കലാനിര്‍മിതികളുടെ ഉസ്മാനീ കാലം

കലാനിര്‍മിതികളുടെ ഉസ്മാനീ കാലം

സുല്‍ത്താന്‍ സലീം ഒന്നാമന്‍(1512-1520) താല്പര്യപ്പെട്ടതു പ്രകാരം അദ്ദേഹത്തിന്റെ മരണാനന്തരം മകന്‍ സുലൈമാന്‍ 1522ല്‍ ഇസ്തംബൂളില്‍ പണിത, വലിയ താഴികക്കുടത്തിനു താഴെ സമചതുരാകൃതിയോടുകൂടിയ പള്ളിയോടനുബന്ധിച്ചു ദര്‍വീശുകള്‍ക്കും സഞ്ചാരികള്‍ക്കും ഉപയോഗിക്കുന്നതിനായി ഒമ്പത് ഖുബ്ബകളുള്ള ‘തബാന’കളും നിര്‍മിച്ചു. വിശാലമായ നടുമുറ്റമുണ്ടായിരുന്ന ഈ മന്ദിരസമുച്ചയത്തിന്റെ രണ്ടറ്റങ്ങളിലായി കൂര്‍ത്ത അഗ്രങ്ങളോടുകൂടിയ രണ്ടു വലിയ മിനാരങ്ങളും കാണാം. ഇസ്തംബൂളിലെ ചരിത്രത്തിലെ ഏറ്റവും മഹാനായ വാസ്തുശില്പിയും നിര്‍മാതാവുമാണ് സിനാന്‍. ഇസ്തംബൂളിന് അതിന്റെ വശ്യമായ ശില്പഭംഗി നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സിനാന്റെ നിര്‍മിതികളാണ്. മനോഹരങ്ങളായ ഖുബ്ബകളും മോഹിപ്പിക്കുന്ന മിനാരങ്ങളും നിറഞ്ഞ ഒരു വാസ്തുഭൂപടം ഇസ്തംബൂളിനു വേണ്ടി സിനാന്‍ ഒരുക്കി. സുവര്‍ണ മുനമ്പില്‍ സിനാന്‍ സംവിധാനിച്ച ഹാഗിയ സോഫിയ, ബായസീദ് ദ്വിതീയന്‍ കുല്ലിയെസി, സുലൈമാനിയ സമുച്ചയം എന്നിവ യൂറോപ്പില്‍ നിന്നുള്ള സന്ദര്‍ശകരെ വിസ്മയഭരിതരാക്കി. ജര്‍മനിയിലെയും ഇറ്റലിയിലെയും ഫ്രാന്‍സിലെയും കലാകാരന്മാരെ അവ മോഹിപ്പിച്ചു വശംകെടുത്തി.

സിനാന്‍ (1491 – 1588) അനാതോലിയയില്‍ നിന്നാണ് ഇസ്തംബൂളില്‍ എത്തുന്നത്. 1538ല്‍ സുലൈമാന്‍ സിനാനെ നിര്‍മാതാക്കളുടെ തലവനായി നിയമിച്ചു. പേരുകേട്ട ശില്പികള്‍ പലരുംഅതിനോടകം ഇസ്തംബൂളിനെ തങ്ങളുടെ സ്വപ്നഭൂമിയായി വരിച്ചിരുന്നു.
കൊട്ടാരത്തിലെ പ്രഥമ വാസ്തുമേധാവി എന്ന നിലയില്‍ സിനാന്‍ രാജകുടുംബത്തില്‍നിന്ന് നഗര നിര്‍മിതിക്കുള്ള വിസ്തരിച്ച പദ്ധതിക്ക് അംഗീകാരം വാങ്ങി. ഇസ്തംബൂളില്‍ ദൃശ്യപ്പെട്ട സിനാന്റെ കരവിരുത് ഉസ്മാനിയാ സാമ്രാജ്യത്തിനാകെയും മാതൃകയായി ഭവിച്ചു. ആസൂത്രണത്തിലായിരുന്നു സിനാന്റെ പിഴയ്ക്കാത്ത വൈദഗ്ധ്യം. സുലൈമാന്റെ റഷ്യന്‍ പത്നി ഹുര്‍റമിനു വേണ്ടി സ്ഥാപിച്ച പള്ളിയും മദ്റസയും പാവങ്ങള്‍ക്കു അന്നദാനത്തിനുവേണ്ടിയുള്ള അടുക്കളയും ഉള്‍പ്പെടുന്ന മന്ദിര സമുച്ചയമാണ് സിനാന്‍ ആദ്യം പണിതത്. പാവപ്പെട്ട യാത്രക്കാര്‍ക്കുവേണ്ടി മക്കയിലും മദീനയിലും ജറുസലമിലും സമാനമായ വഴിയമ്പലങ്ങള്‍ പണിതു. സുലൈമാന് ഹുര്‍റമില്‍ ജനിച്ച മകള്‍ മിഹ്്രിമ രണ്ടു വലിയ മന്ദിരസമുച്ചയങ്ങള്‍ തീര്‍ക്കാന്‍ സിനാനെ ചുമതലപ്പെടുത്തി. പതിനഞ്ചു വര്‍ഷങ്ങമെടുത്തു അവ പൂര്‍ത്തിയാക്കാന്‍. ബോസ്ഫറസിന്റെ ഏഷ്യന്‍ തീരമായ ഉസ്‌കുദറില്‍ അദ്ദേഹം 1548ല്‍ പണി പൂര്‍ത്തിയാക്കിയ പള്ളിയോടനുബന്ധിച്ച് വളരെ പ്രശസ്തമായ ഒരു ഗ്രീഷ്മകാല വസതി ഉണ്ടായിരുന്നു. അവിടെ നിന്ന് നോക്കിയാല്‍ കടലിനപ്പുറമുള്ള ഗലാറ്റാ ഉദ്യാനങ്ങള്‍ കാണാമായിരുന്നുവത്രേ.

ഷെഹ്സാദാ സമുച്ചയമാണ് സിനാന്റെ പ്രശസ്തമായ ഒരു നിര്‍മിതി. നാലു വര്‍ഷമെടുത്ത് 1548ല്‍ പൂര്‍ത്തിയാക്കിയ ഈ സമുച്ചയത്തില്‍ ഷെഹ്സാദെ കമി(രാജകുമാരന്റെ പള്ളി)ക്കുപുറമെ വിദ്യാലയവും ആശുപത്രിയും പാവങ്ങള്‍ക്കുള്ള ഭക്ഷണശാലയും ശവകുടീരങ്ങളും ഉണ്ടായിരുന്നു. സുലൈമാന്റെയും ഹുര്‍റമിന്റെയും മകന്‍ മുഹമ്മദ് വസൂരി പിടിപെട്ട് മനിസയില്‍ വെച്ച് മൃത്യുപുല്‍കിയിരുന്നു. ആ മകന്റെ സ്മരണക്കുവേണ്ടിയാണ് ഷെഹ്സാദ സമുച്ചയം പണിതത്. ഗംഭീരമായ പ്രവേശനകവാടം, വിശാലമായ അകത്തളങ്ങള്‍, ഖുബ്ബകളും ചെറുമിനാരങ്ങളും ചേര്‍ന്ന മേല്‍പുര, കമാനങ്ങളോടുകൂടിയ കവാടങ്ങള്‍, ഉന്നത നിലവാരത്തിലുള്ള അലങ്കാരങ്ങള്‍, അരികുമുറിവുകള്‍, നിരയൊത്ത വര്‍ത്തുള സ്തംഭങ്ങള്‍ എന്നിവ സമുച്ചയത്തിന്റെ മനോഹാരിത കൂട്ടുന്നു.

സിനാന്‍ 1550ല്‍ പണിയാന്‍ തുടങ്ങിയ സുലൈമാനിയാ സമുച്ചയമാണ് ഇസ്തംബൂളിലെ ഏറ്റവും ഖ്യാതി നേടിയ വാസ്തുവിദ്യാ വിസ്മയം. നിരവധി സൈനിക വിജയങ്ങള്‍ക്കു ശേഷം തന്റെ യശസ്സിന്റെയും പ്രതാപത്തിന്റെയും വിളംബരമാവണം പുതിയ പള്ളിയും അനുബന്ധ കെട്ടിടങ്ങളും എന്ന് സുലൈമാന്‍ ആഗ്രഹിച്ചു. സുലൈമാന്റെ സൈനിക വിജയങ്ങളെപ്പോലെ തന്നെ കിടയറ്റതായിരുന്നു അദ്ദേഹത്തിന്റെ നിര്‍മാണങ്ങളും എന്ന് ഓട്ടോമന്‍ ചരിത്രകാരന്‍ മുസ്തഫ അലി അഭിപ്രായപ്പെട്ടിട്ടുണ്ട്. നിര്‍മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് ചക്രവര്‍ത്തി തന്നെയാണ്. കൊട്ടാര ജ്യോതിഷികള്‍ നിര്‍ദേശിച്ച ശുഭമുഹൂര്‍ത്തത്തില്‍ (1550 ജൂണ്‍ 15) ചക്രവര്‍ത്തിയുടെ സാന്നിധ്യത്തിലാണ് സമുച്ചയത്തിന്റെ ശിലാന്യാസം നടന്നത്. ഷെഹ്സാദ് പള്ളിയുടെ ഇരട്ടിയായിരുന്നു സുലൈമാന്‍ പള്ളിയുടെ വലിപ്പം. 708 അടി നീളവും 472 അടി വീതിയുമുള്ള ചത്വരത്തിന്റെ മധ്യത്തിലാണ് പള്ളി പണിതത്. ഹാഗിയാ സോഫിയാ മാതൃകയിലാണ് പള്ളിയുടെ ഖുബ്ബകളും രൂപഘടനയും സംവിധാനിച്ചത്. പള്ളിയുടെ അകവും പുറവും രൂപത്തിലും അലങ്കാരത്തിലും ഒന്നിനൊന്നു മെച്ചം എന്നേ പറയാനാവൂ. സുലൈമാന്റെയും പത്നി ഹുര്‍റമിന്റെയും ശവകുടീരങ്ങള്‍ പിന്നീട് ഈ സമുച്ചയത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

ഉസ്മാനിയ ഖലീഫമാരുടെ നിര്‍മാണ കൗതുകങ്ങള്‍ മെഡിറ്ററേനിയന്‍ പ്രദേശത്താകെ വിസ്മയകരമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. സാമ്രാജ്യത്തിന്റെ ധനസമൃദ്ധിയുടെ അടയാളങ്ങളായിരുന്നു അവ. പൊതു ജനങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും സുഖജീവിതത്തിനും ഭരണാധികാരികള്‍ മുന്തിയ പരിഗണന നല്‍കിയിരുന്നതായി ഈ പ്രദേശങ്ങളിലെല്ലാം അവര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും അന്നദാന കേന്ദ്രങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
കലാമേന്മയുടെ കാര്യത്തില്‍ എടുത്തുപറയേണ്ട ഉസ്മാനീ നിര്‍മിതികളാണ് റുസ്തം പാഷ മസ്ജിദ്(1561), സൊകല്ലു മുഹമ്മദ് പാഷ മസ്ജിദ്(1570-72), എഡിര്‍നയിലെ സലീമിയാ മസ്ജിദ്(1574), സുല്‍ത്താന്‍ അഹ്മദ് കാമിയുടെ നീല മസ്ജിദ്(1610-1617) എന്നിവ. ഇവയ്ക്കു പുറമെ വിശാലവും മനോഹരവുമായ വ്യാപാര- വാണിജ്യ കേന്ദ്രങ്ങളും കൊട്ടാരങ്ങളും ഉസ്മാനീ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായി പരിലസിക്കുന്നു.
സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കി രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആദ്യ കൊട്ടാരമായ ‘പുരാതന കൊട്ടാരം’ (എസ്‌കി സറായ്) നിര്‍മിച്ചു. ഇരട്ട ചുറ്റുമതിലിനകത്ത് പല പവലിയനുകളായാണ് കൊട്ടാരം ഒരുക്കിയിരുന്നത്. മര്‍മറ സമുദ്രത്തിനു സമീപം യെദികുലെ എന്ന കോട്ടയും അദ്ദേഹം പണിതു. പഴയ ബൈസാന്തിയം ഭിത്തികളുടെ കോട്ടോഗോപുരങ്ങള്‍ ഉപയോഗപ്പെടുത്തിയായിരുന്നു നിര്‍മാണം. ഈ കോട്ട നിധി സൂക്ഷിക്കുന്നതിനും യുദ്ധവേളകളില്‍ ഒളിച്ചിരിക്കുന്നതിനുമായി ഉപയോഗിച്ചു. 1204ല്‍ കുരിശുയുദ്ധക്കാര്‍ കൊള്ള ചെയ്തതിനു ശേഷം നാശോന്‍മുഖമായി കിടക്കുകയായിരുന്ന ബൈസാന്തിയന്‍ കൊട്ടാരം 1459ല്‍ സുല്‍ത്താന്‍ പുനര്‍നിര്‍മിച്ചു തുടങ്ങി. സുല്‍ത്താന്റെ ഭരണകാലം മുഴുവന്‍ പ്രവൃത്തി തുടര്‍ന്നു. ‘യാനി സെറായ്'(പുത്തന്‍ കൊട്ടാരം) എന്നാണിത് ആദ്യം അറിയപ്പെട്ടത്. പിന്നീടതിന്റെ പേര് ടോപ്കാപി സറായ് എന്നായി മാറി. നൂറ്റാണ്ടുകളോളം ഉസ്മാനീ സാമ്രാജ്യത്തിന്റെ പ്രതാപചിഹ്നമായിരുന്നു ഈ കൊട്ടാരം. ഗോപുരങ്ങളോടും കവാടങ്ങളോടും കൂടിയ ചുറ്റുമതില്‍. അകത്ത് അനേകം പവലിയനുകള്‍. വിശാലമായ ഉദ്യാനങ്ങള്‍. ദര്‍ബാര്‍ ഹാളുകള്‍. കമനീയങ്ങളായ ശയനമുറികള്‍. സ്നാന ഗൃഹങ്ങള്‍. അതിഥി മന്ദിരങ്ങള്‍. അന്തപുരങ്ങള്‍. ചതുരത്തിലും വൃത്തത്തിലുമുള്ള ഗോപുരങ്ങള്‍. പല വലിപ്പത്തിലുള്ള ഖുബ്ബകള്‍. ഈയം പൂശിയ മേല്‍ക്കൂരകള്‍. തറ മുതല്‍ മേല്‍ക്കൂര വരെയും ചുമരുകളും കവാടങ്ങളും മട്ടുപ്പാവും അതിമനോഹരമായ അലങ്കാര വേലകള്‍. കരവിരുത് വിളിച്ചറിയിക്കുന്ന കാലിഗ്രഫി ലിഖിതങ്ങള്‍. കൊട്ടാരത്തിലെ മഹോത്സവങ്ങളിലൊന്നായ സുന്നത്തു കല്യാണങ്ങള്‍ക്കായ് ‘സുന്നത് ഒദാസി’ എന്നറിയപ്പെട്ട പ്രത്യേക പവലിയനുകള്‍. അതിശയിപ്പിക്കുന്ന ദീപാലങ്കാരങ്ങള്‍.

കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതോടെ ഉസ്മാനികള്‍ ഒരേസമയം രണ്ടു കലാ സാംസ്‌കാരിക പാരമ്പര്യങ്ങളുടെ നേരവകാശികളായി. ഖലീഫമാരുടെ ബഗ്ദാദ് പാരമ്പര്യത്തിന്റെയും റോമക്കാര്‍ വഴി യൂറോപ്യന്‍ പാരമ്പര്യത്തിന്റെയും. മുഹമ്മദ് അല്‍ഫാതിഹ് ഇറ്റലിയില്‍നിന്നും സ്പെയിനില്‍നിന്നും കലാകാരന്മാരെ ക്ഷണിച്ചുവരുത്തി ഛായാചിത്രങ്ങളും മറ്റുചിത്രങ്ങളും വരപ്പിച്ചു. ഇസ്തംബൂള്‍ ടോപ്കാപി കൊട്ടാരം മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള മുഹമ്മദ് അല്‍ഫാതിബിന്റെ ഛായാചിത്രം വെനീസിലെ ജെന്റയ് ല ബെല്ലിനി എന്ന ചിത്രകാരന്റെ പ്രാവീണ്യം വെളിപ്പെടുത്തുന്നു. പരമ്പരാഗത തുര്‍ക്കി ശൈലിയില്‍ കാലുകള്‍ പിണച്ചുവെച്ച് ഇരിക്കുന്ന സുല്‍ത്താന്റെ മുഖത്ത് തെളിയുന്നത് സൈന്യാധിപന്റെ ദൃഢഭാവമാണ്. വലതു കൈയില്‍ അധികാരത്തിന്റെ ചിഹ്നമായി ഒരു വേഷ്ടി മുറുക്കിപ്പിടിച്ചിരിക്കുന്നു. ഇടതുകൈകൊണ്ട് റോസാപൂക്കള്‍ വാസനിക്കുന്നു. പൂക്കള്‍ കൊണ്ടുനടക്കുന്നതില്‍ തുര്‍ക്കികള്‍ക്കുള്ള കമ്പം പ്രസിദ്ധമാണ്.
സുല്‍ത്താന്‍ സലീം രണ്ടാമന്‍ അമ്പെയ്ത്തു പരിശീലിക്കുന്ന ചിത്രം കൊട്ടാര ചിത്രകാരന്‍ നിഗരി വരച്ചത് ടോപ്കാപി കൊട്ടാര മ്യൂസിയത്തിലെ ശേഖരത്തിലുണ്ട്. യുദ്ധ രംഗങ്ങള്‍, ആഘോഷങ്ങള്‍ മുതലായവ പ്രമേയമായി വരുന്ന ചിത്രങ്ങളും ഈ ശേഖരത്തില്‍ കാണാം. ഉസ്മാനീ ഭരണാധികാരികളുടെ ആഢ്യത്വവും കുലീനതയും സുഖലോലുപതയും വിളംബരം ചെയ്യുന്നവയാണ് ഈ ചിത്രങ്ങള്‍. ചിത്രകാരന്മാര്‍ക്കു പുറമേ നിരവധി കൈയെഴുത്തു കലാകാരന്മാരെയും മുഹമ്മദ് അല്‍ഫാതിഹും ഇതര സുല്‍ത്താന്മാരും കൊട്ടാരത്തില്‍ നിയമിച്ചിരുന്നു. പുസ്തകങ്ങളുടെ രൂപകല്പനയും പകര്‍ത്തെഴുത്തുമായിരുന്നു അവര്‍ക്ക് ഏല്‍പിക്കപ്പെട്ട ചുമതല. തുര്‍ക്കി, പേര്‍ഷ്യന്‍, അറബി ഭാഷകളിലുള്ള ഗ്രന്ഥങ്ങള്‍ രാജ്യത്ത് പുതുതായി സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്കുവേണ്ടി ഈ കലാകാരന്മാര്‍ പകര്‍ത്തിയെഴുതുകയും ഭംഗിയായി രൂപകല്പന നടത്തുകയും ചെയ്തു. പള്ളികള്‍ക്കു വേണ്ടി മനോഹരങ്ങളായ ഖുര്‍ആന്‍ പ്രതികളും ഇവര്‍ തയാറാക്കി. പേര്‍ഷ്യയില്‍നിന്നു ധാരാളം കലാകാരന്മാര്‍ ഇതിനായി ടോപ്കാപി കൊട്ടാരത്തിലെ പ്രത്യേക പണിശാലയില്‍ നിയമിക്കപ്പെട്ടു. സുല്‍ത്താന്‍ മുഹമ്മദിന്റെ മകന്‍ ബായസീദ് നല്ല കൈയെഴുത്തു കലാകാരനായിരുന്നു. അമാസ്വയിലെ ഗവര്‍ണറായിരുന്ന അദ്ദേഹം കയ്യെഴുത്തുകലയിലെ തന്റെ ഗുരുനാഥന്‍ ശൈഖ് ഹംദുല്ലയെ ഇസ്തംബൂളിലേക്ക് കൊണ്ടുവന്നു കൊട്ടാരത്തില്‍ നിയമിച്ചു. വിവിധ ദേശങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ കൂട്ടായ്മയില്‍ നിരവധി ഗ്രന്ഥങ്ങളുടെ അനേകം പതിപ്പുകള്‍ തയാറാക്കപ്പെട്ടു. കവിതാ, കഥാ സമാഹാരങ്ങളും അവയില്‍ ഉള്‍പ്പെട്ടിരുന്നു.

സുല്‍ത്താന്‍ സലീം ഒന്നാമന്‍ തബ്്രീസ് കീഴടക്കിയതോടെ അവിടെനിന്നുള്ള കലാകാരന്മാരും ഇസ്തംബൂളില്‍ എത്തി. അതോടെ ക്ലാസിക്കല്‍ രചനകളുടെ പകര്‍പ്പെഴുത്ത് കൂടുതല്‍ തകൃതിയായി നടന്നു. സുലൈമാന്‍ അധികാരത്തില്‍ വരുമ്പോള്‍ കൊട്ടാരത്തില്‍ നാല്പത്തിയൊന്ന് വിദഗ്ധ കയ്യെഴുത്ത്, ചിത്ര കലാകാരന്മാര്‍ ഉണ്ടായിരുന്നു. പുസ്തകങ്ങള്‍ ബൈന്റുചെയ്യുന്ന തൊഴിലാളികള്‍ വിശ്രമമില്ലാതെ പണിയെടുത്തു. കൊട്ടാരത്തിലെ പണിശാലയില്‍ തയാറാക്കപ്പെടുന്നവയ്ക്കുപുറമേ ധാരാളം ഗ്രന്ഥങ്ങള്‍ സുല്‍ത്താന്മാര്‍ അന്യദേശങ്ങളില്‍നിന്ന് വിലകൊടുത്തു വാങ്ങുകയോ പിടിച്ചെടുക്കുകയോ ചെയ്തു. കീഴടക്കിയ രാജ്യങ്ങളില്‍നിന്നു ഗ്രന്ഥശേഖരങ്ങള്‍ ഇസ്തംബൂളില്‍ എത്തിച്ചു. സാമന്തരാജ്യങ്ങള്‍ വിലപിടിപ്പുള്ള ഗ്രന്ഥങ്ങള്‍ ഉസ്മാനീ ഖലീഫമാര്‍ക്ക് സമ്മാനിക്കുകയുണ്ടായി. 1576ല്‍ സഫവീ രാജാക്കന്മാര്‍ പതിനെട്ട് ഖുര്‍ആന്‍ കൈയെഴുത്തു പ്രതികളും അറുപത്തിയൊന്ന് പേര്‍ഷ്യന്‍ കവിതാസമാഹാരങ്ങളും നിരവധി ചിത്ര പുസ്തകങ്ങളും ഇസ്തംബൂളിന് വിശേഷ സമ്മാനമായി കൈമാറി.

ഉസ്മാനീ ഖലീഫമാരുടെ കവിതകള്‍ക്ക് കമനീയമായ ഗ്രന്ഥാവിഷ്‌കാരം നല്‍കുക എന്നതും കൊട്ടാര കലാകാരന്മാരുടെ ഉത്തരവാദിത്വമായിരുന്നു. സലീം ഒന്നാമന്റെയും സുലൈമാന്റെയും ദീവാനുകള്‍ എടുത്തുപറയേണ്ടവയാണ്. ഉസ്മാനീ വാഴ്ചയുടെ സചിത്രഗ്രന്ഥവും ഇങ്ങനെ തയാറാക്കപ്പെട്ടു. പണ്ഡിതന്മാരും കലാകാരന്മാരും ഇതിനുവേണ്ടി ഒരുമിച്ചുപ്രവര്‍ത്തിച്ചു. സുല്‍ത്താന്‍ സുലൈമാന്റെ കൂടെ യാത്ര ചെയ്തിരുന്ന ചരിത്രകാരനായ മത്റഖി നസൂഹ് ഓരോ സംഭവവും അപ്പപ്പോള്‍ രേഖപ്പെടുത്തുകയും തന്റെ സ്റ്റാഫില്‍പെട്ട ചിത്രകാരന്മാരെ കൊണ്ട് അവയുടെ ചിത്രങ്ങള്‍ വരപ്പിക്കുകയും ചെയ്തിരുന്നു. ഇറാഖിലും ഇറാനിലും ഹങ്കറിയിലും സുല്‍ത്താന്‍ നടത്തിയ സൈനിക പര്യടനങ്ങളുടെ സചിത്ര ചരിത്രം ഇപ്രകാരം രേഖപ്പെടുത്തുകയുണ്ടായി. ഗ്രാമങ്ങള്‍, നഗരങ്ങള്‍, കോട്ടകള്‍, സൈനിക വിന്യാസം, തുറമുഖങ്ങള്‍ എന്നിവയുടെയെല്ലാം വിശദമായ ചിത്രങ്ങള്‍ ചരിത്രകാരന്റെ സഹായികളായ പടംവരപ്പുകാര്‍ തയാറാക്കി.

വിശ്രുത പേര്‍ഷ്യന്‍ കവി ഫിര്‍ദൗസിയുടെ (935-1005) ‘ഷാനാമ’യുടെ മാതൃകയില്‍ തുര്‍ക്കിയുടെ ചരിത്രം തയാറാക്കുന്നതിനുവേണ്ടി ഒരു പ്രത്യേക സംഘത്തെ ഉസ്മാനികള്‍ നിയമിച്ചിരുന്നു. ഉസ്മാനികളുടെ വിജയഗാഥ കാവ്യരൂപത്തില്‍ രേഖപ്പെടുത്തുകയായിരുന്നു സംഘത്തിന്റെ ചുമതല. ഗ്രന്ഥത്തെ അനുയോജ്യമായ ചിത്രങ്ങള്‍കൊണ്ട് സമ്പന്നമാക്കുന്നതിനുവേണ്ടി ചിത്ര കലാകാരന്മാരെയും നിയമിച്ചു. ഈ ചിത്രങ്ങള്‍ എഴുത്തിനെക്കാള്‍ മികവുറ്റ രീതിയില്‍ ഉസ്മാനീ പ്രതാപം വിളിച്ചറിയിച്ചു.

സുല്‍ത്താന്‍ സുലൈമാന്‍ തന്റെ പിതാവിന്റെ ചരിത്രം രേഖപ്പെടുത്താന്‍ ചുമതലപ്പെടുത്തിയ ആരിഫി മുപ്പതിനായിരം പദ്യങ്ങളുള്ള ഷാഹ്നാമ- അലി- ഉസ്മാന്‍ തയാറാക്കി. അഞ്ചു വാല്യങ്ങളുള്ള ഈ കൃതിയാണ് പ്രഥമ ഉസ്മാനീ ചരിത്രകാവ്യം. 1520 മുതല്‍ 1555 വരെയുള്ള ചരിത്രസംഭവങ്ങളാണ് ഇതിവൃത്തം. 69 മിനിയേച്ചര്‍ ചിത്രങ്ങള്‍ ഇതില്‍ പെയിന്റ് ചെയ്തു ചേര്‍ത്തിട്ടുണ്ട്. ആഘോഷവേളകളും വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ക്ക് കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണങ്ങളും ചിത്രങ്ങളുടെ വിഷയമായി. കൊട്ടാരത്തിലെ നടപടിക്രമങ്ങള്‍ ഈ ചിത്രകാരന്മാര്‍ക്ക് സുപരിചിതങ്ങളായിരുന്നു. യുദ്ധരംഗങ്ങള്‍, തൂക്കിക്കൊലകള്‍ മുതലായ കൊട്ടാരത്തിനു വെളിയില്‍ നടന്ന സംഭവങ്ങളും ചിത്രീകരിക്കപ്പെട്ടു. സുലൈമാന്റെ ചരിത്രവും ആരിഫി രേഖപ്പെടുത്തിയിട്ടുണ്ട്. ‘സുലൈമാന്‍ നാമ’ എന്ന പ്രസ്തുത ചരിത്രകാവ്യം പില്‍കാല ചരിത്ര രചനകള്‍ക്ക് അവലംബമായിത്തീര്‍ന്നു.
സുലൈമാന്റെ അവസാന വര്‍ഷങ്ങളെക്കുറിച്ച് അഹ്മദ് ഫരീദൂന്‍ രചിച്ച സചിത്ര ചരിത്രം സ്ഥല ചിത്രങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഉസ്മാനീ കൊട്ടാര ചിത്രകാരന്മാര്‍ ഇരുപത് മിനിയേച്ചര്‍ ചിത്രങ്ങള്‍ ഈ പുസ്തകത്തിനുവേണ്ടി തയാറാക്കുകയുണ്ടായി. ഇവയെല്ലാം പുസ്തകത്തിന്റെ ഡോക്യുമെന്ററി സ്വഭാവത്തിന് ഇണങ്ങും വിധം യഥാര്‍ത്ഥ ചിത്രീകരണങ്ങളായിരുന്നു. സുലൈമാന്‍, സലീം എന്നീ സുല്‍ത്താന്മാരുടെ ഛായാചിത്രങ്ങളും അവര്‍ വരച്ചു.

സലീം രണ്ടാമന്‍, മുറാദ് മൂന്നാമന്‍ തുടങ്ങിയ പില്‍ക്കാല ഉസ്മാനീ സുല്‍ത്താന്മാരും തങ്ങളുടെ മുന്‍ഗാമികളുടെ മാതൃകയില്‍ കവികളെയും ചരിത്രകാരന്മാരെയും കൊട്ടാര ചിത്രകാരന്മാരെയും ഉപയോഗിച്ച് സമാനമായ ഗ്രന്ഥങ്ങള്‍ തയാറാക്കുകയുണ്ടായി. പല ‘ഷാനാമകള്‍’ ഇപ്രകാരം രചിക്കപ്പെട്ടു. അതിമനോഹരങ്ങളായ ചിത്രങ്ങളാണ് ഈ കൃതികളില്‍ വരച്ചുചേര്‍ക്കപ്പെട്ടത്. ‘ഷാനാമാ സലീം ഖാനി’ല്‍ 43 ചിത്രങ്ങള്‍ ഉണ്ട്. അതിലെ കടല്‍യുദ്ധ ചിത്രീകരണം പ്രസിദ്ധമാണ്. 1581ല്‍ രചന പൂര്‍ത്തിയായ ഈ കൃതിയുടെ കര്‍ത്താവ് ലുഖ്മാന്‍ ആണ്. പണ്ഡിതനായ ശംസുദ്ദീന്‍ അഹ്മദ് കറാബാഗി. ചിത്രകാരന്‍ അലി, കൈയെഴുത്തു കലാകാരന്‍ ഇല്‍യാസ് കാതിബ് എന്നിവര്‍ പുസ്തകം തയാറാക്കുന്നതില്‍ പങ്കാളികളായി. ലുഖ്മാന്റെ നേതൃത്വത്തില്‍ തന്നെ രണ്ടു വാല്യങ്ങളില്‍ ‘ഷാഹിന്‍ ഷാനാമ’യും രചിക്കപ്പെട്ടു. സുല്‍ത്താന്‍ മുറാദ് മൂന്നാമന്റെ ചരിത്രമാണിത്. 1574 മുതല്‍ 1588 വരെയുള്ള സംഭവങ്ങളാണ് പ്രതിപാദ്യം. 153 മിനിയേച്ചര്‍ ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സിംഹാസനം, കൊട്ടാരം, വേട്ട, യുദ്ധരംഗങ്ങള്‍ എന്നിവയ്ക്കു പുറമേ അക്കാലത്തെ പ്രധാന നേട്ടങ്ങളായ വാനനിരീക്ഷണ കേന്ദ്രം തുടങ്ങിയവയും ചിത്രത്തിന് വിഷയമാണ്. കൊട്ടാരത്തിന്റെ മേല്‍നോട്ടത്തില്‍ ആര്‍ഭാടമായി നടന്ന വ്യത്യസ്ത ഉത്സവങ്ങള്‍ ചിത്രീകരിക്കുന്ന പ്രത്യേക ചിത്രസഞ്ചികളും കൊട്ടാര കലാകാരന്മാര്‍ തയാറാക്കി. 1720ല്‍ സുല്‍ത്താന്‍ അഹ്മദ് മൂന്നാമന്റെ (1703-1730) നാലു മക്കളുടെ സുന്നത്ത് കല്യാണത്തോടനുബന്ധിച്ച് ഇങ്ങനെയൊന്നു തയാറാക്കപ്പെടുകയുണ്ടായി. എഡിര്‍നയിലെ ചിത്രകാരന്‍ ലെവ്നി ഇതിനുവേണ്ടി 137 ചിത്രങ്ങള്‍ വരച്ചു. കൊട്ടാര കവി വഹ്ബിയാണ് പദ്യങ്ങള്‍ ചമച്ചത്. അത്യാര്‍ഭാടപൂര്‍വമായ മഹാഘോഷയാത്രയോടെയുള്ള ഉത്സവമായിരുന്നു സുല്‍ത്താന്റെ മക്കളുടെ പരിഛേദന കര്‍മം.

രത്ന കവചിതങ്ങളായ കണ്ണാടികള്‍, സ്വര്‍ണ നിര്‍മിതമായ എഴുത്താണിപ്പെട്ടികള്‍, ആഢംബര വസ്ത്രങ്ങള്‍, വിരിപ്പുകള്‍, കര്‍ട്ടണുകള്‍, തമ്പുകള്‍, പരിച, വാളുകള്‍ ഇങ്ങനെ കലാമേന്മയോടെ നിര്‍മിക്കപ്പെട്ട അസംഖ്യം വസ്തുക്കള്‍ ഉസ്മാനീ കലാവിരുതിന്റെ ശേഷിപ്പുകളില്‍ പെടുന്നു.

എ കെ അബ്ദുല്‍മജീദ്

You must be logged in to post a comment Login