ജി ഡി പി ഒരു ഫാഷിസ്റ്റ് അളവുകോലാണ്

ജി ഡി പി ഒരു ഫാഷിസ്റ്റ് അളവുകോലാണ്

‘ഫാഷിസത്തെ കോര്‍പറേറ്റിസം എന്നു വിളിക്കുന്നതാണ് അഭികാമ്യം. കാരണം, ഫാഷിസം എന്നാല്‍ ഭരണകൂടവും കോര്‍പറേറ്റ് ശക്തിയും കൂടിച്ചേരുന്ന ഒരു പ്രതിഭാസമാണ്.’
ബെനിറ്റോ മുസ്സോളിനിയുടെ വാക്കുകളാണിത്. ഡേവിഡ് മില്‍ തന്റെ ‘It’s the corporate state, stupid’ എന്ന ലേഖനം തുടങ്ങുന്നതും ഈ വരികള്‍ ഉദ്ധരിച്ചാണ്. മുസ്സോളിനി മുന്നോട്ടു വെച്ച ഫാഷിസത്തിന്റെ വേരുകള്‍ ഇന്ന് ലോകത്ത് പലയിടത്തും ആഴ്ന്നിറങ്ങിയിട്ടുണ്ട്. മാത്രവുമല്ല, മുസോളിനിയുടെ കോര്‍പ്പറേറ്റ് അനുഭവങ്ങളേക്കാള്‍ ഭീകരമാണ് നിലവിലെ നിയോ ലിബറല്‍ സമ്പര്‍ക്കങ്ങള്‍. ഇന്ത്യന്‍ ഫാഷിസത്തിന്റെ ആണിക്കല്ലായി മാറിക്കൊണ്ടിരിക്കുന്നതും ഇത്തരം കോര്‍പറേറ്റ് അനുഗുണ സാമ്പത്തിക നയങ്ങളാണ്.

ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക വിഭാഗം കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത് ഏതു മേഖലയിലാണ്? രാഷ്ട്ര മേന്മയായി കണക്കാക്കേണ്ടത് ഏത് സൂചികയാണ്? ഈ രണ്ട് ചോദ്യങ്ങളെ അപഗ്രഥിക്കല്‍ വളരെ പ്രധാനമാണ്. 1934-ല്‍ അമേരിക്കന്‍ സമ്പദ്ഘടനയെ വിശദീകരിച്ച് സൈമണ്‍ കുസ്നെറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് ലോക ശ്രദ്ധ നേടിയത് മുതലാണ് ജി ഡി പി ഒരു സാമ്പത്തിക വളര്‍ച്ചാ സൂചികയായി ലോകം അംഗീകരിച്ചു തുടങ്ങുന്നതെന്ന് ഡിയാനെ കോയിലെ തന്റെ ‘GDP A Brief but Affectionate History’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ന് ലോകരാജ്യങ്ങള്‍ പ്രഥമ പരിഗണയിലെടുക്കുന്നതും ജി ഡി പി വളര്‍ച്ചാ നിരക്കാണ്. എന്നാല്‍ രാജ്യക്ഷേമം(Welfare) കണക്കാക്കാന്‍ ജി ഡി പി മതിയാകില്ലെന്ന് ഇതിനകം വിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്. പല ക്ഷേമ പദ്ധതികളും ഇല്ലെന്നു മാത്രമല്ല, സാമൂഹ്യദ്രോഹമുണ്ടാക്കുന്ന മദ്യം പോലെയുള്ള പല ഹാനികളും ജി ഡി പിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രശസ്ത അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് കെന്നഡി ജി ഡി പിയെ കുറിച്ച് ജീവിതനിലവാരമൊഴികെയുള്ള സാമ്പത്തിക കണക്കുകളെല്ലാം സംക്ഷിപ്തമായി അവതരിപ്പിക്കുന്ന സൂചികയെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. 2008-ല്‍ ഫ്രഞ്ച് ഭരണകൂടം സ്ഥാപിച്ച ‘The Stiglitz-Sen-Fitoussi Commission’ മൊത്തം ഉത്പാദനത്തെക്കാളും രാജ്യക്ഷേമത്തിന് പരിഗണന നല്‍കണമെന്ന് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ക്ഷേമാധിഷ്ഠിത സാമ്പത്തിക നയങ്ങള്‍ക്ക് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്. ഈയൊരു യാഥാര്‍ത്ഥ്യത്തെ ലാഘവത്തോടെ അവഗണിക്കുകയും വികസനാധിഷ്ഠിത വ്യവസ്ഥയെന്ന പേരില്‍ കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെയാണ് നാം യഥാര്‍ത്ഥത്തില്‍ ഫാഷിസമെന്ന് വിശേഷിപ്പിക്കേണ്ടത്. ഏകശിലാത്മകമായ ഒരു സിദ്ധാന്തത്തെ ബഹുസ്വര സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ഫാഷിസ്റ്റുകള്‍ക്ക് കോര്‍പറേറ്റ് വഴക്കം അത്യാവശ്യമാണെന്ന മുസോളിനിയുടെ വിശദീകരണത്തിന് അര്‍ഥസാധ്യതകള്‍ ഏറെയുണ്ട്.
കോര്‍പറേറ്റുകളെ പിന്താങ്ങിയുള്ള സാമ്പത്തിക നയങ്ങളാണ് മിക്ക രാജ്യങ്ങളും മുന്നോട്ടുവെക്കുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം നയങ്ങള്‍ക്ക് ഫാഷിസ്റ്റ് വിധേയത്വമാണുള്ളത്. ഇത് കൂടുതല്‍ ഹിംസാത്മകമായ ചെയ്തികളിലേക്കാണ് രാജ്യത്തെ എത്തിക്കുന്നതും. അതിന്റെ പരമമായ സാധ്യതകളുടെ നേര്‍ക്കാഴ്ചയാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ജനക്ഷേമപരമായ ചര്‍ച്ചകള്‍ ഇല്ലാതെയാക്കി. രാജ്യ നന്മയെ ജി ഡി പിയിലൂടെയും ഓഹരി വിപണിയിലെ വ്യതിയാനങ്ങളിലൂടെയും മാത്രം അളക്കുന്ന മനോഭാവം രാജ്യത്ത് ശക്തിപ്പെട്ടു. തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവുമെല്ലാം നമുക്ക് വിഷയമല്ലാതായി മാറി. എന്നാല്‍, ഇന്ന് ജി ഡി പിയും തകര്‍ന്നിരിക്കുകയാണ്. ഫാഷിസം പ്രയോഗിക്കാനുള്ള ധൃതിപ്പാടില്‍ അബദ്ധജടിലമായ പല പദ്ധതികള്‍ നടപ്പിലാക്കുകയും അവ തിരിഞ്ഞു കുത്തുകയും ചെയ്തുവെന്ന് നിസ്സംശയം പറയാം. അതിനിടയിലും കോര്‍പറേറ്റുകളെ പിണക്കാതെ പദ്ധതികള്‍ നിര്‍മിക്കുന്നു. അതുകൊണ്ടാണ് ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടും അതിനെ രാജ്യ നന്മക്ക് വേണ്ടി പോസിറ്റീവായി ഉപയോഗിക്കാന്‍ കേന്ദ്രത്തിന് സാധിക്കാതെ പോയത്. അവിടെയും വില വര്‍ധിപ്പിച്ച് ജി ഡി പി സംരക്ഷിക്കേണ്ടി വരുന്നത് ഈ നയങ്ങള്‍ കാരണമാണ്.

ഫാഷിസത്തിന്റെ ഇന്ധനമാണ് കോര്‍പറേറ്റ് സേവ. ഇതിനെ ശരി വെക്കുന്നതാണ് Association for Democratic Reforms(ADR) പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. 2018-19 കാലയളവില്‍ ബി ജെ പിക്ക് മാത്രം ലഭിച്ച പൊതു സംഭാവന 742 കോടിയാണ്. ഇതില്‍ 698 കോടിയും കോര്‍പറേറ്റുകളുടെ വകയാണ്. 2017-18 കാലത്തെക്കാള്‍ 70 ശതമാനം വര്‍ധനവാണിത്. ബി ജെ പി ഇതര പാര്‍ട്ടികള്‍ക്ക് ലഭിക്കുന്നത് ഇതിന്റെ പത്തിലൊന്നാണെന്നും കണക്കുകള്‍ പറയുന്നു. ഒരു ആശയധാര പ്രചരിപ്പിക്കുന്നതില്‍ പണത്തിന്റെ ആവശ്യകത ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കഴിഞ്ഞ ആറുവര്‍ഷങ്ങളില്‍ നാം കണ്ട പല നയങ്ങളും ഫാഷിസത്തിന്റെ അടയാളപ്പെടുത്തലുകളാണ്. നോട്ടുനിരോധനം അതിന്റെ പ്രകടമായ ഉദാഹരണമാണ്. തിരികെ ലഭിച്ച 99 ശതമാനം പണവും ശുദ്ധമായിരുന്നുവെന്ന് വിശ്വസിക്കാന്‍ മാത്രമുള്ള നികുതിലാഭമൊന്നും ഇന്ത്യക്കുണ്ടായിരുന്നില്ല. റിലയന്‍സ്-ജിയോയുടെ പ്രവേശം മുതല്‍ പല കോര്‍പറേറ്റ് നീക്കങ്ങളിലും അഭ്യൂഹത പരന്നത് നിസ്സാരമായി തള്ളിക്കളയേണ്ടവയുമല്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴും കോര്‍പറേറ്റ് സേവ കൃത്യമായി നടക്കുന്നുണ്ടായിരുന്നു. ആറു മാസങ്ങള്‍ക്കു മുന്‍പ്, ആശ്വാസമെന്നോണം കൊണ്ടുവന്ന മിനിബജറ്റ് കാര്യമായി പരിഗണനയില്‍ വെച്ചത് കോര്‍പറേറ്റ് നികുതി ഇളവായിരുന്നു. ഇതിലൂടെ ഓഹരി വിപണി സംരക്ഷണമാണ് ജനങ്ങള്‍ക്കിടയില്‍ വാര്‍ത്തയാക്കിയത്. ആറുമാസം പിന്നിട്ടിട്ടും ഓഹരി വിപണിയില്‍ കാര്യമായ മാറ്റങ്ങളൊന്നും കാണാന്‍ സാധിച്ചില്ല. മാത്രവുമല്ല, രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധിയായ ബാലന്‍സ് ഷീറ്റ് അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടിയും പ്രസ്തുത ബജറ്റില്‍ കണ്ടില്ല. ലക്ഷ്യം അടിയന്തര പ്രശ്‌ന പരിഹാരമായിരുന്നു; മുതലാളിമാരുടേതാണെന്ന് മാത്രം.
ഇത്തവണത്തെ പൊതു ബജറ്റിലും നികുതി പരിഷ്‌കാരങ്ങളിലൂടെയുള്ള പരിഹാരങ്ങളാണ് ധനമന്ത്രി മുന്നോട്ടുവെച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത വര്‍ധിച്ച സമയത്ത് ഇത്തരം പരിഷ്‌കാരങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമമാണ്. രാജ്യത്തിന്റെ കടങ്ങളെക്കാള്‍ അവര്‍ക്ക് മുഖ്യം ചിലര്‍ക്കുണ്ടാക്കുന്ന നികുതിഭാരമാണ്. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത 9.85 ലക്ഷം കോടിയാണ്. കഴിഞ്ഞ ബജറ്റില്‍ ഒരു വര്‍ഷത്തേക്ക് കണക്കാക്കിയ 7.66 ലക്ഷം 10 മാസം ആകുമ്പോഴേക്ക് മറികടന്നുവെന്ന് ചുരുക്കം. എങ്കിലും ആദായനികുതി കുറക്കണമെന്ന പിടിവാശി എന്തിനാണ്?

ഭരണകൂടം സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധ കൊടുക്കുന്നതിനു പകരം രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് ഈ തകര്‍ച്ചയെന്ന് മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പ്രസ്താവിച്ചിരുന്നു. ഫാഷിസ്റ്റ് രാഷ്ട്രീയമെന്ന് കൂട്ടിവായിക്കുമ്പോഴാണ് പ്രസ്തുത പ്രസ്താവന പൂര്‍ണമാകുന്നത്.

ഇതുപോലെ തന്നെ അവലോകനം ചെയ്യേണ്ടതാണ് ബി ജെ പി യുടെ പല പ്രഖ്യാപനങ്ങളും. 5 ട്രില്യന്‍ സമ്പദ് വ്യവസ്ഥ 2024-ല്‍ നേടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഥമ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍, ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ക്വാര്‍ട്ടര്‍ പിന്നിടുമ്പോള്‍ രാജ്യത്തിന്റെ ജി ഡി പി 4.7 ആണ്. കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ സമ്പദ് വ്യവസ്ഥ തകരുന്നത്. അടിവേരു പോലും പിഴുതെടുക്കുന്ന ഈ രാഷ്ട്രീയ ക്രമത്തെ ഇനിയും പ്രതിരോധിച്ചില്ലെങ്കില്‍ നാം വലിയ വില നല്‍കേണ്ടി വരും.

തൊഴിലില്ലായ്മ മുതല്‍ വിലക്കയറ്റം വരെയുള്ള പ്രശ്‌നങ്ങളെ അതിജയിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. ഭക്ഷണം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം, പെന്‍ഷന്‍ തുടങ്ങിയ അഞ്ചു കാര്യങ്ങളെങ്കിലും ഒരു ഭരണകൂടം ഭരണീയര്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. ജി ഡി പിയുടെ പത്തു ശതമാനം മാത്രമേ അതിന് ആവശ്യമായി വരികയുള്ളൂ. ഇതിന് ഒരു ശതമാനം വരുന്ന വന്‍കിട കോര്‍പറേറ്റുകളുടെ ധനത്തില്‍ നിന്ന് വെറും 4 ശതമാനം നികുതി ഈടാക്കിയാല്‍ മതിയാകും (നിലവില്‍ അങ്ങനെയൊരു നികുതി ഇല്ലെങ്കിലും).

മുന്‍കാലങ്ങളിലൊക്കെ സാമ്പത്തികരംഗം അളന്നിരുന്നത് രാജ്യക്ഷേമത്തില്‍ നിന്നായിരുന്നു(Welfare). രാജ്യത്ത് ജീവിക്കുന്ന ജനങ്ങളുടെ സന്തോഷത്തില്‍ നിന്നായിരുന്നു. തിരുനബിയുടെയും ശേഷം വന്ന നാല് ഖലീഫമാരുടെയും ഭരണകാലത്തു രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരന്റെയും ക്ഷേമം രാത്രി കാലങ്ങളില്‍ ആരും അറിയാതെ പോയി അന്നത്തെ ഭരണാധികാരികള്‍ ഉറപ്പുവരുത്തിയിരുന്നു. ധനം വര്‍ധിപ്പിക്കുന്നതിലല്ല. മറിച്ച്, ധനം തുല്യമായി വികേന്ദ്രീകരിക്കുന്നതിലാണ് അവരൊക്കെയും ശ്രദ്ധ ഊന്നിയത്. 1932നു ശേഷം സാമ്പത്തിക രംഗത്ത് ഉടലെടുത്ത പല സൂചികകളും യാഥാര്‍ത്ഥ്യത്തെ മറച്ചു വെക്കാന്‍ സാധിക്കുന്ന രൂപത്തിലായിരുന്നു. ഇതിലൂടെ കോര്‍പറേറ്റ് ആധിപത്യം ശക്തമായി. പണം ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലായി. രാജ്യക്ഷേമം അളക്കാന്‍ ജി ഡി പി യെക്കാള്‍ മികച്ച അളവുകോലില്ലെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ 2019-ല്‍ നടന്ന Escue Conference on Economic Measurement സമ്മേളനത്തില്‍ ജി ഡി പിയോടൊപ്പം Welfare Minus, Welfare, Welfare being എന്നിവ പ്രായോഗികമായി തന്നെ കൂട്ടിച്ചേര്‍ക്കാനുള്ള ആലോചനകളുണ്ടായിട്ടുണ്ട്. ഈ തിരിച്ചറിവിനെ നിരാകരിക്കുന്ന ഫാഷിസത്തെയാണ് നാം പ്രതിരോധിക്കേണ്ടത്. പണം കൊണ്ടും അധികാരം കൊണ്ടും രാജ്യം കൈപ്പിടിയിലാക്കാമെന്ന മൗഢ്യത്തെയാണ് നാം ചെറുത്തുതോല്‍പ്പിക്കേണ്ടത്. നമുക്ക് തൊഴിലില്ലായ്മയും, സാമ്പത്തിക അസമത്വവും, ദാരിദ്ര്യവും കാര്‍ഷിക പ്രതിസന്ധിയും വിലക്കയറ്റവുമെല്ലാം ചര്‍ച്ചക്കെടുക്കാം. കോര്‍പറേറ്റ് ഫാഷിസത്തെ ബൗദ്ധിക മുന്നേറ്റങ്ങള്‍ കൊണ്ട് ഇല്ലാതാക്കാം.

സി എം ശഫീഖ് നൂറാനി

You must be logged in to post a comment Login