മുന്നില്‍ പട്ടിണിയെന്ന മഹാവ്യാധി

മുന്നില്‍ പട്ടിണിയെന്ന മഹാവ്യാധി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് അദ്ദേഹത്തിന്റെ സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ കുട്ടികള്‍ വിശപ്പടക്കാന്‍ പുല്ലുതിന്നുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വരാനിരിക്കുന്ന വലിയ നിയന്ത്രണങ്ങളുടെ പ്രതീകമെന്നോണം പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം രാജ്യം ജനതാ കര്‍ഫ്യൂ ആചരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വാരാണസിയിലെ ബാഡാഗാവിലെ കോയ്‌റിപ്പുര്‍ ഗ്രാമത്തിലെ ആറു കുട്ടികള്‍ കാലികള്‍ക്കു കൊടുത്ത പുല്ലില്‍നിന്ന് ആക്രി എന്നുവിളിക്കുന്ന ധാന്യം പെറുക്കിയെടുത്ത് ഉപ്പുകൂട്ടി തിന്ന് വിശപ്പടക്കിയത്.

ഒരു ദിവസം പണിയില്ലാതാവുമ്പോഴേക്ക് പട്ടിണിയാവുന്ന ജനകോടികളോടാണ് അടുത്ത ഇരുപത്തൊന്നു ദിവസം വീട്ടില്‍ അടച്ചുപൂട്ടിയിരിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ആവശ്യപ്പെട്ടത്. ജോലിയില്ലതായതോടെ, ഭക്ഷണമില്ലാതായതോടെ ഭാവിയെന്തെന്ന് ഒരുറപ്പും ഇല്ലാതായതോടെ, ഇത്രനാള്‍ അഭയമേകിയ നഗരങ്ങള്‍ വിട്ട് കാല്‍നടയായി അവര്‍ ജന്മഗ്രാമങ്ങളിലേക്ക് പ്രയാണം തുടങ്ങി. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്ന പതിനായിരങ്ങളുടെ ദൃശ്യങ്ങളാണ് പുല്ലു തിന്നുന്ന കുട്ടികളുടെ സ്ഥാനത്ത് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. രാജ്യവ്യാപക ലോക്ഡൗണിലൂടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഉദ്ദേശിച്ച സാമൂഹിക അകലം പാലിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം അതേ കാരണം കൊണ്ടുതന്നെ തകിടം മറിക്കപ്പെട്ടേക്കുമെന്ന് ഈ പലായനം തെളിയിക്കുന്നു.

‘കൊറോണ കൊണ്ടാവില്ല, പട്ടിണി കിടന്നാവും ഞാന്‍ മരിക്കുക,’ എന്ന വിലാപം കഴിഞ്ഞ ദിവസങ്ങളില്‍ തെരുവുകളില്‍നിന്ന് എത്രയോ തവണ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ പറയുന്നു. വൈറസ് വ്യാപനം തടയാന്‍ രാജ്യം അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി നിര്‍മല സീതാരാമനോ പാവങ്ങള്‍ പട്ടിണിയാവുന്നത് തടയാനുള്ള നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കൊറോണ പടരുന്ന രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ചികിത്സാ സംവിധാനങ്ങളോടുകൂടിയ പ്രത്യേക വിമാനങ്ങളയയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മറന്നില്ല. എന്നാല്‍, എങ്ങനെയും നാട്ടിലെത്തിയാല്‍ മതിയെന്നു കരുതി പൊരിവെയിലില്‍ നടക്കുന്ന പാവങ്ങളോട് കരുണ കാണിക്കാന്‍ അവര്‍ തയാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ ഹര്‍ഷ് മന്ദര്‍ ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളില്‍നിന്ന് ജന്മനാട്ടിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായവരെ സഹായിക്കുകയെന്നത് ഔദാര്യമല്ലെന്നും ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ക്രിസ്റ്റോഫ് ജാഫര്‍ലോട്ടും ഉത്സവ് ഷായും ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സ്ഥാപിക്കുന്നുണ്ട്.
ജനകോടികളെ ദുരിതക്കയത്തിലാഴ്ത്തിയ നോട്ടുനിരോധനം പ്രഖ്യാപിച്ച അതേ ലാഘവത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു ദിവസം രാത്രി ടെലിവിഷന്‍ ചാനലുകളിലൂടെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് ‘ന്യൂസ് ക്ലിക്കി’ലെ റിപ്പോര്‍ട്ടില്‍ സുബോധ് വര്‍മ ചൂണ്ടിക്കാണിക്കുന്നു. 2001നും 2011നും ഇടയില്‍ 13.9 കോടി ഇന്ത്യക്കാര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ടെന്ന് സെന്‍സസ് റിപ്പോര്‍ട്ടില്‍ത്തന്നെ പറയുന്നുണ്ട്. അതില്‍ പത്തു ശതമാനം ജോലി തേടി പോയതാണെന്നും കണക്കുകള്‍ പറയുന്നു. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരാണ് ഈ 1.4 കോടിയാളുകള്‍. എന്തെങ്കിലും കാരണവശാല്‍ തൊഴില്‍ ഇല്ലാതെ വന്നാല്‍, ഏതുവിധേനയും ജന്മഗ്രാമത്തിലേക്ക് മടങ്ങാനാവും ഇവര്‍ ശ്രമിക്കുക. രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവരുടെ കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചതേയില്ലെന്ന് ഉറപ്പ്. ജനതാ കര്‍ഫ്യൂവിന് തയാറെടുക്കാന്‍ നാലു ദിവസം നല്‍കിയ പ്രധാനമന്ത്രി ലോക് ഡൗണിനെ നേരിടാന്‍ കേവലം നാലു മണിക്കൂറാണ് ഈ പാവങ്ങള്‍ക്കു നല്‍കിയത്.

”ജന്മഗ്രാമങ്ങളിലേക്ക് കൂട്ടംകൂടി പോകുന്നത് രോഗവ്യാപനത്തിന് ആക്കംകൂട്ടുമെന്ന് അറിയാത്തവരൊന്നുമല്ല അവര്‍. എന്നാല്‍, അവര്‍ക്കു മുന്നില്‍ വേറെന്തു വഴിയാണുള്ളത്?” നൊബേല്‍ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ചോദിക്കുന്നു. നഗരത്തില്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചു. ഭക്ഷണശാലകള്‍ പൂട്ടി. എന്താണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അവര്‍ക്ക് ഒരു ഊഹവുമില്ല. എന്നാല്‍ നാട്ടിലെത്തിയാല്‍ ജീവന്‍ നിലനിര്‍ത്താനെങ്കിലുമാകുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ട്. ‘നിങ്ങളുടെ ജോലി നഷ്ടമായാല്‍ നിങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കുമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ഉറപ്പുകൊടുക്കുക മാത്രമാണ് വഴി’. ഇന്ത്യാടുഡേ ടെലിവിഷനുമായുള്ള അഭിമുഖത്തില്‍ അഭിജിത് ബാനര്‍ജി പറഞ്ഞു.

വിഭജനത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പലായനമാണിതെന്ന് വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അന്നത്തെ പലായനത്തെക്കാള്‍ കഷ്ടമാണ് ഈ യാത്ര. അന്ന് ആശ്രയത്തിന് തീവണ്ടികളും കാളവണ്ടികളുമുണ്ടായിരുന്നു. ജനസംഖ്യ ഇത്രയുമുണ്ടായിരുന്നില്ല. അന്നത്തെ അപരിഷ്‌കൃത ദരിദ്രലോകത്തെ ജനങ്ങള്‍ക്ക് ഇത്തരം കഷ്ടപ്പാടുകള്‍ നേരിട്ട് ശീലമുണ്ടായിരുന്നു. അതല്ല, ഇന്നത്തെ സ്ഥിതി. രാജ്യത്തിന്റെ നഗരവത്ക്കരണത്തിന് ആക്കംകൂട്ടുന്നതിന് ആറുവരിപ്പാതകളും വിമാനത്താവളങ്ങളും ഫ്‌ളൈ ഓവറുകളുമുണ്ടാക്കാനും വീട്ടു ജോലി മുതല്‍ ഹോട്ടല്‍ ജോലിവരെ നോക്കാനും വേണ്ടി നഗരങ്ങളില്‍ കുടിയേറിയവരാണിവര്‍. കൊടും വെയിലില്‍ കുഞ്ഞുങ്ങളെ ചുമലിലേറ്റി എരിയുന്ന വയറുമായി കുടിവെള്ളം പോലുമില്ലാതെ അഞ്ഞൂറും അറുനൂറും കിലോമീറ്ററുകള്‍ താണ്ടുകയാണിവര്‍. ഒരു തയാറെടുപ്പിനും അവസരം നല്‍കാതെയാണ് ഇപ്പോള്‍ നില്‍ക്കുന്നിടത്തുതന്നെ നില്‍ക്കണം എന്ന് പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടത്.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്ത ഈ അടച്ചുപൂട്ടല്‍ ഇന്ത്യയില്‍ ദുരന്ത സമാന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് ശശാങ്ക് ബംഗാളിയും പാര്‍ഥ് എം എന്നും ലോസ് ആഞ്ജലീസ് ടൈംസില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നാട്ടിലെ അസംഘടിത തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസിനെക്കാള്‍ വലിയ ഭീഷണി പട്ടിണിയാണിപ്പോള്‍. കൊറോണ ഭീഷണിയുള്ള മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഏറ്റവും കഠിനമാണ് ഇന്ത്യയിലെ അടച്ചുപൂട്ടല്‍ എന്ന് ഷൊഹൈബ് ഡാനിയേല്‍ സ്‌ക്രോളില്‍ എഴുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏറ്റവും കര്‍ക്കശനടപടികള്‍ സ്വീകരിച്ചു എന്നു പറയുന്ന ചൈനപോലും പൊതുഗതാഗതം പൂര്‍ണമായി സ്തംഭിപ്പിച്ചിരുന്നില്ല. ഇറ്റലിയിലും അമേരിക്കയിലും അവശ്യം വേണ്ട യാത്രാസൗകര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്ക് വീട്ടിലെത്താനുള്ള സമയം നല്‍കിയ ശേഷമാണ് ബംഗ്ലാദേശ് ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചത്. പാകിസ്ഥാനാകട്ടെ സമ്പൂര്‍ണമായ അടച്ചുപൂട്ടല്‍ പ്രായോഗികമല്ല എന്ന നിലപാടിലാണ്.

നരേന്ദ്രമോഡി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ പരാജയപ്പെടാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധന്‍ സ്വാമിനാഥന്‍ അയ്യര്‍ ടൈംസ് ഓഫ് ഇന്ത്യയിലെ പംക്തിയില്‍ പറയുന്നു. വൈറസിനെക്കാള്‍ കൂടുതലാളുകളെ പട്ടിണി കൊല്ലുമെന്നതാണ് അവസ്ഥ. ഇപ്പോഴത്തെ ലോക് ഡൗണ്‍ കൊണ്ട് ആരോഗ്യമേഖലയ്ക്ക് പ്രതിരോധ സംവിധാനം സജ്ജമാക്കാന്‍ ചെറിയ സമയം കിട്ടുമെന്നേയുള്ളൂ. ഫലപ്രദമായി അത് ആവിഷ്‌കരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇപ്പോഴുമില്ല. ഇന്ത്യയെപ്പോലൊരു സമൂഹത്തില്‍ വൈറസ് വ്യാപനം തടയുന്നതിന് ആദ്യഘട്ടം രോഗബാധയ്ക്കു ശേഷം ജനങ്ങള്‍ പ്രതിരോധം സ്വയം സ്വായത്തമാക്കുന്ന അവസ്ഥ വരേണ്ടിവരും. ജനസംഖ്യയുടെ 50 മുതല്‍ 55 വരെ ശതമാനമാളുകള്‍ വൈറസ് ബാധയുണ്ടായ ശേഷമേ ആര്‍ജിത പ്രതിരോധം വരൂ. ഇന്ത്യന്‍ സാഹചര്യത്തില്‍ അതു സംഭവിക്കുക 70 കോടിയാളുകള്‍ക്കെങ്കിലും രോഗം ബാധിച്ചതിനു ശേഷമായിരിക്കുമെന്ന് അയ്യര്‍ അഭിപ്രായപ്പെടുന്നു.

കാര്യക്ഷമമായ സാമൂഹിക പിന്തുണയോ ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ആസൂത്രണമോ ഇല്ലാത്ത ഇത്തരം അടച്ചുപൂട്ടല്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള മടക്കപ്രവാസത്തിന് വഴിവെക്കുമെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായിനാഥ് ‘ദ വയറി’ല്‍ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. ഈ കുടിയിറക്കം തുടങ്ങിക്കഴിഞ്ഞെന്നുവേണം കരുതാന്‍. ഇത്രയുംകാലം തങ്ങള്‍ക്കു ജോലി നല്‍കിയ നഗരങ്ങള്‍ അടച്ചിട്ടപ്പോള്‍ എല്ലാം ഇട്ടെറിഞ്ഞ് ജന്മഗ്രാമത്തിലേക്ക് തിരിച്ചുപോവുകയാണ് അസംഘടിത തൊഴിലാളികള്‍. ജോലിയും വരുമാനവുമില്ലാതെ ഇവരെല്ലാം ഗ്രാമങ്ങളില്‍ തിരിച്ചെത്തുന്നത് ദാരിദ്ര്യത്തിനു മാത്രമല്ല വഴിയൊരുക്കുക. കോളറപോലുള്ള പകര്‍ച്ച വ്യാധികളുടെ തിരിച്ചുവരവിനുകൂടി അതു കാരണമായേക്കും. അതിന്റെയെല്ലാം ആഘാതം വളരെ വലുതായിരിക്കും.

പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം ആരോഗ്യരംഗത്ത് കേന്ദ്രീകരിച്ചാല്‍ പോരെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഗയ് റൈഡര്‍ ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. നമ്മുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക മേഖലകളെയെല്ലാം അത് ബാധിക്കും. അടിയന്തരമായി തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ അടച്ചുപൂട്ടല്‍കൊണ്ട് പ്രയോജനം കിട്ടൂ എന്ന് സാമ്പത്തിക ശാസ്ത്രജ്ഞ ഇള പട്‌നായിക് ദ പ്രിന്റില്‍ എഴുതിയ ലേഖനം വ്യക്തമാക്കുന്നു. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ആരോഗ്യപ്രവര്‍ത്തകരെ സുസജ്ജരാക്കാന്‍ വേണ്ട നടപടിയെടുക്കുകയും ഭക്ഷ്യവിതരണ ശൃംഖല ശക്തമാണെന്ന് ഉറപ്പാക്കുകയും വേണം. ഇതൊക്കെ ചെയ്താല്‍ കൊറോണ വൈറസ് കാരണമുണ്ടാകുന്ന മഹാമാരിയില്‍ നിന്ന് ഒരുപക്ഷേ, ഇന്ത്യ രക്ഷപ്പെട്ടേക്കും. പക്ഷേ പട്ടിണിയെന്ന പകര്‍ച്ച വ്യാധിയെ എങ്ങനെ നേരിടും?

എസ് കുമാര്‍

You must be logged in to post a comment Login