ഇനി പരിശോധനകള്‍ക്ക് ക്യൂ നില്‍ക്കാം

ഇനി പരിശോധനകള്‍ക്ക് ക്യൂ നില്‍ക്കാം

നമുക്കിപ്പോള്‍ കൊറോണ വൈറസിന്റെ തുരങ്കം നീണ്ടതും ഇരുളടഞ്ഞതുമായി തോന്നാം. എന്നാല്‍ അതിന്റെയറ്റത്ത് പ്രകാശമുണ്ട്. ആടിയുലഞ്ഞു പോകുമെങ്കിലും ലോകം ചൈനയെപ്പോലെ സൂര്യപ്രകാശത്തിലേക്ക് കണ്ണു തുറക്കും. അപ്പോള്‍ ഭൂമി മുമ്പത്തെ പോലെത്തന്നെയായിരിക്കും. പക്ഷികള്‍ ചിലയ്ക്കും. പൂക്കള്‍ വിരിയും. പുല്ല് പച്ചച്ചു തന്നെയായിരിക്കും. പക്ഷേ നമ്മുടെ ലോകം-നാം ജീവിക്കുന്ന, നമ്മുടെ ദൈനംദിനജീവിതങ്ങള്‍ നയിക്കുന്ന, നമുക്ക് നല്ലതു പോലെ അറിയാവുന്ന ലോകം-സാരമായി മാറും. നമ്മളിപ്പോള്‍ പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. നമുക്കതിനെ മഹാമാരികളുടെ കാലം എന്നു വിളിക്കാം.

നമ്മുടെ അവബോധതലത്തിനു തൊട്ടു താഴെ പലപ്പോഴും ആഴത്തിലുള്ള മാറ്റങ്ങള്‍ നുരയിടാറുണ്ട്. കാഴ്ചയില്‍ നിന്ന് അവ മറച്ചു വെക്കപ്പെട്ടിരിക്കും. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ നാമതു കണ്ടില്ലെന്നു നടിക്കും. അങ്ങിനെയിരിക്കുമ്പോള്‍ പൊടുന്നനെ ആ മാറ്റങ്ങള്‍ ആഗോളതലത്തില്‍ തന്നെ കൊടുങ്കാറ്റാകുകയും നാമതിന് വലിയ വിലയൊടുക്കേണ്ടി വരികയും ചെയ്യുന്നു. 1989 ലെ ബര്‍ലിന്‍ മതില്‍ പതനവും 2001 ലെ ഭീകരാക്രമണങ്ങളും 2008 ലെ സാമ്പത്തിക പ്രതിസന്ധിയും വര്‍ഷങ്ങളായി തിടം വെച്ചു വന്നതാണ്. പെട്ടെന്നാണവ നമ്മുടെ ലോകത്തെ ഉടച്ചുവാര്‍ത്തത്. ഈ ഓരോ സംഭവവും ദേശീയ സാമ്പത്തിക വ്യവസ്ഥകളെയും ഉപഭോഗരീതികളെയും മാറ്റിമറിച്ചു. കൊറോണ വൈറസ് അതിനേക്കാള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം.
മഹാമാരിയുടെ കാലത്ത് അന്തര്‍ദേശീയതലത്തിലുള്ള യാത്രയുടെ സ്വഭാവം മാറും. ഭീകരാക്രമണങ്ങളുണ്ടാകാനുള്ള സാധ്യത അല്ലെങ്കില്‍ തന്നെ നമ്മുടെ ഗോളാന്തര യാത്രകളുടെ സ്വഭാവം മാറ്റിയിട്ടുണ്ട്. നമ്മുടെ മുമ്പില്‍ നീണ്ട സുരക്ഷാ പരിശോധനകളുണ്ട്, വിമാനത്താവളങ്ങള്‍ കോട്ടകളാണ്. ഭീകരവാദികള്‍ തട്ടിയെടുക്കുന്നതു തടയാന്‍ വിമാനങ്ങള്‍ ഇരട്ടി ശക്തിയുള്ളവയാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ പടരുന്ന രോഗങ്ങള്‍ യാത്രയുടെ സ്വഭാവം ഇനിയും മാറ്റും. ആഗോളതലത്തില്‍ യാത്ര ചെയ്യാന്‍ നമുക്ക് ആരോഗ്യ സാക്ഷ്യപത്രം വേണ്ടിവരും. മറ്റു രാജ്യങ്ങളിലേക്കുള്ള വിമാനം കയറുന്നതിനു മുമ്പ് യാത്രക്കാരുടെ വിവിധ പരിശോധനകള്‍ നടത്തുന്ന കേന്ദ്രങ്ങളുണ്ടാകും. ഇത്തരം കേന്ദ്രങ്ങള്‍ യാത്രക്കാര്‍ ഇറങ്ങുന്ന എല്ലാ ഇടങ്ങളിലും -വിമാനത്താളം, തുറമുഖം, നെടുമ്പാതകള്‍- സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി പൗരന്മാരുടെ സ്വകാര്യത സംരക്ഷിച്ച് നടത്തേണ്ടി വരും.
നമ്മുടെ ആരോഗ്യരേഖകള്‍ പൊതുവിടത്തില്‍ ലഭ്യമാകും. ഇന്ന് സാമ്പത്തിക സ്ഥാപനങ്ങള്‍ വായ്പകള്‍ തരാനായി നമ്മുടെ കടം തിരിച്ചടക്കാനുളള കഴിവിനെയാണ് അടിസ്ഥാനമാക്കുന്നത്. നാളെയത് നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളാകാം.

നിങ്ങള്‍ ഒരു പ്രത്യേക വൈറസില്‍ നിന്ന് മുക്തനാണെങ്കില്‍/മുക്തയാണെങ്കില്‍ മാത്രമേ യാത്ര ചെയ്യാനും പൊതുചടങ്ങുകളില്‍ പങ്കെടുക്കാനുമുള്ള അനുമതി ലഭിക്കൂ. ഇക്കാര്യത്തില്‍ വ്യക്തിപരമായ സ്വകാര്യതയെ മറികടക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആദ്യം നിങ്ങള്‍ക്കതിനുള്ള സമ്മതം നല്‍കേണ്ടി വരും. എന്നിട്ട് ഒരു പ്രത്യേക വൈറസിനെക്കുറിച്ചുള്ള ചോദ്യം നിങ്ങള്‍ക്ക് ‘അതെ/അല്ല’ എന്ന് രേഖപ്പെടുത്തേണ്ടിവരും. പിന്നീടു നിങ്ങള്‍ എവിടേക്കെങ്കിലും അനുമതി ചോദിക്കുകയാണെങ്കില്‍, നിങ്ങള്‍ മുമ്പു രേഖപ്പെടുത്തിയ ‘അതെ/അല്ല’ പരിശോധിക്കപ്പെടും. പല രാജ്യങ്ങളും പൗരന്മാരുടെ ദിനസരിക്കുറിപ്പുകള്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടോ എന്നറിയാന്‍ ഇപ്പോഴേ സൂക്ഷിക്കുന്നുണ്ട്.
ആഗോളവ്യാപകമായി ആരെയും ഏപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന കേന്ദ്രങ്ങളടങ്ങിയ ബൃഹത്തായ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ നിലവില്‍ വരും. അതൊന്നും തന്നെ ചെലവു കുറഞ്ഞവയാകില്ല. അവ സ്വകാര്യജീവിതത്തില്‍ കാര്യമായി ഇടപെടും. രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പോലെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന നടപടികള്‍ ഒഴിവാക്കാന്‍ ഇത്തരം പരിശോധനാസംവിധാനങ്ങള്‍ അനിവാര്യമായിത്തീരും.

ആരോഗ്യ ശുശ്രൂഷ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണമെന്നാണ് മഹാമാരിയുടെ കാലം നമ്മെ പഠിപ്പിക്കുന്നത്. അപരന്റെ ആരോഗ്യം പെട്ടെന്ന് എന്റെ കാര്യമായി മാറിയിരിക്കുന്നു! എല്ലാവര്‍ക്കും ആരോഗ്യമുണ്ടെന്ന് നമ്മള്‍ ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ അവരെ വേര്‍തിരിച്ച് ഉടനടി ചികിത്സ നല്‍കേണ്ടതാണ്. അതുറപ്പാക്കാന്‍ എല്ലാവരെയും നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.
ഇതിനെല്ലാം ഏറെ പണം ആവശ്യമാണ്. നല്ല ആരോഗ്യവും പരിശോധനാസംവിധാനങ്ങളും വെറുതെയുണ്ടാകില്ല. മിക്ക രാജ്യങ്ങള്‍ക്കും അതിനുള്ള പണം കണ്ടെത്താനാകില്ല. ഇക്കാലത്ത് നാമെല്ലാം പരസ്പരബന്ധിതരാണ്. വൈറസ് ആഫ്രിക്കയില്‍ നിന്നോ മധ്യപൗരസ്ത്യ ദേശത്തു നിന്നോ ചൈനയില്‍ നിന്നോ വരാം. അതുകൊണ്ടുതന്നെ ആഗോളവ്യാപകമായി കുറഞ്ഞ ചെലവില്‍ ആരോഗ്യസുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥകള്‍ മുച്ചൂടും മുടിയുന്നതിനേക്കാള്‍ അതാണ് ചെലവു കുറവുള്ള മാര്‍ഗം. ഇതിനെല്ലാമുള്ള പണം കണ്ടെത്താനായി നികുതികള്‍ കൂട്ടേണ്ടി വരും. ആഗോളതലത്തില്‍ ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പുവരുത്തേണ്ടതിനാല്‍ മഹാമാരിയുടെ കാലം ലോകത്തെ കുറേക്കൂടി സമത്വമുള്ളതാക്കും.

ചിലര്‍ കരുതുന്നത് മഹാമാരിയുടെ കാലം ആഗോളവല്‍ക്കരണത്തെ ദുര്‍ബലമാക്കുമെന്നാണ്. എന്നാല്‍ മഹാമാരിയുടെ കാലം ആഗോളവല്‍ക്കരണത്തെ ശക്തിപ്പെടുത്തും. നാമൊരുമിച്ച് ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എല്ലാവരുടെയും ന്യായമായ അവകാശങ്ങള്‍ അഭിസംബോധന ചെയ്യാനും ശ്രമിക്കും.

ജയന്ത് സിന്‍ഹ

You must be logged in to post a comment Login