേന്ദ്രമായ ഖുമ്മിലെ ഫാത്വിമ മസൂമ മഖ്ബറ സ്ഥിതി ചെയ്യുന്ന പുണ്യകേന്ദ്രം എന്ന നിലയില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ അങ്ങോട്ട് ഒഴുകിയതാണത്രെ ഇത്രപെട്ടെന്ന് വൈറസ് പടര്‍ന്നുപിടിക്കാനും മരണം വാരിവിതറാനും കാരണമായത്. മറ്റുരാജ്യങ്ങളില്‍, വിശിഷ്യാ ചൈനയില്‍ മരണനിരക്ക് മൂന്നുശതമാനമാണെങ്കില്‍ ഇറാനില്‍ അത് 8-18ശതമാനം വരെ ആണത്രെ. എന്നിട്ടും തീര്‍ഥാടനപ്രവാഹം നിയന്ത്രിക്കാനോ മഖ്ബറ അടച്ചുപൂട്ടാനോ അധികൃതര്‍ മുന്നോട്ടുവന്നില്ല എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഈ പുണ്യസ്ഥാനം ആത്മീയവും ശാരീരികവുമായ രോഗശമനത്തിനുള്ളതാണെന്നും അതുകൊണ്ട് ഞങ്ങള്‍ തടയാന്‍ പോകുന്നില്ലെന്നുമാണ് ഖുമ്മിലെ പ്രധാന നേതാക്കളിലൊരാളായ മുഹമ്മദ് സഈദ് മാധ്യമങ്ങളോട് പറഞ്ഞതത്രെ. ഇറാന്റെ കാര്യത്തില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ പ്രതികാരബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. അതേസമയം, രാജ്യത്തെ പ്രമുഖര്‍ക്ക് കൊറോണ ബാധ ഉണ്ടായതും ഭരണത്തിന്റെ താളം തെറ്റിയതും നിഷേധിക്കാന്‍ ആരും തുനിയില്ല. വൈസ് പ്രസിഡന്റ് മൂസൗമ ഇബ്തിഖാര്‍ (1979ലെ ബന്ദിസംഭവത്തില്‍ വിദ്യാര്‍ഥികളുടെ മാധ്യമവക്താവായി തിളങ്ങിയ സിസ്റ്റര്‍ മേരി) സ്വയം സമ്മതിക്കുകയുണ്ടായി, കൊറോണ വൈറസ് പിടിപെട്ടിരിക്കയാണ് തനിക്കെന്ന്. ദേശീയ സുരക്ഷ-വിദേശനയ സമിതിയുടെ ചെയര്‍മാനും കൊവിഡ്19 ബാധിതനാണിന്ന്. മുതിര്‍ന്ന പണ്ഡിതനും വത്തിക്കാനിലെ ഇറാന്റെ അംബാസഡറുമായ മഹമൂദ് സദഗി ട്വിറ്ററിലൂടെ രാജ്യത്തോട് വിട ചോദിക്കുന്ന സന്ദേശം അയച്ചപ്പോള്‍ ജനത്തിന് വാവിട്ടുകരയാനേ സാധിച്ചുള്ളൂ. സാമ്പത്തിക ഉപരോധം മൂലം നട്ടെല്ല് തകര്‍ന്ന ഒരു രാജ്യം കൊറോണയുടെ മുന്നില്‍ പരാജയം സമ്മതിച്ച മട്ടാണ്. ഇവിടെനിന്ന് അസര്‍ബെയ്ജാന്‍, അഫ്ഗാന്‍ തുട ങ്ങി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വൈറസ് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വന്നതോടെ, ഇറാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കയാണ്. ഇറാനെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ അമേരിക്ക എല്ലാ നിലക്കും കരുനീക്കങ്ങള്‍ നടത്തുന്നുമുണ്ട്. ഫെബ്രുവരി 11നു ഇസ്ലാമിക വിപ്ലവ വാര്‍ഷികവും 21ന് ഇറാന്‍ തിരഞ്ഞെടുപ്പും കൊറോണ ഭീഷണി വകവെക്കാതെ നടത്തിയതാണ് സ്ഥിതിഗതികള്‍ ഇത്രക്കും വഷളാവാന്‍ ഇടയാക്കിയതെന്നാണ് പടിഞ്ഞാറന്‍ മീഡിയ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മക്ക മുതല്‍ വത്തിക്കാന്‍ വരെ
പോപ്പിന്റെ ആസ്ഥാനമായ റോം ഉള്‍ക്കൊള്ളുന്ന ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ കൊറോണ മരണം കൊണ്ട് ലോകത്തെ ഞെട്ടിച്ചത്. 47000പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4000ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട അപൂര്‍വ സ്ഥിതിവിശേഷം. മരണനിരക്ക് 8-10ശതമാനം. യൂറോപ്പിലെ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറ്റലിക്ക് എവിടെയാണ് പിഴച്ചത്? അതിസമ്പന്നത കൊണ്ടോ മികച്ച ആരോഗ്യനയവും സംവിധാനങ്ങളുംകൊണ്ടോ മാത്രം ഇത്തരം മഹാമാരികളെ തടുത്തുനിര്‍ത്താനും നിയന്ത്രിക്കാനും സാധ്യമല്ല എന്ന താക്കീതാണ് ഇറ്റലിയുടെ അനുഭവം ലോകത്തിന് കൈമാറുന്നത്. ഫെബ്രുവരി 15ന് കേവലം മൂന്നുപേര്‍ക്കാണ് കൊറോണ പിടിപെട്ടിരുന്നതെങ്കില്‍ ഒരു മാസം കൊണ്ട് 47,000 ആയി പെരുകി. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ , ചികിത്സാസംവിധാനങ്ങള്‍ താളം തെറ്റി. പ്രായമായവരെയും പ്രതീക്ഷയില്ലാത്തവരെയും മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് പുതുതായി എത്തുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കാനുള്ള നീക്കമാരംഭിച്ചപ്പോള്‍ വൃദ്ധസദനങ്ങളില്‍ ശവശരീരങ്ങള്‍ നിറഞ്ഞു. അവരെ ഉള്‍ക്കൊള്ളാന്‍ സെമിത്തേരികള്‍ക്ക് സാധിക്കാതെ വന്നപ്പോള്‍, പട്ടാളമിറങ്ങി ശവങ്ങള്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി കത്തിച്ചുകളയാന്‍തുടങ്ങി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അന്തിമചുംബനം പോലും നല്‍കാനോ മതകര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനോ സാധിക്കാതെ വന്നപ്പോള്‍ ജനത്തിന് ഹൃദയംപൊട്ടി കരയാനേ നിവൃത്തിയുണ്ടായുള്ളൂ. സമ്പത്തോ ശാസ്ത്ര-സാങ്കേതിക മികവോ ഇത്തരം ഘട്ടങ്ങളില്‍ നിര്‍വീര്യമാക്കപ്പെടുന്ന അവസ്ഥ മനുഷ്യന്‍ എത്ര നിസ്സഹായനാണെന്ന് ഓര്‍മപ്പെടുത്തുന്നു. ഓരോദിവസവും 200-500 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തങ്ങള്‍ കൊറോണക്കു മുന്നില്‍ തോല്‍വി സമ്മതിച്ചിരിക്കയാണെന്ന് കുറ്റസമ്മതം നടത്താനേ ഭരണകൂടത്തിന് സാധിച്ചുള്ളു. വത്തിക്കാനില്‍ കുര്‍ബാനയും മതാഘോഷങ്ങളുമെല്ലാം റദ്ദാക്കിയതോടെ, പോപ്പിനെ ടെലിവിഷനില്‍ കൂടി ദര്‍ശിക്കാനേ വിശ്വാസികള്‍ക്ക് അവസരമുണ്ടായുള്ളൂ. രോഗികളെ സന്ദര്‍ശിക്കാനും സാന്ത്വനമരുളാനും പോപ്പ് നല്‍കിയ ഉപദേശം കേട്ട് സേവനത്തിനിറങ്ങിയ രണ്ടുഡസന്‍ വൈദികര്‍ ഇതിനകം കൊറോണ ബാധിച്ചു മരിച്ചു.

മതനേതൃത്വം ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം കണ്ട് അതിജീവനത്തിന്റെ പുതുവഴികള്‍ എങ്ങനെ തേടി എന്ന അന്വേഷണം പ്രസക്തവും പഠനാര്‍ഹവുമാണ്. വിശുദ്ധ മക്ക മുതല്‍ വത്തിക്കാന്‍ വരെ ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് യുക്തിവാദികളും നിരീശ്വര ചിന്താഗതിക്കാരുമാണ്. ദൈവമില്ലെങ്കിലും ആരാധനകള്‍ നിര്‍വഹിക്കപ്പെട്ടില്ലെങ്കിലും ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്ന തരത്തില്‍ കൊച്ചുകേരളത്തില്‍പോലും ചില മാധ്യമസംസാരം കേട്ടപ്പോള്‍ വിശ്വാസികള്‍ രോഷാകുലരായത് സ്വാഭാവികം. മതകച്ചവടക്കാര്‍ കട പൂട്ടിപ്പോയപ്പോള്‍ ഭൂമുഖത്ത് ഒന്നും സംഭവിച്ചില്ല എന്ന തരത്തിലും ചില വികൃതചിന്താഗതിക്കാര്‍ പോസ്റ്റുകളിടാന്‍ ധാര്‍ഷ്ട്യം കാണിച്ചു. വിവാദ നോവലിസ്റ്റ് ബംഗ്ലാദേശിലെ തസ്ലീമ നസ്റീന്‍ എല്ലാ പരിധികളും ലംഘിച്ചാണ് ഈ ഘട്ടത്തില്‍ വായാടിത്തങ്ങള്‍ നടത്തിയത്. ‘Mecca to Vatican-Covid -19 Proves When human being are in Peril,Gods flee first’ എന്ന ശീര്‍ഷകത്തില്‍ ദി പ്രിന്റ് വാരികയില്‍ തസ്ലീമ എഴുതിയ കുറിപ്പില്‍ പറയുന്നു: ‘പലര്‍ക്കും ദൈവം രക്ഷകനാണ്; സുരക്ഷക്കായി വര്‍ഷം മുഴുവനും ദൈവത്തെയാണ് ആരാധിക്കുന്നത്. എന്നാല്‍, മനുഷ്യവംശം ദുരിതത്തില്‍പ്പെട്ടപ്പോള്‍ ആദ്യം ഓടിപ്പോയത് ദൈവമാണ്’. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുകൂടുന്നത് തടയുകയും അതുവഴി ‘സാമൂഹിക അകലം’പാലിച്ച് രോഗാണുബാധ തടയുകയും ചെയ്യുക എന്ന സുചിന്തിത തീരുമാനത്തെയാണ് ‘ലജ്ജ’യുടെ ഉടമ ഇമ്മട്ടില്‍ പരിഹാസ രൂപേണ വിശകലനം ചെയ്യുന്നത്. ദൈവവും വേദപ്രോക്തമായ ധാര്‍മിക മൂല്യങ്ങളും സദാചാര സങ്കല്‍പങ്ങളും കാമാതുരമായ തങ്ങളുടെ വഴിവിട്ട ജീവിതത്തിന് വിഘ്നമാവുന്നുവെന്ന ചിന്തയാണ് യുക്തി തൊട്ടുതീണ്ടാത്ത ഇത്തരം ജല്‍പനങ്ങള്‍ക്ക് തസ്ലീമയെ പോലുള്ളവരെ പ്രേരിപ്പിക്കുന്നത്. മാനവരാശി അത്യപൂര്‍വമായ ഒരു മഹാമാരി ഉയര്‍ത്തുന്ന ഭീഷണിയെ നേരിടേണ്ടിവന്നപ്പോള്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നുചിന്തിക്കാനും ശാസ്ത്രീയ മുന്നറിയിപ്പുകളെ തുറന്ന മനസ്സോടെ സ്വീകരിച്ച് ആരാധനകളെ അതനുസരിച്ച് ചിട്ടപ്പെടുത്താനും കൈകൊണ്ട തീരുമാനങ്ങള്‍ മതത്തിന്റെ ജൈവികവും പുരോഗമനപരവുമായ മുഖങ്ങളെയാണ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. രോഗങ്ങളെ നിഷേധിക്കാനോ അതുയര്‍ത്തുന്ന വെല്ലുവിളികളെ കണ്ടില്ലെന്ന് നടിക്കാനോ ഒരുമതവും പഠിപ്പിക്കുന്നില്ല. മഹാമാരിക്കു പ്രതിവിധി കണ്ടത്തൊനും രോഗശമനത്തിനായി പ്രാര്‍ഥിക്കാനുമാണ് വിശ്വാസികളെ വേദപ്രോക്തമതങ്ങള്‍ ഓര്‍മപ്പെടുത്തുന്നത്.

മതനേതൃത്വം ഉണര്‍ന്നിരുന്ന ദിനരാത്രങ്ങള്‍
കൊറോണ വൈറസിന്റെ വ്യാപനം ആരംഭിച്ചപ്പോള്‍ തന്നെ ഇസ്ലാമിക ലോകം ജാഗരൂകരായിരുന്ന് പ്രതിസന്ധിയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞത് ലോകം സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. എബോള, സാര്‍സ്, മാസ് വൈറസുകളില്‍നിന്ന് വ്യത്യസ്തമായി സ്രവകണങ്ങളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്ന ഇതിന്റെ ജൈവസ്വഭാവം കൊണ്ടാണ് സാമൂഹികഅകലം ( സോഷ്യല്‍ ഡിസ്റ്റന്‍സിങ്) എന്ന രീതി അവലംബിക്കാന്‍ ആരോഗ്യവിദഗ്ധര്‍ എല്ലാരാജ്യക്കാരോടും ആവശ്യപ്പെട്ടത്. വായുവില്‍ കൂടിയോ വെള്ളത്തില്‍കൂടിയോ ഒന്നുമല്ല, ഏത് പ്രതലത്തിലാണോ അവ സ്ഥിതിചെയ്യുന്നത് അവിടെനിന്ന് മനുഷ്യസ്പര്‍ശനത്തിലൂടെ പുതിയ ഇരയെ കണ്ടെത്താനും ആവുംവിധം പെറ്റുപെരുകി ജീവകോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കാനുമുള്ള കൊവിഡ്-19ന്റെ ശേഷി അതിനനുസരിച്ചുള്ള പ്രതിരോധ തന്ത്രം പണിയാന്‍ നമ്മെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ആളുകള്‍ ഒത്തുകൂടുന്നത് തടയുക മാത്രമാണ് പ്രതിവിധി എന്ന് ഡോക്ടര്‍മാര്‍ നമ്മെ പഠിപ്പിക്കുന്നതും ഭരണകൂടം അതു നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നതും. മനുഷ്യര്‍ എല്ലാ ദിവസവും ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഇടം ആരാധനാലയങ്ങളാണ്. മുസ്ലിം പള്ളികളാവുമ്പോള്‍ അതിന്റെ ദൈനംദിന പ്രവേഗം കൂടുമെന്ന് മാത്രം. പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകളില്‍നിന്നും എത്തിച്ചേരുന്ന വിശ്വാസികള്‍ നിര്‍വഹിക്കുന്ന ‘ഉംറ’ കര്‍മം കൊറോണ പരത്തുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ സാധ്യതയുണ്ട് എന്ന് കണ്ടപ്പോള്‍ തന്നെ സഊദി അധികൃതര്‍ തീര്‍ഥാടകരെ സ്വീകരിക്കാതിരിക്കാന്‍ തീരുമാനിച്ചു.ആള്‍ക്കൂട്ടത്തെ ആരോഗ്യം നിലനിര്‍ത്തിയും ശുദ്ധി പാലിച്ചും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയുന്നവരാണ് വര്‍ഷാവര്‍ഷം ഒരു കോടിയിലേറെ ഹജ്ജ്-ഉറം തീര്‍ഥാടകരെ കൈകാര്യം ചെയ്യുന്ന ഇരുഹറം കാര്യാലയവും ബന്ധപ്പെട്ട പണ്ഡിതന്മാരും. മനുഷ്യജീവന് വില കല്‍പിച്ചുകൊണ്ടുള്ള, ആരോഗ്യപ്രദമായ ആരാധനാക്രമത്തെ അല്ലാതെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിവാര്യമായി വരുമ്പോള്‍ ഹജ്ജിനും ഉംറക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഗുരുതരമായ പകര്‍ച്ചവ്യാധി നേരിടുന്ന രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സഊദി ഭരണകൂടം എന്നും ശ്രദ്ധിക്കാറുണ്ട്. പൂര്‍വകാല അനുഭവങ്ങള്‍ ഇത്തരം നിയന്ത്രണങ്ങളെ സാധൂകരിക്കുന്നുമുണ്ട്. പ്രവാചക ആജ്ഞകളും പണ്ഡിതരുടെ ഏകകണ്ഠ അഭിപ്രായങ്ങളും ഈ ദിശയില്‍ ഭരണകുടങ്ങളെയും ലോകാരോഗ്യസംഘടനകളെയും സഹായിക്കുന്നതാണ്. പകര്‍ച്ചവ്യാധി ഭീഷണിയുള്ള ഇടങ്ങളിലേക്ക് പോകരുതെന്ന് മതശാസനയുണ്ട്. മഹാമാരികള്‍ താണ്ഡവമാടിയ നാടുകളില്‍നിന്നുള്ള തീര്‍ഥാടകരെ ഹജ്ജിനും ഉംറക്കും സ്വീകരിക്കാറില്ല. ഇസ്ലാമിന്റെ 1500വര്‍ഷത്തെ അനുഭവങ്ങളില്‍ മഹാമാരികള്‍ നാഗരികസമൂഹങ്ങളെ പ്രതിസന്ധിയിലാഴ്ത്തിയ എത്രയോ സന്ദര്‍ഭങ്ങള്‍ കടന്നുപോയതായി കാണാം.
പ്ലേഗ്, കോളറ, വസൂരി തുടങ്ങിയ പൗരാണിക രോഗങ്ങള്‍ എല്ലാ മനുഷ്യസമൂഹങ്ങളിലും കൂട്ടമരണം വിതക്കുകയും ജീവിച്ചിരിക്കുന്നവരെ ചവച്ചുതുപ്പുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിന്റെ ക്ളാസിക് കാലഘട്ടത്തില്‍ പ്ലേഗ് ഇന്നത്തെ സിറിയ (ശാം) ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശത്ത് മഹാവിപത്തുകള്‍ വിതച്ചപ്പോള്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ജീവഹാനി നേരിട്ടു. ഇബ്നുഖുതൈബ തന്റെ വിശ്രുതമായ അല്‍മആരിഫ് എന്ന ഗ്രന്ഥത്തില്‍ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പ്ലേഗ് ബാധയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സിറിയയിലെ (അന്നത്തെ ഫലസ്തീനിലെ ) അംബാസ് പ്രഭവകേന്ദ്രമായ ഈ രോഗം പിടിപെട്ട് മരണമടഞ്ഞവരില്‍ പ്രവാചകന്റെ അനുചരനായ മുആദ്ബ്നു ജബലും അദ്ദേഹത്തിന്റെ രണ്ടുഭാര്യമാരും ഒരുമകനും ഉള്‍പ്പെട്ടിരുന്നു. ഹിജ്റ 748ല്‍ വിടവാങ്ങിയ ശംസുദ്ദീന്‍ ദഹബിയുടെ സീറാ അഹ്‌ലാമുന്നുബ്‌ല എന്ന 30വാള്യങ്ങളുള്ള ബൃഹദ്ഗ്രന്ഥത്തില്‍ ഹിജ്റ 448 കാലഘട്ടത്തില്‍ ഈജിപ്തിലും ആന്തലൂസിയയിലും (സ്പെയിന്‍) ഉണ്ടായ കടുത്ത വരള്‍ച്ചയെയും കൊര്‍ദോവയില്‍ ( ഖുര്‍ത്തുബ ) പടര്‍ന്നുപിടിച്ച മഹാമാരിയില്‍ നിസ്‌കരിക്കുന്ന ഒരാളെയും പുറത്തുകാണാന്‍ കഴിഞ്ഞില്ലെന്നുമാണ് അദ്ദേഹം രേഖപ്പെടുത്തിയത്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഭൂമുഖത്താകെ പടര്‍ന്ന് കൊടിയ നാശംവിതച്ച മഹാമാരിയെക്കുറിച്ച് ചരിത്രകാരനായ ഇബ്നുഖല്‍ദൂം അടക്കമുള്ളവര്‍ വിപുലമായ വിവരങ്ങള്‍ പിന്‍തലമറുക്ക് കൈമാറുന്നുണ്ട്. അന്നറിയപ്പെട്ട മുഴുവന്‍ നാഗരികതകളെയും ആ പകര്‍ച്ചവ്യാധി നക്കിത്തുടച്ചപ്പോള്‍ ഇസ്ലാമിക സാഹിത്യത്തില്‍ ‘കറുത്ത മരണം’ (അല്‍ മൗത്തുല്‍ അസ്്വദ്) എന്ന് ആ ദുരന്തം അറിയപ്പെട്ടു. 1346നും 1353നും ഇടയില്‍ പ്ളേഗ് രോഗം അതിന്റെ ബീഭത്സരൂപം പുറത്തെടുത്തപ്പോള്‍ യൂറോപ്പില്‍മാത്രം 75-200 ദശലക്ഷം മനുഷ്യര്‍ മരിച്ചുവീണുവെന്നാണ് ചരിത്രം പറയുന്നത്. 1921ല്‍ നടന്ന ഉത്ഖനനത്തില്‍ ശവങ്ങള്‍ കൂട്ടമായി സംസ്‌കരിച്ച കുഴിമാടങ്ങള്‍ കണ്ടെത്തുകയുണ്ടായി. കൊറോണ പോലെ ചൈനയില്‍നിന്നായിരുന്നുവത്രെ ഈ പകര്‍ച്ചവ്യാധിയുടെയും ഉദ്ഭവം. ചരിത്രകാരനായ ഇബ്നു ഹജര്‍ അസ്ഖലാനി ‘കറുത്ത മരണ’ത്തെ കുറിച്ചും അത് സൃഷ്ടിച്ചുവിട്ട പ്രത്യാഘാതങ്ങളെക്കുറിച്ചും ആഴത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അന്നറിയപ്പെട്ട മൂന്നു ഭൂഖണ്ഠങ്ങളും രോഗാതുരമായി എന്നല്ല, അതുവരെ മനുഷ്യരാശി കൈവരിച്ച ഭൗതികവും സാമ്പത്തികവും ധൈഷണികവുമായ എല്ലാ നേട്ടങ്ങളെയും ചുഴറ്റിയെറിഞ്ഞുകൊണ്ടാണ് നാഗരിക സമൂഹത്തിന്റെ മേല്‍ ആ മഹാമാരി ആധിപത്യം സ്ഥാപിച്ചത്. ലോകം പൂര്‍വസ്ഥിതി കൈവരിക്കാന്‍ പിന്നീട് പതിറ്റാണ്ടുകള്‍ വേണ്ടിവന്നു.

കൊറോണ നല്‍കുന്ന പാഠങ്ങള്‍
ഈ കുറിപ്പ് കുറിച്ചിടാനിരുന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞ ഒരു വീഡിയോ ചിത്രീകരണം ഞെട്ടിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ ഇരുപതുകളില്‍ ലോകത്ത് കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുത്ത പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ട്.1720ല്‍ ഫ്രാന്‍സിലെ മാര്‍സൈലെ നഗരവും പരിസരവും മാരകമായ പ്ളേഗിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഒരുലക്ഷമാളുകളെയാണത്രെ അത് കൊന്നെടുക്കിയത്. 1820 ആയപ്പോള്‍ കോളറയുടെ ഊഴമായിരുന്നു. ഇന്തോനേഷ്യയിലും തായ്ലാന്‍ഡിലും ഫിലീപ്പീന്‍സിലും കോളറ താണ്ഡമാടിയപ്പോള്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ജീവന്‍ ബലികൊടുക്കേണ്ടിവന്നു. നൂറുവര്‍ഷം കൂടി കഴിഞ്ഞപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ 1920ല്‍ സ്പാനിഷ് ഫ്ളൂവായിരുന്നു വില്ലന്‍. പത്ത് കോടിയിലധികം മനുഷ്യരെയാണ് ഈ രോഗം കൊന്നൊടുക്കിയത്. 2020 ആയപ്പോഴേക്കുമിതാ കൊവിഡ് -19. ഇതിനകം 12,000 ത്തിലേറെ മനുഷ്യരുടെ ജീവനെടുത്ത ഈ മഹാമാരി എത്രപേരെയും കൊണ്ടാണ് പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ. 1920ലെ ലോകമല്ല ഇന്നത്തേത്. ആകാശത്തിലൂടെ പറന്നടുത്ത മനുഷ്യരുടെ മുന്നില്‍ ദൈര്‍ഘ്യവും സമയവും ചുരുങ്ങിച്ചുരുങ്ങി ലോകംതന്നെ ഒരു ഗ്രാമമായി മാറിയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിനു മുന്നിലാണ് ജീവനില്ലാത്ത വൈറസ് പ്രപഞ്ചത്തെയാകെ ഞെട്ടിവിറപ്പിക്കുന്നത്. പ്രകൃതിക്ക് നഷ്ടപ്പെട്ട അതിന്റെ താളലയങ്ങള്‍ മാനവരാശിയുടെ ജീവിത ചംക്രമണരാശിയെയും തകര്‍ത്തെറിഞ്ഞിരിക്കുന്നു. എവിടെയും ആരും മരിച്ചുവീഴാം. ഭണകൂടങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രതിരോധ തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ മാത്രം മനുഷ്യകുലത്തിന്റെ ‘ഫിത്ന’ അതികഠോരമാണ്. അതിനിടയില്‍, പള്ളിയടച്ചുപൂട്ടിയത് കൊണ്ടോ ബാങ്കുവിളിയുടെ വാക്കുകളില്‍ സന്ദര്‍ഭോചിത മാറ്റം വരുത്തിയത് കൊണ്ടോ പള്ളിയില്‍ വെച്ചുള്ള ജുമുഅ നിസ്‌കാരം തടസ്സപ്പെട്ടത് കൊണ്ടോ ലോകാവസാനം ആഗതമായി എന്ന് നിലവിളിച്ച് ആത്മവീര്യം കെടുത്തുന്നത് ചരിത്രം അറിയാത്തത് കൊണ്ടും ഇസ്ലാമിന്റെ ജീവിത-ആരാധനാ കാഴ്ചപ്പാടിനെ കുറിച്ചുള്ള വിവരക്കേട് കൊണ്ടുമാവാനേ തരമുള്ളൂ. മാനവരാശിയുടെ ആരോഗ്യപൂര്‍ണവും സമാധാനപൂര്‍ണവുമായ നിലനില്‍പിന് അനിവാര്യമായ സകല വിട്ടുവീഴ്ചക്കും ഇസ്ലാം സന്നദ്ധമാണ്. നാശവും നശീകരണവും മുമ്പ് കടന്നുപോയ ജനതകള്‍ എത്രയോ കണ്ടതാണ്. പ്രകൃതിയുടെ വികൃതികളായി നാം കാണുന്ന പ്രതിഭാസങ്ങള്‍, പടച്ചതമ്പുരാന്റെ പരീക്ഷണങ്ങളാണ്. ആ പരീക്ഷണങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് സാമൂഹികവും വ്യക്തിപരവുമായ ജീവിതങ്ങളെ പുതുക്കി ചിട്ടപ്പെടുത്തുമ്പോഴാണ് മനുഷ്യന്‍ അവന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്നത്. അതിനടിയില്‍ പ്രകൃതി അതിന്റെ നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഇറ്റാലിയന്‍ കടല്‍തീരത്ത് തിമിംഗിലങ്ങള്‍ ഊളിയിട്ടു നീന്തുന്നതും തെല്‍അവീവ് വിമാനത്താവളത്തിന്റെ പ്രശാന്തമായ നിലങ്ങളിലൂടെ പക്ഷികള്‍ നടന്നുകളിക്കുന്നതും നഗരമധ്യത്തിലെ തടാകങ്ങളിലേക്ക് അരയന്നങ്ങള്‍ തിരിച്ചുവന്നതും നല്ല ലക്ഷണമായി വേണം വിലയിരുത്താന്‍.

Kasim Irikkoor

You must be logged in to post a comment Login